ഞാൻ ഇസ്‌ലാം സ്വീകരിച്ച കഥ
29 June 2019 | അനുഭവം
യൂസുഫ് എസ്റ്റസ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഞാൻ വർഷങ്ങൾക്ക് മുമ്പ് ഒരു സത്യക്രിസ്ത്യാനിയായിരുന്നു. സ്കിപ്പ് എന്നായിരുന്നു എന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ചിരുന്നത്. ക്രിസ്തുമത പ്രചാരണം കൗമാരകാലത്ത് തന്നെ ആരംഭിക്കുകയും തൊള്ളായിരത്തിയൻപതുകൾ മുതൽ മേൽവിലാസമുള്ള ഒരു സംഗീതജ്ഞനായി പേരെടുക്കുകയും ചെയ്ത സ്കിപ്പ് എന്ന ക്രിസ്ത്യാനി എങ്ങനെയാണ് ഇന്നത്തെ എസ്റ്റസ് ആയി മാറിയത് എന്ന് പലരും ചോദിക്കാറുണ്ട്. ആ കഥയാണ് ഞാനിവിടെ സംക്ഷിപ്തമായി രേഖപ്പെടുത്തുന്നത്.
ക്രിസ്തുമതത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന അമേരിക്കൻ കുടുംബത്തിലായിരുന്നു എന്റെ ജനനം. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ചർച്ചുകളും സെമിനാരികളും സ്ഥാപിക്കാൻ മുൻകൈയെടുത്തവരാണ് എന്റെ കുടുംബക്കാർ. കൗമാരപ്രായമായപ്പോഴേക്കും ക്രിസ്തുമതത്തിലെ വിവിധ അവാന്തരവിഭാഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള മോഹം എന്നിൽ തളിരിട്ടു. ബാപ്റ്റിസ്റ്റുകളുടെയും മെത്തഡിസ്റ്റുകളുടെയും കത്തോലിക്കരുടെയും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെയുമൊക്കെ പരിപാടികളിൽ പങ്കെടുത്ത് അവരെക്കുറിച്ചെല്ലാം ആ കാലത്ത് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. അന്വേഷണത്വര ക്രിസ്തുമതത്തിനകത്ത് മാത്രം കുരുക്കിയിടാതെ ഹിന്ദു- ബുദ്ധ- ജൂത ദർശനങ്ങളെയും അമേരിക്കൻ നാട്ടുപാരമ്പര്യങ്ങളെയും ഞാൻ സഗൗരവം വായിച്ചു. പക്ഷേ, ഈ സമയത്തൊന്നും ഇസ്‌ലാം എന്റെ സജീവ ശ്രദ്ധയെ ആകർഷിച്ചിരുന്നില്ല.
സംഗീതം അപ്പോഴേക്കും ഒരു ലഹരിയായിത്തന്നെ എന്നെ പിടികൂടിയിരുന്നു. നിരവധി ക്രിസ്ത്യൻ പള്ളികളിൽ ഔദ്യോഗിക സംഗീതാവതാരകനായി ഞാൻ വേഷമിട്ടു. ശാസ്ത്രീയ സംഗീതം ചിട്ടയോടെ അഭ്യസിച്ചു. സംഗീതം എനിക്ക് മതപ്രചാരണത്തിനുള്ള ഉപാധി കൂടിയായിരുന്നു.
തൊള്ളായിരത്തിയറുപതുകൾക്ക് ശേഷം അമേരിക്കൻ ഐക്യനാടുകളിൽ എന്റേതായി നിരവധി സ്റ്റുഡിയോകൾ പിറന്നു.
സംഗീത-വിനോദ പരിപാടികൾ വഴി ഞങ്ങൾ ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തി. ഞാനും പിതാവും ലക്ഷങ്ങൾ സമ്പാദിച്ചു. എന്നാൽ നോട്ടുകെട്ടുകൾ കൊണ്ട് മാത്രം ശാന്തികൈവരിക്കാൻ കഴിയില്ലെന്ന് ഏറെ താമസിയാതെ എനിക്ക് ബോധ്യമായി.
