Logo

 

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ

16 February 2018 | Memoir

By

കെ. ഉമർ മൗലവി

മുസ്‌ലിം കൈരളിയുടെ അഭിമാനമുദ്രകളിലൊന്നായ തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലീ ആഘോഷിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖരായിരുന്ന  കെ. എം. മൗലവിയും എം. കെ. ഹാജിയും കെ. എം. സീതി സാഹിബും കെട്ടിപ്പടുത്ത യതീംഖാനയുടെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ച പ്രമുഖ മുജാഹിദ്‌ പണ്ഡിതൻ കെ. ഉമർ മൗലവിയുടെ അതുസംബന്ധമായ ഓർമകൾ ആണ്‌ ഈ കുറിപ്പിൽ ഉള്ളത്‌. ഉമർ മൗലവിയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ഓർമകളുടെ  തീരത്ത്‌’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗമാണ്‌ ഇങ്ങനെ പുനപ്രസിദ്ധീകരിക്കുന്നത്‌.

എന്റെ ജീവിതാനുഭവങ്ങളിലെ വിലപ്പെട്ട ഒരധ്യായമാണിത്‌. 1943 ഡിസംബര്‍ 11. മഹത്തായ ഈ സ്ഥാപനം ജനിച്ച ദിനം. ഒരുപാടു തീയതികള്‍ മറന്നുപോയി. പക്ഷേ, മറക്കാന്‍ കഴിയാത്ത വിധം എന്റെ മനസ്സിന്റെ കണ്ണാടിയില്‍ അതു തെളിഞ്ഞുകിടക്കും. എന്റെ വിരലുകള്‍ കുറിച്ച അക്ഷരങ്ങളിലൂടെയാണ് ഈ മഹാ പ്രസ്ഥാനത്തിന്റെ ആരംഭം. എനിക്കു ലഭിച്ച ആ ഭാഗ്യം എങ്ങനെ ഞാന്‍ മറക്കും! ദുൻയാവില്‍ എനിക്കു കൈവന്ന നന്മകളില്‍ മുഖ്യമായി ഞാന്‍ കരുതുന്ന ഈ കാര്യം പരലോകത്ത് എനിക്ക് അല്ലാഹുവില്‍ നിന്നുള്ള ഔദാര്യത്തിന്റെ ഭാഗമായിത്തീരണമെന്ന് ഞാന്‍ സദാ പ്രാര്‍ത്ഥിക്കുകയാണ്.

1942ല്‍ മലബാറിനെ കാര്‍ന്നുതിന്ന അതിഭീകരമായ കോളറ! ഈ വ്യാധി കഠിനമായി കേന്ദ്രീകരിച്ച പ്രദേശമായിരുന്നു തിരൂരങ്ങാടി. ഭയാനകമായ അന്തരീക്ഷമായിരുന്നു അത്. രാവിലെ തമ്മില്‍ കണ്ട് ചായകുടിച്ച് സന്തോഷത്തില്‍ പിരിഞ്ഞ സ്‌നേഹിതന്‍. പക്ഷേ, മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ടുപോകുന്നു. ഹോ! അനുഭവങ്ങള്‍ തികട്ടിവരുമ്പോള്‍ വല്ലാത്ത ഒരു വിറയല്‍. ധാരാളം പള്ളികളുള്ള ആ പ്രദേശത്ത് അഞ്ചു നേരവും നമസ്‌കാരത്തിന് സ്ഥലം മതിയാകാതെ വന്നു. മനുഷ്യരാകെ ഭയ വിഹ്വലരായി ദൈവസന്നിധിയില്‍ അഭയം തേടുന്നു. നിസ്സഹായനായ മനുഷ്യന്‍ വേറെന്തു ചെയ്യാന്‍? സ്വുബ്ഹ്‌ നമസ്‌കാരത്തിനുപോലും ജുമുഅക്ക് വരുന്നത് പോലെ പള്ളികള്‍ ജനങ്ങളാല്‍ നിറഞ്ഞുകവിയുകയാണ്. വൈദ്യശാസ്ത്രം വേണ്ടത്ര വളര്‍ന്നിട്ടില്ലാത്ത കാലം. മണിക്കൂറുകള്‍ അല്ല, മിനിറ്റുകള്‍ ഇടവിട്ടുപോലും മയ്യിത്തുകള്‍ കൊണ്ടുപോകുന്നതു കാണാം.
ദീനാനുകമ്പയുടെ മറ്റൊരു പേരായിരുന്നു എം. കെ. ഹാജി(റ). അദ്ദേഹത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഞാനും ഇതില്‍ എളിയ പങ്കുവഹിച്ചിരുന്നു. ഹാജി സാഹിബിന്റെ ശ്രമദാനങ്ങളും ധര്‍മ്മബോധവും വല്ലാത്തൊരനുഭവം തന്നെയാണ്. സ്വന്തം കുടുംബാംഗങ്ങള്‍പോലും ഭയത്താല്‍ ഓടി മറഞ്ഞിരുന്ന അവസ്ഥയില്‍ കോളറ ബാധിതരുടെ ഛര്‍ദ്ദിയുടെയും അതിസാരത്തിന്റെയും അഴുക്കുകള്‍ പോലും സ്വന്തം കൈകൊണ്ട് വൃത്തിയാക്കുവാന്‍ തെല്ലും മടിയില്ലായിരുന്നു അദ്ദേഹത്തിന്. ഹാജി സാഹിബ് സേവനത്തിന്റെ ഉത്തമ മാതൃകയായി ഞങ്ങളെ നയിച്ചു.

വിഷമങ്ങള് കൊടുമ്പിരി കൊണ്ട നാളുകള്‍! തിരൂരങ്ങാടിക്കടുത്ത് കക്കാട് ദേശത്ത് ആതുരശുശ്രൂഷക്കും പൊതുജനസേവനത്തിനും ആത്മാര്‍പ്പണം ചെയ്ത ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. വി.ആര്‍. നായര്‍ എന്ന ഹിന്ദു നേതാവ്. അദ്ദേഹം മുസ്‌ലിം അനാഥമക്കളെ സംരക്ഷിക്കാന്‍ കക്കാട് ഒരു ഓര്‍ഫനേജ് സ്ഥാപിച്ചു. എന്നാല്‍ അദ്ദേഹം ഇതുപോലെ സ്ഥാപിച്ച പല അനാഥ മന്ദിരങ്ങളുടെയും മതപരമായ ദുരവസ്ഥ ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എന്തുചെയ്യും? സ്വാഭാവികമായ പരിണാമമാണല്ലോ അത്. അല്ലാഹു എന്ന പദോച്ചാരണം പോലും മുസ്‌ലിം മക്കളില്‍ നിന്നും പറ്റേ ഒഴിവായി. ദൈവമേ, ഈശ്വരാ എന്ന വിളികള്‍ പകരം സ്ഥാനം പിടിച്ചു. ഇങ്ങനെ വേദനിക്കുന്ന പലതും ഞങ്ങള്‍ കണ്ടറിഞ്ഞു. എന്തുചെയ്യും? വേദനിക്കുകതന്നെ.
ഒരു ദിവസം അതിരാവിലെ കെ.എം. മൗലവി സാഹിബ് നൂറുല്‍ ഇസ്‌ലാം മദ്‌റസയിലേക്ക് തിരക്കിട്ട് വന്നു. ശരീരം മറന്ന് ഊക്കോടെ ഉള്ള നടത്തം മൂലം മൗലവി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ആ കിതപ്പ് തിരൂരങ്ങാടിക്കും മുസ്‌ലിം കേരളത്തിനും കരുണാമയവും അഭിമാനകരവുമായ ഒരു ചരിത്രം രചിക്കാന്‍ നിമിത്തമായി എന്ന് വളരെ നാള്‍ കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹത്തിന്റെ പ്രകൃതം കണ്ടപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു. സലാം പറഞ്ഞുകൊണ്ട് കയറി. എന്നെ വിളിച്ചു. ”നീ അറിഞ്ഞോ? മുസ്‌ലിം അനാഥമക്കള്‍ക്കായി നായനാര്‍ പ്രത്യേകമായി
യതീംഖാന ആരംഭിച്ചിരിക്കുന്നു. നാട്ടിലെ ഒരു മുസ്‌ലിം പ്രമാണിയായ എട്ടുവീട്ടില്‍ മുഹമ്മദ് കുട്ടി തന്റെ ഒരു കെട്ടിടം വാടകയില്ലാതെ ഇതിന്നായി അനുവദിച്ച് കൊടുത്തിരിക്കുന്നു.” ‘വിവരം ഞാനും കേട്ടു’, ഞാന്‍ മറുപടി പറഞ്ഞു. ”കേട്ടാല്‍ പോരാ നമ്മള്‍ അല്ലാഹുവിന്റെ കല്‍പന കേള്‍ക്കണം.” മൗലവി ഭക്തിയാല്‍ പരവശനാകുകയാണ്.

