Logo

 

മാര്‍ക്‌സിസം സലാം മടക്കുമോ?

9 May 2018 | Study

By

   മാർക്സിന്‌ ഇരുനൂറു വയസ്സ്‌ തികയുമ്പോൾ കെ ഇ എൻ കുഞ്ഞഹ്മദ്‌ സലാം മടക്കാൻ തീരുമാനിക്കുകയാണ്‌. കെ ഇ എന്നിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരീക്ഷിക്കുന്ന ആർക്കും ആ നിലപാടിന്റെ ദർശനമെന്താണെന്ന് മനസ്സിലാക്കുക പ്രയാസകരമാവില്ല. കെ ഇ എൻ ഇനി മുതൽ സലാം മടക്കും എന്ന് പറയുന്നത്‌ തന്റേതല്ലാത്ത വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ച്‌ സ്വയം ജനാധിപത്യവൽകരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ്‌. ഫാഷിസത്തിന്റെ ഉന്മാദകാലത്ത്‌ മുസ്‌ലിം സമുദായത്തെ അതിന്റെ ഭാഷയിൽ തന്നെ പ്രത്യഭിവാദ്യം ചെയ്യാനുള്ള ഒരു സംസ്കാരിക പ്രവർത്തകന്റെ രാഷ്ട്രീയ സന്നദ്ധത കൂടിയാണത്‌. അല്ലാഹുവിനോട്‌ ആരുടെയും രക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചുതുടങ്ങാൻ ഉള്ള തീരുമാനമല്ല, എന്തുതന്നെയായിരുന്നാലും, കെ ഇ എന്നിന്റെ തന്റെ വിശദീരണപ്രകാരം, പുതിയ സലാം മടക്കൽ ‘വാഗ്ദാനം.’ മാർക്സിസത്തിന്‌ ‘ആ സലാം’ പറയാനോ മടക്കാനോ കഴിയില്ലെന്ന് ആർക്കറിയില്ലെങ്കിലും കെ ഇ എന്നിന് നന്നായി‌ അറിയാം. ലാൽ സലാം മാത്രമേ അതിനുള്ളൂ, അസ്സലാമു അലയ്കും ഇല്ല തന്നെ!

കൊമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം പദാര്‍ഥാതീതമായ വസ്തുതകളെ നിഷേധിക്കുവാനാണ് പ്രാഥമികമായിത്തന്നെ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഇന്ദ്രിയഗോചരമല്ലാത്ത അത്തരം അനേകം വസ്തുതകളില്‍ അടിയുറച്ച് വിശ്വസിക്കണമെന്നാണ് മതപ്രമാണങ്ങള്‍ ഊന്നിപ്പറയുന്നത്. ഒരു യഥാര്‍ഥ മതവിശ്വാസിക്ക് കൊമ്മ്യൂണിസത്തോട്‌ രാജിയാവാന്‍ കഴിയില്ലെന്ന് മതപണ്ഡിതന്മാര്‍ വ്യക്തമാക്കാനുള്ള അടിസ്ഥാനപരമായ കാരണവും ഇതാണ്.

മതത്തോടുള്ള കൊമ്മ്യൂണിസത്തിന്റെ നിലപാടെന്താണെന്ന് ആചാര്യന്‍മാര്‍ സംശയങ്ങള്‍ക്കിടയില്ലാത്ത വിധം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ‘On religion’ (മതത്തെ പറ്റി) എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിനിന്റെയും ‘മതലേഖനങ്ങള്‍‘ പ്രഖ്യാപിക്കുന്നത് നോക്കുക: “മാര്‍ക്‌സിസം ഭൗതികവാദമാണ്. ആയര്‍ഥത്തില്‍ 18ാം നൂറ്റാണ്ടിലെ എന്‍സൈക്‌ളോപീഡിസ്റ്റുകളും ഫോയര്‍ബാക്കിന്റെ ഭൗതികവാദവും എത്ര കണ്ടു തീവ്രമായി മതത്തിനെതിരായിരുന്നുവോ, അതേ തരത്തില്‍ മാര്‍ക്‌സിസവും മതത്തിനെതിരാണ്… മതത്തിനെതിരെ പോരാടുക– ഇതാണ് എല്ലാ ഭൗതികവാദത്തിന്റെയും അതുകൊണ്ടുതന്നെ മാര്‍ക്‌സിസത്തിന്റെയും ഹരിശ്രീ മന്ത്രം. എന്നാല്‍ മാര്‍ക്‌സിസം ഹരിശ്രിയില്‍ നിന്ന് പോയ ഒരു ഭൗതികവാദമല്ല. അത് ഹരിശ്രീക്കപ്പുറം പോകുന്നു. ‘നാം മതത്തിനെതിരെ പോരാടണം; അതിനു വേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രഭവകേന്ദ്രത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതികശാസ്ത്ര രീതി വിശദീകരിക്കണം‘ എന്നാണ് മാര്‍ക്‌സിസം അനുശാസിക്കുന്നത്.”(1)
ഇന്‍ഡ്യയിലെ കൊമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും വളച്ചുകെട്ടലുകളൊന്നുമില്ലാതെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ഇക്കാര്യം തന്നെയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയതിങ്ങനെ: ”മാര്‍ക്‌സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റ ഉദ്ദേശ്യം.”(2)

