Logo

 

മക്കയുടെ അബ്രഹാമിക പൈതൃകം മുഹമ്മദ്‌ നബി(സ)യുടെ നവസിദ്ധാന്തമോ?

17 August 2020 | Study

By

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി-1

? “മുഹമ്മദ്‌ നബി (സ) യുടെ പ്രബോധനത്തിനു മുമ്പ്‌ മക്കക്കാർ അബ്രഹാമിനെ തങ്ങളുടെ പൂർവ്വ പിതാവായി മനസ്സിലാക്കിയിട്ടില്ല. തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ പുതിയ സിദ്ധാന്തമാണ് മക്കയുടെയും തന്റെയും അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ കഅ്ബ നിര്‍മിച്ചുവെന്നും ഇശ്മയേലിന്‍റെ സന്തതിപരമ്പരകള്‍ പ്രസ്തുത താഴ്‌വരയിൽ നിലനിന്നുവെന്നുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.” – മദീനയിലെ ജൂതന്‍മാരുടെ അനുഭാവം നേടിയെടുക്കാനും കഅ്ബയുടെ നിയന്ത്രണം കൈക്കലാക്കാനും വേണ്ടി, കഅ്ബ അബ്രഹാം സ്ഥാപിച്ചതാണെന്നും തന്റെ ഗോത്രം അബ്രഹാമിന്‍റെ പരമ്പരയാണെന്നും കഅ്ബയെ അതിന്‍റെ അബ്രഹാമിക വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് നബി (സ) വ്യാജമായി അവകാശപ്പെടുകയാണ് ചെയ്തത് എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചില ഓറിയന്‍റലിസ്റ്റ്/മിഷനറി പഠനങ്ങളുടെ പരാമൃഷ്ട വാദങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ?

| ഇല്ല. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മക്കയുടെയും അതുവഴി മുഹമ്മദ് നബി(സ)യുടെയും അബ്രഹാമിക പൈതൃകത്തെ നിഷേധിക്കുവാന്‍വേണ്ടി പല രീതിയില്‍ ഉന്നയിച്ചിട്ടുള്ള നടേ പറഞ്ഞ വാദങ്ങളെല്ലാം അങ്ങേയറ്റം അടിസ്ഥാനരഹിതമാണ്‌. മുഹമ്മദ് നബി(സ)യെയും അറബികളെയും അബ്രഹാമിക ശൃംഖലയില്‍ കണ്ണിചേര്‍ത്തു പറയാന്‍, ബൈബിൾ പകർന്നുനൽകുന്ന ഇസ്രാഈലീ ഗോത്ര ദുരഭിമാനമാനത്തിൽ നിന്നുണ്ടാകുന്ന, അറബികളോടുള്ള വംശീയമായ അവമതിപ്പാണ്‌ ഇവരില്‍ പലര്‍ക്കും തടസ്സമാകുന്നതെന്ന് അവരുടെ രചനകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. നബിചരിത്രത്തിന്റെ മുഴുവന്‍ സ്രോതസ്സുകള്‍ പ്രകാരവും സ്ഥിരപ്പെട്ടിട്ടുള്ള കാര്യമാണ് വാസ്തവത്തില്‍ ഇസ്മാഈല്‍ നബി (അ)യുടെ സന്തതിപരമ്പരയിൽ പെട്ട അദ്നാൻ എന്നയാളുടെ പുത്രപരമ്പരയില്‍ ഖുറയ്ശ് ഗോത്രത്തില്‍ ബനൂഹാശിം കുടുംബത്തിലാണ് പ്രവാചകന്റെ ജനനമുണ്ടായത് എന്നത്. കുടുംബപരമ്പരാ പഠനം വ്യവസ്ഥാപിതമായിത്തന്നെ നിലനിന്നിരുന്ന അറബ് സമൂഹത്തില്‍ ഖുറയ്ശികളുടെ അദ്നാനീ പാരമ്പര്യത്തെക്കുറിച്ച് യാതൊരു സംശയങ്ങളുമില്ലാതിരുന്നതുകൊണ്ടാണ് പ്രവാചകചരിത്രത്തിന്റെ സ്രോതസ്സുകള്‍ ഇക്കാര്യത്തില്‍ ഏകോപിക്കുന്നതും അബ്രഹാമും ഇസ്മാഈലും ചേര്‍ന്നുനിര്‍മിച്ച കഅ്ബയുടെ പരിപാലനം മുഴുവന്‍ മക്കക്കാരുടെയും അംഗീകാരത്തോടുകൂടി ഖുറയ്ശികള്‍ നിര്‍വഹിച്ചുപോന്നുവെന്ന വസ്തുത ഐകകണ്ഠ്യേന ചൂണ്ടിക്കാണിക്കുന്നതും. പ്രവാചക ജീവചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാതെ സ്ഥിരപ്പെടുവാന്‍ മാത്രം പ്രബലമായ ഈ ചരിത്രവസ്തുതയെ, യഹൂദ-ക്രൈസ്തവ പാരമ്പര്യം അതിപ്രധാനിയായി എണ്ണുന്ന ഒരു മഹാപ്രവാചകനുമായി മുഹമ്മദ്‌ നബി(സ)ക്ക് രക്തബന്ധമുണ്ടാകുന്നത്‌ പോലും സഹിക്കാൻ കഴിയാത്ത വിധത്തിലുള്ള കടുത്ത ഇസ്‌ലാം വിദ്വേഷമുള്ളതുകൊണ്ടാണ്‌‌ നബിവിമര്‍ശകര്‍ പരിഹാസ്യമായ വിധത്തിൽ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിൽ മക്കക്കും കഅ്ബക്കും ഹജ്ജ്‌-ഉംറ തീർത്ഥാടനങ്ങൾക്കുമുള്ള പ്രാധാന്യത്തെ പരിഹസിക്കുന്ന മിഷനറിമാർക്ക്‌, യഹൂദരും ക്രൈസ്തവരും അംഗീകരിക്കാൻ ബാധ്യസ്ഥരായ ഇബ്‌റാഹീം നബി(അ) അറബികൾക്കിടയിൽ നടത്തിയ‌ പ്രബോധനങ്ങളുടെ ആവർത്തനം മാത്രമാണ് തത്‌വിഷയങ്ങളിലെ ഇസ്‌ലാമികാധ്യാപനങ്ങൾ‌‌ എന്ന യാഥാർഥ്യമുണ്ടാക്കുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല.

