ഇസ്‌ലാഹീ പ്രസ്ഥാനവും മുസ്‌ലിം രാഷ്ട്രീയവും
17 February 2019 | Essay
ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സാരഥികളാണ് സന്ദര്‍ഭത്തിന്റെ ആവശ്യം മനസ്സിലാക്കി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ ഫലപ്രദമായ രീതിയില്‍ ആധുനികവല്‍കരിക്കാനുള്ള മുന്‍കയ്യെടുത്തത്. ദേശീയ പ്രസ്ഥാനം കേരളത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഭാരതീയരുടെ പൊതുമനുഷ്യാവകാശങ്ങള്‍ക്കും മലബാറിലെ മാപ്പിളക്കുടിയാന്‍മാരുടെ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി നിയതവും ജനാധിപത്യപരവുമായ രീതിയില്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനവും സ്വാതന്ത്ര്യസമരവും ഉപകരിക്കുമെന്ന് മലബാറിലെ ഇസ്‌ലാഹീ പണ്ഡിതന്‍മാര്‍ മനസ്സിലാക്കി. 1915-16 കാലഘട്ടത്തില്‍ ആനീ ബെസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനം സജീവമായതിനെത്തുടര്‍ന്നാണ് മലബാറില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി മാറിയത്. ഹോംറൂള്‍ പ്രസ്ഥാനത്തിന്റ ആരംഭം തൊട്ടുതന്നെ അതിന്റെ സംഘാടനത്തിനു വേണ്ടി മലബാറില്‍ ഓടിനടക്കാന്‍ എം. പി. നാരായണമേനോന്റെ കൂടെ പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി (പെരിന്തല്‍മണ്ണ, 1879 – 1943) ഉണ്ടായിരുന്നു. മാപ്പിളചരിത്രപഠിതാക്കള്‍ക്ക് സുപരിചിതമായ മലബാര്‍ കുടിയാന്‍ സംഘം (Malabar Tenancy Association) അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെട്ടത്. ഈ കൂട്ടായ്മ കര്‍ഷകാവകാശങ്ങള്‍ക്കുവേണ്ടി അതിശക്തമായി സമരം ചെയ്തു. ആയുധരഹിതമായ ഒരു അവകാശസമരരീതി മാപ്പിളമാര്‍ക്ക് പ്രായോഗികമായി പരിചയപ്പെടുത്താന്‍ കുടിയാന്‍ സംഘത്തിലൂടെ കട്ടിലശ്ശേരിക്ക് കഴിഞ്ഞു.
കട്ടിലശ്ശേരി ദേശീയപ്രസ്ഥാനത്തില്‍ സജീവമാകുന്ന കാലത്ത് കൊടുങ്ങല്ലൂരായിരുന്നു പരിഷ്കരണമുന്നേറ്റത്തിന്റെ ശക്തിദുര്‍ഗം. മക്തി തങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെടുകയും വക്കം മൗലവിയുടെ മാര്‍ഗദര്‍ശനങ്ങളുപയോഗിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ പുഷ്ടിപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂരിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ നായകന്മാരെല്ലാം –കെ. എം സീതി സാഹിബ് ഉള്‍പടെയുള്ളവര്‍–കട്ടിലശ്ശേരിയുടെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായി മാറുകയും സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി ഇടപെടുകയും ചെയ്തു. അവരാണ് കൊച്ചി നാട്ടുരാജ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലെത്തിയ ആദ്യത്തെ മുസ്‌ലിം ബുദ്ധിജീവികള്‍. മലബാറിലും, ഇസ്‌ലാഹീ പണ്ഡിതർ ആണ് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ഇക്കാലഘട്ടത്തില്‍ കടന്നുവന്നത്. കട്ടിലശ്ശേരിക്കു പുറമെ, കെ. എം. മൗലവിയും ഇ. മൊയ്തു മൗലവിയും ആയിരുന്നല്ലോ മലബാറില്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം നേതാക്കള്‍.