ദൈവവിശ്വാസമാണല്ലോ മതത്തിന്റെ ആധാരശില. എന്താണ് ദൈവവിശ്വാസത്തോടുള്ള മാര്‍ക്‌സിസത്തിന്റെ നിലപാട്? ലെനിന്‍ വ്യക്തമാക്കട്ടെ: ”വൈരുധ്യാത്മക ഭൗതികവാദം പരിപൂര്‍ണമായും നിരീശ്വരവാദപരമാണ്. ക്രിയാപരമായി തന്നെ എല്ലാ മതങ്ങള്‍ക്കും എതിരാണത്.”(3) ‘പരിപൂര്‍ണമായും നിരീശ്വരവാദപരവും ക്രിയാപരമായിത്തന്നെ എല്ലാ മതങ്ങള്‍ക്കും എതിരും‘ ആയ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്താല്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ലെനിന്‍ ഒക്‌ടോബര്‍ വിപ്ലവത്തിന് ശേഷം ”നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്നു നാം അവനെ ശാശ്വതമായി നിഗ്രഹിക്കും” എന്ന് പ്രസ്താവിക്കുകയും ചെയ്തു. നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളിലേക്ക് മടങ്ങി വരാം. ദേബി പ്രസാദ് ചതോപാധ്യായ മാര്‍ക്‌സിസത്തെ വിശേഷിപ്പിക്കുന്നത് ”ദൃഢമായ നിരീശ്വരവാദത്തിന്റെ ഒരു രൂപം”(4) എന്നാണ്. മാര്‍ക്‌സിനെ അദ്ദേഹം വാഴ്ത്തുന്നത് ”ഈശ്വര ആശയത്തെ അതിക്രമിച്ച് വളരാനുള്ള ശരിയായ മാര്‍ഗമേതെന്ന് കാണിച്ചു തന്ന ആദ്യത്തെ ദാര്‍ശനികന്‍”(5) എന്ന് പറഞ്ഞുകൊണ്ടാണ്. വി എസ് അച്യുതാനന്ദന്റെ സ്വരം അല്‍പം കൂടി സ്പഷ്ടമാണ്. കൊമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ഈശ്വര/മത വിശ്വാസത്തോടുണ്ടായിരിക്കേണ്ട സമീപനം എന്താണെന്ന് വിശദീകരിച്ച് കൊണ്ട് അദ്ദേഹം എഴുതി: ”ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാതിഷ്ഠിത ഭൗതികതയാണ്. ഈശ്വരനില്ലാത്തത് കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വരവിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്റെ കണ്ടെത്തല്‍. അതിനു വേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.”(6) ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഭഗത് സിംഗ് നിരീശ്വരവാദിയായിത്തീര്‍ന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സാഹിത്യങ്ങളുടെയും സ്വാധീന ഫലമായാണെന്ന് അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ജീവചരിത്രകാരന്‍ അഭിമാനപൂര്‍വം കൊട്ടിഘോഷിക്കുമ്പോഴും(7) അനാവൃതമാകുന്നത് മാര്‍ക്‌സിസം ഈശ്വരവിശ്വാസത്തോട് സ്വീകരിക്കുന്ന നിലപാട് തന്നെയാണ്.

മരണാന്തര ജീവിതത്തിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് മതവിശ്വാസികളുടെ–പ്രത്യേകിച്ച് മുസ്‌ലിംകളുടെ–ജീവിതത്തെ ദീപ്തമാക്കുന്നതും നിയന്ത്രിക്കുന്നതും. ”സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷ്വാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിന് വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാന്തരജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയുമാണ് സോഷ്യലിസം ചെയ്യുന്നത്”(8) എന്ന മാര്‍ക്‌സിസ്റ്റ് സൂക്തം മരണാനന്തരമുള്ള സ്വര്‍ഗപ്രാപ്തിയും നരകമുക്തിയും കാത്തിരിക്കുന്ന മതവിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന് മനസ്സിലാക്കാന്‍ വിവേകമതികള്‍ക്ക് പ്രയാസമുണ്ടാകില്ല.

പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മനുഷ്യര്‍ക്ക് പരിചയപ്പെടുത്തിയ നന്മകളില്‍ സുപ്രധാനമായ ഒന്നാണ് ദാനധര്‍മങ്ങള്‍. മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്ന് ഒരോഹരി പാവപ്പെട്ടവര്‍ക്ക് വേണ്ടി നീക്കിവെക്കാനുള്ള മതാഹ്വാനത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് ‘തിസീസ്‘ കാണുക: ”മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോട് മതം ഉപദേശിക്കുന്നത് വേറൊരു കാര്യമാണ്. ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കുക എന്നാണ് മതം അവരോടുപദേശിക്കുന്നത്. ചൂഷകന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിലനില്‍പിനെ ന്യായീകരിക്കാനുള്ള വിലകുറഞ്ഞ ഒരു മാര്‍ഗമാണത്. സ്വര്‍ഗത്തിലേക്ക് കടക്കുവാനുള്ള വിലകുറഞ്ഞ ഒരു ടിക്കറ്റ് ഇത്തരത്തില്‍ മതം അവര്‍ക്ക് സമ്മാനിക്കുന്നു.”(9) മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളോടും വിശദാംശങ്ങളോടും മാത്രമല്ല, പ്രയോഗരീതികളോടു പോലും കലഹിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം എന്നാണ് ഇതില്‍ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. ദൈവദത്തവും വിശുദ്ധവുമായ ഒരു സാമൂഹ്യസ്ഥാപനമായി മതഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന കുടുംബത്തെ ചരിത്രത്തിന്റെ പരിണാമഗുപ്തികളിലെവിടെയോ വെച്ചുരുത്തിരിഞ്ഞതും നിരവധി അനീതികളെ സംവഹിക്കുന്നതുമായ ഒരു ചൂഷണോപാധിയായിട്ടാണ് മാര്‍ക്‌സിസം മനസ്സിലാക്കുന്നത്(10) എന്ന വസ്തുതയും ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‘ എന്ന മാര്‍ക്‌സിന്റെ വിഖ്യാതമായ നിരീക്ഷണം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടാണ് മാര്‍ക്‌സിസം മതവിരുദ്ധമാണെന്ന പ്രചാരണം അരങ്ങുതകര്‍ക്കുന്നതെന്നും യഥാര്‍ഥത്തില്‍ മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ ഉള്ളടക്കം മതവിരുദ്ധമല്ലെന്നും വാദിക്കുന്നവരുണ്ട്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‘ എന്ന പ്രസ്താവന മാര്‍ക്‌സ് നടത്തിയിട്ടില്ലായിരുന്നുവെങ്കില്‍ പോലും ഭൗതികവാദത്തിന്റ മൂശയില്‍ വാര്‍ക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രം എന്ന നിലക്ക് മാര്‍കിസം സ്വാഭാവികമായും മതവിരുദ്ധമാകുമായിരുന്നുവെന്നും നാം നടേ ഉദ്ധരിച്ചതുപോലെയുള്ള മതവിരുദ്ധമായ മറ്റനേകം പരാമര്‍ശങ്ങള്‍ പരന്നുകിടക്കുന്ന മാര്‍ക്‌സിസ്റ്റ് സാഹിത്യങ്ങളിലുണ്ടെന്നുമുള്ള ലളിതവസ്തുതകളെ മറന്നുകൊണ്ടാണ് ഇത്തരക്കാര്‍ ‘ബുദ്ധിജീവി‘ ചമയാറുള്ളത്. എന്തായിരുന്നാലും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്‌സിയന്‍ പ്രസ്താവനയുടെ തൊട്ടുമുകളിലും താഴെയുമുള്ള വാചകങ്ങള്‍ ശ്രദ്ധിക്കാം: ”ഈ ഭരണകൂടവും സമൂഹവും മതമെന്ന തലതിരിഞ്ഞ പ്രപഞ്ചാവബോധത്തെ സൃഷ്ടിക്കുന്നു; എന്തെന്നാല്‍, അവതന്നെ ഒരു തലതിരിഞ്ഞ പ്രപഞ്ചമാണ്. മതം ആ പ്രപഞ്ചത്തിന്റെ സാമാന്യ സിദ്ധാന്തവും അതിന്റെ സര്‍വജ്ഞ സംഗ്രഹവുമാണ്… മനുഷ്യസത്തയുടെ മിഥ്യയായ സാക്ഷാത്കാരമാണ് മതം. കാരണം മനുഷ്യസത്തക്ക് സത്യയാഥാര്‍ഥ്യമില്ല. അതുകൊണ്ട് മതത്തിനെതിരെയുള്ള സമരം അടിയന്തരമായും പരലോകത്തിനെതിരെയുള്ള സമരമാണ്. ആ പരലോകത്തിന്റെ ആത്മീയ സൗരഭ്യം മാത്രമാണല്ലോ മതം… മര്‍ദിതരുടെ നെടുവീര്‍പ്പാണ് മതം; ഹൃദയശ്യൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. ചൈതന്യരഹിതമായ അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പാണ്. ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് അനിവാര്യമാണ്… മതത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെ കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.”(11) മതത്തെ കുറിച്ചുള്ള മാര്‍ക്‌സിന്റെ സമീപനം അടിവരയിട്ട വാചകങ്ങളില്‍ നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടിനെ ദുര്‍വ്യാഖ്യാനിക്കുന്നതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നതും ആരാണെന്ന് ഇനി പറയേണ്ടതില്ലല്ലോ!

വസ്തുതകള് ഇങ്ങിനെയൊക്കെയാണെങ്കിലും മതവും മാര്‍ക്‌സിസവും പരസ്പരപൂരകങ്ങളാണെന്നും മതവിശ്വാസികള്‍ മാര്‍ക്‌സിസ്റ്റുകളോട്‌ തര്‍ക്കിക്കേണ്ടതില്ലെന്നുമൊക്കെ വാദിക്കുന്നവര്‍ പല കാലങ്ങളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് നേരാണ്. പ്രത്യയശാസ്ത്രം നേരാംവണ്ണം വായിച്ചുപഠിച്ച കൊമ്മ്യൂണിസ്റ്റുകളോ മതത്തിന്റെ അന്തസത്ത യഥാവിധി ഉള്‍ക്കൊണ്ട മതവിശ്വാസികളോ അല്ല, പ്രത്യുത ദാര്‍ശനികമായ ആഴമില്ലാത്ത രാഷ്ട്രീയക്കാരും മാര്‍ക്‌സിസ്റ്റ് സാഹിത്യങ്ങളുടെ തൊലിപ്പുറ വായന മാത്രം നിര്‍വഹിച്ചിട്ടുള്ള ‘ശുദ്ധഗതിക്കാരായ‘ ചില മത പണ്ഡിതന്മാരുമാണ് സാധാരണയായി ഇത്തരം അസംബന്ധങ്ങള്‍ വെച്ചുവിളമ്പാറുള്ളത്. ഗൗരവതരമായ ദാര്‍ശനിക ചര്‍ച്ചകളിലൊന്നും തന്നെ ‘മതവിശ്വാസിക്ക് കൊമ്മ്യൂണിസ്റ്റാകാമോ’ എന്ന ചോദ്യം (ഉത്തരം സുവ്യക്തമായതുകൊണ്ടു തന്നെ) ആരും ഉന്നയിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും നമ്മുടെ വിഷയത്തിന്റെ പൂര്‍ണതക്കുവേണ്ടി മാത്രം ‘മത–മാര്‍ക്‌സിസ്റ്റ് മൈത്രി‘യുടെ വക്താക്കള്‍ ഉന്നയിക്കാറുള്ള ന്യായവാദങ്ങളെ സംക്ഷിപ്തമായ ഒരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

മാര്‍ക്‌സിസ്റ്റ് സാഹിത്യങ്ങളില്‍
‘മതസ്തുതികള്‍‘?!

ഇപി തോംപ്‌സണെയും അന്റോണിയോ ഗ്രാംഷിയെയും പോലുള്ള പല ആധുനികരായ കൊമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികളും മതത്തെ കുറിച്ച് ‘നല്ലത്‘ പറഞ്ഞിട്ടുണ്ടെന്നും മതവിശ്വാസത്തെ ഉള്‍ക്കൊള്ളാനുള്ള ‘പ്രത്യയശാസ്ത്ര വിശാലത‘ മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂടിനുണ്ടെന്ന വസ്തുതയാണ്‌ ഇതില്‍ നിന്ന് അനാവൃതമാകുന്നതെന്നും ഉള്ള വാദങ്ങള്‍ സാധാരണയായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. യാഥാസ്ഥിതിക മാര്‍ക്‌സിസത്തിന്റെ ഭാഷയോടും സങ്കേതങ്ങളോടും നിരന്തരമായി കൊമ്പുകോര്‍ക്കുകയും ലൂയി അല്‍ത്തൂസറിനെ പോലുള്ള മാര്‍ക്‌സിസ്റ്റ് ഘടനാവാദി (structuralist)കളുടെ കടുത്ത ശകാരവര്‍ഷത്തിന് ശരവ്യനാവുകയും സ്റ്റാലിനിസത്തിന്റെ സമഗ്രാധിപത്യപ്രവണതകളെ തുറന്നുകാട്ടാന്‍ തീവ്രമായി യത്‌നിക്കുകയും ചെയ്ത ഇപി തോംപ്‌സണെ പൂര്‍ണമായ അര്‍ഥത്തില്‍ ഒരു മാര്‍ക്‌സിസ്റ്റ് എന്നു വിശേഷിപ്പിക്കുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഈ ലേഖകന് സംശയമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ള സ്വാതന്ത്ര്യപൂര്‍വ ഇന്‍ഡ്യയിലെ ഫാബിയന്‍ സോഷ്യലിസ്റ്റുകള്‍ സ്റ്റാലിന് ഒരു മറുപടിയെന്നോണം കൊണ്ടാടിയ ഗ്രാംഷിയുടെ കാര്യവും തഥൈവ. അതെന്തായിരുന്നാലും ‘ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനാ‘യും ഇംഗ്ലണ്ടിലെ ‘പുതിയ ഇടതുചേരി‘(The new left)യുടെ മുഖ്യവക്താവുമായെല്ലാം വ്യവഹരിക്കപ്പെടുന്ന തോംപ്‌സണും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഇടതുപക്ഷ ബുദ്ധിജീവികളില്‍ അഗ്രേസരനായിരുന്ന ഗ്രാംഷിയുമൊക്കെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഏറിയോ കുറഞ്ഞോ സംവഹിച്ചവരായിരുന്നുവെന്നത് നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ഒരു മാര്‍ക്‌സിസ്റ്റ്/മത വിശകലനത്തില്‍ അവരുടെ നിരീക്ഷണങ്ങളെ ചര്‍ച്ചക്കെടുക്കുന്നതിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