അന്ന് തിരൂരങ്ങാടി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റ്‌ കെ.എം. മൗലവിയായിരുന്നു. സെക്രട്ടറി വിനീതനായ ഞാനും. ഇതു കേട്ട് എന്റെ പരിചിതര്‍ അത്ഭുതപ്പെടുന്നുണ്ടാകും. രാഷ്ട്രീയത്തോട് അന്നുമിന്നും ഞാന്‍ അതീവ തല്പരനല്ലായിരുന്നു. ഈ സ്ഥാനത്തിന് ഒട്ടും യോഗ്യനുമായിരുന്നില്ല. പക്ഷെ, ഞാന്‍ അളവറ്റ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഗുരു എന്നോട് പറഞ്ഞു; നീ ഈ സ്ഥാനം ഏല്‍ക്കണം. ഞാന്‍ അനുസരിച്ചു. അത്രതന്നെ. തെറ്റല്ലാത്ത ഒരു കാര്യം എനിക്ക് എത്ര വിരസമായി തോന്നിയാലും മൗലവി പറഞ്ഞാല്‍ പിന്നെ ഞാന്‍ അത് അനുസരിക്കലാണ് പതിവ്. തെറ്റായി അദ്ദേഹം വല്ലതും എന്നോട് പറയുകയോ കല്പിക്കുകയോ ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നതേയില്ല.

മൗലവി സാഹിബ് എന്നോട് കല്‍പിച്ചു. ”പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയിലേക്കും കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം യതീംഖാനയിലേക്കും മേല്‍ പറഞ്ഞ വിവരങ്ങള്‍ കാണിച്ച് ലീഗ് കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ നീ കത്തയക്കണം. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ആരായണം ഉടന്‍ തന്നെ.”അന്ന് ജെ.ഡി.റ്റിയുടെ സെക്രട്ടറി പഞ്ചാബുകാരനായ മഖ്ബൂല്‍ അഹ്മദ് സാഹിബായിരുന്നു. അദ്ദേഹത്തിന് അറബിയിലും മഊനത്തിലേക്ക് മലയാളത്തിലും ഞാന്‍ എഴുതി. പൊന്നാനിയില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. ജെ.ഡി.റ്റി. സെക്രട്ടറി മറുപടി അയച്ചു. ”ഞാന്‍ ഇന്ന ദിവസം അങ്ങോട്ടു വരുന്നു. വേണ്ടപ്പെട്ടവരെ വിളിച്ചുകൂട്ടുക.”

രണ്ടാംലോക മഹായുദ്ധകാലം. കോഴിക്കോട് നിന്നും രണ്ട് തീവണ്ടികള്‍ മാത്രമേ ഓടുന്നുള്ളൂ. ഒന്ന് മെയില്‍. അത് പരപ്പനങ്ങാടിയില്‍ നിര്‍ത്തുകയില്ല. ലോക്കല്‍ വണ്ടി അവിടെയെത്തുന്നത് പാതിരാവ് കഴിഞ്ഞ് പുലര്‍ച്ച രണ്ടിനും മൂന്നിനും ഇടയ്ക്കാണ്. ആ സമയത്തിനൊപ്പിച്ച് അങ്ങോട്ട് പോകാന്‍ ആരുമില്ല. കുതിരവണ്ടി മാത്രമാണ് കിട്ടാവുന്ന വാഹനം. വര്‍ഷക്കാലമായാല്‍ കൃഷിചെയ്യാന്‍ പറ്റാവുന്ന സ്ഥിതിയിലാണു റോഡ്. എന്തായാലും ഞാന്‍ തനിച്ചു തന്നെ പോകാന്‍ തീരുമാനിച്ചു. പരപ്പനങ്ങാടി തീവണ്ടിയാപ്പീസിലേക്ക് അഞ്ചു മൈൽ ദൂരമുണ്ട്. കുതിരവണ്ടിക്ക് രണ്ടണയാണ് (ഇന്നത്തെ പന്ത്രണ്ട് പൈസ)കൂലി. ടോര്‍ച്ചുലൈറ്റ് കൊണ്ടുനടക്കുന്നത് ഇന്നത്തെ അംബാസിഡര്‍ കാര്‍ ഉള്ളതിന്റെ ഗമയാണ്. ചൂട്ടുകത്തിക്കലാണ് സാധാരണ പതിവ്. കുതിരവണ്ടിക്ക് കൂലി കൊടുക്കാന്‍ കാശില്ല. ഇന്നത്തെ കുട്ടികള്‍ക്ക് ആശ്ചര്യം തോന്നുന്നുണ്ടാകും. ഇന്നത്തെ ഇരുന്നൂറു രൂപയേക്കാള്‍ മൂല്യമുണ്ട് അന്നത്തെ രണ്ടണയ്ക്ക്. എന്തു ചെയ്യും? ഞാന്‍ നടന്നുപോയി. വഴിയില്‍ യാത്രക്കാരില്ല. ഇരുട്ട്. സര്‍വ്വത്ര ഇരുട്ട്. ഇടക്ക് ചില കാളവണ്ടികൾ ചാഞ്ഞും ചരിഞ്ഞും ഉരുളുന്നത് കാണാം. അതില്‍ തൂക്കിയിട്ട ഹരിക്കയിന്‍ ലാമ്പിന്റെ മങ്ങിയ വെട്ടവും.

