Logo

 

സംഘ് നൃശംസ രാഷ്ട്രീയം ഉത്തരേന്ത്യയിൽ തിമിർത്താടുന്നു

15 June 2021 | Reports

By

ന്യൂഡൽഹി: മനുഷ്യനെ കൊന്നുകളയൽ ഉത്തരേന്ത്യയിൽ സംഘ് പരിവാറിന്റെ ദിനചര്യയായി മാറിയിരിക്കുകയാണ്. നിയമത്തെയും നിയമപാലകരെയും നോക്കുകുത്തിയാക്കി മുസ്‌ലിം – ദലിത് – പിന്നാക്ക വിഭാഗങ്ങളെ ആര്യപ്രോക്ത ബ്രാഹ്മണ്യം നിഷ്കരുണം കൊന്നുകളയുന്ന വാർത്തകളാണ് യു. പിയിൽ നിന്നും രാജസ്ഥാനിൽ നിന്നുമെല്ലാം നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഹിന്ദുത്വ കാപാലികരുടെ കൈകളാൽ ഉത്തരേന്ത്യയിൽ മൂന്ന് ആളുകൾ കൊല്ലപ്പെടുകയുണ്ടായി. ഏഴോളം ആളുകളുടെ നില ഗുരുതരമാണ്.

പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ അഞ്ച് മുസ്‌ലിം യുവാക്കൾക്കെതിരെ അക്രമം അഴിച്ചുവിട്ടതിന്റെയും അതിലൊരാൾ കൊല്ലപ്പെട്ടതിന്റെയും വാർത്ത ജൂൺ അഞ്ചിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊലയാളികളെ ശിക്ഷിക്കേണ്ടതിന് പകരം അക്രമത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയവർക്കെതിരെ പശു കടത്തിന് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്.

യു. പിയിൽ അതേ ദിവസം ഒരു മുസ്‌ലിം വയോധികനെ ഹിന്ദുത്വ ഗുണ്ടകൾ അക്രമിക്കുകയും ജയ് ശ്രീരാമും വന്ദേമാതരവും ചൊല്ലാൻ ആവശ്യപ്പെടുകയും ചെയതിരുന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ അബ്ദുസമദ് എന്ന എഴുപത്തിരണ്ടുകാരൻ പള്ളിയിലേക്ക് പോകുംവഴിയാണ് ക്രൂര മർധനത്തിന് ഇരയായത്.

ജൂൺ പതിമൂന്നിന് രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ പശു കള്ളക്കടത്ത് സംശയത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ടാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾക്ക് പരിക്കേറ്റ് ചികിൽസയിലാണ്.
കാൺപൂരിൽ അഷ്റഫ് അലി എന്ന യുവാവിനെ അർധരാത്രി അതിനിഷ്ഠൂരമായി കൊല പ്പെടുത്തിയതും ജൂൺ ആദ്യവാരത്തിലായിരുന്നു.


Tags :


mm

Nasim Rahman