Logo

 

ഫാഷിസവുമായുള്ള മുഖാമുഖങ്ങള്‍ – എം. എം അക്ബർ

29 March 2017 | Memoir

By

സ്നേഹസംവാദം മാസിക എഡിറ്റോറിയല്‍ 

തങ്ങളിലൊരാളെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പരിശ്രമത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിച്ച കാട്ടുപോത്തു കൂട്ടത്തിന്റെ മുന്നില്‍ നാണംകെട്ടു തലതാഴ്ത്തി മടങ്ങിപ്പോകുന്ന രണ്ട് സിംഹങ്ങളുടെ ചിത്രമാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍വെച്ച് കണ്ട നേര്‍ക്കാഴ്ചകളില്‍ മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്ന ഒന്ന്. കെനിയയുടെ തെക്കുപടിഞ്ഞാറു ഭാഗത്തെ വന്യജീവി സങ്കേതങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് കാണാനും പഠിക്കാനും അവിടുത്തെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള 1510 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയിലുള്ള മസായ്മാറ നാഷണല്‍ റിസര്‍വിന്റെ ഒരു ഭാഗത്തിന്റെ മുകളിലൂടെ ബലൂണില്‍ യാത്ര ചെയ്യുമ്പോള്‍, ഈ കാഴ്ച കണ്ടയുടനെത്തന്നെ കൂട്ടുകാരോട് ഇതില്‍ ഇന്‍ഡ്യക്കാര്‍ക്ക് വലിയ പാഠമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

സസ്യഭുക്കുകളും മാംസളശരീരത്തിന്റെ ഉടമകളുമായ കാട്ടുപോത്തുകള്‍ മാംസഭുക്കുകളായ സിംഹത്തിന്റെയും പുലിയുടെയുമെല്ലാം ഇരകളായതുകൊണ്ടു തന്നെ അവയെ പ്രതിരോധിക്കുവാന്‍ കൂട്ടങ്ങളായാണ് സഞ്ചരിക്കുകയും മേയുകയും ചെയ്യുന്നത്. ഒന്നിച്ചുനില്‍ക്കുന്ന കാട്ടുപോത്തു കൂട്ടത്തില്‍നിന്ന് ഒരാളെ ഒറ്റപ്പെടുത്തുകയാണ് സിംഹങ്ങള്‍ ഒന്നാമതായി ചെയ്യുന്നത്. തങ്ങളിലൊരാളെ ഒറ്റപ്പെടുത്തി അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത് കൂട്ടത്തിലെ മറ്റുള്ളവര്‍ കണ്ടാല്‍ അവ ഒറ്റക്കെട്ടായി വന്ന് സിംഹങ്ങളോട് ഏറ്റുമുട്ടി തങ്ങളുടെ കൂട്ടുകാരനെ രക്ഷിക്കുവാന്‍ ശ്രമിക്കും. പ്രസ്തുത ശ്രമത്തില്‍ അവ വിജയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇരയെ ഒറ്റപ്പെടുത്തുകയും ചുറ്റമുള്ളവയെ ഭയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് കാട്ടുപോത്തുവേട്ടയില്‍ സിംഹങ്ങള്‍ പ്രയോഗിക്കുന്ന തന്ത്രം. ഇരയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ പേര്‍ അതിനെ കൊല്ലുകയും കൂടെയുള്ളവര്‍ കാട്ടുപോത്തുകൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുകയുമാണ് ചെയ്യുക. ഒന്നിച്ചുനില്‍ക്കുന്ന കാട്ടുപോത്തു കൂട്ടത്തെ ഭയപ്പെടുത്തി ഛിദ്രീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരയെ കീഴ്‌പ്പെടുത്തുവാന്‍ ഒരിക്കലും സിംഹങ്ങള്‍ക്കു കഴിയില്ല. അതുകൊണ്ടു തന്നെ സിംഹങ്ങളുടെ പോത്തുവേട്ടകളില്‍ എഴുപതു ശതമാനവും പരാജയപ്പെടുകയാണ് പതിവ്. അങ്ങനെ പരാജയപ്പെട്ടു തിരിച്ചുപോകുന്ന സിംഹങ്ങളെയാണ് ഞാനും കൂട്ടുകാരും കണ്ടത്.

