സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 1)
21 November 2019 | Study
”എന്താണ് വിശ്വാസം?
നബി(സ)യോട് അനുചരന്‍മാര്‍ ചോദിച്ചു.
”വിശ്വാസം ക്ഷമയും (സ്വബ്ർ) സഹിഷ്ണുതയും (സമാഹ) ആണ്.” പ്രവാചകന്റെ മറുപടി!(1)
ഭീകരവാദികളുടെയും അവരുടെ അസഹിഷ്ണുതയുടെയും വെപ്പുപുര ഇസ്‌ലാം ആണെന്ന പെരുംനുണയുടെ വിഷപ്പുക നിത്യവും ശ്വസിക്കുന്ന നമ്മുടെ ‘പൊതു’സമൂഹത്തിന് നബിയുടെ ഈ പ്രസ്താവന ഒരു സാംസ്കാരിക ആഘാതം ആകാൻ ഇടയുണ്ട്. വിശ്വാസത്തിന്റെ ഏറ്റവും മികച്ച തലമേതാണ് എന്നാണ് ശിഷ്യനായ ജാബിര്‍ (റ) മറ്റൊരിക്കല്‍ നബിതിരുമേനിയോട് ചോദിച്ചത്. ‘വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ്'(2) എന്നായിരുന്നു
അപ്പോഴും മറുപടി! അശ്അജ് അബ്ദുല്‍ ഖയ്സ് (റ) എന്ന സഹചരനെ പ്രശംസിച്ചുകൊണ്ട് ദൈവദൂതന്‍ പറഞ്ഞു: ”അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ നിനക്കുണ്ട്; ദയയും സഹിഷ്ണുതയുമാണവ.”(3)
അതെ, സഹിഷ്ണുത ഒരു ‘സൗകര്യ’മല്ല, പ്രത്യുത ദൈവവിശ്വാസത്തിന്റെ കാമ്പും കാതലുമാണെന്നാണ് മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ പ്രപഞ്ചനാഥന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ പഠിപ്പിക്കുന്നത്. വിശ്വാസം തന്നെയാണത്; വിശ്വാസത്തിന്റെ ഭാവവും പ്രഭാവവുമാണത്; വിശ്വാസിയില്‍ കാണുവാന്‍ അല്ലാഹു ഇഷ്ടപ്പെടുന്ന ശീലമാണത്.
സഹിഷ്ണുത ദൈവികമായ ഒരു ഗുണമാണെന്നാണ് ഖുര്‍ആനില്‍നിന്നുള്ള പാഠം. പരമമായ സഹിഷ്ണുതയുള്ളവനാണ് ജഗന്നിയന്താവായ അല്ലാഹു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിനെ വിശേഷിപ്പിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ‘ഹലീം’ എന്ന ദൈവനാമത്തിന്റെ താല്‍പര്യമതാണ്. ഖുര്‍ആന്‍ പറഞ്ഞു: ”നിങ്ങളറിയുക, അല്ലാഹു പൊറുക്കുന്നവനും (ഗഫൂര്‍) സഹിഷ്ണുതയുള്ളവനും (ഹലീം) ആണെന്ന്!”(4) ”അല്ലാഹു ധന്യനും (ഗ്വനിയ്യ്) സഹിഷ്ണുതയുള്ളവനും (ഹലീം) ആകുന്നു.”(5) സഹിഷ്ണുതയുടെ പാരമ്യമാണ് അല്ലാഹു എന്ന വസ്തുതയെ, തന്റെ ദൈനംദിനജീവിതവ്യവഹാരങ്ങളില്‍ നബി (സ) എപ്പോഴും ഓര്‍ത്തു. പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ അവിടുന്ന് പതിവായുരുവിട്ടിരുന്ന ദൈവകീര്‍ത്തനത്തില്‍ ഇങ്ങനെ കാണാം: ”ഏറ്റവും മഹത്വമേറിയവനും സഹിഷ്ണുതാപൂര്‍ണനുമായ അല്ലാഹു മാത്രമാകുന്നു സാക്ഷാല്‍ ആരാധ്യന്‍; മഹത്തായ അര്‍ശിന്റെ നാഥനായ അല്ലാഹു മാത്രമാകുന്നു സാക്ഷാല്‍ ആരാധ്യന്‍.”(6)
