Logo

 

മാനവികതയെ കശാപ്പ് ചെയ്യുന്ന ആംനസ്റ്റി ഗോൾസ് 2020

25 January 2020 | Opinion

By

1. MAKE SAME- SEX RELATIONS LEGAL IN ALL COUNTRIES

2. MAKE ABORTION LEGAL IN ALL COUNTRIES

3. ABOLISH THE DEATH PENALTY IN ALL COUNTRIES

ഈ വാചകങ്ങൾ ആംനസ്റ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ 2020 ജനുവരി 9ന്റെ പോസ്റ്റിലേതാണ്‌. ഈ വർഷത്തിൽ (2020ൽ) ആഗോളാടിസ്ഥാനത്തിൽ ആംനസ്റ്റി പൂർത്തീകരിക്കേണ്ട വിഷനുകൾ എന്ന നിലയിൽ ആണ്‌ ഇവ പ്രസ്താവിച്ചിരിക്കുന്നത്‌.

എല്ലാ രാജ്യങ്ങളിലും സ്വവർഗരതി, ഭ്രൂണഹത്യ എന്നിവയ്ക്ക് അനുമതി നൽകുക, വധശിക്ഷ നിർത്തലാക്കുക എന്നിവയാണ് ആംനസ്റ്റി എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ‘ഗോൾസ് 2020’ ആയി അവതരിപ്പിക്കുന്ന സ്വപ്ന പദ്ധതികൾ.

സ്വവർഗരതിക്ക് 123 രാജ്യങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും 68 രാജ്യങ്ങളിലാണ് ഇനി നടപ്പിലാക്കേണ്ടതെന്നും, ഭ്രൂണഹത്യക്ക് 67 രാജ്യങ്ങൾ അനുവാദം നൽകിയെന്നും ശേഷിക്കുന്നവ 127 രാജ്യങ്ങളാണെന്നും വധശിക്ഷ 106 രാജ്യങ്ങൾ നിർത്തലാക്കിയെന്നും 92 രാജ്യങ്ങളിൽകൂടി അത് നടപ്പിലാക്കണമെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ആഗോള തലത്തിൽ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻ ജി ഒ (നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ) ആണ് ആംനസ്റ്റി ഇന്റർനാഷണൽ.
ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിളംബരത്തിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും പുനസ്ഥാപിയ്ക്കുകയാണ് ആംനസ്റ്റിയുടെ ലക്ഷ്യം. എല്ലാ വിശ്വാസതടവുകാർക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുക, അവർക്ക് ന്യായാനുസൃതവുമായ നീതി ഉറപ്പുവരുത്തുക,
ഭരണകൂട ഭീകരതയും കൊലപാതകങ്ങളും
ഉന്മൂലനം ചെയ്യുക, രാഷ്ട്രീയാഭയം തേടുന്നവരെ തുണയ്ക്കുക,മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പൊരുതുന്ന ഐക്യരാഷ്ട്രസംഘടന പോലെയുള്ള മറ്റു സംഘടനകളുമായി സഹകരിയ്ക്കുക,
മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചു ലോകമാകമാനം അവബോധം വളർത്തുക എന്നിവയെല്ലാമാണ്
ഈ സംഘടനയുടെ പ്രധാന പ്രവർത്തന മേഖലകൾ.
ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കാരണം 1977 ൽ നോബേൽ സമ്മാനത്തിനും ആംനസ്റ്റി അർഹമായിട്ടുണ്ട്.

ആംനസ്റ്റി ഇന്റർനാഷണലിന് ഒരു രൂപീകരണ പശ്ചാത്തലമുണ്ട്. 1961ൽ ബ്രിട്ടീഷ് അഭിഭാഷകനായിരുന്ന പീറ്റർ ബെനെൻസൺ ഒരു പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ നിസാര കാരണത്തിന് ഏഴ് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ വാർത്ത കാണാനിടയായി.
ഈ വാർത്ത പീറ്റർ ബെനെൻസിനെ ഞെട്ടിക്കുകയും രോഷാകുലനാക്കുകയും ചെയ്തു. ഇതിനു സമാനമായ പല മനുഷ്യാവകാശ ധ്വംസനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടാവുമെന്നും, അതിനാൽതന്നെ പ്രത്യേകിച്ച് ഒരു നിയമജ്ഞൻ കൂടിയായ തനിക്ക് ഇതിനെതിരെ ശബ്ദിക്കേണ്ടത് വ്യക്തിപരമായൊരു ബാധ്യതയാണെന്നും അദ്ദേഹം മനസിലാക്കി.
അതിന്റെ ഭാഗമായി The Observer ദിനപത്രത്തിൽ “The Forgotten Prisoners” (വിസ്മരിക്കപ്പെട്ട തടവുകാർ ) എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതുകയും വായനക്കാരോട് അന്യായമായി തടവിലാക്കപ്പെട്ടവർക്ക് പിന്തുണച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കത്തുകൾ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പീറ്റർ എഴുതിയ പ്രസ്തുത ലേഖനം
പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘വൈറൽ’ ആവുകയും പന്ത്രണ്ടിലധികം രാജ്യങ്ങളിൽ അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനു വേണ്ടി കത്തുകളെഴുതുന്നവരുടെ സംഘങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇങ്ങനെ കത്തെഴുതുന്നവരുടെ സംഘമാണ് പിന്നീട് ആംനസ്റ്റി ഇന്റർനാഷണൽ എന്ന ഒരു അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായി മാറിയത്.
(https://www.amnesty.org)