ക്രിസ്തുമതത്തിനകത്തെ ചില അവാന്തര വിഭാഗങ്ങള്‍–പ്രത്യേകിച്ചും കറുത്തവര്‍ഗക്കാര്‍ക്കും അടിമകള്‍ക്കും വേണ്ടി രംഗത്തെത്തിയ ചില പ്രൊട്ടെസ്റ്റന്റ്‌ ഗ്രൂപ്പുകള്‍–സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടുന്നവരാണെന്നും അവരെ പരമ്പരാഗത ക്രിസ്തുമതത്തിന്റെ തൊഴുത്തില്‍ കെട്ടിക്കൂടെന്നും ഇപി തോംപ്‌സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്രാംഷിയാകട്ടെ, സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു തത്ത്വസംഹിതയാണ് മതമെങ്കിലും ചിലപ്പോഴൊക്കെ അത് അധികാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമരപോരാട്ടങ്ങള്‍ക്ക് ഇന്ധനമായിത്തീരാറുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് ‘മതവിശ്വാസിക്കും മാര്‍ക്‌സിസ്റ്റാകാം‘ എന്ന് കണ്ടെത്തുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയോ കണ്ണടച്ചിരുട്ടാക്കുകയോ മാത്രമാണ് ചെയ്യുന്നത് എന്നതത്രെ നേര്. സമരങ്ങള്‍ക്ക് ഇന്ധനമായിത്തീരുന്നതുകൊണ്ടോ അനീതിക്കെതിരെയുള്ള ആയുധമാകുന്നതുകൊണ്ടോ ഒന്നുമല്ല മതവിശ്വാസിക്ക് അവന്റെ മതം അടിസ്ഥാനപരമായി പ്രിയപ്പെട്ടതായിത്തീരുന്നത്. മറിച്ച് ആ മതം സ്രഷ്ടാവില്‍ നിന്നുള്ള വെളിപാടായതുകൊണ്ടും തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ പറ്റിയ ഒരു പരാശക്തിയെ കുറിച്ച് അത് സംസാരിക്കുന്നതുകൊണ്ടും മരണാനന്തരമോക്ഷത്തെകുറിച്ച് അത് സുവിശേഷമറിയിക്കുന്നതുകൊണ്ടുമാണ്. മതത്തിന്റെ അതിപ്രധാനമായ ഈ മൂന്ന് അടിസ്ഥാനതലങ്ങളെ അംഗീകരിക്കുവാന്‍ വൈരുധ്യാഷ്ഠിത ഭൗതികവാദത്തിലധിഷ്ഠിതമായ മാര്‍ക്‌സിസ്റ്റ് മൂല്യക്രമത്തിന്റെ വക്താക്കള്‍ക്ക് കഴിയില്ല തന്നെ! അവരെ സംബന്ധിച്ചിടത്തോളം മതവും ദൈവവുമൊക്കെ മനുഷ്യന്റെ സൃഷ്ടികളാണ്. ആ ‘സൃഷ്ടികള്‍‘ ചിലപ്പോഴൊക്കെ മനുഷ്യര്‍ക്ക് ഉപകാരങ്ങള്‍ ചെയ്‌തേക്കും; ‘സമരത്തിന്‌ ആവേശം പകരുക‘ തുടങ്ങിയ ഉപകാരങ്ങള്‍!!! മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെ ഇത്തരം ‘ഉപകാര സ്മരണകള്‍‘ പൊടിതട്ടിയെടുത്ത് മതവിശ്വാസിക്കും കൊമ്മ്യൂണിസ്റ്റാകാമെന്ന് വിളംബരം ചെയ്യുന്നവര്‍ പരിഹസിക്കുന്നത് മതപ്രമാണങ്ങളെ മാത്രമല്ല, മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരെ കൂടിയാണ്.

മതത്തിനകത്തുള്ള വിമോചനാംശങ്ങളെ കുറിച്ചും സമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ മതം വഹിച്ചുക്കൊണ്ടിരിക്കുന്ന പങ്കിനെകുറിച്ചും അടുത്തകാലത്തായി ധാരാളം സംസാരിച്ചുകൊണ്ടിരിക്കുന്ന കെഇഎന്‍ കുഞ്ഞഹമ്മദിനെപോലുള്ള മലയാളി മാര്‍ക്‌സിസ്റ്റ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. മാര്‍ക്‌സിസ്റ്റിന്‌ മതവിശ്വാസിയാകാമെന്നോ മതവിശ്വാസിക്ക് മാര്‍ക്‌സിസ്റ്റാകാമെന്നോ അല്ല കെഇഎന്‍ തന്റെ മതലേഖനങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന ജീവിയായ മനുഷ്യന്‍ അവന്റെ സാമ്പത്തിക സാഹചര്യങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് രൂപപ്പെടുത്തുന്ന മതം എന്ന ‘മിത്തിന്‘ ചില ‘ഗുണ‘ങ്ങളൊക്കെയുണ്ട് എന്നുമാത്രമേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ടാണ് മത–മാര്‍ക്‌സിസ്റ്റ് സഹകരണത്തിന്റെ സാധ്യതകളെകുറിച്ചന്വേഷിച്ചുകൊണ്ടെഴുതിയ ‘മാര്‍ക്‌സിസവും മതവും തമ്മില്‍‘ എന്ന പ്രബന്ധം പോലും ”ദാര്‍ശനികതലത്തില്‍ ഉത്തരദക്ഷിണ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട്‌ ആശയഗതികളാണ്‌ മതവിശ്വാസവും കമ്യൂണിസവും”(12) എന്ന ഇഎംഎസ് വാചകം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ആരംഭിക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്.മാര്ക്‌സിസ്റ്റുകളുടെ ‘മതസ്തുതികള്‍’ മതവിശ്വാസിക്ക് കൊമ്മ്യൂണിസ്റ്റാകാമെന്ന് തെളിയിക്കുന്നത് പോയിട്ട്‌ കൊമ്മ്യൂണിസത്തിന്റെ ‘ശത്രുപട്ടികയില്‍‘ നിന്ന് മതത്തെ നീക്കം ചെയ്യുന്നുപോലുമില്ലെന്ന് മാര്‍ക്‌സിസത്തിന്റെ ‘ടെര്‍മിനോളജി‘യറിയുന്നവര്‍ പറഞ്ഞുതരും.