മതപരമായ വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആർജ്ജിക്കാതെ മനസ്സ് സമാധാനമടയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ബൈബിളിൽ എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ത്രിയേക ദൈവസങ്കല്പം ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായി മാറിയതെങ്ങനെ എന്ന ചോദ്യം കാതലായ ഒരു പ്രശ്നമായി എന്നെ അലട്ടിക്കൊണ്ടിരുന്നു. ദൈവം ഒരേ സമയം ഒന്നും മൂന്നുമൊക്കെയാകുന്നതെങ്ങനെ, ആദാം പാപം ചെയ്തതിന് മറ്റുള്ളവർ കുറ്റക്കാരാകുമോ, മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിൽ വരുന്ന ദൈവം എന്ന സങ്കല്പം വേദാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ തുടങ്ങിയ സംശയങ്ങൾ ക്രിസ്തുമത പ്രബോധകരുമായി ഞാൻ പങ്കുവെച്ചു. എല്ലാവരുടെയും ഉത്തരങ്ങൾ ഒരേ അച്ചിൽ വാർത്തതായിരുന്നു- ” നിനക്ക് മനസ്സിലായാലും ഇല്ലെങ്കിലും വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വസിക്കുക!”
ആയിടക്കാണ് എന്റെ പിതാവ് അദ്ദേഹത്തിന്റെ ബിസിനസ്സിൽ പങ്കാളിയായിരുന്ന ഒരു ഈജിപ്തുകാരനെ ചെന്നുകാണാൻ എന്നോടാവശ്യപ്പെടുന്നത്. നൈലിന്റെയും പിരമിഡുകളുടെ ഇതിഹാസ ഭൂമിയിൽ നിന്ന് വരുന്നയാളെ പരിചയപ്പെടാൻ എനിക്കും വലിയ താല്പര്യം തോന്നി. യാത്രക്കൊരുങ്ങുമ്പോഴാണ് അയാൾ ഒരു മുസ്‌ലിം ആണെന്ന കാര്യം ഞാൻ അറിഞ്ഞത്. ആ ‘അറിവ്’ എന്നെ നടുക്കി. അയാളുമായുള്ള കൂടിക്കാഴ്ചയെ ഞാൻ വെറുത്തു. മുസ്‌ലിംകൾ എന്നാൽ അവിശ്വാസികളും ഭീകരതപ്രവർത്തകരും അപരിഷ്കൃതരുമായ ഒരു പ്രാകൃത ജനവിഭാഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കിവെച്ചിരുന്നത്. ക്രിസ്തുമത പ്രചാരകർ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഏകദൈവത്തിൽ വിശ്വാസമില്ലാത്തവരും വിഗ്രഹാരാധകരുമായ ഒരു ജനതയാണ് മുസ്‌ലിംകൾ എന്നായിരുന്നു. അത്തരമൊരു ജനസമൂഹത്തിന്റെ പ്രതിനിധിയെ ചെന്നുകാണാൻ ഒരുക്കമല്ലെന്ന് ഞാൻ പിതാവിനെ അറിയിച്ചു.
ഒടുവിൽ കുറെ പുനരാലോചനകൾക്ക് ശേഷം ആ അറബിയെ കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളെ ക്രിസ്ത്യാനിയാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായി എന്ന ചിന്തയാണ് എന്നെ അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഒരു ക്രിസ്തുമത പ്രബോധകന്റെ എല്ലാ ഹാവഭാവങ്ങളും പേറിയാണ് ഞാൻ അയാളെ കാണാൻ ചെന്നത്. കയ്യിൽ ഒരു ബൈബിൾ, കഴുത്തിൽ എല്ലാവർക്കും കാണാൻ കഴിയുന്ന വിധത്തിൽ ഒരു കുരിശ്, തലയിൽ Jesus is Lord എന്നെഴുതിയ ഒരു തൊപ്പിയും- ഇതായിരുന്നു എന്റെ വേഷം. മുൻപരിചയമില്ലാത്ത അയാളെ മറ്റുള്ളവരിൽ നിന്ന് എങ്ങനെ തിരിച്ചറിയും എന്ന ആശങ്ക എനിക്ക് തീരെ ഉണ്ടായിരുന്നില്ല. ഒരു മുസ്‌ലിം എന്ന നിലയ്ക്ക് അയാളുടെ കൈവശം ഒരു വാളോ ബോംബോ ഉണ്ടാകും എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു!