*                *                **
ആക്രമണോത്സുക സങ്കുചിത ദേശീയതയുടെ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ പഠനവിധേയമാക്കിയവര്‍ അതിനെ രാഷ്ട്രീയ ഫാഷിസം, സാംസ്‌കാരിക ഫാഷിസം എന്നിങ്ങനെ വിഭജിച്ചതായി കാണാം. ആള്‍ക്കൂട്ടത്തിന്റെ ഹൃദയം നേടിയെടുത്ത് അധികാരത്തിലേറാനാണ് രാഷ്ട്രീയ ഫാഷിസം ശ്രമിക്കുന്നത്. തലച്ചോറുകള്‍ നേടിയെടുത്ത് തങ്ങള്‍ക്കനുസൃതമായി ചിന്തിപ്പിക്കുന്നവരാക്കിത്തീര്‍ക്കുകയാണ് സാംസ്‌കാരിക ഫാഷിസത്തിന്റെ രീതി. രാഷ്ട്രീയ ഫാഷിസത്തിന്റെ ഇര സാധാരണക്കാരാണ്. അവരെ വൈകാരികമായി സംഘടിപ്പിച്ച് അധികാരത്തിലേറുവാന്‍ ശ്രമിക്കുകയാണ് അത് ചെയ്യുന്നത്. സാംസ്‌കാരിക ഫാഷിസം ലക്ഷ്യമാക്കുന്നത് ബുദ്ധിജീവികളെയും അഭ്യസ്തവിദ്യരെയുമാണ്. അവരുടെ തലച്ചോറുകള്‍ ഉടമപ്പെടുത്തുക വഴിയാണ് തങ്ങളുദ്ദേശിക്കുന്ന സാമൂഹ്യക്രമമുണ്ടാക്കാനാവുകയെന്ന് അവര്‍ക്ക് നന്നായറിയാം. സഹസ്രാബ്ദങ്ങളുടെ സഹവര്‍ത്തിത്വ പാരമ്പര്യമുള്ള കേരളത്തിന്റെ മനസ്സിലേക്ക് രാഷ്ട്രീയ ഫാഷിസത്തിനു കയറിപ്പറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബഹുസ്വരത മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണിത്. വര്‍ഗീയ കലാപങ്ങളാല്‍ ഇന്‍ഡ്യയുടെ പല ഗ്രാമങ്ങളും കത്തിയെരിഞ്ഞപ്പോഴും അതിലെ ഒരു തീപ്പൊരി പോലും കേരളത്തില്‍ പതിക്കാതിരുന്നത് മതവൈരത്തിന്റെ വികാരം നമുക്ക് അന്യമായതുകൊണ്ടാണ്. കേവല വൈകാരികതയുടെ ആന്ദോളനങ്ങളാല്‍ മലയാളിയുടെ മനസ്സ് സ്വന്തമാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞവര്‍, സാംസ്‌കാരിക ഫാഷിസത്തിലൂടെ കൈരളിയുടെ ധിഷണയെ പാകപ്പെടുത്താനാണ് പിന്നീട് ശ്രമിച്ചുവന്നത്.

1920കളുടെ അവസാനം മുതല്‍ തന്നെ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും 1970കളുടെ അവസാനത്തോടെ അത് ശക്തമായി. ഇരുപത്തിയൊന്നു മാസം നീണ്ട അടിയന്തിരാവസ്ഥക്കുശേഷം, 1977 മുതല്‍ മലയാളി കുട്ടികള്‍ വായിച്ചുതീര്‍ത്ത ചിത്രകഥകള്‍ മുതല്‍ പാഠപുസ്തകങ്ങള്‍ വരെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലും നടന്ന ജ്ഞാനയജ്ഞങ്ങള്‍ മുതല്‍ ധ്യാന ശിബിരങ്ങള്‍ വരെയും പുറത്തിറങ്ങിയ ദിനപത്രങ്ങള്‍ മുതല്‍ ആനുകാലികങ്ങള്‍ വരെയും കണ്ട് ആസ്വദിച്ച ദൃശ്യമാധ്യമ സീരിയലുകള്‍ മുതല്‍ സിനിമകള്‍ വരെയും കാതും കണ്ണും കൂര്‍പ്പിച്ചിരുന്ന ന്യൂസ് ഹവറുകള്‍ മുതല്‍ ബ്ലോഗെഴുത്തുകളും ട്രോളുകളും വരെയും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയാല്‍ മലയാളീ മസ്തിഷ്‌കത്തിലേക്ക് സാംസ്‌കാരിക ഫാഷിസം ഇഴഞ്ഞും ചാടിയും കയറിയതെങ്ങനെയെന്ന് കൃത്യമായി വായിച്ചെടുക്കാനാവും.

1980കളുടെ തുടക്കം മുതല്‍തന്നെ, മലയാളീ മനസ്സിലേക്കുള്ള സാംസ്‌കാരിക ഫാഷിസത്തിന്റെ ഇഴഞ്ഞുള്ള വരവിനെക്കുറിച്ച് മനസ്സിലാക്കിയ മതനിരപേക്ഷ ബുദ്ധിജീവികളും എഴുത്തുകാരും അക്കാര്യം സൂചിപ്പിച്ചുകൊണ്ട് മാധ്യമങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. നോവല്‍ വായനയുടെ സ്‌ക്കൂള്‍ കാലത്തിനുശേഷം ഗൗരവവായനയുടെ കലാലയ കാലത്തേക്ക് കടന്നപ്പോള്‍ കലാകൗമുദിയിലും മാതൃഭൂമിയും ചിന്തയിലും ദേശാഭിമാനിയിലും ചന്ദ്രികയിലും ജനയുഗത്തിലും പാഠഭേദത്തിലും ഇല്യുസ്‌ട്രേറ്റഡ് വീക്കിലിയിലും ഫ്രണ്ട്‌ലൈന്‍ മാഗസിനിലും ഇന്‍ഡ്യ ടുഡേയിലും ദി വീക്കിലുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ട ഇത്തരത്തിലുള്ള നിരവധി പഠനങ്ങള്‍ വായിക്കുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുവാന്‍ വേണ്ടി ബ്രിട്ടീഷുകാരന്‍ പടച്ച ചരിത്രാഖ്യാനത്തിന് ഭാരതീയതയുടെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന നമ്മുടെ സ്‌ക്കൂള്‍ ചരിത്രപാഠപുസ്തകങ്ങള്‍ക്കകത്ത് പതിയിരിക്കുന്ന ഫാഷിസത്തിന്റെ ബീജത്തെക്കുറിച്ച് ശബാബില്‍ ഖണ്ഡശ്ശയായി എഴുതാന്‍ തുടങ്ങിയത് ബിരുദകാലത്താണ്.

മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്, ഈ ലേഖനങ്ങളില്‍ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ എം.എസ്.എം സംസ്ഥാനസമിതി സംഘടിപ്പിച്ച ‘ചരിത്ര പാഠപുസ്തകങ്ങളിലെ വര്‍ഗീയതക്കെതിരെ’യെന്ന തലവാചകത്തോടെയുള്ള കാമ്പയിനിന്റെ സംഘാടനത്തിനു മുന്നില്‍ നില്‍ക്കുവാനും അവസരമുണ്ടായി. കാമ്പയിനോടനുബന്ധിച്ച് പ്രസ്തുത ലേഖനങ്ങള്‍ ക്രോഡീകരിച്ച് എം.എസ്.എം പ്രസിദ്ധീകരിച്ച ‘വര്‍ഗീയത വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍’ എന്ന പഠനമാണ് ആദ്യമായി പുറത്തിറങ്ങിയ എന്റെ പുസ്തകം. ഈ പുസ്തകം അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെല്ലാം എത്തിച്ചുകൊടുക്കുകയും ചരിത്ര പാഠപുസ്തകങ്ങളിലൂടെ വളരുന്ന വര്‍ഗീയതയെ വേരോടെ പിഴുതെറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.എസ്.എം സംഘടിപ്പിച്ച സെമിനാറുകളില്‍ അത്തരക്കാരോടൊപ്പം വേദി പങ്കിടുകയും ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. സാംസ്‌കാരിക ഫാഷിസത്തിന്റെ ബീജങ്ങള്‍ സ്ഥിതി ചെയ്യുന്നത് പാഠപുസ്തകങ്ങളിലാണെന്ന വസ്തുത സമൂഹത്തെ തെര്യപ്പെടുത്തുന്നതിനായി കേരളത്തില്‍ നടന്ന ഒന്നാമത്തെ വിദ്യാര്‍ത്ഥി കാമ്പസിനില്‍ തന്നെ സജീവമായ പങ്കാളിത്തത്തിനു സാധിച്ചതിനാല്‍ പ്രസ്തുത കാമ്പയിന്‍ നടന്ന 1986ന് മുമ്പും ശേഷവുമെല്ലാം ആ വിഷയം പഠിക്കുവാനും ചര്‍ച്ചകളില്‍ പങ്കെടുക്കുവാനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരിക ഫാഷിസത്തിന്റെ വേരുകളെയും വളര്‍ച്ചയെയുംകുറിച്ച പഠനങ്ങളും അതിനെ ബൗദ്ധികമായി പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന ചിന്തകളും ബാബ്‌രി മസ്ജിദിന്റെ പതനത്തിന് ഏറെ മുമ്പുതന്നെ കേരളത്തിലുണ്ടായിട്ടുണ്ടെന്നര്‍ത്ഥം.

ബാബ്‌രി മസ്ജിദിന്റെ പതനത്തിനുമുമ്പ്, അതിന്റെ അവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെ, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും ഭീഷണിയായ ഫാഷിസത്തിനെതിരെ നാടിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും കൂട്ടായ്മയാണ് ആവശ്യമെന്നു വിളംബരം ചെയ്തുകൊണ്ട് ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ കേരളത്തിലുടനീളം നടത്തിയ ‘ഫാഷിസത്തിനെതിരെ കൂട്ടായ്മ’യെന്ന തലക്കെട്ടിലുള്ള സെമിനാറുകളില്‍ അവസാന പ്രാസംഗികനായിക്കൊണ്ടാണ് രാഷ്ട്രീയകക്ഷി പ്രതിനിധികളോട് എങ്ങനെ സംവദിക്കണമെന്നു ഞാന്‍ പഠിച്ചത്. പ്രസംഗങ്ങളോടൊപ്പമുള്ള പഠനവും അതോടൊപ്പമുള്ള എഴുത്തുമായി മുന്നോട്ടു പോയപ്പോള്‍ ശബാബിന്റെ ലക്കങ്ങളില്‍ ഫാഷിസത്തിനെതിരെയുള്ള ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പ്രസ്തുത ലേഖനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് ‘ഫാഷിസം വളരുന്ന വഴി’യെന്ന ലഘു പുസ്തകം പുറത്തിറങ്ങുന്നത്. സെമിനാറുകളിലെ വിഷയാവതാരകനായിരുന്ന അബൂബക്കര്‍ കാരക്കുന്നിനായിരുന്നു അന്ന് യുവത ബുക്ക് ഹൗസിന്റെ ഉത്തരവാദിത്തമെന്നതിനാല്‍ പുസ്തകപ്രസാധനത്തിന് മുന്നില്‍ നിന്നതും ലേഖനങ്ങള്‍ ക്രോഡീകരിച്ച് എഡിറ്റു ചെയ്തതും പുസ്തകത്തിന്റെ തലക്കെട്ടു നിര്‍ദ്ദേശിച്ചതും പുറംചട്ട വരപ്പിച്ചതുമെല്ലാം അദ്ദേഹമായിരുന്നു. (നാഥാ, നിന്റെയടുത്തെത്തിക്കഴിഞ്ഞ സുഹൃത്ത് അബൂബക്കറിനെയും ഞങ്ങളെയുമെല്ലാം നീ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടേണമേ, ആമീന്‍).