മാപ്പിള ബഹുജനങ്ങളെ വലിയ തോതില്‍ കോണ്‍ഗ്രസിലേക്കാകര്‍ഷിച്ചത് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണ്. കൊടുങ്ങല്ലൂരിലെ ഇസ്‌ലാഹീ യുവതലമുറയില്‍ പെട്ട മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബ് കേരളത്തിന്റെ പൊതുരംഗത്ത് പ്രശസ്തനാകുന്നത് കോണ്‍ഗ്രസ് ഒരു ജനകീയപ്രസ്ഥാനമായി രൂപപ്പെട്ട ഈ സന്ദര്‍ഭത്തിലാണ്. മൗലാനാ മുഹമ്മദലിയുടെ ഉപദേശപ്രകാരം ജാമിഅ മില്ലിയ്യയിലെ പഠനമുപേക്ഷിച്ച് അദ്ദേഹം ഖിലാഫത്ത് സംഘാടനത്തിനുവേണ്ടി നാട്ടില്‍ തിരിച്ചെത്തി. അദ്ദേഹവും ഇ. മൊയ്തു മൗലവിയും കെ. എം. സീതി സാഹിബും കെ. എം. മൗലവിയോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി. ഇത്തരമൊരു പരിതസ്ഥിതിയിലാണ് 1921ല്‍ മലബാര്‍ സമരമുണ്ടായത്. ആറുമാസത്തോളം നീണ്ടുനിന്ന സമരം സമ്പൂര്‍ണമായി അടിച്ചമര്‍ത്തപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍, മലബാറില്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചു. കലാപകാരികളായി മുദ്ര കുത്തപ്പെട്ട നൂറുകണക്കിന് പാവപ്പെട്ട മാപ്പിളക്കുടിയാന്‍മാരെ തൂക്കിലേറ്റി അവരുടെ കുടുംബങ്ങളെ അനാഥമാക്കി. പലരെയും ബെല്ലാരി ജയിലില്‍ കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചു. ‘വാഗണ്‍ ട്രാജഡി’ ആസൂത്രണം ചെയ്യുക വഴി, തങ്ങള്‍ മനുഷ്യപ്പിശാചുക്കളാണെന്ന് ബ്രിട്ടീഷുകാര്‍ തെളിയിച്ചു. ഒട്ടുവളരെ മാപ്പിളമാരെ ആന്‍ഡമാനിലെ കുഗ്രാമങ്ങളിലേക്കും വനസമീപങ്ങളിലേക്കും നാടുകടത്തി. മലബാറിലെ മുസ്‌ലിം ഗ്രാമങ്ങളില്‍ പുരുഷന്‍മാരില്ലാതായി. പട്ടാളം വീടുകളില്‍ കയറി നിരങ്ങി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ആരാധനാലയങ്ങള്‍ അശുദ്ധമാക്കുകയും കണ്ണില്‍ ചോരയില്ലാതെ നിരപരാധികളെ വെടിവെച്ചു രസിക്കുകയും ചെയ്തു. മലപ്പുറത്തും അരീക്കോട്ടും പാണ്ടിക്കാടും ബ്രിട്ടീഷുകാര്‍ വിന്യസിച്ച ‘മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്(MSP) സേനയിലെ അംഗങ്ങളും നേപാളില്‍ നിന്നും മറ്റുമായി കൊണ്ടുവന്ന ഗൂര്‍ഖാ പട്ടാളവുമായിരുന്നു ബ്രിട്ടീഷ് സൈന്യത്തോടൊപ്പം നിന്ന് ഈ നരനായാട്ടിനു മുഴുവന്‍ നേതൃത്വം നല്‍കിയത്. മലബാറിലെ മാപ്പിളമാര്‍ ഇത്തരമൊരു ദുരിതപര്‍വത്തിലൂടെ അതിനുമുമ്പോ ശേഷമോ കടന്നുപോയിട്ടില്ല. അത്രയും ഭീകരമായ അടിച്ചമര്‍ത്തലായിരുന്നു സംഭവിച്ചത്.
ദേശീയപ്രസ്ഥാനത്തിന്റെ മുസ്‌ലിം നേതൃനിരയെ ഭരണകൂടം സായുധസമരത്തിൽ പങ്കാരോപിച്ച് അന്യായമായി വേട്ടയാടി. അബ്ദുര്‍റഹ്മാന്‍ സാഹിബും മൊയ്തു മൗലവിയും അറസ്റ്റ് ചെയ്യപ്പെട്ടു. കെ. എം. മൗലവി സാഹിബ് ഭരണകൂടത്തിനു പിടികൊടുക്കാതെ 1922 ല്‍ കൊടുങ്ങല്ലൂരിലെത്തി. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും കോണ്‍ഗ്രസ് നേതൃത്വത്തിലെ മറ്റൊരു ഇസ്‌ലാഹീ പരിഷ്കർത്താവായിരുന്ന കുറ്റ്യാടി എം. അബ്ദുല്ലക്കുട്ടി മൗലവിയും (1889 – 1972) കെ. എം. മൗലവിയുടെ പാത പിന്തുടര്‍ന്ന് മര്‍ദകഭരണകൂടത്തിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി കൊടുങ്ങല്ലൂരിലെത്തുന്നതില്‍ വിജയിച്ചു. മലബാറിനു പുറത്തുള്ള കൊടുങ്ങല്ലൂര്‍ കൊച്ചി നാട്ടുരാജ്യത്തിന് കീഴിലായിരുന്നതിനാല്‍ അവിടെച്ചെന്ന് ഇവരെയൊന്നും അറസ്റ്റ് ചെയ്യുക ഗവണ്‍മെന്റിന് എളുപ്പമായിരുന്നില്ല. സ്വാതന്ത്ര്യസമര നായകരായിരുന്ന ഈ പണ്ഡിതന്‍മാര്‍ കൂടി അഭയം തേടിയെത്തിയതോടെ കൊടുങ്ങല്ലൂർ 1921ലെ മലബാര്‍ സമരാനന്തരം ഇസ്‌ലാഹീ നേതാക്കളുടെ ഒരു പറുദീസയായി മാറി. സീതി മുഹമ്മദ് സാഹിബും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും കെ. എം. സീതി സാഹിബും ഇ. കെ. മൗലവിയും എം. സി. സിയും കെ. എം. മൗലവിയും കട്ടിലശ്ശേരിയും അബ്ദുല്ലക്കുട്ടി മൗലവിയുമാകുന്ന പരിഷ്കരണ സമരപോരാളികള്‍ കൊടുങ്ങല്ലൂരിന്റെ ചരിത്രഭൂമിയിലൊത്തൊരുമിച്ചു. അവര്‍ രൂപം നല്‍കിയ കേരള മുസ്ലിം ഐക്യസംഘം മലബാര്‍ സമരത്തിനുശേഷം കേരള മുസ്‌ലിംകള്‍ക്ക് അതിജീവനത്തിനുള്ള ബൗദ്ധിക മൂലധനം പ്രദാനം ചെയ്തു.
