Logo

 

ഒറ്റമരം

21 January 2021 | Fiction

By

മരുഭൂമിയില്‍ ഒരു ഒറ്റമരം
ഒരു പച്ചമരം
ഒട്ടകങ്ങളുടെ കാല്‍പാടുകളിലെല്ലാം
നിറയെ തണുത്ത ജലമൊഴുകുന്നു
മക്കയിലെ കുന്നും മലകളുമെല്ലാം
പുതിയൊരു കാറ്റേല്‍ക്കുകയാണ്
ചുടുനിണത്തിന്റെ രൂക്ഷഗന്ധമില്ലാത്ത കാറ്റ്
മദ്യത്തിന്റെ മണമില്ലാത്ത കാറ്റ്
കുത്തഴിഞ്ഞ രതിയുടെ മദിരസ്വേദമില്ലാത്ത കാറ്റ്!
ചക്രവാളത്തിലെ ചുവപ്പും കുങ്കുമവുമൊക്കെ
നന്മയുടെ തൂവലുകള്‍കൊണ്ട്
കറുപ്പും വെളുപ്പും പക്ഷികള്‍
നിറം കൊടുത്തതാണ്.

മരുഭൂമിയിലെ ഒറ്റമരത്തില്‍
പച്ചമരത്തില്‍
എല്ലാ കിളികളും ഒന്നിച്ചിരുന്ന് പാടുന്നുണ്ട്.
മുമ്പവര്‍ക്ക് ഇരിക്കാന്‍ ശിഖരങ്ങളില്ലായിരുന്നു
ഉള്ള മരങ്ങളിലെല്ലാം
ദൈവങ്ങള്‍ക്ക് ഉറഞ്ഞുതുള്ളാന്‍ വെയിലില്‍ വെച്ച
ഉടുക്കുകളായിരുന്നു
അടിയില്‍ ചുവന്ന കണ്ണുകളുമായി
വെളിച്ചപ്പാടുകളും,
കിളികള്‍ നെടുവീര്‍പ്പോടെ ദൂരെയായിരുന്നു!
ഇന്നവര്‍ക്ക് ദേശമുണ്ട്
കൂടുകെട്ടാന്‍ ശിഖരമുണ്ട്
പാടാന്‍ പ്രപഞ്ചനാഥന്റെ സ്‌തോത്രഗീതങ്ങളുണ്ട്.
കഅബാലയം ഉറങ്ങുന്നതും ഉണരുന്നതും
ഒരു കറുത്തപക്ഷിയുടെ അക്ഷയശബ്ദം കേട്ടാണല്ലൊ;
മരുഭൂമിയിലെ ആ ഒറ്റമരത്തിന്റെ
കൊമ്പിലിരുന്ന് ആ കോകിലം എത്ര പാടിയിരിക്കുന്നു!
അതിന്റെ മാറ്റൊലിയാണ്
ദിഗന്തങ്ങളെ ഇന്നും ഉണര്‍ത്തുന്നത്!


Tags :


കബീര്‍ എം. പറളി