Logo

 

ജബലുന്നൂർ ഒരു മല മാത്രമല്ല

2 February 2021 | Poetry

By

പ്രകാശഗിരിയുടെ
ഗഹ്വരത്തിലായിരുന്നു
അങ്ങ് ഒറ്റക്കിരുന്ന് ദിക്റുകൾ ചൊല്ലിയത്
തിരിച്ചിറങ്ങുമ്പോൾ കയ്യിൽ ഒരു ദീപികയുണ്ടായിരുന്നു!
ലോകത്തിനു വെട്ടമാകാന്‍
പ്രപഞ്ചനാഥന്‍ കൈകളിലേകിയ അനര്‍ഘ പ്രകാശധാര!
അറിവ് ആ ഗുഹയില്‍ നിന്നാണ് ചാലിട്ടൊഴുകിയതും
ഇംറഇല്‍ഖൈസിന്റേയും ത്വറഫയുടേയും
അന്തറയുടേയുമൊക്കെ മണ്ണില്‍
കാവ്യശീലുകളേക്കാള്‍ ചന്തമുള്ള അരുവികള്‍ തീര്‍ത്തതും!
മരുഭൂമിയും ഒട്ടകവും മുള്‍ച്ചെടികളും മാത്രം
ജീവിതത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുമ്പോഴായിരുന്നു
‘നീ വായിക്കുക’ എന്ന പുതിയ ചക്രവാളം തുറന്നുവന്നത്.
ആരും ആദ്യം പകച്ചു നില്‍ക്കുന്നത്
‘നീ വായിക്കുക’ എന്ന ആജ്ഞക്കു മുമ്പില്‍ത്തന്നെയാണ്!
പേനയും കടലാസും വായനയും
എനിക്കും നിനക്കുമായി നല്‍കപ്പെട്ട
മൂര്‍ത്തമായ പ്രതീക്ഷകളാണ്!
അല്ലെങ്കിലും ക്രമേണയാണ് പകച്ചുനില്‍പ്പുകൾ
പ്രതീക്ഷയിലേക്ക് വഴിമാറുന്നത്,
അറിവിന്റെ പ്രകാശവഴിയില്‍
യാത്രകള്‍ സുഗമമാകുന്നത്!
എഴുത്താണിയുടെ,
എഴുത്തിന്റെ,
വായനയുടെ,
ഹൃദിസ്ഥതയുടെ,
ചിന്തയുടെയൊക്കെയുള്ളിലാണ് പ്രകാശമിരിക്കുന്നതെന്ന്
ആദ്യം പറഞ്ഞു തന്നത് നീ മാത്രമാണ്!
കഅബാലയത്തിന്റെ ചുമരുകളില്‍
തൂങ്ങിയാടിയ സപ്തകാവ്യങ്ങളിലെ ഈരടികളിലൊന്നിലും
മുമ്പ് ഞങ്ങളതു കണ്ടിരുന്നില്ല!
അന്നൂർ ഉയരമുള്ള ഒരു മല മാത്രമല്ല,
ഹിറ ഒരു ഗുഹ മാത്രമല്ല;
ലോകത്തെ പ്രകാശത്തിൽ മുക്കിയ കെടാവിളിക്കിന്റെ
ഏകാന്തതയ്ക്ക് ഇരിപ്പിടമാകാൻ സൗഭാഗ്യം കിട്ടിയത് അവയ്ക്കാണ്.
ജബലുന്നൂർ ആത്മീയോന്നതിയുടെ പ്രതീകമാണ്!
ഹിറാഗുഹ ആത്മഹർഷത്തിന്റെ പ്രതീകവും!


Tags :


കബീർ എം. പറളി