Logo

 

ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി

15 July 2021 | Obituary

By

മദീന: വിശുദ്ധ ഖുർആനിനും സഹീഹുൽ ബുഖാരിക്കും പ്രസിദ്ധമായ ഇംഗ്ലീഷ്‌ പരിഭാഷകൾ തയ്യാറാക്കിയ വിഖ്യാതനായ അഫ്‌ഗാനി ഭിഷഗ്വരൻ ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി. സുഊദി അറേബ്യയിലെ മദീനയിൽ ഇന്നലെയായിരുന്നു അന്ത്യം.

1927 ൽ ആണ്‌ മുഹ്‌സിൻ ഖാന്റെ ജനനം. ലാഹോറിൽ നിന്നും ലണ്ടനിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത്‌ ജോലിക്കായി സുഊദി അറേബ്യയിൽ എത്തുകയും മദീനയിൽ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതരായ സുഊദി പണ്ഡിതന്മാരിൽ ഒരാളായ ശൈഖ്‌ ഇബ്നു ബാസുമായുള്ള സമ്പർക്കം മുഹ്സിൻ ഖാനെ ഇസ്‌ലാമിക സാഹിത്യപ്രവർത്തനങ്ങളിലേക്ക്‌ പ്രചോദിപ്പിച്ചു.

പ്രഗൽഭനായ മൊറോക്കൻ ഇസ്‌ലാമിക പണ്ഡിതൻ തകിയുദ്ദീനുൽ ഹിലാലിയുടെ സഹായത്തോടെ മുഹ്‌സിൻ ഖാൻ ഖുർആനിന്‌ തയ്യാറാക്കിയ സമ്പൂർണ ഇംഗ്ലീഷ്‌ പരിഭാഷ ലക്ഷക്കണക്കിന്‌ കോപ്പികളാണ്‌ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി സുഊദി ഗവൺമെന്റ്‌ അച്ചടിച്ച്‌ വിതരണം ചെയ്തത്‌. മുഹ്‌സിൻ ഖാന്റെ സഹീഹുൽ ബുഖാരി പരിഭാഷയും അത്രതന്നെ ജനകീയമാണ്‌. രണ്ടും ഇന്റർനെറ്റിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ഖുർആൻ-ഹദീഥ്‌ പഠനങ്ങൾ അറബി അറിയാത്ത, എന്നാൽ ആധുനിക വിദ്യാഭ്യാസം നന്നായി നേടിയ അറേബ്യക്കുപുറത്തുള്ള മുസ്‌ലിം പുതുതലമുറകളിൽ സാർവത്രികമാക്കുന്നതിൽ മുഹ്‌സിൻ ഖാന്റെ പരിശ്രമങ്ങൾ വലിയ പങ്കാണ്‌ വഹിച്ചത്‌. സലഫീ നിലപാടുകൾ കണിശമായി പിന്തുടർന്നുകൊണ്ടുള്ളതാണ്‌‌ മുഹ്‌സിൻ ഖാന്റെ ഖുർആൻ, ഹദീഥ്‌ വിവർത്തനങ്ങൾ.


Tags :


Admin