Logo

 

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു

9 August 2020 | Reports

By

ലക്നൗ/ബാംഗ്ലൂര്‍: ബാബരീ മസ്ജിദിന് പിന്നാലെ ഉത്തരേന്ത്യയിലെ മറ്റ് പള്ളികളിലും അവകാശവാദമുന്നയിച്ച് സംഘ്പരിവാര്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം ആരാധനാലയങ്ങള്‍ പൊളിച്ച് ക്ഷേത്രം പണിയാനുള്ള മുറവിളികള്‍ സംഘ്പരിവാര്‍ ശക്തമാക്കിയിരിക്കുകയാണ്. മഥുരയില്‍ ഇതിനായി കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ് സംഘ്പരിവാര്‍.

അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ നടന്നതിനുപുറകേയാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി വീണ്ടെടുക്കാന്‍ എന്ന പേരില്‍ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള എണ്‍പത് സന്യാസിമാരുടെ നേതൃത്വത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ്’ എന്ന സംഘടനക്ക് സംഘ്പരിവാര്‍ രൂപം നല്‍കിയിരിക്കുന്നത്. മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നില്‍ക്കുന്ന സ്ഥലം കൃഷ്ണ ജന്മഭൂമിയാണെന്ന അവകാശവാദം സംഘ്പരിവാര്‍ നിരവധി വര്‍ഷങ്ങളായി ഉയര്‍ത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തയുടനെ തന്നെ മഥുരയിലെ മസ്ജിദ് ഭൂമി കൈവശപ്പെടുത്താനുള്ള ആഹ്വാനങ്ങളുമായി വിശ്വ ഹിന്ദുപരിഷദ് രംഗത്തുണ്ടായിരുന്നു. യു.പി തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദും കാശിയിലെ ഗ്യാന്‍വാപി മസ്ജിദും പ്രചാരണായുധമാക്കുവാനും വിശ്വ ഹിന്ദുപരിഷദിന് പദ്ധതികളുണ്ട്.

അതേ സമയം മഥുരയിലെയും കാശിയിലെയും പള്ളികള്‍ ബാബരി മസ്ജിദ് മാതൃകയില്‍ പൊളിച്ച് ക്ഷേത്രം പണിയണമെന്ന പരസ്യപ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ രംഗത്ത് വന്നു. ബാബരി മസ്ജിദ് തകര്‍ത്ത ദിവസം സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നുവെന്നും മഥുരയിലും കാശിയിലും ക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്നും ഈശ്വരപ്പ പ്രസ്താവിച്ചു. വിദ്വേഷ പ്രചാരണങ്ങളിലൂടെയും പള്ളി പൊളിക്കാനുള്ള ആഹ്വാനങ്ങളിലൂടെയും മുസ്ലിം വിരുദ്ധ പദ്ധതികള്‍ക്ക് കോപ്പ് കൂട്ടുകയാണ് ഹിന്ദുത്വ ശക്തികള്‍.


Tags :


mm

Admin