Logo

 

മേച്ചേരി സദസ്സിലുണ്ട്

21 August 2021 | Memoir

By

രാഷ്ട്രീയ സാഹിത്യമെഴുത്തിൽ മലയാളത്തിലെ മഹാരാജാവാണ് എം.സി. വടകര. ‘ചോദിക്കൂ ; പറയാം’ എന്ന് ജൈവയന്ത്രം കണക്കെ ചരിത്രം മുഴുവൻ ഓർമയിൽ അടുക്കിവെച്ച പണ്ഡിതൻ. മലയാള കവിതയ്ക്കുവെച്ച മഷികൊണ്ട് രാഷ്ട്രീയവും ചരിത്രവും വരക്കുന്ന എഴുത്തുകാരൻ. ആ എം.സി ഒരു മാസികയ്ക്കായ് റഹീം മേച്ചേരിയെ ഇന്റർവ്യൂ ചെയ്തു. തന്നെക്കാൾ എട്ടു വയസ്സിനിളപ്പമുള്ളവനെ. അപ്പോൾ ആരായിരിക്കണം മേച്ചേരി?! ആ സാമ്രാജ്യത്തിലെ ചക്രവർത്തി. അതിവേഗം പോയ്മറഞ്ഞത് 17 വർഷമാണ്. മേച്ചേരിയില്ലാത്ത കാലം. 2004 ഓഗസ്റ്റ് 21ന്റെ നടുക്കം ഇപ്പോഴുമുണ്ട് ചുറ്റിലും. കയ്യിലൊരു വാരികയും ചുരുട്ടിപ്പിടിച്ച് അലസമായ വേഷവിധാനങ്ങളോടെ റോഡിന്റെ അരികുപറ്റി നടന്നുവരുന്ന മേച്ചേരി. പ്രതിഭകൊണ്ടും പ്രസിദ്ധികൊണ്ടും തന്നിലുമെത്രയോ താഴെയുള്ളവരുടെ പ്രസംഗമാണെങ്കിൽ പോലും സദസ്സിനുപിന്നിൽ ഗൗരവത്തോടെ വന്നുനിൽക്കുന്ന ശ്രോതാവ്. ജീവിതത്തിലെ ലാളിത്യവും ഭാഷയിലെ ധാരാളിത്തവുംകൊണ്ട് പ്രസിദ്ധനായ പത്രാധിപർ.

തന്റെ പരിചിത വൃത്തങ്ങളിലെ മരണം, വിവാഹം, മറ്റു വിശേഷ അവസരങ്ങൾ എന്നിവക്ക് ഏത് ദുഷ്കര സാഹചര്യത്തിലും നടന്നും ബസ് കയറിയും ചെന്നെത്തുന്ന ആത്മബന്ധം. കണ്ണുരോഗത്തെ തുടർന്ന് മേച്ചേരി വിശ്രമിക്കുന്ന സമയം. മലപ്പുറത്തിനടുത്ത് ഒരു പാർട്ടി പ്രവർത്തകന്റെ ഉമ്മയുടെ ഖബറടക്ക ചടങ്ങിൽ മേച്ചേരി നിൽക്കുന്നു. കാഴ്ചക്കു നല്ല പ്രയാസമുണ്ട്. ആ പ്രവർത്തകനുമായി മേച്ചേരിക്ക് അടുത്ത സൗഹൃദബന്ധം ഉള്ളതായി അറിവില്ല. അതുകൊണ്ട് ചോദിച്ചു: “ബന്ധുക്കളാണോ?”. “അല്ല, പത്രത്തിൽ ചരമ വാർത്ത വായിച്ചു കേട്ടു. നമ്മുടെ ഒരു പ്രവർത്തകന്റെ ഉമ്മയല്ലേ അതുകൊണ്ട് പോന്നു”. കണ്ണും കാഴ്ചയുമില്ലാതെ ബസിനു തൂങ്ങിപ്പിടിച്ച് കിലോമീറ്ററുകൾ താണ്ടി കൃത്യ സമയത്തെത്തിയിരിക്കുന്നു. അതാണ് മേച്ചേരി. മുസ്‌ലിം ലീഗും മുസ്‌ലിം ലീഗ് പ്രവർത്തകരുമായിരുന്നു മേച്ചേരിയിലെ ഹൃദയവികാരങ്ങളെ ജ്വലിപ്പിച്ചു നിർത്തിയ ഘടകങ്ങൾ. പാർട്ടിക്കെതിരെ വരുന്ന ഏത് ആക്ഷേപശരങ്ങളെയും പ്രതിഭയുടെ സുദർശന ചക്രംകൊണ്ട് പ്രതിരോധിച്ചു.

