Logo

 

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും

6 February 2019 | Study

By

1824 ഫെബ്രുവരി 12നാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജനനം. ഇതിനെ ഹിന്ദു കലണ്ടറിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവിധ ഫെബ്രുവരി തിയതികളില്‍ ആര്യസമാജം അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുന്നു. ഇന്‍ഡ്യയിലെ ചില പ്രദേശങ്ങളില്‍ നിയന്ത്രിത സര്‍ക്കാര്‍ അവധി കൂടിയാണ് ദയാനന്ദന്റെ ജന്മദിനം. ആധുനിക ഇന്‍ഡ്യ കണ്ട ഏറ്റവും പ്രഖ്യാതരായ ഹിന്ദുമത പരിഷ്‌കര്‍ത്താക്കളിലൊരാള്‍ എന്ന നിലക്ക് ഫെബ്രുവരി മാസങ്ങള്‍ മഹര്‍ഷിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നു.

ഗുജറാത്തിലെ കത്തിയവാഡില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ദയാനന്ദന്‍ ജനിക്കുന്നത്. ശങ്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. തികഞ്ഞ ജാതി-മത നിഷ്ഠകളിലാണ് ശങ്കര്‍ വളര്‍ന്നുവന്നത്. ശങ്കറിന്റെ ബാല്യത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവുകള്‍ സമാഹരിക്കുക പ്രയാസകരമാണ്. ദയാനന്ദന്‍ എന്ന പേരില്‍ അഖില ഭാരത പ്രസിദ്ധനായ സന്യാസിയായിത്തീര്‍ന്നതിനുശേഷം അദ്ദേഹത്തിന്റെ പൂര്‍വാശ്രമങ്ങളെ വര്‍ണിച്ചുകൊണ്ട് പ്രചരിച്ച കഥകള്‍ മിക്കതും അതിശയോക്തികള്‍ കലര്‍ന്നവയാണ് എന്നതാണതിന്റെ കാരണം.

സംസ്‌കൃതത്തിലും ചതുര്‍വേദങ്ങളിലും ദയാനന്ദന് നല്ല ശിക്ഷണം ലഭിച്ചിരുന്നു. വേദഭാഷയായ സംസ്‌കൃതവും തന്റെ നാട്ടുഭാഷയായ ഗുജറാത്തിയുമായിരുന്നു ശങ്കറിന് പ്രാവീണ്യമുണ്ടായിരുന്ന ഭാഷകള്‍.
ഹിന്ദുമതത്തിന്റെ സ്വീകാര്യയോഗ്യമായ പ്രമാണങ്ങള്‍ നാലു വേദസംഹിതകള്‍ മാത്രമാണെന്ന നിലപാടവതരിപ്പിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് മഹര്‍ഷി എന്നതിനപ്പുറത്ത് ഒരു വിവാദപുരുഷന്‍ കൂടിയായി ദയാനന്ദന്‍ മാറിയത്. സംഹിതകളെ അന്നോളമുള്ള മറ്റു ഹിന്ദുമത ഗ്രന്ഥങ്ങളെയെല്ലാം അവഗണിച്ച് തികച്ചും സ്വതന്ത്രമായി വ്യാഖ്യാനിക്കാനാണ് ദയാനന്ദ സരസ്വതി മുതിര്‍ന്നത്. ദയാനന്ദന്റെ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തില്‍ മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്ന വിവേകാനന്ദന്‍ സംഹിതകള്‍ മാത്രംവെച്ച് ഒന്നും മനസ്സിലാക്കാനാവില്ലെന്നും സംഹിതകളുടെ വെളിച്ചം കണ്ടെത്താനാവുക ഉപനിഷത്തുക്കളിലാണെന്നും വാദിച്ച് ഉപനിഷദ് സന്ദേശങ്ങള്‍ക്ക് പരമപ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള പ്രചാരണരീതിയാവിഷ്‌കരിച്ചത്.

വീടുപേക്ഷിച്ച് യൗവനാരംഭത്തില്‍ ഉത്തരേന്ത്യയിലുടനീളം യോഗയും ധ്യാനവും വേദവുമെല്ലാമഭ്യസിച്ച് അലഞ്ഞുതിരിഞ്ഞ ദയാനന്ദന്‍, മുപ്പത്തിയഞ്ചാം വയസ്സില്‍ സംസ്‌കൃത വ്യാകരണത്തില്‍ പരിണിതപ്രജ്ഞനായിരുന്ന വിരിജാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് കുറച്ചുകാലം മഥുരയില്‍ കഴിച്ചുകൂട്ടിയതിനെത്തുടര്‍ന്നാണ് ദയാനന്ദ സരസ്വതി എന്നറിയപ്പെടാന്‍ തുടങ്ങിയത്.
ഉപനിഷത്തുക്കള്‍ മുതല്‍ പുരാണേതിഹാസങ്ങള്‍ വരെയുള്ള ഭാരതീയ മതരചനകളെ വിശ്വസിക്കാനാവില്ലെന്നും വിശ്വാസവും അനുഷ്ഠാനവും മുതല്‍ സംസ്‌കാരവും ധാര്‍മികതയും ശിക്ഷാനിയമങ്ങളും വരെ ഋഗ്വേദ, യജുര്‍വേദ, സാമവേദ, അഥര്‍വവേദങ്ങളില്‍ നിന്ന് നിര്‍ധരിക്കാന്‍ കഴിയുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള ‘വേദങ്ങളിലേക്ക് മടങ്ങുക’ പ്രഘോഷണവുമായി ദയാനന്ദസരസ്വതി ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ ശ്രദ്ധേയനായി. ഹിന്ദുമതത്തിന്റെ നിറം കെടുത്തുന്നത് ഹിന്ദു ജനസാമാന്യം കൊണ്ടുനടക്കുന്ന അന്ധവിശ്വാസങ്ങളാണെന്നും അവയുടെ പ്രചാരത്തിന് കാരണം വേദേതരമായ മതഗ്രന്ഥങ്ങളെ ജനങ്ങള്‍ പ്രമാണങ്ങളായി ആശ്രയിക്കുന്നതാണെന്നും വേദങ്ങളിലുള്ളത് മാത്രം സ്വീകരിച്ചാല്‍ ഹിന്ദുക്കള്‍ മാതൃകായോഗ്യമായ ഒരു സമൂഹമായിത്തീരുമെന്നും സ്വാമിജി പ്രഖ്യാപിച്ചു.

ചതുര്‍വേദങ്ങള്‍ നൂറുശതമാനം ദിവ്യപ്രോക്തമാണെന്നും അവയിലെ വാചകങ്ങളടക്കം ദൈവദത്തമാണെന്നും ചതുര്‍വേദങ്ങള്‍ക്ക് ചിരപുരാതനത്വമുണ്ടെന്നും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ വാദിച്ചു. ജീവിതത്തിന്റെ ഈ ഘട്ടമെത്തിയപ്പോഴേക്കും ദയാനന്ദന്‍ ഹിന്ദിയില്‍ പ്രാവീണ്യം നേടിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്. വേദങ്ങള്‍ സംസ്‌കൃതത്തില്‍ ഒതുക്കി നിര്‍ത്തുന്ന പരമ്പരാഗത യാഥാസ്ഥിതിക ബ്രഹ്മണന്‍മാര്‍ക്ക് അദ്ദേഹം എതിരായിരുന്നു. വേദങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ അവയ്ക്ക് ഹിന്ദിയില്‍ വിശദമായ വ്യാഖ്യാനങ്ങളെഴുതുവാന്‍ ദയാനന്ദന്‍ സമയം കണ്ടെത്തി. മതപൗരോഹിത്യത്തിന്റെ കുത്തകയായിരുന്ന ചതുര്‍വേദങ്ങളെ അവയുടെ സംസ്‌കൃതവേലികള്‍ പൊളിച്ച് ജനകീയമാക്കാന്‍ ദയാനന്ദന്റെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിച്ചു.

