Logo

 

പർദ ധരിച്ചും ധരിക്കാതെയുമുള്ള എന്റെ യാത്രകൾ

26 April 2017 | Memoir

By

യാത്രാനുഭവങ്ങളെല്ലാം എനിക്ക് ‘പര്‍ദാനുഭവങ്ങള്‍’ കൂടിയാണ്. യാത്രയില്‍ ഞാന്‍ ധരിക്കുന്ന വസ്ത്രമെന്ന നിലക്ക് പര്‍ദക്ക് സ്ഥാനമില്ലാത്തൊരു ചര്‍ച്ച എന്റെ യാത്രകളെക്കുറിച്ച് നടത്താനാവില്ലെന്ന് തന്നെ പറയാം. അഞ്ച് വര്‍ഷത്തെ പര്‍ദാനുഭവങ്ങളും അതിലേറെ നീണ്ട ‘അപര്‍ദാനുഭവങ്ങളു’മാണ് എനിക്കുള്ളത്. കട്ടിയുള്ളൊരു വരയാല്‍ വേര്‍തിരിക്കാനാവും വിധം തീര്‍ത്തും വ്യതിരിക്തമായ അനുഭവങ്ങളാണ് ജീവിതത്തിന്റെ ഈ രണ്ടു ഘട്ടങ്ങളിലും എനിക്കുണ്ടായിട്ടുള്ളത്. പര്‍ദ ധരിക്കുന്നതിന് മുമ്പും ശേഷവുമായുള്ള എന്റെ യാത്രകള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ യാത്രകള്‍ പോലെയാണ് ഇന്നെനിക്ക് അനുഭവപ്പെടുന്നത്.

ദൈവിക കല്‍പനയുടെ അനുസരണം, ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെ തുറന്ന പ്രഖ്യാപനം എന്നിവ തന്നെയാണ് പര്‍ദ വസ്ത്രമാക്കുകയെന്ന തീരുമാനത്തിനു പിന്നിലെ അടിസ്ഥാന പ്രചോദനം. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ മറക്കുന്ന വസ്ത്രമെന്ന നിലക്ക്, ആകര്‍ഷണീയമല്ലെന്ന നിലക്ക്, ഒട്ടിക്കിടന്ന് ശരീരത്തിന്റെ നിംനോന്നതികള്‍ പ്രകടമാക്കുന്നില്ലെന്ന നിലക്ക് എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍ സ്വയം തെരഞ്ഞെടുത്ത വസ്ത്രമാണ് പര്‍ദ. കഴിയുന്നത്ര നിറങ്ങളിലും മോഡലുകളിലും അണിഞ്ഞൊരുങ്ങി മടുക്കുമ്പോള്‍ ജീവിതത്തെ കൂടുതല്‍ ലളിതവല്‍ക്കരിക്കുന്നതിനായി മധ്യവയസ്സു പിന്നിട്ടവര്‍ക്ക് വേണമെങ്കില്‍ നടത്താവുന്ന തെറ്റില്ലാത്തൊരു തെരഞ്ഞെടുപ്പാണ് പര്‍ദയെന്ന പ്രചരണം തന്നെ തെറ്റാണെന്ന തിരിച്ചറിവിന്റെ ഭൂമികയില്‍ നിന്നു കൊണ്ടാണ് പര്‍ദയെപ്പുല്‍കാന്‍ യൗവനാരംഭത്തില്‍ തന്നെ ഞാന്‍ തീരുമാനിച്ചത്.

എന്റെ ശരീരത്തിനുമേലുള്ള പൂര്‍ണമായ അവകാശ പ്രഖ്യാപനം എനിക്കു സാധ്യമാവുക പര്‍ദ ധരിക്കുന്നതിലൂടെയാണെന്ന മനസ്സിലാക്കലാണ് പര്‍ദയോട് എന്നെ അടുപ്പിച്ചത്.
വിലമതിക്കാനാവാത്തൊരു അമൂല്യ വസ്തു കയ്യിലുണ്ടായിരിക്കെ അശ്രദ്ധയായിക്കൊണ്ട് അതിനെ നഷ്ടപ്പെടുത്തിക്കളയാന്‍, അതിനു പോറലേല്‍പ്പിക്കാന്‍ ഞാനൊരിക്കലും ഇഷ്ടപ്പെടുന്നില്ല. എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ച് അത് പ്രദര്‍ശിപ്പിച്ച് നടക്കുന്നത് വിഡ്ഢിത്തമാവുമെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. ദൈവം നല്‍കിയ അതിസുന്ദരമായ അനുഗ്രഹങ്ങളിലൊന്നാണ് സ്ത്രീശരീരമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു വിശ്വാസമുള്ളവര്‍ക്കാണ്, എന്നെ വഞ്ചിക്കില്ലെന്നുറപ്പുള്ളവര്‍ക്കാണ്, എന്റെ ശരീരത്തിന് എന്നെപ്പോലെത്തന്നെ വില കല്‍പ്പിക്കുന്നവര്‍ക്കാണ്, അതിനെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്കാണ്, എല്ലാത്തിലും ഉപരി ഞാന്‍ അനുവാദം കൊടുക്കുന്നവര്‍ക്കാണ് അത് കാണാനും ആസ്വദിക്കാനും അവകാശമുള്ളതെന്ന് ഞാന്‍ വിചാരിക്കുന്നു. എനിക്കിഷ്ടമില്ലാത്തൊരാള്‍ എന്റെ ശരീരത്തെ സ്പര്‍ശിച്ചാല്‍ പ്രതികരിക്കാന്‍ എനിക്കായേക്കാം. പക്ഷേ, ഞാന്‍ പോലുമറിയാതെ എന്റെ ശരീരത്തെ കണ്ണുകൊണ്ട് ബലാത്‌സംഗം ചെയ്യുന്നയാളെ ഞാനെങ്ങനെ എതിര്‍ക്കാനാണ്? ഇരയാക്കപ്പെടുന്നത് അറിയാന്‍ പോലും കഴിയാതെ വരുന്നവളെക്കാള്‍ നിസ്സഹായയായി മറ്റാരുണ്ട് ലോകത്ത്? ഇങ്ങനെ അഭിമുഖീകരിച്ച ഒട്ടനേകം പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരമാണ് പര്‍ദ.

