Logo

 

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ? (ഭാഗം 2)

10 June 2020 | Study

By

മുഹമ്മദ് നബി (സ) സ്ഥാപിച്ച ഇസ്‌ലാമിക രാജ്യം കേവലമായ ഒരു ഇസ്‌ലാമിക രാജ്യമല്ല, മറിച്ച് അന്നത്തെ ഭൂമിയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ആകെത്തുകയാണ്. കാരണം മുഹമ്മദ് നബി (സ) മരിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹം ഇന്നത്തെപ്പോലെ എല്ലാ ഭൂഖണ്ഡങ്ങളിലും പടര്‍ന്നുകിടക്കുന്ന ഒരു ആഗോള അനുഭവമല്ല, പ്രത്യുത പ്രവാചകന്‍ (സ) നേതൃത്വം നല്‍കിയ രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു പരിമിത ജനസഞ്ചയമാണ്. അന്ത്യനാള്‍ വരെയുള്ള സകല മനുഷ്യര്‍ക്കുംവേണ്ടി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. പ്രവാചകന്‍ (സ) വളര്‍ത്തിയെടുത്ത ഇസ്‌ലാമിക സാമൂഹികതക്കാണ് നൂറ്റാണ്ടുകളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും അതിനെ കൈമാറേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നത്.

പ്രവാചകശിഷ്യന്‍മാരുടെ ഒരു സമൂഹം എന്ന നിലയിലുള്ള സുരക്ഷിതമായ നിലനില്‍പ് പ്രധാനമായും അവര്‍ ജീവിക്കുന്ന രാഷ്ട്രസംവിധാനത്തിന്റെ ഭദ്രതയെ ആശ്രയിച്ചായിരുന്നു. ഇതുകൊണ്ടുതന്നെ, അന്ന് നിലവിലുണ്ടായിരുന്ന ലോകക്രമത്തിന്റെ നൈതികതയനുസരിച്ച് ഒരു രാജ്യത്തിന്റെ ഭദ്രതക്കുവേണ്ടി ചെയ്യേണ്ടതെന്തൊക്കെയാണോ, അതൊക്കെ പ്രവാചകന്‍ (സ) പടുത്തുയര്‍ത്തിയ അറേബ്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ പുരോഗതി ലാക്കാക്കി നബി(സ)യുടെ മരണശേഷം മുസ്‌ലിം സമൂഹം ചെയ്തിട്ടുണ്ട്. സാമ്രാജ്യം ആയി വളരുക എന്നതായിരുന്നു അന്ന് രാഷ്ട്രീയാഭിവൃദ്ധിയുടെ മാര്‍ഗം. റോമോ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും പരസ്പരം കീഴടക്കാന്‍ ശ്രമിക്കുകയും തരവും സൗകര്യവും നോക്കി ചെറുരാജ്യങ്ങള്‍ അധീനപ്പെടുത്തുകയും ചെയ്തിരുന്ന ലോക രാഷ്ട്രീയ പരിതസ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. റോമിനോ പേര്‍ഷ്യക്കോ ആവശ്യമെന്നു തോന്നുമ്പോള്‍ വിഴുങ്ങാന്‍ കഴിയുന്ന ഒരു അറേബ്യന്‍ പ്രതിഭാസമായി ഒതുങ്ങി നില്‍ക്കാന്‍ ഇസ്‌ലാമിക സമൂഹം ശ്രമിച്ചിരുന്നെങ്കില്‍ നാമാവശേഷമാവുക ഇസ്‌ലാമിക രാജ്യം മാത്രമായിരുന്നില്ല, മറിച്ച് ഇസ്‌ലാം തന്നെയാകുമായിരുന്നു. അറേബ്യക്കുള്ളിലെ ഗോത്രഭീഷണികളില്‍ നിന്നെന്ന പോലെ അറേബ്യക്ക് പുറത്തെ സാമ്രാജ്യത്വ ഭീഷണികളില്‍നിന്നും ഇസ്‌ലാമിക രാഷ്ട്രം സുരക്ഷിതമാകേണ്ടത് ചരിത്രത്തിന്റെ തേട്ടമായിരുന്നു. ‘ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കീഴടക്കുക’ എന്നതായിരുന്നു അന്നത്തെ അംഗീകൃത അന്താരാഷ്ട്ര നയം. വെസ്റ്റ്ഫാലിയയും ദേശരാഷ്ട്ര സങ്കല്‍പവും ലീഗ് ഓഫ് നേഷന്‍സും ഐക്യരാഷ്ട്രസഭയും കടന്നുവന്ന് രാജ്യങ്ങള്‍ക്ക് നിശ്ചിതമായ അതിരുകള്‍ ഉറപ്പിക്കുകയും അതിരിനപ്പുറത്തുള്ള ഇടപെടല്‍ രാഷ്ട്രീയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്നത്തെ അന്താരാഷ്ട്ര സമൂഹമല്ല അന്ന് നിലവിലുള്ളത്. സ്വന്തം അതിരുകള്‍ വികസിപ്പിച്ചുകൊണ്ടേയിരുന്ന് സ്വയം ഒരു സാമ്രാജ്യമായി വളരുക, അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്രാജ്യത്തിന്റെ വികാസത്തില്‍ സ്വയം അപ്രത്യക്ഷമാവുക എന്നീ രണ്ട് സാധ്യതകള്‍ മാത്രമുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ രണ്ടാമത്തെ സാധ്യത ഇസ്‌ലാമിക രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ഒരു സാധൂകരണവും ഉള്ളതായിരുന്നില്ല. നബി (സ) പാടുപെട്ട് ഒരു ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിയെടുത്തത് തന്റെ മരണം കഴിഞ്ഞ് ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ചരിത്രത്തിലേക്ക് നിഷ്‌ക്രമിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ!