ഇബ്രാഹിം നബി (അ) ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും അന്ന് വിജനവും വരണ്ടതുമായിരുന്ന മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ ദൈവാനുഗ്രഹമായി സംസം ജലം ഉറവയെടുത്തെന്നും ജുര്‍ഹൂം എന്ന അറബിഗോത്രം സമൃദ്ധമായ ജലസാന്നിധ്യമുണ്ടായതോടെ അവിടെ വന്ന് തമ്പടിച്ചെന്നും ജുർഹൂമുകാരുമായുള്ള വൈവാഹികബന്ധങ്ങളിലൂടെ ഇസ്മാഈല്‍ നബി (അ)ക്ക്‌ മക്കയിൽ സന്തതികള്‍ ഉണ്ടായിയെന്നും അവരുടെ പുത്രപരമ്പരകൾ നൂറ്റാണ്ടുകളിലൂടെ അറേബ്യയിൽ വ്യാപിച്ചുവെന്നും ഇബ്റാഹിം നബി (അ) പിന്നീട്‌ മക്കയിലേക്കുവന്ന് ഇസ്മാഈലിനെയും കൂട്ടി കഅ്ബ നിര്‍മിച്ചുവെന്നും മുഹമ്മദ് നബി (സ) പറയാതെ തന്നെ അറബികള്‍ നിര്‍വിവാദം അംഗീകരിച്ചു വന്നിരുന്നതാണ്. ചിരപുരാതന കാലം മുതല്‍ തലമുറകളിലൂടെ അവര്‍ കൈമാറി വന്ന ദേശചരിത്രമാണത്. മുഹമ്മദ് നബി (സ) സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ച ദൈവസന്ദേശങ്ങള്‍ ഒട്ടുമിക്കതും ആശയപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്‍റെ പ്രബോധിത സമൂഹത്തിന്‍റെ കടുത്ത എതിര്‍പ്പുകള്‍ക്ക് വിധേയമായിട്ടുണ്ട്. ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രഗ്രന്ഥങ്ങളിലും അവ വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ കഅ്ബയുടെയും മക്കയുടെയും ഇബ്റാഹിമീ-ഇസ്മാഈലീ പാരമ്പര്യത്തെ സംബന്ധിച്ച് നബി(സ) പറഞ്ഞ കാര്യങ്ങളെയൊന്നും ഒരു സമകാലീനനും ചോദ്യം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, അവര്‍ക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്ന കാര്യങ്ങളായിരുന്നു അവയൊക്കെയും. പ്രവാചകകാലഘട്ടത്തില്‍ മക്കയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന ജനങ്ങള്‍ക്ക് വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ യോജിപ്പുണ്ടായിരുന്ന ചരിത്രമാണിത്.

നബി(സ)യുടെ സമകാലീനരായിരുന്ന അറേബ്യൻ ജൂതരോ ക്രൈസ്തവരോ ഒന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ ആദര്‍ശപിതാവായ അബ്രഹാമിന് മക്കയുമായുള്ള ബന്ധത്തെ അവരാരും നിരാകരിച്ചില്ലെന്നുവേണം മനസ്സിലാക്കാന്‍. പ്രവാചകനില്‍ നിന്ന് ഇക്കാര്യങ്ങള്‍ നേരിട്ടുകേട്ട, ബൈബിളിന്റെ കുറേക്കൂടി പുരാതനമായ പ്രതികളെ ഉപജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ ജൂത-ക്രിസ്ത്യാനികള്‍ക്ക് തോന്നിയിട്ടില്ലാത്ത മനപ്രയാസമാണ് അവരുടെ പിന്‍മുറക്കാര്‍ ഇത്തരം വിഷയങ്ങളില്‍ പ്രകടമാക്കുന്നത്. അറേബ്യയില്‍ ചര്‍ച്ചക്കുപോലും സാധ്യതകളില്ലാത്തവിധം സ്പഷ്ടമായിരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് കഅ്ബയുടെ ഇബ്റാഹിമീ പൈകൃകം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരു നാടിന്റെ ചരിത്രം ഒരു സുപ്രഭാതത്തില്‍ യാതൊരു ഒച്ചപ്പാടുകളുമില്ലാതെ പ്രവാചകന്‍ മാറ്റി പ്രഖ്യാപിച്ചു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമല്ല!

