Logo

 

കണ്ണും ഖല്‍ബും, ഖല്‍ബിലെ കണ്ണും

19 December 2024 | സാരസാഗരം

By

അരികത്തു നീ വന്നിരിക്കവെ ഹൃദയത്തി-
ലരിയസ്വപ്‌നങ്ങള്‍ക്കു ചിറകുവെക്കും
മലര്‍വനിയാകുംമനോജ്ഞവര്‍ണ്ണങ്ങളാല്‍
പുലരിയാകുംമനം പുഞ്ചിരിക്കും!

പ്രിയതമയുടെ അല്ലെങ്കില്‍ പ്രിയതമന്റെ സാന്നിധ്യം തന്നിലുണ്ടാക്കുന്ന ഹൃദയവികാരത്തെ കവി മനോഹരമായി പാടുകയാണ്!

നേരില്‍ കാണുമ്പോള്‍
ചേര്‍ന്നിരിക്കുമ്പോള്‍
കൈപിടിച്ചു നടക്കുമ്പോള്‍
ഒന്നിച്ചുറങ്ങുമ്പോള്‍
യാത്രയിലകലുമ്പോള്‍
ഫോണില്‍ നമ്പര്‍ തെളിയുമ്പോള്‍
ഇണകളില്‍ സന്തോഷത്തിന്റെ കുളിര്‍മഴയുതിര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ദാമ്പത്യം ചന്തമാര്‍ന്നതായി!

ഇഷ്ടം, സ്‌നേഹം, പൊരുത്തം, ഭംഗി എന്നൊക്കെ അര്‍ത്ഥങ്ങളുള്ള ഒരു മലയാള പദമുണ്ട്: ഇണക്കം! ഇണകളില്‍ നിര്‍ലോപം കാണേണ്ട ഗുണമാണ് ഇണക്കം!

ദാമ്പത്യ ജീവിതം ദൈവനിശ്ചയമാണ്! ആണ്‍-പെണ്‍ സൃഷ്ടിപ്പു തന്നെ പരസ്പരം ചേര്‍ന്നു ജീവിക്കാനുള്ള അല്ലാഹുവിന്റെ സംവിധാനമാണ്. ദാമ്പത്യ ജീവിതത്തില്‍ രണ്ടുദ്ദേശ്യങ്ങളെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്.

ഒന്ന്: ഭൗതിക ലോകത്ത് ശാന്തിയോടെയുള്ള ജീവിതം നയിക്കാന്‍

അല്ലാഹു പറഞ്ഞു: “നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (റൂം: 21)

രണ്ട്: നല്ലൊരു തലമുറയെ സൃഷ്ടിക്കാന്‍

അല്ലാഹു പറഞ്ഞു: “അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു.” (നഹ് ല്‍: 72)

മുകളില്‍ വായിച്ച രണ്ട് ഉദ്ദ്യേശങ്ങളും ഇണകളുടെ ജീവിതത്തില്‍ ഉത്തരവാദിത്തങ്ങളാണ്. അവ രണ്ടും ആത്യന്തികമായി നല്‍കുന്നത് സന്തോഷമാണ്, ഹൃദയാനന്ദമാണ്. ആദ്യ ആയത്തില്‍ ഇണകള്‍ തമ്മില്‍ ‘സമാധാനപൂര്‍വ്വം ഒത്തുചേരാന്‍’ എന്ന് കൃത്യമായി പറയുന്ന അല്ലാഹു, രണ്ടാമത്തെ ആയത്തിന്റെ താത്പര്യം കണ്‍കുളിര്‍മ്മ അഥവാ ഹൃദയാനന്ദമാണ് എന്ന് ദ്യോതിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന വേറൊറു ആയത്തിലൂടെ നമ്മെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം:

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ” (ഫുര്‍ഖാന്‍: 74)

അതെ, സമാധാനം, കണ്‍കുളിര്‍മ്മ, ഹൃദയാനന്ദം ഒക്കെയൊക്കെയാകണം ദാമ്പത്യ ജീവിതത്തിലെ മര്‍മ്മം.