മലബാര്‍ സമര ദുരനുഭവങ്ങളോട് കൂടി സായുധമായ സമരരീതികളില്‍ നിന്ന് മാപ്പിളമാര്‍ സമ്പൂര്‍ണമായി പിന്‍വാങ്ങി. ആയുധങ്ങൾ ലക്ഷ്യം കാണില്ല എന്ന് ഏറെക്കുറെ സംഘടിതവും വിപുലവുമായിരുന്ന 1921ലെ ചെറുത്തുനിൽപ് പരാജയപ്പെട്ട ദുരനുഭവത്തില്‍ നിന്ന് അവര്‍ പ്രായോഗികമായി മനസ്സിലാക്കി എന്ന് പറയുന്നതായിരിക്കും ശരി. എന്നാല്‍ ഗുണകരമായ ഈ പരിവര്‍ത്തനത്തെ സ്വാഗതം ചെയ്ത് പുതിയ മാപ്പിള ക്രയശേഷിയെ സക്രിയമായി വിനിയോഗിച്ച് സമുദായത്തിന്റെ അവശതകള്‍ക്ക് പരിഹാരം കാണാന്‍ 1921നു ശേഷം മലബാറില്‍ ഒരു രാഷ്ട്രീയ സംഘടനയുണ്ടായിരുന്നില്ല. ദേശീയ പ്രസ്ഥാനത്തില്‍, സമരശേഷമുള്ള മാപ്പിള ദുരിതങ്ങളോടു മുഖംതിരിച്ച സവര്‍ണനേതാക്കളുടെ സാന്നിധ്യം കാരണം, ബഹുഭൂരിപക്ഷം മാപ്പിളമാര്‍ക്കും വിശ്വാസം നഷ്ടമായിരുന്നു. ഭാരതീയരുടെ പൊതുവായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പോലുളള ഒരു സംഘടനയേക്കാള്‍, മുസ്‌ലിംകളുടെ പ്രത്യകമായ പ്രശ്‌നങ്ങളെ പരിഗണിക്കാന്‍ ശേഷിയുളളതും എന്നാല്‍ ജനാധിപത്യ ബഹുസ്വരതയോടു സഹകരിക്കുന്നതുമായ ഒരു രാഷ്ട്രീയ സംഘടന ആവശ്യമാണെന്ന നിലപാട് പതുക്കെ വളര്‍ന്നുവന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നേട്ടങ്ങള്‍ അത്തരമൊരു സംഘടന വിജയിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കി. ഈയൊരന്തരീക്ഷത്തിലാണ് സര്‍വേന്ത്യാ മുസ്‌ലിം ലീഗ് കേരളത്തിലേക്ക് കടന്നുവന്നത്. ഐക്യസംഘമാണ് മലബാറില്‍ മുസ്‌ലിം ലീഗിനു വേണ്ട ആദര്‍ശപരമായ മണ്ണൊരുക്കിയത്. ഐക്യസംഘത്തിന്റെ നേതാക്കള്‍ തന്നെയാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചത്. ഐക്യസംഘത്തിന്റെ രാഷ്ട്രീയമായ പിന്തുടര്‍ച്ചയായിരുന്നു യഥാര്‍ഥത്തില്‍ മലബാറിലെ മുസ്‌ലിം ലീഗ്.
1934നു മുമ്പ് മലബാറില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന് വേരുകളുണ്ടായിരുന്നില്ല. ഐക്യസംഘം പ്രവര്‍ത്തകനായിരുന്ന അഡ്വ. ബി. പോക്കര്‍ സാഹിബായിരുന്നു മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മലബാറില്‍ നിന്നുളള ആദ്യത്തെ മുസ്‌ലിം നേതാവ്. അദ്ദേഹം മുസ്‌ലിം ലീഗിന്റെ മദിരാശി സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്നിരുന്നു. എന്നാല്‍ മറ്റുളള ഐക്യസംഘം പ്രവര്‍ത്തകര്‍ പൊതുവില്‍ കോണ്‍ഗ്രസ് ആശയക്കാരായിരുന്നു. എന്നാല്‍ കാലക്രമേണ, പന്ത്രണ്ടു വര്‍ഷത്തെ സംഘം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, അവരില്‍ ബഹുഭൂരിപക്ഷവും ലീഗ് അനുഭാവികളായി മാറി. ഐക്യസംഘത്തിലെ ബഹുഭൂരിപക്ഷം വരുന്ന ലീഗ് അനുഭാവികളും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച ന്യൂനപക്ഷവും തമ്മില്‍ നിരന്തരമായ രാഷ്ട്രീയ സംവാദങ്ങളുണ്ടായി. കട്ടിലശ്ശേരിയും കെ. സി കോമുക്കുട്ടി മൗലവിയും മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയുമായിരുന്നു കോണ്‍ഗ്രസ് തന്നെയാണ് വഴിയെന്ന് വാദിച്ച ഇസ്‌ലാഹീ നേതാക്കള്‍. എന്നാല്‍ കെ. എം. സീതി സാഹിബ്, കെ. എം. മൗലവി, ഇ. കെ. മൗലവി, ബി. പോക്കര്‍ സാഹിബ്, എം. സി. സി അബ്ദുര്‍റ്വഹ്മാന്‍ മൗലവി തുടങ്ങിയവര്‍ മുസ്‌ലിം ലീഗ് ആരംഭിക്കുന്നതിനെ അനുകൂലിച്ചു. ഇസ്‌ലാമികമായി ഒരേ വീക്ഷണകോണുകള്‍ പങ്കിടുമ്പോള്‍ തന്നെ സമുദായത്തിന്റെ ഭൗതിക പുരോഗതിക്കുവേണ്ടിയുളള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചേടത്ത് സംഭവിച്ച ധൈഷണികമായ ഉള്‍ക്കനവും ഉള്‍ക്കരുത്തും ഉളള മൂല്യവത്തായ തര്‍ക്കമായിരുന്നു ഇത്.
മലബാറിലെ ഒന്നാമത്തെ മുസ്‌ലിം ലീഗ് ശാഖ തലശ്ശേരിയില്‍ അബ്ദുസ്സത്താര്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകരായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് കേരള ജംഇയ്യതുല്‍ ഉലമയുടെ ആദര്‍ശ പ്രബോധന സംരംഭങ്ങളിലെ നിറസാന്നിധ്യമായിരുന്ന പുളിക്കല്‍ പി. വി. മുഹമ്മദ് മൗലവിയും ഐക്യസംഘം സ്ഥാപക നേതാവ് കെ. എം. സീതി സാഹിബും എ. കെ. കുഞ്ഞിമായിന്‍ ഹാജിയെപ്പോലുള്ള തലശ്ശേരിയിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകരുമായിരുന്നു. മലബാറിലെ രണ്ടാമത്തെ ലീഗ് ശാഖ നിലവില്‍ വന്നത് തിരൂരങ്ങാടിയിലാണ്. കെ. എം. മൗലവി, ഇ. കെ. മൗലവി, കെ. ഉമര്‍ മൗലവി എന്നീ സലഫീ പണ്ഡിതന്‍മാര്‍ ചേര്‍ന്നതായിരുന്നു കമ്മിറ്റി. മൂന്നാമത്തെ മുസ്‌ലിം ലീഗ് ശാഖക്ക് കോഴിക്കോട് ജന്മം നല്‍കാന്‍ മുന്‍കയ്യെടുത്തതും കെ.എം. മൗലവിയും സഹപ്രവര്‍ത്തകരുമായിരുന്നു. 1937ല്‍ അറക്കല്‍ അബ്ദുര്‍റ്വഹ്മാന്‍ ആലിരാജ പ്രസിഡണ്ടായി രൂപീകരിക്കപ്പെട്ട പ്രഥമ മലബാര്‍ ജില്ലാ ലീഗ് കമ്മിറ്റിയില്‍ സെക്രട്ടറി ഇസ്ഹാഖ് സേട്ട് സാഹിബും ജോയിന്റ് സെക്രട്ടറി സീതി സാഹിബുമായിരുന്നു. സീതി സാഹിബും സുഹൃത്തുക്കളും നേരത്തെ തന്നെ തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചന്ദ്രികയാണ് മുസ്‌ലിം ലീഗ് രൂപീകരണത്തിനുശേഷം പാർട്ടി ജിഹ്വ ആയി മാറിയത്. ചന്ദ്രികയുടെ തൂലികാ നട്ടെല്ലുകളിലൊന്ന് പി.വി മുഹമ്മദ് മൗലവി ആയിരുന്നു. തലശ്ശേരിയില്‍ താമസമാക്കി ചന്ദ്രികക്കുവേണ്ടിയുള്ള എഴുത്തില്‍ അദ്ദേഹം നിരതനായി. ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും മാനേജറുമെല്ലാമായി മൗലവി പ്രവര്‍ത്തിക്കുന്നുണ്ട്. ‘ചന്ദ്രികക്കുവേണ്ടി ആരോഗ്യം പോലും അവഗണിച്ച് ഊണും ഉറക്കവുമൊഴിച്ച് രാപ്പകല്‍ പണിയെടുത്ത് പത്രത്തിന്റെ നിലയിലും പദവിയിലും ഉയര്‍ത്താന്‍ ശ്രമിച്ച അതിന്റെ ജീവനാഡിയെന്ന നിലയിലാണ് ഞങ്ങള്‍ പി.വിയെ സ്മരിക്കുന്നത്’ എന്ന് മൗലവിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് വന്ന ചന്ദ്രിക മുഖപ്രസംഗത്തില്‍ വായിക്കാം.
മുസ്‌ലിം ലീഗ് അതിശീഘ്രം അതിന്റെ ബഹുജനാടിത്തറ വികസിപ്പിച്ചു. ഐക്യസംഘം നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചടുലമായ പിന്തുടര്‍ച്ച നല്‍കാന്‍ മുസ്‌ലിം ലീഗിലൂടെ പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു. ലീഗ് ശാഖകള്‍ മിടുക്കരായ മുസ്‌ലിം വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തു. തൊളളായിരത്തി നാല്‍പതുകളില്‍ സയ്യിദ് അബ്ദുര്‍റ്വഹ്മാന്‍ ബാഫഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയും മുസ്‌ലിം ലീഗിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്ന കൂർമബുദ്ധി കെ എം മൗലവിയുടേതും സീതി സാഹിബിന്റേതും ആയിരുന്നു.
1943ല്‍ മലബാറിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ട് കോളറ പടര്‍ന്നുപിടിച്ചു. ദിനേനയെന്നവണ്ണം ഓരോ വീട്ടിലും ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചു. ഒന്നിലധികം മയ്യിത്തുകള്‍ ഒരേ കുഴിയില്‍ മറമാടേണ്ട അവസ്ഥയുണ്ടായി. അനാഥമക്കള്‍ വീണ്ടും സമുദായത്തിനു മുന്നില്‍ ചോദ്യചിഹ്‌നമായി. മുസ്‌ലിം ലീഗുകാരായ പരിഷ്കർത്താക്കളാണ് ഈ സന്ദര്‍ഭത്തില്‍ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നോട്ടുവന്നത്. കെ. എം. മൗലവിയും എം. കെ. ഹാജി സാഹിബുമായിരുന്നു അവരുടെ മുന്‍നിരയില്‍. തിരൂരങ്ങാടിയില്‍ യതീംഖാന സ്ഥാപിച്ച് അവര്‍ സമുദായത്തിന് തണലായി. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മതവിശ്വാസിയുടെ കര്‍ത്തവ്യമാണെന്ന് സ്വന്തം ജീവിതം കൊണ്ട് സമുദായത്തെ ബോധ്യപ്പെടുത്തി. തിരൂരങ്ങാടി യതീംഖാനയാണ് മലബാറില്‍ അനാഥശാലാ പ്രസ്ഥാനം സജീവമാക്കിയത്.