ക്വുറയ്ശികളെയും കഅ്ബയെയും സംബന്ധിച്ച അറബ് സംഭാഷണങ്ങളിലെല്ലാം ഇബ്റാഹീമീ-ഇസ്മാഈലീ പാരമ്പര്യത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ സര്‍വസാധാരണമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഖുറയ്ശികളുടെ ഇസ്‌ലാം പൂര്‍വചരിത്രം ക്രോഡീകരിക്കുവാന്‍ ശ്രമിച്ച ചരിത്രകാരന്‍മാരുടെ രചനകളിലൂടെ കടന്നുപോകുന്നവർക്ക്‌ ഇത്‌ മനസ്സിലാകും. പ്രവാചകന്റെ പിതാമഹനായിരുന്ന അബ്ദുല്‍ മുത്വലിബ് “നാം അല്ലാഹുവിന്‍റെ നാട്ടിലെ അല്ലാഹുവിന്റെ ജനതയാണ്; അത് എല്ലായ്പ്പോഴും (അല്ലാഹുവുമായുള്ള) ഇബ്റാഹിമീന്‍റെ ഉടമ്പടി പ്രകാരമായിരുന്നു” (നഹ്‌നു അഹ്‌ലുല്ലാഹി ഫീ ബലദതിഹി, ലം യസല്‍ ദാക അലാ അഹ്ദി ഇബ്റാഹീം) എന്ന് പറഞ്ഞത്‌ യഅ്ക്വൂബി ഉദ്ധരിക്കുന്നുണ്ട്. 1 പ്രവാചകന്റെ പിതൃവ്യനും ഗുണകാംക്ഷിയും എന്നാല്‍ അമുസ്‌ലിമും ആയിരുന്ന അബൂ ത്വാലിബ്, താന്‍ മുഹമ്മദിന്റെ (സ) പ്രവാചകത്വം അംഗീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ശത്രുക്കളുടെ പീഡനത്തിന് വിട്ടുകൊടുക്കുകയില്ലെന്ന് മക്കളുടെ മുഴുവന്‍ പൈതൃകചിഹ്നങ്ങളെയും പിടിച്ചാണയിട്ട് ആലപിച്ച കവിതയില്‍ “ഇബ്റാഹിമീന്‍റെ പാദമുദ്ര ഇപ്പോഴും ശുദ്ധമായി കിടക്കുന്ന ശില; അതിലെ രണ്ട് പാദമുദ്രകളും ചെരുപ്പില്ലാതെ നഗ്നമാണ്” എന്ന് മക്വാമു ഇബ്റാഹീമിനെക്കുറിച്ച് പ്രസ്താവിച്ചതായി ഇബ്നു ഇസ്ഹാക്വ് നിവേദനം ചെയ്യുന്നുണ്ട്.2 മുദാര്‍ ഗോത്രക്കാര്‍ “ഇസ്മാഈല്‍ നമുക്കായി അവശേഷിപ്പിച്ച മതത്തിന്‍റെ കടമകള്‍ നമുക്കുവേണ്ടി നിര്‍വഹിച്ചുവന്നത് ഖുറയ്ശികളാണ്” എന്ന് പറയാറുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഇബ്നു ഹബീബ് രേഖപ്പെടുത്തുന്നുണ്ട്.3 ഇസ്മാഈലിന്‍റെ നേര്‍പൈതൃകം കാരണം അറബികള്‍ ഖുറയ്ശികള്‍ക്കു കല്‍പിച്ചുനല്‍കിയിരുന്ന ആദരവിന്‍റെ രേഖ കൂടിയാണ് മുദാര്‍ ഗോത്രക്കാരില്‍ നിന്നുള്ള പാരമൃഷ്ട ഉദ്ധരണി. ക്വുറയ്ശികള്‍ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ‘സ്വരീഹു വുല്‍ദി ഇസ്മാഈല്‍’ (ഇസ്മാഈലിന്‍റെ സുവ്യക്തമായ/ഋജുവായ പരമ്പര) എന്നായിരുന്നുവെന്ന് ഇബ്നു ഇസ്ഹാക്വ് രേഖപ്പെടുത്തിയത് ഇവിടെ ചേര്‍ത്തുവായിക്കുന്നത് പ്രസക്തമാണ്. 4

ഇസ്മാഈല്‍ നബി(അ)യുടെ പിന്‍മുറക്കാര്‍ എന്ന നിലയിലും കഅ്ബയുടെ കൈകാര്യകര്‍ത്താക്കള്‍ എന്ന നിലയിലുമാണ് ഖുറയ്ശികള്‍ മക്കയില്‍ സവിശേഷമായ സാമൂഹികാംഗീകാരങ്ങള്‍ ആസ്വദിച്ചിരുന്നത്. ഖുറയ്ശികളും ഥക്വീഫ് ഗോത്രക്കാരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ കഅ്ബാ പരിപാലനത്തില്‍ ഥക്വീഫ് ഗോത്രക്കാരെ പങ്കാളിയാക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അതിനുപകരമായി ഥക്വീഫുകാരുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ സാമ്പത്തിക ഇടപാടുകളില്‍ തങ്ങള്‍ക്കവസരം നല്‍കണമെന്നും ഖുറയ്ശി പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ ഥക്വീഫ് ഗോത്രനേതാക്കള്‍ നല്‍കിയ മറുപടി ഇബ്നു ഹബീബ് രേഖപ്പെടുത്തുന്നതിപ്രകാരമാണ്: “നിങ്ങളെയെങ്ങനെയാണ് ഞങ്ങള്‍ ഞങ്ങളുടെ പിതാക്കള്‍ ആയുധങ്ങളില്ലാതെ വെറും കൈകള്‍കൊണ്ട് പാറ വെട്ടിത്തുരന്ന് പാര്‍പ്പുറപ്പിച്ച ഭൂമിയുടെ അവകാശത്തില്‍ പങ്കുകാരാക്കുക? (പകരം നിങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കാമെന്ന് പറയുന്ന) വിശുദ്ധ ഗേഹം നിങ്ങള്‍ സ്വയം ഉണ്ടാക്കിയതല്ല. അത് സ്ഥാപിച്ചത് ഇബ്റാഹീം ആയിരുന്നു.” (കയ്ഫ നുശ്‌രികുകും ഫീ വാദിന്‍ നസലഹു അബൂനാ വ ഹറഫഹു ബിയദയ്ഹി ഫിസ്സ്വഖ്‌രി ലം യഖ്ഫിര്‍ഹു ബില്‍ ഹദീദ്, വ അന്‍തും ലം തജ്അലുല്‍ ഹറമ, ഇന്നമാ ജഅലഹു ഇബ്റാഹീം). 5

പ്രവാചകന്‍റെ മദീനാ കാലഘട്ടത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ച മദീനയിലെ പ്രഗല്‍ഭനായ ജൂതപണ്ഡിതന്‍ അബ്ദുല്ലാഹിബ്നു സലാം ജൂതനായിരിക്കെ മദീനയിലെ ജൂതനേതാക്കളോട് കഅ്ബയെ ഉദ്ദേശിച്ചുകൊണ്ട് “നമ്മുടെ പിതാവ് ഇബ്റാഹീമിന്‍റെ പള്ളി സന്ദര്‍ശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”വെന്ന് പറഞ്ഞതായി വ്യക്തമാക്കുന്ന നിവേദനങ്ങളും 6 അറേബ്യന്‍ സമൂഹത്തില്‍ ഇക്കാര്യങ്ങള്‍ക്കുണ്ടായിരുന്ന സര്‍വസമ്മിതിയാണ് സൂചിപ്പിക്കുന്നത്. പ്രവാചക കാലഘട്ടത്തിലോ അതിനുമുമ്പോ, ഖുറയ്ശികളുടെയും കഅ്ബയുടെയും ഇബ്റാഹീമി-ഇസ്മാഈലീ വേരുകള്‍ ഒരു തര്‍ക്കവിഷയമേ ആയിരുന്നില്ലെന്നും സര്‍വാംഗീകൃതമായ ഒരു ചരിത്രവസ്തുതയെ ഉദ്ധരിച്ച്‌ വിശ്വാസപരമായ വിശുദ്ധി വീണ്ടെടുക്കാന്‍ അറബികളെ ആഹ്വാനം ചെയ്യുക മാത്രമാണ് മുഹമ്മദ് നബി (സ) ചെയ്തത് എന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ കാലത്തെ മക്കന്‍ അറബികള്‍ തങ്ങളില്‍ പലരുടെയും പൂര്‍വപിതാക്കളായും കഅ്ബയുടെ സ്ഥാപകരായും ഇബ്റാഹിം(അ)യെയും, ഇസ്മാഈല്‍(അ)യെയും അറിയുകയും ആദരിക്കുകയും ചെയ്തുവന്നവരായിരുന്നുവെന്ന് മുഹമ്മദ് നബി (സ) മക്ക കീഴടക്കുമ്പോഴുള്ള കഅ്ബാലയത്തിന്‍റെ അവസ്ഥ തന്നെ വ്യക്തമാക്കുന്നുണ്ട്. കഅ്ബാലയത്തിനകത്ത് ഇബ്റാഹിമിന്‍റെയും ഇസ്മാഈലിന്‍റെയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു ബഹുദൈവാരാധക അറബികള്‍. മക്ക, മദീന കേന്ദ്രമായുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി ഹിജ്റ എട്ടാം വര്‍ഷം മാറിയപ്പോള്‍ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ പ്രവാചകന്‍ (സ) പ്രസ്തുത ചിത്രങ്ങള്‍ മായ്ച്ചുകളയാന്‍ കല്‍പിക്കുകയാണ് ചെയ്തത്. അമ്പുകളുപയോഗിച്ചുള്ള അന്ധവിശ്വാസജഡിലമായ ഭാഗ്യപരീക്ഷണത്തില്‍ ഇബ്റാഹീമും ഇസ്മാഈലും ഏര്‍പ്പെട്ടിരിക്കുന്നതായാണ് കഅ്ബക്കകത്ത് ചിത്രീകരിക്കപ്പെട്ടിരുന്നത്. അറബികള്‍ ഇബ്റാഹീമിനെയും ഇസ്മാഈലിനെയും കഅ്ബയുമായുള്ള ബന്ധത്തിന്‍റെ പേരിലും രക്തബന്ധത്തിന്‍റെ പേരിലും ആദരിച്ചപ്പോഴും അവര്‍ പഠിപ്പിച്ച ശുദ്ധ ഏകദൈവാരാധനയില്‍ നിന്ന് ബഹുദൂരം അകന്നുപോവുകയും അവരെത്തന്നെ ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കുകയും ചെയ്യുകയാണുണ്ടായതെന്ന പ്രവാചകന്‍റെ(സ) വിശദീകരണത്തെ കൃത്യമായി സാധൂകരിക്കുന്ന പുരാവസ്തു രേഖ കൂടിയായിരുന്നു വാസ്തവത്തില്‍ പ്രസ്തുത ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടാല്‍ ആരാധനാലയത്തില്‍ പ്രപഞ്ചനാഥന്‍റെ അനുഗ്രഹവുമായി കടന്നുവരുന്ന മലക്കുകളുടെ സാന്നിധ്യം ഇല്ലാതാവുകയാണ് ചെയ്യുകയെന്നും ഇബ്റാഹിം, ഇസ്മാഈല്‍ പ്രവാചകന്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത ബഹുദൈവാരാധനാപരമായ ഭാഗ്യപരീക്ഷണാനുഷ്ഠാനത്തെയാണ് അവരുടെ പേരില്‍ ചിത്രകാരന്‍മാര്‍ ആരോപിച്ചിരിക്കുന്നതെന്നും അവ സ്ഥാപിച്ചവര്‍ പ്രപഞ്ചരക്ഷിതാവായ അല്ലാഹുവിന്‍റെ ശാപത്തിനര്‍ഹരാണെന്നും കഅ്ബക്കകത്തു കയറി പരാമൃഷ്ട ചിത്രങ്ങള്‍ കാണാനിടയായപ്പോള്‍ നബി(സ) പ്രതിവചിച്ചതായി ഇബ്നു അബ്ബാസില്‍ നിന്നുള്ള തീര്‍ത്തും ആധികാരികമായ നിവേദനങ്ങളിലുണ്ട്. 7