അല്ലാഹുവിന്റെ ഉല്‍കൃഷ്ടഗുണങ്ങളിലൊന്നായി സഹിഷ്ണുതയെ പരിചയപ്പെടുത്തുകയും അനുസ്മരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക പാഠങ്ങളുടെ താല്‍പര്യം, മുസ്‌ലിംകള്‍ സഹിഷ്ണുതാശീലമുള്ളവരായി തീരുക എന്നതുതന്നെയാണ്. സര്‍വശക്തനായിട്ടും അല്ലാഹു, മനുഷ്യര്‍ കൊടിയ തിന്മകളില്‍ വ്യാപൃതരാകുമ്പോഴും അവര്‍ക്കുമേല്‍ കാരുണ്യവര്‍ഷം തുടരുകയും അവരുടെ അജ്ഞതയിലോ ധിക്കാരത്തിലോ പ്രകോപിതനാകാതിരിക്കുകയും അവരെ ശിക്ഷിക്കുവാന്‍ ധൃതി കാണിക്കാതിരിക്കുകയും മരണം വരെ അവര്‍ക്ക് പശ്ചാതാപത്തിനവസരം നല്‍കുകയും എത്ര വലിയ പാപിക്കും എപ്പോഴും പൊറുത്തുകൊടുക്കാന്‍ സന്നദ്ധമാവുകയും ശിക്ഷിക്കുമ്പോള്‍ പോലും ഇളവുകള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ഖുര്‍ആനും നബിവചനങ്ങളും പല രീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു സഹിഷ്ണുതയുളളവനാണെന്നു പറയുമ്പോള്‍ ഇവയൊക്കെയാണ് അതിന്റെ താല്‍പര്യമെന്നാണ് പണ്ഡിതന്‍മാര്‍ പൊതുവില്‍ വിശദീകരിച്ചിട്ടുള്ളത്. ഇവയില്‍നിന്ന് ദുര്‍ബലരും നിസ്സാരരുമായ മനുഷ്യര്‍ക്ക് ഉള്ള പാഠങ്ങള്‍ എത്ര വലുതാണ്! അല്ലാഹു തന്നോട് തന്റെ ചപലതകള്‍ പൊറുക്കുകയും കരുണ ചെയ്യുകയും വേണമെന്നാഗ്രഹിക്കുന്ന മനുഷ്യര്‍ തന്റെ സഹജീവികളോട് വിട്ടുവീഴ്ച കാണിക്കാനും മറന്നും പൊറുത്തും കരുണയുള്ളവരാകാനും സന്നദ്ധമാവാതിരിക്കുന്നത് എത്ര വലിയ അതിക്രമമാണ്! ഖുര്‍ആന്‍ പറയട്ടെ:
”നിങ്ങള്‍ മാപ്പ് നല്‍കുക, (നിങ്ങളോടുള്ള മറ്റുള്ളവരുടെ അക്രമങ്ങള്‍) കണ്ടില്ലെന്നു നടിക്കുകയുംചെയ്യുക! അല്ലാഹു നിങ്ങളോട് വിട്ടുവീഴ്ച കാണിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹുഏറെ പൊറുക്കുന്നവനും കരുണ സൂക്ഷിക്കുന്നവനുമാകുന്നു.”(7)
അതെ! ദൈവികമായ അലിവ് മനസ്സിലാക്കുകയും പ്രഘോഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവസൃഷ്ടികളോട് കടുപ്പം കാണിക്കാന്‍ കഴിയില്ല തന്നെ. അതുകൊണ്ടാണ് അശജ് അബ്ദുല്‍ ഖൈസ് നബി(സ)യാല്‍ സഹിഷ്ണുതയുടെയും ദയയുടെയും പേരില്‍ പ്രശംസിക്കപ്പെട്ടത്. എത്ര മനോഹരമായാണ് മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ അടിമകള്‍ അവന്റെ ദയാപരതയില്‍നിന്ന് പാഠം പഠിക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചത്! അവിടുന്ന്പറഞ്ഞു:
”ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക, അതുകാരണം ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.”(8)
”ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവിനും കരുണയുണ്ടാവില്ല.”(9)