മുതലാളിത്തവും ബൂര്‍ഷ്വാ അധികാര സ്ഥാപനങ്ങളുമാണ് മാര്‍ക്‌സിസത്തിന്റെ ഏറ്റവും വലിയ പ്രത്യക്ഷ ശത്രുക്കളെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. എന്നാല്‍ സാക്ഷാല്‍ മാര്‍ക്‌സും ഏംഗല്‍സും തന്നെ മുതലാളിത്ത സാമ്പത്തികക്രമവും അതിന് വഴിതെളിയിച്ച വ്യവസായിക വിപ്ലവവും ഇവ രണ്ടിനോടുമനുബന്ധിച്ച് വികാസം പ്രാപിച്ച ലിബറല്‍ ബൂര്‍ഷ്വാ ‘ബുദ്ധിജീവിത്ത‘വും ലോകത്തുണ്ടാക്കിയ ‘സദ്ഫല‘ങ്ങളെകുറിച്ച് സുദീര്‍ഘം ഉപന്യസിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ”യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്; കമ്മ്യൂണിസമെന്ന ഭൂതം. പഴയ യൂറോപ്പിലെ എല്ലാ ശക്തികളും ഈ ഭൂതത്തെ കെട്ടുകെട്ടിക്കുവാനുള്ള ഒരു വിശുദ്ധസഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്” എന്ന വിപ്ലവം തുടിക്കുന്ന അവകാശവാദത്തില്‍ നിന്നാരംഭിക്കുകയും ”കമ്യൂണിസ്റ്റുകൾ തങ്ങളുടെ വീക്ഷണങ്ങളെയും ലക്ഷ്യങ്ങളെയും മറച്ചുവെക്കാന്‍ വിസമ്മതിക്കുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ ബലപ്രയോഗത്തിലൂടെ കശക്കിയെറിഞ്ഞാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ കഴിയൂ എന്നവര്‍ തുറന്നു പ്രഖ്യാപിക്കുന്നു. ഭരണവര്‍ഗം ഒരു കമ്യൂണിസ്റ്റ് വിപ്ലവത്തിനു മുമ്പില്‍ വിറകൊണ്ടുകൊള്ളട്ടെ! തൊഴിലാളി വര്‍ഗത്തിന് ചങ്ങലകളല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല, അവര്‍ക്ക് നേടാനാവട്ടെ ഒരു ലോകമുണ്ട് താനും. സര്വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍!” എന്ന പച്ചയായ സമരപ്രഖ്യാപനത്തിലവസാനിക്കുകയും ചെയ്യുന്ന ‘കൊമ്മ്യൂണിസ്റ്റ്‌ മേനിഫെസ്റ്റോ‘ പോലും മുതലാളിത്തത്തിന്റെ നല്ല വശങ്ങളെകുറിച്ചും ഫ്യൂഡല്‍ സാമൂഹ്യ സംവിധാനത്തെ അപേക്ഷിച്ച് അതിനുള്ള മെച്ചങ്ങളെ സംബന്ധിച്ചും വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. 1893 ഫെബ്രുവരി ഒന്നിന്‌ മേനിഫെസ്റ്റോയുടെ ഇറ്റാലിയന്‍ പതിപ്പിനെഴുതിയ ആമുഖത്തില്‍ ഏംഗല്‍സ് വ്യക്തമാക്കിയത് ”ഭൂതകാലത്ത് മുതലാളിത്തത്തിനുണ്ടായിരുന്ന വിപ്ലവ റോളിനോട് പൂര്‍ണമായും നീതിപുലര്‍ത്തിക്കൊണ്ടാണ് തങ്ങള്‍ മേനിഫെസ്റ്റോ പുറത്തിറക്കുന്നത്” എന്നാണ്. ഇതൊക്കെയും തിരഞ്ഞുപിടിച്ച് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ‘മുതലാളിത്ത പ്രകീര്‍ത്തനങ്ങള്‍‘ എന്ന പേരില്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുവാനും തദടിസ്ഥാനത്തില്‍ ‘മാര്‍ക്‌സിസ്റ്റുകള്‍ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ സമരം ചെയ്യുന്നവരാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‘ എന്ന് പ്രഖ്യാപിക്കുവാനും കൂടി നമ്മുടെ ‘മത-മാര്‍ക്‌സിസ്റ്റുകള്‍‘(?!) സന്നദ്ധമാകുമോ ആവോ!

വിമോചന ദൈവശാസ്ത്രം?!

മതവും കൊമ്മ്യൂണിസവും ഒത്തുപോവുകയില്ലെന്നപ്രചാരണത്തിനു പിന്നില്‍ ‘മുതലാളിത്ത അജണ്ടകള്‍‘ കണ്ടെത്തുന്ന പല എഴുത്തുകാരും വിജയകരമായ മത–മാര്‍ക്‌സിസ്റ്റ് സമന്വയത്തിന്റെ ഗംഭീര പ്രായോഗിക നിദര്‍ശനമായി വിമോചനദൈവശാസ്ത്രത്തെ (liberation theology) അവതരിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ കഴമ്പ് തരിമ്പുമില്ലാത്ത ഒരു പ്രതിരോധമാണിത്. മതത്തെ മാനിഫെസ്റ്റോവിന്റെ മൂശയില്‍ വാര്‍ക്കാന്‍ ശ്രമിച്ചാല്‍ മതം മരിക്കുകയും മതത്തിന്റെ മുഖാവരണമണിഞ്ഞ ‘മാനിഫെസ്റ്റോ‘ മാത്രം ബാക്കിയാവുകയുമാണുണ്ടാവുക എന്ന നഗ്‌നസത്യത്തിനാണ് വിമോചനദൈവശാസ്ത്രത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം അടിവരയിടുന്നത് എന്നതാണ് സത്യം. പെറുവിലെ പുരോഹിതനനായിരുന്ന ഗുസ്താവോ ഗ്വിറ്റെറസ് രചിച്ച ‘ദി തിയോളജി ഗ്രാഫ് ലിബറേഷന്‍‘ പോലുള്ള പുസ്തകങ്ങളുടെ ആശയപരിസരത്തു നിന്ന് രൂപം കൊള്ളുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ മാര്‍ക്‌സിസ്റ്റ് പാളയത്തിന്റെ തലോടലുകള്‍ എമ്പാടുമേല്‍ക്കാനുള്ള ‘ഭാഗ്യം‘ സിദ്ധിക്കുകയും കേരളത്തില്‍ ഫാദര്‍ വടക്കന്‍, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, ഫാദര്‍ എസ് കാപ്പന്‍ തുടങ്ങിയവര്‍ പിന്തുടര്‍ച്ച നല്‍കുകയും ചെയ്ത ‘ചുകപ്പന്‍ ക്രൈസ്തവത‘യാണ് ‘വിമോചന ദൈവശാസ്ത്രം‘ എന്ന് സാമാന്യമായി പറയാം. മാര്‍ക്സിന്റെ വര്‍ഗസമരസിദ്ധാന്തത്തില്‍ ആകൃഷ്ടരായിത്തീര്‍ന്ന ചില ക്രൈസ്തവ പുരോഹിതന്മാരാണ് മതത്തെയും കമ്യൂണിസത്തെയും വിളക്കിച്ചേര്‍ത്ത് പ്രസ്തുത പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. ബൈബിള്‍ പുതിയനിയമത്തിന്റെ വരികള്‍ക്കിടയില്‍ നിന്ന് ഒരു ‘കമ്യൂണിസ്റ്റ് യേശു‘വിനെ നിര്‍ധരിച്ചെടുക്കുവാന്‍ വിമോചനദൈവശാസ്ത്രകാരന്മാര്‍ കൊണ്ടുപിടിച്ച് പരിശ്രമിച്ചു. ഒടുവില്‍ അവര്‍ ‘കണ്ടെത്തി‘: മതഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ‘പ്രവാചകന്‍‘ എന്ന പദം ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്ത് കാലഘട്ടത്തിന്റെ കാലുഷ്യങ്ങള്‍ക്ക് ഭൗതിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന സാമൂഹ്യ വിമര്‍ശകനെയാണ് ദ്യോതിപ്പിക്കുന്നത്! യേശു ‘ദൈവരാജ്യം‘ കൊണ്ടുദ്ദേശിച്ചത് മാര്‍ക്‌സ് വിഭാവനം ചെയ്ത വര്‍ഗരഹിത സമൂഹത്തിന് സമാനമായ ‘ഭൂമിയിലെ സ്വര്‍ഗമാണ്‘! പ്രവാചകന്മാര്‍ സമൂഹത്തിന്റെ വര്‍ഗ–സാമ്പത്തിക ഘടനകളാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നതിനാല് അവരുടെ ആശയങ്ങള്‍ക്ക് സനാതനത്വം കല്‍പിച്ചുകൂടാ! ചുരുക്കത്തില്‍ ദൈവവും പരലോകവുമില്ലാത്ത, ആശയങ്ങളില്‍ യഥേഷ്ടം ഭേദഗതി വരുത്താവുന്ന ഒരു ഭൗതികാദര്‍ശ സംഹിത മാത്രമായി മാറി ഇവര്‍ക്ക് ക്രിസ്തുമതം. കേരളത്തിന് അകത്തും പുറത്തുമുള്ള മൃദു–തീവ്ര കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്ക് വിമോചനദൈവശാസ്ത്രം പ്രിയപ്പെട്ട ഒരു ‘മാതൃകാ ഉരുപ്പടി‘യായി മാറുന്നതിനു പിന്നിലുള്ള രസതന്ത്രമിതാണ്. മാര്‍ക്‌സ് അടക്കമുള്ള ഭൗതികവാദികളുടെ ജല്‍പനങ്ങള്‍ക്കനുസൃതമായി മതപ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നത് മതത്തിനുള്ള ശവക്കച്ച തയ്ക്കുന്നതിന് തുല്യമാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ്, അങ്ങനെ വിമോചനദൈവശാസ്ത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും ചെയ്യുന്നത്.

മാര്‍ക്‌സിസം യുക്തിവാദമല്ല?!

മതത്തോടുള്ള മാര്‍ക്‌സിന്റെ നിലപാടുകള്‍ കേവലയുക്തിവാദത്തിന്റേതില്‍ നിന്ന് തുലോം വ്യത്യസ്തമാണെന്ന ന്യായമവലംബിച്ചുകൊണ്ട് തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ഥിക്കുന്ന മതമാര്‍ക്‌സിസ്റ്റുകളും ഇല്ലാതില്ല. യുക്തിവാദത്തോട് മാര്‍ക്‌സിസത്തിന് ചില വിയോജിപ്പുകളുണ്ട് എന്ന പ്രസ്താവനയില്‍ ശരിയുടെ അംശം തീരെയില്ലെന്ന് പറഞ്ഞുകൂടാ. കേവല യുക്തിവാദ–നിരീശ്വരവാദ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആശയപരമായി ഇടയുന്ന ചില മേഖലകളുണ്ട് എന്നത് നേരാണ്. പക്ഷേ പ്രസ്തുത വിയോജിപ്പുകളില്‍ നിന്നും യുക്തിവാദികള്‍ മതനിഷേധികളും കമ്മ്യൂണിസ്റ്റുകള്‍ മതവിശ്വാസികളുമാണ് എന്ന് മനസ്സിലാക്കുന്നതിനോളം വലിയ ധൈഷണിക വങ്കത്തം വേറെയുണ്ടാവുകയില്ല. മാര്‍ക്‌സിസ്റ്റ്–യുക്തിവാദി സംവാദങ്ങളുടെ ആശയപശ്ചാത്തലം സത്യസന്ധമായി അപഗ്രഥിക്കുന്നവര്‍ക്കെല്ലാം ഇക്കാര്യം വളരെയെളുപ്പത്തില്‍ ബോധ്യമാവും. ഈ ലേഖകന്‍ മനസ്സിലാക്കിയിടത്തോളം യുക്തിവാദികളില്‍ പലര്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പൂര്‍ണമായി ലയിക്കാന്‍ കഴിയാത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്:

1) യുക്തിവാദികളുടെ പ്രമാണം കേവലയുക്തിയാണ്. അവര്‍ക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രമോ മൂല്യക്രമമോ സൈദ്ധാന്തിക ചട്ടക്കൂടോ ധാര്‍മികപദ്ധതിയോ ആചാര്യനോ ഒന്നുമില്ല. ഓരോ യുക്തിവാദിയുടെയും ശരി അയാള്‍ക്ക് തോന്നുന്നതാണ്. എന്നാല്‍ മാര്‍ക്‌സിസത്തിന്റെ സ്ഥിതി അതല്ല. ഒരു മാര്‍ക്‌സിസ്റ്റ് ഏതൊരു യുക്തിവാദിയെയും പോ
ലെത്തന്നെ ദൈവനിഷേധിയും മതനിഷേധിയും ഭൗതികവാദിയുമാണ്. പക്ഷേ അയാള്‍ക്ക് യുക്തിവാദികള്‍ക്കുള്ളത്ര ‘ധൈഷണിക സ്വാതന്ത്ര്യ‘മില്ല. മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തങ്ങള്‍ തീര്‍ക്കുന്ന വൃത്തത്തിനകത്തുനിന്ന് മാത്രമേ അയാള്‍ക്ക് ചിന്തിക്കാനവകാശമുള്ളൂ. മാര്‍ക്‌സും ഏംഗല്‍സും ലെനിനുമടങ്ങുന്ന ആചാര്യന്മാരും മാനിഫെസ്റ്റോയും കാപിറ്റലും പോലുള്ള പ്രമാണ ഗ്രന്ഥങ്ങളും ഇവയെല്ലാം കൂടി നിര്‍ണയിച്ചുവെച്ചിട്ടുള്ള ‘മൂല്യക്രമവും‘ കമ്യൂണിസത്തിന്റെ പ്രപഞ്ച–ചരിത്ര–സാമ്പത്തിക വീക്ഷണങ്ങളുമെല്ലാം കമ്യൂണിസ്റ്റുകാരന് വിശുദ്ധ പശുക്കളാണ്. എന്നാല്‍ കേവല യുക്തിവാദി ഇപ്പറഞ്ഞതിനെയൊന്നും പരമമായ സത്യങ്ങളായി പരിഗണിക്കുകയോ അണ്ണാക്കുതൊടാതെ വിഴുങ്ങുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് ശുദ്ധ ഭൗതികവാദിയും യുക്തിവാദിയുമായിരുന്ന ബര്‍ട്രന്റ് റസ്സലിന് Why I am not a Christian (ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയല്ല?) എന്ന പുസ്തകം എഴുതിയതു പോലെ തന്നെ Why I am not a Communist (ഞാന്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റല്ല?) എന്ന പുസ്തകവും രചിക്കേണ്ടി വന്നത്. മുകളില്‍ വിശദീകരിച്ച മാര്‍ക്‌സിസ്റ്റ്–യുക്തിവാദി തര്‍ക്കത്തില്‍ മാര്‍ക്‌സിസത്തിന്റെ മതാത്മകതക്ക് തെളിവുകള്‍ തിരഞ്ഞുനടക്കുന്ന ‘മതമാര്‍ക്‌സിസ്റ്റുകള്‍‘ ഇടപെടേണ്ട കാര്യമൊന്നുമില്ലെന്ന് സുതരാം വ്യക്തമാണല്ലോ?

2) മാര്‍ക്‌സിസ്റ്റുകള്‍ക്ക് യുക്തിവാദികളുമായുള്ള രണ്ടാമത്തെ അഭിപ്രായവ്യത്യാസം മതത്തെ എങ്ങിനെ നേരിടണം എന്ന കാര്യത്തിലാണ്. എതിര്‍ക്കപ്പെടേണ്ടതും നശിപ്പിക്കപ്പെടേണ്ടതുമായ പിന്തിരിപ്പന്‍ പ്രതിലോമ തത്ത്വസംഹിതയാണ് മതം എന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല. ‘മതത്തിന്റെ ഉന്മൂലനാശം‘ എന്ന ലക്ഷ്യത്തില്‍ എങ്ങിനെ ഫലപ്രദമായി എത്തിചേരാം എന്ന വിഷയത്തിലാണ് അഭിപ്രായഭിന്നതയുടെ നാരായ വേര്‌ സ്ഥിതിചെയ്യുന്നത്. പച്ചയായ മതവിമര്‍ശനവും നിരീശ്വരവാദത്തിന്റെ ദാര്‍ശനികമാനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കലും മതകേന്ദ്രങ്ങളില്‍ ഉണ്ടാകുന്നു എന്നു പറയപ്പെടുന്ന ‘അത്ഭുത‘ങ്ങള്‍ക്ക് പിന്നിലെ തട്ടിപ്പുകള്‍ അനാവരണം ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിക്കലുമെല്ലാമാണ് മതവിശ്വാസത്തെ ജനമനസ്സുകളില്‍ നിന്ന് പിഴുതെറിയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് യുക്തിവാദികള്‍ കരുതുന്നു. എന്നാല്‍ മാര്‍ക്‌സിസത്തെ സംബന്ധിച്ചിടത്തോളം ‘മതം‘ എന്നുപറയുന്നത് കേവലമായ ഒരു ‘ദര്‍ശനം‘ അല്ല. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് കാലഘട്ടത്തിന്റെ അനിവാര്യത എന്ന നിലക്ക് ഉയര്‍ന്നുവന്ന ഒരു ലഹരിപദാര്‍ഥമാണത്. അതുകൊണ്ടുതന്നെ മതത്തെ ഇല്ലാതാക്കാന്‍ മതത്തിന്റെ പിറവിക്ക് നിമിത്തമായിത്തീര്‍ന്ന ഭൗതിക സാഹചര്യങ്ങളെ (സാമ്പത്തിക രാഷ്ട്രീയ ഘടനയെ) അടിമുടി മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത് എന്നാണ് മാര്‍ക്‌സിസത്തിന്റെ നിലപാട്. മതം അന്ധവിശ്വാസമാണ് എന്ന് ഘോരഘോരം പ്രസംഗിച്ചതുകൊണ്ടുമാത്രമായില്ല എന്നും പ്രസ്തുത ‘അന്ധവിശ്വാസം‘ പേറി നടക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന പട്ടിണിയെയും പരിവട്ടത്തെയും കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കണം എന്നുമാണ് കമ്യൂണിസ്റ്റുകള്‍ യുക്തിവാദികളോട് പറയുന്നത് എന്ന് സാരം. ഇക്കാര്യം വ്യക്തമാക്കുന്ന ഏതാനും മാര്‍ക്‌സിസ്റ്റ് ഉദ്ധരണികള്‍ കാണുക: “നാം മതത്തിനെതിരെ പോരാടണം; അതിനുവേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതിക ശാസ്ത്രരീതി വിശദീകരിക്കണം”(13). “ഒരു മാര്‍ക്‌സിസ്റ്റ് മതത്തിനെതിരായ സമരം നടത്തുന്നത് അമൂര്‍ത്തമായ രൂപത്തിലല്ല; കേവലം തത്ത്വശാസ്ത്രപരമായ, ഒരിക്കലും മാറ്റമില്ലാത്ത രൂപത്തിലുമല്ല. മതത്തിനെതിരായ മാര്‍ക്‌സിസത്തിന്റെ സമരം സമൂര്‍ത്തമാണ്.”(14)
“നാം മതത്തോട് ഏറ്റമുട്ടണം. എങ്ങിനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം”(15) “ഈശ്വരാശയത്തിന്റെ താഴ്‌വേര് ദാര്‍ശനിക മണ്ഡലത്തിന് പുറത്ത് എങ്ങോ ആയിരുന്നു എന്ന് വ്യക്തം. അതുകൊണ്ട്, എത്രമേല്‍ വിശ്വസ്തതയോടെ ആയാലും ശരി, ഈശ്വരാശയത്തിന്റെ പൊള്ളത്തരത്തെ വെളിപ്പെടുത്തിയതുകൊണ്ട് മാത്രം ഒരിക്കലും അതിന്റെ ഉന്മൂലനാശം സംഭവിക്കുകയില്ല. ഈശ്വരാശയത്തിന്റെ യഥാര്‍ഥ മൂല്യം എന്തെന്നും അതിനെ അതിക്രമിച്ചു വളരാനുള്ള ശരിയായ മാര്‍ഗമേതെന്നും കാണിച്ചു തന്ന ആദ്യത്തെ ദാര്‍ശനികന്‍ മാര്‍ക്‌സ് ആണ്.”(16)
യുക്തിവാദവുമായി മാര്‍ക്‌സിസത്തിന് ഇവ്വിഷയകമായുള്ള വിയോജിപ്പിന്റെ കാതല്‍ എന്താണെന്ന് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ഈ വാചകങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്.

