Logo

 

ഏക സിവിൽ കോഡ്: വിവാദ പരാമർശങ്ങളുമായി ഡോ. എം. കെ. മുനീർ

29 March 2017 | Reports

By

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സംഘടനകളുടെയും നിലപാടുകളെ തള്ളി എം. കെ. മുനീർ. ഡി. സി. ബുക്‌സ് സാഹിത്യമേളയുടെ ഭാഗമായി നടന്ന സംവാദത്തിലാണ് മുനീർ വിവാദ പരാമർശങ്ങൾക്ക് മുതിർന്നത്. ഹമീദ് ചേന്നമംഗലൂർ, ഡോ. സെബാസ്റ്റിയൻ പോൾ എന്നീ സഹസംവാദകരുടെ മുന്നിൽ തന്റെ സെക്കുലർ ക്രെഡൻഷ്യൽസ് തകർന്നുപോകാതിരിക്കാൻ വിനീത വിധേയനായി ക്ഷമാപണ ശൈലിയിൽ ശരീഅത്തിനെതിരേ സംസാരിക്കുന്ന ‘നല്ല കോഴിക്കോട്ടുകാരനെ’യാണ് വേദിയിൽ ഇന്ന് ഉച്ചക്ക് കണ്ടത്.

‘സംവാദം’ എന്നായിരുന്നു പേരെങ്കിലും തികച്ചും ഏകപക്ഷീയമായിരുന്നു പ്രോഗ്രാം. ഏക സിവിൽ കോഡിനെ സംബന്ധിച്ച മുസ്‌ലിം പക്ഷം അപകർഷതാ ബോധമില്ലാതെ അവതരിപ്പിക്കുവാൻ പ്രാപ്തിയുള്ള ആരും പ്രോഗ്രാമിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. പെൺ പ്രതിനിധികൾ ആരും ചർച്ചയിൽ ഇല്ലാത്തതും ശ്രദ്ധിക്കപ്പെട്ടു. സിവിൽ കോഡ് ചർച്ച ‘പരിഷകരിക്കപ്പെടേണ്ട അസംസ്‌കൃത വസ്തു’വായി മുസ്‌ലിം സമുദായത്തെ പരിഗണിക്കുന്ന യൂറോകേന്ദ്രീകൃത ആധുനികതാ ഉത്കണ്ഠകളുടെ നേർ പ്രത്യക്ഷമായിരുന്നു.

ഏക സിവിൽ കോഡ് നിയമം മൂലം അടിയന്തിരമായി നടപ്പിലാക്കണം എന്നും മുസ്‌ലിം സമുദായം പെൺവിരുദ്ധം ആണെന്നും ഉള്ള തന്റെ പതിവ് നിലപാടുകൾ ആണ് ചേന്നമംഗല്ലൂർ വൈകാരികവും ആക്രമണോത്സുകവും ആയി ചർച്ചയിൽ പങ്കുവെച്ചത്. സെബാസ്റ്റിയൻ പോൾ ആകട്ടെ, അടിച്ചേല്പിക്കുന്നതിനോടും ഏക സിവിൽ കോഡ് എന്ന പേരിനോടും യോജിപ്പില്ലെങ്കിലും മുസ്‌ലിംകൾ അവരുടെ കുടുംബ, അനന്തരാവാകാശ നിയമങ്ങളിൽ നിന്ന് ‘രക്ഷപ്പെടണം’ എന്നാണ് തന്റെ ആഗ്രഹം എന്നും അതിന് കോടതികളും സമൂഹവും അവരെ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സൂചിപ്പിച്ചു.

അവസാനം സംസാരിച്ച മുനീർ മുസ്‌ലിം സമൂഹത്തിൽ മാത്രമാണ് പ്രശ്നങ്ങൾ എന്ന് വരുത്തുന്ന ശൈലിയെ മാത്രമാണ് വിമർശിച്ചത്. മുസ്‌ലിംകൾ സ്വയം ബോധ്യം വന്ന് പരിവർത്തിതരായി ‘പെൺവിരുദ്ധമായ’ വ്യക്തിനിയമങ്ങൾ കാലാനുസൃതമായി ഉപേക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും ആ ‘പരിവർത്തനം’ നിയമം മൂലം അടിച്ചേൽപ്പിക്കുന്നത് വിപരീതഫലവും വൈകാരിക വിസ്‌ഫോടനങ്ങളും ആണ് ഉണ്ടാക്കുകയെന്നതിനാലാണ് താൻ ഏക സിവിൽ കോഡ് നിർദേശത്തെ എതിർക്കുന്നതെന്നും ആണ് മുനീർ വിശദീകരിച്ചത്. ഇതോടെ, താനും മുനീറും പറഞ്ഞത് ഒരേ കാര്യങ്ങൾ ആണെന്നും സമുദായത്തെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുനീറിനെപ്പോലുള്ളവർ മുൻകൈയെടുക്കണമെന്നും പോൾ പ്രതികരിച്ചു.

ബഹുഭാര്യത്വം ഇസ്‌ലാമിന്റെ താല്പര്യങ്ങൾക്കെതിരാണെന്നും സ്വത്തവകാശം ആൺ മക്കൾക്കും പെൺ മക്കൾക്കും ഒരേ പോലെയാണ് വേണ്ടതെന്ന കാര്യത്തിൽ ഇന്നത്തെ കാലത്ത് ആർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും മുനീർ പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും ലീഗിനെ പിന്തുണക്കുന്ന മതസംഘടനകളുടെയും നിലപാട് ഇതല്ലല്ലോ എന്ന് സദസ്സിൽ നിന്ന് സംശയം ഉയർന്നപ്പോൾ ലീഗിന്റെ നിലപാട് സമുദായത്തെ പൊതു സിവിൽ കോഡിന് മാനസികമായി പതുക്കെ പാകമാക്കണമെന്ന് തന്നെയാണെന്നും മുല്ലായിസത്തോട് തനിക്ക് യോജിപ്പില്ലെന്നും മുനീർ സൂചിപ്പിച്ചു. ലീഗ് നിലപാടുകളെയും ഇസ്‌ലാമിക സങ്കല്പങ്ങളെയും പരസ്യമായി തള്ളികൊണ്ടുള്ള മുനീറിന്റെ സംസാരം വൻ വിവാദമാകാനാണ് സാധ്യത.


Tags :


mm

Admin