പൗരന്‍മാരുടെ തലച്ചോറും ഹൃദയവും നേടിയെടുക്കുന്നതിനായി ഫാഷിസമുപയോഗിക്കുന്ന വ്യത്യസ്ത സങ്കേതങ്ങളെയും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെയും വിവരിച്ചശേഷം അതിനെ ഉപസംഹരിച്ചുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്. ”ഇനിയാണ് പ്രധാനപ്പെട്ട പ്രശ്‌നം നമുക്ക് ചര്‍ച്ച ചെയ്യേണ്ടത്. നമ്മള്‍ എങ്ങനെ പ്രതികരിക്കണം? എന്താണൊരു പോംവഴി? സവര്‍ണ ഫാഷിസത്തിന്റെ മുസ്‌ലിം ഉന്മൂലന ശ്രമങ്ങളെ എങ്ങനെ നേരിടണം? ഈ പ്രശ്‌നങ്ങള്‍ പണ്ഡിതന്‍മാരും ബുദ്ധിജീവികളും നേതാക്കളും കൂടിയിരുന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി ഒരു ഉമ്മത്ത് എന്ന നിലയ്ക്കുള്ള മുസ്‌ലിമിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനെ എങ്ങനെ നേരിടണമെന്ന്, ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാനുള്ള സന്‍മനസ്സ് കാണിക്കാന്‍ വിവിധ വിഭാഗങ്ങളില്‍പെട്ട നേതാക്കള്‍ സന്നദ്ധരാവണം. ഇവ്വിഷയകയമായി ഏതാനും അഭിപ്രായങ്ങള്‍ കുറിക്കുകയാണ്.

മലയാള മനസ്സിലും സമൂഹത്തിലും വേരോടുവാന്‍ ശ്രമിക്കുന്ന ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ കാല്‍നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഇന്നും പ്രസക്തമാണെന്നു തോന്നുന്നു. അവ ഇങ്ങനെ സംക്ഷേപിക്കാം.

1. അല്ലാഹുവിന്റെ സഹായത്തിന് പാത്രമാകുംവിധം മുസ്‌ലിം സമുദായം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ സ്വയം നവോത്ഥാനത്തിന് വിധേയമാവുക.
2. ശത്രുക്കളും മിത്രങ്ങളുമായ അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോട് വെറുപ്പുണ്ടാക്കുവാന്‍വേണ്ടി ഫാഷിസം മെനയുന്ന വിമര്‍ശനങ്ങളുടെ നിജസ്ഥിതി വ്യക്തിമാക്കിക്കൊടുക്കുന്ന രീതിയില്‍ ഇസ്‌ലാമിക പ്രബോധനരംഗം സജീവമാക്കുകയും അത് ഗുണകാംക്ഷാനിര്‍ഭരമാക്കുകയും ചെയ്യുക.
3. ഇസ്‌ലാമിക പ്രബോധനത്തിന് ഉപയുക്തമായ മതനിരപേക്ഷതയുടെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനനുവദിക്കാതെ പ്രബോധനരംഗവും സംഘടനാപ്രവര്‍ത്തനരംഗവും മുന്നോട്ടുകൊണ്ടുപോവുക.
4. സംഘടനകള്‍ തമ്മിലുള്ള ആദര്‍ശവ്യത്യാസങ്ങള്‍ നിലനിര്‍ത്തുകയും ആ രംഗത്തെ പ്രബോധനങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം നടത്തുകയും ചെയ്യുമ്പോള്‍ തന്നെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഒന്നിച്ചുനിന്ന് ബുദ്ധിപരമായി പോരാടുവാന്‍ സമുദായാംഗങ്ങളെല്ലാം സന്നദ്ധമാവുക.
5. ഉദ്യോഹസ്ഥ തലങ്ങളിലും നേതൃരംഗത്തും സമുദായാംഗങ്ങള്‍ക്ക് കയറിപ്പറ്റുവാന്‍ കഴിയുന്ന രൂപത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരിക.
6. സാമുദായിക രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ എല്ലാ മുസ്‌ലിംകളും സജീവമാവുകയും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഓരോരുത്തരുടെയും ഭാഗധേയം നിര്‍വഹിക്കുകയും ചെയ്യുന്നതോടൊപ്പം ജനാധിപത്യപ്രക്രിയയിലൂടെ ഫാഷിസത്തിന് ശക്തമായ പ്രതിരോധം തീര്‍ക്കുക.
7. ന്യൂനപക്ഷ സുമദായത്തില്‍ തീവ്രവാദം വളര്‍ത്തിക്കൊണ്ട് അതിനുള്ള മറുമരുന്നാണ് ഫാഷിസമെന്ന ബോധം ഭൂരിപക്ഷ സമുദായത്തില്‍ വളര്‍ത്തുവാനാണ് ഫാഷിസം ശ്രമിക്കുകയെന്നതിനാല്‍ തന്നെ തീവ്രവാദം വളരുന്ന സാഹചര്യങ്ങളെയെല്ലാം മുളയിലേ നുള്ളിക്കളയാന്‍ സമുദായനേതൃത്വവും മുസ്‌ലിം പണ്ഡിതന്‍മാരും ജാഗ്രത കാണിക്കുക.

