സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 4)
27 December 2019 | Study
മനുഷ്യര്‍ ഏകോദര സഹോദരങ്ങളും സമന്‍മാരുമാണെന്ന ഇസ്‌ലാമിക ഓര്‍മപ്പെടുത്തലിലേക്കു വളരാന്‍ മനുഷ്യാവകാശങ്ങളുടെ പെരുമ്പറ മുഴക്കുന്ന പാശ്ചാത്യന്‍ മതനിരപേക്ഷ വിശകലനശാസ്ത്രങ്ങള്‍ക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടി വരും. ആത്മീയതയുടെ ആര്‍ദ്രതയില്‍നിന്നുമാത്രം സാധ്യമാകുന്ന മനുഷ്യവിഭാവനമാണ് ഇസ്‌ലാം അനുശാസിക്കുന്നത് എന്നതുകൊണ്ടുതന്നെ ഭൗതികവാദം തിന്നുവളര്‍ന്നവര്‍ക്ക് ആ ഉയരം പ്രാപിക്കുക എളുപ്പമാവില്ല. എന്നാല്‍ ആത്മീയതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുതന്നെ അധീശ മനോഭാവങ്ങളെ സിദ്ധാന്തവല്‍കരിക്കുവാന്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വസ്തുതയെ കാണാതിരുന്നുകൂടാ. മുഹമ്മദ് നബി (സ) കടന്നുവരുമ്പോള്‍ പല വംശീയവാദികളും മതത്തിന്റെ നെയിംബോര്‍ഡ് വെച്ചാണ് തങ്ങളുടെ വെറുപ്പിന്റെ കച്ചവടം പൊടിപൊടിച്ചിരുന്നത്. ആര്യമേധാവിത്വത്തെ വിശുദ്ധവല്‍ക്കരിച്ചും പരമപുരുഷന്റെ തലയില്‍ നിന്നുണ്ടായവരായി ബ്രാഹ്മണരെയും പാദങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരായി ശൂദ്രരെയും നിര്‍വചിച്ച് ബ്രാഹ്മണസേവയാണ് ശൂദ്രധര്‍മം എന്ന് പ്രചരിപ്പിച്ചും(22) ‘അധമജാതി’യിലെ ജന്മം ‘മുജ്ജന്മപാപ’ത്തിന്റെ ഫലമാണെന്നും ‘ദൈവികശിക്ഷ’യായതിനാല്‍ നിശബ്ദം അനുഭവിക്കണമെന്നും വാദിച്ചും ‘ചണ്ഡാളന്‍’ പന്നിക്കും പട്ടിക്കും തുല്യനാണെന്ന ബോധമുണ്ടാക്കിയും(23) വര്‍ണാശ്രമ’ധര്‍മം’ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ‘പരിപാലിച്ച്’ മഹാമനുഷ്യമര്‍ദ്ദനം ഭാരതത്തില്‍ തുടരുന്ന കാലത്താണ് പ്രസ്തുത സങ്കല്‍പങ്ങളെയെല്ലാം നിരാകരിച്ച് മതമെന്നാല്‍ മനുഷ്യസമത്വമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത്. അയിത്തവും തൊടലും തീണ്ടലും ആചരിച്ച് മുതുകൊടിഞ്ഞിരുന്ന കേരളത്തിലേക്ക് മാലിക്ബ്‌നുദീനാറിന്റെയും സംഘത്തിന്റെയും പ്രവേശനം മനുഷ്യത്വത്തിന്റെ മെഴുകുതിരിവെട്ടം കൂടിയായി മാറിയതും അതുകൊണ്ടാണ്. ”ഇയാള്‍ എന്റെ ബന്ധുവാണ്, മറ്റേയാള്‍ അല്ല- ഇങ്ങനെയാണ് ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ വിചാരിക്കുന്നത്. എന്നാല്‍ വിശാലമനസ്‌കരായ മഹാന്‍മാര്‍ക്ക് ലോകം മുഴുക്കെ ഒരൊറ്റ കുടുംബമാണ്” (വസുധൈവ കുടുംബകം)(24) എന്ന ഋഷിപ്രസ്താവത്തെ ഭാരതത്തിന്റെ വിശ്വമാനവികതക്കുള്ള ചരിത്രസാക്ഷ്യമായി ആഘോഷിക്കുന്നവര്‍ തന്നെ തീവ്രദേശീയതയുടെ ഉന്മാദം ബാധിച്ച് ആര്യസവര്‍ണതയുടെ ജാതിയധികാരമുഷ്‌കിലേക്ക് രാജ്യത്തെ പൂര്‍ണമായി തിരിച്ചുനടത്താന്‍ ഫാഷിസത്തിന്റെ ഇന്‍ഡ്യന്‍ മാതൃകയുണ്ടാക്കി ‘മുന്നേറുന്ന’താണല്ലോ ഇപ്പോഴും നാം കാണുന്നത്! ‘സര്‍വമനുഷ്യരും ആദമില്‍ നിന്ന്, ആദമാകട്ടെ മണ്ണില്‍നിന്നും’ എന്ന ഇസ്‌ലാമിക പ്രഖ്യാപനം, മതരാഹിത്യത്തിന്റെയെന്ന പോലെ മതവക്രീകരണത്തിന്റെയും ദുര്‍വ്യാഖ്യാനങ്ങളെ നിഷേധിക്കുന്നുവെന്ന് ചുരുക്കം.
മുഹമ്മദ് നബി (സ) തന്റെ ആയുസിന്റെ അവസാനത്തെ പത്തുവര്‍ഷം ചെലവഴിച്ച മദീനയില്‍തന്നെ മതത്തിന്റെ ലേബലില്‍ വംശീയത അരങ്ങുതകര്‍ക്കുന്നുണ്ടായിരുന്നു. യഹൂദർ ദൈവത്തിന്റെ സ്വന്തക്കാരാണെന്നും അവരിലേക്കു മാത്രമാണ് പ്രവാചകന്‍മാര്‍ കടന്നുവന്നതെന്നും ന്യായവിധിനാളില്‍ യഹൂദ സമുദായത്തില്‍ പെട്ടവര്‍ക്ക് മുഴുവന്‍ നിരുപാധിക രക്ഷയാണെന്നും യഹൂദനായി പിറക്കാത്തവര്‍ക്കുള്ളതല്ല സ്വര്‍ഗമെന്നുമെല്ലാം പഴയനിയമം വ്യാഖ്യാനിച്ച് ജൂതന്‍മാർ വാദിച്ചിരുന്നു. ചില ക്രിസ്ത്യാനികളും സമാനമായ സമുദായവാദം ഉയര്‍ത്തിയിരുന്നു. ഇസ്‌ലാം വളരെ കൃത്യമായി തന്നെ ദൈവത്തെ ഒരു വംശത്തിന്റെ സ്വകാര്യസ്വത്താക്കുന്ന ഈ തട്ടിപ്പിനെതിരില്‍ നിലപാടെടുത്തു. ദൈവവുമായി ബന്ധമില്ലാത്ത ‘വിജാതീയരും’ ദൈവത്താൽ നയിക്കപ്പെടുന്ന ഇസ്രാഈല്‍ വംശവും എന്ന വ്യാജ പരികല്‍പനയെ നിരാകരിച്ച് പ്രവാകന്‍മാര്‍ എല്ലാ മനുഷ്യവിഭാഗങ്ങളിലേക്കും കടന്നുവന്നിട്ടുണ്ടെന്നും സത്യവിശ്വാസവും സല്‍കര്‍മങ്ങളുമുള്ള എല്ലാ മനുഷ്യര്‍ക്കുമാണ്, അല്ലാതെ യഹൂദ വംശത്തില്‍ പിറന്നവര്‍ക്കുള്ളതല്ല മരണാനന്തര മോക്ഷമെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു. യഹൂദ മതവംശീയതയെ അസാധുവായി പ്രഖ്യാപിക്കുന്ന ചില ഖുര്‍ആൻ വചനങ്ങള്‍ നോക്കുക:
”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കാൻ അല്ലാഹു സുവിശേഷവും താക്കീതും നല്‍കുന്നവരായി പ്രവാചകന്‍മാരെ അയക്കുകയും അവരോടൊപ്പം സത്യം വിശദീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.”(25)
”ഒരു താക്കീതുകാരന്‍ (പ്രവാചകന്‍) അതിലുണ്ടായിട്ടല്ലാതെ ഒരു സമുദായവുമുണ്ടായിട്ടില്ല.”(26)
”ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍മാരും ഇഷ്ടക്കാരുമാണെന്ന് യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു. നീ ചോദിക്കുക: ‘എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ പാപങ്ങള്‍ കാരണമായി ശിക്ഷിക്കപ്പെടുന്നത്?’ യഥാര്‍ത്ഥത്തില്‍, നിങ്ങള്‍ അവന്‍ സൃഷ്ടിച്ച മനുഷ്യരുടെ കൂട്ടത്തില്‍പെട്ട ചിലര്‍ മാത്രമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു; അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു.”(27)
”യഹൂദനോ ക്രിസ്ത്യാനിയോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നവര്‍ പറയുന്നു. അതവരുടെ വ്യാമോഹം മാത്രമാണ്. അവര്‍ സത്യസന്ധരാണെങ്കില്‍ (അവരുടെ വാദത്തിന്) തെളിവ് കൊണ്ടുവരാന്‍ നീ ആവശ്യപ്പെടുക.”(28)
”വിശ്വസിച്ചവരും ജൂതന്‍മാരും ക്രിസ്ത്യാനികളും സതുരാഷ്ട്രരുമെല്ലാം- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ അവരുടെ രക്ഷിതാവിന്റെയടുക്കല്‍ അവര്‍ക്കവരുടെ പ്രതിഫലമുണ്ട്. അവര്‍ക്കു പേടിക്കാനോ ദുഃഖിക്കാനോ യാതൊന്നുമില്ല.”(29)
ഏത് വംശത്തില്‍/മതസമുദായത്തില്‍ പിറന്നു എന്നതല്ല, മറിച്ച് പ്രവാചകന്‍ (സ) പഠിപ്പിച്ച വിശ്വാസവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നുവോ ഇല്ലേ എന്നതാണ് മനുഷ്യരെ മോക്ഷത്തിനര്‍ഹനാക്കുന്നതും ആക്കാതിരിക്കുന്നതും എന്നും അല്ലാഹുവിന് വംശീയതയോ വര്‍ഗീയതയോ ഇല്ലെന്നും വിശദീകരിച്ച് മതവംശീയ മിഥ്യകളെ നിഷേധിക്കുന്നവയാണ് ഈ വചനങ്ങളെല്ലാം. ജാതീയതക്കും വര്‍ഗീതയക്കുമെല്ലാം മതത്തിന്റെ മേല്‍വിലാസമുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യസമത്വത്തിന്റെ ഈദൃശവിളംബരങ്ങള്‍ നടത്തുക വഴി നബി(സ)ക്ക് സാധിച്ച ആശയവിപ്ലവത്തിന്റെ സമഗ്രത അപാരമാണ്. അതുകൊണ്ടുതന്നെ, ചുറ്റുപാടുകളിലുണ്ടായിരുന്ന പീഢിതര്‍ക്ക് മുഴുവന്‍ അത് വിമോചനത്തിന്റെ തണലും തണുപ്പുമായി.
‘മത’വും ഭൗതികവാദവുമെല്ലാം ഒരുപോലെ പാര്‍ശ്വവല്‍ക്കരിച്ചിരുന്ന പെണ്ണ് ആണിനെപ്പോലെ തന്നെ ആദം സന്തതിയാണെന്ന കാര്യം ഇസ്‌ലാം ഓര്‍മപ്പെടുത്തി. അവളോടുള്ള അതിക്രമങ്ങള്‍ക്ക് പടച്ചവന്‍ പകരം ചോദിക്കുമെന്നും ആര് അവളോട് അനീതി ചെയ്താലും പടച്ചവന്‍ അവളോട് അനീതി പ്രവര്‍ത്തിക്കില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു.
”ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി (അന്ത്യനാളില്‍ അല്ലാഹുവിനാല്‍) ചോദിക്കപ്പെടും; എന്ത് തെറ്റുചെയ്തിട്ടാണ് അവള്‍ വധിക്കപ്പെട്ടതെന്ന്!”(30)
”ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ആര് വിശ്വാസിയായിക്കൊണ്ട് നല്ലത് ചെയ്താലും അവര്‍ക്ക് നാം വിശുദ്ധമായ ജീവിതം പ്രദാനം ചെയ്യുകയും അവര്‍ ചെയ്തതിനുള്ള പ്രതിഫലം ഏറ്റവും ഉത്തമമായ രീതിയില്‍ സമ്മാനിക്കുകയും ചെയ്യും.”(31)
”നിശ്ചയമായും മുസ്‌ലിം പുരുഷന്‍മാരും മുസ്‌ലിം സ്ത്രീകളും വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും ഭയഭക്തിയുളളവരായ പുരുഷന്‍മാരും ഭയഭക്തിയുള്ളവരായ സ്ത്രീകളും സത്യസന്ധരായ പുരുഷന്‍മാരും സത്യസന്ധരായ സ്ത്രീകളും ക്ഷമാശീലരായ പുരുഷന്‍മാരും ക്ഷമാശീലരായ സ്ത്രീകളും വിനയാന്വിതരായ പുരുഷന്‍മാരും വിനയാന്വിതരായ സ്ത്രീകളും ദാനശീലരായ പുരുഷന്‍മാരും ദാനശീലരായ സ്ത്രീകളും നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും അത് കാത്തുസൂക്ഷിക്കുന്ന സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്‍മാരും അങ്ങനെ ചെയ്യുന്ന സ്ത്രീകളും -അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.”(32)
മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്ത് മനുഷ്യരായിത്തന്നെ പരിഗണിക്കപ്പെടാതിരുന്നവരാണ് അടിമകള്‍. അറേബ്യയില്‍ മാത്രമല്ല, ചുറ്റുപാടുമുള്ള നാഗരികതകളിലെല്ലാം അതങ്ങനെതന്നെയായിരുന്നു. അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കാണ് ഉടമകള്‍ അവരെ ഇരയാക്കിക്കൊണ്ടിരുന്നത്. ചില വംശങ്ങളെ അടിമവംശങ്ങളായി പരിഗണിച്ചു. വേറെ ചിലര്‍ കൊള്ളസംഘങ്ങളാല്‍ സ്വകുടുംബങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ട് അടിമച്ചന്തയില്‍ വന്നോ യുദ്ധങ്ങളില്‍ തടവുകാരായി പിടിക്കപ്പെട്ടോ അടിമകളായി മാറി; തുടര്‍ന്ന് അവരുടെ തലമുറകളും! മൃഗസമാനരായി അടിമകളെ മനസ്സിലാക്കിയിരുന്നതിനാല്‍ അവരെ തല്ലാനും കൊല്ലാനും കത്തിക്കാനുമൊന്നും ‘ഉടമ’കള്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായി ആഘോഷിക്കപ്പെടുന്ന റോമിലെ കൊളോസിയം എന്ന പടുകൂറ്റൻ ഗാലറി പ്രഭുകുമാരന്‍മാര്‍ക്ക് ഗ്ലേഡിയേറ്ററുകള്‍ എന്നറിയപ്പെടുന്ന അടിമകള്‍ തമ്മിലോ അടിമകളും കൊടുംക്രിമിനലുകളും തമ്മിലോ അടിമകളും ഹിംസ്ര ജന്തുക്കളും തമ്മിലോ ഉള്ള ദ്വന്ദയുദ്ധം’കണ്ടാസ്വദിക്കാനും’ അടിമ ചോരവാര്‍ന്ന് മരിക്കുന്നത് കണ്ട് കയ്യടിക്കാനും നിരന്തരമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന വസ്തുത,(33) അന്നത്തെ അധികാരബന്ധങ്ങള്‍ അടിമയെ എത്രത്തോളം അപമാനവീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യോല്‍പത്തിക്കുള്ള ആദം-ഹവ്വ വിശദീകരണം വഴി അടിമകളും ഉടമകളും ഒരുപോലെ മനുഷ്യരും ഒരേ കുടുംബത്തിലെഅംഗങ്ങളും ഏകോദര സഹോദരന്‍മാരുമാണെന്ന് ഇസ്‌ലാം സ്ഥാപിച്ചപ്പോള്‍ സഹസ്രാബ്ദങ്ങൾ നിലനിന്ന ഉടമക്രൗര്യത്തിന്റെ അധീശയുക്തികളാണ് നിരാകരിക്കപ്പെട്ടത്.
അടിമകളെയും ഉടമകളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ) പറഞ്ഞു:
”അടിമകള്‍ നിങ്ങളുടെ സഹോദരന്‍മാരും സഹോദരികളുമാണ്. അല്ലാഹു അവരെ നിങ്ങളുടെ കയ്യിലാണ് ഏല്‍പിച്ചിരിക്കുന്നത്. ആരുടെയെങ്കിലും അടുത്ത് അങ്ങനെ ഒരു സഹോദരന്‍ ഉണ്ടെങ്കില്‍ അവന്‍ കഴിക്കുന്ന ഭക്ഷണം തന്നെ ആ സഹോദരനും നല്‍കട്ടെ, അവന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ തന്നെ അയാളെയും ധരിപ്പിക്കട്ടെ, താങ്ങാന്‍ കഴിയാത്ത ജോലിഭാരങ്ങള്‍ അയാള്‍ക്ക് നല്‍കാതിരിക്കട്ടെ. വലിയ ജോലികള്‍ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അയാളെ അതില്‍ സഹായിക്കണം!”(34)
മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു:
”തന്റെ അടിമയെ വധിക്കുന്നവനെ ഞാനും വധിക്കും. തന്റെ അടിമയെ അംഗവിഛേദം നടത്തുന്നവനെ ഞാനും അംഗവിഛേദത്തിന് വിധിക്കും. തന്റെ അടിമയെ വന്ധ്യംകരിക്കുന്നവനെ ഞാനും വന്ധ്യംകരണത്തിന് വിധേയനാക്കും.”(35)