വണ്ടി എത്തുന്നതിന്റെ കുറച്ച് മുമ്പ് ഞാന്‍ പ്ലാറ്റ്ഫോമിൽ എത്തി. അങ്ങനെ വണ്ടി വന്നു. പഞ്ചാബി വേഷധാരിയെ നോക്കി ഞാന്‍ തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഒരാള്‍ വന്നു എന്റെ കൈപിടിച്ചു. ആരെയാണ് നിങ്ങള്‍ നോക്കുന്നത്‌ എന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറയുകയാണ്. ”മഖ്ബൂല്‍ അഹ്‌മദ്‌‌ സാഹിബ് എന്നെ അയച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടത്തെ വാർഡൻ. പേര് അസ്‌ലം. സ്വദേശം വാഴക്കാട്. നിങ്ങള്‍ ഉമര്‍ മൗലവിയല്ലേ?”അത്ഭുതം തോന്നി. ഈ വര്‍ത്തമാനത്തില്‍ പുതിയ തലമുറക്ക് ഒരു പാഠമുണ്ട്. വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമല്ല. സദാചാരവും ധാര്‍മികതയും കുറച്ചെങ്കിലും വേണ്ടതാണെന്ന് കരുതുന്നവര്‍ക്ക്. ഒരാളോട് ഒരു വാക്ക് പറഞ്ഞാല്‍ അത് കഴിയുന്നത്ര ഓര്‍മ്മവെക്കണം. ഒരിടത്ത് ഇന്ന സമയത്ത് എത്താമെന്ന് ഏറ്റാല്‍ കഴിവതും അത് നിറവേറ്റണം. കഴിയാതെ വന്നാല്‍ പകരം ആളെ അയക്കുകയോ യഥാസമയം വിവരം അറിയിക്കുകയോ ചെയ്യണം. അപരന്റെ സമയത്തിന് നമ്മുടെ സൗകര്യത്തേക്കാള്‍ വിലകല്‍പിക്കണം. ഇക്കാലത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഓര്‍മ്മയുണ്ടെങ്കിലും ‘ഞാന്‍ മറന്നുപോയി’ എന്ന് ഒഴുക്കന്‍ നുണ പറയാം എന്ന് നേരത്തെ തീരുമാനിക്കലാണ് പതിവ്. പഞ്ചാബുകാരനായ മഖ്ബൂല്‍ സാഹിബ് എത്ര നല്ലവനും മാതൃകാ യോഗ്യനുമാണ്. ധാര്‍മ്മികബോധം അദ്ദേഹത്തെ വലയം ചെയ്തിരുന്നു എന്ന് മനസ്സിലായി.

‘നമുക്ക് തിരൂരങ്ങാടിയിലേക്ക് നീങ്ങാം.’ അസ്‌ലാം സാഹിബ് പറഞ്ഞു. വാഹനമില്ല. കട്ടപിടിച്ച ഇരുട്ട്. വാഹനമുണ്ടെങ്കില്‍ തന്നെ ആതിഥേയനായ എന്റെ പക്കല്‍ കാല്‍കാശില്ല. ഞാന്‍ മൈലുകള്‍ നടന്ന് എത്തിയതാണെന്ന സത്യം അദ്ദേഹം അറിയില്ലല്ലോ. പോരുമ്പോള്‍ ഇതൊന്നും ആലോചിക്കാതിരുന്നത് എന്താണാവോ? അബോധമായ ആവേശം തന്നെ. വിഷണ്ണനായി നിന്ന എന്റെ തോളില്‍ തട്ടി അസ്‌ലം സാഹിബ് ‘നടക്കാം’ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. ചുറുചുറുക്കുള്ള യുവാവായിരുന്നു അദ്ദേഹം.അസ്‌ലം സാഹിബ് പിന്നീട് ജെ.ഡി.റ്റിയുടെ സെക്രട്ടറിയായി. കുറെ നാളുകള്‍ക്ക് ശേഷം അസ്‌ലം സാഹിബ് ദാരുണമായി അപകടത്തില്‍ മരിച്ചു. ബോംബെയില്‍ നിന്നും വിമാനം കയറിയ ഉടനെ അത് തീപിടിച്ച് തകര്‍ന്നു. അതില്‍ അദ്ദേഹവും പെട്ടു. ത്യാഗബോധമുള്ള സേവകന്‍. തന്റെ സേവനങ്ങള്‍ക്ക് പരിഗണിക്കപ്പെടുകയും ശുഹദാക്കളുടെ പ്രതിഫലം പരലോകത്ത് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുമാറാകട്ടെ.