യൂറോപ്യന്‍ ക്രൈസ്തവ മിഷനറിമാരുടെയും ഇസ്‌ലാമിലേക്കുള്ള ഹിന്ദുമത പരിവര്‍ത്തനങ്ങളുടെയും പശ്ചാത്തലമാണ് ദയാനന്ദനെ ഒരു ‘വേദ മൗലികവാദി’യാക്കി മാറ്റിയതെന്ന് സാമൂഹികശാസ്ത്രപരമായി നിരീക്ഷിക്കാവുന്നതാണ്. ബൈബിളിനും ക്വുര്‍ആനിനും പകരമായി ഉയര്‍ത്തിക്കാണിക്കാന്‍ ഹിന്ദു പാരമ്പര്യത്തില്‍നിന്ന് വേദസംഹിതകളെ കണ്ടെടുക്കുവാനുള്ള ഒരുതരം പ്രതിരോധ മനസ്സിന്റെ ശ്രമമായിരുന്നു അത്. വേദങ്ങള്‍ക്ക് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ പഴക്കം അവകാശപ്പെട്ടും ആര്‍ഷപാരമ്പര്യം സങ്കല്‍പിക്കുന്നതിനേക്കാള്‍ വിശുദ്ധി ചാര്‍ത്തിയും സംഹിതാബാഹ്യമായ സാഹിത്യങ്ങളെയെല്ലാം യുക്തിരഹിതമായി തള്ളിക്കളഞ്ഞും ദയാനന്ദന്‍ നിര്‍മിച്ചുകൊണ്ടുവന്ന വേദപ്രാമാണ്യം ഒരു മിഥ്യയായിരുന്നുവെന്നതാണ് സത്യം.

സെമിറ്റിക് ദര്‍ശനങ്ങളോട് കിടപിടിക്കുന്ന ഏകദൈവ വിശ്വാസമാണ് ഹിന്ദുധര്‍മം അനുശാസിക്കുന്നതെന്ന് സ്ഥാപിക്കുകയായിരുന്നു ദയാനന്ദന്റെ ഏറ്റവും പ്രധാനപ്പെട്ട താല്‍പര്യം. ഹിന്ദു വിഗ്രഹാരാധനക്കും അത് ഉല്‍പാദിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രകോപനപരമെന്നുപോലും തോന്നുംവിധം അതിതീവ്രമായ ഭാഷയുപയോഗിച്ചാണ് സ്വാമിജി സ്റ്റേജിലും പേജിലും ആഞ്ഞടിച്ചത്. ഹിന്ദു ബഹുദൈവാരാധനാസംബന്ധമായ മിഷനറി വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ‘വേദങ്ങളിലേക്ക് ചുരുങ്ങുക’യും വേദങ്ങളില്‍ ബഹുദൈവത്വമില്ലെന്ന് സമര്‍ത്ഥിക്കുകയുമാണ് നല്ലതെന്ന് മഹര്‍ഷി തിരിച്ചറിയുകയായിരുന്നുവെന്ന് കരുതുന്നവരുണ്ട്. അവതാരസങ്കല്‍പവും പ്രതിഷ്ഠാപൂജയും വേദപിന്തുണയില്ലാത്ത അനാചാരങ്ങളാണെന്ന് ദയാനന്ദന്‍ നിശിതമായി വാദിച്ചു. ഇത് അദ്ദേഹത്തെ യാഥാസ്ഥിതിക ഹിന്ദു പണ്ഡിതന്‍മാര്‍ക്കും ബഹുഭൂരിപക്ഷം ഹിന്ദു സാധാരണക്കാര്‍ക്കും അനഭിമതനാക്കി മാറ്റി. വിഗ്രഹാരാധനയെ ഹിന്ദു ഭൂമികയില്‍ നിന്നുകൊണ്ട് കണിശവും കര്‍ക്കശവുമായി എതിര്‍ത്തു എന്നതായിരിക്കും ദയാനന്ദനെ ആധുനിക ഭാരത ചരിത്രത്തില്‍ വ്യത്യസ്തനും ശ്രദ്ധേയനുമാക്കുന്ന ഒരു ഘടകം.

വിഗ്രഹാരാധനയോടുള്ള വിരോധം ദയാനന്ദന്‍ മിഷനറിമാരുടെയും ഇസ്‌ലാമിക പ്രബോധകരുടെയും ഏകദൈവാശയപ്രചരണ വേലിയേറ്റത്തില്‍ ആര്‍ഷപാരമ്പര്യം തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി എടുത്തണിഞ്ഞതാണെന്ന വിമര്‍ശനത്തെ തള്ളിക്കളയുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍. വിഗ്രഹപൂജയുടെ അന്തസാര ശൂന്യത തന്റെ ബാല്യകാലാനുഭവങ്ങളില്‍ നിന്നുതന്നെ ദയാനന്ദന് ബോധ്യപ്പെട്ടിരുന്നുവെന്നാണ് അവരുടെ നിലപാട്. കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ തൊട്ടടുത്തുള്ള ശിവക്ഷേത്രം സന്ദര്‍ശിക്കവെ അവിടുത്തെ പ്രതിഷ്ഠക്കുമുന്നില്‍ നിവേദിക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രതിഷ്ഠക്കുമുകളില്‍ക്കൂടി നിര്‍ബാധം കയറിമറിയുന്ന എലികള്‍ ഭക്ഷിക്കുന്നത് കണ്ടപ്പോഴാണ് ബിംബസംസ്‌കാരം അന്ധവിശ്വാസജഡിലമാണെന്ന് ദയാനന്ദന് തോന്നിത്തുടങ്ങിയതെന്ന് അവര്‍ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളുദ്ധരിച്ച് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ഇതൊരളവോളം ശരിയായിരിക്കുവാന്‍ സാധ്യതയുണ്ട്. വിഗ്രഹാരാധനയോട്  സത്യസന്ധമായ യുക്തിബോധമുള്ള ഏതു മനുഷ്യനുമുണ്ടാകാവുന്ന സഹജമായ വിപ്രതിപത്തി ചെറുപ്പത്തില്‍ തന്നെ വളര്‍ന്നുവന്നതാകാം ദയാനന്ദന്റെ വ്യക്തിത്വത്തെ നിര്‍ണയിച്ച ഒരു ഘടകം. എന്നാല്‍ ബഹുദൈവാരാധന തെറ്റാണെന്ന ഈ ബോധ്യത്തില്‍ നിന്ന് വേദങ്ങള്‍ ബഹുദൈവാരാധനക്കെതിരാണെന്നും സംശുദ്ധമായ ഏകദൈവാരാധന തേടി സെമിറ്റിക് മതഗ്രന്ഥങ്ങളിലേക്ക് ഇന്‍ഡ്യക്കാരാരും കടന്നുചെല്ലേണ്ടതില്ലെന്നും അത് വേദങ്ങളില്‍ തന്നെയുണ്ടെന്നുമുള്ള വാദങ്ങളിലേക്ക് ദയാനന്ദന്‍ പോയതിന് ഉപരിസൂചിത സാമൂഹികശാസ്ത്ര പശ്ചാത്തലം കൂടിയുണ്ടെന്ന് മനസ്സിലാക്കുന്നതായിരിക്കും സംഗതമായിട്ടുള്ളത്.

വേദങ്ങള്‍ പൂര്‍ണമായും ഏകദൈവാരാധനാപരമാണെന്ന ദയാനന്ദന്റെ വാദം ഇസ്‌ലാമിനോടും ക്രിസ്തുമതത്തോടും ‘ജയിക്കാന്‍’ വേണ്ടി തീരെ സത്യസന്ധമല്ലാതെ ഉന്നയിക്കപ്പെട്ടതായിരുന്നുവെന്നതാണ് വാസ്തവം. അവതാരസങ്കല്‍പവും വിഗ്രഹസംസ്‌കാരവും വേദകാലത്തിനുശേഷമാണ് ഇന്‍ഡ്യയില്‍ ഉടലെടുത്തതെന്നു പറയാമെങ്കിലും ദേവന്‍മാരിലുള്ള വിശ്വാസം ഏറ്റവും ആദ്യത്തെ വേദമായ ഋഗ്വേദത്തില്‍ തന്നെയുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതുകൊണ്ടുതന്നെ, വേദങ്ങള്‍ നൂറുശതമാനം ദൈവദത്തമാണെന്നും ബഹുദൈവാരാധന കടുത്ത തിന്മയാണെന്നുമുള്ള വാദങ്ങള്‍ ഒരേസമയം കൊണ്ടുനടന്നത് ദയാനന്ദന്റെ പ്രഭാഷണങ്ങളെയും എഴുത്തുകളെയും പൂര്‍വാപര വൈരുധ്യങ്ങളിലേക്ക് നയിച്ചു. വേദങ്ങളിലെ, ബഹുദൈവാരാധനാപരമായ നിലപാടുകളുള്ള അനുശാസനങ്ങളെയും പരാമര്‍ശങ്ങളെയും സൂചനകളെയും വ്യാഖ്യാനിച്ച് വെളുപ്പിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഫലത്തില്‍ ബഹുദൈവാരാധനക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം പ്രതിമാരാധനക്കെതിരില്‍ മാത്രമായി ചുരുങ്ങി; വേദപിന്തുണയുള്ള മറ്റു ബഹുദൈവ സങ്കല്‍പങ്ങളെ അദ്ദേഹം സിദ്ധാന്തവല്‍ക്കരണങ്ങളിലൂടെ ന്യായീകരിച്ചു.

ദേവന്‍മാരെക്കുറിച്ചുള്ള വേദവിശദീകരണങ്ങളെ വിചിത്രമായ ന്യായവാദങ്ങളിലൂടെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. ഋഗ്വേദത്തിന്റെ കേന്ദ്രപ്രമേയങ്ങളിലൊന്നായ അഗ്നിദേവ പരികല്‍പനയെയും തദടിസ്ഥാനത്തില്‍ വികസിച്ചുവന്ന യാഗസംസ്‌കാരത്തിന്റെ അടിസ്ഥാന അടരുകളെയും ‘യുക്തി’പരമായും ‘ശാസ്ത്രീയ’മായും ന്യായീകരിക്കാന്‍ ദയാനന്ദന്‍ ശ്രമിച്ചു. ഗൃഹാന്തരീക്ഷത്തില്‍ എരിയുന്ന ഒരു അഗ്നികുണ്ഠമുണ്ടാവുകയും നിശ്ചിതസമയങ്ങളില്‍ അതില്‍ വെണ്ണ നേദിക്കുകയും ചെയ്യുന്ന, ബഹുദൈവാരാധനാപരമായ വൈദിക ബ്രാഹ്മണ അനുഷ്ഠാനത്തെ മാതൃകാപരമെന്നു പറഞ്ഞ് വിഗ്രഹവല്‍ക്കരിക്കുകയും പ്രചരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്. പ്രകൃതിയെ പലരീതിയില്‍ മലിനമാക്കുന്നതിനുപകരമായി അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും സുഗന്ധപൂരിതമാക്കുകയും ചെയ്യുന്ന ഈ കര്‍മശാസ്ത്രം മനുഷ്യര്‍ പിന്തുടരണമെന്നായിരുന്നു ദയാനന്ദന്റെ നിര്‍ദ്ദേശം. നെയ്യ് കത്തിക്കുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ! അന്ധമായ വേദപ്രതിരോധം ലക്ഷ്യമായപ്പോള്‍ സംഭവിച്ച പരിഹാസ്യമായ വ്യാഖ്യാനാഭ്യാസങ്ങളായിരുന്നു ഇവയെല്ലാം.
ഭാരതത്തില്‍ വ്യാപകമായ പശുപൂജാ ബഹുദൈവാരാധനക്കെതിരില്‍ നിലപാട് സ്വീകരിക്കുന്നതിലും ദയാനന്ദന്‍ പരാജയപ്പെട്ടു. ഗുണങ്ങള്‍കൊണ്ടും ഉപകാരങ്ങള്‍കൊണ്ടും മറ്റുജീവജാലങ്ങള്‍ക്കുമേലെ നില്‍ക്കുന്ന ഒന്നായി ‘ഗോമാതാവി’നെ പ്രതിഷ്ഠിക്കുകയും ‘ഗോഹത്യ’ക്കെതിരില്‍ വൈകാരികമായി സംസാരിക്കുകയുമാണ് അദ്ദേഹം എല്ലായ്‌പ്പോഴും ചെയ്തത്.

വേദങ്ങള്‍ പൂര്‍ണമായും ഏകദൈവാരാധനാപരമാണെന്ന ദയാനന്ദ നിരീക്ഷണവും താന്‍ ശുദ്ധമായ ഏകദൈവാരാധനയാണ് പ്രചരിപ്പിക്കുന്നത് എന്ന അദ്ദേഹത്തിന്റെ അവകാശവാദവും അടിസ്ഥാനരഹിതമാണെങ്കിലും ചില വേദവചനങ്ങളില്‍ ബഹുദൈവാരാധന നിരോധിക്കപ്പെടുകയും കണിശമായ ഏകദൈവത്വം ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വഴി പുറത്തുവന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. ബഹുദൈവാരാധന പാപമല്ല എന്നാണ് ഹൈന്ദവ വീക്ഷണം എന്ന് പൊതുവില്‍ പറയപ്പെടാറുണ്ടെങ്കിലും ഏകനായ പ്രപഞ്ചനാഥനെക്കുറിച്ച് ഉദ്‌ഘോഷിക്കുകയും ബഹുദൈവോപാസന നിരോധിക്കുകയും ചെയ്യുന്ന വചനങ്ങള്‍ വേദങ്ങളിലും വേദസംബന്ധമായ ഋഷി ചര്‍ച്ചകളെന്ന് വിചാരിക്കപ്പെടുന്ന ഉപനിഷത്തുകളിലും ധാരാളം ഉണ്ടെന്നതാണ് വാസ്തവം. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ള ഒരു വേദപണ്ഡിതന് ബഹുദൈവാരാധന ഹിന്ദുമതത്തിന്റെ പേരില്‍ സാര്‍വത്രികമായിത്തീര്‍ന്ന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും അതിനെതിരെയുള്ള പോരാട്ടത്തില്‍ അനേകം വേദവചനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ വൈദിക ആര്യന്‍മാര്‍ക്കിടയില്‍ ഏകദൈവവിശ്വാസത്തിന്റെ സ്വാധീനം നിലനിന്നിരുന്നുവെന്നും അത് ചതുര്‍വേദങ്ങളില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചസ്രഷ്ടാവായ ഏകദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മാവ്, വിരാട് പുരുഷന്‍ തുടങ്ങിയ നാമങ്ങളില്‍ പരിചയപ്പെടുത്തുന്ന ഋഗ്വേദ സൂക്തങ്ങളും (10:21:1, 10:81:1, 10:90:2) ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന യജുര്‍വേദ, അഥര്‍വവേദ വചനങ്ങളും (ശുക്ല യജുര്‍വേദം 17:18, കൃഷ്ണ യജുര്‍വേദം 4:6-9, അഥര്‍വവേദം 13:5:14-21) ബ്രഹ്മം കണ്ണുകൊണ്ടു കാണാനോ കാതുകൊണ്ട് കേള്‍ക്കാനോ കഴിയാത്ത, എന്നാല്‍ കണ്ണിനു കാഴ്ചശക്തിയും കാതിന് കേള്‍വിശക്തിയും നല്‍കുന്ന ഇന്ദ്രീയാതീതനാണ് എന്ന് പഠിപ്പിക്കുന്ന കേനോപനിഷദ് സൂക്തവും (1:6,7 – യച്ച ക്ഷുശാന പശ്യതി യേന ചഷ്ഷ്യം ഷി പശ്യതി/ തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിയദ മുപാസതേ/ യത് ശ്രോത്രേണ ന ശ്രുണോതി യേന ശ്രോത്രമിദം ശ്രുതം/തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദ മുപാസതേ) ബഹുദൈവാരാധന പാപമാണെന്ന് വ്യക്തമാക്കുന്ന ഈശാവാസ്യവചനവും (12 – അന്ധം തമഃ പ്രവിശന്തിയേ സംഭൂതിമുപാസതേ) കണ്ടില്ലെന്ന് നടിക്കുകയാണ് സാധാരണയായി ഹിന്ദുമതപണ്ഡിതന്മാര്‍ ചെയ്യാറുള്ളത്.