1947ലെ പാക്കിസ്ഥാന്‍ രൂപീകരണം ഛിദ്രശക്തികള്‍ വര്‍ഗീയകലാപങ്ങള്‍ക്കുളള അവസരമായി ഉപയോഗപ്പെടുത്തി. പാകിസ്ഥാനില്‍ ഹിന്ദുക്കളും ഇന്‍ഡ്യയില്‍ മുസ്‌ലിംകളും ഭീകരമായി വേട്ടയാടപ്പെടുന്ന അവസ്ഥയുണ്ടായി. ലോകം അന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തത്രയും വിപുലമായ അഭയാര്‍ത്ഥി പ്രവാഹം അതിര്‍ത്തിയുടെ ഇരുഭാഗത്തേക്കുമുണ്ടായി. ഇന്‍ഡ്യയിലെ ഹിന്ദുവര്‍ഗീയവാദികള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ വംശഹത്യാ അപകടത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഉത്തരേന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. ദാരുണമായ അനാഥത്വവും നേതൃദാരിദ്ര്യവും സമുദായത്തെ വേട്ടയാടി. ഇത്തരമൊരു അവസ്ഥയില്‍ മുസ്‌ലിം ലീഗ് പിരിച്ചുവിടാനായിരുന്നു ഉത്തരേന്ത്യന്‍ നേതാക്കളുടെ തീരുമാനം. പാക്കിസ്ഥാന്‍ രൂപീകരണത്തിന്റെ പശ്ചാതലത്തില്‍ ലീഗിന്റെ പച്ചക്കൊടി ഇന്‍ഡ്യയില്‍ തങ്ങളുടെ ജീവിത സ്വസ്ഥത അപകടപ്പെടുത്തുമെന്ന് അവര്‍ ഭയന്നു. സ്വയംരക്ഷയോര്‍ത്തുളള വെപ്രാളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ രംഗത്ത് സ്വാതന്ത്ര്യാനന്തരം ലീഗിന്റെ അഭാവത്തില്‍ വന്നുഭവിക്കാനിരിക്കുന്ന ശൂന്യത അവരെ അലട്ടിയില്ല. എന്നാല്‍ മദ്രാസിലെ ലീഗ് നേതൃത്വം ഇതിനപവാദമായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ് ഉറപ്പുവരുത്താന്‍ സ്വാതന്ത്ര്യാനന്തരം സര്‍വേന്ത്യാ മുസ്‌ലിം ലീഗിന് തുടര്‍ച്ചയുണ്ടാകണമെന്ന് അവര്‍ യുക്തിസഹമായി വാദിച്ചു. തെന്നിന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവില്‍ പാക്കിസ്ഥാനിലേക്കു പോകാതെ ഇന്‍ഡ്യയില്‍ തന്നെ തുടരാന്‍ നിശ്ചയിച്ചവരായതിനാല്‍ സംഘടന നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മദ്രാസ് സംസ്ഥാനത്തെ മുസ്‌ലിം ലീഗ് നേതാവെന്ന നിലയില്‍ നിശ്ചയദാര്‍ഢ്യത്തോടു കൂടി ഈ കാര്യങ്ങള്‍ ഉറക്കെ പറഞ്ഞു. മലബാറില്‍ ഖാഇദെ മില്ലത്തിന്റെ വലംകയ്യായി ഈ പ്രതിസന്ധിഘട്ടത്തില്‍ നിലകൊണ്ടത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന കെ. എം. സീതി സാഹിബായിരുന്നു.
ഇന്‍ഡ്യ സ്വതന്ത്രമാകുമ്പോള്‍ മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റ ജനറല്‍ സെക്രട്ടറിയായിരുന്നു സീതി സാഹിബ്. 1947 നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന മുസ്‌ലിം കണ്‍വെന്‍ഷനിലും 1948 ജനുവരി മാസത്തില്‍ കറാച്ചിയില്‍ മുഹമ്മദലി ജിന്ന വിളിച്ചു ചേര്‍ത്ത സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ദേശീയ കൗണ്‍സിലിലും ഇസ്മാഈല്‍ സാഹിബിനൊപ്പം പങ്കെടുത്ത സീതി സാഹിബ്, ശക്തമായ വാദമുഖങ്ങളുയര്‍ത്തിയ പ്രഭാഷണങ്ങളിലൂടെ ഇന്‍ഡ്യയില്‍ പാര്‍ട്ടി നിലനിര്‍ത്തണമെന്ന് സമര്‍ത്ഥിച്ച് ഉത്തരേന്ത്യന്‍ നേതാക്കളുടെ വായടക്കി. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗും ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി (IUML) പാര്‍ട്ടിയെ വിഭജിച്ച് ഇരുരാജ്യങ്ങളിലും സ്വതന്ത്രമായി പ്രവര്‍ത്തനം തുടരാനുളള കൗണ്‍സില്‍ തീരുമാനം ഖാഇദെ മില്ലത്തിന്റെയും സീതി സാഹിബിന്റെയും വിജയമായിരുന്നു. കൗണ്‍സില്‍ തീരുമാനമനുസരിച്ച് പിന്നീട് രൂപീകരിക്കപ്പെട്ട പ്രഥമ മലബാര്‍ ജില്ലാ IUML കമ്മിറ്റിക്ക് നേതൃത്വം നല്‍കാന്‍ പരിഷ്കർത്താക്കളായ പണ്ഡിതന്‍മാര്‍ ധീരമായി മുന്നോട്ടുവന്നു. കെ. എം. സീതി സാഹിബ് തന്നെ ജനറല്‍ സെക്രട്ടറിയായി. ലീഗ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന പ്രമുഖ മുജാഹിദ് പണ്ഡിതന്‍, അരീക്കോട്ടെ എന്‍. വി. അബ്ദുസ്സലാം മൗലവി ആയിരുന്നു ജോയിന്റ് സെക്രട്ടറി. വൈസ് പ്രസിഡണ്ടാകട്ടെ, കെ. എം. മൗലവി സാഹിബും. ഇതേ എന്‍. വി അബ്ദുസ്സലാം മൗലവിയും കെ. എം. മൗലവിയുമാണ് പിന്നീട് കെ. എന്‍. എം രൂപീകരിക്കപ്പെട്ടപ്പോള്‍ യഥാക്രമം അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായത് എന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുര്‍റ്വഹ്മാന്‍ ബാഫക്വി തങ്ങളെ കെ. എം. മൗലവി നിര്‍ദേശിക്കുകയും സീതി സാഹിബ് അംഗീകരിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ തൊട്ടുടനെയുളള വര്‍ഷങ്ങളില്‍ ലീഗുകാരായി നിലനില്‍ക്കുക ഏറെ പ്രയാസകരമായിരുന്നു. വര്‍ഗീയവാദികളും പാക്കിസ്ഥാന്‍ ചാരന്‍മാരുമായി ചിത്രീകരിച്ച് ലീഗ് നേതാക്കളെ വേട്ടയാടാന്‍ മാധ്യമങ്ങളും പൊതുസമൂഹവും മത്സരിച്ചുകൊണ്ടിരുന്നു. ഭരണകര്‍ത്താക്കളും സംശയങ്ങളില്‍ നിന്ന് മുക്തരായിരുന്നില്ല. മലബാറിലുടനീളം ഓടിനടന്ന് ഇത്തരം തെറ്റുധാരണകള്‍ നീക്കി സമുദായ രാഷ്ട്രീയ സംഘടനയെ പൊരിവെയിലിലും കൂമ്പാതെ നിലനിര്‍ത്തിയതില്‍ എന്‍. വി. അബ്ദുസ്സലാം മൗലവിയും കെ. എം. മൗലവിയും എം. കെ. ഹാജിയും സീതി സാഹിബും വഹിച്ച പങ്ക് വളരെ വലുതാണ്. സീതി സാഹിബിന്റെ ധിഷണയായിരുന്നു വാസ്തവത്തില്‍ ഇന്‍ഡ്യയില്‍ മുഴുവന്‍ IUML മരിച്ചപ്പോഴും കേരളത്തില്‍ അതിനെ സജീവമാക്കി നിലനിര്‍ത്തിയത്.
പരിഷ്കർത്താക്കളുടെ
വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് മൂര്‍ത്തസാക്ഷാല്‍കാരം നല്‍കാന്‍ പ്രവര്‍ത്തനാരംഭത്തില്‍ തന്നെ മലബാര്‍ ജില്ലാ IUML നേതൃത്വത്തിന് കഴിഞ്ഞു. മദ്രാസ് സംസ്ഥാന മുസ്‌ലിം ലീഗിന്റ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണയോടെ മുഹമ്മദ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും തൃശിനാപള്ളിയിലെ ജമാല്‍ മുഹമ്മദ് സാഹിബില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് കേരള മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാറൂഖ് കോളജ് 1948ല്‍ ഫറൂക്കിനടുത്ത് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തത് അന്ന് മുസ്‌ലിം ലീഗിന്റെ നേതൃനിരയിലുണ്ടായിരുന്ന കെ. എം. സീതി സാഹിബും ബി. പോക്കര്‍ സാഹിബും കെ. എം. മൗലവിയും റൗദത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലും ഇസ്ലാഹീ പ്രബോധകനുമായിരുന്ന മൗലാനാ അബുസ്സ്വബാഹ് അഹ്മദലി മൗലവിയും ഐക്യസംഘത്തിന്റെ സ്ഥാപകനേതാവ് കൂടിയായ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് സാഹിബും കെ. എന്‍. എം സ്ഥാപക ട്രഷറര്‍ എം. കുഞ്ഞോയി വൈദ്യരും ചേര്‍ന്നായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ ഫാറൂഖ് കോളജിന് സംഭാവനയായി നല്‍കുകയാണുണ്ടായത്. കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെയും മുസ്‌ലിം ലീഗിന്റെയും അഭിമാനകരമായ ബാക്കിപത്രങ്ങളിലൊന്നായി ആ ഉന്നതകലാലയം പ്രൗഢിയോടു കൂടി പരിലസിച്ചു നില്‍ക്കുന്നു.
