Logo

 

കയ്യിൽ ചോര പുരണ്ട്‌ കേമ്പസ്‌‌ ഫ്രന്റ്‌

3 July 2018 | Reports

By

എറണാകുളം: മഹാരാജാസ്‌ കോളജിൽ എസ്‌ എഫ്‌ ഐ പ്രവർത്തനത്തിന്റെ പേരിൽ അഭിമന്യു എന്ന വിദ്യാർഥിയെ നെഞ്ചിൽ കത്തിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവം കേരളത്തെ ഉലയ്ക്കുമ്പോൾ ചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക്‌ വരുന്നത്‌ കേമ്പസ്‌ ഫ്രന്റ്‌ ഓഫ്‌ ഇൻഡ്യ. കേമ്പസ്‌ ഫ്രന്റ്‌ പ്രവർത്തകരും സഹായികളുമാണ്‌ കൃത്യം നടത്തിയതെന്ന് വ്യക്തമാകുന്ന സാഹചര്യത്തിലാണ്‌ ഇത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്തിന്റെ പേരിലുണ്ടായ തർക്കങ്ങൾ ആണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന കാര്യം സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. കൊലക്കത്തിയുടെ ഭീഷണി മുനമ്പിലേക്കാണോ രാഷ്ട്രീയ വിയോജിപ്പുള്ള നവാഗതരെ കേമ്പസ്‌ ഫ്രന്റ്‌ ‘സ്വാഗതം’ ചെയ്യുന്നത്‌ എന്ന ചോദ്യത്തിന്റെ മൂർച്ച അനിഷേധ്യമാണ്‌.

കേരളത്തിലെ പല പ്രമുഖ കലാലയങ്ങളിലും രാഷ്ട്രീയഹിംസയുടെ ബീഭത്സ രൂപങ്ങൾ വഴി പല തവണ ചോര ഒഴുകിയിട്ടുള്ളതാണ്‌. എസ്‌ എഫ്‌ ഐ ആണ്‌ അത്യന്തം സ്തോഭജനകമായ കലാലയ ഗുണ്ടായിസം ‘രാഷ്ട്രീയം’ എന്ന പേരിൽ നടപ്പിലാക്കി കേരളത്തിലെ കേമ്പസുകളെ ഇടിമുറികളും കുരുതിക്കളങ്ങളുമാക്കി വിയോജിപ്പുകളെ കശാപ്പ്‌ ചെയ്യാൻ മുന്നിൽ നിന്നിട്ടുള്ളത്‌. എസ്‌ എഫ്‌ ഐ മോഡലിന്റെ കെടുതികളിൽ നിന്ന് മലയാളി വിദ്യാർത്ഥി സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള സർഗാത്മകമായ പരിശ്രമങ്ങൾ നടത്തുന്നതിന്‌ പകരം അതിനെ അനുകരിക്കാനും ശാശ്വതീകരിക്കാനുമാണ്‌ നവസാമൂഹിക പ്രസ്ഥാനമായി സ്വയം പരിചയപ്പെടുത്തുന്ന കേമ്പസ്‌ ഫ്രന്റ്‌ നല്ല മനുഷ്യരെയെല്ലാം നടുക്കും വിധം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്‌. മാർക്സിസ്റ്റ്‌ സംഘടനാ രൂപങ്ങളോട്‌ കായികമായി കൊമ്പുകോർക്കുമ്പോഴും മാർക്സിസ്റ്റ്‌ ഗറില്ലാ പദ്ധതികളോടും ഉന്മൂലന സിദ്ധാന്തത്തോടും അനുരാഗാത്മക ഭ്രമം ഉള്ളവരാണ്‌ സംഘടനയുടെ തലപ്പത്തുള്ളവർ എന്നാണ്‌ വ്യക്തമാകുന്നത്‌.