മുതലാളിത്തം തങ്ങളുടെ സാംസ്കാരിക അധീശ്വത്വം സ്ഥാപിച്ചെടുക്കാൻ എൻ ജി ഒകളെ എപ്രകാരം ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ നേർചിത്രം ആംനസ്റ്റിയുടെ ഈ ഫേസ്ബുക് പോസ്റ്റ് നൽകുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സ്റ്റിക്കറൊട്ടിച്ച എൻ ജി ഒകളിൽ കൂടുതലും പാശ്ചാത്യ സംസ്കാരം ജനങ്ങളറിയാതെ മൂന്നാം ലോകത്തുള്ളവരുടെ രക്തത്തിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണം കൂടിയാണിത്.
മുതലാളിത്തം തങ്ങളുടെ കച്ചവട താൽപര്യങ്ങൾക്കു വേണ്ടി ക്രിയേറ്റ് ചെയ്ത മൂല്യവ്യവസ്ഥയിലേക്ക് മൂന്നാംലോക രാജ്യങ്ങളുടെ മനസ് മാറ്റിയെടുക്കാനുള്ള മസ്തിഷ്ക്ക പ്രക്ഷാളനം നടത്തുന്നതിനു വേണ്ടി പതിനായിരിക്കണക്കിന് എൻ ജി ഒകൾ നിർമിക്കുകയോ വിലക്ക് വാങ്ങുകയോ ചെയ്തിട്ടുണ്ടെന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കണം.

1996ലെ കണക്കു പ്രകാരം അമ്പതിനായിരത്തിലധികം എൻ ജി ഒകളിലൂടെ ഓരോ വർഷവും ചുരുങ്ങിയത് നൂറുകോടി ഡോളറാണ് മുതലാളിത്തം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.(എം എം അക്ബർ – സ്വവർഗരതി: നിയമവും ചതിക്കുഴികളും – സ്നേഹ സംവാദം മാസിക – ജനുവരി 2014- പേജ് 11).
ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളും കോർപറേറ്റ് കമ്പനി മാനേജർമാരോട് കിടപിടിക്കുന്ന ശമ്പളവും നൽകി ഇത്തരം എൻ ജി ഒകളെ നയിക്കാൻ ആളുകളെ നിയമിക്കുന്ന പാശ്ചാത്യൻ ഏജൻസികൾ ഇതെല്ലാം ചെയ്യുന്നത് മൂന്നാം ലോകത്തുള്ളവരുടെ ദുരിതങ്ങൾ തീർക്കാനാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർക്കു തെറ്റുപറ്റിയെന്ന് ന്യൂയോർക്ക് ബീഗാംപ്ട്ടൺ സർവകലാശാലയിലെ അധ്യാപകനായ ജെയിംസ് പട്രാസ് തുറന്നെഴുതുന്നുണ്ട്. (James Petras- NGOs: In the Service of Imperialism:
Journal of contemporary Asia Vol 29, Issue 4, 1996, pages 429-440)

