“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട് പോകരുത്”
20 May 2018 | Interview
അഭിമുഖം/ അനൂപ് വി. ആർ
കോൺഗ്രസ് പക്ഷത്തുനിന്ന് മുസ്‌ലിം പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായി ഉൾകൊള്ളുന്നുവെന്നതാണ് അനൂപ് വി. ആറിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളുടെ സവിശേഷത. ഇസ്‌ലാമും ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാമോഫോബിയയും ഹിന്ദുത്വവും ജാതിയും മാർക്സിസവും യുക്തിവാദവും കോൺഗ്രസുമെല്ലാം മില്ലി റിപ്പോർട്ടുമായുള്ള അനൂപിന്റെ അഭിമുഖത്തിൽ ചർച്ചയായി. അനൂപ് മില്ലി റിപ്പോർട്ട് ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു:
? ഇസ്‌ലാമോഫോബിയയുടെ ഇന്‍ഡ്യന്‍ മെക്കാനിസം എന്താണ്? എന്താണ് അതിന്റെ ദര്‍ശനവും ചരിത്രവും? ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് അതിനെ ഫീഡ് ചെയ്യുന്നത്? എന്താണ് ഈ വിഷയത്തില്‍ സത്യസന്ധരായ പൊതുപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ഉത്തരവാദിത്തം?
-ഹിന്ദുത്വത്തിന് ഇന്‍ഡ്യന്‍ കോണ്‍ടെക്സ്റ്റില്‍ നിലനില്‍ക്കണമെങ്കില്‍ ഏതെങ്കിലും ഒന്നിനെ അവര്‍ക്ക് പ്രതിസ്ഥാനത്തു നിര്‍ത്തണം. ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ജാതിസമുദായങ്ങളെ പരിശോധിക്കുമ്പോള്‍ ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന് ആ അര്‍ത്ഥത്തിലുള്ള ഭൂരിപക്ഷമില്ല. അടിസ്ഥാന ജനവിഭാഗങ്ങള്‍ 40 ശതമാനം ഇന്‍ഡ്യയില്‍ ഒ.ബി.സിയാണ്. അതുകഴിഞ്ഞാല്‍ പട്ടികവിഭാഗങ്ങളാണ്. മുസ്‌ലിംകളും കൂടി ചേര്‍ന്നുകഴിഞ്ഞാല്‍ ഇന്‍ഡ്യയില്‍ ഭൂരിപക്ഷ ജനത എന്നുപറയുന്നത് അവരായിരിക്കും. ഹിന്ദുക്കള്‍ എന്ന വിഭാഗം ഇല്ല. അത് നിര്‍മിച്ചുകൊണ്ടിരുന്ന ബോധമാണ്. ഈ ഹിന്ദുത്വം അല്ലെങ്കില്‍ ബ്രാഹ്മണിസം നിര്‍മിക്കപ്പെടണമെങ്കില്‍ അപ്പുറത്ത് വളരെ പ്രബലനായ ഒരു ശത്രുവുണ്ട് എന്ന ബോധത്തില്‍ നിര്‍ത്തണം. ഇന്‍ഡ്യയിലെ അടിസ്ഥാന വര്‍ഗങ്ങള്‍ക്കെതിരെ നിര്‍മിക്കുന്ന ഒരു സാങ്കല്‍പിക ശത്രുവാണ് സംഘ്പരിവാറിനെ സംബന്ധിച്ച് മുസ്‌ലിംകള്‍ എന്നുപറയുന്നത്. അതായത് പൊളിറ്റിക്കല്‍ ഹിന്ദുത്വത്തിന് അപ്പുറത്തു നിര്‍ത്താന്‍ ഒരു ശത്രു ആവശ്യമാണ് എന്നതിനാല്‍ ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനെ അവര്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നു. ഇസ്‌ലാമിന്റെ ഏറ്റവും വലിയ ഗുണമെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഒരു മതമെന്ന് വിളിക്കാവുന്നത് ഇസ്‌ലാമാണ് എന്നതാണ്. കാരണം മുസ്‌ലിമിന്റെ എല്ലാ വ്യവഹാരങ്ങളിലും മതമുണ്ട്.
മണ്ഡല്‍ കമ്മീഷന്റെ കാലഘട്ടത്തില്‍ ഉണ്ടായ ഹിന്ദുത്വത്തിനെതിരെയുള്ള വിവിധ സ്വത്വങ്ങളുടെ ഉണര്‍വിനെ വളരെ ആസൂത്രിതമായി നിരാകരിക്കാന്‍ തന്നെയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച പോലും ഉണ്ടാകുന്നത്. ഹിന്ദുത്വത്തിന്റെ ആക്ഷന്‍ പ്ലാന്‍ ബ്രാഹ്മണിക ബോധത്തിന്, ആര്യന്‍ ബോധത്തിന് എതിരുനില്‍ക്കുന്ന മറ്റു സ്വത്വങ്ങളെ മുസ്‌ലിംകൾക്കെതിരായ പോരാട്ടങ്ങളിൽ ഉപയോഗിക്കുക എന്നതു കൂടിയാണ്; ഗുജറാത്തില്‍ സംഭവിച്ചതുപോലെ. അവിടെയുള്ള മുസ്‌ലിംകള്‍ക്കെതിരില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് അവിടെയുള്ള ദളിതുകളാണ്. അപ്പോള്‍ മറ്റു ജാതിസമൂഹങ്ങളുടെ സ്വത്വങ്ങളെ ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് മുസ്‌ലിമിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയ ഇസ്‌ലാമോഫോബിക്കായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. അതിന് സെപ്റ്റംബര്‍ 11ന് ശേഷമുള്ള ഒരു ആഗോള സാഹചര്യം സഹായകരമായി തീര്‍ന്നു. സ്വാഭാവികമായും ഇന്‍ഡ്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുന്നത് ആര്‍.എസ്.എസ് ആണ്. ഈ രണ്ടു സഖ്യകക്ഷികളും ആഗോളപരിസരം ഇന്‍ഡ്യാ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്തി.