അസംഘടിതരും അപരിഷ്‌കൃതരും രാഷ്ട്രീയമായി നിരക്ഷരരുമായ ഗോത്രവര്‍ഗങ്ങളുടെ കൂട്ടം മാത്രമായിരുന്ന അറബികള്‍ മുഹമ്മദ് നബി(സ)യിലൂടെ നേടിയെടുത്ത രാഷ്ട്രീയ ഏകീകരണം ഒരു സാമ്രാജ്യമായി വളരാന്‍ മാത്രം ശക്തമാണെന്ന് ഭൗതിക സാഹചര്യങ്ങള്‍വെച്ച് റോമിനോ പേര്‍ഷ്യക്കോ അറബികള്‍ക്ക് സ്വയം തന്നെയുമോ തോന്നിയിരുന്നില്ല. റോമിനും പേര്‍ഷ്യക്കും അറേബ്യന്‍ നവീനാവബോധത്തിന്റെ ശക്തി തിരിച്ചറിയാന്‍ സമയം കിട്ടുക പോലും ചെയ്യുന്നതിനുമുമ്പ് മുസ്‌ലിം സൈനികര്‍ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ കടക്കുകയും പുതിയൊരു സാമ്രാജ്യത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തത് ഇന്നും ചരിത്രത്തിലെ കുരുക്കഴിയാത്ത അത്ഭുതങ്ങളിലൊന്നാണ്. അന്നേവരെ ലോകയുദ്ധങ്ങളൊന്നും നയിച്ച് പരിചയമില്ലാതിരുന്ന അറബികള്‍ ഖലീഫ ഉമറിന്റെ കാലഘട്ടത്തില്‍ പേര്‍ഷ്യയുടെയും റോമിന്റെയും കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് അറേബ്യന്‍ ഉപദ്വീപിനു പുറമെ ഇന്നത്തെ ഇറാനും ഇറാഖും സിറിയയും ജോര്‍ദാനും ഫിലസ്ത്വീനും ഈജിപ്തുമടങ്ങുന്ന പുതിയൊരു മഹാസാമ്രാജ്യത്തെ സ്ഥാപിച്ചതുവഴി സംഭവിച്ചത് ഈ പ്രദേശങ്ങളിലെല്ലാം മുസ്‌ലിംകള്‍ ജീവിതമാരംഭിക്കുകയും ഇസ്‌ലാമിക പ്രബോധനം സജീവമാവുകയും തദ്ദേശവാസികള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാവുകയുമാണ്. നിലനില്‍ക്കുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തിനെന്നപോലെ ഒരു ലോകമതമായിത്തീരുക എന്ന ഇസ്‌ലാമിന്റെ നിയോഗപൂര്‍ത്തിക്കുകൂടി തങ്ങളുടെ സൈനിക ജൈത്രയാത്രകള്‍ നിമിത്തമാകുന്നുവെന്ന് ഖലീഫക്കും സഹപ്രവര്‍ത്തകര്‍ക്കും നിശ്ചയമുണ്ടായിരുന്നു.

മതപരമായ ഈ മാനങ്ങള്‍ കൊണ്ടുതന്നെ, താന്‍ സ്ഥാപിച്ച രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും വേണ്ടിയുള്ള സൈനിക നീക്കങ്ങള്‍ തന്റെ മരണാനന്തരവും തുടരുന്നതിനെ വലിയൊരു പുണ്യമായി നബി (സ) പലരീതിയില്‍ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. പ്രവാചകന്‍ (സ) നല്‍കിയ ഈ പ്രേരണകളായിരുന്നു ഇസ്‌ലാമിക സാമ്രാജ്യസ്ഥാപനത്തിന്റെ യഥാര്‍ത്ഥ ചാലകശക്തി. അറേബ്യക്കു പുറത്തേക്കുകൂടി ഇസ്‌ലാമിക സൈന്യം ശ്രദ്ധ പായിക്കേണ്ടതിന്റെ ആവശ്യകത ഹിജ്‌റ ഒന്‍പതാം വര്‍ഷം റോമിന്റെ ഭാഗത്തേക്കുള്ള തബൂക്ക് പടനീക്കത്തിന് നേതൃത്വം നല്‍കി നബി (സ) ഇസ്‌ലാമിക സമൂഹത്തെ പ്രായോഗികമായി തെര്യപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. സൈനിക മുന്നേറ്റങ്ങളുടെ പുണ്യം പ്രഖ്യാപിക്കുക മാത്രമല്ല, സാമ്രാജ്യനിര്‍മാണത്തിന്റെ വഴിയില്‍ മുസ്‌ലിംകള്‍ക്ക് ലോകം അമ്പരന്നുപോകുന്ന വിജയങ്ങളുണ്ടാകുമെന്ന് പ്രവചിക്കുക കൂടി ചെയ്താണ് പ്രവാചകന്‍ (സ) ഈ ലോകത്തോട് വിടവാങ്ങിയത്. മദീനക്ക് അറേബ്യക്കുള്ളിലെ ബഹുദൈവാരാധക ഗോത്രങ്ങളുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാന്‍ പോലും ആളും ആയുധവുമില്ലാതിരുന്ന ഒരു കാലത്ത് ഇസ്‌ലാമിക സമൂഹം ഒരു സാമ്രാജ്യത്തിന്റെ അധിപതികളായിത്തീരുന്ന നാളെയെക്കുറിച്ച് അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനങ്ങളുടെ അടിസ്ഥാനത്തില്‍ നബി (സ) പലപ്പോഴായി നടത്തിയ പ്രവചനങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ട്. ആ പ്രവചനങ്ങളുടെ പുലർച്ച ഖലീഫമാരുടെ കാലത്തുണ്ടായപ്പോൾ, മുഹമ്മദ്‌ നബി (സ)യുടെ പ്രവാചകത്വത്തിന്റെ സത്യതക്കു കൂടിയാണ്‌ ശക്തമായി അടിവരയിടപ്പെട്ടത്‌. പ്രസ്തുത പ്രവചനങ്ങളുടെ സന്ദർഭം മനസ്സിലാകുന്നവർക്ക്‌, ‘ഇൻഡ്യാ യുദ്ധ’ ഹദീഥുകളുടെ ദർശനവും വളരെ ലളിതമായി മനസ്സിലാക്കാനാവും.