1988 മുതലുള്ള നാലര വര്‍ഷക്കാലത്തെ അന്തമാന്‍ ജീവിതത്തിലാണ് പോര്‍ട്ട്ബ്ലയര്‍ സെന്‍ട്രല്‍ ലൈബ്രറിയിലെ പൊടിപിടിച്ച പുസ്തകക്കൂമ്പാരങ്ങളില്‍ കാര്യമായി ആരും തൊട്ടുനോക്കിയിട്ടില്ലാത്ത പഴയതും പുതിയതുമായ പുസ്തകങ്ങളും ബംഗാളികളായ അന്തമാന്‍ പത്രപ്രവര്‍ത്തകരുടെ ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങളും കൂടി ഫാഷിസത്തിന്റെ വേരുകളെയും വളര്‍ച്ചയെയും കുറിച്ച കുറച്ചുകൂടി തെളിമയാര്‍ന്ന ചിത്രം നല്‍കിയത്. കക്ഷിരാഷ്ട്രീയമല്ല സാംസ്‌കാരിക രാഷ്ട്രീയമാണ് സ്വന്തം മേഖലയെന്നു തീരുമാനിക്കുന്നത് ഈ ചിത്രം നല്‍കിയ ഉള്‍ക്കാഴ്ചയില്‍നിന്നാണ്. ഹിന്ദുമതത്തിന്റെ അകക്കാമ്പിനെക്കുറിച്ച അന്വേഷണവും പ്രസ്തുത പഠനത്തില്‍നിന്നു ലഭിച്ചതെല്ലാം ശബാബിന്റെ വായനക്കാരുമായി പങ്കുവെക്കുകയും ചെയ്തുകൊണ്ടുള്ള മൂന്നു വര്‍ഷങ്ങള്‍! ഫാഷിസം പറയുന്ന ഹിന്ദുത്വമല്ല ഋഷിപ്രോക്തമായ ഭാരതീയ ദര്‍ശനമെന്ന് സ്ഥാപിച്ചുകൊണ്ടുള്ള പ്രസ്തുത ലേഖനങ്ങളാണ് ‘ഹൈന്ദവത; ധര്‍മവും ദര്‍ശനവും’ എന്ന പേരില്‍ ക്രോഡീകരിച്ച് യുവത ബുക്ക് ഹൗസ് പുറത്തിറക്കിയത്. അതിന്റെയും തലക്കെട്ട് നിര്‍ദ്ദേശിച്ചതും പുറംചട്ട വരപ്പിച്ചതും ആമുഖമെഴുതിയതുമെല്ലാം സുഹൃത്ത് അബൂബക്കര്‍ കാരക്കുന്നു തന്നെ! ഈ പഠനത്തിനിടക്ക് പരിചയപ്പെട്ട പോര്‍ട്ട്ബ്ലയര്‍ ചിന്‍മയാ മിഷനിലെ ബ്രഹ്മചാരി സമര്‍ത്ഥചൈതന്യയുമായുള്ള സൗഹൃദം വഴി മിഷന്റെ പുസ്തകശേഖരം തുറന്നുകിട്ടിയതും ഗവേഷണത്തിന് സഹായകമായി. ലോകം ചുറ്റിക്കൊണ്ടുള്ള തന്റെ ഗീതാജ്ഞാനയജ്ഞങ്ങള്‍ക്കിടയില്‍ പോര്‍ട്ട്ബ്ലയറിലെത്തിയ ചിന്‍മയാനന്ദ സരസ്വതിസ്വാമികളെ അദ്ദേഹത്തിന്റെ വിശ്രമമുറിയില്‍ വെച്ചുകണ്ട്  ഇസ്‌ലാമിനെക്കുറിച്ചു സംസാരിച്ചതും മാര്‍മഡ്യൂക് പിക്താളിന്റെ ക്വുര്‍ആന്‍ പരിഭാഷ കൈമാറിക്കൊണ്ട് അത് വായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതുമാണ് ഒരു ഹിന്ദുസ്വാമിയുമായി വ്യക്തിപരമായി നടന്ന ആദ്യത്തെ സ്‌നേഹസംവാദം.

മുഹമ്മദ് നബി(സ)യെക്കുറിച്ച് വളരെ മ്ലേഛമായി എഴുതിയ ‘ദി ലൈറ്റ് ഓഫ് അന്തമാന്‍’ പത്രാധിപര്‍ ശ്രീ. പരശുറാമിനുള്ള മറുപടിയെഴുതി നല്‍കിയപ്പോള്‍, പ്രസിദ്ധീകരിക്കുവാന്‍ കഴിയില്ലെന്നു അറിയിച്ചതിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘ദി സൊമര്‍ സോള്‍ട്ട് ഓഫ് പരശുറാം’ എന്ന ലഘുലേഖയാണ് ആദ്യത്തെ ഇംഗ്ലീഷ് ഇടപെടല്‍. പ്രസ്തുത ലഘുലേഖക്കുള്ള മേല്‍വിലാസമായി രൂപംകൊണ്ട ഇസ്‌ലാമിക് സെന്റര്‍ അന്തമാനിന്റെ നേതൃത്വത്തില്‍, അന്തമാനിലുള്ള മുഴുവന്‍ മുസ്‌ലിംകളെയും സംഘടിപ്പിച്ച് അന്ന് അവിടത്തെ ഭരണാധികാരിയായിരുന്ന ലഫ്. ഗവര്‍ണര്‍ സുര്‍ജിത്ത് സിംഗ് ബര്‍ണാലയുടെ ഓഫീസിലേക്ക് പരശുറാമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സാംസ്‌കാരിക ഫാഷിസത്തിനെതിരെ സ്വന്തമായി നേതൃത്വം കൊടുത്തു സംഘടിപ്പിച്ച ഒന്നാമത്തെ ബഹുജന മുന്നേറ്റം. പ്രസ്തുത മുന്നേറ്റത്തിന്റെ ഫലമായി, നാട്ടില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പരശുറാമിനെതിരെ അന്തമാന്‍ ഭരണകൂടം കേസ് എടുത്തപ്പോള്‍ ഇസ്‌ലാമിക് സെന്റര്‍ അന്തമാന്‍സിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സാക്ഷിയായിക്കൊണ്ടാണ് ആദ്യമായി കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഇനി മേലില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതുകയില്ലെന്നും എഴുതിയതില്‍ ഖേദമുണ്ടെന്നും പരശുറാമിനെക്കൊണ്ട് പത്രത്തിലെഴുതിക്കുന്ന രീതിയില്‍ ബ്രാഹ്മണനായ ജഡ്ജിയെക്കൊണ്ട് വിധി പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞതാണ് സാംസ്‌കാരിക ഫാഷിസത്തിനെതിരെ നടത്തിയ സമരത്തിന്റെ ഒന്നാമത്തെ വിജയം.