അപ്പോള്‍, ഇസ്‌ലാമോഫോബിയ വളര്‍ത്തല്‍ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയ ഹിന്ദുത്വമെന്നു പറയുന്നത് ഇന്‍ഡ്യയിലെ എല്ലാം മുഖ്യധാര പാര്‍ട്ടികളിലുമായി വിഹരിക്കുന്ന ഒരു സംഭവമാണ്. എന്നാല്‍ ഇതിനെ മുഖ്യപ്രത്യയശാസ്ത്രം ആക്കാൻ അവയിൽ തന്നെയുള്ള ജനിതകമായ തടസ്സങ്ങള്‍ ഉണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തന്നെ ആദ്യത്തെ മന്ത്രിസഭയില്‍ അംബേദ്കറും ഉണ്ട്, ഹിന്ദുത്വത്തിന്റെ പ്രതിനിധികളും ഉണ്ട്. പക്ഷേ കോണ്‍ഗ്രസിൽ ഹിന്ദുത്വത്തിന് പ്രതിഫലിക്കുന്നതിന് പരിമിതി ഉള്ളതുകൊണ്ട് ഹിന്ദുത്വമെന്ന വെറുപ്പിന്റെ ആത്മാവിന് പ്രവര്‍ത്തിക്കാവുന്ന ശരീരമെന്നു പറയുന്നത് സംഘ്പരിവാറാണ്. ഹിന്ദുത്വത്തിന്റെ എലമെന്റ്‌സ് കേരളത്തിലെ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി സി.പി.എമ്മാണ്. വോട്ടിംഗ് കണക്കുകളിലേക്കു പോകുമ്പോള്‍ നമുക്കത് കാണാന്‍ സാധിക്കും.
അപ്പോള്‍ ഹിന്ദു എന്നു പറയുന്നത് ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് പലപ്പോഴും. ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടക്കുന്ന കേരള പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ നോക്കുക. ബി.ജെ.പിയുമായി മത്സരിക്കാനുള്ള പരിശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. സ്വാഭാവികമായി ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാവുന്ന വോട്ടുകളെ കൂടുതല്‍ ഹിന്ദുത്വം പറഞ്ഞു പിടിച്ചുനിര്‍ത്തുകയാണ്. ഇവിടെ ഇന്‍ഡ്യയിലെ പൊതുസമൂഹത്തിന് അല്ലെങ്കില്‍ പബ്ലിക് ഇന്റലെക്ച്വല്‍സിന് വലിയ ഉത്തരവാദിത്തമുണ്ട് ഇപ്പോള്‍. ബാബരി മസ്ജിദ് അക്രമാനന്തര ഇന്‍ഡ്യയെ എടുത്തുകഴിഞ്ഞാല്‍ സെക്യുലര്‍ ബുദ്ധിജീവികളിലെല്ലാം ഒരു ഹിന്ദുത്വ സെക്യുലര്‍ ഒളിഞ്ഞിരിക്കുന്ന കാലമാണ്. ഇപ്പോള്‍ ഞാന്‍ സംഘ്പരിവാറിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സംഘ്പരിവാര്‍ എന്നെക്കൂടി ബാധിക്കാവുന്ന ഒരു സാധ്യതയുണ്ട്. ഞാന്‍ എപ്പോഴും ഒരു മതം എന്ന രീതിയില്‍ ഇസ്‌ലാമിനോടു ചേര്‍ന്നുനില്‍ക്കാന്‍ കാരണം സംഘ്പരിവാറിനെ പ്രതിരോധിക്കാനുള്ള ശേഷി ഇസ്‌ലാമിനാണെന്ന നിലക്കാണ്. ഖുശ്വന്ത് സിംഗ് പറഞ്ഞ മഹത്തായ ഒരു വാചകം, ഹിന്ദുമതം മറ്റെല്ലാ മതങ്ങളെയും വിഴുങ്ങുന്ന പെരുമ്പാമ്പ് ആണ് എന്നാണ്. ഏതുമതങ്ങളെയും ഹിന്ദുത്വത്തിന്റെ കുഴിയില്‍ ഒതുക്കാനുള്ള സ്വാംശീകരണശേഷി ഹിന്ദുത്വത്തിനുണ്ട്. ആ അര്‍ത്ഥത്തില്‍ സുഗമമായി വിഴുങ്ങാന്‍ കഴിയുന്ന ഒന്നല്ല ഇസ്‌ലാം. അതേസമയം ആര്‍.എസ്.എസ് അന്തരീക്ഷത്തിലൂടെ പടരുന്ന ഒരു രോഗമാണെന്ന തിരിച്ചറിവ് നമുക്ക് വേണം. നമ്മള്‍ ജീവിക്കുന്ന ഒരു അന്തരീക്ഷം ഇതായതുകൊണ്ട് ഞാന്‍ സംഘ്പരിവാറിനെതിരെ നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്റെയുള്ളില്‍ ഒരു സംഘി സംഭവിക്കാതിരിക്കാനുള്ള പ്രതിരോധ പരിശ്രമങ്ങളുടെ കൂടി ഭാഗമായാണ്.
? എന്തൊക്കെയാണ് ഒരു ദര്‍ശനം എന്ന നിലയിൽ ഇസ്‌ലാമിനെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകള്‍? ഇസ്‌ലാമോഫോബിയയുടെ ഉന്മാദകാലത്തും ഇസ്‌ലാമിനെ വ്യത്യസ്തമായി സമീപിക്കുവാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്? എവിടെ നിന്നാണ് താങ്കളുടെ ഇസ്‌ലമാറിവുകളുടെയും അനുഭവങ്ങളുടെയും തുടക്കവും തുടര്‍ച്ചയും?