യാത്രകളെ സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഞാന്‍ മാതാപിതാക്കളോടൊത്ത്, ബന്ധുക്കളോടൊത്ത്, സുഹൃത്തുക്കളോടൊത്ത്, അതിലേറെ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്. സുദീര്‍ഘമായ യാത്രകളും ജീവിതത്തിലുണ്ടായിട്ടുണ്ട്. കുടുംബത്തിന്റെ സുരക്ഷാവലയം ഉറപ്പുവരുത്തുന്ന സ്വന്തം വാഹനങ്ങളിലല്ല, ബസിലും ട്രെയിനിലുമായിട്ടായിരുന്നു ഈ യാത്രകളില്‍ ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ എനിക്കു ചുറ്റുമുള്ള മനുഷ്യരാരാണെന്നും അവരെന്താണെന്നും അറിയാനുള്ള അവസരങ്ങള്‍ തന്നെയായിരുന്നു എനിക്കെന്റെ യാത്രകള്‍. ഓരോ കാഴ്ചയും, ഓരോ വാക്കും നോക്കും സ്വയം പഠനത്തിന്റെ ‘സാമൂഹ്യപാഠപുസ്തക’ത്തിലെ സുപ്രധാനമായ അധ്യായങ്ങളാണ് എനിക്കെന്നും.
വസ്ത്രധാരണത്തിനും പെരുമാറ്റത്തിനുമെല്ലാം ജീവിതത്തിന്റെ നിഖില മേഖലകളിലേയും അനുഭവങ്ങളുമായി അഭേദ്യബന്ധമുള്ളതായി കാണാനാവും. തികച്ചും വ്യത്യസ്തമായ രണ്ടുതരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള എന്റെ യാത്രകളെ അനുഭവങ്ങളുടെ രണ്ടു കാലഘട്ടങ്ങളായി വേര്‍തിരിക്കാനാവുന്നതും അതുകൊണ്ടായിരിക്കാം.

ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചു യാത്ര ചെയ്തിരുന്നൊരു ഭൂതകാലമെനിക്കുണ്ട്. പുതിയ ട്രെന്‍ഡുകളില്‍ സ്വയം ആവിഷ്‌ക്കരിക്കുന്നതിനായി വിറളി പിടിച്ച് നടന്നൊരു കാലഘട്ടം എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. അനുവാദമില്ലാതെ അന്നെന്റെ ശരീരത്തെ തുറിച്ചു നോക്കിയവരൊക്കെയും എന്റെ വ്യക്തിത്വത്തിന്റെ പ്രകാശനത്തെ അഭിനന്ദിക്കുകയായിരുന്നുവെന്ന് അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല. ആവുന്ന പോസുകളിലെല്ലാം ശരീരത്തെ കണ്ണുവെച്ചളന്നവര്‍ ശരീരത്തിനപ്പുറത്തേക്ക് മൂല്യമുള്ളൊരു വസ്തുവായിപ്പോലും എന്നെ മനസ്സിലാക്കുകയുണ്ടായില്ല. ലോകം മുഴുവന്‍ എന്നെയാണ് ഉറ്റു നോക്കുന്നതെന്ന കൗമാരകാലത്തിന്റെ മിഥ്യാധാരണയെ അതിജീവിച്ചതിന് ശേഷവും നോട്ടങ്ങളുടെ രാഷ്ട്രീയം പാടെ അവഗണിക്കാന്‍ എനിക്കാവുമായിരുന്നില്ല. അനുഭവങ്ങള്‍ അതിനെന്നെ അനുവദിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. എന്റെ ശരീരത്തെക്കുറിച്ചുള്ള ആവശ്യത്തില്‍ കവിഞ്ഞ ആശങ്കകളല്ല, എന്നേക്കാള്‍ എന്റെ ശരീരത്തെ പരിഗണിക്കുന്ന മറ്റു പലരുടേയും സാന്നിധ്യമാണ് എന്നെ അങ്കലാപ്പിലാക്കിയിട്ടുള്ളത്. പ്രായത്തെ കവച്ചുവെച്ച് എന്റെ ശരീരം വളരുന്നത് കണ്ണാടി പറയുന്നതിനേക്കാള്‍ മുമ്പ് ചൂളിപ്പോകുന്ന നോട്ടങ്ങളെന്നോടു പറഞ്ഞിട്ടുണ്ട്; ശരീരത്തോടു ചേര്‍ത്തുതുന്നിയ കുപ്പായങ്ങള്‍ക്കു പുറത്തേക്കെന്റെ ശരീരം വളരുന്നത് ആസക്തിയാല്‍ തിളക്കുന്ന കണ്ണുകളെന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിരറ്റ വെറുപ്പോടെയല്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അത്തരം സന്ദര്‍ഭങ്ങള്‍ പര്‍ദ ധരിച്ചതോടെ പണ്ടെന്നോ കണ്ടുമറന്ന ദുസ്സ്വപ്‌നങ്ങള്‍ പോലെയായിത്തീര്‍ന്നു എന്നതാണ് സത്യം. ശരീരതേട്ടക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ മോഹമിളക്കുന്ന മേനി വേണമെന്നുള്ളതുകൊണ്ട് അവരോടു നേര്‍ക്കുനേരെ ‘സംവദിക്കാത്ത’ പര്‍ദക്കുള്ളിലെ എന്റെ ശരീരം ഒരു ‘ചരക്കിന്റെ’ നിലവാരത്തില്‍ നിന്ന് വളരെയേറെ ഉയരുകയായിരുന്നു.

പര്‍ദ ധരിക്കുന്നതിന് മുമ്പൊരിക്കല്‍, ഒരു ബസ് യാത്രക്കിടെ ബസിലെ ഒരു ജീവനക്കാരന്‍ (കിളി) കള്ളച്ചിരിയുമായി ഇടക്കിടെ നോക്കിക്കൊണ്ടെന്നെ വല്ലാതെ അപമാനിച്ചു. ബസിലിരിക്കുന്ന യുവതികളിലാരുംതന്നെ അവന്റെ ശൃംഗാരച്ചിരി കൊള്ളാതെ രക്ഷപ്പെടുകയുണ്ടായില്ല. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്നെന്ന കണക്കില്‍ ഏതു പെണ്ണിനെയും നൊട്ടിനുണയാനുള്ള പരവേശമാണ് ആ കണ്ണുകളിലെനിക്ക് കാണാ നായത്. ബസ് ജോലിക്കാരില്‍ ഒരുപാടുപേര്‍ ഇത്തരം കണ്‍ക്രിയകളിലും ചില കൈക്രിയകളിലും തികഞ്ഞ വൈദഗ്ദ്ധ്യമുള്ളവരാണെന്ന് നേരിട്ടു പലവട്ടം ദര്‍ശിച്ചിട്ടുള്ളതുകൊണ്ട് അതിലൊരുത്തനായിട്ടേ ഈ മാന്യ ദേഹത്തേയും മറ്റു പലരേയും പോലെ ഞാനും പരിഗണിച്ചുള്ളൂ. പക്ഷേ, ഈ സംഭവം മാത്രം ഞാന്‍ പ്രത്യേകം ഓര്‍ത്തുവെക്കുന്നതിന് സവിശേഷമായൊരു കാരണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പര്‍ദ ധരിച്ചുകൊണ്ട് ഇതേ ബസില്‍ ഞാന്‍ കയറുകയുണ്ടായി, ഇതേ വ്യക്തിയെ വീണ്ടും കാണുകയും ചെ യ്തു. ‘എവിടേക്കാണ് താത്താ?’ എന്ന് അയാളെന്നെ നോക്കി നിസ്സംഗതയോടെ ചോദിച്ചപ്പോള്‍ ഇയാളിതാ ഒരു പുതിയ മനുഷ്യനായിരിക്കുന്നു എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ, മറ്റു പല യാത്രക്കാരികളോടുമുള്ള അയാളുടെ പെരുമാറ്റം കണ്ടപ്പോളാണ് മാറിയത് അയാളല്ല, ഞാനാണ് എന്ന് എനിക്കു മനസ്സിലായത്.