എൻ ജി ഒകൾക്ക് ഇത്തരം സാമ്പത്തിക സഹായങ്ങൾ നൽകുന്നതിലൂടെ സാമ്രാജ്യത്വം ചെയ്യുന്നത് സാംസ്കാരിക അധിനിവേശമാണെന്നും പെട്രാസ് വസ്തുതകൾ നിരത്തി സമർത്ഥിക്കുന്നുണ്ട്. സ്വവർഗരതിക്ക് നിയമ പരിരക്ഷയൊരുക്കലാണല്ലോ ആംനസ്റ്റിയുടെ ഈ വർഷത്തെ പ്രഥമും പ്രധാനവുമായ ദൗത്യം.
ആണും ആണും, പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗിക വേഴ്ചക്ക് എല്ലാ രാജ്യങ്ങളിലും നിലമൊരുക്കാനുള്ള തത്രപ്പാടിനിടയ്ക്ക് സ്വതന്ത്ര്യ ലൈംഗികതയും സ്വവർഗരതിയും നിയമം മൂലം അനുവദിച്ച രാജ്യങ്ങളിലെ സ്ഥിതിവിശേഷങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കും.
“മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കലാപങ്ങളുമെല്ലാം അമേരിക്കയിലെ സ്വവർഗാനുരാഗ സമൂഹങ്ങളുടെ മുഖമുദ്രയാണ്.കുടുംബത്തിൽ നിന്നുള്ള അകൽച്ചയും സാമൂഹിക ബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്ന മാനസിക സംഘർഷവും രോഗങ്ങളും ഇവകൂടാതെയുള്ള അവരുടെ പ്രശ്നങ്ങളാണ്.
(Jeffry Satinover : Homosexuality and the politics of truth – 1996)

“ഇരുപത് വയസ് പ്രായമാവുമ്പോഴേക്ക് സ്വവർഗരതിയുടെ പാളയത്തിലെത്തിച്ചേർന്ന അമേരിക്കക്കാരിൽ 30 ശതമാനവും മുപ്പത് വയസിന് മുമ്പ് മരിക്കുകയോ, എയിഡ്സ് ബാധിതരായിത്തീരുകയോ ചെയ്യുമെന്നുള്ളതാണ് കണക്ക്”.(Clinical Psychiatry News, Oct 1994)
കേവലം മനോരോഗമായി ഡയഗ്നോസ്റ്റിക്ക് സ്റ്റാറ്റിസ്റ്റിക്സ് പരിചയപ്പെടുത്തിയ,
ഒരു മാനസിക തകരാറ് മാത്രമായി അമേരിക്കൻ സേനാനിയമത്തിൽ രേഖപ്പെടുത്തിയ,
അകാലത്തിൽ മുരടിച്ചു പോയ ലൈംഗിക ചോദനയായി സിഗ്മണ്ട് ഫ്രോയിഡിനെ പോലുള്ളവർ വിശേഷിപ്പിച്ച,
ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ചികിൽസിച്ച് ഭേദമാക്കാൻ പറ്റിയ മനോരോഗത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം സാമ്രാജ്യത്വത്തിന്റെ അന്താരാഷ്ട്ര ഗൂഢാലോചനകളിലൊന്നിന്റെ പ്രയോഗവൽക്കരണമല്ലാതെ മറ്റെന്താണ്?

ഭ്രൂണഹത്യയെ ‘വിശുദ്ധമാക്കലാണ്’ ആംനസ്റ്റിയുടെ ഗോൾ നമ്പർ സെക്കന്റ്. മനുഷ്യന് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി രൂപംകൊണ്ട ആംനസ്റ്റി
ഇപ്പോൾ മുതലാളിത്ത മൂല്യങ്ങളോടുള്ള അനുരാഗാത്മക ഭ്രമത്തിൽ ‘ജനിക്കാനുള്ള’ അവകാശത്തെ പോലും എടുത്തുമാറ്റാൻ വെമ്പൽ കൊള്ളുകയാണ്!
ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ‘കൊലപ്പെടുത്തി’ ലോകത്ത് ‘മനുഷ്യാവകാശം’ ഉറപ്പുവരുത്തുന്നതിനു മുമ്പ് ആംനസ്റ്റി, 1970കളിൽ ഭ്രൂണഹത്യ കാംപെയ്നിന്റെ മുൻനിര പോരാളിയായിരുന്ന ഡോ.ബർണാഡ് നതാൻസന്റെ ജീവിതം വായിക്കാൻ തയ്യാറാവണം.
അമേരിക്കയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിലെ ഡോക്റ്ററും, നാഷണൽ അബോർഷൻ റൈറ്റ്സ് ആക്ഷൻ ലീഗിന്റെ സ്ഥാപകനുമായിരുന്ന നതൻസൺ തന്റെ മെഡിക്കൽ ജീവിതത്തിൽ 60,000 ഗർഭഛിദ്രങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.അങ്ങിനെയിരിക്കെ ഒരിക്കൽ പന്ത്രണ്ട് ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് അദ്ദേഹം പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് റിക്കോർഡ് ചെയ്യുകയുണ്ടായി.പിന്നീട് ആ വീഡിയോ ദൃശ്യങ്ങൾ കണ്ട് നതാൺസൺ തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം പൈശാചികമായിരുന്നു എന്ന് മനസിലാക്കി.
കാരണം ഭ്രൂണഹത്യക്കുള്ള ഡോക്റ്ററുടെ ഉപകരണം ഗർഭപാത്രത്തിലേക്ക് നീണ്ടുവന്നപ്പോൾ കുഞ്ഞ് പ്രാണഭീതിയോടെ അങ്ങോട്ടുമിങ്ങോട്ടും വഴുതിമാറുന്നു. ആ സമയത്ത് കുഞ്ഞിന്റെ പിഞ്ചുഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചുകൊണ്ടിരിന്നു. മരണത്തിന്റെ ഭീകരമായ വേദനയിൽ അവന്റെ നിലവിളി നാതാൻസിന്റെ ഹൃദയത്തിൽ ചെന്ന് തറച്ചു. ഈ രംഗം കണ്ട ഡോക്റ്റർ പിന്നീടൊരിക്കലും ഭ്രൂണഹത്യ നടത്തിയിട്ടില്ല. മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ടാഗ് കഴുത്തിൽ തൂക്കി നിർദയം ഒരു മനുഷ്യ ജീവനെ ഗർഭപാത്രത്തിലിട്ട് കൊലചെയ്യാൻ ആംനസ്റ്റി ഇന്റർനാഷണൽ പ്രഖ്യാപിക്കുന്നത് എത്രയധികം വിരോധാഭാസമാണ്?!

