നുണ പറയുന്നവർക്ക് നോമ്പില്ല
7 June 2018 | നോമ്പെഴുത്ത്
നോമ്പെഴുത്ത്-2/ ത്വലാൽ മുറാദ്
മുഹമ്മദ് നബി(സ) പറഞ്ഞു: ”വ്യാജ വാക്കുകള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും വെടിയാത്തവര്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല.” (ബുഖാരി)
ആരാധനകള്‍ ആത്മാവ് ചോര്‍ന്ന ചടങ്ങുകളായി പരിണമിക്കുന്നതിനെ സംബന്ധിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ഇസ്‌ലാം പല രീതിയില്‍ ഉണര്‍ത്തുന്നുണ്ട്. വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങള്‍ കടന്നുപോകവെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ തന്റെ വ്രതാനുഷ്ഠാനം നടക്കുന്നത് എന്ന് ആത്മപരിശോധന നടത്താന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്.
ഇസ്‌ലാമിലെ മുഴുവന്‍ അനുഷ്ഠാനമുറകളും ജീവിതവിശുദ്ധി എന്ന ലക്ഷ്യം ഉള്‍കൊള്ളുന്നവയാണ്. മതകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നയാളുടെ ജീവിതം അവ വഴി വിശുദ്ധമായിത്തീരണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമിക കര്‍മങ്ങള്‍ മുഴുവന്‍ പ്രപഞ്ചനാഥനുള്ള നിഷ്‌കളങ്കമായ ആരാധനകളാണ്. ആരാധനകളുടെ നൈരന്തര്യം ജഗന്നിയന്താവിന്റെ നിരീക്ഷണത്തിലാണ് തന്റെ ജീവിതം എന്ന ഓര്‍മ മനുഷ്യമനസ്സില്‍ എപ്പോഴും പച്ചയായി നിലനിര്‍ത്തുമെന്നും അത് മനുഷ്യന്റെ ജീവിതത്തെ തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും നന്മകള്‍കൊണ്ട് നിറയ്ക്കുകയും ചെയ്യുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രപഞ്ചസ്രഷ്ടാവിനെ ആരാധിക്കുവാന്‍ മാനവരാശിയെ ആഹ്വാനം ചെയ്യുന്ന പ്രഥമ ക്വുര്‍ആന്‍ സൂക്തം തന്നെ ദൈവാരാധനയുടെ ലക്ഷ്യങ്ങളിലൊന്ന് ജീവിതവിശുദ്ധിയാണെന്ന് വ്യക്തമാക്കുന്നുണ്ട് (2: 21). നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ നിര്‍ബന്ധവും നിര്‍ണിതവുമായ ആരാധനാരീതികള്‍ അതേ ലക്ഷ്യം തന്നെയാണ് ഇഹലോകത്ത് വിശ്വാസിക്ക് നേടിക്കൊടുക്കുന്നതെന്ന് നിരവധി ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. നമസ്‌കാരം തിന്മകളില്‍ നിന്ന് തടയുമെന്നും (29: 45) അനാഥ-അഗതി സംരക്ഷണത്തിനും പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിക്കാത്ത നമസ്‌കാരം ഉപയോഗശൂന്യമാണെന്നും (107: 1-7) ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തത്തില്‍ തന്നെ ജീവിത വിശുദ്ധിയാണ് വ്രതലക്ഷ്യമെന്നും സൂചിപ്പിച്ചിട്ടുണ്ട് (2: 183). കര്‍മങ്ങള്‍ അനുഷ്ഠിച്ചിട്ടും ഒരാളുടെ ജീവിതം നന്നാകുന്നില്ലെങ്കില്‍ അയാള്‍ യഥാര്‍ത്ഥ രീതിയിലല്ല കര്‍മങ്ങള്‍ ചെയ്യുന്നത് എന്നാണര്‍ത്ഥം.
റമദാന്‍ നോമ്പ്, ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷമതലങ്ങളിലും സംസ്‌കരിക്കുവാന്‍ ശേഷിയുള്ള ആരാധനാകര്‍മമാണ്. ലോകസ്രഷ്ടാവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരു മാസത്തിലെ മുഴുവന്‍ പകലുകളും ഭക്ഷണപാനീയങ്ങളുടെ എല്ലാ രൂപവും ആത്മാര്‍ത്ഥമായി ത്യജിക്കുന്ന വ്യക്തിയില്‍ ദൈവിക മാര്‍ഗത്തില്‍ ത്യാഗം സഹിക്കാനുള്ള അപാരമായ സന്നദ്ധത വളര്‍ന്നുവരുമെന്നുറപ്പാണ്. പക്ഷെ പ്രസ്തുത സന്നദ്ധത, കേവലമായ പട്ടിണിയില്‍ നിന്നോ ദാഹത്തില്‍ നിന്നോ നിര്‍ഗളിക്കുകയില്ല.
നോമ്പിന്റെ ആത്മാര്‍ത്ഥത ജീവിതത്തിലെ സത്യസന്ധത വഴിയാണ് പ്രകടമാകേണ്ടത് എന്നാണ് ഉപര്യുക്ത പ്രവാചകവചനം ഉണര്‍ത്തുന്നത്. നോമ്പ് വഴി സംഭവിക്കുന്ന ശാരീരികസഹനം ദൈവസ്മരണയിലേക്കും ദൈവസ്മരണ കളവുപറയാനും പ്രവര്‍ത്തിക്കുവാനുമുള്ള വിമുഖതയിലേക്കും നയിക്കണമെന്നാണ് അല്ലാഹു നിഷ്‌കര്‍ഷിക്കുന്നത്. കണിശമായ സത്യസന്ധതയ്ക്ക് പ്രേരകമാകുന്നില്ലെങ്കില്‍, റമദാനിലെ നിങ്ങളുടെ പട്ടിണി വെറുതെയാണെന്നാണ് തിരുദൂതരുടെ താക്കീത്. പുനഃപരിശോധനകള്‍ക്ക് സന്നദ്ധരാകാന്‍ നമ്മളിലെത്രപേര്‍ക്ക് കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം!