Logo

 

നീതി ക്വാറന്റീനിലാണ്

27 April 2021 | Fiction

By

പി പി ഇ കിറ്റ് ധരിച്ചു പുറത്തിറങ്ങിനോക്കി
ഇന്നൊന്ന് നീതി.
കണ്ണുകെട്ടാറുള്ള തുണിയോടു നീതിയായ്
കറുത്ത പി പി ഇ കിറ്റ്.
കൂർത്ത നോട്ടങ്ങൾ
ബുർഖയെ ഓർമിപ്പിച്ചപ്പോൾ
സി എ എ ഓർമവന്നു.
കഴുത്തിന് മുകളിലുള്ളതെല്ലാം
ഊരിയെറിഞ്ഞു മതേതരനായി
തലയുയർത്തി നടക്കുമ്പോൾ
മാസ്ക്കിടാതെ നടക്കുന്ന അനീതി
പിറകിലൂടെ വന്ന്
മാസ്‌ക്കെവിടെയെന്നൊരടി!
നീതി ഓടി, കിതച്ച് ശ്വാസം കിട്ടാൻ
ക്യൂവിലായി.
ശ്വാസം കിട്ടാതെ നീലിച്ച നീതി
മാറിയ നിറത്തിന്റെ ചേലാൽ
സവർണ വരികൾക്കു തീണ്ടാപാടകലെ
അവർണ വരിയിൽ നിന്ന് പിടഞ്ഞു.
ഓക്സിമീറ്ററിൽ എൺപതിൽ നിന്നിരുപത്തഞ്ചിൻ യുവത്വത്തിലേക്ക്
ശ്വാസം ചാടാനൊരുങ്ങുമ്പോൾ
സൈക്കിൾ റിക്ഷയിൽ കിതച്ചു വന്ന
മറ്റൊരു ശ്വാസം അകത്തേക്കു വലിച്ചു
കയറ്റും മുമ്പ് സവർണ വരികൾക്ക്
കണ്ണെത്തുന്നില്ലെന്ന് നീതിയുറപ്പാക്കി.
ശ്വാസം നേരെ വീണതും
വക്കീൽ കോട്ടാക്കിയ
പി പി ഇ കിറ്റിട്ട് കോടതി കേറി,
കർമനിരതൻ നീതി.
കാത്തിരിക്കുകയാണ്
ശ്വാസം കിട്ടാത്ത കാപ്പൻമാർ,
ശ്വാസം കൊടുത്തുതീർത്ത
കഫീലുമാർ,
കാത്തിരിപ്പിൽ ചിതലരിച്ച്
മുഖം ദ്രവിച്ച്,
മറവിയിൽ ലയിച്ചനേകം പേരുകൾ.
നീതി ചിരിച്ചു:
എല്ലാർക്കുമൊപ്പം നിന്നാൽ
തനിക്കെന്തു വില?
ഓരോരുത്തരെയായി
തൊടാതെയടുത്ത് നിർത്തി
ചിരിച്ചു സെൽഫികളെടുത്തിട്ട്
ഫെയ്സ് ബുക്കിൽ പുതിയ പോസ്റ്റ്:
“നീതി, നിഷേധിക്കപ്പെട്ടവർക്കൊപ്പം.”
ന്യൂനപക്ഷം കൈയടിക്കുമ്പോൾ
ഒരു കണ്ണിറുക്കി
അവർക്കു നേരെ
പുതിയ മാസ്ക്കിട്ടു,
പഴുതുകളില്ലാതെ അക്ഷരങ്ങൾ
കൊത്തിവെച്ച മാസ്ക്;
രണ്ടു മീറ്റർ അകലെ നിന്നാലും
ചിലർക്കു വായിക്കാം:
“നീതി ചോദിക്കരുത്, പറയരുത്,
പ്രതീക്ഷിക്കരുത്.”


Tags :


ദിൽറുബ. കെ