തീർത്തും നിഷ്കളങ്കമായ ജീവനെ മാതാവിന്റെ ഉദരത്തിലിട്ട് നശിപ്പിച്ചുകളയുന്നതിനുള്ള നിയമ പരിരക്ഷക്ക് വേണ്ടി പോരാടുന്ന ആംനസ്റ്റിയുടെ 2020ലെ മൂന്നാമത്തെ സ്വപ്ന പദ്ധതി വലിയ അപരാധങ്ങൾ ചെയ്തവർക്കുള്ള വധശിക്ഷയെ നിഷ്കാസനം ചെയ്യുക എന്നതാണ്.
അമേരിക്കയെപ്പോലെ വധശിക്ഷ നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് മാത്രം നോക്കിയാൽ തന്നെ ഈ ആവശ്യത്തിന്റെ നിരർത്ഥകത ബോധ്യമാവും.എന്ത് ചെയ്താലും -ഏറിവന്നാൽ കുറച്ചു കാലം ജയിലിൽ കിടന്നു കഴിച്ചുകൂട്ടിയാൽ തന്നെ- നിയമത്തിന്റെ പഴുതുകൾ മുതലെടുത്ത് തിരികെ തങ്ങളുടെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാവുന്ന കാലത്ത്, കുറ്റവാളികളെ വധിക്കാതെ സംസ്കരിക്കാമെന്നതൊക്കെ വെറും വ്യാമോഹങ്ങളാണ്.

ഈയടുത്ത് ഇന്ത്യയിലെ ഒരുവിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കൾ വധശിക്ഷയുമായി ബന്ധപ്പെട്ട് ആംനസ്റ്റിക്ക് സമാനമായ അഭിപ്രായ പ്രകടനം നടത്തിയതുകൊണ്ട്, മലയാളത്തിലെ ഇടതുപക്ഷ പത്രത്തിൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ ശിക്ഷാരീതിയെ കുറിച്ച് പറഞ്ഞത് ചേർത്തുവായിക്കാം: “കൊള്ള, കൊല, കളവ്, വഞ്ചന, വ്യഭിചാരം, അടിപിടികള്‍ എന്നിവക്കെതിരായ കഠിന ശിക്ഷ നല്‍കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ദയാദാക്ഷിണ്യങ്ങളില്ല. അറബ് നാടുകളില്‍ അതിനാല്‍ കലഹകാരണങ്ങളും ദുര്‍നടപടികളും കുറവാണ്” (ഇ.എസ്. ഗംഗാധരന്‍,
ദേശാഭിമാനി വാരിക 11. 3.1979).

തങ്ങളെ തീറ്റിപ്പോറ്റുന്നവരുടെ ധാർമിക വീക്ഷണങ്ങൾ പ്രചരിപ്പിക്കുവാനും മാനവികതയെ തന്നെ കശാപ്പ് ചെയ്യുംവിധമുള്ള പാശ്ചാത്യ സംസ്കാരം അടിച്ചേൽപ്പിക്കുവാനുള്ള എൻ. ജി. ഒകളുടെ സൃഗാലബുദ്ധിയാണിതൊക്കെയെന്നും, മുതലാളിത്തം കാലങ്ങൾക്ക് മുമ്പേ തയ്യാറാക്കിയ ‘വിഷനി’ലേക്കുള്ള ‘മിഷൻ” മാത്രമാണ് ആംനസ്റ്റി യുടെ ഗോൾസ് 2020 എന്നും മൂന്നാംലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞാൽ നന്ന്.


Nasim Rahman