ഇ.എം.എസ്സും പി. ഗോവിന്ദപ്പിള്ളയുമടക്കമുള്ള മാർക്സിസ്റ്റ് സൈദ്ധാന്തികരോട് അതേ സിദ്ധാന്തം വെച്ചു വാഗ്വാദം നടത്തി. മുസ്‌ലിം ലീഗിനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലനിൽപിനുമെതിരെ ഉയരുന്ന ആരോപണങ്ങൾ ഏതെങ്കിലും കടലാസു സംഘടനയുടെ നോട്ടീസിൽ വന്നതായാൽ പോലും മേച്ചേരി മറുപടി നൽകിയിട്ടുണ്ടാവും. അതും മുഖമടച്ച്. പിഴക്കാത്ത കാലവും കണക്കും ഓർമയിൽ നിന്നെടുത്ത് ഒരു ആഞ്ഞു വീശൽ. അതുകൊണ്ട് മേച്ചേരിയോട് പൊരുതാൻ വൻതോക്കുകളെ തന്നെ അടർക്കളത്തിലിറക്കി പ്രതിയോഗികൾ.

മേച്ചേരിയുടെയുടെ വേർപാടിൽ അനുശോചിച്ചുകൊണ്ട് മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച സംഗമത്തിൽ അന്നത്തെ മലപ്പുറം ജില്ലാ കലക്ടർ എം. ശിവശങ്കർ പറഞ്ഞു: “റഹീം മേച്ചേരി എന്ന പേര് ഞാനാദ്യമായി കേൾക്കുന്നത് മലയാളത്തിലെ എഴുത്തുകാരൻ പി. ഗോവിന്ദപിള്ളയിൽ നിന്നാണ്. തിരുവനന്തപുരത്ത് ഔദ്യോഗിക ഫയലുകൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിലെ മലയാളം സംബന്ധിച്ച് ചർച്ച നടക്കുകയാണ്. ഗോവിന്ദപിള്ളയാണ് അധ്യക്ഷൻ. ചർച്ചക്കിടെ മറ്റൊരാളെ യോഗം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിക്കൊണ്ട് പി.ജി പറഞ്ഞു: എനിക്കൊന്ന് പോകണം. ആ റഹീം മേച്ചേരിക്കൊരു ഒരു മറുപടി എഴുതാനുണ്ട്. ഞാൻ ആദ്യമായി കേൾക്കുകയാണ് ഇങ്ങനെയൊരാളെ. തനിക്ക് ഏറെ ഉത്തരവാദിത്തമുള്ള ഒരു സുപ്രധാന യോഗത്തിൽ നിന്ന് ഒരാൾക്ക് മറുപടി എഴുതാൻ വേണ്ടി മാത്രം പി.ജി ഇറങ്ങിപ്പോകണമെങ്കിൽ ആളത്ര ചില്ലറക്കാരനാവില്ല. പിന്നീട് ശ്രദ്ധിക്കാൻ തുടങ്ങി ആ പേരും എഴുത്തുകളും”.