പരശുറാമും അദ്ദേഹത്തിന്റെ കൂട്ടാളികളുമായുള്ള എഴുത്തുകുത്തുകള്‍ക്കിടയിലാണ് ഡോ. ബാബു സുശീലന്‍ എന്ന മലയാളിയായ അമേരിക്കക്കാരനെ പരിചയപ്പെടുന്നതും അദ്ദേഹവുമായി നടന്ന കത്തിടപാടുകള്‍ വഴി ഫാഷിസത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ എങ്ങനെ കേരളത്തെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാവുന്നതും. അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കുന്നതിനായാണ് ‘വര്‍ഗീയതയും ഷോവനിസവും’ എന്ന ലേഖനമെഴുതുന്നത്. 1992 സെപ്റ്റംബര്‍ 26നു പുറത്തിറങ്ങിയ ‘പ്രബോധനം’ വാരികയുടെ മുഖലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത പഠനത്തില്‍ എങ്ങനെയാണ് ഇന്‍ഡ്യയില്‍ പിടിമുറുക്കേണ്ടതെന്ന, സംഘബുദ്ധിജീവികളുടെ 1990 ജൂണ്‍ നാലാം തീയതി നടന്ന രഹസ്യയോഗത്തിലെ തീരുമാനങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതൊന്നും യാദൃച്ഛികമല്ലെന്ന് കാല്‍നൂറ്റാണ്ട് മുമ്പെഴുതിയ പ്രസ്തുത ലേഖനം വായിച്ചാല്‍ മനസ്സിലാകും. തലച്ചോറിനകത്തുമുഴുവന്‍ വര്‍ഗീയത നിറച്ച ഉദ്യോഗസ്ഥന്‍മാരെയും വിലയ്‌ക്കെടുത്ത മാധ്യമങ്ങളെയുമുപയോഗിച്ച് എങ്ങനെ സാമുദായിക ധ്രുവീകരണം സാധിക്കാമെന്ന് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുചിന്തിച്ചവരുണ്ടാക്കിയ പ്ലാനുകളുടെ ദുരിതമാണ് ഇന്ന് മലയാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന സത്യം പ്രസ്തുത ലേഖനത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഇസ്‌ലാമിക പ്രബോധനമെന്ന ഉത്തരവാദിത്തത്തിന്റെ നിര്‍വഹണത്തോടൊപ്പം തന്നെ സാംസ്‌കാരിക ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പുകൂടി ലക്ഷ്യമാക്കിക്കൊണ്ടാണ് അന്തമാനില്‍ നിന്നും തിരിച്ചെത്തിയ ശേഷം കേരളത്തിന്റെ തെരുവുകള്‍ സ്‌നേഹസംവാദങ്ങളാല്‍ സജീവമാകുന്നത്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുകൊണ്ടാണ് വായനക്കാരും ബുദ്ധിജീവികളുമായവരുടെ തലച്ചോറുകള്‍ക്കകത്തേക്ക് ഫാഷിസം ഇഴഞ്ഞു കയറുന്നതെന്ന് ചിന്‍മയ മിഷന്‍ ലൈബ്രറിയിലെയും പോര്‍ട്ട് ബ്ലയറില്‍ ‘നല്ല’നിലയില്‍ നടക്കുന്ന ചില സ്‌ക്കൂളുകളിലെ ലൈബ്രറികളിലെയുമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമുണ്ടായപ്പോള്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇസ്‌ലാമും പ്രവാചകനും (സ) പരിശുദ്ധ ക്വുര്‍ആനും പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുകയും മറ്റു മതാദര്‍ശങ്ങളുമായി ഇസ്‌ലാമിക തത്വങ്ങള്‍ മാറ്റുരക്കപ്പെടുകയും ചെയ്യുക വഴി ഫാഷിസത്തിന്റെ വൈറസുകള്‍ വളരെ സമര്‍ത്ഥമായി ഹൃദയത്തിലുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കുവാനാകുമെന്ന് അനുഭവങ്ങള്‍ നല്‍കിയ അറിവായിരുന്നു സ്‌നേഹസംവാദങ്ങള്‍ക്കുള്ള പ്രേരകം. തെറ്റിദ്ധാരണകളുടെ വ്രണങ്ങളില്‍ ജീവിക്കുന്ന സാംസ്‌കാരിക ഫാഷിസത്തിന്റെ പ്രാണികള്‍ക്ക് അരോചകമായിരുന്നു സ്‌നേഹസംവാദങ്ങളെങ്കിലും അത് കേരളത്തിന്റെ പൊതുസമൂഹത്തില്‍ മതാന്തര പഠനങ്ങള്‍ക്കുള്ള പ്രചോദകമായിത്തീര്‍ന്നുവെന്ന വസ്തുത നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ ഇസ്‌ലാമാണ് സത്യമെന്ന് ഉദ്‌ഘോഷിക്കുന്ന സ്‌നേഹസംവാദങ്ങളിലൂടെ തെറ്റിദ്ധാരണകളുടെ വ്രണങ്ങളുണക്കുകയെന്ന സാമൂഹികദൗത്യം നിര്‍വഹിക്കപ്പെട്ടപ്പോള്‍ വ്രണങ്ങളില്‍ ജീവിക്കുന്നവര്‍ക്കും അവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നവര്‍ക്കും ആക്ഷേപഹാസ്യത്തിന്റെ ട്രോളുകളില്‍ അഭയം തേടേണ്ടി വന്നുവന്നതാണ് വാസ്തവം.