സ്വതന്ത്രമായിരുന്നപ്പോള്‍ വ്യത്യസ്ത വീക്ഷണങ്ങളും ആഗ്രഹങ്ങളും നെഞ്ചില്‍ കൊണ്ടു നടന്നവര്‍, ഇണകളായൊന്നിക്കുമ്പോള്‍, ഇണക്കത്തിനുതകുന്ന വീക്ഷണങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും ഒന്നാകുകയാണ്. ഒരു വലിയ പുതിയ ലോകത്തേക്കുള്ള മാറ്റമാണത്. ജീവിതത്തിലെ പലതും നൈമിഷികാനന്ദങ്ങളാകുമ്പോള്‍ ദാമ്പത്യജീവിതത്തിലെ എല്ലാം സ്ഥിരാനന്ദങ്ങളായി അനുഭവപ്പെടണം. ഇണകളുടെ ദൈനംദിന ദാമ്പത്യജീവിതത്തില്‍ അതിന്നാവശ്യമായ രണ്ട് മൗലിക ഗുണങ്ങള്‍ അവരിരുവരുടെ പ്രകൃതിയിലും അല്ലാഹു സംവിധാനിച്ചിട്ടുണ്ട് എന്നതാണ് സത്യം.

നാം മുകളില്‍ വായിച്ച, സൂറത്തു റൂമിലെ 21-മത്തെ ആയത്ത് ഒന്നുകൂടി വായിക്കുക:

“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”

ഇണകളുടെ ശാന്തജീവിതത്തിന് മനുഷ്യ പ്രകൃതിയില്‍ അല്ലാഹു സംവിധാനിച്ച രണ്ട് മൗലിക ഘടകങ്ങളെയാണ് ഈ ആയത്തില്‍ പഠിപ്പിക്കുന്നത്.

ഒന്ന്: സ്‌നേഹം രണ്ട്: കരുണ.

ശാന്തിയും സമാധാനവും ഹൃദയാനന്ദവും നിറഞ്ഞ ജീവിതത്തിന് അല്ലാഹു കയ്യില്‍ വെച്ചു തന്ന ഈ രണ്ടനുഗ്രഹങ്ങളെ, കലവറയില്ലാതെ, ലോപമേതുമില്ലാതെ അന്യോന്യം പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിച്ചാല്‍ അതാകും യഥാര്‍ത്ഥ ദാമ്പത്യം! പസ്പരം പകരുംതോറുമാണ് സ്‌നേഹവും കരുണയും പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുക. പിശുക്കിവെച്ചാല്‍ അവ രണ്ടും വരണ്ടു പോകും. ഇണകള്‍ തമ്മിലെ ജീവിതവും അങ്ങനെ വരണ്ടതായിത്തീരും. അങ്ങനെ വന്നാല്‍:
മുഖാമുഖമിരിക്കില്ല
മുഖത്തു നോക്കി ചിരിക്കില്ല
കാത്തിരിക്കില്ല
കയറിവന്നാല്‍ പരിഗണിക്കില്ല
ഉറക്കമുറിയില്‍ പരസ്പരം സല്ലപിക്കില്ല
വികാരമില്ലാത്ത രണ്ടു യന്ത്രങ്ങളുള്ള ഒരു ഭവനം!
മനസ്സകന്നാല്‍ മുഖമകലും
മുഖമകന്നാല്‍ ശാന്തിയകലും
ശാന്തമല്ലാത്ത മനസ്സും ശാന്തിയില്ലാത്ത ഭവനവും എന്തിനുകൊള്ളൂം?!

2024 ഒക്ടോബര്‍ 10ന് മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്തനോക്കൂ: “തിരുവനന്തപുരം: സ്വന്തം വീട്ടില്‍ പരസ്പരം സംസാരം പോലുമില്ലാതെ അന്യരെപ്പോലെ കഴിയുന്ന ദമ്പതിമാരുടെ എണ്ണം കൂടിവരുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഇടയിലാണ് ഈ പ്രവണത കൂടുതല്‍. കൗണ്‍സിലിങ്ങിലൂടെ ഇത്തരം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് വനിതാ കമ്മീഷന്‍.”

