Logo

 

സമകാലിക മുസ്‌ലിം സംവാദങ്ങൾ; പതിനഞ്ചോളം പ്രമേയങ്ങൾ പ്രസിദ്ധീകരിച്ച് മുജാഹിദ് യുവജന പ്രസ്ഥാനം

23 January 2021 | Reports

By

കോഴിക്കോട്: സമകാലിക മുസ്‌ലിം ലോകം, പ്രശ്നങ്ങൾ, സംഭവങ്ങൾ, സംവാദങ്ങൾ എന്നിവയെല്ലാം മുൻനിർത്തി പതിനഞ്ചോളം പ്രമേയങ്ങൾ കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം. പുറത്തിറക്കി.
ലഘു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച പ്രമേയങ്ങൾ കഴിഞ്ഞ ആഴ്ച മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളുടെ മുജാഹിദ് സെന്റർ സന്ദർശനവേളയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്.
തെരഞ്ഞെടുപ്പ് കാലത്തെ ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങൾ, സവർണ സംവരണം, മുസ്‌ലിം ഐക്യം, സമുദായ മൈത്രി, ഇസ്‌ലാമോഫോബിയ, കക്ഷിരാഷ്ട്രീയ പങ്കാളിത്തം, ഇസ്‌ലാമിസ്റ്റ് വിമർശനങ്ങൾ, ജമാഅത്തെ ഇസ്‌ലാമിയുടെ വർത്തമാനകാല മാറ്റങ്ങൾ, സ്വത്വ രാഷ്ട്രീയം, നവ അക്കാദമിക പുനർവായനകൾ, പോപ്യുലർ ഫ്രന്റിനോടുള്ള വിയോജിപ്പ്, ഭീകരവാദം, ഭീകരവേട്ട, ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ ഒറിയന്റലിസ്റ്റ് നിരൂപണങ്ങളുടെ ഡിജിറ്റൈസേഷൻ നടന്ന കാലത്തെ വൈജ്ഞാനിക പ്രതിരോധങ്ങൾ എന്നിവയാണ് പ്രമേയങ്ങളുടെ കാതൽ.

ഫാഷിസവുമായി രഹസ്യമോ പരസ്യമോ ആയ യാതൊരു തരത്തിലുള്ള ധാരണകളും സഖ്യങ്ങളും ഒരു കാലത്തും ഉണ്ടാക്കുകയില്ലെന്ന് അസന്നിഗ്ധമായി തീരുമാനിക്കാൻ കേരളത്തിലെ ഇരുമുന്നണികൾക്കും കഴിയണമെന്നാണ് ഐ.എസ്.എം. മുന്നോട്ട് വെച്ച പ്രഥമ പ്രമേയം.
കേരളത്തിൽ കാര്യമായ നിലയിൽ അധികാരം ലഭിച്ചാൽ ഫാഷിസം എന്താണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ പ്രതീകാത്മക മാനിഫെസ്റ്റോ ആയിരുന്നു പാലക്കാട് നഗരസഭയിലെ ‘ജയ് ശ്രീരാം’ ബാനർ. അതുകൊണ്ടുതന്നെ കേരളത്തിന്റെ നന്മകൾ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ വോട്ടർമാർക്കും ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഫാഷിസം ഒരൊറ്റ സീറ്റിലും ജയിക്കില്ലെന്ന് ഉറപ്പുവരുത്താൻ കഴിയണം.

കേരള സർക്കാർ നടപ്പിലാക്കിയ സവർണ സാമ്പത്തിക സംവരണത്തെയും അതിനെ പിന്തുണച്ച മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നടപടിയെയും അപലപിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ പ്രതിഷേധമുയർത്തുന്നതിനായി നടക്കുന്ന ദലിത്-പിന്നാക്ക-മുസ്‌ലിം ഏകോപന ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകകൂടി ചെയ്യുന്നുണ്ട് ഐ.എസ്.എം.