”കരുണാശീലരോട് പരമകാരുണികനും കരുണ കാണിക്കും. ഭൂമിയിലുള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചൊരിയുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കുമേലും കരുണ ചൊരിയും.”(10)
‘ഹലീം’ ആയ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ സ്വാഭാവിക പ്രതിഫലനമെന്ന നിലയില്‍ വിശ്വാസികള്‍ ‘സമാഹ’ ഉള്ളവരായി മാറണമെന്ന ഇസ്‌ലാമികാനുശാസനം സഹിഷ്ണുത ഒരു മതപാഠമാണെന്നാണ് ഓര്‍മിപ്പിക്കുന്നത്. യൂറോപ്യന്‍ ജ്ഞാനോദയ(enlightenment) പരിസരത്തുനിന്നാണ് ‘ആധുനികത’ സഹിഷ്ണുത (tolerance) എന്ന ആശയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്നത്തെ ലോകക്രമത്തില്‍ ഏറ്റവും ഉജ്ജ്വലമായ മാനുഷികമൂല്യങ്ങളിലൊന്നായി സഹിഷ്ണുത ആഘോഷിക്കപ്പെട്ടതും ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ബുദ്ധിജീവികള്‍ വരെ സഹിഷ്ണുതയെ നിര്‍വചിക്കുവാനും പ്രചരിപ്പിക്കുവാനും സഹിഷ്ണുതയുടെ താല്‍പര്യങ്ങളെ മുമ്പത്തേതിനേക്കാള്‍ സൂക്ഷ്മവും സമഗ്രവുമായി നിര്‍ധരിച്ചവതരിപ്പിക്കാനുമെല്ലാം സന്നദ്ധമാകുന്നതും യൂറോപ്യന്‍ നവോത്ഥാന(renaissance)ത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. യൂറോപ്പിനെ മാറ്റിപ്പണിത പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെ ചൈതന്യം തന്നെ സഹിഷ്ണുതയെ സാമൂഹികജീവിതത്തിന്റെ അടിക്കല്ലായി മനസ്സിലാക്കുന്ന നവീന രാഷ്ട്രീയ സങ്കല്‍പമായിരുന്നു. അസഹിഷ്ണുതയുടെ ഉഗ്രതാപമനുഭവിച്ചിരുന്ന മധ്യകാല യൂറോപ്പിന്റെ പുനര്‍ചിന്തനങ്ങളാണ് ‘ജ്ഞാനോദയ’ത്തിനും ‘ആധുനികത’ക്കും വഴിയൊരുക്കിയതെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.
സഹിഷ്ണുതയെ ഒരു യൂറോപ്യന്‍ നവോത്ഥാന ഉല്‍പന്നമായി ധരിച്ചുവെച്ചിട്ടുള്ള നമ്മുടെ’പൊതുബോധ’ത്തിന് സഹിഷ്ണുത ഒരു പ്രാചീന മതപാഠമാണെന്ന പ്രസ്താവനയെ ഉള്‍ക്കൊള്ളുക അത്ര എളുപ്പമാവില്ല; സഹിഷ്ണുതയെ പ്രബോധനം ചെയ്യുന്ന പ്രബുദ്ധതയുടെ സംസ്‌കാരം യൂറോപ്പില്‍ വളര്‍ന്നുവന്നതുതന്നെ ‘മത’ത്തോട് പോരാടിക്കൊണ്ടാണെന്ന് ചരിത്രപാഠപുസ്തകങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും!
(തുടരും)
കുറിപ്പുകൾ:
1. ഇബ്‌നു അബിദ്ദുന്‍യാ, മകാരിമുല്‍ അഖ്‌ലാഖ്.
2. ഇബ്‌നു അബീ ശയ്ബ, മുസ്വന്നഫ്.
3. മുസ്‌ലിം, സ്വഹീഹ്.
4. ഖുര്‍ആന്‍ 2:235.
5. ഖുര്‍ആന്‍ 2:263
6. മുസ്‌ലിം, സ്വഹീഹ്.
7. ഖുര്‍ആന്‍ 24:22
8. ത്വബ്‌റാനി, മുഅജം.
9. Ibid.
10 തിര്‍മിദി, ജാമിഅ്. 2:235.