Logo

 

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട്

4 July 2024 | Essay

By

പ്രതിപക്ഷ നേതാവായി സ്ഥാനാരോഹിതനായ ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ പാർലമെൻ്റിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ ക്വുർആനിലെ ഒരു മനോഹരമായ സൂക്തം രാഹുൽ ഗാന്ധി ഉദ്ധരിച്ചത് ചർച്ചയായിരുന്നു. “അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌”. (ത്വാഹാ: 46) എന്നതായിരുന്നു ആ വചനം.
അധികാരത്തിന്റെ അഹങ്കാരത്തിൽ അനീതിയുടെ വിശ്വരൂപം പൂണ്ട ഫറോവമാർക്ക് മുന്നിൽ ഭയപ്പെടാതെ നിവർന്ന് നിന്ന് അധാർമ്മികതകൾക്കെതിരെ വിരൽ ചൂണ്ടലാണ് പ്രതിരോധമെന്നാണ് ഈ ആയത്ത് മുൻനിർത്തി അദ്ദേഹം പറയാൻ ശ്രമിച്ചത്. തീർച്ചയായും അനീതിക്കും, അക്രമത്തിനും മുന്നിൽ ഭയന്ന് ചൂളി നിശബ്ദരായിരിക്കുക എന്നതല്ല, യുക്തിഭദ്രമായ രീതിയിൽ അതിനെ പ്രതിരോധിക്കാൻ മുന്നോട്ട് വരണം എന്നത് തന്നെയാണ് ക്വുർആനും, നബി വചനങ്ങളും വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

മൂസായും (അ) സഹോദരൻ ഹാറൂനും (അ) ഫിർഔനിൻ്റെ അരികിലേക്ക് പ്രബോധന ദൗത്യവുമായി പോകുന്ന സന്ദർഭത്തിൽ അവർക്ക് ധൈര്യം പകർന്ന് കൊണ്ട് അല്ലാഹു സംസാരിക്കുന്ന വചനമാണ് ഇത്. ഈജിപ്തിന്റെ രാജാവായ ഫറോവ അയാൾക്ക് ലഭിച്ച അധികാരത്തിലും സുഷുപ്തിയിലും മതിമറന്നിരിക്കുന്നു. ഒരുവേള താൻ തന്നെയാണ് ദൈവം എന്ന് അയാൾ പ്രഖ്യാപിച്ചിരിക്കുന്നു! പ്രപഞ്ചത്തിന്റെ രക്ഷിതാവ് മാത്രമാണ് ആരാധനകൾ അർപ്പിക്കെപ്പെടാൻ അർഹനായ യഥാർഥ ദൈവമെന്നിരിക്കെ സ്വയം പ്രഖ്യാപിത ദൈവമാകാൻ അയാൾക്ക് എന്ത് ന്യായം? അത് കൊണ്ട് തന്നെ അതിനെതിരെ ശബ്ദമുയർത്തുവാനാണ് മൂസാ (അ) മിനോടും അദ്ദേഹത്തിന്റെ സഹോദരനോടും പ്രപഞ്ചത്തിന്റെ രക്ഷിതാവ് ആവശ്യപ്പെടുന്നത്. ഏത് ഏകഛത്രാധിപതിക്ക് മുന്നിലും സത്യം തുറന്നുപറയാൻ ഭയക്കേണ്ടതില്ല എന്ന സന്ദേശം ഈ വചനം മുന്നോട്ട് വെക്കുന്നുണ്ട്.

മിസ്റിൻ്റെ അധികാര സിംഹാസനങ്ങളിൽ ഇരിപ്പുറപ്പിച്ച ഫറോവയുടെ കൊട്ടാരത്തിലേക്ക് ചെന്ന്, അതിൻ്റെ നടുത്തളത്തിലിറങ്ങി, പാറാവുകാരെയും പരിവാരങ്ങളെയും സാക്ഷിയാക്കി അയാളുടെ മുന്നിൽ ഏകദൈവാരാധനയുടെ സന്ദേശം പറയുക എന്ന വലിയ ഉത്തരവാദിത്വമാണ് അവരിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് കേൾക്കേണ്ട താമസം രണ്ടു പ്രവാചകൻമാരും ഒന്ന് പതറിപ്പോകുന്നുണ്ട്.


“നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്നു വരാം. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌”. (ത്വാഹാ: 43 -46)

ഓരോ പ്രബോധകനും ഭയരഹിതനായി അജ്ഞതയുടെ ഇരുട്ട് പേറുന്ന സമൂഹത്തോട് സംവിദിക്കാൻ തയ്യാറാകണമെന്നും, അതിന് മുന്നിട്ട് വരുന്നവർക്ക് മൂസാ, ഹാറൂൻ എന്നീ പ്രവാചകൻമാർക്ക് അഭയം നൽകിയത് പോലെ അഭയം നൽകുമെന്നുമുള്ള വലിയ സന്ദേശമാണ് ക്വുർആൻ ഈ വചനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. ഏത് ധിക്കാരിയായ അധികാരിയുടെ മുന്നിലും സത്യവചനങ്ങൾ പറയുമ്പോൾ വിറക്കേണ്ടതില്ല. കാരണം ആത്മാർത്ഥമായി അതിന് വേണ്ടി തുനിഞ്ഞിറങ്ങുമ്പോൾ നിങ്ങളോടൊപ്പം അല്ലാഹുവുണ്ടാകും! ഇരുട്ടിൽ ദുർഘടമായ വഴികൾ താണ്ടിക്കടക്കേണ്ട യാത്രയിൽ കൂട്ടിനായി ഒരാളെ ലഭിക്കുക എന്നതിലുള്ള ആശ്വാസം ചെറുതല്ല. അതിനെക്കാൾ എത്രയോ മഹത്തരമാണ് ഒരു കാര്യത്തിൽ അല്ലാഹുവിൻ്റെ സാമിപ്യവും സംരക്ഷണവും ലഭിക്കുക എന്നുള്ളത്.

അല്ലാഹു കൂടെയുണ്ടാവുക എന്നത് ഏത് കലുഷിതമായ സാഹചര്യത്തിലും വിശ്വാസിക്ക് നിർഭയത്വവും സ്വാന്തനവും സമ്മാനിക്കുന്ന കാര്യമാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിൽ സർവ്വായുധ സന്നദ്ധരായി തങ്ങളെ വിഴുങ്ങാൻ വന്ന ശത്രുക്കൾ തൊട്ടരികിലെത്തിയിട്ടും നിർഭയം നിലകൊള്ളാൻ നബി (സ്വ) യേയും അനുചരൻ അബൂബക്കർ (റ) വിനെയും പര്യാപ്തമാക്കിയത് ഈ സന്ദേശം തന്നെയാണ്. അല്ലാഹു നമ്മളോട് അടുക്കുകയും അവൻ്റെ സാമിപ്യവും സഹായവും ഉണ്ടാവുകയും ചെയ്യാൻ കർമങ്ങൾ കൊണ്ട് അവനിലേക്ക് അടുക്കാൻ ശ്രമിക്കണമെന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. അവനെ സ്മരിച്ചും, നിർബന്ധ ബാധ്യതയാക്കപ്പെട്ട കർമങ്ങളും, ഐച്ഛികമായ കർമങ്ങളും നിർവഹിച്ചും, പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിച്ചും, സൽക്കർമ്മങ്ങൾ അധികരിപ്പിച്ചുമാണ് വിശ്വാസിക്ക് അത് നേടിയെടുക്കാനാവുക.

“തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം”. (അൽ മാഇദഃ : 12)

“അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു”. (അൽ അൻഫാൽ : 46)

“അവൻ എന്നെ ഓർക്കുന്ന പക്ഷം ഞാൻ അവൻ്റെ കൂടെയുണ്ടാകും” (ബുഖാരി)

“എൻ്റെ അടിമ ഞാൻ നിബന്ധ ബാധ്യതയായി നിശ്ചയിച്ച ഒരു കർമ്മം കൊണ്ട് എന്നിലേക്ക് അടുക്കുകയും, ഐച്ഛികമായ കർമ്മങ്ങൾ കൊണ്ട് ഞാൻ അവനെ ഇഷ്ടപ്പെടുന്നത് വരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാകും, അവൻ കാണുന്ന കണ്ണ് ഞാനാകും, അവൻ പിടിക്കുന്ന കൈ ഞാനാകും, അവൻ ചോദിച്ചാൽ ഞാൻ നൽകുക തന്നെചെയ്യും, അവൻ കാവൽ ചോദിച്ചാൽ ഞാൻ അവന് അഭയമാവുകയും ചെയ്യും”. (ബുഖാരി)


Tags :


ശരീഫ് അന്‍സ്വാരി വാവൂര്‍