മേച്ചേരിയുടെ സാന്നിധ്യംപോലും പല പ്രഭാഷകരെയും ആശയക്കുഴപ്പത്തിലാക്കും. മൈക്കിനു മുമ്പിലെത്തിയാൽ വരുന്നേടത്ത് വെച്ച് കാണാം എന്ന ധൈര്യത്തിൽ ആഞ്ഞടിക്കുന്നവർ മേച്ചേരി മുന്നിലുണ്ടെങ്കിൽ അങ്കലാപ്പിലാവും. വാക്കുകളും ആശയവും കിട്ടാതെ പരുങ്ങി, പ്രസംഗം അവസാനിപ്പിക്കുന്ന പല കിടിലൻ വാഗ്മികളെയും കണ്ടിട്ടുണ്ട്. ആ പ്രസംഗത്തെ മേച്ചേരി വിമർശിക്കുമെന്ന് ഭയന്നല്ല, മറിച്ച് താൻ പറയുന്ന പോഴത്തങ്ങൾ അദ്ദേഹം മനസ്സിലാക്കുമെന്നോർത്ത്. ചരിത്ര പണ്ഡിതരായ വാഗ്മികൾപോലും പ്രസംഗത്തിനിടെ ഒന്ന് നോക്കും. അബദ്ധമൊന്നും പിണഞ്ഞില്ലല്ലോ എന്ന മനസ്സമാധാനത്തിന്. പ്രസംഗമധ്യേ മേച്ചേരി സദസ്സിലിരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ആ നിമിഷം തന്നെ സംബോധന ചെയ്യുന്ന ഉന്നതരായ നേതാക്കളും പ്രഭാഷകരുമുണ്ട്. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സി.കെ. ഗോവിന്ദൻ നായർ അനുസ്മരണ സമ്മേളനം നടക്കുന്ന ദിവസം മേച്ചേരി മലപ്പുറം ചന്ദ്രിക ബ്യൂറോയിൽ വന്നതായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും വാഗ്മിയുമായ പി. ബാലൻ പ്രസംഗിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ റിപ്പോർട്ടർക്കൊപ്പം പത്രാധിപരും പോന്നു. സമ്മേളന ഹാളിനു മധ്യത്തിൽ മേച്ചേരി ഇരിക്കുന്നത് ആര്യാടൻ മുഹമ്മദ്, പി.ബാലനു കാണിച്ചുകൊടുത്തു. ‘മേച്ചേരിയെപ്പോലുള്ള രാഷ്ട്രീയ പണ്ഡിതരിരിക്കുന്ന സദസ്സാണിത്’ എന്നു പറഞ്ഞായിരുന്നു പണ്ഡിതനായ ബാലേട്ടൻ പ്രസംഗം തുടങ്ങിയത്. മേച്ചേരിയുടെ അപാരമായ ഓർമശക്തി ഒരത്ഭുതമായി എന്നും വേറിട്ടു നിൽക്കുന്നു. ഓർമശക്തിയുടെ കാര്യത്തിൽ കേരളത്തിലെ മൂന്ന് എഴുത്തുകാരിലൊരാൾ എന്നാണ് കവിയും വിമർശകനുമായ സിവിക് ചന്ദ്രൻ മേച്ചേരിയെ വിശേഷിപ്പിച്ചത്. പക്ഷേ തന്റെ ഓർമകളെ പുതുക്കാൻ ഏത് ചെറിയ കുട്ടിയോടും അദ്ദേഹം സംശയ നിവാരണം നടത്തുമായിരുന്നു. കാലഘണനകളിൽ താനാണ് ശരി എന്ന പിടിവാശിയുടെ വാലിൽ തൂങ്ങിനിൽക്കില്ല. പക്ഷേ തനിക്കു ശരിയെന്നു തോന്നിയ ആശയം ആരുടെ മുഖത്തു നോക്കിയും നിർഭയം വിളിച്ചു പറഞ്ഞു.

കേരളത്തിലെ വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിനു ലോക നലവാരത്തിലെന്നപോലെ ഗതിമാറ്റം സംഭവിച്ച 1960-70 ലെ കാമ്പസ് ജീവിതം മേച്ചേരിക്കു നൽകിയ ആദർശാടിത്തറ കർമവേദിയാകെ ഊർജമായി നിലകൊണ്ടു. പദവികൾക്കും പ്രശസ്തിക്കുമപ്പുറം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി അറിവും അനുഭവങ്ങളും ആരോഗ്യവും വിനിയോഗിച്ചു. അധികാര മോഹങ്ങളില്ലാത്ത ആദർശബന്ധുരമായ ഒരു യുവനിരയെ വാർത്തെടുക്കാൻ മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷനിലും മുസ്‌ലിം യൂത്ത് ലീഗിലും മേച്ചേരി സ്വാധീനശക്തിയായി. കർമംകൊണ്ടും പാരമ്പര്യം കൊണ്ടും തന്നിലുമെത്രയോ താഴെക്കിടക്കുന്നവർ പദവികളുടെ ഉന്നതങ്ങളിലേക്കു കയറിപ്പോകുമ്പോൾ മേച്ചേരി അസ്വസ്ഥനായില്ല.

പത്രാധിപരുടെ പദവിപോലും വ്യക്തി താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തില്ല. സ്വന്തം പടവും വാർത്തയും നിരന്തരം മുൻപേജിൽ പ്രതിഷ്ഠിക്കാൻ അവസരവും അധികാരവുമുണ്ടായിട്ടും മേച്ചേരിയിലെ ആദർശ ശുദ്ധി അതിനനുവദിച്ചില്ല. ഒരു വേദിയിലും മുൻ നിരയിൽ കയറി ‘ആളു ചമയാനും’ പോയില്ല. തനിക്കവകാശപ്പെടാത്ത ഒരു കസേരയിലും കയറിയിരുന്നില്ല. മോഹിച്ചുമില്ല. പാർട്ടി പത്രത്തിലെ പദവികൾ ഉന്നതങ്ങളിലേക്കുള്ള ചവിട്ടുപടിയുമാക്കിയില്ല.

‘ഖാഇദേമില്ലത്തിന്റെ പാത’ എന്നായിരുന്നു മേച്ചേരിയുടെ ഒരു പുസ്തകത്തിന്റെ പേര്. അതൊരു പുസ്തകനാമം മാത്രമായിരുന്നില്ല. ജീവിതശീലം കൂടിയായിരുന്നു അദ്ദേഹത്തിന്.

പാണക്കാട് പൂക്കോയ തങ്ങളും സി.എച്ചുമായിരുന്നു മേച്ചേരിയുടെ മാതൃകാപുരുഷൻമാർ. പൂക്കോയ തങ്ങളെ ഓർമിക്കുന്ന ഓരോ ചടങ്ങിലും മേച്ചേരി തനിക്കു തങ്ങളിൽ നിന്നു കിട്ടിയ ഉപദേശം ആവർത്തിക്കും : “പട്ടിണി കിടന്നാലും ആരുടെ മുന്നിലും അഭിമാനം പണയപ്പെടുത്തരുത്”. ജീവിതത്തിലെയും തൊഴിലിലെയും അനിശ്ചിതത്വം നിറഞ്ഞ ഒരു നിർണായക സന്ധിയിൽ ആ വാക്കുകളായിരുന്നു തന്റെ അന്നവും ആത്മധൈര്യവുമെന്ന് മേച്ചേരി പറയും. സി.എച്ചായിരുന്നു മേച്ചേരിയുടെ ഗുരു. തന്റെ ഗൈഡും ഫ്രണ്ടും ഫിലോ സഫറുമായിരുന്നു സി. എച്ച് എന്ന് മേച്ചേരി പറഞ്ഞിട്ടുണ്ട്. ചന്ദ്രികയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതും സി.എച്ച്. അതുകൊണ്ട് പൂക്കോയ തങ്ങളെയും സി.എച്ചിനെയും പറയുമ്പോൾ മേച്ചേരിയുടെ പദാവലികൾ മറ്റൊരു ലോകത്തെ ഭാഷയിൽ നിന്നാവും. അതിൽ കൂട്ടിച്ചേർക്കലോ വെട്ടിത്തിരുത്തലോ സാധ്യമല്ല.

