രോഗപീഡയിലും ഉള്ളുനിറഞ്ഞ് ചിരിക്കുക
3 August 2018 | പ്രഭാപർവം
രോഗം സന്തോഷകരമായ അനുഭവമല്ല. ചില രോഗങ്ങളെങ്കിലും സമൂഹത്തിന്റെ അറപ്പിനും വെറുപ്പിനും നിമിത്തമായേക്കും. അല്ലാഹുവിന്റെ പ്രവാചകന്റെ പ്രാര്‍ഥനകളിലൊന്നിന്റെ ആശയം ഇങ്ങനെയാണ്: ”കുഷ്ഠരോഗം, ഭ്രാന്ത്, മന്ത്, ചീത്ത രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.” (അബൂദാവൂദ്). എല്ലാ രോഗങ്ങളും സാമൂഹ്യമായ ഒറ്റപ്പെടലിന് കാരണമാകണമെന്നില്ല. പക്ഷെ, കഠിനമായ ശാരീരികാവസ്ഥകളിലൂടെ അവ നമ്മെ നടത്തിക്കൊണ്ടുപോകും. മനസ്സും അതോടൊപ്പം സങ്കടങ്ങള്‍ നീറുന്ന അടുപ്പാവും. കൊടിയ വേദനകള്‍ മുതല്‍ ജീവിതത്തിന്റെ വൃത്തം ചുരുക്കുന്ന നിയന്ത്രണങ്ങള്‍ വരെ രോഗങ്ങള്‍ കൊണ്ടുവരും. ജീവിതം ഉപകാരശൂന്യമാകുന്നുവെന്ന് തോന്നുംവിധമുള്ള ദീര്‍ഘവിശ്രമങ്ങളുടെ തടവറ ആര്‍ക്കും അസ്വസ്ഥജനകമായിരിക്കും. പരസഹായമില്ലാതെ നിവര്‍ന്നുനില്‍ക്കാനാവാത്തവരും മരണം കാത്ത് നാളുകളെണ്ണിക്കിടക്കുന്നവരും എത്രയുണ്ട് നമക്കു ചുറ്റും! സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ വെന്തുതീര്‍ന്നവരെ കാണുമ്പോള്‍ ആരോഗ്യം അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് നാം തിരിച്ചറിയും.
രോഗം വരാതിരിക്കാന്‍ ആഗ്രഹിക്കാം. എന്നാല്‍ തീവ്രമായ രോഗപീഡകള്‍ ചിലപ്പോള്‍ ജീവിതത്തിലേക്ക് കയറിവരും. അയ്യൂബ് നബിയുടെ രോഗം അതീവ ഗുരുതരമായിരുന്നു. ഉറ്റവരും ഉടയവരും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. അപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പറഞ്ഞത് ഈ ഉദ്ദേശ്യത്തിലുള്ള ഒരു വാചകമാണ്: ”നിശ്ചയമായും എനിക്ക് പ്രയാസം വന്നിരിക്കുന്നു; നീയല്ലോ ഏറ്റവും വലിയ കാരുണ്യവാന്‍!” (ക്വുര്‍ആന്‍ 21:83). ദുരിതപര്‍വത്തില്‍ നിന്ന് തന്നെ പുറത്തുകടത്താൻ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നറിയുന്ന അയ്യൂബ് നബി പരമകാരുണികനോട് അവന്റെ രോഗശമനമാകുന്ന കരുണാവര്‍ഷത്തിനപേക്ഷിച്ചതാണ് ക്വുര്‍ആന്‍ ഇവിടെ സ്മരിക്കുന്നത്. പക്ഷേ, അര്‍ഹമുര്‍റാഹിമീനായ അല്ലാഹു പരിശുദ്ധ പ്രവാചകനായ അയ്യൂബ് നബിക്ക് തീവ്രയാതനകള്‍ നല്‍കിയതെന്തിനായിരിക്കും? ശരീരം ഭീകരമായി ജീർണ്ണിക്കുകയും ഒറ്റപ്പെടലിന്റെ കയ്പുനീര്‍ കുടിക്കുകയും ചെയ്യുമ്പോഴും അല്ലാഹുവിന്റെ കാരുണ്യമാണ് അയ്യൂബ് നബിക്കോര്‍മവന്നതെന്ന് പറയുമ്പോള്‍ തന്റെ രോഗപീഡയും ആ കാരുണ്യത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നതെന്നും മനസ്സിലാക്കിക്കൂടേ?
അല്ലാഹുവിന്റെ കാരുണ്യം ചിലപ്പോള്‍ രോഗത്തിന്റെ രൂപത്തിലും വിശ്വാസിയെ തേടിവരുമെന്ന് തന്നെയാണ് ക്വുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. ഇഹലോകത്തെ കുടുസ്സുകള്‍ക്കൊക്കെയും നീതിമാനായ അല്ലാഹു പരലോകത്ത് കണക്കില്ലാത്ത വിശാലതകള്‍ പകരം നൽകുമെന്ന് സുവിശേഷം അറിയിക്കപ്പെട്ടവരാണ് വിശ്വാസികള്‍. അനുഭവിക്കുന്ന വേദനകള്‍ക്കും യാതനകള്‍ക്കും മരണാനന്തരജീവിതത്തില്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെക്കപ്പെട്ടിട്ടുണ്ടെന്നറിവുള്ളവർക്കെങ്ങനെയാണ് രോഗപീഡകളിൽ അല്ലാഹുവിന്റെ കാരുണ്യമൊളിഞ്ഞിരിക്കുന്നത് കാണാന്‍ കഴിയാതിരിക്കുക! ചില രോഗങ്ങള്‍കൊണ്ട് മരിക്കുന്നവര്‍ക്ക് രക്തസാക്ഷിയുടെ പദവിയാണ് അല്ലാഹു കല്‍പിക്കുകയെന്ന് പഠിപ്പിച്ചിട്ടുണ്ട് മുഹമ്മദ് നബി(സ): ”വയറിന് രോഗം വന്ന് മരിക്കുന്നവന്‍ രക്തസാക്ഷിയാണ്, പ്ലേഗ് കാരണം മരിക്കുന്നവനും രക്തസാക്ഷിയാണ്.” (ബുഖാരി). അല്ലാഹുവിന്റെ ജ്ഞാനത്തിലും പദ്ധതിയിലും നമുക്ക് ആത്യന്തികമായി നന്മയായതുകൊണ്ടായിരിക്കും രോഗശമനം പെട്ടെന്നുണ്ടാകാത്തതെന്നോര്‍ത്താല്‍ തിക്താനുഭവങ്ങളിലും ഉള്ളുനിറഞ്ഞ് ചിരിക്കാനാകും. അല്ലാഹു നമ്മെ കൂടുതലായി സ്‌നേഹിക്കുന്നതുകൊണ്ടാണ് പരീക്ഷണങ്ങള്‍ നല്‍കി നമ്മുടെ മഹത്വവും ശക്തിയും വര്‍ധിപ്പിക്കുന്നതെന്ന് മറന്നുപോകാതിരിക്കുക. ഹസന്‍ ആയ നിവേദകപരമ്പരയുള്ള ഒരു ഹദീഥ് പ്രകാരം നബിതിരുമേനി പറഞ്ഞതിങ്ങനെയാണ്: ”ഏറ്റവും ഉന്നതമായ പ്രതിഫലം ഏറ്റവും കഠിനമായ പരീക്ഷണത്തിനുള്ളതാണ്. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. ആരാണോ അതില്‍ തൃപ്തിപ്പെടുന്നത്, അവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. ആരാണോ അതില്‍ വെറുപ്പ് പ്രകടിപ്പിക്കുന്നത്, അവര്‍ക്ക് അല്ലാഹുവിന്റെ വെറുപ്പുണ്ട്.” (ഇബ്‌നുമാജ).
മുഹമ്മദ് നബിക്ക് ഒരിക്കല്‍ അതികഠിനമായ പനി വന്നു. സന്ദര്‍ശിക്കാന്‍ ചെന്ന ഇബ്‌നുമസ്ഊദ് തൊട്ടുനോക്കിയ ശേഷം ശരീരത്തിന്റെ ഉയര്‍ന്ന താപനിലയെച്ചൊല്ലിയുള്ള ആകുലത പങ്കുവെച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ”അതെ, നിങ്ങളില്‍ രണ്ടുപേര്‍ക്കുണ്ടാകുന്ന പനി ഒരുമിച്ചുവന്നതുപോലെയാണ് എന്റെ പനി.” രോഗകാഠിന്യം ഇരട്ടിയായതിനാല്‍ പ്രതിഫലവും ഇരട്ടിയായിരിക്കുമോ എന്നായി ഇബ്‌നുമസ്ഊദ്. തിരുനബി പ്രതിവചിച്ചതിങ്ങനെ: ”രോഗമോ മറ്റെന്തെങ്കിലുമോ കാരണമായി ഒരു മുസ്‌ലിമും ഒരു വേദനയും അനുഭവിക്കുന്നില്ല, മരത്തില്‍ നിന്ന് ഇലപൊഴിയുന്നതുപോലെ അവന്റെ പാപങ്ങള്‍ അല്ലാഹു അവനില്‍ നിന്ന് പൊഴിച്ചുകളഞ്ഞിട്ടല്ലാതെ.” (ബുഖാരി). രോഗകാഠിന്യത്തിന്റെ നെരിപ്പോടിൽ അകപ്പെടുന്നവർ നിരാശരാകാതിരിക്കുക; ഇരുട്ടുനിറഞ്ഞ ആ തുരങ്കത്തിനറ്റത്ത് നിങ്ങള്‍ക്ക് പാപമോചനത്തിന്റെ വെളിച്ചം കാണാം, അതിമഹത്തായ പ്രതിഫലത്തിന്റെയും!