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് ഞാൻ സ്വരൂപിച്ചുവെച്ചിരുന്ന അറിവുകൾ മുഴുവൻ അടിസ്ഥാനരഹിതമാണെന്ന് ആ കൂടിക്കാഴ്ച കൊണ്ട് തന്നെ എനിക്ക് ബോധ്യമായി. ഏതെങ്കിലും തരത്തിലുള്ള മാരകായുധങ്ങൾ അയാളിൽ കണ്ടെത്താനുള്ള എന്റെ ശ്രമം തീർത്തും വിഫലമായിരുന്നു. സരസമായി സംസാരിക്കുന്ന ഒരു സാധാരണ മനുഷ്യൻ! ദൈവത്തിലും പരലോകത്തിലും ആദമിലും ഹവ്വയിലും അബ്രഹാമിലും മോശെയിലും ദാവീദിലും സോളമനിലും യേശുവിലും പ്രവാചകന്മാർ കാണിച്ച അത്ഭുതങ്ങളിലുമൊക്കെ മുസ്‌ലിംകളും വിശ്വസിക്കുന്നുണ്ടെന്ന് അയാൾ പറയുന്നത് കേട്ടപ്പോൾ ഞാൻ ഒന്നു തീർച്ചയാക്കി- അദ്ദേഹത്തെ ക്രിസ്ത്യാനിയാക്കുന്നതിന് മുമ്പ് ഇസ്‌ലാം എന്താണെന്ന് വിശദമായി പഠിക്കണം!
മുഹമ്മദ് അബ്ദുറഹ്മാൻ എന്നായിരുന്നു എന്റെ മുസ്‌ലിം സുഹൃത്തിന്റെ പേര്. ഞങ്ങളുടെ അടുപ്പം കുറഞ്ഞ കാലം കൊണ്ട് സുദൃഢമായി. പ്രത്യേകമായ ചില കാരണങ്ങളാൽ മുഹമ്മദിന്റെ താമസം തന്നെ എന്റെ വീട്ടിലായി. ഞാനും ഭാര്യയും മക്കളും എന്റെ പിതാവും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് മുഹമ്മദിനെ വലിയ കാര്യമായിരുന്നു. തീൻമേശക്ക് ചുറ്റും നടക്കുന്ന വെടിവട്ടങ്ങളിൽ പലപ്പോഴും മുഹമ്മദിന്റെ മതം കടന്നുവന്നു. ക്രിസ്തുമതത്തോടുള്ള ഇസ്‌ലാമിന്റെ വിയോജിപ്പുകൾ എന്തൊക്കെയാണെന്ന് ഞാൻ മനസ്സിലാക്കിയത് ആ ചർച്ചകളിൽ നിന്നാണ്.
യേശു (ഈസാ നബി) അല്ലാഹുവിന്റെ സത്യസന്ദേശവുമായി ഭൂമുഖത്ത് കടന്നുവന്ന ദൈവദൂതനാണ് എന്ന കാര്യത്തിലോ അദ്ദേഹത്തിന്റെ ജനനം അത്ഭുതകരമായിരുന്നു എന്ന വസ്തുതയിലോ മുസ്‌ലിംകൾക്ക് യാതൊരു വിയോജിപ്പുമില്ലെന്നും ഇക്കാര്യങ്ങളൊക്കെ ഖുർആൻ തന്നെ പറയുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞുതന്നു. യേശു വീണ്ടും ഭൂമിയിലേക്ക് കടന്നുവരും എന്ന വിശ്വാസം പോലും മുസ്‌ലിംകൾക്കുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതെ അത്ഭുതപ്പെട്ടുപോയി. യേശുവിന്റെ പ്രവാചകത്വത്തെയല്ല, പ്രത്യുത ദിവ്യത്വത്തെയാണ് ഇസ്‌ലാം നിഷേധിക്കുന്നത്. മുഹമ്മദ് നബി (സ) യേശുവിന്റെ പിൻഗാമിയാണെന്നും അത് സമർഥിക്കുന്നു.
ഞങ്ങളുടെ ഗൃഹാന്തരീക്ഷം മതപരമായ ചർച്ചകൊണ്ട് സജീവമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. രാത്രിഭക്ഷണത്തിന് ശേഷമുള്ള ചർച്ചക്ക് ബൈബിളും കയ്യിൽ കരുതിയാണ് ഓരോ കുടുംബാംഗവും വരിക. എന്നാൽ ഞങ്ങളുടെ പക്കലുള്ള ബൈബിളുകൾ മുഴുവൻ ഒരേ തരത്തിലുള്ളതായിരുന്നില്ല. അവയുടെ ഉള്ളടക്കം പല ഭാഗങ്ങളിലും പരസ്പരം ഭേദം പുലർത്തിയിരുന്നു. എന്റേത് RSV ആയിരുന്നു. പിതാവിന്റേത് KJV. എന്റെ ഭാര്യയുടെ കൈവശമുണ്ടായിരുന്നത് ഇത് രണ്ടുമല്ലാത്ത ജിമ്മി സ്വാഗർട്ടിന്റെയോ മറ്റോ ബൈബിൾ. ഇവയിൽ ഏതാണ് യഥാർത്ഥ ബൈബിൾ എന്ന് ചർച്ച ചെയ്യാനാണ് സമയം കാര്യമായി നീക്കിവെക്കപ്പെട്ടിരുന്നത്.