-ഇസ്‌ലാം എന്നുപറയുന്നത് വളരെ റാഡിക്കലായിട്ടുള്ളതാണ്; അല്ലാഹു അക്ബര്‍ എന്നൊക്കെ പറയുന്നിടത്ത്. മറ്റെല്ലാ അടിമ-ഉടമ ബന്ധങ്ങളെയും നിരാകരിക്കുന്ന, അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ലെന്നൊക്കെ പറയുന്ന അര്‍ത്ഥത്തില്‍ വളരെ വിപ്ലവാത്മകമായ ഒരു ദര്‍ശനമാണെന്ന് എം. എൻ റോയിയെപ്പോലുള്ള ആളുകള്‍ വരെ പറഞ്ഞ ഒരു പരിസരം അതിനുണ്ട്.
വ്യക്തിപരമായി ഞാന്‍ ഇസ്‌ലാമുമായി ചേര്‍ന്നു നില്‍ക്കാന്‍ കാരണം വളര്‍ന്നുവന്ന രീതിയുടെ ഫലമാണ്. ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം തൊട്ടേ സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമീപനങ്ങള്‍. രാഷ്ട്രീയ ഹിന്ദുത്വവുമായി ഒരു കാലഘട്ടത്തിലും ഒരു നിലക്കും സന്ധി ചെയ്യാൻ ശ്രമിക്കാതിരുന്ന ഒരാളാണ് ഞാന്‍. ഒരിക്കലും രാഷ്ട്രീയ ഹിന്ദുത്വവുമായി ഒരു തരത്തിലും ചേര്‍ന്നുനില്‍ക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ലെന്നത് വളരെ അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും. അതുപോലെ വായനയുടെ പശ്ചാത്തലങ്ങള്‍. എം. എൻ റോയി ഇസ്‌ലാമിനെക്കുറിച്ചെഴുതിയ പുസ്തകം അടക്കം. ഇന്‍ഡ്യയിൽ സവര്‍ണ ബ്രാഹ്മണിക്കല്‍ ബോധത്തിനെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ വ്യവഹാരം കൂടിയാണ് ഇസ്‌ലാമെന്ന് എനിക്ക് തോന്നുന്നു. അതുപോലെ എന്റെ പരിസരം എന്നുപറയുന്നത് ഈഴവയാണ്. അപ്പോള്‍ ഈ ഹാദിയ കേസിലടക്കം ഞാന്‍ കാണുന്നത് ‘അവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ ആണെന്നാണ്. സത്യത്തില്‍ കേരളത്തിലെ ഈഴവരുടെ സഖ്യകക്ഷിയാകേണ്ടത് ഇസ്‌ലാമാണെന്ന ബോധം എനിക്കുണ്ട്.
?ഹിന്ദുത്വ ഫാഷിസത്തിന്റെ ഉള്ളടക്കം എന്താണ്? എങ്ങനെയാണ് അതിനെ പ്രതിരോധിക്കാനാവുക?
-ഹിന്ദുത്വത്തിനെ നമ്മള്‍ ആര്യനിസം എന്ന നിലയിലേക്ക് പുനര്‍നിര്‍വചിക്കേണ്ട ഒരു കാലഘട്ടമാണിത്. ഹിന്ദു എന്ന ഒരു പദം, ബ്രിട്ടീഷ് കാലഘട്ടത്തില്‍ സെമിറ്റിക് മതങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന എല്ലാ ജനസമൂഹങ്ങളെയും ഒരു കാനേഷുമാരി സെന്‍സസിന്റെ ഭാഗമായി കാണാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ്. പിന്നീട് അതിനെ രാഷ്ട്രീയ ഹിന്ദുത്വം ഉപയോഗിക്കുന്നു എന്നുള്ളതാണ്. സത്യത്തില്‍ ബ്രാഹ്മണിസമാണ് ഏറ്റവും വലിയ ഫാഷിസം. കാരണം ഹിറ്റ്‌ലര്‍ പോലും ഫാഷിസത്തിന്റെ വേരുകള്‍ സ്വീകരിക്കുന്നത് ഇന്‍ഡ്യയില്‍ നിന്നാണ്. സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത്, ‘നമ്മുടെ മനുവിനെ വെച്ചുനോക്കുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ വെറും പാവമാണ്’ എന്നാണ്.
അപ്പോള്‍ ഇറ്റലിയില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഫാഷിസം ഇന്‍ഡ്യയിലേക്കു വരികയല്ല, മറിച്ച് ഇന്‍ഡ്യയിലെ മനുസ്മൃതിയില്‍ നിന്ന് ഫാഷിസം അങ്ങോട്ടു പോവുകയാണ് ചെയ്തത്. ആര്യന്‍ മേല്‍ക്കോയ്മ യഥാര്‍ത്ഥത്തില്‍ വരുന്നത് ഇന്‍ഡ്യയില്‍ നിന്നാണ്.
അതിനെ നേരിടുകയെന്നുള്ളത് ഒരു പരിധി വരെ ഭരണഘടന ഉപയോഗിച്ചു സാധിക്കും. ഫാഷിസത്തിന്റെ എലമെന്റ്‌സ് ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഉടനീളം നില്‍ക്കുമ്പോഴും അതിനെതിരെയുള്ള പ്രതിരോധങ്ങളും ഇന്‍ഡ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൂര്‍ദാസിന്റെയും കബീര്‍ദാസിന്റെയും ഭക്തിപ്രസ്ഥാനങ്ങളെപ്പോലെ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വലിയ മാതൃകകള്‍ ഇന്‍ഡ്യയുടെ ചരിത്രത്തിലുണ്ട്. അപ്പോള്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സര്‍വമത സാഹോദര്യത്തിന്റെയും വലിയ മാതൃകകളെ ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളതാണ് ഹിന്ദുത്വത്തിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗം. കേവലം ഭരണഘടനകൊണ്ട് മാത്രം അതിനെ ചെറുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
? ജാതിയുടെ പ്രത്യയശാസ്ത്രവും സാമൂഹികഘടനയും വിലയിരുത്താമോ?
