Logo

 

ഡൽഹിയെ ഒരു മുസ്‌ലിം ശവക്കൂനയാക്കേണ്ടത്‌ ആർക്കാണ്‌?

26 February 2020 | Editorial

By

ഡൽഹിയിൽ ജാഫറാബാദിൽ ഇൻഡ്യൻ ഫാഷിസം നടത്തുന്ന മുസ്‌ലിം വേട്ട എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? മനുഷ്യരെ മതം നോക്കി കൊന്നുതീർത്തും, പള്ളികൾ തകർത്തും കയ്യേറിയും, സമുദായത്തിന്റെ കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച്‌ കത്തിച്ചും, ഭരണകൂടവും പൊലീസും ആൾകൂട്ടവും പങ്കുവെക്കുന്ന ഹിന്ദുത്വ അധികാരമണ്ഡലം യഥാർത്ഥത്തിൽ ശ്രമിക്കുന്നതെന്തിനാണ്‌? ഗുജറാത്തിനെ ഡൽഹിയിലേക്ക്‌ വ്യാപിപ്പിക്കുമ്പോൾ ഷോവിനിസം അനുഭവിക്കുന്ന സവിശേഷമായ രതിമൂർഛ എന്താണ്‌? നവ പൗരത്വ നിയമങ്ങൾക്കെതിരായ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാനും മുസ്‌ലിം രഹിത ഇൻഡ്യ എന്ന ആർ. എസ്‌. എസ്‌. സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്‌ ഗതിവേഗം വർധിപ്പിക്കാനും തീർച്ചയായും സംഘ്‌ ഭരണകൂടം ജാഫറാബാദ്‌ വഴി ഉദ്ദേശിക്കുന്നുണ്ട്‌. എന്നാൽ അതിൽ മാത്രം നിൽക്കുന്നതല്ല ഡൽഹിയിലെ ഒരു മുസ്‌ലിം ആവാസവ്യവസ്ഥ കരിഞ്ഞുതീരുമ്പോൾ, അവിടെ നിന്ന് ഉമ്മത്ത്‌ ലക്ഷ്യമറിയാത്ത പലായനങ്ങൾക്കൊരുങ്ങുമ്പോൾ, പരിവാറിന്‌ ലഭിക്കുന്ന ചരിത്രപരമായ ഉന്മാദം. ഡൽഹിയിലെ മുസ്‌ലിം ചോരക്ക്‌ കൂടുതൽ രുചി തോന്നുന്ന രക്തരക്ഷസ്സ്‌ ആണ്‌ ആർ. എസ്‌. എസ്. ജാഫറാബാദിലെ തെരുവുകളിൽ അതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ‌

ഇൻഡ്യയിലെ നിഷ്കാസനം ചെയ്യപ്പെടേണ്ട ‘മിനി പാക്കിസ്ഥാനു’കളായി ഗോൽവൽക്കറും ശിഷ്യന്മാരും കണക്കാക്കുന്ന മുസ്‌ലിം ഗെറ്റോകൾ പലതും ഉള്ളത്‌ ഡൽഹിയിൽ ആണ്‌. ജുമാമസ്ജിദ്‌ പരിസരങ്ങളിൽ നിന്നും മെഹ്‌റോളിയിൽ നിന്നും ഓഖ്ലയിൽ നിന്നും ജാഫറാബാദിൽ നിന്നുമൊക്കെ മുസ്‌ലിംകളെ തൂത്തെറിഞ്ഞ്‌ ‘ഹിന്ദുസ്ഥാന്റെ’ തലസ്ഥാന നഗരിക്ക്‌ പരിപൂർണമായ ഹിന്ദു സ്വഭാവം വരുത്തുക ഹിന്ദുത്വ ദേശീയവാദത്തിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്‌. അതിനുള്ള പരിശ്രമങ്ങളുടെ കണ്ണിയായിക്കൂടിയാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങളെ വായിക്കേണ്ടത്‌. ‌

നീണ്ട നൂറ്റാണ്ടുകൾ മുസ്‌ലിംകളുടെ സിരാകേന്ദ്രമായി നിന്ന നഗരമാണ്‌ ഡൽഹി. മുസ്‌ലിം ജനതയും സംസ്കാരവും വിജ്ഞാനവും രാഷ്ട്രീയവും വിദ്യാഭ്യാസവും നിർമാണകലയുമായിരുന്നു ബ്രിട്ടീഷ്‌ കൊളോണിയൽ അധിനിവേശത്തിനുമുമ്പ്‌ നഗരസ്ഥലികളുടെ മുഖഛായ. കുരിശുയുദ്ധ മനോഭാവത്തോടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ‘മുസ്‌ലിം ഡൽഹി’യെ ചവിട്ടിത്തേച്ച ബ്രിട്ടീഷ്‌ പട്ടാളബൂട്ടുകളാണ്‌ മുസ്‌ലിംകളെ ചില പ്രത്യേക പ്രദേശങ്ങളിലേക്ക്‌ പ്രാന്തവൽകരിച്ച്‌ ‘പഴയ ഡൽഹി’ എന്ന പുരാവസ്തു പ്രതീതി ഉണ്ടാക്കിയതും അതിന്റെ ‘ഇരുണ്ട’ പശ്ചാതലത്തിൽ വേറിട്ട്‌ ‘പ്രകാശിക്കുന്ന’ ‘പുതിയ ഡൽഹി’ എന്ന ‘മുഖ്യധാര’യെ സ്ഥാപിച്ചതും. കൊളോണിയലിസത്തിന്റെ ‌ മുസ്‌ലിം വിരുദ്ധതയിൽ സ്വയം പടുത്ത ഹിന്ദുത്വം ഡൽഹിയുടെ ഈ ‘ശുദ്ധീകരണ’ത്തിലും ‘പുനർനിർമാണ’ത്തിലും ആശ്വസിക്കുകയും ബ്രിട്ടീഷുകാർ ഇൻഡ്യ വിടുന്നതോടെ ഡൽഹിയെ കൂടുതൽ മുസ്‌ലിം വിരുദ്ധമാക്കിത്തീർക്കാൻ ശപഥമെടുക്കുകയുമാണ്‌ ഉണ്ടായത്‌. ‌

സ്വാതന്ത്ര്യവും പാക്കിസ്താൻ രൂപീകരണവും ഹിന്ദുത്വത്തിന്റെ ഡൽഹി പ്ലാൻ ശരിക്കും വെളിച്ചത്ത്‌ കൊണ്ടുവന്നു. ‘വിഭജന’ത്തിന്റെ സന്ദർഭത്തിൽ നഗരത്തിലെ മുസ്‌ലിംകൾക്കുനേരെ വ്യാപകമായ ഹിംസ അഴിച്ചുവിട്ട ആർ. എസ്‌. എസ്‌. ക്യാമ്പ്‌, കൊന്നുകൂട്ടിയും പലായനം ചെയ്യിപ്പിച്ചും നഗരത്തിന്റെ അപ്രധാനമായ ചില മൂലകളിൽ മാത്രമാണ്‌ മുസ്‌ലിംകൾ ബാക്കിയാകുന്നത്‌ എന്നുറപ്പിച്ചു. ആ ‘മൂല’കൾക്ക്‌ പുറത്ത്‌ നഗരത്തിന്റെ വിശാലതയിൽ പടർന്നുകിടന്നിരുന്ന അനേകം പള്ളികളും മദ്‌റസകളും വഖ്‌ഫ്‌ ഭൂമികളും അമ്പലങ്ങളോ സർക്കാർ മന്ദിരങ്ങളോ ഉദ്യാനങ്ങളോ ഒക്കെ ആയി രൂപാന്തരപ്പെട്ട് വിഭജനാനന്തര സ്വതന്ത്ര പരമാധികാര ഇൻഡ്യൻ ദേശരാഷ്ട്രത്തിലെ‌ ‘പുതിയ ഡൽഹി’യുടെ ‘സൗന്ദര്യവൽകരണ’ത്തിന്‌ ആക്കം കൂട്ടി; അവയുടെ ഭൂതകാലം രേഖകളിൽ നിന്നുപോലും അപ്രത്യക്ഷമായി. അടിയന്തരാവസ്ഥക്കാലത്ത്‌ ഹിന്ദുത്വം സിരകളിൽ ഉണ്ടായിരുന്ന സഞ്ജയ്‌ ഗാന്ധിയും ജഗ്‌മോഹനും ഒക്കെ ചേർന്ന് തുർക്കുമാൻ ഗെയ്‌റ്റ്‌ ‘വൃത്തി’യാക്കിയും മുസ്‌ലിം പുരുഷന്മാരെ നിർബന്ധിത വന്ധ്യംകരണത്തിന്‌ വിധേയമാക്കിയും ‘പദ്ധതി’യിലേക്ക്‌ സംഭാവനകളർപിച്ചു.

ഇൻഡ്യയുടെ തലസ്ഥാനം ‘ഹിന്ദു’വായിരിക്കുക എന്നത്‌, മുസ്‌ലിം എന്ന ‘ദേശീയ അപരൻ’ അവിടെയെവിടെയും ഉണ്ടാവാതിരിക്കുക എന്നത്‌, ഇൻഡ്യയെ ഒരു ഹിന്ദുരാജ്യം ആയി വിഭാവനം ചെയ്യുന്നവർക്ക്‌ അടിസ്ഥാന അജൻഡ ആവുക സ്വാഭാവികമാണ്‌. അതിന്റെ സാക്ഷാൽകാരത്തിനു കൂടിയാണ്‌‌ മോദി-അമിത്‌ ഷാ ടീം ഇപ്പോൾ തെരുവിൽ ചോര നിറയ്‌ക്കുന്നതെന്ന വസ്തുത നാം‌ തിരിച്ചറിഞ്ഞേ പറ്റൂ. ‌


Tags :


mm

Admin