എന്നാല്‍ ഏകദൈവാരാധന പ്രബോധനം ചെയ്യുന്ന വേദസംഹിതകളില്‍ തന്നെ അനേകം ദേവന്‍മാരെ സ്തുതിക്കുകയും വിളിച്ചുപ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വചനങ്ങളുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. വിശേഷിച്ചും പ്രകൃതിശക്തികളെ ദേവവല്‍കരിച്ച് പൂജിക്കുവാനുള്ള ത്വര വേദങ്ങളില്‍ ധാരാളമായി കാണാം. പ്രവാചകന്‍മാര്‍ പഠിപ്പിച്ച ഏകദൈവാരാധനയില്‍നിന്ന് പ്രകൃതിപൂജയിലേക്കും ദേവപൂജയിലേക്കും ആര്യന്‍മാര്‍ വഴുതിമാറിത്തുടങ്ങിയ സമയത്തായിരിക്കണം വേദങ്ങളുടെ രചന നടന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ആദ്യത്തെ വേദമെന്ന നിലയില്‍ ഋഗ്വേദത്തിലാണ് ഈ പരിണാമത്തിന്റെ ചിത്രം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത്. ഇന്ദ്രന്‍, വരുണന്‍, അഗ്നി തുടങ്ങിയവരാണ് ആര്യന്‍മാര്‍ പ്രപഞ്ചനാഥന് പുറമെ ഉപാസിച്ചിരുന്നുവെന്ന് ഋഗ്വേദം വ്യക്തമാക്കുന്ന പ്രധാന ‘ദൈവങ്ങള്‍.’ എന്നാല്‍ ഋഗ്വേദീയ ബഹുദൈവാരാധനയില്‍ ആദ്യഘട്ടത്തില്‍ വിഗ്രഹപൂജക്ക് ഇടമുണ്ടായിരുന്നില്ല എന്നാണ് ചരിത്രപണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നത്. വേദകാലഘട്ടത്തില്‍ ആര്യന്‍മാര്‍ വിഗ്രഹാരാധനയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് റൊമിലാ ഥാപ്പര്‍ സൂചിപ്പിക്കുന്നുണ്ട്. ബഹുദൈവാരാധനക്ക് പഴുത് നല്‍കിയ കാലഘട്ടത്തിലും ആര്യന്‍മാര്‍ വിഗ്രഹാരാധനക്ക് മുതിര്‍ന്നിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഒരവതാരവും വേദങ്ങളിലില്ല എന്നതാണ് സത്യം. ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്ക് വരുന്നു എന്ന സങ്കല്‍പം ചതുര്‍വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും മുന്നോട്ടുവെക്കുന്നില്ല.

ഇസ്‌ലാമിലെ ഏകദൈവവിശ്വാസമാണ് മാതൃകാപരമെന്നുദ്‌ഘോഷിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കിടയിലെ ബഹുദൈവാരാധനക്കും അത്യാചാരങ്ങള്‍ക്കുമെതിരെ പോരാടിയ രാജാറാം മോഹന്‍ റോയിയുടെ ബ്രഹ്മസമാജില്‍ (ബംഗാള്‍, 1828) നിന്നും, ബാലഗംഗാതരതിലകനെപ്പോലുള്ള ഹിന്ദുയാഥാസ്ഥിതികരോട് ആശയപരമായി കൊമ്പുകോര്‍ത്ത് സമഗ്രമായ സാമൂഹ്യപരിഷ്‌കരണത്തിനുവേണ്ടി യത്‌നിച്ച മഹാദേവ് ഗോവിന്ദ റാനഡെയുടെ പ്രാര്‍ഥനാ സമാജില്‍ (മഹാരാഷ്ട്ര, 1867) നിന്നും, ജാതിവിവേചനത്തിനും സവര്‍ണമേല്‍കോയ്മക്കുമെതിരെ ദലിത് വിമോചനത്തിനുവേണ്ടി പടനയിച്ച മഹാത്മാ ജ്യോതിഭ ഫൂലെയുടെ സത്യശോധക് സമാജില്‍ (മഹാരാഷ്ട്ര, 1873) നിന്നും, ദര്‍ശനത്തിലും പ്രയോഗത്തിലും വ്യത്യസ്തമായിരുന്നു ദയാനന്ദന്റെ ആര്യസമാജം (ബോംബെ, 1875). നടേ പറഞ്ഞവ ഹൈന്ദവ പരിഷ്‌കരണ പ്രസ്ഥാനങ്ങളായിരുന്നുവെങ്കില്‍ ദയാനന്ദന്റേത് ഹൈന്ദവ പുനരുത്ഥാന പ്രസ്ഥാനമായിരുന്നു. ഹിന്ദുത്വത്തിന്റെ ആത്മാവായ ആര്യമേധാവിത്വ മോഹങ്ങളാണ്  ദയാനന്ദന്റെ രചനകളിലും നാം കണ്ടുമുട്ടുന്നത്. അതുതന്നെയായിരുന്നു ജര്‍മന്‍ ഫാഷിസത്തിന്റെയും ആത്മാവ് എന്നത് എന്തുമാത്രം ഭീതിജനകമല്ല! ആര്യന്‍മാര്‍ക്കുണ്ടായിരുന്ന സുവര്‍ണഭൂതകാലത്തെ തിരിച്ചുപിടിക്കാന്‍ ദയാനന്ദന്‍ ആഹ്വാനം ചെയ്തു. അര്യസമാജം എന്ന പേര് തന്നെ അദ്ദേഹത്തിന്റെ വംശീയ മേധാവിത്വപരമായ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ആര്യവംശീയതയുടെ സാമൂഹ്യ പ്രതിഫലനമായിരുന്ന ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ചതുര്‍വേദങ്ങളില്‍ ജാതി പിന്തുണക്കപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന് സൗകര്യമായി. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയി പരിഗണിക്കപ്പെടുന്ന സത്യാര്‍ത്ഥ പ്രകാശത്തില്‍ ഇങ്ങനെ വായിക്കാം: ”ഇക്ഷ്വാകുവിന്റെ കാലം മുതല്‍ കൗരവ-പാണ്ഡവാദികളുടെ കാലം വരെയും ആര്യന്‍മാരായിരുന്നു ഭൂമിയുടെ പരമാധികാരികള്‍.”

വേദങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഹിന്ദുവിന്റെ വിശ്വാസവും കര്‍മശാസ്ത്രവും ധര്‍മവും സംസ്‌കാരവുമെല്ലാം വിശദമായി വിവരിക്കുവാനാണ് സത്യാര്‍ഥ പ്രകാശത്തിന്റെ ആദ്യത്തെ പത്ത് സമുല്ലാസങ്ങള്‍ നീക്കിവെക്കപ്പെട്ടിരിക്കുന്നത്. ബാക്കി നാലു സമുല്ലാസങ്ങള്‍ ഹൈന്ദവേതര ദര്‍ശനങ്ങളുടെ വിശകലനത്തിന് വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ദയാനന്ദ സരസ്വതിയുടെ നിരൂപണശൈലി ഇതരമതങ്ങളുടെ ചാരത്തെത്തുമ്പോള്‍ വൈകാരികവും അസഹിഷ്ണുതാപരവും വസ്തുതാവിരുദ്ധവുമായി മാറുന്നു. ഖുര്‍ആന്‍ വചനങ്ങളെയും പ്രവാചകജീവിതത്തെയും വിമര്‍ശിക്കാന്‍വേണ്ടി ദയാനന്ദസരസ്വതി എഴുതിയ വരികള്‍ മിക്കതും ദുര്‍വ്യാഖ്യാനത്തിന്റെയോ സ്ഖലിതപൂര്‍ണ്ണമായ ഉദ്ധരണികളുടെയോ, നന്നെ ചുരുങ്ങിയത് അജ്ഞതയുടയോ ദുര്‍ഗന്ധം വമിക്കുന്നവയാണെന്ന് കാണാനാകും. സത്യാര്‍ഥ പ്രകാശത്തിലെ പതിനൊന്നാം അധ്യായത്തില്‍- ‘ആര്യാവര്‍ത്തത്തില്‍ നിലവിലുള്ള വിവധ മതങ്ങളുടെ പരിശോധന’-മുഹമ്മദ് നബി(സ)ക്കെതിരെ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നത് കാണാം. ഓറിയന്റലിസ്റ്റ്-മിഷനറി നബിവിമര്‍ശന ഗ്രന്ഥങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഇസ്‌ലാം പഠനങ്ങളുടെ അവലംബം.
കൊളോണിയലിസത്തിന്റെയും അതിന്റെ മതദര്‍ശനമായിരുന്ന ക്രൈസ്തവതയുടെയും ഒട്ടും വിചാരപരമല്ലാത്ത നബിവിദ്വേഷം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിലേക്കൊഴുകിയ ചാനല്‍ ദയാനന്ദനായിരുന്നു എന്ന് പറയാവുന്നതാണ്.

ഹിന്ദുക്കളുടെ മനസ്സില്‍ ഇസ്‌ലാം പേടി വിതച്ചതിലും അതുവഴി അവരെ വര്‍ഗീയവല്‍കരിച്ചതിലും ദയാനന്ദന്‍ വഹിച്ച പങ്ക് ചരിത്രകാരന്മാര്‍ക്ക് കാണാതിരിക്കാനാവില്ല. തീവ്രമായ ഹിന്ദുവര്‍ഗീയത തന്റെ പ്രസ്ഥാനത്തിന്റെ സ്വഭാവസവിശേഷതായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ദയാനന്ദനും ആര്യസമാജവും ഉയര്‍ത്തിപ്പിടിച്ച ‘ഉര്‍ദുവിന് പകരം ഹിന്ദി’, ‘ഗോവധ നിരോധനം’, ‘ഹിന്ദു ഐക്യം’ എന്നീ ആശയങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഹിന്ദുവര്‍ഗീയതയുടെ മിഴിതുറക്കലിന് വഴിവെക്കുകയും പില്‍കാലത്ത് പഞ്ചാബിലും ഉത്തര്‍പ്രദേശിലുമുണ്ടായ ഹിന്ദുത്വ സംഘടനകളുടെ വളര്‍ച്ചക്ക് ഭൂമികയൊരുക്കുകയും ചെയ്തു. സ്വാമി ശ്രദ്ധാനന്ദന്റെ നേതൃത്വത്തില്‍ ആര്യസമാജം ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ സജീവമാക്കിയ ‘ശുദ്ധി’ മുന്നേറ്റത്തിന്റെയും പ്രയാണം ഈ ദിശയില്‍ തന്നെയായിരുന്നു.
പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച കൊളോണിയല്‍കാല ഹിന്ദു പരിഷ്‌കര്‍ത്താവ് സ്വാമി ദയാനന്ദ സരസ്വതിയാണ്. ബഹുദൈവാരാധനക്കെതിരെ ചതുര്‍വേദസംഹിതകളുദ്ധരിച്ച് പോരാടുന്നുവെന്നവകാശപ്പെട്ട പ്രഗല്‍ഭനായ ഒരു വേദപണ്ഡിതന്റെ കാര്‍മികത്വത്തില്‍തന്നെ ഗോപൂജാ സംസ്‌കാരത്തിന്റെ തണലുപയോഗിച്ച് ഇസ്‌ലാം ഭീതി ജ്വലിപ്പിക്കാനുള്ള പരിശ്രമമുണ്ടായി എന്ന വസ്തുത, വര്‍ഗീയത തലച്ചോറുകളെ എന്തുമാത്രം അന്ധമാക്കും എന്നു സൂചിപ്പിക്കുന്നുണ്ട്.

പശുവിനെ മുസ്‌ലിംകളില്‍നിന്ന് ‘സംരക്ഷിക്കാനുള്ള’ ആഹ്വാനവുമായി മുസ്‌ലിം-സിഖ് സംഘര്‍ഷങ്ങള്‍കൊണ്ട് കലുഷിതമായിരുന്ന പഞ്ചാബില്‍ കുക സിഖ് വിഭാഗം 1870കളില്‍ ആരംഭിച്ച പശുരക്ഷാ പ്രസ്ഥാനം തുറന്നിട്ട സാധ്യതകളെ മൂലധനമാക്കിക്കൊണ്ട്, 1882ലാണ് ദയാനന്ദന്‍ ‘ഗോരക്ഷിണി സഭ’ എന്ന സംഘടന സ്ഥാപിക്കുന്നത്. ആര്യസമാജത്തിന്റെ പ്രവര്‍ത്തകര്‍ സ്വാഭാവികമായും എല്ലാ പ്രദേശങ്ങളിലും ഗോരക്ഷിണി സഭകള്‍ ആരംഭിച്ച് ‘മുസ്‌ലിം കത്തി’യില്‍ നിന്ന് പശുവിനെ രക്ഷിക്കുന്ന കാവല്‍ഭടന്‍മാരായി അവതരിച്ചു. ആര്യസമാജത്തിന്റെ മുസ്‌ലിംവിരുദ്ധ തീപ്പൊരിപ്രഭാഷകനും ശുദ്ധിപ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന സ്വാമി ശ്രദ്ധാനന്ദയുടെ ‘ഹിന്ദുരാഷ്ട്രം മൂന്ന് കാര്യങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ടതായിരിക്കണം; ഗോമാതാവ്, സരസ്വതി മാതാവ്, ഭൂമി മാതാവ്’ എന്ന പ്രശസ്തമായ പ്രസ്താവന ആര്യസമാജം ഏത് ദിശയിലാണ് കാര്യങ്ങളെ കൊണ്ടുപോയത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഗോരക്ഷിണി സഭകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു സാധാരണക്കാരെ വര്‍ഗീയോന്മത്തരാക്കുകയും കലാപങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു.
1880കളില്‍ ഇവ്വിഷയകമുണ്ടായ സാമുദായിക അസ്വസ്ഥതകളില്‍ ഇടപെട്ടുകൊണ്ട് വടക്കുപടിഞ്ഞാറന്‍ ഇന്‍ഡ്യന്‍ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888ല്‍ വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധിയെ സംഘര്‍ഷം ഇരട്ടിപ്പിക്കാനുള്ള പ്രതിഷേധോപകരണമാക്കി മാറ്റിയെടുക്കുകയാണ് ഗോരക്ഷിണി സഭകള്‍ ചെയ്തത്. 1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 1917ല്‍ ശാഹാബാദിലുമുണ്ടായ ഭീകരമായ വര്‍ഗീയ കലാപങ്ങള്‍ ഇതിന്റെ ബാക്കിപത്രമായിരുന്നു. പശുവിനെ അറുക്കാതിരിക്കാന്‍വേണ്ടി മനുഷ്യരെ അറുത്തുകൂട്ടുന്നതിന്റെ പേരാണ് മാനവികത എന്ന് നിഷ്‌കളങ്കരായ ഹിന്ദുക്കളെ പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിച്ചവരെ ഇനിയും നാം ആത്മീയതയുടെ സ്ഥാനക്കസേരകളിലിരുത്തിത്തന്നെ ആദരിക്കേണ്ടതുണ്ടോ?