യാത്രകളുടെ കയ്‌പ്പേറിയ ആദ്യാനുഭവങ്ങള്‍ എനിക്കു പകര്‍ന്നു തന്നതില്‍ എന്റെ വസ്ത്രങ്ങള്‍ക്ക് അനിഷേധ്യമായ പങ്കുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിന്റേതായിരുന്നു ആ നിമിഷം. അതിനാല്‍, ഇടയ്ക്കിടെ നോട്ടങ്ങളാല്‍ ‘പരിഗണിക്കപ്പെടേണ്ടവള’ല്ല ഞാനിനിമുതലെന്ന തിരിച്ചറിവ് വല്ലാത്ത കോരിത്തരിപ്പാണ് എന്നിലുളവാക്കിയത്. ശക്തമായ പ്രതിരോധം പര്‍ദ പോലെ ലളിതമായൊരു വസ്ത്രത്തിലൂടെയും സാധ്യമാണെന്ന വസ്തുത പഠിക്കുകയായിരുന്നു ഞാനന്ന്. ചെറുപ്രായത്തില്‍ പല (പര)പുരു ഷകോപ്രായങ്ങള്‍ അറിഞ്ഞില്ലെന്ന് നടിച്ച് അനുഭവിക്കേണ്ടവളും തല നരക്കുമ്പോള്‍ മാത്രം ബഹുമാനിക്കപ്പെടേണ്ടവളുമാണ് സ്ത്രീയെന്ന ‘നാട്ടുനടപ്പി’നെയല്ല, പ്രായഭേദമന്യേ ബഹുമാനിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന നല്ലനടപ്പിനെയാണ് പര്‍ദ പ്രതിനിധീകരിക്കുന്നതെന്ന വലിയ പാഠമുള്‍ക്കൊള്ളുക കൂടിയായിരുന്നു ഞാനവിടെവെച്ച്.

ഹയര്‍ സെക്കന്‍ഡറിയിലായിരുന്നപ്പോള്‍ യൂണിഫോം ധരിച്ച്, കണ്‍സെഷന്‍ ടിക്കെറ്റിനാല്‍ രണ്ടാം തരം യാത്രക്കാരാക്കപ്പെട്ട ഞാനും കൂട്ടുകാരികളും കണ്ടക്ടറുടെ തെറിവിളികളുടെ അകമ്പടിയോടെ പരമാവധി പിന്നിലേക്ക് തള്ളപ്പെടാറുണ്ടായിരുന്നു. പിന്നില്‍ നില്‍ക്കുന്ന പുരുഷപ്രജകള്‍ ഈ ‘സൗകര്യം’ പരമാവധി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നില്‍ നിന്നൊരു തോണ്ടലോ അബദ്ധത്തിലെന്നപോലെ ഒരു സ്പര്‍ശനമോ സഹിക്കേണ്ടിവന്നാല്‍ മുന്നിലേക്ക് നീങ്ങി നില്‍ക്കുമെന്നല്ലാതെ അതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ മാത്രം തന്റേടിയായിരുന്നില്ല ഞാനന്ന്. ഇന്നൊരുപക്ഷേ ശക്തമായി പ്രതികരിക്കാന്‍ എനിക്കായേക്കും. പക്ഷേ, പര്‍ദ എനിക്കതിന് ഇന്നേവരെ അവസരം തന്നിട്ടില്ലെന്നു വേണം പറയാന്‍. പര്‍ദ വസ്ത്രമായതിനു ശേഷം ഇത്തരം സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇന്നത്തെ എന്റെ കോളേജ് ദിനങ്ങള്‍ക്ക് (ഒരുമാതിരി) നോട്ടങ്ങളും തൊടലും തോണ്ടലുകളുമില്ലാത്ത സുഖയാത്രകളുടെ അനുഭവമാണ് പങ്കുവെക്കാനുള്ളത്. പര്‍ദ ധരിച്ച് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നുകൊണ്ടല്ല, മുമ്പത്തേതിനേക്കാള്‍ കൂടുതല്‍, മുമ്പത്തേതിനേക്കാള്‍ ദൂരം യാത്ര ചെയ്തുകൊണ്ടാണ് ഈ ഹൃദ്യാനുഭവം നുകരാന്‍ ഞാന്‍ അര്‍ഹയായിത്തീര്‍ന്നത്.

വിവാഹശേഷം ഭര്‍ത്താവിനോടൊത്തുള്ള ട്രെയിന്‍ യാത്രകള്‍ യാത്രാനുഭവങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നിടുകയായിരുന്നു എനിക്കു മുമ്പില്‍. ഒന്നും രണ്ടും മൂന്നുമെല്ലാം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ യാത്രകള്‍ അനുഭവങ്ങളുടെ പരിചിത ലോകത്തുനിന്നും അപരിചിതത്വത്തിന്റെ മറ്റൊരു ലോകത്തേക്കുള്ള പ്രയാണം തന്നെയായിരുന്നു. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്‌ഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നതോടെ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്കും തിരിച്ച് ഹൈദരാബാദിലേക്കുമുള്ള യാത്രകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയായി; സ്ലീപ്പര്‍ കോച്ചുകളിലെ രാത്രി യാത്രകള്‍ ചിരപരിചിതമായിത്തീര്‍ന്നു. ഉറക്കത്തിനിടയില്‍ ശരീരം ഒരു ഭാഗത്തും വസ്ത്രം മറ്റൊരു ഭാഗത്തുമാവുന്നതറിയാത്ത എന്റെ സഹയാത്രക്കാരികള്‍ എത്രത്തോളം അരക്ഷിതരാണെന്ന് ഞാന്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച എന്റെ ഒരു സഹോദരി പറഞ്ഞതുപോലെ, പര്‍ദ ധരിച്ചു ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുമ്പോഴും വല്ലാത്തൊരു സമാധാനം തോന്നാറുണ്ട്. കാല്‍ വരെ മറച്ച് അയഞ്ഞ വസ്ത്രത്തിനകത്ത് ചുരുണ്ടുകൂടുമ്പോള്‍ രാത്രിയുടെ നിശബ്ദതയില്‍ തോണ്ടി വിളിക്കാന്‍ ആരും വരികയില്ലെന്ന ആശ്വാസം തോന്നാറുണ്ട്. പലപ്പോഴും രാത്രിയില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ലെഗ്ഗിന്‍സും സാരിയും ചുരിദാറുമെല്ലാം സ്ത്രീകളെ ‘ഭംഗി’യായി വഞ്ചിക്കുംവിധം നയനങ്ങളാല്‍ ദര്‍ശിച്ചിട്ടുമുണ്ട്.

പര്‍ദ ധരിച്ചപ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ ചുറ്റുമുള്ള സമൂഹമൊന്നടങ്കം മാറുന്നതായാണ് എനിക്കു ദര്‍ശിക്കാനായത്. ‘അനുഗുണമല്ലാ’ത്തൊരു മാറ്റത്തെക്കുറിച്ചുള്ള ആവലാതികളും വേവലാതികളുമെല്ലാം പല കോണുകളില്‍ നിന്നുയര്‍ന്നെങ്കിലും പര്‍ദ നല്‍കുന്ന സുരക്ഷിതത്വ ബോധത്തിനൊരു ബദല്‍ നിര്‍ദേശിക്കാന്‍ അവര്‍ക്കാര്‍ക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ക്കിടയിലും, പര്‍ദ ധരിക്കാത്തവരേക്കാള്‍ പക്വതയുള്ള വ്യക്തിത്വമായി മറ്റുള്ളവരാല്‍ പരിഗണിക്കപ്പെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓരോരുത്തരും ധരിക്കുന്ന വസ്ത്രം അവരെന്താണെന്നതിന്റെ തെളിവ് കൂടിയാണെന്ന വസ്തുത കണക്കിലെടുത്തപ്പോഴാണ് ആശ്ലേഷിച്ച പുതിയ വസ്ത്രത്തിനാല്‍ ഒരു പുതിയ വ്യക്തിയായി അടയാളപ്പെടുത്തപ്പെട്ട ഞാനാണ് പുതിയ രീതിയില്‍ പരിഗണിക്കപ്പെടുന്നതെന്ന കാര്യം എനിക്കു വ്യക്തമായത്.

ആരുടെയെങ്കിലും നിര്‍ബന്ധമില്ലാതെ ഒരു സ്ത്രീയും പര്‍ദ ധരിക്കുകയില്ലെന്ന ‘അന്ധവിശ്വാസം’ ബുദ്ധിജീവികള്‍ കൂടി കൈവെടിഞ്ഞിട്ടില്ലാത്ത കാലമാണിതെന്ന് സ്വാനുഭവത്തിലൂടെ എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി പലരും ‘രക്ഷിതാക്കള്‍ വളരെ യാഥാസ്ഥിതികരാണോ, ഭര്‍ത്താവിന് നിര്‍ബന്ധമാണോ’ തുടങ്ങിയ പതിവു ചോദ്യങ്ങളുമായി ‘സഹതപിക്കാന്‍’ വരാറുണ്ട്. ‘പര്‍ദ എന്റെ തീരുമാനമാണ്’ എന്ന ഉത്തരം ഉല്‍പാദിപ്പിക്കുന്ന ദഹനക്കേട്, മിഴിച്ചുനോക്കുന്ന അവരുടെ മുഖങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുക്കാറുമുണ്ട്. തുണിയഴിക്കുന്ന കാര്യത്തില്‍ മാത്രമാണോ പെണ്ണിന് സ്വയം നിര്‍ണ്ണയാവകാശമുള്ളതെന്നോര്‍ത്ത് ഞാനും പലവട്ടം മിഴിച്ചിരുന്നിട്ടുണ്ട്.

പര്‍ദ ഒരേ സമയം ആസ്വാദനവും കടമയുമാണെനിക്ക്. എന്റെ ശരീരത്തെ ഞാന്‍ അറിയാതെ മറ്റ് പലരും ആസ്വാദന മാര്‍ഗമാക്കുന്നതിന് തടയിടലും കൂടിയാണത്. ശരീരത്തെക്കുറിച്ച് തീരെ ബോധവതിയാവാതെ ആശയങ്ങളുടെ ലോകത്ത് വിഹരിക്കാനനുവദിക്കുന്നതിനാലാണ് പര്‍ദ ഇത്രമേല്‍ അസ്വാദ്യകരമാവുന്നത്. ഞാന്‍ നിയന്ത്രിക്കുന്നിടത്ത് എന്റെ ശരീരം നില്‍ക്കുന്നതിന്റെ, ഞാന്‍ തീരുമാനിക്കുന്നിടത്ത് മറ്റുള്ളവര്‍ക്ക് എന്റെ മേലുള്ള അവകാശം തീരുന്നതിന്റെ സുഖമാണത് നല്‍കുന്നത്. മതപരമായ, സാമൂഹികമായ, വൈയക്തികമായ കടമ കൂടിയായി പര്‍ദ മാറാറുണ്ട്. വിശ്വാസത്തെ കര്‍മ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചു പൂര്‍ണമാക്കുകയെന്ന കടമയോടൊപ്പം പെണ്ണിന്റെ ശരീരത്തെച്ചുറ്റിപ്പറ്റിയുള്ള സമവാക്യങ്ങളില്‍ അഭിരമിച്ച് മാത്രം തീര്‍ന്നു പോവേണ്ടതല്ല മനുഷ്യജീവിതമെന്ന വലിയ പാഠം കഴിയുന്ന വേഗത്തില്‍ സമൂഹത്തിനു നല്‍കുകയെന്ന സാമൂഹിക ബാധ്യത കൂടി പര്‍ദയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അഴകളവുകളുടെ കേദാരമായല്ലാതെ, ആശയങ്ങളുടെ ആള്‍രൂപമായി സ്ത്രീയെ പരിചയപ്പെടുത്തുകയെന്ന വലിയ ബാധ്യതയാണത്.

ഇത്തരത്തില്‍, പര്‍ദ ധരിക്കുക വഴി ആവിഷ്‌ക്കരണത്തിനുള്ള ഏറ്റവും മാതൃകാപരമായ ഒരു മാര്‍ഗം തെരഞ്ഞെടുക്കുക മാത്രമല്ല, സമൂഹത്തില്‍ വേരുറച്ചുപോയ സ്ത്രീ ചിത്രങ്ങളെ ഉടച്ചുവാര്‍ക്കുക കൂടിയാണ് ഒരു സ്ത്രീ ചെയ്യുന്നത്. ശരീരമാണ്, ശാരീരിക ഭംഗി മാത്രമാണ് സ്ത്രീയെന്ന ധാരണയെയും അണിഞ്ഞൊരുങ്ങുന്നതിനപ്പുറത്തേക്ക് അങ്ങാടി നിലവാരമില്ലാത്തവരാണ് സ്ത്രീകളെന്ന പൊതുജനാഭിപ്രായത്തെയും വെല്ലുവിളിക്കുകയാണ് അവള്‍ ചെയ്യുന്നത്.
പര്‍ദയെ പുരുഷാധിപത്യത്തിന്റൈ ചിഹ്നമായും സ്ത്രീയെ അകത്തളങ്ങളില്‍ തളച്ചിടാനുള്ള പൗരോഹിത്യ തന്ത്രമായുമെല്ലാം അവതരിപ്പിക്കുന്നവര്‍ പര്‍ദയെപ്പോലെത്തന്നെയുള്ള വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളുടെ ‘അസ്വാതന്ത്ര്യത്തെപ്പറ്റി’ മൗനം പാലിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ‘കര്‍ത്താവിന്റെ മണവാട്ടി’മാരെ അവഗണിക്കുകയും ‘ഭര്‍ത്താവിന്റെ മാത്രം’ മണവാട്ടിമാരാണ് തങ്ങളെന്ന് പറയുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ഉറക്കമൊഴിക്കുകയും ചെയ്യുന്ന തീവ്രപക്ഷപാതിത്വം കൃത്യമായ ഒളിയജണ്ടകളുടെ സഹതാപരൂപം പൂണ്ട ബാഹ്യപ്രകടനം മാത്രമാണ്.