ജാതി നേരത്തെ പറഞ്ഞതുപോലെ ലോകത്തെ ഏറ്റവും വലിയ ഫാഷിസ്റ്റ് ഘടകമാണ്. മനുവിന്റേത് എന്നു പറയുമ്പോള്‍ ജാതിയടിസ്ഥാനത്തിൽ മനുഷ്യരെ തട്ടുകളായി തിരിക്കുന്ന ആ പിരമിഡ് ഷെയ്പ്പില്‍ നില്‍ക്കുമ്പോള്‍ ബ്രാഹ്മണിക് ആധിപത്യമാണല്ലോ അവിടെ ഉള്ളത്. ഉന്നതശ്രേണിയില്‍ ബ്രാഹ്മണര്‍, പിന്നീട് ക്ഷത്രിയര്‍, വൈശ്യന്‍, ശൂദ്രന്‍ എന്നപോലെ.
യഥാർത്ഥത്തിൽ ഇൻഡ്യൻ സമൂഹത്തെ ഈ പിരമിഡിക്കല്‍ ഷെയ്പ്പ് തിരിച്ചിടുകയാണ് ചെയ്യുന്നത്. കാരണം ഏറ്റവും കുടുതല്‍ ഇവിടെ ഉള്ളത് അടിസ്ഥാന വര്‍ഗമാണ്.
ഇന്‍ഡ്യയിലെ ദളിതരും പിന്നോക്ക വിഭാഗക്കാരും ശൂദ്രരെക്കാള്‍ പിറകില്‍ നില്‍ക്കുന്നവരുമാണ്. കേരളീയ പശ്ചാത്തലത്തില്‍ ശൂദ്രര്‍ എന്നുപറയുന്നത് ഇവിടുത്തെ നായര്‍ സമുദായമാണ്. അപ്പോള്‍ നായര്‍ എന്നുപറയുന്നത് ആ അര്‍ത്ഥത്തില്‍ ഒരു ഉയര്‍ന്ന കമ്മ്യൂണിറ്റി അല്ല. അതുമാത്രമല്ല, മന്നത്തു പത്മനാഭനൊക്കെ നായര്‍ സമുദായത്തില്‍ നടത്തിയ ഏറ്റവും വലിയ പരിഷ്‌കരണമെന്നു പറയുന്നത് മലയാളി ശൂദ്രന്‍ എന്ന് ഒഴിവാക്കി നായരെന്ന് ഉപയോഗിക്കുന്നതിനുവേണ്ടി നടത്തിയ സമരമാണ്. അപ്പോള്‍ ഈ ജാതിശ്രേണിയില്‍ ഈഴവരൊന്നും ഹിന്ദുക്കളായി പരിഗണിക്കപ്പെടുന്നേയില്ല. ഈഴവര്‍ ഒരു സ്വതന്ത്രസമുദായമാണ്. ടി.കെ മാധവന്‍ സ്വതന്ത്രസമുദായമെന്ന് പറഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരു തന്നെ ഈഴവരെ നിര്‍വചിച്ചിട്ടുള്ളത് സ്വതന്ത്രസമുദായമെന്നാണ്. ഈഴവര്‍ കുറേ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സമുദായമെന്ന നിലയില്‍ ഈഴവര്‍ എത്രമാത്രം ഹിന്ദുക്കളാണെന്നത് വേറെ ഒരു ചോദ്യമാണ്.
? നേരത്തെ വിശദീകരിച്ച ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സംഘ്പരിവാര്‍ കുടിപ്പകയുടെ ചരിത്രം എങ്ങനെയാണ്? അതിന്റെ വേരെവിടെയാണ്? അതിന്റെ വളർച്ച എങ്ങനെയായിരുന്നു?
-സംഘ്പരിവാറിന് ഇസ്‌ലാമിനോടുള്ള കുടിപ്പക അതിന്റെ തുടക്കത്തിലേ ഉള്ളതാണ്. ഹിന്ദുത്വത്തിന്റെ ബ്രാഹ്മണിക പ്രത്യയശാസ്ത്രം ജനസംഖ്യാനുപാതികമായി ഇന്‍ഡ്യയില്‍ ന്യൂനപക്ഷമാണ്. അത് മുസ്‌ലിംകളെക്കാള്‍ വളരെ ചെറുതാണ്. അത് ഭൂരിപക്ഷമാകണമെങ്കില്‍ അതിനുകീഴിലുള്ള ദളിതുകളടക്കമുള്ള വിഭാഗങ്ങളെ പിടിച്ചുനിര്‍ത്തണം. ഈ അടിസ്ഥാന വിഭാഗങ്ങളുടെ യഥാര്‍ത്ഥ ശത്രു ബ്രാഹ്മണിക് പ്രത്യയശാസ്ത്രമാണെന്ന വസ്തുത മറച്ചുവെച്ച് ഒരു സാങ്കല്‍പിക ശത്രുവിനെ ചൂണ്ടിക്കാണിച്ച് ഇന്‍ഡ്യയില്‍ നിലനില്‍ക്കുകയെന്നു പറയുന്നത് ഹിന്ദുത്വത്തിന്റെ ആവശ്യമാണ്. അതുപോലെ മുസ്‌ലിം വിരോധം വളര്‍ത്തുന്നതില്‍ ബ്രിട്ടീഷുകാരുടെ പങ്കും ചെറുതല്ല. 1857ല്‍ ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍പ്പെടുമ്പോള്‍ ഒരു സമുദായമെന്ന നിലക്ക് അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് മുസ്‌ലിംകളെയാണ്. അനീതിക്കും അക്രമത്തിനുമെതിരെ ചരിത്രത്തിലുടനീളം പോരാടിയ ഒരു മതമെന്ന നിലക്ക് അതിന്റെ പ്രഹരശേഷി ബ്രിട്ടീഷുകാര്‍ക്കും അറിയാവുന്നതുകൊണ്ട് അവര്‍ ചെയ്ത ഒരു പോളിസിയെന്നു പറയുന്നത് ഇവിടുത്തെ എലീറ്റ് ഹിന്ദുക്കളെ ഡീല്‍ ചെയ്യുക എന്നുള്ളതാണ്. സമരത്തിനുശേഷം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലടക്കം സവര്‍ണഹിന്ദുക്കളെ പ്രീണിപ്പിക്കുകയും മുസ്‌ലിംകളെ മാറ്റി നിര്‍ത്തുകയും ചെയ്തു. അതേസമയം ഹിന്ദുക്കളെ പറഞ്ഞുപഠിപ്പിച്ചത് നിങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം മുസ്‌ലിംകളാണെന്നാണ്.