നടേ വിശദീകരിച്ച മാര്‍ക്‌സിസ്റ്റ്–യുക്തിവാദി തര്‍ക്കത്തില്‍ നിന്ന് മതവിശ്വാസികള്‍ പഠിക്കേണ്ടത് എന്തൊക്കെയാണ്? ഒന്നാമതായി, യുക്തിവാദികളുടെ മതവിമര്‍ശനം ഫലപ്രദമല്ല എന്നു വിചാരിക്കുകയും മതത്തെ വേരോടെ പിഴുതെറിയാന്‍ ‘കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍‘ തേടുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകള്‍. രണ്ടാമതായി, യുക്തിവാദികളുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉള്ളതുകൊണ്ട് അവയിലെ മതവിരുദ്ധത തിരിച്ചറിയാനെളുപ്പമാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ പരോക്ഷമായിട്ടാണ് മതവിരുദ്ധ ആശയങ്ങള്‍ ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നത് എന്നതിനാല്‍ അവര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത ആവശ്യമാണ്! ഈ രണ്ടു പാഠങ്ങള്‍ പഠിക്കുന്നതിനു പകരം ‘മാര്‍ക്‌സിസ്റ്റുകള്‍ യുക്തിവാദികളെപ്പോലെയല്ല‘ എന്ന ലളിത പ്രസ്താവന നടത്തി സമാധാനവും സായൂജ്യവുമടയുന്ന ‘മത–മാര്‍ക്‌സിസ്റ്റു‘കളോട് സാഹതപിക്കാന്‍ മാത്രമേ നമുക്ക് നിര്‍വ്വാഹമുള്ളൂ.

ചുരുക്കത്തില്, മാര്‍ക്‌സിസം മതവിരുദ്ധമല്ലെന്ന മട്ടില്‍ നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ ഉയർന്നുവരാറുള്ള ചര്‍ച്ചക്ക് യാതൊരു അടിസ്ഥാനവുമില്ല. മതവിശ്വാസികളുടെ വോട്ടു ലാക്കാക്കിയുള്ള കപടോക്തികളോ മതത്തോട് സംവദിച്ച് പിടിച്ചുനില്‍ക്കാന്‍ മാര്‍ക്‌സിസത്തിനാവില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള അര്‍ഥഗര്‍ഭമായ ചങ്ങാത്ത പ്രകടനങ്ങളോ മാത്രമാണ് അത്തരം പ്രസ്താവനകള്‍. മതവിശ്വാസിക്ക് മാര്‍ക്‌സിസ്റ്റോ മാര്‍ക്‌സിസ്റ്റിന് മതവിശ്വാസിയോ ആവുക സാധ്യമല്ല തന്നെ!

കുറിപ്പുകൾ
1. കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മലയാള വിവര്‍ത്തനത്തില്‍ നിന്ന്, പുറം 136.
2. ഇ.എം.എസ്, സാംസ്‌കാരികവിപ്ലവം മതം മാര്‍ക്‌സിസം, ചിന്ത പബ്ലിക്കേഷന്‍സ്, പുറം 59.
3. മതത്തെപറ്റി, പുറം 131.
4. ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006, പുറം 6.
5. അതേ പുസ്തകം, പുറം 267.
6. ചിന്ത വാരിക, 2004 ജൂണ്‍.
7. Shaheed-E-Azam Bhagat Singh, A Students Pledge Publication, Culcutta.
8. വി എ ലെനിന്‍, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും,
പുറം 47.
9. മതത്തെപറ്റി, പുറം 126,127.
10. ഏംഗല്‍സിന്റെ On The Origin of Family and Private Property.
11. Karl Marx, Contribution to the critique of Hegel’s Philosophy, 1844.
12. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2005 മാര്‍ച്ച് 27-ഏപ്രില്‍ 2.
13. മതത്തെ പറ്റി, പ്രോഗ്രസ് കോഴിക്കോട്, പുറം 136.
14. Ibid, പുറം 139.
15. ഇ.എം.എസ്, സാംസ്‌കാരികവിപ്ലവം മതം–മാര്‍ക്‌സിസം, പുറം 59.
16. ദേബീ പ്രസാദ് ചതോപാധ്യായ, ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006,
പുറം 267.


mm

Musthafa Thanveer