ഇത്തരം ഒരു ചർച്ചാവേളയിൽ എത്ര തരം ഖുർആൻ നിലവിലുണ്ട് എന്ന് കൗതുകത്തിന് വേണ്ടി ഞാൻ മുഹമ്മദിനോട് ചോദിച്ചു. ഖുർആൻ ഒന്നുമാത്രമേയുള്ളുവെന്നും പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിക്കപ്പെട്ട അതേ രൂപത്തിൽ അത് ഇപ്പോഴും നിലനിൽക്കുന്നുവെന്നും മുഹമ്മദ് പറഞ്ഞപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷെ, താമസിയാതെ അപ്പറഞ്ഞത് നേരാണെന്ന് എന്റെ അന്വേഷണത്തിൽ എനിക്ക് ബോധ്യമായി. പിൽക്കാലക്കാരുടെ കരവിരുതുകൾ നിന്ന് സംരക്ഷിക്കപ്പെട്ട ഖുർആൻ ഇക്കാര്യത്തിൽ ബൈബിളിൽ നിന്ന് തീർത്തും വൃതിരിക്തമാണെന്ന് മനസ്സിലാക്കാൻ ഒരു ക്രിസ്ത്യാനിയായ എനിക്ക് വളരെ എളുപ്പമായിരുന്നു.
സകല പ്രവാചകന്മാരും പഠിപ്പിച്ച സത്യദർശനമാണ് ഇസ്‌ലാം എന്നും അതിന്റെ പ്രമാണങ്ങൾ പത്തരമാറ്റ് ശോഭയോടും ആധികാരികതയോടും കൂടി ഇന്നും നിലനിൽക്കുന്നുവെന്നും ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമെന്നും പതുക്കെ പതുക്കെ ഞാൻ മനസ്സിലാക്കി. വിശുദ്ധ ഖുർആനിന്റെ പരിഭാഷ വായിച്ചു. ഒരു മുസ്‌ലിം പള്ളി സന്ദർശിക്കാനവസരം കിട്ടിയ വേളയിൽ ശുദ്ധമായ ഏകദൈവാരാധന അവിടെ നിർവ്വഹിക്കപ്പെടുന്നത് നേരിൽ കാണുകയും ചെയ്തു. പിന്നെ കാത്തുനിന്നില്ല. ‘അല്ലാഹുവല്ലാതെ ഒരാരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിൻെറ ദൂതനാണെന്നും’ പ്രഖ്യാപിച്ചുകൊണ്ട് സമർപ്പണത്തിന്റെ രാജപാതയിലേക്ക് ഞാൻ കാലെടുത്ത് വച്ചു.
ദൈവസമർപ്പണത്തിന്റെ യഥാർത്ഥ മാർഗം തിരിച്ചറിഞ്ഞത് ഞാൻ മാത്രമായിരുന്നില്ല. എന്റെ സുഹൃത്തുക്കളായിരുന്ന നിരവധി പുരോഹിതന്മാർ ആയിടെ ശഹാദത്ത് ചൊല്ലിയത് ഉൾപ്പുളകത്തോടു കൂടി ഞാൻ അറിഞ്ഞു. എന്റെ സഹധർമ്മിണിയും വന്ദ്യപിതാവും എന്റെ അതേ മാർഗ്ഗം തന്നെ പിന്തുടർന്നു. ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലും ഇസ്‌ലാം വളർന്നുകൊണ്ടേയിരിക്കുന്നു. സകലമാന കുപ്രചരണങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള വളർച്ച!
(അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ ശൈഖ് യൂസുഫ് എസ്റ്റസ് വിവിധ ലോകരാഷ്ട്രങ്ങളിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തി ചോദ്യോത്തരത്തോടുകൂടിയ പൊതുപ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തിയാണ്.
http://www.islamtomorrow.com/yusuf/priests_n_preachers.htm എന്ന URL ൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം).