ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി
2 May 2018 | Study
ബ്രിട്ടീഷ് വിരുദ്ധ ഇൻഡ്യൻ ചെറുത്തുനിൽപുകളുടെ ചരിത്രം തമസ്കരണങ്ങളുടെ ചരിത്രം കൂടിയാണ്. സ്വാതന്ത്ര്യസമരത്തെ ചോര കൊടുത്ത് ജ്വലിപ്പിച്ച മുസ്‌ലിം ആവിഷ്കാരങ്ങളിൽ മിക്കതും നമ്മുടെ പൊതുബോധത്തിന്റെ പ്രാന്തങ്ങളിൽ നിന്ന് പോലും തുടച്ചുനീക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായ പ്രക്ഷോഭ പരിപാടികളിൽ നിന്ന് മാറി സായുധമായ വഴികളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പരുക്കേൽപിക്കാൻ ശ്രമിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഓർക്കുമ്പോൾ ഹിന്ദു, മാർക്സിസ്റ്റ് സംഘാടനങ്ങളെ മാത്രമാണ് രാജ്യം ഓർക്കുന്നത്. ചന്ദ്രശേഖറിനെയും സുഖ്ദേവിനെയും ഭഗത് സിംഗിനെയും പോലുള്ളവരെ മാത്രം എണ്ണി വിപ്ലവകാരികളുടെ ചരിത്രം പൂർത്തിയാക്കുന്നവർ ഈ രംഗത്ത് മുന്നിൽ നടന്ന മുസ്‌ലിം രക്തനക്ഷത്രങ്ങളെ ബോധപൂർവ്വം തമസ്കരിക്കുന്നു. അവരിൽ ഒരാളാണ് ഷേർ അലി ഖാൻ. ബ്രിട്ടീഷ് ഇൻഡ്യയുടെ വൈസ്രോയി ആയിരുന്ന മേയോ പ്രഭുവിനെ കാലാപാനി എന്നറിയപ്പെട്ടിരുന്ന അന്തമാനിൽ വെച്ച് സ്വാതന്ത്ര്യസ്വ്പനങ്ങളാൽ പ്രചോദിതനായി കൊലപ്പെടുത്തി സാമ്രാജ്യത്വത്തിന്റെ തൂക്കുകയർ ഏറ്റുവാങ്ങിയ ഷേർ അലി ഖാനെ ഇന്നെത്ര പേർക്ക് അറിയാം? ബ്രിട്ടീഷ് ഇൻഡ്യയിൽ ഒരു വൈസ്രോയിയും അതിനു മുമ്പോ ശേഷമോ കൊല്ലപ്പെട്ടിട്ടില്ലെന്ന വസ്തുതയുടെ കൂടി വെളിച്ചത്തിൽ പരിശോധിക്കുമ്പോഴാണ് ഈ ‘മറവി’ എത്ര ഭീകരമാണെന്ന് നമുക്ക് തിരിച്ചറിയാനാവുക.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീര പുരുഷന്മാരെ മറന്നുപോകുന്നതും ചരിത്രത്തിൽ നിന്ന് മറച്ചുവെക്കുന്നതും ഇന്ത്യയുടെ മഹത്തായ ചരിത്രത്തോടും വർത്തമാനകാലത്തോടും മാത്രമല്ല, ഭാവിതലമുറയോടും ചെയ്യുന്ന കൊടും ക്രൂരതയാണ്. അഞ്ചുതവണ ബ്രിട്ടീഷുകാരോട് മാപ്പിരന്ന് തന്നെ കാലാപ്പാനിയിൽ നിന്ന് വൻകരയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച സാവർക്കർ പോലും ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരപുരുഷനായി മാറിയിരിക്കുന്നു. സാവർക്കറെപ്പോലുള്ള ഭീരുക്കൾക്കുവേണ്ടി തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുകയും, കാലാപ്പാനിയിലേക്ക് നാടുകടത്തിയ ശേഷവും പോരാട്ടത്തിന്റെ തീക്കനൽ അണയാനനുവദിക്കാതെ അവസാന ശ്വാസം വരെ ആളിക്കത്തിക്കുകയും ചെയ്ത ഷേർ അലി ഖാനെ പോലുള്ള മുസ്ലിം പോരാളികളെ വിസ്മൃതിയുടെ മരുപ്പറമ്പുകളിൽ ‘മുഖ്യധാര’ അടക്കം ചെയ്യുമ്പോൾ വിജയിക്കുന്നത് ഹിന്ദുത്വ ഷോവിനിസത്തിന്റെ ചരിത്രവക്രീകരണ പദ്ധതികൾ തന്നെയാണ്.
ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്‌സെയുടെ മസ്തിഷ്കത്തിൽ അതിനുള്ള ആശയ പരിസരം ഒരുക്കിയ സാവർക്കറെ തലയിൽ വെച്ച് ആഘോഷിക്കുന്ന ഭരണാധികാരികൾ മുസ്‌ലിംകളെ ദേശദ്രോഹികളായി ചിത്രീകരിക്കുന്നതിൽ ഒരത്ഭുതവുമില്ല. ചരിത്രത്തെ അവഹേളിക്കുന്നവർ വർത്തമാനത്തെയും അവഹേളിക്കുക തന്നെ ചെയ്യും.
1857 ൽ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തിയിട്ടും ഇന്ത്യയുടെ അതിർത്തി പ്രവിശ്യകളിൽ ബ്രിട്ടീഷ് വിരുദ്ധ മുസ്‌ലിം സായുധസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ മുന്നേറ്റം പോലെ ബ്രിട്ടീഷുകാർക്ക് ഭയപ്പെടേണ്ടി വന്ന മറ്റൊരു മുന്നേറ്റവും അന്നുണ്ടായിട്ടില്ല. സമരനേതാക്കൾ ആശയപരമായി തന്നെ മുസ്ലീങ്ങളെ ഉണർത്തി. അവരെ ബ്രിട്ടീഷുകാർ അടിച്ചൊതുക്കി, ധാരാളം പേരെ അറസ്റ്റ് ചെയ്തു. ശിക്ഷക്കായി അന്തമാനിലേക്ക് നാടുകടത്തി.
1864 ഫെബ്രുവരി 15 ന് ഒരുകൂട്ടം മുസ്‌ലിം നേതാക്കൾ കാലാപ്പാനിയിൽ രാഷ്ട്രീയ തടവുകാരായി കപ്പലിറക്കപ്പെട്ടു. അവരിൽ പ്രമുഖനായ യുവ നേതാവായിരുന്നു ഷേർ അലി ഖാൻ. സമരവീര്യം അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോഴും ആളികത്തുന്നുണ്ടായിരുന്നു. ഒരു ബ്രിട്ടീഷ് ഓഫീസറെയെങ്കിലും കൊന്ന് രാജ്യത്തിനുവേണ്ടി വീരമരണം വരിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെ കാലാപ്പാനിയിലെ ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങളും തടവുകാരുടെ അവസ്ഥയും മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. തദ്ഫലമായി ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി മായോ പ്രഭു ആന്തമാൻ സന്ദർശിക്കാൻ എത്തുമെന്ന് അറിയിച്ചു.
മുൻ നിശ്ചയപ്രകാരം 1872 ഫെബ്രുവരി 18 ന് മായോ പ്രഭു, കുടംബവും ഉന്നത ഉദ്യോഗസ്ഥരുമടക്കം അന്തമാനിലെത്തി. 21 ഗൺ സല്യൂട്ടുകളോട് കൂടിയാണ് അവിടെ അദ്ദേഹത്തെ സ്വീകരിച്ചത്. വന്ന ദിവസം മുഴുവൻ ബാരക്കിലും പരിസരങ്ങളിലുമായി തടവുകാരെ സന്ദർശിച്ചു. പിന്നീട് അതിഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ റിസോട്ടിലിരുന്ന് ദ്വീപിന്റെ ഭംഗിയും സൂര്യാസ്തമയവും ആസ്വദിച്ചു. രാത്രി താമസം കപ്പലിൽ തന്നെയാണ് ഒരുക്കിയിരുന്നത്. കപ്പലിലെത്താൻ ഒരു പാലം കടക്കേണ്ടതുണ്ട്. ചുറ്റും ശക്തമായ ഇരുട്ട് മൂടിയിരിക്കുന്നു. ടോർച്ചുമായി രണ്ടുപേരും ഒരു പോലീസുകാരനും ഒപ്പമുണ്ട്. അവർ കപ്പലിനടുത്തെത്തിയതും ഒരു ഭയങ്കര ശബ്ദം. ടോർച്ചുകൾ പല ദിശയിലേക്ക് ചിന്നിച്ചിതറി. ഒന്നുരണ്ടു നിമിഷങ്ങൾക്കുള്ളിൽ വൈസ്രോയി കുഴഞ്ഞുവീണു. ഉടൻ തന്നെ ശ്വാസവും നിലച്ചു. പാചകത്തിനുപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. കൊലക്ക് ഉത്തരവാദി ഷേർ അലി തന്നെയെന്ന് തെളിഞ്ഞു.
സദ്ഗുണ സമ്പന്നനായ ഷേർ അലി കാലാപ്പാനിയിൽ ഇതുവരെ ആരെയും ഉപദ്രവിക്കുകയോ അധികാരികളെ ധിക്കരിക്കുകയോ ഉണ്ടായിട്ടില്ല. അന്നന്ന് കിട്ടുന്ന പണം തടവുകാരിലെ പാവങ്ങൾക്ക് ദാനമായി നൽകും. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ തടവുകാർക്ക് ഭക്ഷണം നൽകും. ഈ സേവനപ്രവർത്തനങ്ങൾ കാരണം അധികാരികൾ ഷേർ അലിയെ അത്ര നിരീക്ഷിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹം തടവുകാരുടെ മുടിവെട്ടുകാരൻ കൂടിയായിരുന്നു.
മായോ പ്രഭുവിന്റെ മരണം ഭരണാധികാരികളെ നടുക്കി. ഒരു ദിവസം മുഴുവനും വൈസ്രോയിയുടെ വരവിനായി കപ്പലിനരികിൽ കാത്തുനിൽക്കുകയായിരുന്നു എന്നാണ് ഷേർ അലി കോടതിയിൽ പറഞ്ഞത്. ആര് പറഞ്ഞിട്ടാണ് ഈ കൃത്യം ചെയ്തത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി, “റബ്ബിന്റെ കല്പനയാണ്, ഞാൻ കൊന്നു” എന്നായിരുന്നു.
കോടതി ഷേർ അലിക്ക് വധശിക്ഷ വിധിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, “എനിക്ക് പറയാനുള്ളത് തൂക്കുമ്പോൾ പറയാം, ഇപ്പോൾ പറഞ്ഞാൽ ഞാൻ ദയ ഇരക്കുകയാണെന്ന് നിങ്ങൾ കരുതും” എന്നാണ് മറുപടി പറഞ്ഞത്.
1873 മാർച്ച് 11. ഷേർ അലിയെ തൂക്കിലേറ്റാൻ പോകുന്നു. തടവുകാരെല്ലാം ഒന്നിച്ചുകൂടിയിട്ടുണ്ട്. മരണത്തിന്റെ തൂക്കുമരത്തിലേക്ക് നടന്നു നീങ്ങുകയാണ് അലി. താൻ ചെയ്ത പ്രവർത്തനത്തിന്റെ സംതൃപ്തിയാൽ തിളങ്ങുന്ന കണ്ണുകളുമായി അദ്ദേഹം തൂക്കുകയർ ചുംബിച്ചു. തുടർന്ന് അവിടെക്കൂടിയ ജനങ്ങളെ നോക്കി അലി പറഞ്ഞു, “സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ ശത്രുവിനെ കൊന്നിരിക്കുന്നു. നിങ്ങളെല്ലാവരും സാക്ഷികളാണ്, ഞാൻ ഒരു മുസ്ലിമാണെന്നതിന്”. ഇതുപറഞ്ഞ ശേഷം രണ്ടു തവണ ശഹാദത്ത് കലിമ മൊഴിഞ്ഞു. മൂന്നാമത് പറയാൻ തുടങ്ങുമ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലെ ഹിംസാത്മകമായ അധ്യായങ്ങളോട് രാഷ്ട്രീയമായി യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഹിംസാത്മകമായ ചെറുത്തുനിൽപുകളെ ആഘോഷിക്കുന്ന ചിലർക്കുതന്നെ ഭഗത് സിംഗിനെപ്പോലുള്ളവർ സ്വീകാര്യരും ഷേർ അലി അപ്രസക്തനുമായിത്തീരുന്നതിലെ തട്ടിപ്പ് തുറന്നു കാണിക്കേണ്ടതുണ്ട്. ഷേർ അലിയുടെ പിന്മുറക്കാരോട് സാവർക്കറുടെ പിന്മുറക്കാർ രാജ്യസ്നേഹത്തിന്റെ സേർട്ടിഫിക്കറ്റ് ചോദിക്കുന്ന വിരോധാഭാസത്തിന്റെ പേരാകുന്നു ഇപ്പോൾ, ഇൻഡ്യൻ സാംസ്കാരിക ദേശീയത!