പേടിയാണ്, എന്നെത്തന്നെയും!
29 March 2017 | Fiction
രാത്രിയില്‍ ഞെട്ടിയുണര്‍ന്ന്
ഒരാറേഴുതവണ ഞാനെന്റെ മുഖം
കണ്ണാടിക്കുള്ളില്‍ ഇഴകീറി പരിശോധിക്കാറുണ്ട്.
കീഴ്ച്ചുണ്ടിനു താഴെയോ
കവിളുകള്‍ക്കിരുവശമോ
കണ്ണില്‍പെടാതെ വല്ല
രോമപ്പരിശകളും തലനീട്ടുന്നുണ്ടോയെന്ന്.
അതീവശ്രദ്ധ വേണം.
പൊലീസിനുപോലും പേടിയാണ്,
വെള്ളവും വളവുമില്ലാതെ
മുറ്റി വളരുന്ന
ഈ കൊടും താടിക്കാട്.
പാതിരാത്രിയിലുമെന്റെ
പാതിമുഖം കാക്കുന്ന
കണ്ണാടിയുടെ സ്‌നേഹമെങ്കിലുമുണ്ടോ,
കട്ടുറുമ്പുകൾ അരിച്ചിറങ്ങുംപോലെ
കറുപ്പില്‍ മൂടിയിറങ്ങി നടക്കുന്ന
ഭാര്യക്കും മകള്‍ക്കും!
എത്ര പറഞ്ഞാലും ബുദ്ധി തെളിയാത്തവര്‍.
ഒരു തട്ടത്തിന്റെ മറവുമതി
ഒളിക്കണ്ണുമായവരെ പിന്തുടരുന്ന
ഭീകരനായെനിക്ക് മാറാനെന്ന്
മനസ്സിലാക്കാത്തവര്‍.
വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും
അടുക്കളയില്‍ നിന്നമറുന്ന
പോത്തിറച്ചി വെന്ത മണം
കടലാക്കുന്നതെന്റെ വായല്ല, കണ്ണ്.
എന്റെ കണ്ണുവെട്ടിച്ചെങ്ങനെയും
അകത്തു കയറുകയും
കുതറിയോടി നാട്ടുകാരുടെയെല്ലാം
മൂക്കുതുളക്കുകയും ചെയ്യുന്ന
ഈ കറുത്ത പോത്ത്
അന്നു രാത്രി കണ്ണാടിയിലെ എന്റെ
തലക്കുമീതെ വെച്ചുകെട്ടുന്നത്
കൂര്‍ത്ത രണ്ട് കൊമ്പുകള്‍.
മനുഷ്യമാംസം അയവിറക്കി
ഉറക്കം മറന്നൊരു വായ.
മരിക്കുംവരെ ഈ മതഭ്രാന്തിന്റെ പേര്
എന്നോടു തുന്നിച്ചേര്‍ത്ത കൊടുംചതി
ഉമ്മ-ബാപ്പ വകയല്ലാതെ പിന്നെന്ത്?
ലോകം തിരിയാതെ അന്നേ
ഉരുവിട്ടുള്ളിലുറപ്പിച്ചില്ലേ,
തുമ്മാനും തുടങ്ങാനുമെല്ലാം
വലത്തു നിന്നിടത്തോട്ടെമ്പാടും
സ്തുതികീര്‍ത്തനങ്ങള്‍?
ഞാന്‍ വളര്‍ന്നാലും
ചെറുപ്പം മാറാത്ത
എന്റെ കുഞ്ഞു മനസ്സ്
‘ഹാച്ചീം’ മുഴങ്ങുമ്പോള്‍
എത്ര സുപ്രധാന നഗരങ്ങളില്‍
‘അല്‍ഹംദുലില്ലാ’ എന്ന്
കര്‍ണകഠോര ശബ്ദങ്ങളില്‍
പൊട്ടിത്തെറിച്ചിരിക്കുന്നു!
ഒരു ഐ.എസ് ചാവേറായി
എത്ര തവണ ഞാന്‍ ആള്‍ക്കൂട്ടത്തില്‍
ഇവ്വിധം മരിച്ചുവീണിരിക്കുന്നു!