സുഊദി ദേശീയ ദിനം: വൈറലായി അബ്ദുൽ അസീസ് രാജാവിന്റെ എട്ട് പതിറ്റാണ്ട് പഴക്കമുള്ള മിനാ പ്രസംഗം
25 September 2018 | Middle East
രിയാദ്: സുഊദി അറേബ്യയുടെ എൺപത്തിയെട്ടാമത് ദേശീയ ദിനം സെപ്റ്റംബർ 23ന് ആഘോഷിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് ആലു സുഊദിന്റെ എട്ട് പതിറ്റാണ്ട് പഴക്കമുള്ള മിനാ പ്രസംഗം. 1938ൽ (ഹിജ്‌റ വർഷം 1357) ഹജ്ജ് വേളയിൽ മിനയിൽ വെച്ച് രാജാവ് നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോക്കാണ് വ്യാപകമായ ശ്രദ്ധയും ഷെയറുകളും ലഭിച്ചത്. സുഊദി അറേബ്യ അതിന്റെ ഇസ്‌ലാമികാടിത്തറകളെ കണിശമായി ഉയർത്തിപ്പിടിക്കും എന്ന് പ്രഖ്യാപിക്കുകയും ലോക മുസ്‌ലിംകൾ ഇസ്‌ലാമിന്റെ യഥാർത്ഥ പാതയിൽ ചരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം, രാജ്യത്തിന്റെ ദർശനം വ്യക്തമാക്കാൻ വേണ്ടി രാജകുടുംബത്തിലും പണ്ഡിതന്മാരിലും പെട്ട പല പ്രമുഖരും ആദരവോടെയും അഭിമാനത്തോടെയും ട്വീറ്റ് ചെയ്തതോടെയാണ് ചർച്ച സജീവമായത്. പ്രസംഗത്തിന്റെ വീഡിയോയും സമ്പൂർണ മലയാള പരിഭാഷയുമാണ് താഴെ:
“ഈ നാട്ടിലാണ് അല്ലാഹു അവന്റെ പുരാതനമായ ആ ഭവനത്തെ (കഅബ) നിലനിര്‍ത്തിയിട്ടുള്ളത്. ഈ പരിശുദ്ധ നാട്ടില്‍ നിന്നുതന്നെയാണ് പ്രവാചകന്മാരിലും ദൈവദൂതന്മാരിലും അതിശ്രേഷ്ഠനായ നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചതും. അതുകൊണ്ടുതന്നെ മതകാര്യത്തില്‍ പരസ്പരമുള്ള ഗുണകാംക്ഷയും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പരസ്യ പ്രബോധനവും നമുക്ക് – നിര്‍ഭയത്വമുള്ള ഈ രാജ്യത്തിലെ മുസ്‌ലിംകള്‍ക്ക് പ്രത്യേകമായും മറ്റു നാടുകളിലെ മുസ്‌ലിംകള്‍ക്ക് പൊതുവിലും – നിര്‍ബന്ധ ബാധ്യതയാണ്. മുഹമ്മദ് നബി(സ)യുടെ പ്രബോധനത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുവാനും മുറുകെപ്പിടിക്കുവാനും ഇവിടെ നിന്ന്, അഥവാ അല്ലാഹുവിന്റെ പരിശുദ്ധ നാട്ടില്‍നിന്ന്, എല്ലാ മുസ്‌ലിംളോടും ഞാന്‍ ആവശ്യപ്പെടുന്നു. സന്മാര്‍ഗവും സത്യമതവുമായിട്ടാണ് പ്രവാചകന്‍(സ) വന്നിട്ടുള്ളത്. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി. നിഷ്‌കളങ്കമായ ആരാധന അല്ലാഹുവിന് മാത്രമാക്കുവാനും അവനല്ലാത്തവർക്കുള്ള ആരാധന ഉപേക്ഷിക്കുവാനുമാണ് പ്രവാചകന്‍(സ) വന്നിട്ടുള്ളത്. അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിച്ചുകൊണ്ടാണ് തിരുമേനി കടന്നുവന്നിട്ടുള്ളത്. റുബൂബിയ്യത്തിലും (രക്ഷാകര്‍തൃത്വത്തിലും) ഉലൂഹിയ്യത്തിലും (ആരാധ്യതയിലും) അസ്മാഉ വസ്വിഫാത്തിലും (നാമഗുണവിശേഷണങ്ങളിലും) അല്ലാഹു ഏകനാണ്. അവന്‍ എത്ര പരിശുദ്ധനാണ്! അവനുതുല്യമായിട്ട് യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നുവനുമാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി ആരാധന അവന് മാത്രമാക്കിത്തീര്‍ക്കല്‍ എല്ലാ മുസ്‌ലിംകളുടെയും ബാധ്യതയാണ്. അത് പൂര്‍ത്തിയാക്കുകയും മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ നിന്ന് അദ്ദേഹം കൊണ്ടുവന്നകാര്യങ്ങള്‍ സത്യപ്പെടുത്തുകയും ചെയ്താല്‍, ഒന്നിച്ച് അല്ലാഹുവിന്റെ പാശത്തിലും ക്വുര്‍ആനിലും പ്രവാചകസുന്നത്തിലും മുറുകെപ്പിടക്കേണ്ടതാണ് – തീര്‍ച്ചയായും അതിലാണ് നന്മയുള്ളത്. ശരീഅത്ത് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. നമുക്കിടയില്‍ ഐക്യവും ഒരുമയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വിശുദ്ധ ക്വുര്‍ആനിനും സുന്നത്തിനുമല്ലാതെ മറ്റൊന്നിനും നമ്മെ ഐക്യപ്പെടുത്താന്‍ സാധിക്കുകയില്ല എന്ന് നാം മനസ്സിലാക്കേണ്ടതാണ്. അതിനാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും റസൂലിന്റെ(സ) സുന്നത്തിലും അവഗാഹം നേടേണ്ടതുണ്ട്. അവ രണ്ടിലും ഐക്യപ്പെടുകയും ഒരുമിക്കുകയും വേണം. അല്ലാഹുവോട് തൗഫീക്വിനായി തേടുന്നു. അല്ലാഹു അവന്റെ മതത്തെ സഹായിക്കുകയും അവന്റെ വചനത്തെ ഉയര്‍ത്തുകയും ചെയ്യുമെന്നകാര്യം തീര്‍ച്ചയാണ്. മുഹമ്മദിന്റെ മേല്‍ അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ. അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്.”