1893ല്‍ അസംഗഢിലെ മൗവിലുണ്ടായ വര്‍ഗീയ ലഹളയായിരുന്നു ഗോരക്ഷിണി സഭകള്‍ ഇളക്കിവിട്ട ആദ്യകാല കലാപങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമായത്. കലാപത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ശക്തമായി അമര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് സഭകള്‍ പലയിടങ്ങളിലും പിരിച്ചുവിടേണ്ടി വന്നെങ്കിലും വിഷലിപ്തമായ ആശയങ്ങള്‍ അന്തരീക്ഷത്തില്‍തന്നെ നിലനിന്നു. 1910നുശേഷം അവയ്ക്ക് വീണ്ടും തീപിടിച്ചു. അങ്ങനെയാണ് അയോധ്യയിലും ശാഹാബാദിലുമെല്ലാം കലാപങ്ങളുണ്ടായത്. അസംഗഢ് മേഖലയില്‍ ഗോരക്ഷിണി സഭകള്‍ 1893 മെയ് മാസം മുതലാണ് ഔപചാരികമായി പ്രവര്‍ത്തനമാരംഭിച്ചത്. അസംഗഢിലും ജഹനാഗഞ്ചിലുമെല്ലാം സംഘടിപ്പിക്കപ്പെട്ട വമ്പന്‍ പൊതുയോഗങ്ങളില്‍ മുസ്‌ലിംകള്‍ ബലി പെരുന്നാളിന് സാധുക്കള്‍ക്ക് മാംസം നല്‍കാന്‍വേണ്ടി കാലികളെ അറുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബലി പെരുന്നാളറവുകള്‍ തടയണമെന്നും ഗോരക്ഷിണി സഭയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. സഭയുടെ പ്രവര്‍ത്തകര്‍ ശാരീരികമായിത്തന്നെ ‘തടയലിന്’ മുന്‍കയ്യെടുക്കണമെന്നായിരുന്നു പ്രഭാഷകരുടെയെല്ലാം ആഹ്വാനം. ഇതിനെത്തുടര്‍ന്ന് മുസ്‌ലിം കര്‍ഷകരില്‍നിന്നും കശാപ്പുജോലിക്കാരില്‍നിന്നുമെല്ലാം ഗുണ്ടാ സ്റ്റൈലില്‍ പശുക്കളെ തട്ടിയെടുക്കല്‍ മൗവില്‍ പതിവായി. പെരുന്നാളിന് എത്രയോ മുമ്പുതന്നെ ഈ പ്രവണത ശക്തിപ്പെട്ടു. വിവാഹസദ്യകള്‍വരെ ബീഫ് രഹിതമാക്കാന്‍ ഗോരക്ഷിണി സഭയുടെ ‘സദാചാര’ കര്‍സേവകര്‍ തെരുവിലറങ്ങി മസിലുപെരുപ്പിക്കാന്‍ തുടങ്ങി. പൊലീസിനെ നോക്കുകുത്തിയാക്കി നടമാടിയ ഈ റൗഡിഭരണം, ബലിപെരുന്നാളായപ്പോഴേക്കും കനത്തുവന്നു. ബലിപെരുന്നാളിന്, അറവു തടയാന്‍ വലിയ ആള്‍ക്കുട്ടങ്ങള്‍ തെരുവുകളില്‍ സംഘടിച്ചെത്തി. മുസ്‌ലിംകളുടെ സ്വത്തുക്കള്‍ കൊള്ള ചെയ്യുകയും കാലികളെ തട്ടിയെടുക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ജൂണ്‍ 25നായിരുന്നു ബലിപെരുന്നാള്‍. വാളുകളും തോക്കുകളും ലാത്തികളുമെല്ലാം ശേഖരിച്ച ആള്‍ക്കൂട്ടങ്ങള്‍ പെരുന്നാള്‍ ദിവസം മുസ്‌ലിംകളെ തെരുവില്‍ ആക്രമിച്ചു. ഏറ്റുമുട്ടലുകള്‍കൊണ്ടും പൊലീസ് വെടിവെപ്പുകള്‍കൊണ്ടും ഗ്രാമങ്ങള്‍ സംഘര്‍ഷഭരിതമായി. ആഘോഷദിനം രക്തംവീണ് കറുത്തിനെതുടര്‍ന്ന് മുസ്‌ലിം നേതാക്കള്‍ എന്തു വിട്ടുവീഴ്ചക്കും സന്നദ്ധമാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ അക്രമാസക്തമായ ഹിന്ദുജനക്കൂട്ടം ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് എല്ലാം തകര്‍ത്തുമുന്നേറി; ഒറ്റപ്പെട്ടുപോയ മുസ്‌ലിംകളെ തല്ലിച്ചതച്ചു. ആറ് മുസ്‌ലിംകളെ കലാപകാരികള്‍ അടിച്ചുകൊന്നു. അപ്പോഴും അവര്‍ പശുവിനോട് തങ്ങള്‍ പുലര്‍ത്തുന്ന അഹിംസയുടെ മഹത്വത്തില്‍ പുളകംകൊള്ളുന്നവരായിരുന്നു!!