അമ്പുകളുപയോഗിച്ച്‌ ഭാഗ്യം പരീക്ഷിക്കുന്ന ജാഹിലിയ്യാ അറബ് സമ്പ്രദായത്തിനുപോലും ഇസ്മാഈലിനെക്കുറിച്ചുള്ള അവരുടെ ഓര്‍മകളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇസ്മാഈല്‍ നബി (അ) പ്രഗല്‍ഭനായ ഒരു വില്ലാളിയായി മക്കയില്‍ വളര്‍ന്നുവന്നുവെന്ന അറിവില്‍നിന്നാണ് പില്‍ക്കാലത്ത് അവരുടെ അന്ധവിശ്വാസപരമായ ചടങ്ങുകളില്‍ അമ്പും വില്ലും വന്ന് നിറഞ്ഞതും ഇസ്മാഈലിന്‍റെ(അ) ചിത്രത്തിനും ഹുബുലിന്റെ വിഗ്രഹത്തിനുമെല്ലാം അമ്പുകളുടെ അകമ്പടിയുണ്ടായിത്തീര്‍ന്നതും. ഇസ്മാഈല്‍ മരുഭൂമിയില്‍ ദൈവസംരക്ഷണത്തില്‍ വളര്‍ന്നുവന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ ബൈബിള്‍ തന്നെ ഇക്കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. “ദൈവം ആ കുട്ടി (ഇശ്മയേല്‍)യോട് കൂടിയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.” 8 ഇക്കാര്യത്തെ ശരിവെക്കുന്ന പ്രസ്താവന മുഹമ്മദ് നബി(സ)യും നടത്തിയിട്ടുണ്ട്. അമ്പെയ്ത്തു മത്സരം നടത്തിക്കൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തെക്കണ്ടപ്പോള്‍ പ്രവാചകന്‍ (സ) അവരോട്, “ഇസ്മാഈല്‍ സന്തതികളേ, നിങ്ങള്‍ അമ്പെയ്ത്ത് പരിശീലിക്കുക; കാരണം നിങ്ങളുടെ പിതാവ് പ്രഗല്‍ഭനായ ഒരു വില്ലാളിയായിരുന്നു” എന്ന് പറയുകയുണ്ടായി. 9

