നവോത്ഥാന കേരളത്തെക്കുറിച്ച് പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്? / മുഖ്യമന്ത്രിയോട് നിയമസഭയിൽ എം കെ മുനീർ
14 December 2018 | Reports
തിരുവനന്തപുരം: കേരളീയ നവോത്ഥാന മൂല്യങ്ങളെ സംബന്ധിച്ച സംസ്ഥാന സർക്കാർ അവതരണം ഫലത്തിൽ വർഗീയമായി മാറുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് എം എൽ എയുമായ ഡോ എം കെ മുനീർ നിയമസഭാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. നവോത്ഥാന കേരളത്തിന്റെ സംരക്ഷണത്തിന് എന്ന പേരിൽ പിണറായി ഗവൺമെന്റ് സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിശേഷിപ്പിച്ച പരാമർശം മുനീർ പിൻവലിക്കണമെന്ന് ഭരണപക്ഷ എം എൽ എമാർ ബഹളം വെച്ച് ആവശ്യപ്പെട്ടപ്പോഴാണ് എന്തുകൊണ്ട് താൻ അങ്ങനെ പറയുന്നുവെന്ന് വിശദീകരിക്കുകയും പരാമർശം പിൻവലിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത് മുനീർ പ്രസംഗിച്ചത്.
വനിതകളുടെ മതിൽ ആയതുകൊണ്ടല്ല താൻ അതിനെ വർഗീയം എന്ന് വിളിക്കുന്നത്. നവോത്ഥാനത്തെ പിന്തുണക്കുന്നവരാണ് തങ്ങൾ. എന്നാൽ നവോത്ഥാനം ഹിന്ദുസമൂഹം മാത്രമായി ഉണ്ടാക്കിയ ഒന്നല്ല. വക്കം മൗലവിയും മക്തി തങ്ങളും മുസ്‌ലിം സമുദായത്തിൽ നിന്ന് നവോത്ഥാന കേരളത്തിനുവേണ്ടി അധ്വാനിച്ചവരാണ്. അവരെ ഈ ചർച്ചകളിൽ സർക്കാർ തമസ്കരിക്കുന്നു. ക്രിസ്ത്യൻ നവോത്ഥാന നായകരും പരാമർശിക്കപ്പെടുന്നില്ല. പിന്നെ, സുഗതനെയും വെള്ളാപള്ളിയെയും പോലുള്ള കടുത്ത വർഗീയവാദികളെയാണ് കേരളീയ നവോത്ഥാനത്തിന്റെ പ്രതിനിധികൾ ആയി വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്. ഇതുകൊണ്ടൊക്കെയാണ് വനിതാ മതിൽ വർഗീയ മതിൽ ആണെന്ന് തനിക്ക് പറയേണ്ടി വരുന്നത്. അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നു-മുനീർ വിശദീകരിച്ചു.