മനുഷ്യസാഹോദര്യത്തിന്റെ കണിശവും നിഷ്‌കൃഷ്ടവുമായ ഈ പ്രഖ്യാപനങ്ങളാണ് ഉടമകളുടെ തോളൊപ്പിച്ചുനില്‍ക്കാന്‍ അടമികളെ ഇസ്‌ലാമിക സമൂഹത്തില്‍ പ്രാപ്തമാക്കിയത്. എത്രയെത്ര അടിമകളാണ് തിരുനബി(സ)യുടെ പ്രബോധനങ്ങള്‍ സ്വീകരിച്ച് ആ സാഹോദര്യത്തിന്റെ കാരുണ്യമനുഭവിച്ചത്! ഖബ്ബാബും യാസറും സുമയ്യയും അമ്മാറും ബിലാലും സയ്ദ്ബ്‌നു ഹാരിഥയും ഉമ്മു അയ്മനും മാരിയതുല്‍ ഖിബ്ത്വിയ്യയും സല്‍മാനുല്‍ ഫാരിസിയും അബൂ ആസിബും അബൂബക്‌റയും അബൂ മുവയ്ഹിബയും അബൂ റാഫിഉം അബൂ സല്ലമും അബൂ ഉബയ്ദും മയ്മൂനയും നാഫിഉം സഫീനയും സല്‍മയും ഥൗബാനും ഉമ്മു അയ്യാശും (അവരുടെയെല്ലാം മേല്‍ അല്ലാഹുതൃപ്തി ചൊരിയട്ടെ)(36) അടക്കം എണ്ണിയാലൊടുങ്ങാത്ത അടിമസഹോദരങ്ങളാണ് പ്രവാചകാനുചരന്‍മാരുടെ കൂട്ടത്തിലുണ്ടായിരുന്നത്. അടിമകളും ഉടമകളും പ്രവാചകന്റെ പള്ളിയില്‍ അഞ്ചുനേരം നമസ്‌കാരത്തിനായി കാല്‍പാദങ്ങള്‍ ചേര്‍ത്തുവെച്ച് അണിയായി ഇടകലര്‍ന്നുനിന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ സാഹോദര്യം എന്താണെന്ന് ലോകം കാണുകയായിരുന്നു.
ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ പ്രവാചകന്റെ ശത്രുവും ബിലാലിന്റെ ഉടമയുമായിരുന്ന ഉമയ്യ കൊടിയ ശാരീരികപീഡനങ്ങളില്‍ വലിച്ചിഴച്ചപ്പോള്‍ ‘അഹദ്, അഹദ്’ (അല്ലാഹു ഏകനാണ്) എന്നുവിളിച്ചുപറഞ്ഞ് വിശ്വാസത്തിലുറച്ചുനിന്ന ബിലാല്‍ (റ) ‘അല്ലാഹു ഏകനാണ് ഉമയ്യാ; അവന്റെ മുന്നില്‍ നീയും ഞാനും സമമാണ്’ എന്ന വിശ്വാസപരമായ ബോധ്യം കൂടിയാണ് പങ്കുവെച്ചത്. അടിമകളെ നീചരും നിന്ദ്യരുമായി കണക്കാക്കിയിരുന്ന അറേബ്യന്‍ സാമൂഹികാന്തരീക്ഷത്തിൽ നബി (സ) അവരെ സന്തതസഹചാരികളാക്കി. ബിലാലും സയ്ദും (റ) നിഴല്‍പോലെയാണ് പ്രവാചകനെ (സ) പിന്തുടര്‍ന്നത്. ബിലാല്‍ (റ) സ്വര്‍ഗത്തിലാണെന്ന് നബി (സ) സുവിശേഷമറിയിച്ചു.(37) പരശ്ശതം ഉടമകളുണ്ടായിരുന്ന മുസ്‌ലിം സമൂഹത്തില്‍നിന്ന് മദീനയിലെ പള്ളിയില്‍ ബാങ്ക് വിളിക്കാനേല്‍പിക്കപ്പെട്ടത് ബിലാല്‍ (റ) ആണ്. മക്ക നബി(സ)യുടെ നിയന്ത്രണത്തിലായപ്പോള്‍ പതിനായിരക്കണക്കിന് അനുയായികളില്‍ നിന്ന് കഅബയില്‍ ബാങ്ക് വിളിക്കാനുള്ള അഭിമാനകരമായ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടും ബിലാല്‍ (റ) തന്നെ! മക്കയിലെത്തിയ പ്രവാചകന്‍ (സ) കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉഥ്മാനുബ്‌നുത്വല്‍ഹ(റ)യെക്കൊണ്ട് വാതില്‍ തുറപ്പിച്ച് കഅ്ബക്കുള്ളില്‍ പ്രവേശിച്ചത് രണ്ടേരണ്ടു പേരെ മാത്രം കൂടെകൂട്ടിയാണ്; സെയ്ദിനെയും ബിലാലിനെയും(റ)!(38)