മുസ്‌ലിം സ്ത്രീകള്‍ക്ക് വീടിനകത്ത് ഇടാനുള്ള വസ്ത്രമല്ല പര്‍ദ എന്നിരിക്കെ, അന്യപുരുഷന്മാര്‍ വിഹരിക്കുന്ന പൊതുസമൂഹത്തിലിറങ്ങി നടക്കുമ്പോള്‍ അവര്‍ ധരിക്കേണ്ടുന്ന മാന്യമായ വസ്ത്രമാണ് അത് എന്നിരിക്കെ, അടുക്കളയും പര്‍ദയും തമ്മിലെന്താണ് ബന്ധമെന്ന് ഇന്നേവരെ എനിക്കു മനസ്സിലായിട്ടില്ല. പുറത്തിറങ്ങുമ്പോള്‍ ധരിക്കേണ്ടുന്ന വസ്ത്രം നിശ്ചയിച്ചുകൊടുക്കുക വഴി വീടിനകത്ത് മാത്രം ഒതുങ്ങിക്കൂടി ജീവിതം കഴിക്കേണ്ടവളല്ല, മറിച്ച് വിദ്യാഭ്യാസവും ജോലിയും സാമൂഹികപ്രവര്‍ത്തനങ്ങളുമെല്ലാം കര്‍മമേഖലകളായവളാണു സ്ത്രീയെന്നു പ്രഖ്യാപിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. പൊതുസ്ഥലങ്ങളില്‍ പര്‍ദ ധരിച്ച സ്ത്രീകളെ കാണുകയും അവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നവര്‍ തന്നെ പര്‍ദ് സ്ത്രീയെ വീടിനകത്ത് തളച്ചിടുന്നുവെന്ന് പറയുന്നതിന് കണ്ണടച്ചിരുട്ടാക്കല്‍ എന്നാണ് മലയാളത്തില്‍ പേര്.

യഥാര്‍ത്ഥത്തില്‍ ഇതൊന്നും അറിയാത്തവരല്ല പര്‍ദയ്‌ക്കെതിരില്‍ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍. ചൂഷണങ്ങളില്‍ നിന്നുള്ള മോചനവും സ്വാതന്ത്ര്യവും ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പര്‍ദയെന്ന ആശയത്തോടാണ് സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയില്‍ ചൂഷണത്തെ അവതരിപ്പിക്കുന്നവരുടെ എതിര്‍പ്പ്.
ഇവിടെയാണ് പര്‍ദയണിയുന്ന മുസ്‌ലിം സ്ത്രീയും പര്‍ദ തന്നെയണിയുന്ന കന്യാസ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ജീവിതാനിരാസം വഴി ശാശ്വതമോക്ഷം ലക്ഷ്യമിടുന്ന കന്യാസ്ത്രീകളെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കോണ്‍വെന്റുകള്‍ക്കും പുറത്തുള്ളൊരു ലോകത്ത് കണ്ടെത്തുക പ്രയാസകരമാണ്. വിദ്യാലയങ്ങളിലെയും പൊതുയിടങ്ങളിലെയുമെല്ലാം മക്കനയിട്ട, പര്‍ദ ധരിച്ച പെണ്‍കൊടിമാരെപ്പോലെ ‘വലിയൊരു സാമൂഹിക പ്രശ്‌ന’മാവാന്‍ കന്യാസ്ത്രീകള്‍ പുറം ലോകത്തേക്കിറങ്ങി വരുന്നില്ല എന്നതുകൊണ്ടുതന്നെയാണ് അവരെ വിസ്മൃതിയില്‍ തള്ളുന്നതിനുമുമ്പാരും രണ്ടുവട്ടം ചിന്തിക്കാത്തത്. മുസ്‌ലിം സ്ത്രീ ശരീരം മുഴുവന്‍ മറക്കുന്നു, പര്‍ദ തടസ്സമാണെന്നു പറയുന്നവര്‍ക്കുമുമ്പിലൂടെ പര്‍ദ ധരിച്ചുകൊണ്ട് സാമൂഹിക ജീവിതത്തിലെ സകല മേഖലകളിലേക്കും സധൈര്യം കടന്നുചെല്ലുന്നു, ശരീരത്തിനപ്പുറത്തേക്ക് സ്വത്വമുള്ളവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്നു. ഈ അവസ്ഥയാണ് പലരെയും ഭയപ്പെടുത്തുന്നത്. തുണിയുടെ നീളം കുറയുംതോറും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവ് കൂടുമെന്ന് സ്ത്രീയെ പഠിപ്പിക്കുന്നവര്‍ ശരീരം മുഴുവന്‍ മറക്കുന്നവളെ അപരിഷ്‌കൃതയെന്നോ അടിമയെന്നോ പുരുഷാധിപത്യത്തിന്റെ ഇരയെന്നോ വിളിക്കുന്നതിനെ (അവരുടെ) നിലനില്‍പിന്റെ പ്രശ്‌നമെന്ന് വിളിക്കുന്നതാണ് ശരി.

പര്‍ദയിടുന്ന സ്ത്രീകളെ നോക്കി പര്‍ദയിലുള്ളടങ്ങിയ സ്ത്രീവിരുദ്ധതയുടെ കോണളവുകള്‍ വിശകലനം ചെയ്യുകയും ദുഷ്‌കീര്‍ത്തികളുടെ ഒരായിരം പട്ടങ്ങള്‍ പര്‍ദയ്ക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നവര്‍ അതിനുമുമ്പൊരു ദിവസമെങ്കിലും ഈ വസ്ത്രത്തിനകത്തിരുന്നുകൊണ്ട് പുറംലോകത്തെ ഒന്നു കണ്ടുനോക്കേണ്ടതായിരുന്നു. പര്‍ദ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനെയല്ല, ഏതു പെണ്ണിന്റ നഗ്‌നശരീരത്തിന്റെ കടാക്ഷവും തന്റെ അവകാശമാണെന്നഹങ്കരിക്കുന്ന പുരുഷന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിനാണ് തടയിടുന്നത് എന്നാണ് എനിക്കു തിരിച്ചറിയാനായിട്ടുള്ളത്. പര്‍ദയിടാത്തവര്‍ ചെയ്യുന്ന മാന്യമായ ഒരു കാര്യവും പര്‍ദയിട്ടതുകൊണ്ട് ചെയ്യാന്‍ കഴിയാത്തതായി ഞാന്‍ കണ്ടെത്തിയിട്ടില്ല. പര്‍ദയിടാത്തവര്‍ അനുഭവിക്കുന്ന ഏതെങ്കിലുമൊരു സ്വാതന്ത്ര്യം പര്‍ദയിട്ടതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടതായി എനിക്കു തോന്നിയിട്ടുമില്ല. എന്നാല്‍, ആണ്‍കോയ്മയുടേതെന്ന പോലെ പെണ്ണിന്റെ അജ്ഞതയുടെയും അടയാളമായി പര്‍ദയെ വരച്ചുവെക്കുന്ന പ്രവണതകള്‍ തീര്‍ക്കുന്ന നിയന്ത്രണങ്ങള്‍ സാമൂഹിക ജീവിതത്തില്‍ എമ്പാടും ദൃശ്യമാണ്. ആധുനികതയുടെ ‘നടപ്പുശീലങ്ങളെ’ക്കുറിച്ച് ലവലേശം അന്തമില്ലാത്തതു കൊണ്ടാണ് പര്‍ദയില്‍ ‘മൂടിപ്പുതച്ച്’ നടക്കുന്നതെന്ന ‘പൊതുജന ഭാഷ്യം’ നിഴല്‍ പോലെയെപ്പോഴും കൂടെത്തന്നെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിടങ്ങളിലും സാമൂഹികപ്രവര്‍ത്തന മേഖലകളിലുമെല്ലാം ‘അര്‍ഹതയില്ലാതെ’ കയറി വന്നതെന്തിനാണെന്ന ചോദ്യം സഫുരിക്കുന്ന കണ്ണുകള്‍ വിടാതെ പിന്തുടരുന്നുണ്ട്. ‘ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃത വേഷം’ ധരിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്‌കൃതര്‍ക്കിടയില്‍ ജീവിക്കാന്‍ നാണമില്ലേയെന്ന അര്‍ത്ഥം വെച്ച നോട്ടങ്ങള്‍ സമ്മാനിക്കുന്നവരെ നോക്കി വസ്ത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന് പരിചയപ്പെടുത്തപ്പെടുന്ന ചരിത്രാതീത കാലത്തേക്കാണല്ലോ ഇപ്പറയുന്നവരുടെ പോക്കെന്നൊരു ചിരിചിരിച്ച് തികഞ്ഞ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ഞാനും നടക്കും.

എന്തിനാണ് മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിക്കൊണ്ടാണ് ഇസ്‌ലാമിക വസ്ത്രധാരണത്തെ കുറിച്ചുള്ള ക്വുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചത്. അല്ലാഹു പറയുന്നു:
”നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ സ്ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (33: 59)
മാന്യയും കുലീനയുമാണ്, ചാരിത്ര്യവതിയും സദ്‌വൃത്തയുമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്ത്രീ. അവളുടെ അടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല, കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതുമില്ല. അവളുടെ വസ്ത്രത്തില്‍ നിന്നുതന്നെ, ആര്‍ക്കും നോക്കി ‘വെള്ളമിറക്കാവുന്ന’ ഒരു ‘പൊതുമുതല്‍’ അല്ല അവളെന്ന് മനസ്സിലാവണം. സ്വന്തം ശരീരത്തെ അന്യപുരുഷന്മാര്‍ക്ക് നൊട്ടിനുണയാന്‍ നല്‍കാത്തവളായി അവള്‍ തിരിച്ചറിയപ്പെടണം. വഴിതെറ്റിയ നോട്ടങ്ങള്‍ക്ക് ചെന്നുതറക്കാനുള്ള ഇടമല്ല തന്റെ ശരീരമെന്ന് അവളുടെ വസ്ത്രം പ്രഖ്യാപിക്കണം. ആത്മാഭിമാനത്തോടെ സമൂഹത്തിലിറങ്ങി അവള്‍ക്ക് നടക്കാന്‍ കഴിയണം. പുരുഷന്മാരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടാനാവണം.വ്യഭിചാരവും ബലാത്‌സംഗങ്ങളും സ്ത്രീകള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലക്കാണ് മാന്യമായ വസ്ത്രം ധരിക്കണമെന്ന് ക്വുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

പുരുഷന്മാര്‍ നോക്കുമെന്നും ശല്യംചെയ്യുമെന്നും വിചാരിച്ച് ശരീരം മൂടി നടക്കുന്നത് വിഡ്ഢിത്തമാണെന്നും ഭീരുത്വമാണെന്നുമെല്ലാം പറയുന്നവരുണ്ട്. പെണ്ണ് എങ്ങനെ നടന്നാലും തിരിഞ്ഞുനോക്കാത്ത മഹത്തായ ഒരു സംസ്‌കാരത്തിന്റെ ഭാഗമായി പുരുഷന്മാര്‍ മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്നാണ് ഇതിനവര്‍ പറയുന്ന ന്യായം. പുരുഷന്റെ ശാരീരിക, മാനസിക സവിശേഷതകള്‍ പഠിച്ചവരെല്ലാം പെണ്ണിന്റെ നഗ്‌നമേനിയുടെ ദര്‍ശനം ഒരുതരത്തിലുള്ള ആന്ദോളനവും ശരീരത്തില്‍ സൃഷ്ടിക്കാത്ത പുരുഷന്മാരെ കാര്യമായ വല്ല അസുഖവും ഉള്ളവരായിട്ടേ കണക്കാക്കാന്‍ ഇടയുള്ളൂ. പുരുഷലൈംഗികതയുടെ പ്രാഥമിക കേന്ദ്രം കണ്ണാണെന്നും സ്ത്രീ ശരീരത്തിന്റെ ദര്‍ശനം അവനില്‍ ഹോര്‍മോണുകളുടെ വേലിയേറ്റമാണ് ഉണ്ടാക്കുന്നത് എന്നുമുള്ള ജീവശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ രണ്ടാവര്‍ത്തി വായിക്കുന്നവര്‍ക്കൊന്നും പെണ്‍ശരീരത്തിന്റെ തുറന്നിടല്‍ ആര്‍ക്കാണ് സ്വാതന്ത്ര്യമാവുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല. താനിഷ്ടപ്പെടുന്ന പുരുഷന്റെ സാമീപ്യത്തിലൂടെയും സംസാരത്തിലൂടെയും സ്പര്‍ശനത്തിലൂടെയും മാത്രം ഉത്തേജിതയാകുന്ന പെണ്ണ് ഏതെങ്കിലും ഒരാണ് നഗ്‌നനായി നടക്കുന്നതു കണ്ടാല്‍ പുച്ഛത്തോടെ തലതിരിച്ചേക്കുമെന്നുവെച്ച് പെണ്ണിനെപ്പോലെത്തന്നെയാണ് ആണുമെന്ന് കരുതുന്നത് പമ്പരവിഡ്ഢികളില്‍ താഴെ മാത്രം നിലവാരമുള്ളവര്‍ക്കുചേര്‍ന്ന പണിയാണ്.

ശരീരം മുഴുവന്‍ മൂടി നടന്നാലാണ് പുരുഷന് ആക്രമണ ത്വരയുണ്ടാവുകയെന്നും, ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ആവശ്യമുള്ളപ്പോഴെല്ലാം ലൈംഗികത ആസ്വദിക്കുന്നതിനുള്ള അവസരമുണ്ടായാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാവുമെന്നും വാദിക്കുന്നവരാണ് എന്റെ യാത്രകളില്‍ ഞാന്‍ കണ്ടുമുട്ടിയ മറ്റു ചിലര്‍. ഉദാരലൈംഗികതാവാദികളുടെ പറുദീസയായ അമേരിക്കയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയും ബലാത്‌സംഗങ്ങളുടെയും കണക്കുകള്‍ ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ തന്നെ ഇത്തരം വാദക്കാര്‍ക്ക് തങ്ങളുടെ വാദങ്ങളുടെ അല്‍പായുസ്സ് ബോധ്യപ്പെടുമെന്ന കാര്യത്തില്‍ ഇത്തിരിപോലും സംശയമാവശ്യമില്ല. ആണ്‍കോയ്മയാണ് പെണ്ണിനെ പര്‍ദയിടീക്കുന്നതെന്നു പറയുന്നവരോട് ആണ്‍കോയ്മക്കിഷ്ടം നാണം മറക്കാത്ത പെണ്ണുങ്ങളെയാണെന്നാണ് പറയാനുള്ളത്. സ്ത്രീനഗ്‌നതയിലേക്കു നോക്കി സായൂജ്യമടയാന്‍ പുരുഷനെ അനുവദിക്കാതിരിക്കുകയാണ് പര്‍ദ ചെയ്യുന്നത്.

സ്വന്തം ഭര്‍ത്താവിനുമുമ്പില്‍ മാത്രം തന്റെ ഭംഗി വെളിവാക്കാനാണ് ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നതെന്നും ഭര്‍ത്താവിന്റെ ആധിപത്യത്തെ അംഗീകരിക്കുകയാണ് സ്ത്രീയെ പര്‍ദയിടീപ്പിക്കുന്നതിലൂടെ ഇസ്‌ലാം ചെയ്യുന്നതെന്നും പറയുന്നവരോട്, സമൂഹത്തിലെ മുഴുവന്‍ വായ്‌നോക്കിപ്പുരുഷന്മാര്‍ക്കും ശരീരം കാഴ്ചവെക്കുന്നതിനേക്കാള്‍ ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് ഞങ്ങളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മുന്നില്‍ ശരീരം സമര്‍പ്പിക്കാനാണ് എന്നു തന്നെയാണ് പറയാനുള്ളത്.
ചൂടുകാലത്ത് കറുത്ത വസ്ത്രത്തിനകത്ത് ചുട്ടുപൊള്ളുന്ന മുസ്‌ലിം സ്ത്രീകളുടെ ശരീരത്തെയോര്‍ത്ത് മാത്രം ചുട്ടുനീറുന്ന ഹൃദയങ്ങളേറെയുണ്ടെന്നതറിയാം. തൊലിയുരിച്ചുകളയുന്ന കാമക്കണ്ണുകളുടെ നോട്ടങ്ങളേക്കാള്‍ എന്തുകൊണ്ടും ഭേദം സുരക്ഷയുടെ ഇത്തിരിച്ചൂടുതരുന്ന ഈ വസ്ത്രം തന്നെയാണെന്നാണ് അവരെ ഉണര്‍ത്താനുള്ളത്.

സ്‌ക്രീനിലേയും റോഡിലേയും പേജിലേയുമെല്ലാം സ്ത്രീശരീര പ്രദര്‍ശനങ്ങള്‍ ഇളക്കിവിട്ട പുരുഷാസക്തിയുടെ കൂരമ്പുകള്‍ തടഞ്ഞു നിര്‍ത്താന്‍ പര്‍ദയോളം മാന്യമായ, ശക്തിയേറിയ പരിച വേറെ ഇല്ലെന്നതാണ് സത്യം. സ്ത്രീ നഗ്‌നത കിടപ്പുമുറികള്‍ വിട്ടു പുറത്തിറങ്ങുന്നത് തന്നെയാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പ്രധാന കാരണം. മദ്യവും മയക്കുമരുന്നും കൂടിയാവുമ്പോള്‍ കാരണങ്ങളുടെ നിര പൂര്‍ത്തിയാവുന്നുവെന്ന് മാത്രം. പരസ്യവും രഹസ്യവും വേര്‍തിരിച്ചറിയാനാകാത്ത വിധം കൂട്ടിക്കലര്‍ത്തുന്നത് നിര്‍ത്തുക മാത്രമാണ് പ്രശ്‌നപരിഹാരം. സ്ത്രീയുടെ രഹസ്യഭാഗങ്ങള്‍ കാണിക്കാതെ പരസ്യങ്ങളുണ്ടാവില്ല എന്ന സ്ഥിതിമാറാതെ, കിടപ്പുമുറികളുടെ തല്‍സമയ സംപ്രേക്ഷണം സ്‌ക്രീനുകളില്‍ നിന്നപ്രത്യക്ഷമാവാതെ പൊതുവഴികള്‍ പോലും പീഡനമുറികളായിത്തീരുന്നത് മാറുമെന്ന് നാം വൃഥാ മോഹിക്കേണ്ടതില്ല. ശാരീരിക വളര്‍ച്ചയെത്താത്ത പിഞ്ചുകുഞ്ഞുങ്ങള്‍പോലും പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ അക്രമികളെ കാമഭ്രാന്തിനാല്‍ അമ്മപെങ്ങന്മാരെ തിരിച്ചറിയാത്തവരാക്കിയത് സിനിമയിലോ നേരിട്ടോ അവര്‍ ദര്‍ശിച്ച മറ്റേതൊക്കെയോ സ്ത്രീകളുടെ നഗ്‌നതയാണ്. അതിന്റെ പര്യവസാനം നടക്കുന്നത്; കയ്യെത്താത്ത പെണ്ണിന് വേണ്ടിയുള്ള മോഹം അവര്‍ തീര്‍ക്കുന്നത്; കയ്യില്‍ കിട്ടുന്ന പിഞ്ചുശരീരത്തില്‍ ആണെന്ന് മാത്രം. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും മറ്റു സ്ത്രീകളുടെ ചെയ്തികളുടെ കൂടി ഇരകളാണെന്ന നഗ്‌നസത്യമാണ് ഓരോ പീഡനവാര്‍ത്ത കേള്‍ക്കുമ്പോഴും നാം ഓര്‍ക്കാന്‍ മറക്കുന്നത്.

ഹിംസ്രജന്തുക്കള്‍ ഉള്ളിടത്തേക്ക് നിരായുധരായി കടന്നുചെല്ലുകയെന്നതുപോലുള്ള മണ്ടത്തരമാണ് സ്ത്രീനഗ്‌നതക്ക് ആവശ്യക്കാരേറെയുള്ളിടത്തേക്ക് കുറഞ്ഞ അളവില്‍ വസ്ത്രം ധരിച്ച് ചെന്നുകയറുന്നതും. ആശയങ്ങള്‍ നയിക്കേണ്ടുന്ന സാമൂഹിക ജീവിതത്തിലേക്ക് രൂപലാവണ്യത്തിന്റെ മാറാപ്പു പേറുന്നത് അല്ലെങ്കിലും ഒരു അധികപ്പറ്റു തന്നെയാണ്. ശരീരങ്ങള്‍ ദാമ്പത്യ ജീവിതത്തിന്റെതാണ്, നിലപാടുകളും ബൗദ്ധിക നിലവാരങ്ങളുമാണ് സാമൂഹിക ജീവിതത്തില്‍ എണ്ണപ്പെടേണ്ടത്. ശരീരത്തെ മറച്ചുപിടിച്ച് പൊതുഇടങ്ങളില്‍ നിന്നും മാഞ്ഞുപോവുകയല്ല മുസ്‌ലിം സ്ത്രീ ചെയ്യുന്നത്. മറിച്ച്, ആകാരങ്ങളെക്കാള്‍ ആശയങ്ങളാവശ്യമായ പൊതുജീവിതത്തിന്റെ നിയമങ്ങളെ ബഹുമാനിക്കുകയാണ്.