ഈ ബോധം പിന്നീട് വളരുകയാണുണ്ടായത്. എന്നാല്‍ ഗാന്ധിവധത്തിനുശേഷം ഇന്‍ഡ്യയുടെ മുഖ്യധാരയില്‍ നിന്ന് നിരോധനംമൂലം പിറകോട്ടുപോയ ആര്‍.എസ്.എസ് ജനസംഘത്തില്‍ നിന്നും ബി.ജെ.പിയിലേക്കു വരുന്നത് ഗാന്ധിയന്‍ സോഷ്യലിസമെന്ന് ഭരണഘടനയില്‍ എഴുതിചേര്‍ത്തിട്ടാണ്. ആ സമയത്ത് പഴയ ജനസംഘകാലത്തെ ആളുകള്‍ മാത്രമല്ല സോഷ്യലിസ്റ്റുകള്‍ അടക്കം അതിലുണ്ടായിരുന്നു. അതിനുവലിയ സ്വീകാര്യത നേടിക്കൊടുത്തത് അടിയന്തിരാവസ്ഥയാണ്. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമുള്ള ഒരു വിശാല മുന്നണി ബി.ജെ.പിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും അങ്ങനെ ഇന്‍ഡ്യയുടെ മുഖ്യധാരയിലേക്കു കടക്കാന്‍ അവസരം ഉണ്ടാവുകയും മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റില്‍ എ.ബി വാജ്‌പേയി വിദേശകാര്യ മന്ത്രിയാവുകയും പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തി ഒരു ലിബറര്‍ പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്തത് ബി.ജെ.പിക്ക് വേറൊരു മുഖമുണ്ടാക്കി. അതേസമയം അവസരത്തിനൊത്ത് ഈ ലിബറല്‍ മുഖവും, ആവശ്യം വരുമ്പോള്‍ അഗ്രസീവ് മുഖവും പുറത്തുകാണിക്കാവുന്ന രണ്ടുതരത്തിലുള്ള നേതാക്കളെ നിലനിര്‍ത്തുകയും, മറുവശത്ത് സാധ്യമായ സന്ദര്‍ഭങ്ങളിലൊക്കെ രാമജന്മഭൂമിയെന്ന് പ്രഖ്യാപിച്ച് ഗാന്ധി പറഞ്ഞ രാമനെ വളരെ മെറ്റീരിയലായ രാമനാക്കുകയും ചെയ്തു. കോണ്‍ഗ്രസ് അടക്കം സെക്യുലറായ സന്ദര്‍ഭത്തില്‍ മതത്തിന്റെ വലിയൊരു കോളം ഇവര്‍ക്ക് ഒഴിഞ്ഞിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് തീവ്രഹിന്ദുത്വത്തിന്റെ രണ്ടാം വരവ് സംഭവിച്ചത്.
ഇപ്പോള്‍ സംഘ്പരിവാറിന്റെ അധീശത്വത്തിലുള്ള കേന്ദ്രഭരണം നഷ്ടപ്പെട്ടാല്‍ പോലും ഇന്‍ഡ്യന്‍ ബ്യൂറോക്രസിയിലും സൈന്യത്തിലും പോലീസിലും നീതിന്യായവ്യവസ്ഥയിലും വരെ സ്വാധീനം ചെലുത്താനും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനും കഴിയുന്ന ഒരു ശക്തിയായി സംഘ്പരിവാര്‍ മാറിയിട്ടുണ്ട്.
? മാര്‍ക്‌സിസം/ഇടതുപക്ഷം ഫാഷിസത്തെയും ജാതിയെയും ന്യൂനപക്ഷ അരക്ഷിതാവസ്ഥയെയും അഡ്രസ് ചെയ്യുന്ന രീതികളോട് താങ്കള്‍ നിരന്തരമായി വിയോജിക്കുന്നതു കണ്ടിട്ടുണ്ട്. എന്താണ് താങ്കള്‍ക്ക് കമ്മ്യൂണിസ്റ്റ് ചിന്താരീതിയോടുള്ള വിയോജിപ്പുകള്‍?
-വളരെ പ്രതീക്ഷയോടു കൂടി സംഘ്പരിവാറിനെയൊക്കെ എതിര്‍ക്കാന്‍ ശക്തിയുണ്ടെന്ന പ്രതീതിയുളവാക്കി അധികാരത്തില്‍ വന്ന ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്നാല്‍ നാളിതുവരെ നമ്മള്‍ കാണാത്തരൂപത്തില്‍ അത് ഹിന്ദുത്വവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. പലപ്പോഴും മലപ്പുറത്തിനെക്കുറിച്ചൊക്കെ പറയുന്ന പ്രസ്താവനകൾ ഒക്കെ ആ അര്‍ത്ഥത്തില്‍ ബി.ജെ.പിയുമായി മത്സരിക്കുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അതുപോലെ തന്നെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷസമുദായത്തെ തൃപ്തിപ്പെടുത്തുന്ന രൂപത്തില്‍ മൈനോരിറ്റിയെ അപ്പുറത്ത് നിര്‍ത്തുകയാണ്. സി.പി.എം പറയുന്നത് ഞങ്ങള്‍ ഇവിടെയുള്ളതുകൊണ്ടാണ് സംഘ്പരിവാര്‍ വളരാത്തതെന്നാണ്. അങ്ങനെ പറയുമ്പോഴും ഇപ്പുറത്ത് ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നു എന്നുള്ളതാണ് പീസ് സ്‌കൂളിന്റെ കാര്യത്തിലായാലും സമീപകാലങ്ങളില്‍ നടന്ന മറ്റുചില നടപടികളിലായാലും നമുക്ക് ദര്‍ശിക്കാനാവുന്നത്. അതുപോലെ തന്നെ മതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ജാതിയില്ല, മതമില്ല എന്നൊക്കെ പറയുമ്പോഴും കേരളത്തിലെപ് ഡി.വൈ.എഫ്.ഐ നടത്തുന്ന സെക്യുലര്‍ വിവാഹങ്ങള്‍ നടക്കുന്നത് അമ്പലമുറ്റത്താണ്. അപ്പോള്‍ തന്നെ ഇവരുടെ സെക്യുലറിസത്തിന്റെ കാപട്യം നമുക്ക് ബോധ്യമാകും.
? ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഹിന്ദുത്വ ഷോവിനിസം മാത്രമല്ല, ഇവിടെ ഇപ്പോൾ സൂചിപ്പിച്ച മാർക്സിസ്റ്റുകൾ അടക്കമുള്ള സെക്യുലര്‍ ലിബറലുകളും വളരെ വയലന്റായി, വംശീയമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. എന്താണ് ലിബറല്‍ ഇസ്‌ലാമോഫോബിയയുടെ രസതന്ത്രം?
-സെക്യുലര്‍ ലിബറല്‍ എന്നുപറയുന്നത് ഹിന്ദുത്വത്തിനുവെളിയില്‍ നില്‍ക്കുന്ന ഒരു കാര്യമല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി ഒരു നായര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു യുക്തിവാദി ജാതിയില്ല, മതമില്ല എന്നുപറയുമ്പോള്‍ അയാള്‍ക്ക് മാത്രം കിട്ടുന്ന ഒരു പ്രിവിലേജാണത്. അപ്പുറത്ത് ഈഴവനോ ദളിതനോ ഇത് പറയാന്‍ കഴിയില്ല; കാരണം അയാള്‍ക്ക് ജാതിയുടെ ആനുകൂല്യം ആവശ്യമാണ്. ജാതിയില്ല, മതമില്ല എന്നൊക്കെ പറയുന്നത് ഒരു സോഷ്യല്‍ ക്യാപ്പിറ്റലായി ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അയാള്‍ക്ക് അതുകൊണ്ട് ഒരു നഷ്ടവുമുണ്ടാകുന്നില്ല. അപ്പോള്‍ യുക്തിവാദം ഒരിക്കലും അവരുടെ തൊലിയെ സ്പര്‍ശിക്കുന്നില്ല.
പിന്നെ സെക്യുലര്‍ പക്ഷത്ത് നില്‍ക്കുന്നു എന്നു പറയുന്നവര്‍ക്കുപോലും ഒരു മതമുണ്ടെന്നാണ് സത്യം. അപ്പോള്‍ ഒരു ‘ഹിന്ദുത്വ സെക്യുലര്‍’ സാധ്യമാണെന്നാണ് ഞാന്‍ പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം അപരവല്‍ക്കരിക്കപ്പെടേണ്ട ഒരു മതമാണ്. ഒരേപോലെ എല്ലാ മതങ്ങളെയും എതിര്‍ക്കുന്നു എന്ന് പറയുന്നതിന്റെ യുക്തിരാഹിത്യം എല്ലാ മതങ്ങളും ഇന്‍ഡ്യയില്‍ ഒരുപോലെയല്ല എന്നതാണ്. ആക്രമിക്കപ്പെടുന്ന മതത്തെയും അതിനുമേല്‍ അധീശത്വം സ്ഥാപിക്കുന്ന മതത്തെയും ഒരുപോലെ കാണുക എന്നുപറയുന്നതിന്റെ അർത്ഥം ആക്രമിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ കൂടെയാണെന്നതാണ്.
ഇപ്പോള്‍ ഏറ്റവും അടുത്ത് നടന്ന ആസിഫയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവുമായി യുക്തിവാദികളുടെ ഭാഗത്തുനിന്നും പ്രചരിക്കുന്ന ഒരു കമന്റ് എന്നുപറയുന്നത് അമ്പലത്തിനകത്തെ ദൈവം നിശബ്ദമായതുപോലെ ആ പെണ്‍കുട്ടി ആരാധിക്കുന്ന അല്ലാഹു നിശബ്ദമായിയെന്നാണ്. വളരെ ക്രൂരമായ പ്രസ്താവനയാണത്. കാരണം അല്ലാഹുവില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരു ജനത മുഴുവന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണ്. അപ്പോഴും അവരുടെ ഏറ്റവും വലിയ പിന്‍ബലമെന്നു പറയുന്നത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അതിനെപോലും അപഹസിക്കുകയെന്നു പറയുന്നത് വളരെ ക്രൂരമാണ്.
? ആസിഫയുടേത് ഒരുദാഹരണം മാത്രമാണ്. അതിൽ യാതൊരു അത്ഭുതവും ഇല്ല. കാരണം കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും വലിയ കൂട്ടികൊടുപ്പുകാര്‍ ഇപ്പോള്‍ യുക്തിവാദികളാണ്. എന്താണ് താങ്കളുടെ നിലപാടുകള്‍?