പേര്‍ഷ്യയുടെയും റോമിന്റെയും ചക്രവര്‍ത്തിമാരുടെ പ്രതാപകാലം അവസാനിക്കുകയാണെന്നും അവരുടെ ഖജനാവുകള്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്ന നാളെയാണ് വരാനിരിക്കുന്നതെന്നും മുഹമ്മദ് നബി (സ) തന്റെ അനുചരന്‍മാരോട് പറഞ്ഞത് പ്രസിദ്ധമാണ്.(19) കുസ്രോ രാജാവിന്റെ കീഴില്‍ പേര്‍ഷ്യ അതിന്റെ പ്രതാപത്തിന്റെ പരകോടിയിലായിരുന്ന കാലത്താണ് മുഹമ്മദ് നബി (സ) മദീനയില്‍ ജീവിക്കുന്നത്. നബിയുടെ ജീവിതകാലത്തുതന്നെ കുസ്രോ മരിക്കുകയും അനന്തരം അദ്ദേഹത്തിന്റെ ഒരു മകള്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുകയും ചെയ്തപ്പോള്‍ നബി (സ) പറഞ്ഞു: ”ഒരു സ്ത്രീയെ തങ്ങളുടെ നേതാവാക്കിയ ആ ജനത -പേര്‍ഷ്യക്കാര്‍- ജയിക്കാന്‍ പോകുന്നില്ല.”(20) കുസ്രോ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് മദീനയുടെ ഭരണാധികാരി എന്ന നിലയിലും അന്തിമ പ്രവാചകന്‍ എന്ന നിലയിലും നബി (സ) ഒരു കത്ത് കൊടുത്തയച്ചിരുന്നു. ചക്രവര്‍ത്തി തികഞ്ഞ ധാർഷ്ഠ്യത്തോടെയും അവജ്ഞയോടെയും പ്രസ്തുത സന്ദേശം വലിച്ചുകീറി തുണ്ടുകളാക്കിക്കളഞ്ഞ വാര്‍ത്തയറിഞ്ഞ പ്രവാചകന്‍ (സ), പേര്‍ഷ്യന്‍ സാമ്രാജ്യത്തെ അതേപ്രകാരം തുണ്ടുകളാക്കി വലിച്ചുചിന്താന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.(21) പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ വെള്ളക്കൊട്ടാരത്തിലെ നിധികള്‍ ഒരു മുസ്‌ലിം സൈനികസംഘം കീഴടക്കുന്ന ദിവസം വരുമെന്ന് അവിടുന്നൊരിക്കല്‍ പ്രവചിച്ചു.(22) പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ വെള്ളക്കൊട്ടാരം ഒരു ചെറിയ മുസ്‌ലിം സൈനിക വ്യൂഹം ജയിച്ചടക്കുമെന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.(23) ശിഷ്യനായ അദിയ്യുബ്‌നു ഹാതിമിനോട് (റ) നബി (സ) പറഞ്ഞതിപ്രകാരമാണ്: ”നിനക്ക് ആയുസ്സുണ്ടെങ്കില്‍, കുസ്രോയുടെ ഖജനാവ് മുസ്‌ലിംകൾ കീഴടക്കുന്നത് കാണാം.”(24) ഹിജ്‌റ അഞ്ചാം വര്‍ഷം അപ്രതീക്ഷിതമായി മദീനയെ വളഞ്ഞ വിവിധ ബഹുദൈവാരാധക അറബ് ഗോത്രങ്ങളുടെ വമ്പന്‍ സഖ്യസൈന്യത്തില്‍ നിന്ന് നഗരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി നഗരാതിര്‍ത്തിക്കുചുറ്റും പ്രവാചകനും (സ) അനുചരന്‍മാരും കഠിനാധ്വാനം ചെയ്ത് വലിയൊരു കിടങ്ങ് കുഴിച്ച സംഭവം പ്രസിദ്ധമാണ്. ഈ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കെ തടസ്സമായി നിന്ന ഒരു ഭീമന്‍ പാറക്കല്ല് നബി (സ) മഴുവുപയോഗിച്ച് പ്രാര്‍ത്ഥനകളോടെ ആഞ്ഞുവെട്ടി എടുത്തുമാറ്റുന്നുണ്ട്. പാറയില്‍ ഇങ്ങനെ വെട്ടിക്കൊണ്ടിരിക്കെ പേര്‍ഷ്യന്‍ നഗരങ്ങളും റോമന്‍ നഗരങ്ങളും അല്ലാഹു തനിക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് നബി (സ) പാറ പൊടിഞ്ഞശേഷം പറഞ്ഞത്. അപ്പോള്‍ അനുചരന്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരം നബി (സ) ആ ഭൂമികൾ ഇസ്‌ലാമിക സൈന്യത്തിന് അധീനപ്പെടുന്നതിനുവേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു.(25)