ആരംഭഘട്ടത്തില്‍ ഗോരക്ഷിണി സഭകള്‍ ‘ഗോശാലകള്‍’ സ്ഥാപിക്കുന്നതിലാണ് കാര്യമായി ശ്രദ്ധയൂന്നിയിരുന്നത്. പ്രായംചെന്നും രോഗം ബാധിച്ചും അവശനിലയിലായ പശുക്കളെ കൊണ്ടുവന്നു സംരക്ഷിക്കുകയായിരുന്നു ഗോശാലകളുടെ ദൗത്യം. പശുവിനെ ദൈവമാക്കി അറവുതടയുന്നത് അതിനെ നരകിപ്പിക്കുന്നതിന് തുല്യമാണെന്ന് അങ്ങനെ നരകിക്കാന്‍ വിധിക്കപ്പെട്ട പശുക്കള്‍ക്കുവേണ്ടി ‘ശാലകള്‍’ നിര്‍മിക്കേണ്ടിവന്നിട്ടും സഭാപ്രവര്‍ത്തകര്‍ക്കു മനസ്സിലായില്ല! അസംഗഢിലെ പരാമൃഷ്ട സംഭവങ്ങളുടെ കാലമായപ്പോഴേക്കും ഗോരക്ഷിണി സഭകള്‍ ഗുണ്ടാ ഇടപെടലുകള്‍ക്ക് ആഹ്വാനം നല്‍കിത്തുടങ്ങിയിരുന്നു. പശുക്കളെ ‘സംശയാസ്പദമായ’ സാഹചര്യത്തില്‍ കണ്ടാല്‍ ഉടമസ്ഥനെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമെല്ലാം വ്യവസ്ഥകളുണ്ടാക്കി സഭകള്‍ സമാന്തര കോടതികളായി മാറി നിയമവാഴ്ചയെ വെല്ലുവിളിച്ചു. പാണ്ടകുണ്ഠ ഗ്രാമത്തില്‍ മുസ്‌ലിമിന് കാളയെ വിറ്റതിന്റെ പേരില്‍ ലക്ഷ്മണന്‍ എന്ന ഹിന്ദു കര്‍ഷകനെ സഭ ഊരുവിലക്കിയതും ജനക്കൂട്ടം അദ്ദേഹത്തിന്റെ വീട് തകര്‍ത്തതും കാളയെ തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമായ സംഭവം അസംഗഢില്‍ ഗോരക്ഷിണി സഭകള്‍ പ്രവര്‍ത്തിച്ചിരുന്ന രീതി സ്പഷ്ടമാക്കാന്‍ ചരിത്രകാരന്‍മാര്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഗോപൂജാ വികാരം ഹിന്ദുവിന് നിര്‍ബന്ധമാക്കി സമുദായത്തെ പുനര്‍നിര്‍വചിക്കുകയാണ് ഗോരക്ഷിണി സഭകള്‍ അടിസ്ഥാനപരമായി ചെയ്തത്. പശുവിന്റെ പേരില്‍ മുസ്‌ലിമിനോട് പിണങ്ങാത്തവര്‍ക്ക് ഹിന്ദുസമാജത്തില്‍ കയ്യൂക്കുപയോഗിച്ച് പൗരത്വം നിഷേധിക്കുകയും അതുവഴി ആരാണ് ഹിന്ദു എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെ മാറ്റിയെഴുതുകയും ചെയ്തു എന്നതാണ് ദയാനന്ദശിഷ്യന്‍മാര്‍ ഇന്‍ഡ്യന്‍ വര്‍ഗീയതയുടെ ചരിത്രത്തില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളില്‍ ഒന്ന്. ഗോരക്ഷിണി സഭയോട് കൂറുകാണിക്കാത്തവരും സഭക്ക് സംഭാവന നല്‍കാത്തവരും നല്ല ഹിന്ദുക്കളല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ സഭാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ‘ചുട്കി’ എന്നായിരുന്നു ഹിന്ദുഗൃഹങ്ങളില്‍ നിന്ന് സഭാശാഖകള്‍ നടത്തിയിരുന്ന പിരിവിന്റെ പേര്. കുടുംബത്തിലെ ഓരോ അംഗവും ഓരോ ഭക്ഷണനേരത്തും ഒരുപിടി ധാന്യം സഭാപ്രവര്‍ത്തനങ്ങള്‍ക്ക് ദാനമായി നീക്കിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടു. വ്യവസ്ഥാപിതമായ സംഘടനാ ചാനലിലൂടെ അവ ഓരോ ഗ്രാമത്തില്‍നിന്നും സഭയുടെ കേന്ദ്ര ഓഫീസിലേക്കൊഴുകി.

സമുദായം എന്ന വികാരം ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തതില്‍ ഗോരക്ഷിണി സഭകളുടെ പങ്ക് വളരെ വലുതാണ്. സമുദായനിര്‍മിതിയില്‍ ഉപ്പുചേര്‍ക്കാന്‍ പശുസ്‌നേഹവും മുസ്‌ലിം വിദ്വേഷവും തന്നെ ഉപയോഗിക്കാന്‍ കാണിച്ച ഷോവിനിസ്റ്റ് ആസൂത്രണപാടവമാണ് സഭാചരിത്രത്തില്‍ മുഴുവന്‍ ഭീകരമായി തെളിഞ്ഞുനില്‍ക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരില്‍ ‘ദൈവ’ത്തിനുവേണ്ടി (പശു) പോരാടുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവര്‍, ‘വിശുദ്ധ യുദ്ധ’ത്തിലെ വിജയമായി കലാപങ്ങളിലെ മുസ്‌ലിംവേട്ടയെ ചിത്രീകരിച്ചു. മുസ്‌ലിംകളെ ഭയപ്പെടുത്തി അവരില്‍നിന്ന് അറവുനിര്‍ത്താനുള്ള കരാര്‍പത്രങ്ങള്‍ ‘ഇഖ്‌റാര്‍ നാമ’ എന്ന പേരില്‍ ഗോരക്ഷിണി സഭകള്‍ എഴുതിവാങ്ങി. ‘ഇഖ്‌റാര്‍ നാമകള്‍’, തങ്ങളുടെ വിയര്‍പ്പ് വെറുതെയാകുന്നില്ലെന്ന് സംഘടനാ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കുള്ള തുറുപ്പുചീട്ടായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഗോരക്തത്തിന്റെ പേരില്‍ ഉറഞ്ഞുതുള്ളി മനുഷ്യരുടെ ചുടുരക്തം നിരത്തിലൊഴുക്കി മുടിയഴിച്ചുതുള്ളിയ വര്‍ഗീയ കൂട്ടായ്മകളുടെ പ്രചരണസാമഗ്രികള്‍ പ്രസരിപ്പിച്ച ആശയങ്ങള്‍ വഴിയാണ് ഇന്ന് ശരാശരി സവര്‍ണ ഹിന്ദുവിനെ ഭരിച്ചുകൊണ്ടിരിക്കുന്ന ബീഫ് വിരോധം ജന്മം കൊണ്ടത് എന്നു മനസ്സിലാക്കുമ്പോഴാണ് ഗോമാംസവര്‍ജനത്തെ നമ്മുടെ ദേശീയതയായി നിര്‍ണയിക്കാനുള്ള ശ്രമം എന്തുമാത്രം അപകടകരമാണെന്ന് നമുക്ക് പൂര്‍ണമായി മനസ്സിലാവുക. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും മുസ്‌ലിംകള്‍ക്കെതിരില്‍ ഹിന്ദുക്കളെ ഇളക്കിവിടാന്‍വേണ്ടി ഗോരക്ഷിണി സഭകള്‍ ഗോമാതാ പരികല്‍പനയെ പൊലിപ്പിച്ചവതരിപ്പിച്ചിരുന്നില്ലെങ്കില്‍ ആധുനിക ഇന്‍ഡ്യയില്‍ ഇത്ര കനത്ത ബീഫ് വിരോധമുണ്ടാകുമായിരുന്നില്ലെന്ന കാര്യം നൂറു ശതമാനമുറപ്പാണ്.