-അതെ. കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ ഹോള്‍സെയില്‍ ഡീലേഴ്‌സെന്നു പറയുന്നത് ഇവിടുത്തെ യുക്തിവാദികളാണ്. കേരളത്തിലെ ഏറ്റവും വലിയ മോക് റിലീജിയനായി അവര്‍ കളിയാക്കുന്നത് ഇസ്‌ലാമിനെയാണ്. അതിന്റെയൊരു കാരണം മതമെന്ന നിലയില്‍ ഏറ്റവുമധികം വെളിപ്പെടുന്ന ഒരു മതം ഇസ്‌ലാമാണ് എന്നതാണ്. ഒരു മുസ്‌ലിമിനെ ഏതുസ്ഥലത്തുനിന്നും നമുക്ക് തിരിച്ചറിയാം. മതം ഏറ്റവും കൂടുതല്‍ അവന്റെ ജീവിതത്തില്‍ പ്രകടമാക്കി നിരന്തരം ദൈവവുമായുള്ള സമ്പര്‍ക്കത്തിലൂടെ അത് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന നിലക്ക് യുക്തിവാദം ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടേണ്ടി വരുന്നത് ഇസ്‌ലാമുമായാണ്.
?ഇസ്‌ലാമിക ആശയപ്രചാരണവും പ്രബോധനവും ഒക്കെ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്ന അവസ്ഥയിലേക്ക് പൊതുബോധം പരാവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ വര്‍ഗീയമായി മുദ്ര കുത്തപ്പെടുന്നു. മതപരിവര്‍ത്തനം കുറ്റകൃത്യമാണെന്ന രൂപത്തില്‍ ഹിന്ദുത്വവും, അശ്ലീലവും അസ്വീകാര്യവുമാണെന്ന നിലയില്‍ ലിബറല്‍ ഇടതുപക്ഷവും സംസാരിക്കുന്നു. ഹാദിയക്കുവേണ്ടി നിന്ന, ഘര്‍വാപസി പീഡനങ്ങളെ ചര്‍ച്ചക്കെടുത്ത ഒരാളാണ് താങ്കള്‍. എന്താണ് രൂക്ഷമായ ഈ ഇസ്‌ലാം വിരുദ്ധതയുടെ പ്രത്യയശാസ്ത്രം? എന്തുകൊണ്ടാണ് അതിന് ഇത്ര വ്യാപകമായ സ്വീകാര്യത ലഭിക്കുന്നത്?
-മതസ്വാതന്ത്ര്യവും മതപ്രബോധനവും ഭരണഘടന നല്‍കുന്ന ഒരു സ്വാതന്ത്ര്യമാണ്. അംബേദ്കറിനെ നമ്മള്‍ കാണേണ്ടത് ഭരണഘടന ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാത്രമല്ല. ഭരണഘടന ഉണ്ടാക്കുകയും അതില്‍ മതം മാറ്റത്തിനുള്ള മൗലികാവകാശം എഴുതി ചേര്‍ക്കുകയും മാത്രമല്ല, മതം മാറുക കൂടി ചെയ്തയാളാണ് . മതംമാറ്റത്തിനെ ഹിന്ദുത്വത്തിനെ ബ്രേക്ക് ചെയ്യുന്ന ഒരു സാമൂഹിക പ്രയോഗമാക്കി കാണിച്ചുകൊടുത്തിട്ടുള്ള ഒരു വ്യക്തികൂടിയാണ് അംബേദ്കര്‍. ആ മതംമാറ്റത്തിനെതിരെ നടക്കുന്ന നീക്കങ്ങളെ ഭരണഘടനാപരമായി നമ്മള്‍ നേരിടേണ്ടതുണ്ട്.
പിന്നെ ആശയപ്രചാരണമെന്ന് പറയുന്നതില്‍ അസ്വാഭാവികതയില്ല. ഇപ്പോള്‍ നിങ്ങള്‍ മുസ്‌ലിമാണ്. നിങ്ങള്‍ ആ ഐഡിയോളജി സ്വീകരിച്ചിരിക്കുന്നത് ഇഹലോകത്തും പരലോകത്തും നിങ്ങളെ നന്നാക്കി കൊണ്ടുപോകുന്നു എന്ന നിലക്കാണ്. അപ്പോള്‍ നമ്മള്‍ നല്ലതെന്നു തോന്നുന്ന ഒരു കാര്യം നമ്മുടെ സുഹൃത്തിനോടു സംസാരിക്കുന്നു എന്നത് സ്വാഭാവികമാണ്. അപ്പോള്‍ മുസ്‌ലിം ആയിരിക്കുകയും ഇസ്‌ലാം ജീവിതത്തിന്റെ മോചനത്തിനുള്ള മാര്‍ഗമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ മറ്റൊരാളോട് മുസ്‌ലിമാകണം എന്നു പറയുക സ്വാഭാവികമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മറ്റൊരാളോട് കമ്മ്യൂണിസ്റ്റാകണമെന്നു പറയുന്നതുപോലെ.
മതപ്രബോധനത്തിന്റെ നൈതികമായ അടിസ്ഥാനമെന്നു പറയുന്നത് എനിക്ക് കിട്ടുന്ന സ്വര്‍ഗം അവനുകൂടി കിട്ടണമെന്ന ആഗ്രഹമാണ്. അത് ഒരിക്കലും സങ്കുചിതമല്ല; വിശാലമാണ്.
ഇപ്പോള്‍ ഹിന്ദുത്വത്തിലൊക്കെയുള്ള ഒരു പ്രശ്‌നമെന്നു പറയുന്നത് അതില്‍ ആ അര്‍ത്ഥത്തിലുള്ള ഒരു മതംമാറ്റം ഇല്ല. ഒരാള്‍ക്ക് നമ്പൂതിരി ആകണമെന്നു പറഞ്ഞാല്‍ അത് നടക്കില്ല. കാരണം ജാതി ജന്മത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാണ്. എന്നാല്‍ സെമിറ്റിക് മതങ്ങളില്‍ അങ്ങനെയല്ല. അപ്പോള്‍ മതപ്രബോധനം അപരനോടുള്ള കണ്‍സേണിന്റെ ഭാഗമായി വരുന്നതാണ്.