ഹദീഥുകളിലെ പേര്‍ഷ്യ, ഭൂമിശാസ്ത്രപരമായി ഇന്നത്തെ ഇറാന്‍, ഇറാഖ് തുടങ്ങിയ ദേശരാഷ്ട്രങ്ങളാണ്. റോം, ബൈസന്റൈന്‍ റോമാണ്; പ്രധാനമായും അന്ന് അറബിയില്‍ ‘ശാം’ എന്നു വിളിക്കപ്പെട്ടിരുന്ന വിശാലമായ ഭൂപ്രദേശം -ഇന്നത്തെ സിറിയ, ജോര്‍ദാന്‍, ഫിലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയൊക്കെ അന്ന് അതുള്‍ക്കൊണ്ടിരുന്നു. റോമിന്റെയും പേര്‍ഷ്യയുടെയും ആസന്നമായ തകര്‍ച്ചകളെക്കുറിച്ചോ അവിടങ്ങളിലെ അറബ് ഇസ്‌ലാമിക സൈനിക ജൈത്രയാത്രകളെക്കുറിച്ചോ ഉള്ള പ്രവാചക പ്രസ്താവനകള്‍ ഇറാനോടും ഇറാഖിനോടും സിറിയയോടും ജോര്‍ദാനോടും ഫിലസ്ത്വീനിനോടും ഈജിപ്തിനോടും മുസ്‌ലിംകള്‍ക്ക് മതപരമായ ശത്രുതയുണ്ടെന്നോ പ്രസ്തുത രാജ്യങ്ങളെ തകര്‍ക്കല്‍ മുസ്‌ലിംകള്‍ പുണ്യമായി കരുതുന്നുവെന്നോ സ്ഥാപിക്കുവാനുള്ള ‘തെളിവുകള്‍’ ആയി ഹാജരാക്കുന്ന ഒരാളുടെ ചരിത്രജ്ഞാനവും ലോകവിവരവും എത്ര ദയനീയമല്ല! ഈ പറയപ്പെട്ട ദേശരാഷ്ട്രങ്ങളൊന്നും നബി(സ)യുടെ കാലത്ത് നിലനിന്നിട്ടേയില്ല; നബി (സ) സൂചിപ്പിച്ച റോം, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രീയ ഏകകങ്ങളൊന്നും ഇന്ന് നിലവിലില്ല താനും. റോമും പേര്‍ഷ്യയും മാത്രമല്ല, നബി (സ) ഈ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു പറയുന്ന ഇസ്‌ലാമിക സാമ്രാജ്യവും ഇന്നില്ല. സാമ്രാജ്യങ്ങളുടെ കാലം ചരിത്രത്തിലേക്ക് മറഞ്ഞു, നാം ദേശരാഷ്ട്രങ്ങളുടെ നവലോകക്രമത്തിലേക്ക് പ്രവേശിച്ചു. ഇന്ന് ചരിത്രമായി മാറിക്കഴിഞ്ഞിട്ടുള്ള ഒരു കാലഘട്ടത്തിന്റെ കാര്യമാണ് നബി(സ)യില്‍ നിന്നുള്ള ഈ ഹദീഥുകളിലൊക്കെയുള്ളത്. ലോകത്തിന്റെ രാഷ്ട്രീയ വ്യാകരണം സാമ്രാജ്യവ്യാപനമായിരുന്ന മധ്യകാലഘട്ടത്തില്‍ പ്രവാചകന്‍ (സ) സ്ഥാപിച്ച ഇസ്‌ലാമിക രാജ്യം, അദ്ദേഹത്തിന്റെ മരണശേഷം അന്നത്തെ സ്വാഭാവിക രാജ്യനൈതികത പ്രകാരം സാമ്രാജ്യമായി വളരുമെന്നും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്തുന്ന റോമോ, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ കടപുഴക്കുമെന്നും ആണ് നബി (സ) പ്രവചിച്ചത്. ആ പ്രവചനങ്ങളൊക്കെയും, അപാരമായ കൃത്യതയോടെ ഖലീഫ ഉമറിന്റെ (റ) കാലത്ത് പുലരുകയും ചെയ്തു. അവിടെ തീരുന്നതാണ് അതിലെ വിഷയം.