ഇണകള്‍ക്കിടയില്‍ വ്യാപകമാകുന്ന ദുരന്തമാണ് മുകളിലെ വാര്‍ത്തയിലുള്ളത്. 40 വയസ്സിനു മുകളിലുള്ളവരിലാണ് ‘പരസ്പരം സംസാരമില്ലാത്ത ദാമ്പത്യം’ എന്ന് പറയുമ്പോള്‍, നാല്പതാമത്തെ വയസ്സാകുന്നതോടെ ഈ പ്രവണത ആരംഭിക്കുകയാണ് എന്ന് കരുതരുത്. നാല്പതിനും മുമ്പേ സ്‌നേഹവും കരുണയും വറ്റിത്തുടങ്ങിയതിന്റെ പരിണതിയാണത്. അതല്ലെങ്കില്‍ അവ രണ്ടും അന്യോന്യം പകര്‍ന്നു നല്‍കാന്‍ അറിയാതെപോയതിന്റെ പരിണതി! കാരണം രണ്ടായിരുന്നാലും ദുരിതമാണ് ഫലം!

അല്ലാഹുവില്‍ നിന്ന് ഔദാര്യമായി ലഭിച്ച ഏതൊരു അനുഗ്രഹവും അഭിവൃദ്ധിപ്പെടുത്തേണ്ടതുപോലെ, ഇണകളിലെ സ്‌നേഹവും കരുണയും അഭിവൃദ്ധമാകണം. അതിന് രണ്ടിണകളും ആത്മാര്‍ത്ഥമായി ശ്രമിക്കണം.
കുറയുന്നുവെന്ന് കാണുമ്പോള്‍ പറയണം
അവരണ്ടും വീണ്ടും വീണ്ടും നിറയണം; നിറയ്ക്കണം
അതിനൊരു വഴിയുണ്ട്, പ്രവാചകന്‍ പറഞ്ഞൊരു വഴി!

പരസ്പരം നന്മമകളെ പരിഗണിക്കുക; പോരായ്മകളെ പറഞ്ഞു തീര്‍ക്കുക. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല. ഇണകളും മനുഷ്യരല്ലെ? ഇണകളില്‍ വേണ്ടത് ഇണക്കമല്ലെ? എങ്കില്‍ സുഗന്ധം പരത്തുന്ന ഇണക്കത്തിനു വേണ്ടത്‌ തങ്ങളിലെ നന്മകളെ അന്യോന്യം പരിഗണിക്കുക എന്നതാണ്.

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുളി: ഒരു മുഅ്മിനും തന്റെ ഇണയായ മുഅ്മിനയെ വെറുക്കരുത്. അവളിലെ ഒരു സ്വഭാവം അനിഷ്ടകരമെങ്കില്‍ അവളില്‍ ഇഷ്ടകരമായ സ്വഭാവങ്ങള്‍ വേറെയുണ്ട്. (മുസ്‌ലിം)

ഇത് പുരുഷന്മാരോടുള്ള പ്രവാചകന്റെ ഉപദേശമാണ്. സ്ത്രീകള്‍ക്കും ഇതേ ഉപദേശം ബാധകം തന്നെ. അതെ, ഓരോരുത്തരിലേയും ഇഷ്ടകരമായ, ആഹ്ലാദ ദായകമായ ഗുണങ്ങളെ പരിഗണിച്ചാകണം ദാമ്പത്യജീവിതത്തില്‍ ഇണകള്‍ വര്‍ത്തിക്കേണ്ടത്.


അപ്പോള്‍ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും, അരികിലും ദൂരെയും രണ്ടുപേരും മുഖംനോക്കിയിരിക്കും. അരികിലെങ്കില്‍ കണ്ണുകൊണ്ടും ഖല്‍ബുകൊണ്ടും. ദൂരെയെങ്കില്‍ ഖല്‍ബിലെ കണ്ണുകൊണ്ടും.


Tags :


ഹനീന്‍ ഹബീബ്‌