സാമ്രാജ്യത്വവും രണോത്സുക നാസ്തികതയും ഇറക്കുമതിചെയ്തുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതക്കെതിരെ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മൈത്രിയെ മുദ്രാവാക്യമായി സ്വീകരിക്കാൻ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളോട്
പ്രമേയ വിശദീകരണത്തിനിടയിൽ
ഐ.എസ്.എം. ആഹ്വാനം ചെയ്യുന്നുണ്ട്.
ഇസ്‌ലാമോഫോബിയക്കെതിരിൽ ജാഗ്രതയോടെ പോരാടുന്നതിന് പകരം അതിന്റെ പ്രചാരകരും പ്രയോജകരും ആയി ചില രാഷ്ട്രീയ നേതാക്കൾ മാറിപ്പോകുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഐ.എസ്.എം. ആരോപിക്കുന്നു.
ഇൻഡ്യയിലെ മുസ്‌ലിം സമൂഹം അസ്തിത്വപരമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പുതിയകാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഒറ്റക്കെട്ടായി നീങ്ങുന്നതിൽ
മുസ്‌ലിം യുവജന സംഘടനകൾ മാതൃകയാവണമെന്നും ഐ.എസ്.എം. ആഗ്രഹിക്കുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും കക്ഷിരാഷ്ട്രീയ പ്രവർത്തനത്തെയും ക്രിയാത്മകമായി സമീപിക്കാൻ ഇൻഡ്യയോട് സ്നേഹമുള്ള മുഴുവൻ പൗരൻമാർക്കും സാധ്യമാവണം. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കൾ കക്ഷിരാഷ്ട്രീയത്തിൽ സജീവമായി ജനാധിപത്യത്തിൽ തങ്ങളുടെ ഭാഗധേയം നിർവഹിച്ചവരായിരുന്നുവെന്ന വസ്തുത മനസിലാക്കി പ്രസ്തുത പാരമ്പര്യത്തിന് ശക്തമായ പിന്തുടർച്ചകൾ ഉണ്ടാക്കാൻ മുജാഹിദ് പ്രവർത്തകർക്കാവണം.
സ്ഥാനമോഹവും ലോകമാന്യവും അഴിമതിയും ഇല്ലാത്ത, അറിവിന്റെയും ധിഷണയുടെയും മൂശയിൽ പൊതുനന്മ പരിഗണിച്ച് നിലപാടുകളെ വാർക്കുന്ന നവ രാഷ്ട്രീയ സംസ്കാരം കേരളത്തിന് പ്രദാനം ചെയ്യാൻ മുജാഹിദ് യുവത്വം സന്നദ്ധമാവണം. കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ – കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും – ശിൽപികൾ തന്നെ ഇസ്‌ലാഹീ നേതാക്കൾ ആയിരുന്നുവെന്നും ഐ.എസ്.എം. കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുസ്‌ലിം ഇടപാടുകളെ മഹാപാപമായി കണ്ടിരുന്ന സാഹചര്യത്തെ മുറിച്ചുകടന്ന ജമാഅത്തെ ഇസ്‌ലാമിയുടേത് കേവലം പ്രാദേശിക മാറ്റങ്ങളായിട്ടല്ല, മറിച്ച് നയപരമായ മാറ്റമായിട്ടാണ് ഐ.എസ്.എം. നിരീക്ഷിക്കുന്നതെന്നും പ്രമേയങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. ശെയ്ഖ് യൂസുഫുൽ ക്വർദാവി, റാശിദുൽ ഗന്നൂശി പോലുള്ളവർ സയ്യിദ് ഖുത്വുബിന്റെ പല വീക്ഷണങ്ങളെയും ഉപേക്ഷിച്ച് നിലപാട് മാറ്റിയതിന്റെ പ്രതിഫലനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയിൽ ഉണ്ടാവുന്നത് പ്രതീക്ഷയോടെയാണ് ഐ.എസ്. എം. നോക്കിക്കാണുന്നത്. എന്നാൽ ‘ന്യൂനപക്ഷങ്ങളുടെ കർമശാസ്ത്രം’ വിശദീകരിക്കുന്നേടത്ത് ജമാഅത്തിന് സംഭവിച്ച ചരിത്രപരമായ അബദ്ധങ്ങൾക്ക് കാരണമായിത്തീർന്ന വികലമായ ആശയാടിത്തറകളിൽ നിന്ന് പ്രായോഗിക മുന്നേറ്റങ്ങൾക്ക് ആനുപാതികമായി രക്ഷപ്പെടാൻ ആ സംഘടനക്ക് കഴിഞ്ഞിട്ടില്ലെന്നും ഐ. എസ്.എം. വിമർശിക്കുന്നു.
ആഗോള തലത്തിൽ മാധ്യമങ്ങൾ ‘സ്വത്വ രാഷ്ട്രീയമായി’ വിശേഷിപ്പിക്കുന്ന ‘ഇസ്‌ലാമിസ്റ്റ്’ രാഷ്ട്രീയത്തെ ഇസ്‌ലാമിക പ്രമാണങ്ങളുടെ ദുർവ്യാഖ്യാനമായും ഇൻഡ്യൻ മുസ്‌ലിംകളുടെ ഭാവിക്ക് ഒട്ടുമേ ഉപകാരപ്രദമല്ലാത്തതുമായിട്ടാണ് ഐ.എസ്.എം.വിലയിരുത്തുന്നത്.
ഇൻഡ്യൻ മുസ്‌ലിംകളെ ഫാഷിസം വംശഹത്യാ മുനമ്പിൽ നിർത്തുന്ന കാലത്ത് അമൂർത്തമായ ക്ഷേമ രാഷ്ട്ര മുദ്രാവാക്യങ്ങളിൽ അഭിരമിക്കുകയും
മുസ്‌ലിം പ്രശ്നങ്ങളെ ഊന്നലോടെ അഭിമുഖീകരിക്കുവാൻ വിസമ്മതിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടന ഉണ്ടാക്കി അംഗുലീപരിമിതമായ വോട്ടുകൾ പോലും നിർണായകമാവുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിലപേശൽ നടത്തി പാർട്ടിയുടെ ‘ദൃശ്യത’യിൽ അഭിരമിക്കാനാണോ ഊർജം ചെലവഴിക്കേണ്ടത് എന്ന് ശാന്തമായി ആലോചിക്കുവാൻ ജമാഅത്ത് നേതൃത്വത്തോട് ഐ.എസ്.എം. ആവശ്യപ്പെടുന്നു.
എസ്.ഡി.പി.ഐ. നടത്തുന്ന രാഷ്ട്രീയ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്‌ലാമിക പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതും ഐ.എസ്.എം. തള്ളിക്കളയുന്നു.

ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന സാമൂഹ്യശാസ്ത്ര പ്രവണതകളെ വിശദമായി വായിക്കാനും അവയിൽ നിന്ന് സമുദായത്തിന്റെ അതിജീവനത്തിന് ധൈഷണിക ഇന്ധനം സ്വീകരിക്കുവാനും കഴിയുന്ന ഒരു തലമുറ കേരള മുസ്‌ലിംകൾക്കിടയിൽ രൂപപ്പെടുന്നതിനെ ഐ.എസ്.എം. സന്തോഷത്തോടുകൂടിയാണ് സമീപിക്കുന്നത്. അതേസമയം സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങൾ മാറിമറിയുന്നതിനനുസരിച്ച് ഇസ്‌ലാമിനെ പുനർവായനകൾക്ക് വിധേയമാക്കുകയും സലഫുസ്സ്വാലിഹുകൾക്കൊന്നും പരിചയമില്ലാത്ത നവീന വാദങ്ങൾ ഇസ്‌ലാമിനുമേൽ കെട്ടിവെക്കുകയും ചെയ്യുന്നത് ജ്ഞാനശാസ്ത്ര ഔദ്ധത്യമായാണ് ഐ.എസ്.എം. കാണുന്നത്.

ഐറിഷ് റിപബ്ലിക്കൻ ആർമിയുടെയും എൽ.ടി.ടി.ഇയുടെയും മാർക്സിസ്റ്റ് – മാവോയിസ്റ്റ് ഭീകരസംഘങ്ങളുടെയുമൊക്കെ പാത പിന്തുടർന്ന് മുസ്‌ലിം ലോകത്ത് ഭീകര സംഘങ്ങൾക്ക് ജന്മം നൽകിയവർ നിയമവാഴ്ചയെയും മനുഷ്യജീവന്റെ പവിത്രതയെയും ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാമിനോട് കടുത്ത നിന്ദയാണ് കാണിച്ചിരിക്കുന്നതെന്നും ഐ.എസ്.എം. അഭിപ്രായപ്പെടുന്നു.
നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ കരിനിയമങ്ങൾ പ്രയോഗിച്ച് അന്യയമായി തടവിലിടുന്നതിനെതിരെ വിപുലമായ മനുഷ്യാവകാശപ്പോരാട്ടങ്ങൾ നടക്കേണ്ടതുണ്ട്.

നവനാസ്തിക/ സംഘ് പരിവാർ / മിഷനറി പ്രചാലവേലകൾക്കെതിരെ ധൈഷണിക വ്യവഹാരങ്ങൾ നടത്താൻ പണ്ഡിതൻമാർക്കും ബുദ്ധിജീവികൾക്കും സാധ്യമാവണമെന്നും പ്രമേയത്തിൽ ഐ.എസ്.എം. ഉണർത്തുന്നു.
സമുദായത്തിന്റെ ഭൗതികമായ ഭദ്രതക്കും പുരോഗതിക്കും വേണ്ടി മുന്നിൽ നിന്ന് അധ്വാനിക്കുന്നതോടൊപ്പം തന്നെ വിട്ടുവീഴ്ചയില്ലാത്ത സലഫീ ആദർശ പ്രബോധന യത്നങ്ങൾ കൂടി നടത്തിയ ഇസ്‌ലാഹീ പാരമ്പര്യത്തിന് ശക്തമായ തുടർച്ചയുണ്ടാക്കാൻ മുജാഹിദ് യുവത പരിശ്രമിക്കണമെന്നും ഐ. എസ്.എം. ആവശ്യപ്പെട്ടു.


Tags :


mm

Nasim Rahman