ഭാഷയിലെ ഏറനാടൻ വീര്യം മലയാളത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു മേച്ചേരി. കാട്ടുപൂഞ്ചോലകളുടെ കുളിർമയും കൊടുങ്കാറ്റിന്റെ ശക്തിയും ഒരുമിച്ചാവാഹിക്കുന്ന ഗദ്യശൈലി.

തലക്കെട്ടിൽ തുടങ്ങി അവസാന വരിവരെ ഒറ്റശ്വാസത്തിൽ തീർക്കാൻ വായനക്കാരനെ നിർബന്ധിക്കുന്ന രചനാതന്ത്രം. മേച്ചേരിയുടെ നിത്യസ്മരണക്കായി കെ.എം.സി.സി ജിദ്ധ-കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഒരു താജ്മഹൽ കെട്ടിയിട്ടുണ്ട്. ഒരു വിശിഷ്ട ഗ്രന്ഥം. ഗ്രെയ്സ് എജ്യൂക്കേഷൻ അസോസിയേഷൻ സഹകരണത്തോടെ. ‘റഹീം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്നു പേര്. ആ വെണ്ണക്കൽ കുടീരത്തിലൊന്ന് തൊട്ടുനോക്കിയാലറിയാം മേച്ചേരിയുടെ ഭാഷയുടെ മാസ്മരഭാവം.

ചന്ദ്രിക പത്രാധിപരായി മേച്ചേരി നിയുക്തനാകുമെന്നുറപ്പായ ഘട്ടം. അദ്ദേഹം ഫോണിൽ വിളിച്ചു പറഞ്ഞു: നമുക്കൊന്നു നാളെ പാണക്കാട്ടു പോകണം’. തങ്ങളെ കണ്ട് ഗൗരവമായൊരു കാര്യം
ബോധ്യപ്പെടുത്താനുണ്ട്. കാര്യവും അദ്ദേഹം പറഞ്ഞു: “എനിക്കിനി ഒന്നേമുക്കാൽ വർഷമേയുള്ളൂ. ഒരു പത്രാധിപരുടെ ചുമതലയേറ്റെടുത്ത്, മനസ്സിൽകണ്ടവിധം രൂപകൽപന ചെയ്ത് നടപ്പിൽ വരുത്താനുള്ള സമയമില്ല. അതുകൊണ്ട് തൽക്കാലം എഡിറ്റർ സ്ഥാനത്തേക്ക് ഞാനില്ല. നമുക്ക് എം.ഡിയോട് വിശദമായി സംസാരിക്കണം. പ്രഗത്ഭനായ ഒരു എഡിറ്ററെ തന്നെ കൊണ്ടുവരണം.” കേരളത്തിലറിയപ്പെടുന്ന നാലുപേരുകളും പറഞ്ഞു. മൂന്നുപേർ മുതിർന്നവർ. ഒരാൾ മേച്ചേരിയേക്കാൾ ജൂനിയറായ സർക്കാർ ഉദ്യോഗസ്ഥനും. മൂന്നു പതിറ്റാണ്ടിലേറെ പത്രാധിപസമിതിയിൽ പ്രവർത്തിച്ച് ഇരുപത് വർഷത്തോളം അസിസ്റ്റന്റ് എഡിറ്ററായി ഇരുന്ന ആൾ പത്രാധിപരാകാൻ പോകുന്ന നിമിഷം സ്വയം പിന്മാറുക. സി.എച്ച് ഇരുന്ന കസേരയിൽ ഉപവിഷ്ടനാവാൻ സർവം സജ്ജമായനേരം അതുപേക്ഷിക്കുക.
കയ്യിൽവന്ന ഉന്നത പദവി പോലും വിശാല ലക്ഷ്യത്തോടെ വേണ്ടെന്നുവെക്കുന്ന മേച്ചേരിക്ക് സമാനമായൊരാളെ മറ്റെവിടെ കാണും!
മനസ്സുനിറയെ സമുദായത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി അലഞ്ഞുനടന്നു ആ സാമൂഹിക പരിഷ്കർത്താവ്. തനിക്കെന്നുമൊരു ആത്മമിത്രത്തിന്റെ പരിഗണന നൽകിയിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ആ സ്വപ്നങ്ങളൊക്കെയും അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.ശിഹാബ് തങ്ങളുടെ സ്നേഹ ശാസനയിൽ പത്രാധിപ കിരീടഭാരം ഏറ്റെടുത്തു