1880കളിലും തൊണ്ണൂറുകളിലും അസംഖ്യം ലഘുലേഖകളും പശുചിത്രങ്ങളുമാണ് ഹിന്ദുപൊതുബോധത്തെ സ്വാധീനിക്കാന്‍ ഗോരക്ഷിണി സഭകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തത്. എല്ലാ മനുഷ്യരും പശുവിന്റെ പാല്‍ കുടിക്കുന്നതിനാല്‍ പശു ലോകത്തിന്റെ മാതാവാണെന്നും ഗോവധം മാതൃവധത്തിന് തുല്യമാണെന്നും സഭാലേഖനങ്ങള്‍ വാദിച്ചു. എല്ലാ ദൈവങ്ങളും പശുവിലാണ് വസിക്കുന്നതെന്നും പശുവിനെയറുക്കുന്നത് ഹിന്ദുമത നിന്ദയാണെന്നും അവ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചു. പശുവിനെ അറുക്കുന്നതിനുചുറ്റും വിവിധ ജാതികളില്‍പ്പെട്ട ഹിന്ദുക്കള്‍ ചേര്‍ന്നുനിന്ന് കണ്ണുനീര്‍ പൊഴിക്കുന്നതുപോലുള്ള ചിത്രങ്ങള്‍ അച്ചടിച്ചതിനുപിന്നിലെ വര്‍ഗീയലക്ഷ്യങ്ങള്‍ വളരെ പ്രകടമായിരുന്നു.
ലഘുലേഖകള്‍ക്കും ചിത്രങ്ങള്‍ക്കും പുറമെ, ഓരോ ഗ്രാമത്തിലെയും ഹിന്ദു പൗരപ്രമുഖരുടെ മേല്‍വിലാസത്തിലേക്ക് പശുസംരക്ഷണാര്‍ത്ഥം മുസ്‌ലിംകള്‍ക്കെതിരെ ജാഗരൂഗരായിരിക്കേണ്ടതിന്റെ ‘ആവശ്യകത’ വിവരിക്കുന്ന കത്തുകള്‍ (പാട്ടിയകള്‍) അയക്കാനും സഭാപ്രവര്‍ത്തകരും അനുഭാവികളും ശ്രദ്ധിച്ചിരുന്നു. വര്‍ഗീയവിഷം അക്ഷരങ്ങള്‍ക്കുമേല്‍ തിടംവെച്ചുനിന്നിരുന്ന ഇത്തരം കത്തുകള്‍ സ്വീകര്‍ത്താക്കള്‍ രണ്ടോ അഞ്ചോ ഏഴോ പന്ത്രണ്ടോ ഇരുപത്തിയഞ്ചോ ഒക്കെ പരിചയക്കാരായ ഹിന്ദുക്കള്‍ക്ക് പകര്‍പ്പെടുത്തയക്കണം എന്നും ശക്തമായി നിര്‍ദേശിക്കപ്പെട്ടിരുന്നു. ബീഫ് വിരോധം ഹിന്ദുവര്‍ഗീയതയെയും ഹിന്ദുവര്‍ഗീയത ബീഫ് വിരോധത്തെയും പരസ്പരം ഊട്ടിയതെങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ‘പാട്ടിയ’കളിലൂടെ ഒരാവര്‍ത്തി കടന്നുപോയാല്‍ തന്നെ മതി. ഹിന്ദുത്വത്തിന്റെ വിലക്കുകള്‍ അവഗണിച്ച് ബീഫ് കഴിക്കുന്നത് ഇന്‍ഡ്യയില്‍ മതനിരപേക്ഷതക്കുവേണ്ടിയുള്ള പോരാട്ടമുള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണെന്ന് അവ നമ്മെ ബോധ്യപ്പെടുത്തും. ഇത്തരത്തിലുള്ള രണ്ട് കത്തുകള്‍ പ്രമുഖ കീഴാളപക്ഷ ചരിത്രകാരനായ ഗ്യാന്‍ പാണ്‌ഡെ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തുദ്ധരിച്ചിട്ടുണ്ട്. ഒന്നിലെ വരികള്‍ ഇപ്രകാരമാണ്: ”ഈ കത്തു വരുന്നത് പശുവിന്റെ ലോകത്തുനിന്നാണ്. ഹിന്ദുസഹോദരന്‍മാരോടുള്ള ഒരഭ്യര്‍ത്ഥനയാണ് ഇത് നിങ്ങളിലേക്ക് കൊണ്ടുവരുന്നത്. പശുവിന്റെ മതം നശിപ്പിക്കപ്പെടുകയാണ്. അവിശ്വാസികളാല്‍ (മുസ്‌ലിംകള്‍) കൊല്ലപ്പെടാന്‍മാത്രം എന്ത് പാതകമാണ് അവള്‍ (പശു) ചെയ്തിരിക്കുന്നത് ? ഓരോ ഗ്രാമത്തിലെയും ഓരോ വീട്ടിലെയും പശുവിനെ നിരീക്ഷിക്കാന്‍ നമ്മുടെ ഹിന്ദുസഹോദരങ്ങളോട് നാം അപേക്ഷിക്കുന്നു. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, പശു സങ്കടത്തോടെ അന്ത്യശ്വാസം വലിക്കുകയും ഗ്രാമങ്ങളില്‍ നിന്നപ്രത്യക്ഷമാവുകയും ചെയ്യും. ഒരു മുസല്‍മാനെ ഒരു പശുവുമായി കണ്ടാല്‍, അതിനെ അയാളില്‍ നിന്നും തട്ടിയെടുക്കല്‍ നിങ്ങളുടെ ധര്‍മമാണ്. ഇതുപോലുള്ള അഞ്ച് കത്തുകള്‍ എഴുതിയയക്കലും നിങ്ങളുടെ ധര്‍മമാണ്. നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുപോലും ഗോഹത്യയുടെ പാപമുണ്ട്.” രണ്ടാമത്തെ കത്തില്‍ കൂറേക്കൂടി തീവ്രമായാണ് കാര്യങ്ങള്‍ പറയുന്നത്. അതിങ്ങനെ വായിക്കാം: ”ഹിന്ദുക്കള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല. പശുവറവുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശത്രുതയുണ്ടെന്ന് നിങ്ങള്‍ക്കറിയാം… (ബലിപെരുന്നാളിന് ചില ഗ്രാമങ്ങളില്‍ നടക്കുന്ന അറവ്) ഹിന്ദുക്കള്‍ക്ക് വലിയ അപമാനമാണ് വരുത്തിയിരിക്കുന്നത്; ജീവിതം ഒരു ശാപമായിത്തീരാന്‍ മാത്രമുള്ള അപമാനം! അതിനാല്‍, നിങ്ങള്‍ മുസല്‍മാന്‍മാരുടെ വീടുകള്‍ കൊള്ളയടിക്കണം, മുസല്‍മാന്‍മാരെ കൊല്ലണം, ഗ്രാമത്തില്‍ അഞ്ച് കത്തുകള്‍ വിതരണം ചെയ്യുകയും വേണം. നിങ്ങള്‍ കത്ത് വിതരണം ചെയ്യുകയും (മുസല്‍മാന്‍മാരെ) കക്കുകയും കൊല്ലുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ മകളോടുപോയി ശരീരബന്ധം പുലര്‍ത്തിക്കൊള്ളുക. തീര്‍ച്ചയായും, ഇതിനൊന്നും (മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍) മുതിരാതിരിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ അമ്മയെ ഒരു മുസല്‍മാന് വിവാഹം ചെയ്തുകൊടുക്കലാണ്.”

ആര്യസമാജത്തിന്റെ പശ്ചാതലവുമായി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരെല്ലാം നമ്മുടെ പൊതുഇടങ്ങളെ വര്‍ഗീയവല്‍കരിക്കുന്നതില്‍ ഏറിയതോ കുറഞ്ഞതോ ആയ പങ്കുവഹിച്ചു എന്ന് എളുപ്പത്തില്‍ കാണാനാകും. ദേശീയ പ്രസ്ഥാനത്തെ മുഖ്യ കര്‍മമണ്ഡലമാക്കിയ ലാലാ ലജ്പത് റായ് മുതല്‍ വിദ്യാഭ്യാസ നവോത്ഥാനത്തെ കൂടുതലായി പരിഗണിച്ച ലാലാ ഹാന്‍സ് രാജ് വരെ ഇതിന്റെ അടയാളങ്ങളാണ്. ശുദ്ധി പ്രസ്ഥാനത്തെയും ഹിന്ദു മഹാസഭയെയും അതിതീവ്രമായ തലങ്ങളിലേക്ക് കൊണ്ടുപോയി സ്വാതന്ത്ര്യസമര രംഗത്തെ സംഘര്‍ഷഭരിതമാക്കിയ സ്വാമി ശ്രദ്ധാനന്ദന്‍, യുക്തിവാദിയായിരുന്ന പൂര്‍വകാലത്തിനുശേഷം ദയാനന്ദനെ കണ്ടുമുട്ടി അദ്ദേഹത്തിന്റെ സഹകാരിയും ഹിന്ദു മതമൗലികവാദിയുമായി മാറിയ ആളാണ്. പ്രതിലോമപരമായ ഈ ലെഗസികളെയെല്ലാം പരിഗണിച്ചുകൊണ്ടുമാത്രമേ ദയാനന്ദനെ നമുക്ക് വിലയിരുത്താന്‍ കഴിയൂ.


Tags :


mm

Musthafa Thanveer