നബി (സ) മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെടുമെന്ന് പറഞ്ഞ ഈ സാമ്രാജ്യങ്ങളുടെ പ്രവിശ്യകളൊക്കെയും അന്ന് മുസ്‌ലിം സമൂഹങ്ങളുടെ സാന്നിധ്യങ്ങളില്ലാത്ത, ഇസ്‌ലാമിക സാമ്രാജ്യത്തെ തകര്‍ക്കാന്‍ ആവേശം കാണിച്ചിരുന്ന ശത്രുനാടുകളായിരുന്നു. നബി(സ)യുടെ പ്രവചനപൂര്‍ത്തിയായി സംഭവിച്ച സൈനിക മുന്നേറ്റങ്ങളോടെ അവയൊക്കെ വമ്പിച്ച ഇസ്‌ലാമിക സമൂഹങ്ങളുടെ സാന്നിധ്യമുള്ള പുതിയ ചരിത്രഘട്ടത്തിലേക്ക് കടന്നു. ഇപ്പോഴത്തെ ഇറാനോടും ഇറാഖിനോടും സിറിയയോടും ഫിലസ്ത്വീനിനോടും ജോര്‍ദാനോടും ഈജിപ്തിനോടും യുദ്ധം ചെയ്യണമെന്നാണ് ഈ ഹദീഥുകളുടെ സന്ദേശമെന്ന് ആരെങ്കിലും ആത്മാര്‍ത്ഥമായി കരുതുന്നുണ്ടെങ്കില്‍, അവര്‍ ആ ഹദീഥുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ; അവ സംസാരിക്കപ്പെട്ട സ്ഥലകാലത്തിന്റെ ആഖ്യാന ഭാഷയില്‍ അവര്‍ പ്രാവീണ്യം നേടിയിട്ടില്ല, അവയിലെ പ്രവചനങ്ങള്‍ ചരിത്രത്തില്‍ സഫലമായതും ശത്രുതകൾ അപ്രസക്തമായതും അവര്‍ അറിഞ്ഞിട്ടില്ല, അവയുടെ രാഷ്ട്രീയ യുക്തി ബാധകമായ കാലം അവസാനിച്ചതും അവര്‍ ശ്രദ്ധിച്ചിട്ടില്ല. എന്തിനേറെ പറയുന്നു, ഈ രാജ്യങ്ങളൊക്കെ ഇന്ന് വന്‍ മുസ്‌ലിം  ജനാവലികളെയാണുള്‍ക്കൊള്ളുന്നതെന്ന ലളിത വസ്തുത പോലും അവരുടെ ആലോചനയിലേക്കു വന്നിട്ടില്ല!