സ്വാതന്ത്ര്യാനന്തരം പിച്ചവെച്ചുതുടങ്ങിയ മലബാര്‍ മുസ്‌ലിം ലീഗിനെ ഭരണകൂടവേട്ടയുടെ കിരാതത്ത്വത്തിന് ഇരയാക്കിയ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് എന്‍. വി. അബ്ദുസ്സലാം മൗലവിയും പാലക്കാട് ജില്ലയിലെ ഇസ്‌ലാഹീ പ്രവര്‍ത്തകനായിരുന്ന ഇ. എസ്. എം ഹനീഫാ ഹാജിയും പാണക്കാട് പൂക്കോയ തങ്ങളോടൊപ്പം ലീഗ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. പലരും ഈ സന്ദര്‍ഭത്തില്‍ ഭയചകിതരായി. എന്നാല്‍ സീതി സാഹിബ് പതറാത്ത കപ്പിത്താനായി നിവര്‍ന്നുനിന്ന് സമുദായ നൗക ഉലയാതെ കരക്കടുപ്പിച്ചു. 1949ല്‍ ഒരു സബ്കമ്മിറ്റി രൂപീകരിച്ച് മുസ്‌ലിം ലീഗിന്റെ താഴേതട്ടിലെ പ്രവര്‍ത്തകരെ കര്‍മനിരതരാക്കാനുളള പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. സ്വാതന്ത്ര്യാനന്തരം പിടിച്ചു നില്‍ക്കുമോ എന്ന് സംശയമായിരുന്ന മുസ്‌ലിം ലീഗിനെ മലബാറില്‍ അനിഷേധ്യമായ ഒരു രാഷ്ട്രീയ ശക്തിയാക്കി നിലനിര്‍ത്തിയ ഈ സബ്കമ്മിറ്റിയിലെ പ്രധാനപ്പെട്ട അംഗമെന്ന നിലയില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ കടന്നുചെന്ന് പാര്‍ട്ടി പുനസംഘാടനത്തിന് മുന്നില്‍ നിന്നത് ഇസ്ലാഹീ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ടി. എം. ഇസ്ഹാഖ് മൗലവിയായിരുന്നു. പിന്നീടങ്ങോട്ട് ലീഗ് വളര്‍ന്നു. 1960ല്‍ സീതി സാഹിബ് നിയമസഭാ സ്പീക്കറായി. 1967ല്‍ ലീഗിന് മന്ത്രിമാരുണ്ടായി. അതിനുശേഷം മുസ്‌ലിം ലീഗിന് കേരളത്തിലെ മുന്നണിസംവിധാനത്തില്‍ സ്ഥിരമായ ഒരിടം ലഭിക്കുകയും ലീഗിന്റെ ഭരണപങ്കാളിത്തം സമുദായത്തിന് അനുഗ്രഹമാവുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിലെ മുസ്‌ലിം സമുദായം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ പുരോഗതിക്കും ഉദ്യോഗപ്രാധിനിത്യത്തിനും സംവരണാവകാശത്തിനും ജനാധിപത്യപരമായ സമ്മര്‍ദശേഷിക്കും രാഷ്ട്രീയ ശക്തിക്കുമെല്ലാം ലീഗിന്റെ ഭരണപങ്കാളിത്തം ശക്തമായ അടിത്തറയായിത്തീര്‍ന്നു. സമുദായ സംരക്ഷണത്തിന് ജനാധിപത്യ രാഷ്ട്രീയം എന്ന പരിഷ്കർത്താക്കളുടെ ആശയം അങ്ങനെ ലക്ഷ്യം കണ്ടു.
സ്വാതന്ത്ര്യ പൂര്‍വകാലഘട്ടത്തിലെ പാര്‍ട്ടി രൂപീകരണത്തിലും അതിന്റെ കര്‍മപരിപാടികളാവിഷ്‌കരിക്കുന്നതിലും അതിനെ സമുദായത്തിന്റെ പൊതുവേദിയാക്കി മാറ്റി എല്ലാ വിഭാഗം മുസ്‌ലിംകളെയും അതിലേക്കാകര്‍ഷിക്കുന്നതിലും സ്വാതന്ത്യാനന്തരം ലീഗിനെ നിലനിര്‍ത്തുന്നതിലും ആ സമയത്തെ പ്രതിസന്ധികള്‍ അതിജീവിക്കുന്നതിലും മതേതര പൊതുസമൂഹത്തിന്റെ വിശ്വാസം പാര്‍ട്ടിക്കു വേണ്ടി ആര്‍ജിച്ചെടുക്കുന്നതിലും സമുദായാവകാശങ്ങളും വിദ്യാഭ്യാസപുരോഗതിയും ലീഗിന്റെ മുഖ്യാജണ്ടയായി നിശ്ചയിക്കുന്നതിലും മുന്നണിബന്ധങ്ങള്‍ വികസിപ്പിക്കുന്നതിലും എന്നുവേണ്ട മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയുടെ മുഴുവന്‍ ഘട്ടങ്ങളിലും പാര്‍ട്ടിക്ക് ഇന്ധനമായിത്തീര്‍ന്നത് കെ. എം. സീതി സാഹിബ് എന്ന വലിയ മനുഷ്യന്റെ ചിന്തകളായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. മഹാനായ ആ ഐക്യസംഘം നേതാവാണ് മുസ്‌ലിം കേരളത്തിന് അഭിമാനകരമായ അസ്തിത്വം സമ്മാനിച്ച ധിഷണാശാലിയായ കര്‍മയോഗി. അതുകൊണ്ടാണ് 1961ല്‍ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ ചന്ദ്രിക പ്രസിദ്ധീകരിച്ച സ്മാരകഗ്രന്ഥത്തില്‍ ‘’കേരള മുസ്‌ലിംകളുടെ സര്‍ സയ്യിദും മുഹമ്മദലിയും ഇഖ്ബാലും ജിന്നയുമൊക്കെ സീതി എന്ന പദത്തില്‍ ഒതുങ്ങിയിരുന്നു’’ എന്ന് സി. എച്ച്. മുഹമ്മദ് കോയ സാഹിബ് എഴുതിയത്.
