കൂട്ടുകാരിക്ക്, ‘കത്വയിലെ ആ പെൺകുട്ടി’ എഴുതുന്നത്
21 April 2018 | Fiction
കവിത/ദിൽറുബ. കെ
ഇന്നലെ കുതിരയെ മേയ്ക്കാൻ
കൂട്ട് വരാത്തതിന്
എനിക്കിപ്പോൾ നിന്നോട് പിണക്കമില്ല.
കൊത്തിനുറുക്കപ്പെടാൻ
ആർക്കാണ് ഒരു കൂട്ടുകാരി വേണ്ടത്!
നിനക്കറിയുമോ,
കഴുകന്മാർ പൂമൊട്ടുകൾ റാഞ്ചിപ്പറക്കുന്നതെന്തിനെന്ന്?
അവരുടെ ഭൂമിയിൽ പൂവായ് വിരിയാതിരിക്കാൻ!
കായായ്, വീണ്ടും വിത്തായ്,
പൊട്ടിമുളക്കാതിരിക്കാൻ!
കഴുത്തിൽ ചങ്ങലയിട്ട
വെളുത്ത വേട്ടനായ്ക്കളെ
നീ കണ്ടിട്ടുണ്ടോ?
അവയ്ക്ക് മനുഷ്യരുടെ ഭാഷയറിയില്ല.
കണ്ണീരുകൾ,
തൊണ്ട പൊട്ടുന്ന നിലവിളികൾ, മനസ്സിലാവില്ല.
വായിൽ പല്ലുകളല്ല അവയ്ക്ക്;
ശൂലങ്ങൾ, കൂർത്ത കുന്തമുനകൾ!
അവരെനിക്ക്
മിഠായി വാങ്ങിത്തരാം
എന്ന് പറഞ്ഞില്ല.
കുപ്പിവളകൾ, വെള്ളിക്കൊലുസുകൾ, കടിച്ചുകീറിയ പുള്ളിയുടുപ്പിന് പകരം മറ്റൊന്ന്,
വേണോ എന്ന് ചോദിച്ചില്ല.
ഞാനിറുത്ത പൂവിന് വേദനിച്ചെന്ന് തേങ്ങിക്കരഞ്ഞ നിന്നെയവർക്കറിയുക കൂടിയില്ല!
ഞാൻ വളരുംതോറും ബാബായ്ക്ക് പേടിയായിരുന്നു.
വളരാതിരുന്നിട്ടെന്തുണ്ടായി കാര്യം?
ശ്ശ്…ഞാനും നീയും പെണ്ണാണത്രെ.
പതുക്കെ പറ,
നാടോടികൾ, ആട്ടിടയന്മാർ.
വളരെ വളരെ പതുക്കെ,
കശ്മീരികൾ.
ചുണ്ടുകളനക്കാതെ പറയ്,
മുസ്ലിംകൾ!
നിനക്കു ഞാൻ കൊരുത്ത കാട്ടുപൂക്കളുടെ മാല
അമ്പലത്തിലേക്കുള്ള വഴിയെലെവിടെയോ
വീണ് കിടപ്പുണ്ടാകും.
നീയത് തിരഞ്ഞ് വരരുത്.
നമ്മുടേതായി
ഈ ഭൂമിയിലൊന്നുമില്ലെന്ന തിട്ടൂരമുണ്ടിവിടെ.
കണ്ടാലും നീയതെടുക്കരുത്.
ആ മഞ്ഞ പൂക്കൾക്കിപ്പോൾ
കെട്ട ചോരയുടെ നിറമാണ്.
അവരുടെ കൈകളുടെ മണം
നിന്റെ കൈകൾക്കെനിക്കിഷ്ടമില്ല!
എന്റെ ചീർത്ത മുഖം കണ്ട്,
നീലിച്ച മേനി കണ്ട്,
ചത്തുമലച്ച കണ്ണുകൾ കണ്ട്,
നീ കരയരുത്.
ഇതുമൊരു കളിയാണ് കൂട്ടുകാരീ.
കണ്ണുപൊത്തിക്കളിയല്ല;
കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന കളി.
പേരൊളിപ്പിച്ച്,
നാടൊളിപ്പിച്ച്,
നാവൊളിപ്പിച്ച്,
തലയിലെ തട്ടമൊളിപ്പിച്ച്,
ജീവനൊളിപ്പിച്ച്,
മരവിച്ചു നാം കിടക്കേണ്ട
കളിക്കാലമാണിത്!