അധികാര മുദ്രകളൊന്നും മേച്ചേരിയെ പ്രലോഭിപ്പിച്ചില്ല. ആളും അർത്ഥവും അധികാരവുമുള്ള പ്രസ്ഥാന പത്രത്തിന്റെ അധിപരായിട്ടും അദ്ദേഹത്തിന്റെ യാത്രാ വാഹനം ഏതെല്ലാമോ പത്രക്കെട്ടുകൾ കൊണ്ടു പോകുന്ന ഒരു ടാക്സി ജീപ്പ്, രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്കുള്ള വഴിയിൽ എതിരെവന്ന ബസുമായി കൂട്ടിയിടിച്ച് ആ പുലർകാല യാത്രക്കാരന്റെ അന്ത്യം. അത് ഞങ്ങളുടെ പത്രാധിപരായിരുന്നു. വലിയ ആകാശങ്ങളിലേക്കു പറന്നുയരാൻ ‘ചന്ദ്രിക’യ്ക്കു ചിറകും കരുത്തുമായി നിന്ന പത്രാധിപർ, കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ അവകാശ പോരാട്ടങ്ങളിൽ പ്രബുദ്ധതയുടെ വാക്കും വരയുമായിനിന്ന സേനാധിപൻ. സ്വന്തം പത്രത്തിന്റെ താളുകളിൽ വിടർന്ന ഹൃദയരക്തത്തിൽ കുതിർന്ന് പത്രാധിപരുടെ വിടവാങ്ങൽ.

മുസ്‌ലിം ലീഗ് മലബാറിൽ സംഘടിച്ചു തുടങ്ങിയ നാൾ മുതൽ സമുദായത്തെ സമരസജ്ജമാക്കാൻ ‘ചന്ദ്രിക’യുടെ താളുകളിലൂടെ നയവിശദീകരണത്തിന്റെ തൂലികത്തുമ്പത്ത് കെ.എം.സീതി സാഹിബുണ്ടായിരുന്നു. സീതി സാഹിബ് പോയതറിയിക്കാതെ കനലെരിയുന്ന വാക്കുകളുമായി സി.എച്ച് ആ ദൗത്യം നിറവേറ്റി. സി. എച്ച് ചരിത്രത്തിലേക്കു നടന്നുമറഞ്ഞപ്പോൾ ഓരോ വരിയിലും മേച്ചേരി നമ്മെ ബോധ്യപ്പെടുത്തി, ഇതാ ആ പൊൻപേന, സമുദായ ശത്രുക്കളെ നിരായുധരാക്കി പോർക്കളത്തിൽ അടിയറവു പറയിച്ച സീതി സാഹിബിന്റെയും സി.എച്ചിന്റെയും ആഗ്നേയാസ്ത്രം.

എം.സി തന്നെ പറയട്ടെ: “1970കളിൽ മുസ്‌ലിം ലീഗിലെ ദൗർഭാഗ്യകരമായ ഭിന്നിപ്പുകാലത്ത് പ്രധാനപ്പെട്ട പാർട്ടിയെഴുത്തുകാരെല്ലാം മറുപക്ഷത്ത് ചേർന്നപ്പോൾ, പാണക്കാടിന്റെയും സി എച്ചിന്റെയും പക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് മേച്ചേരി നയിച്ച ലേഖനയുദ്ധം മറക്കാൻ കാലമായിട്ടില്ല. അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്‌ലിം ലീഗാണ് ഇന്നു കാണുന്ന ലീഗ്”.

മേച്ചേരിയുണ്ട്. ദൂരെയെങ്ങും പോവാതെ, ഒരു മൗനമന്ദഹാസവുമായി, ഈ ആൾക്കൂട്ടത്തിനുള്ളിലെവിടെയോ ഉണ്ട്.


Tags :


സി.പി. സൈതലവി