ഇസ്മാഈല്‍ നബി (അ) പഠിപ്പിച്ച ചില അനുഷ്ഠാനങ്ങള്‍, തികഞ്ഞ ബഹുദൈവാരാധനയിലേക്ക് കൂപ്പുകുത്തിയ ശേഷവും മക്കക്കാര്‍ക്കിടയില്‍ പ്രവാചകകാലഘട്ടം വരെ അതേപടി നിലനിന്നുവെന്നതും ഇതുപോലെത്തന്നെ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചേലാകര്‍മം. ലിംഗ പരിഛേദനയ്ക്കുള്ള കല്‍പന ദൈവം പുറപ്പെടുവിച്ചത് അബ്രഹാമിന്‍റെ കാലത്താണ് എന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാകുന്നത്. അബ്രഹാമിന് തൊണ്ണൂറും ഇശ്മയേലിന് പതിമൂന്നും വയസ്സുള്ളപ്പോള്‍ ലിംഗപരിഛേദനയ്ക്കുള്ള കല്‍പന വന്നുവെന്നും അവര്‍ രണ്ടുപേരും അപ്പോള്‍ പരിഛേദനയറ്റുവെന്നും സകലരെയും എട്ടാം ദിവസം ചേലാകര്‍മം ചെയ്യണമെന്ന നിയമം പ്രഖ്യാപിച്ചുവെന്നും ഉല്‍പത്തി പുസ്തകം വിശദീകരിക്കുന്നു. 10 ഇസ്മാഈലിന്‍റെ പൈതൃകമെന്ന നിലയ്ക്കുതന്നെ അറബികള്‍ കുട്ടികളെ ചേലാകര്‍മം ചെയ്യുന്ന പതിവ് നിലനിര്‍ത്തിപ്പോന്നു. മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്തെ ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ പോലും ലിംഗാഗ്ര ഛേദനം സാര്‍വത്രികമായിരുന്നു. അവരതിലേക്ക് ബഹുദൈവാരാധനയുടെ ഘടകങ്ങള്‍ ചേര്‍ത്തിരുന്നുവെന്ന് മാത്രമേയുള്ളൂ. കഅ്ബാലയത്തിനകത്ത് തങ്ങള്‍ സ്ഥാപിച്ച ഹുബുല്‍ ദേവന്റെ വിഗ്രഹത്തിന്‍റെ മുന്നില്‍ പോയി അമ്പുകളുപയോഗിച്ച് ഭാഗ്യപരീക്ഷണം നടത്തിയാണ് ചേലാകര്‍മത്തിന്‍റെ വിശദാംശങ്ങള്‍ ജാഹിലിയ്യാ അറബികള്‍ നിശ്ചയിച്ചിരുന്നത് എന്ന് ഇബ്നു ഇസ്ഹാക്വ് രേഖപ്പെടുത്തിയിട്ടുണ്ട്. 11

ചേലാകര്‍മം ഇസ്മാഈലീ പാരമ്പര്യത്തിന്‍റെ ഭാഗമായി അറബികള്‍ക്കിടയില്‍ നിലനിന്നുപോന്നതിനെക്കുറിച്ച് ഇസ്‌ലാമിക ചരിത്രസ്രോതസ്സുകള്‍ മാത്രമല്ല സംസാരിക്കുന്നത്. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തില്‍ ജീവിച്ച ജൂതപണ്ഡിതനും ചരിത്രകാരനുമായ ഫ്ളേവിയസ് ജോസിഫസ് (Flavius Josephus) അദ്ദേഹത്തിന്‍റെ പ്രശസ്തമായ Antiquities of the Jews എന്ന ഗ്രന്ഥത്തില്‍ അറബികള്‍ “പതിമൂന്ന് വയസ്സിനുശേഷം ചേലാകര്‍മം നടത്തുന്നു; ഇശ്മയേല്‍, ആ ജനതയുടെ സ്ഥാപകന്‍,അബ്രഹാമിന്‍റെ വെപ്പാട്ടിയില്‍ പിറന്ന മകന്‍, ആ വയസ്സിലാണ് പരിഛേദനയേറ്റത്” എന്നു വ്യക്തമായി എഴുതുന്നുണ്ട്. 12 മുഹമ്മദ് നബി(സ)ക്ക് ആറു നൂറ്റാണ്ടോളം മുമ്പും അറബികളുടെ ചേലാകര്‍മം പ്രശസ്തമായിരുന്നുവെന്നും ഇസ്മാഈലിന്‍റെ സന്തതിപരമ്പരകള്‍ പുലര്‍ത്തിപ്പോരുന്ന സ്വാഭാവികത എന്ന നിലയിലാണ് ജൂതപണ്ഡിതന്‍മാര്‍ പോലും ഈ പ്രതിഭാസത്തെ മനസ്സിലാക്കിയിരുന്നത് എന്നും ജോസിഫസിന്‍റെ പ്രസ്താവന തെളിയിക്കുന്നുണ്ട്. അറബികളുടെ ഇസ്മാഈലീ വേരുകള്‍ മുഹമ്മദ് നബി(സ)യുടെയും മുസ്‌ലിംകളുടെയും പുതിയ ‘കണ്ടുപിടുത്ത’മാണെന്ന മിഷനറി വാദം ജോസിഫസിന്‍റെ വരികള്‍ക്കുമുന്നില്‍ ദയനീയമായി തകര്‍ന്നുപോകുന്നു.

ബഹുദൈവാരാധനയുടെ ചിഹ്‌നങ്ങള്‍കൊണ്ട് നിറഞ്ഞ മക്കയുടെ സാമൂഹ്യപരിസരം ചികഞ്ഞ് ഉള്ളിലേക്കുപോയാല്‍ ഇബ്റാഹിം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രബോധനങ്ങളുടെ ശേഷിപ്പുകള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടെത്താന്‍ കഴിയുമെന്ന, ദിവ്യബോധനങ്ങളുടെ വെളിച്ചത്തിലുള്ള മുഹമ്മദ് നബി(സ)യുടെ നിലപാടിനെയാണ് ഈ പശ്ചാതലത്തെളിവുകളെല്ലാം സാധൂകരിക്കുന്നത്. ഹജ്ജിലെയും ഉംറയിലെയും ഇബ്റാഹീമീ ഘടകങ്ങളെ അവയുടെ ആദിമവിശുദ്ധിയില്‍ പുനഃസ്ഥാപിക്കുകയും പില്‍ക്കാലത്ത് വന്നുചേര്‍ന്ന ബഹുദൈവാരാധനാപരമായ അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തുകളയുകയുമാണ് പ്രവാചകന്‍(സ) ചെയ്തത്. പില്‍ക്കാല വ്യതിയാനങ്ങള്‍ വഴി ദുഷിച്ചപോയ അബ്രഹാമിക പാരമ്പര്യമാണ് മക്കയില്‍ നിലനില്‍ക്കുന്നതെന്നും അതിനെ ശുദ്ധീകരിച്ചെടുക്കുകയാണ് ഇബ്റാഹീം നബി(അ)യോട് യഥാര്‍ത്ഥത്തില്‍ സ്നേഹമുള്ളവര്‍ ചെയ്യേണ്ടതെന്നും വസ്തുനിഷ്ഠമായി കാര്യങ്ങളെ നോക്കിക്കാണുന്നവര്‍ക്കെല്ലാം മനസ്സിലാകുമായിരുന്നു. അതുകൊണ്ടാണ്, പ്രവാചകനുമുമ്പ് സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഗസ്സയില്‍ ജീവിച്ച സോസമേമസ് (Sozomemes) എന്ന ക്രൈസ്തവ പണ്ഡിതന്‍ ഈസ്മാഈലീ പരമ്പരയിലുള്ള അറബികളെക്കുറിച്ചും ബഹുദൈവാരാധകരായ അയല്‍സമൂഹങ്ങളുമായുള്ള സമ്പര്‍ക്കം അവരുടെ വിശ്വാസത്തെ മലിനമാക്കുന്നതിനെക്കുറിച്ചും രേഖപ്പെടുത്തുകയും മോശെക്കുമുമ്പ് ഇസ്രാഈല്യര്‍ ജീവിച്ചിരുന്ന നിയമങ്ങളനുസരിച്ചു തന്നെയാണ് വിശ്വാസവ്യതിചലനം സംഭവിക്കുന്നതുവരെ അറബികളും ജീവിച്ചിരുന്നത് എന്നും അവരില്‍ ചിലരെങ്കിലും ഇപ്പോഴും ആ പൈതൃകം മുറുകെപ്പിടിക്കുന്നുണ്ടെന്നും ഇബ്റാഹീമീ നിയമങ്ങളെ വീണ്ടെടുക്കാന്‍ ഇസ്രാഈല്യരുമായുള്ള ആശയവിനിമയങ്ങള്‍ അവര്‍ക്ക് സഹായകരമാകുന്നുണ്ടെന്നും നിരീക്ഷിക്കുകയും ചെയ്തത്. ക്രൈസ്തവ സഭാപിതാക്കളുടെ പ്രാചീന ഗ്രീക്ക് എഴുത്തുകള്‍ ക്രോഡീകരിച്ച് 1857-66 കാലഘട്ടത്തില്‍ പാരീസില്‍ നിന്ന് ജെ.പി മിഗ്‌നെയുടെ നേതൃത്വത്തില്‍ 161 വോള്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട Patrologia Graecia യിൽ ഈ പരാമര്‍ശങ്ങളെയുള്‍കൊള്ളുന്ന ‘Sozomen histori ecclesiastia’ എടുത്തുചേര്‍ത്തിട്ടുണ്ട്. 13 മക്കയുടെ ഇബ്റാഹീമീ പൈതൃകം പ്രവാചകന്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് പറയുന്ന ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും പ്രവാചകനുമുമ്പ് ജീവിച്ച ജൂത-ക്രൈസ്തവ പണ്ഡിതന്മാര്‍ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സാധൂകരിച്ച് സംസാരിച്ചതിനെക്കുറിച്ച് പാലിക്കുന്ന മൗനം, കാപട്യത്തില്‍ നിന്ന് മാത്രമാണ് ഉയിര്‍കൊള്ളുന്നത്.

കുറിപ്പുകൾ

  1. 1. താരീഖു ഇബ്നു വാദിഉൽ യഅ്ക്വൂബി (1/253). കഅബ തകർക്കാൻ വന്ന അബ്‌റഹതിന്റെ ആനപ്പടയെ അല്ലാഹു നശിപ്പിച്ചതിനെ തുടർന്ന് അബ്ദുൽ മുത്വലിബ്‌ ഗോത്രനേതാവ്‌ എന്ന നിലയിൽ ഖുറയ്ശികളോട്‌ ഇങ്ങനെ പറഞ്ഞ കാര്യമാണ്‌‌ ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്‌. നബി (സ) ജനിക്കുന്നതിനു മുമ്പായിരുന്നു ചരിത്രത്തിൽ വളരെ പ്രസിദ്ധമായ ആനപ്പട സംഭവം.
  2. 2. A. Guillaume, The Life of Muhammad: A Translation of Ibn Ishaq’s Sirat Rasul Allah (Oxford University Press, 2007), p. 123.
  3. 3. കിതാബുൽ മുഹബ്ബർ. ഇസ്‌ലാം പൂർവ്വ അറബ്‌ ചരിത്രത്തിലും വംശപരമ്പരാ വിജ്ഞാനീയങ്ങളിലുമാണ്‌ ഇബ്നു ഹബീബിന്റെ വൈദഗ്ധ്യം. പുസ്തകത്തിന്റെ ഒരു ആധുനിക ഇൻഡ്യൻ മുദ്രണം ലഭ്യമാണ്‌ – ഹയ്ദറാബാദ്‌: മത്ബആതുൽ മആരിഫിൽ ഉഥ്മാനിയ്യ, 1942.
  4. 4. A. Guillaume, op.cit.
  5. 5. കിതാബുല്‍ മുനമ്മക്വ് ഫീ അഖ്ബാരി ക്വുറയ്ശ് (ബയ്‌റൂത്‌: ആലമുൽ കുതുബ്‌, 1985), പുറം 232. (‘ദിക്‌റു മാ ജാഅ ഫീ അഖ്‌ലാഫി ക്വുറയ്‌ശിൻ വ ഥക്വീഫിൻ വ ദൗസ്‌’ എന്ന അധ്യായം). വിര്‍ജീനിയ യൂനിവേഴ്സിറ്റി പ്രസ് 1964ല്‍ മുഹമ്മദ് ഇബ്നു ഹബീബിന്റെ ഈ ഗ്രന്ഥം വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളതായി മുഹമ്മദ്‌ മൊഹർ അലി സൂചിപ്പിക്കുന്നുണ്ട്‌ – See Muhammad Mohar Ali, Sirat al-Nabi and the Orientalists with special reference to the writings of William Muir, D. S. Margoliouth and Montgomery Watt (Madinah: King Fahad Complex for the Printing of the Holy Qur’an).
  6. 6. ഇബ്നു അബീ ഹാതിം, ത്വബ്‌റാനി, അബൂ നുഐം എന്നിവർ ഈ പാരമ്പര്യം രേഖപ്പെടുത്തിയിരിക്കുന്നു‌. അബ്ദുർറഹ്‌മാൻ ജലാലുദ്ദീൻ അസ്സ്വുയൂത്വിയുടെ പ്രസിദ്ധമായ ക്വുർആൻ വ്യാഖ്യാനഗ്രന്ഥമായ അദ്ദുര്‍റുല്‍ മന്‍ഥൂര്‍ ഫിത്തഫ്സീരി ബില്‍ മഅ്ഥൂറിലും (6/410) ഇത്‌ കാണാം; സൂറതുൽ ഇഖ്‌ലാസിന്റെ തഫ്‌സീറിൽ, അധ്യായത്തിന്റെ അവതരണ പശ്ചാതലം വ്യക്തമാക്കുന്ന നിവേദനങ്ങളുടെ കൂട്ടത്തിൽ. കഅ്ബ സന്ദർശിക്കാൻ മക്കയിലെത്തിയ അബ്ദുല്ലാഹിബ്നു സലാം നബി(സ)യെ കണ്ടുമുട്ടിയതും അല്ലാഹുവിനെക്കുറിച്ച്‌ ചോദിച്ചതും അപ്പോൾ സൂറതുൽ ഇഖ്‌ലാസ്‌ അവതരിപ്പിക്കപ്പെട്ടതും ആണ്‌ നിവേദനത്തിന്റെ ഉള്ളടക്കം.
  7. 7. ബുഖാരി, സ്വഹീഹ്‌ (കിതാബു അഹാദീഥിൽ അമ്പിയാഅ്- ബാബു ക്വൗലില്ലാഹി തആലാ വത്തഹദല്ലാഹു ഇബ്‌റാഹീമ ഖലീലാ; കിതാബുൽ ഹജ്ജ്‌ – ബാബു മൻ കബ്ബറ ഫീ നവാഹിൽ കഅ്ബ).
  8. 8. ഉല്‍പത്തി 21 : 20.
  9. 9. ബുഖാരി, സ്വഹീഹ്‌ (കിതാബു അഹാദീഥിൽ അമ്പിയാഅ് – ബാബു ക്വൗലില്ലാഹി തആലാ വദ്‌കുർ ഫിൽ കിതാബി ഇസ്‌മാഈൽ; കിതാബുൽ മനാക്വിബ്‌- ബാബു നിസ്‌ബതിൽ യമനി ഇലാ ഇസ്‌മാഈൽ).
  10. 10. അധ്യായം 17.
  11. 11. A. Guillaume, op. cit.
  12. 12. ഫ്ലേവിയസ്‌ ജോസിഫസിന്റെ ഗ്രീക്ക്‌ മൂലങ്ങൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി William Whiston 1737ൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ചതിന്റെ നിരവധി പതിപ്പുകൾ ഇപ്പോൾ വിപണിയിലുണ്ട്‌.
  13. 13. http://patristica.net എന്ന വെബ്സൈറ്റില്‍ ഈ രേഖകള്‍ ലഭ്യമാണ്.

Tags :


mm

Musthafa Thanveer