ഇപ്പോള്‍ പല മുസ്‌ലിം സംഘടനകളും മതപ്രബോധനത്തിന് താല്‍പര്യം പ്രകടിപ്പിക്കാത്തത് അത് വളരെ സങ്കുചിതമായി വീക്ഷിക്കപ്പെടുന്നു എന്നുള്ള ഒരു സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ്. നിങ്ങള്‍ ഹിന്ദുക്കള്‍ അതായി തുടരുക, ഞങ്ങള്‍ മുസ്‌ലിംകളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് പ്രശ്‌നമല്ലേ എന്ന നിലക്കാണ് അവരുടെ ചിന്ത പോകുന്നത്. സത്യത്തില്‍ പ്രബോധനത്തിനുള്ള അവകാശം മുറുകെപ്പിടിക്കുകയും അതിനെ കൂടൂതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയുമാണ് ചെയ്യേണ്ടത്. മതപ്രബോധകര്‍ എന്ന നിലയില്‍ ഭരണഘടനാവകാശം ഉപയോഗിക്കപ്പെടുന്നതിനോടൊപ്പം ഞങ്ങള്‍ ചെയ്യുന്നത് സങ്കുചിതത്വമല്ല, വിശാലമായ സ്‌നേഹത്തിന്റെ ഭാഗമാണെന്നുകൂടി സമൂഹത്തെ ബോധ്യപ്പെടുത്തി ഇതിനെതിരെയുള്ള നീക്കങ്ങളെ പ്രബോധകര്‍ നേരിടണമെന്നാണ് പറയാനുള്ളത്.
അതുപോലെ ഇസ്‌ലാം ഒരാളെ മാറ്റിത്തീര്‍ക്കുന്ന ഒരു ജീവിതദർശനം ആണ്. ഇപ്പോള്‍ കേരളത്തില്‍ തന്നെ മമ്പുറം തങ്ങളുടെ കാലത്ത് ദളിതര്‍ ഇസ്‌ലാമിലേക്കു വരുമ്പോള്‍ മഫ്ത ധരിക്കുന്നു; മേല്‍വസ്ത്രം ധരിക്കുന്നു. അങ്ങനെ അധഃസ്ഥിത വര്‍ഗംകൂടി പ്രിവിലേജ്ഡ് ആയി വരുന്നു. അപ്പോള്‍ ജാതിയെ മറികടന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ സാമൂഹിക വിവേചനങ്ങൾക്ക് അറുതിവരുത്തും എന്ന് നിലനില്‍ക്കുന്ന വ്യവസ്ഥ ഭയപ്പെട്ടിരുന്നു. അത് ഇസ്‌ലാം വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ ഒരു ഘടകമായി മാറുകയുണ്ടായി.
?ഇന്‍ഡ്യന്‍ ദേശീയതയുടെ, ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച മുസ്‌ലിം ബുദ്ധിജീവികളുണ്ട്. ആസാദ് മുതല്‍ അബ്ദുറഹ്മാന്‍ വരെയുള്ളവര്‍. വിട്ടുവീഴ്ചയില്ലാത്ത ഇസ്‌ലാമികനിഷ്ഠയും ബോധ്യങ്ങളും ഉള്ളവര്‍ ആയിരുന്നു അവർ. മതബോധം മുസ്‌ലിമിനെ പൊതുബോധത്തിന് അസ്വീകാര്യനാക്കുന്ന പുതിയ കാലസന്ധിയില്‍ എങ്ങനെയാണ് ഈ പൈതൃകത്തോട് താങ്കള്‍ എൻഗെയ്ജ് ചെയ്യുന്നത് ?
-സത്യത്തില്‍ ആ ഒരു തലമുറയുടെ ഒരു വലിയ പ്രത്യേകതയെന്നു പറയുന്നത് മതബോധത്തിന്റെ എക്‌സ്റ്റെന്‍ഷനായിരുന്നു അവരുടെ രാഷ്ട്രീയം എന്നതാണ്. മുസ്‌ലിമായതു കൊണ്ടാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോണ്‍ഗ്രസായത്. അല്ലാതെ കോണ്‍ഗ്രസായതുകൊണ്ട് മുസ്‌ലിം സ്വത്വം മറക്കുകയെന്ന ഇന്നത്തെ രീതി അല്ലായിരുന്നു അത്. മുന്‍തലമുറയുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയായിരുന്നു അവരുടെ രാഷ്ട്രീയം. പക്ഷേ പിന്നീട് അങ്ങനെ മുസ്‌ലിം ഐഡന്റിറ്റി തുറന്നപറയുന്ന നേതാക്കളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നു പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനുകാരണം മുസ്‌ലിം ഐഡന്റിറ്റി തുറന്നുപറഞ്ഞാല്‍ മതേതര വിരുദ്ധനാകുമോ എന്നുള്ള ഭയമാണ്. അതുപോലെ നമ്മുടെ പൊതുബോധത്തില്‍ ഒരു ഇടതുപക്ഷബോധം ഡോമിനേറ്റ് ചെയ്യുന്നുണ്ട്. മതം തുറന്നുപറയുക എന്നുള്ളത് പുരോഗമനത്തിന്റെ കള്ളിയില്‍ നിന്നു പുറത്തുപോകുന്ന ഒരു പ്രശ്‌നമായി ഇവിടെ വിചാരിക്കപ്പെടുന്നു. അബ്ദുർറഹ്മാൻ സാഹിബിനെപ്പോലുള്ളവരുടേതാണ് യഥാർത്ഥ കോൺഗ്രസ് മുസ്‌ലിം പ്രതിനിധാനം എന്നും അത്തരക്കാർ ആണ് ഇനിയും ധാരാളമായി വളർന്നുവരേണ്ടതെന്നും വിചാരിക്കുന്ന ഒരാളാണ് ഞാൻ.
തയ്യാറാക്കിയത്:
വി. പി. യഹ്‌യാ മദനി കാളികാവ്
മുഹമ്മദ് സ്വലാഹ് മാഞ്ചേരി
മുഹമ്മദ് ഫാസിൽ ഉദരംപൊയിൽ