Logo

 

കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക: യുക്തിവാദി പ്രഭാഷകൻ വെട്ടിൽ

14 October 2020 | Reports

By

കോട്ടയം: യുക്തിവാദി പ്രഭാഷകൻ പി അയ്യൂബ് മൗലവി രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അവതാരിക തൻ്റേതല്ലെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യ വിമർശകൻ എം എൻ കാരശ്ശേരി രംഗത്ത് വന്നു.
ഒരു പുസ്തകം എഴുതിത്തീർന്നതിന് ശേഷം അയ്യൂബ് മൗലവി കാരശ്ശേരിയെ സമീപിച്ച് അവതാരിക എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയക്കുറവ് കാരണം പുസ്തകം വായിക്കാനോ അവതാരിക എഴുതാനോ സാധിക്കുകയില്ലെന്ന് കാരശ്ശേരി അയ്യൂബ് മൗലവിയെ അറിയിക്കുകയായിരുന്നു.
പിന്നീട് 2017ൽ മലപ്പുറത്ത് നടന്ന ‘സ്വതന്ത്ര ലോകം’ പരിപാടിയിൽ അയ്യൂബ് മൗലവിയുടെ നിർബന്ധത്തിന് വഴങ്ങി കാരശ്ശേരി പ്രസ്തുത പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി.

പിന്നീട് മാസങ്ങൾക്കു ശേഷം തൻ്റെ പേരിൽ വന്ന അവതാരികയിലെ ചില പരാമർശങ്ങളെ വിമർശിച്ച് ചിലർ കാരശ്ശേരിയെ വിളിച്ചപ്പോഴാണ് താൻ എഴുതാത്ത ഒരു ലേഖനം തൻ്റെ പേരിൽ അയ്യൂബ് മൗലവിയുടെ പുസ്തകത്തിൽ അച്ചടിച്ചത് കണ്ട് അദ്ദേഹം അമ്പരന്നു പോയത്.ഉടനെ തന്നെ അയ്യൂബ് മൗലവിയെ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു.’സ്വതന്ത്ര ലോകം’ പരിപാടിയിൽ പ്രസ്തുത പുസ്തകത്തെ കുറിച്ചുള്ള കാരശ്ശേരിയുടെ പ്രസംഗം ലേഖന രൂപത്തിലാക്കി അവതാരികയായി പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് അയ്യൂബ് മൗലവി മറുപടിയായി പറഞ്ഞത്.

എന്നാൽ ഈ പുസ്തകത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താൻ സംസാരിച്ചിട്ടില്ല എന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന കാരശ്ശേരി പ്രസ്തുത പ്രസംഗത്തിൻ്റെ ഓഡിയോ/വീഡിയോ റിക്കാഡിങ് അയ്യൂബ് മൗലവിയോട് ആവശ്യപ്പെടുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും താൻ ആവശ്യപ്പെട്ട കാര്യം അയച്ചു തരാതിരുന്നത് കാരണം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിൻ്റെ സഹായത്തോടെ നിയമനടപടികൾക്കൊരുങ്ങുകയാണെന്ന കാര്യം അയ്യൂബ് മൗലവിയെ കാരശ്ശേരി അറിയിച്ചു.
എന്നാൽ പുസ്തകത്തിന് ഖ്യാതി ലഭിക്കാൻ താങ്കളുടെ പേരിൽ വ്യാജമായി ഞാൻ തന്നെ അവതാരിക എഴുതുകയായിരുന്നുവെന്നും ചെയ്തത് അപരാധമായിപ്പോയെന്നും മാപ്പ് നൽകണമെന്നും അപേക്ഷിച്ച്
നിയമ നടപടികളുടെ ഭവിഷ്യത്തുകൾ പേടിച്ച് അയ്യൂബ് മൗലവി കാരശ്ശേരിക്ക് കത്തയക്കുകയായിരുന്നു.

ഇസ്‌ലാമിനെതിരായ വെറുപ്പ് വ്യാപാരം ദിനചര്യയാക്കിയ നവനാസ്തിക പ്രഭാഷകരോട് താദാത്മ്യം പ്രാപിക്കുന്ന നിലപാടുകളുമായി മുന്നോട്ട് വരാറുള്ള കാരശ്ശേരി പോലും ഇവരാൽ വഞ്ചിക്കപ്പെട്ടുവെന്ന് വരുകിൽ സ്വതന്ത്ര ചിന്തകർക്ക്‌ യാതൊരുവിധ നൈതികതയുമില്ലെന്ന് വ്യക്തമാണെന്നാണ്‌ പുതിയ വിവാദത്തിന്റെ വെളിച്ചത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌‌.


Tags :


Admin