റോമിനെയും പേര്‍ഷ്യയെയും പോലെ, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സൈനിക വികാസം സ്പര്‍ശിക്കുന്ന ഒരു ഭൂപ്രദേശമായി ഇന്‍ഡ്യയെയും നബി (സ) സൂചിപ്പിച്ചുവെന്നാണ് ഥൗബാനില്‍ (റ) നിന്നുള്ള ഹദീഥ് വ്യക്തമാക്കുന്നത്. ഇന്‍ഡ്യ എന്നു പരിഭാഷപ്പെടുത്തുന്നത് ‘അല്‍ ഹിന്ദ്’ എന്ന അറബി പ്രയോഗത്തെയാണ്. 1947 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന, നമ്മളുടെയൊക്കെ മാതൃരാജ്യമായ ഇന്നത്തെ ഇന്‍ഡ്യയല്ല നബി(സ)യുടെ കാലത്തെ അറബിയിലെ അല്‍ ഹിന്ദ്. അറബികള്‍ക്ക് സിന്ധും ഹിന്ദും മിക്കവാറും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനു പുറമെ, ഇന്നത്തെ മലേഷ്യയുടെയും ഇന്‍ഡോനേഷ്യയുടെയും വരെ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന, ലോകത്തിന്റെ കിഴക്കേ ‘അറ്റത്ത്’ വ്യാപിച്ചുകിടന്നിരുന്ന ഒരു അമൂര്‍ത്ത സങ്കല്‍പമായിരുന്നു.(26) ഇന്നത്തെ ദേശരാഷ്ട്രങ്ങള്‍ വെച്ചുപറഞ്ഞാല്‍, പാക്കിസ്ഥാനും ഇന്‍ഡ്യയും ബംഗ്ലാദേശും മലേഷ്യയും ഇന്‍ഡോനേഷ്യയും ഒക്കെ ഉള്‍പ്പെടുന്ന സൂചകമാണ് മധ്യകാല അറബിയിലെ അല്‍ ഹിന്ദ്. ഇത് വ്യക്തമാകുന്നതോടുകൂടിത്തന്നെ ഇവ്വിഷയകമായ സംഘ് ആവേശം ഉറഞ്ഞുപോകേണ്ടതാണ്. കാരണം, ഇന്‍ഡ്യാ യുദ്ധ ഹദീഥുകള്‍ എന്നുപറയുന്നത് സിന്ധ്/ഹിന്ദ് യുദ്ധ ഹദീഥുകളെക്കുറിച്ചാണ്. അവയില്‍ നിന്ന് ഇന്‍ഡ്യാവിരുദ്ധത നിര്‍ധരിക്കുന്ന അതേ അളവുകോലുകള്‍വെച്ച് പാക്കിസ്ഥാന്‍ വിരുദ്ധതയും ബംഗ്ലാദേശ് വിരുദ്ധതയും മലേഷ്യന്‍ വിരുദ്ധതയും ഇന്‍ഡോനേഷ്യന്‍ വിരുദ്ധതയുമൊക്കെ നിര്‍ധരിക്കാനാകും. മുസ്‌ലിംകള്‍ ഈ രാജ്യങ്ങള്‍ക്കൊക്കെ -പ്രത്യേകിച്ച് പാക്കിസ്ഥാന്- വിരുദ്ധരാണെന്ന ഒരു സിദ്ധാന്തം ഹിന്ദുത്വം എന്തായാലും മെനയാനുദ്ദേശിക്കുന്നില്ലല്ലോ. ഇസ്‌ലാമിന്റെ ആഗോളവ്യാപനത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍, പേര്‍ഷ്യയെയും റോമിനെയും അപേക്ഷിച്ച് അറേബ്യയില്‍നിന്ന് അല്‍പംകൂടി വിദൂരമാണെങ്കിലും നിരവധി യുദ്ധോത്സുകരായ രാജാക്കന്‍മാരും ഇസ്‌ലാമിനെക്കുറിച്ച് അറിയാനിടവന്നിട്ടില്ലാത്ത ജനസമൂഹങ്ങളും അധിവസിക്കുന്ന, കരയും കടലും ദ്വീപുകളുമൊക്കെ അടങ്ങിയ അതികിഴക്കന്‍ ഭൂവിഭാഗത്തെക്കുറിച്ചുകൂടി സൂചിപ്പിക്കുകയും അതിലെ ചില പ്രവിശ്യകളിലേക്കും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സൈനികര്‍ പ്രവേശിക്കുന്ന കാലം വരുമെന്ന് പ്രവചിക്കുകയും ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കുള്ള പുണ്യം കൊണ്ട് പ്രസ്തുത സൈനികനീക്കവും അനുഗ്രഹിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ടുള്ള ഹദീഥ്, ഇസ്‌ലാമിക സാമ്രാജ്യവികാസത്തിന്റെ വളരെ സ്വാഭാവികമായ ഒരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് എന്നുചുരുക്കം.