മുസ്‌ലിം രാഷ്ട്രീയവുമായി ഉള്ള പൊക്കിള്‍കൊടി ബന്ധം ഇസ്‌ലാഹീ പ്രസ്ഥാനം ചരിത്രത്തിലുടനീളം നിലനിര്‍ത്തിയതായി കാണാന്‍ കഴിയും. കെ കെ എം ജമാലുദ്ദീൻ മൗലവി, കെ. സി. അബൂബക്കര്‍ മൗലവി, പി. പി. അബ്ദുല്‍ ഗഫൂര്‍ മൗലവി, എന്‍. വി. ഇബ്‌റാഹീം മാസ്റ്റര്‍, കെ. വി. മൂസ സുല്ലമി, സാലെ മുഹമ്മദ് ഇബ്‌റാഹീം സേഠ്, എ. വി. അബ്ദുര്‍റഹ്‌മാന്‍ ഹാജി തുടങ്ങിയ മണ്‍മറഞ്ഞ ഇസ്‌ലാഹീ പണ്ഡിതന്‍മാരും ബുദ്ധിജീവികളും മുസ്‌ലിം ലീഗിന്റെ പ്രഗല്‍ഭരായ നേതാക്കളായിരുന്നു. കിഴക്കനേറനാട്ടിലെ മാപ്പിളമാർക്കിടയിൽ
കമ്മ്യൂണിസം നട്ടുവളർത്താനുള്ള ഇടതു ബുദ്ധിജീവികളുടെ ശ്രമത്തെ അൻപതുകളിലും അറുപതുകളിലും സമുദായം ചെറുത്തുനിന്നത് മുസ്‌ലിം ലീഗ് വേദികളിൽ കെ സി അബൂബക്‌ർ മൗലവി നടത്തിയ പ്രഭാഷണങ്ങളിലൂടെയാണ്. പി. സീതി ഹാജിയെയും അവുക്കാദര്‍ കുട്ടി നഹാ സാഹിബിനെയും ചാക്കീരി അഹ്മദ് കുട്ടി സാഹിബിനെയും മാപ്പിളകവി പുലിക്കോട്ടിൽ ഹയ്ദറിനെയും അഡ്വ. എം. മൊയ്തീന്‍ കുട്ടി ഹാജിയെയും (പരപ്പനങ്ങാടി) സി. എച്ച്. ഇബ്‌റാഹീം ഹാജിയെയും പീച്ചിമണ്ണിൽ മുഹമ്മദ് ഹാജിയെയും (തിരൂരങ്ങാടി) സി. എച്ച്. മുഹമ്മദ് കോയയെയും ഇബ്‌റാഹീം സുലയ്മാൻ സേട്ട് സാഹിബിനെയും അബ്ദുല്ല ഹാജി അഹ്മദ് സേട്ടിനെയും(കൊച്ചി) മങ്കട അബ്ദുൽ അസീസ് മൗലവിയെയും ടി. പി. കുട്ട്യമ്മു സാഹിബിനെയും ടി. എം. സാവാന്‍ കുട്ടി സാഹിബിനെയും റഹീം മേച്ചേരിയെയും എ എ ഹമീദ് കൊച്ചിയെയും പി കെ അഹ്‌മദ് അലി മദനിയെയും കരുവള്ളി മുഹമ്മദ് മൗലവിയെയും പോലുള്ള വേറെയും ഒരുപാട് മുസ്‌ലിം ലീഗ് നേതാക്കള്‍ ഇസ്‌ലാഹീ ആശയക്കാരായിരുന്നു. ഇതേ പ്രകാരം, എടവണ്ണ അലവി മൗലവിയെയും മങ്കട ഉണ്ണീൻ മൗലവിയെയും എൻ പി അബു സാഹിബിനെയും പാളയം മൊയ്തീൻ കോയ ഹാജിയെയും പി വി ഉമർക്കുട്ടി ഹാജിയെയും എസ് എം ജെ മൗലാനയെയും പോലുള്ള ഇസ്‌ലാഹീ പ്രബോധകർ കോൺഗ്രസ് ധാരയിലും സജീവമായി നിലനിന്നു.
കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം മതപ്രചോദിതമായ ഒരു പുണ്യകര്‍മമായിരുന്നു. മതേതര രാഷ്ട്രത്തിലെ ജനാധിപത്യ രാഷ്ട്രീയം മതവിരുദ്ധമാണെന്ന സയ്യിദ് മൗദൂദിയുടെയും അനുയായികളുടെയും സിദ്ധാന്തത്തെ മതപ്രമാണങ്ങളുപയോഗിച്ചുതന്നെ തിരസ്‌കരിച്ചുകൊണ്ടാണ് അവര്‍ ആധുനികത തുറന്നുവെച്ച വിശാലസ്ഥലികളെ മതം അനുശാസിക്കുന്ന അവകാശപ്പോരാട്ടങ്ങള്‍ക്കും സേവനപ്രവര്‍ത്തങ്ങള്‍ക്കുമായി ഉപയോഗിച്ചത്. മുസ്‌ലിം ലീഗിനെതിരെ ജമാഅത്തെ ഇസ്‌ലാമി ഉന്നയിച്ച സൈദ്ധാന്തിക വിമർശനങ്ങൾക്ക് മതപ്രമാണങ്ങളുപയോഗിച്ച് മറുപടി പറയുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത് എം സി സി അബ്ദുർറഹ്മാൻ മൗലവിയും അദ്ദേഹത്തിന്റെ പുളിക്കൽ മദീനതുൽ ഉലൂം അറബിക് കോളജും ആണെന്ന വസ്തുത വേണ്ടവിധത്തിൽ ഓർക്കപ്പെടുന്നില്ലെന്നത് ഖേദകരമാണ്.