അല്ലാഹുവിനെ ആരാധിക്കുവാന്‍ ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമാണ് കഅബ; ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ പ്രാര്‍ത്ഥനാഭവനം; അവിടേക്കു തിരിഞ്ഞാണ് ലോക മുസ്‌ലിംകള്‍ എല്ലാ നമസ്‌കാരങ്ങളും നിര്‍വഹിക്കുന്നത്. ആ കഅബക്കുള്ളില്‍ മക്കയുടെ ജേതാവായി നബി (സ) പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കുന്നത് അടിമകളായിരുന്ന രണ്ടുപേരാണ്; ജനസഹസ്രങ്ങള്‍ നോക്കിനില്‍ക്കെ! തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രശ്രീകോവിലുകളില്‍ ഏതാനും ദലിതരെ പുരോഹിതന്‍മാരായി പ്രവേശിപ്പിച്ചത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ ഒരു വാര്‍ത്തയാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദം മുമ്പ് കഅബക്കുള്ളിൽ ബിലാലിനെയും സെയ്ദിനെയും കൊണ്ടുകയറിയ പ്രവാചകന്റെ ചരിത്രപ്രാധാന്യം നാം തിരിച്ചറിയുന്നത്. അതെ, ഇസ്രാഈല്യനും അറബിയും വെളുത്തവനും കറുത്തവനും ആണും പെണ്ണും അടിമയും ഉടമയുമെല്ലാം മനുഷ്യര്‍ മാത്രമാകുന്നു; ആദമിന്റെ മക്കള്‍! അവര്‍ക്കിടയില്‍ കല്‍പിക്കപ്പെടുന്ന ഉച്ചനീചത്വങ്ങളെല്ലാം വ്യാജമാകുന്നു. യൂറോപ്യനും ആര്യനും ബ്രാഹ്മണനും കൊണ്ടുനടക്കുന്ന അഹങ്കാരങ്ങള്‍ക്ക് പ്രപഞ്ചസ്രഷ്ടാവ് തെല്ലും വില കല്‍പിക്കുന്നില്ല; ‘മൂന്നാം ലോക’വും ശൂദ്രനും അവര്‍ണനും അധമബോധങ്ങളില്‍ ഉരുകിത്തീരേണ്ടവരുമല്ല.
(തുടരും)
കുറിപ്പുകൾ:
22. ഋഗ്വേദം 10:90 (പുരുഷസൂക്തം).
23. ഛന്ദോഗ്യോപനിഷത്ത് 5:10:7.
24. മഹാ ഉപനിഷത്ത് 6:72.
25. ഖുര്‍ആന്‍ 2:213.
26. ഖുര്‍ആന്‍ 35:24.
27. ഖുര്‍ആന്‍ 5:18.
28. ഖുര്‍ആന്‍ 2:111.
29. ഖുര്‍ആന്‍ 2:62.
30. ഖുര്‍ആന്‍ 81:8.
31. ഖുര്‍ആന്‍ 16:97.
32. ഖുര്‍ആന്‍ 33:35.
33. Mark Cartwright, ‘Gladiator, Ancient History Encyclopedia’, www.ancient.eu/amp/1-432.
34. ബുഖാരി, സ്വഹീഹ്. മുസ്‌ലിം, സ്വഹീഹ്.
35. നസാഇ, സുനന്‍.
36. പ്രവാചകാനുചരന്‍മാരുടെ കൂട്ടത്തിലെ ചില അടിമകളുടെ വിശദവിവരങ്ങള്‍ക്ക് കാണുക: Elif Eryarsoy Aydin, ‘Prophet Muhammad’s Attitude towards Slavery from the Perspective of Human Rights’, www.lastprophet.info.
37. മുസ്‌ലിം, സ്വഹീഹ്.
38. ബുഖാരി, സ്വഹീഹ്.