പേര്‍ഷ്യയുടെയും റോമിന്റെയും കാര്യത്തിലെന്നപോലെ, ആ ഘട്ടവും മധ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ പിന്നിട്ടിട്ടുണ്ട്. ആദ്യകാല ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങള്‍ ‘ഹിന്ദ്’ പ്രവിശ്യകളിലെത്തിയ ആ സന്ദര്‍ഭങ്ങളിലേക്കാണ് ഹദീഥ് വെളിച്ചം വീശുന്നത്; ആധുനിക ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിനോ ആധുനിക മുസ്‌ലിംകള്‍ക്കോ ബാധകമായ യാതൊന്നുമല്ല അതിലുള്ളത്. ‘അല്‍ ഹിന്ദ്’ എന്ന പ്രയോഗത്തെ ചിലപ്പോള്‍ ‘അസ്സിന്‍ദു വല്‍ ഹിന്ദ്’ എന്ന് വിപുലീകരിച്ച് പറയുന്ന ശൈലിയും മധ്യകാല അറബിയിലുണ്ടായിരുന്നു. ‘അല്‍ ഹിന്ദ്’ കൊണ്ട് സൂചിപ്പിക്കപ്പെടുന്ന അതിവിശാലമായ ഭൂപ്രദേശങ്ങളില്‍ സിന്ധൂനദിയുടെ പടിഞ്ഞാറുള്ളവയെ അസ്സിന്‍ദ് എന്നും സിന്ധൂനദിയുടെ കിഴക്കുഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ ഹിന്ദ് എന്നും ദ്യോതിപ്പിച്ചുകൊണ്ടുള്ള പ്രയോഗരീതിയായിരുന്നു ഇത്. അറേബ്യയില്‍നിന്ന് കരമാര്‍ഗം വരുമ്പോള്‍ സിന്ധു നദി വരെയുള്ള ‘ഹിന്ദി’നെ – ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ്- ‘സിന്‍ദ്’ എന്ന് പ്രത്യേകമായി വിളിക്കുന്ന ഈ ശൈലിയുടെ പ്രതിഫലനമാണ് ‘സിന്ധും ഹിന്ദും കീഴടക്കും’ എന്ന ദുര്‍ബലമായ ഹദീഥില്‍ കാണുന്നത്. ഥൗബാനില്‍നിന്നുള്ള ഹദീഥില്‍ ‘ഹിന്ദ്’ എന്നു പ്രയോഗിച്ചത് സിന്ധ് കൂടി ഉള്‍പ്പെടുന്ന വിശാല ഹിന്ദ് എന്ന അര്‍ത്ഥത്തിലായാലും സിന്ധ് ഒഴികെ ബാക്കിയുള്ള ഹിന്ദ് എന്ന അര്‍ത്ഥത്തിലായാലും ഹദീഥില്‍ പറഞ്ഞതുപ്രകാരമുള്ള ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങള്‍ വളരെ പ്രസിദ്ധമായ രീതിയില്‍ തന്നെ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

(തുടരും)

കുറിപ്പുകൾ

19. ബുഖാരി, സ്വഹീഹ് (കിതാബുല്‍ അയ്മാനി വന്നുദൂര്‍ -ബാബു കയ്ഫ കാനത് യമീനുന്നബിയ്യി).

20. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ഫിതന്‍).

21. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസി -ബാബു കിതാബിന്നബിയ്യി ഇലാ കിസ്‌റാ വ ഖയ്‌സര്‍).

22. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഫിതനി വ അശ്‌റാത്വിസ്സാഅ -ബാബു ലാ തക്വൂമുസ്സാഅഉതു ഹത്താ യമുര്‍റുര്‍റജുലു ബിഖജ്‌രിര്‍റജുലി ഫയതമന്നാ അയ്യകൂന മകാനല്‍ മയ്യിതി മിനല്‍ ബലാഅ്).

23. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഇമാറ -ബാബുന്നാസു തബഉന്‍ ലി ഖുറയ്ശിന്‍ വല്‍ഖിലാഫതു ഫീ ഖുറയ്ശ്).

24. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മനാഖിബ് -ബാബു അലാമാതിന്നുബുവ്വതി ഫില്‍ ഇസ്‌ലാം).

25. നസാഇ, സുനന്‍ (കിതാബുല്‍ ജിഹാദ് -ബാബു ഗസ്‌വതിത്തുര്‍കി വല്‍ഹബശ).

26. S.Q Fatimi, ‘Two letters from the maharaja to the khalifah: a study in the early history of Islam in the east’, Islamic Studies, vol. 2, No. 1 (March 1963), pp.121-40.


Tags :


mm

Musthafa Thanveer