മുസ്‌ലിംകളെ തീവ്രവാദികളാക്കിത്തീര്‍ത്തുകൊണ്ടാണ് ഫാഷിസവും സാമ്രാജ്യത്വവുമെല്ലാം തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതെന്ന വസ്തുത, ഏതെങ്കിലുമൊരു സംഘടനയോടുള്ള അന്ധമായ വിധേയത്വത്തില്‍ നിന്നുണ്ടായ വിളിച്ചു പറയലല്ല; പ്രത്യുത, നിരന്തരമായ പഠനത്തില്‍ നിന്നു മനസ്സിലായ സത്യത്തിന്റെ വിളംബരമാണ്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ ഉറക്കെപ്പറഞ്ഞു കൊണ്ടിരിക്കുന്ന സത്യമാണത്. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റേതല്ലെന്നും ഇസ്‌ലാമിക പ്രബോധനത്തിനും മുസ്‌ലിംകളുടെ നിലനില്‍പിനും അവ അപകടം മാത്രമേയുണ്ടാക്കൂവെന്നുമുള്ള പൂര്‍ണ ബോധ്യത്തില്‍ നിന്നുണ്ടായതാണ് പ്രസ്തുത വിളംബരം. ആരെയെങ്കിലും തീവ്രവാദികളായി മുദ്ര കുത്തി ജയിലിലടക്കണമെന്ന ആഗ്രഹം കൊണ്ടല്ല, തികച്ചും ഇസ്‌ലാം വിരുദ്ധമായ ഭീകരാശയങ്ങളില്‍ നിന്ന് സഹജീവികളെ തടഞ്ഞ് അല്ലാഹുവിന്റെ തൃപ്തിയിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും നയിക്കണമെന്ന അഭിലാഷം കൊണ്ടാണ് അക്കാര്യം തുറന്നു പറയുന്നത്. സമൂഹം അസന്‍മാര്‍ഗികളെന്ന് മുദ്രകുത്തിയപ്പോഴും അധര്‍മങ്ങളെക്കെതിരെയുള്ള സമരത്തില്‍ നിന്നു പിന്നോട്ടു പോകാത്ത പ്രവാചകന്‍മാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവര്‍, ലോകം മുഴുവന്‍ തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ചാലും തികച്ചും ഇസ്‌ലാം വിരുദ്ധമായ തീവ്ര-ഭീകര വാദങ്ങള്‍ക്കെതിരെയുള്ള ആദര്‍ശപോരാട്ടത്തില്‍ നിന്ന് അല്‍പം പോലും പിന്നോട്ടു പോവുകയില്ല. തീവ്രവാദികളും ഭീകരവാദികളുമെല്ലാം ശത്രുവിന്റെ ഇരകളാണെന്നും ക്വുര്‍ആനിന്റെയും നബിജീവിതത്തിന്റെയും ശാന്തി പാഠങ്ങളിലേക്ക് അവരെ കൊണ്ടുവരേണ്ടത് അവരെ സഹോദരങ്ങളായി സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നുമാണ്, അവരെ ജയിലിലടച്ച് പീഡിപ്പിക്കണമെന്നോ വെടിവെച്ചു കൊല്ലണമെന്നോ അല്ല, ഇസ്‌ലാമിക പ്രബോധകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

1990 ജൂണ്‍ നാലാം തീയതി നടന്ന ഇന്റലിജന്‍ഷ്യയുടെ രഹസ്യയോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ബാബ്‌രി മസ്ജിദിന്റെ പതനത്തിനുമുമ്പു തന്നെ എഴുതിയ ലേഖനങ്ങളില്‍ സൂചിപ്പിച്ചുവെന്നു പറഞ്ഞുവല്ലോ. ‘ഫാഷിസം വളരുന്ന വഴി’യെന്ന പുസ്തകത്തില്‍ എണ്ണമിട്ടു പറഞ്ഞ പ്രസ്തുത തീരുമാനങ്ങള്‍ കാല്‍നൂറ്റാണ്ടുകള്‍ക്കുശേഷം ഒന്നുകൂടി വായിക്കുക.

1. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ക്വുര്‍ആനിനെയും പ്രവാചകനെയും സംബന്ധിച്ച് സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുക.
2. മുസ്‌ലിംകള്‍, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാരായ ഹിന്ദുക്കളെ ബോധ്യപ്പെടുത്തുക.
3. ഇവിടെ മുസ്‌ലിംകള്‍ ഭരിച്ച കാലഘട്ടങ്ങളിലെല്ലാം ഹിന്ദുക്കള്‍ അടിച്ചമര്‍പ്പെടുകയായിരുന്നുവെന്നും ഹിന്ദു സ്ഥാപനങ്ങള്‍ ധ്വംസിക്കപ്പെടുകയായിരുന്നുവെന്നും സാധാരണക്കാരായ ജനങ്ങളെ പഠിപ്പിക്കുക.
4. ഹിന്ദുരാഷ്ട്രം ചരിത്രത്തിന്റെ അനിവാര്യതയാണെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഹിന്ദു യുവതയുടെ ബാധ്യതയാണെന്നും ബോധ്യപ്പെടുത്തുക.
5. മുസ്‌ലിംകളെ പ്രകോപിപ്പിക്കുക. ഇത് ഹിന്ദുക്കള്‍ക്കെതിരെ വൈകാരികമായി പ്രതികരിക്കുവാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കും. അതില്‍ നിന്നും ഹിന്ദു സാധാരണക്കാരെ മുസ്‌ലിംകള്‍ക്കെതിരാക്കാന്‍ കഴിയും.
6. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കുക. ഇതു ചേരിതിരിവിനു കാരണമാവുകയും മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ സംഘടിപ്പിക്കുവാന്‍ കഴിയുകയും ചെയ്യും.
7. തങ്ങളുടെ പാതയില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നവരെ ഉന്മൂലനം ചെയ്യുക.

ഇനി നാം ആലോചിക്കുക; ഇതുതന്നെയല്ലേ ഇന്നിവിടെ നടന്നുകൊണ്ടിരിക്കുന്നത്?

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ആയുധങ്ങളുപയോഗിച്ച് ഫാഷിസത്തെ പ്രതിരോധിക്കുവാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ നമ്മുടെ നാടിനെയാണ് ഇവര്‍ തകര്‍ക്കുക. തലമുറകളിലൂടെ കൈമാറിവന്ന സൗഹൃദത്തിന്റെ പൈതൃകത്തിനാണ് അവര്‍ തീ കൊളുത്തുക. ബഹുസ്വരതയുടെ വര്‍ണവൈവിധ്യമില്ലെങ്കില്‍ പിന്നെയെന്ത് ഇന്‍ഡ്യ?! സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥമായ ഹസ്തദാനങ്ങളില്ലെങ്കില്‍ പിന്നെയെന്ത് കേരളം!?

‘തങ്ങളുടെ പാതയില്‍ പ്രതിബന്ധമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ ഉന്‍മൂലനം ചെയ്യുക’യെന്ന അവസാനത്തെ തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിനെയുപയോഗിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. അവരോട് ഒറ്റക്കെട്ടായി ‘അരുത്’ എന്നുപറയുവാന്‍ മലയാളികള്‍ക്കാവുമോയെന്നാണ് നമ്മുടെ നാട് നമ്മോട് ചോദിക്കുന്നത്. ‘ഇല്ലാ’യെന്നാണ് നമ്മുടെ ഉത്തരമെങ്കില്‍  വലിയ തലക്കനമായി നമ്മളെല്ലാം പറയുന്ന ബഹുസ്വരതയുടെ ഇന്‍ഡ്യ പിന്നെ ചരിത്രപുസ്തകങ്ങളില്‍ മാത്രമാണുണ്ടാവുക.

*                *                **
ഇപ്പോള്‍ സിംഹത്തിന് ഒരു ഇരയെ കിട്ടിയിരിക്കുന്നു! അതിന്റെ മാംസവും രക്തവുമെല്ലാം ആസ്വദിച്ചു തിന്നുകയാണ് സിംഹം. അവനെ കിട്ടിയതുകൊണ്ട് ഞങ്ങളെല്ലാം രക്ഷപെട്ടുവെന്ന് നാളെ ഇരകളാകാനുള്ളവര്‍ കരുതി സമാധാനിക്കുന്നുണ്ടോയെന്നറിയില്ല. സിംഹം ഇരയെ പിടിച്ചത് ശരിയല്ലെങ്കിലും അവന്റെ കയ്യിലിരിപ്പുകൊണ്ടാണ് അവന്‍ പിടിക്കപ്പെട്ടതെന്ന് അവരിലാരെങ്കിലും വാദിക്കുന്നുണ്ടോയെന്നും നമുക്കറിയില്ല. സിംഹത്തിന്റെ ദ്രഷ്ടങ്ങള്‍ക്കിടയില്‍ രക്തം വാര്‍ന്നൊഴുകുന്ന ഇരയുടെ ഹൃദയമിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവന്‍ പോയിക്കഴിഞ്ഞിട്ടില്ലാത്ത അത് വിളിച്ചു പറയുന്നുണ്ടോ! ‘ഇരകളേ നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുക; ഇനിയാരെയും സിംഹത്തിന് ഒറ്റയ്ക്ക് വിട്ടുകൊടുക്കാതിരിക്കുക.’


Tags :


mm

Admin