ഇറാൻ വിപ്ലവത്തെ ആശയപരിസരമാക്കി കേരളത്തിലെ സിമിയിൽ വളർന്നുവന്ന പുതിയ രാഷ്ട്രീയ ചിന്തകളാണ്‌ കേമ്പസ്‌ ഫ്രന്റിന്റെ മാതൃസംഘടനയായ പോപുലർ ഫ്രന്റ്‌ ഓഫ്‌ ഇൻഡ്യയുടെ പൂർവ്വരൂപമായ എൻ ഡി എഫിന്റെ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. ബാബരികാല മുസ്‌ലിം അരക്ഷിതാവസ്ഥയെ മൂലധനമാക്കി സിമി നേതൃനിരയിൽ ഉണ്ടായിരുന്ന തീവ്ര ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവികളായ‌ ഇ അബൂബക്‌ർ, പി കോയ, ഇ എം അബ്ദുർറഹ്മാൻ തുടങ്ങിയവരാണ്‌ പ്രസ്ഥാനം രൂപീകരിച്ചത്‌. ഖുമയ്നിയും ചെഗുവേരയും ഒരുപോലെ പ്രിയങ്കരമാകുന്ന ഒരു ആശയപ്രതലം അലി ശരീഅത്തിയുടെ വിശകലനങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചുകൊണ്ട്‌ ഫാഷിസവുമായുള്ള സായുധ പോരാട്ടങ്ങൾക്ക് സന്നദ്ധതയുള്ള‌ ഒരു പ്രസ്ഥാനം ആവശ്യമാണെന്ന് ‘കണ്ടെത്തുക’യാണ്‌ ഇവർ ചെയ്തത്‌. മുസ്‌ലിം ചെറുപ്പത്തെ ഈ ദിശയിലേക്ക്‌ ജാഗരം കൊള്ളിക്കാൻ വേണ്ടി രഹസ്യക്ലാസുകളിൽ എൻ ഡി എഫ്‌ നേതാക്കൾ ഖുർആനും ഹദീഥും ഉദ്ധരിക്കുന്നത്‌ കാപട്യം ആണെന്നും അവരുടെ യഥാർഥ ദർശനം അനിസ്‌ലാമികമായ ശീഈ നക്സലിസം ആണെന്നും പല മുസ്ലിം പണ്ഡിതന്മാരും അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്‌. ഇത്‌ ഓർത്താൽ ഒരു മുസ്‌ലിം വിദ്യാർത്ഥി സംഘടനയായ കേമ്പസ്‌ ഫ്രന്റ്‌ കൊലപാതകത്തെ മഹാപാപമായി കാണുന്ന ഇസ്‌ലാമിക അധ്യാപനത്തെ കയ്യൊഴിഞ്ഞ്‌ ‌ കൊലയെ വിഗ്രഹവൽകരിക്കുന്ന കൊമ്മ്യൂണിസ്റ്റ് വിപ്ലവ വായാടിത്തങ്ങളാൽ പ്രചോദിതമാകുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാകും.

എസ്‌ എഫ്‌ ഐയെപ്പോലെ തന്നെ കേമ്പസ്‌ ഫ്രന്റിനും മനുഷ്യവധം ഒരു പ്രത്യയശാസ്ത്രമാണ്‌, അല്ലാതെ അറിയാതെ സംഭവിച്ചുപോകുന്ന കാര്യമല്ല. ഇസ്‌ലാമിലെ ജിഹാദിന്‌ അതിനില്ലാത്ത വിവക്ഷകൾ കൽപിച്ച്‌ മുസ്‌ലിം വിദ്യാർത്ഥികളെ കത്തിക്കുത്തുകൾക്ക്‌ സജ്ജമാക്കുന്ന കേമ്പസ്‌ ഫ്രന്റ്‌ പ്രൊപഗൻഡ, ഉമർ മുഖ്താറിനെയും മാൽകം എക്സിനെയും മുതൽ കുഞ്ഞാലി മരക്കാരെയും മമ്പുറം തങ്ങളെയും ആലി മുസ്‌ലിയാരെയും വാരിയൻ കുന്നത്തിനെയും വരെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച്‌ പ്രതികാരക്കൊലകൾക്ക്‌ അക്കാദമിക സിദ്ധാന്തവൽകരണവും ഉണ്ടാക്കുന്നുണ്ട്‌. എസ്‌ ഡി പി ഐ വഴി ജനാധിപത്യ രാഷ്ട്രീയത്തിലേക്ക്‌ പോപുലർ ഫ്രന്റ്‌ രൂപാന്തരപ്പെടും എന്ന പ്രതീക്ഷയെ തകർത്തുകൊണ്ടാണ്‌ കൈവെട്ട്‌ മുതൽ ബിബിൻ വധം വരെ കേരളത്തിൽ അരങ്ങേറിയത്‌. അതിന്റെ നീൾച കേമ്പസുകളിലുണ്ടാക്കാൻ ശ്രമിക്കുകയും എസ്‌ എഫ്‌ ഐക്കാർ ഇതപര്യന്തം ആക്രമിച്ചിട്ടുള്ള കേമ്പസ്‌ ഫ്രന്റുകാരുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ അഭിമന്യുവിന്റെ ചോരയെ ന്യായീകരിക്കുകയും ചെയ്യുന്ന കേമ്പസ്‌ ഫ്രന്റ്‌ പ്രവർത്തകർ നാടിന്റെ സ്വാസ്ഥ്യം കെടുത്തുകയും മാർക്ക്സിസ്റ്റുകളുടെയും ഫാഷിസ്റ്റുകളുടെയും മുസ്‌ലിംവിരുദ്ധ ലക്ഷ്യങ്ങളെ വിജയിപ്പിച്ചുകൊടുക്കുകയും മാത്രമാണ്‌ ചെയ്യുന്നത്‌. ചോര പുരണ്ട ആ കൈകൾ ഇസ്‌ലാമിന്റേതല്ലെന്ന് ഇസ്ലാം നിയമവാഴ്ചയെ എത്ര പവിത്രമായാണ്‌ കാണുന്നതെന്ന് അറിയുന്ന ആർക്കും ബോധ്യമുണ്ടാകും.


Tags :


mm

Admin