നഗ്‌നതാപ്രദര്‍ശനം കൊണ്ട് വ്യക്തിപരമായ എന്തു നേട്ടമാണ് സ്ത്രീകള്‍ കരഗതമാക്കിയിട്ടുള്ളത്? നഗ്‌നതാപ്രദര്‍ശനം സാമൂഹിക ദുരന്തങ്ങളല്ലാതെ മറ്റെന്താണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്? ശരീരം മുഴുവനും മറക്കുന്നത് ഏത് സ്വാതന്ത്ര്യത്തിനാണ് വിഘ്‌നം നില്‍ക്കുന്നത്? ശരീരം മറക്കുക വഴി എന്ത് അത്യാപത്താണ് സ്ത്രീകള്‍ക്ക് വന്നുഭവിച്ചിട്ടുള്ളത്? ശരീരം തുറന്നിടണമെന്ന വാശി അപകടങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് സ്ത്രീയെ ‘വിമോചിപ്പിച്ചിട്ടുള്ളത്?’ പൊതുസ്ഥലങ്ങളില്‍ സ്ത്രീ അനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പരിഹാരം തന്നെയാണ് പര്‍ദ. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അനുയോജ്യമായ പരിഹാര മാര്‍ഗം നിര്‍ദേശിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. അടിമത്തത്തിന്റെയല്ല, ആഭിജാത്യത്തിന്റെ അടയാളമാണ് ആത്യന്തികമായി പര്‍ദ.

ഓരോരോ കാലത്തും സ്ത്രീകളെ ചൂഷണം ചെയ്ത് പുരുഷനെ സംതൃപ്തനാക്കുന്നതിനുള്ള പുത്തന്‍ രീതികള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. കാലങ്ങളിലൂടെയൊരു കണക്കെടുപ്പ് നടത്തിയാല്‍ പര്‍ദയാണോ നഗ്‌നതയാണോ സ്ത്രീപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമെന്ന് എളുപ്പത്തില്‍ മനസ്സിലാകും. വേശ്യകള്‍ മാറുമറക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്നു കല്‍പ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമ സംഹിതയാണോ മാറുമറക്കാന്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ അനുവദിക്കാതിരുന്ന കേരളത്തിലെ മേല്‍ജാതിപ്പുരുഷന്മാരുടെ ധാര്‍ഷ്ട്യമാണോ ‘അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് കീഴെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ’ (24:31) എന്നുപറയുന്ന പരിശുദ്ധ ക്വുര്‍ആനാണോ, ഏതാണ് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്? ബിക്കിനിയുടെ സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീയെ ‘രക്ഷിച്ചെടുക്കുന്ന’ മുതലാളിത്തമാണോ ‘പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെയുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്’ (33:33) എന്നുപദേശിക്കുന്ന ക്വുര്‍ആനാണോ സ്ത്രീയുടെ മാന്യതയെ സംരക്ഷിക്കുന്നത്?
വിപണിയെ സ്‌നിഗ്ധമാക്കാന്‍ വേണ്ടി പെണ്ണിനെ തന്ത്രപൂര്‍വം ഉപയോഗിക്കുക മാത്രമാണ് സ്ത്രീനഗ്‌നതയാണ് സ്വാതന്ത്ര്യമെന്ന് ഉദ്‌ഘോഷിക്കുന്ന മുതലാളിത്തം ചെയ്യുന്നത്.

സ്ത്രീയെ ഉപയോഗിച്ച് പണം വാരുന്ന സാമ്രാജ്യത്വ/പുരുഷാധിപത്യ സൃഗാല ബുദ്ധിയല്ല, സ്ത്രീയുടെ യഥാര്‍ത്ഥ പ്രകൃതിയറിയുന്ന, അവളെ സൃഷ്ടിച്ച ദൈവമാണ് അവള്‍ക്കിണങ്ങുന്ന, അവളുടെ സുരക്ഷയ്ക്കുതകുന്ന വസ്ത്രമേതാണെന്ന് നിശ്ചയിക്കേണ്ടത്. പെണ്ണിനെ അടുക്കളയില്‍ തളച്ചിടുന്നതിന് വേണ്ടി ഉണ്ടാക്കിയെടുത്തതാണ് പര്‍ദയെന്ന വിഡ്ഢിവാദത്തിലല്ല; സമൂഹത്തിലിറങ്ങി ഇടപഴകുമ്പോള്‍ അവളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ളതാണ് പര്‍ദയെന്ന ‘യുക്തി’വാദത്തിലാണ് കഴമ്പുള്ളത്. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നടക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന വസ്ത്രമാണ് പര്‍ദ എന്നാണ് എന്നെപ്പോലുള്ള ഒട്ടനേകം സ്ത്രീകളുടെ അനുഭവങ്ങള്‍ തെളിയിക്കുന്ന സത്യം. വെറുമൊരു ഫാഷന്‍ പരേഡല്ല മനുഷ്യജീവിതമെന്ന് തിരിച്ചറിയുന്നവര്‍ക്കൊന്നും മറ്റൊരു സത്യം കണ്ടെത്താനാവില്ലെന്ന കാര്യം തീര്‍ച്ചയാണ്.

അഴകളവുകള്‍ നോക്കിയല്ല; ഞങ്ങളുടെ പെരുമാറ്റം നോക്കി, ഞങ്ങളുടെ ബുദ്ധി നിലവാരം നോക്കി, ഞങ്ങളുടെ ചിന്തകളോടു സംവദിച്ചുമാത്രം ഞങ്ങളുടെ മൂല്യമളന്നാല്‍ മതിയെന്ന് പ്രഖ്യാപിക്കുകയാണ് പര്‍ദയെ വസ്ത്രമായി തെരഞ്ഞെടുക്കുന്നതിലൂടെ ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ ചെയ്യുന്നത്. മുതലാളിത്തം പോലുള്ള ചൂഷണപ്രത്യയശാസ്ത്രങ്ങളെയല്ല, ഏകദൈവമായ അല്ലാഹുവിന്റെ, ആത്യന്തികമായി മനുഷ്യര്‍ക്കു നന്മയായി ഭവിക്കുന്ന, യുക്തിപൂര്‍വമായ നിര്‍ദേശങ്ങളാണ് ഞങ്ങള്‍ അനുസരിക്കുന്നതെന്ന തുറന്നുപറച്ചില്‍ തന്നെയാണ് ഞങ്ങള്‍ക്കു പര്‍ദ. ശാശ്വതമായൊരാശയത്തിന്റെ പ്രകടമായ പ്രതീകങ്ങളിലൊന്നാണ് ഞങ്ങള്‍ തെരഞ്ഞെടുത്ത വിശ്വാസത്തിന്റെ ഈ വസ്ത്രം.


Tags :


ദിൽറുബ .കെ