ഞാന് ഓര്‍ക്കുകയാണ്, പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാരുടെ ദര്‍സില്‍ തിരൂരില്‍ കഴിയുന്ന കാലം. തിരൂര്‍ ധര്‍മ്മപരിപാലന സംഘത്തിന്റെ യോഗം നടക്കുന്നു. കിട്ടുന്ന വിജ്ഞാന സദസ്സുകളൊന്നും അന്നു ഞാന്‍ പാഴാക്കാറില്ല. ഇന്നും കഴിയുന്നത്ര അത് പാലിക്കാറുണ്ട്. കുറച്ചൊക്കെ വിജ്ഞാനം നേടി സാമാന്യം നന്നായി പ്രസംഗിക്കാനും എഴുതാനും തരമായാല്‍ പലര്‍ക്കും മറ്റുള്ളവരുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നത് ഒരു താഴ്ചപ്പാടായിട്ടാണ് തോന്നുക. ഈ രോഗം നന്മകളെ നശിപ്പിക്കുന്ന അഹങ്കാര സൂചനയാണ്. ഇന്നത്തെ യുവാക്കളില്‍ ഈ രോഗം പടരുന്നതായി ഞാന്‍ കാണുന്നു. ഞാന്‍ ഭയപ്പെടുന്നു. അല്ലാഹു കാത്തുരക്ഷിക്കട്ടെ. വിജ്ഞാനം മുസ്‌ലിമിന്റെ കളഞ്ഞുപോയ സ്വത്താണ്. എവിടെ കണ്ടാലും നിങ്ങളത് എടുക്കണം എന്ന പ്രവാചക നിര്‍ദ്ദേശം നമ്മെ നയിക്കട്ടെ. ആ യോഗത്തില്‍ അസ്‌ലം സാഹിബും ഒരു പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഒരു പ്രധാന പോയിന്റ് ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനസ്സിലെ അച്ചുകൂടത്തിലുണ്ട്. അദ്ദേഹം പറഞ്ഞു: ”ഈ പേരിന് രണ്ടര്‍ത്ഥമുണ്ട്. ഒന്ന് ധര്‍മ്മംപരിപാലിക്കുന്ന മുസ്‌ലിംകളുടെ സംഘം. മറ്റൊന്ന് മുസ്‌ലിം ധര്‍മ്മം പരിപാലിക്കുന്നതിന് ഉണ്ടാക്കപ്പെട്ട സംഘം. എന്നാല്‍ നമുക്ക് വേണ്ടത്, നാം ധര്‍മ്മം പരിപാലിക്കുന്ന മുസ്‌ലിംകളാകണം എന്നുള്ളതാണ്.” അസ്‌ലം സാഹിബിനെ ഞാന്‍ അന്നുമുതല്‍ സ്‌നേഹിച്ചിരുന്നു.

തിരൂരങ്ങാടിയിലേക്കുള്ള ആ നടത്തം ഇടക്കിടെ മനസ്സില്‍ നിന്നും തികട്ടിവരാറുണ്ട്. രണ്ടണയ്ക്ക് കഴിവില്ലാത്ത ഞങ്ങള്‍ നൂറുകണക്കിന് അനാഥമക്കളെ പോറ്റുന്ന വിഷയമാണ് ആലോചിക്കുന്നത്! ഞങ്ങളിരുവരും പലകാര്യങ്ങളും സംസാരിച്ചും ചര്‍ച്ച ചെയ്തും നടന്നതിനാല്‍ വലിയ വിഷമം തോന്നിയില്ല. അസ്‌ലം സാഹിബ് ചോദിച്ചു: ”ഈ കുട്ടികളെയെല്ലാം ജെ.ഡി.റ്റിയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമല്ല. ഇവിടെ ഞങ്ങളുടെ ഒരു ശാഖ സ്ഥാപിക്കലല്ലേ നല്ലത്?” ഞാനങ്ങനെ മറുപടി പറയും? ആലോചിക്കാം എന്നു മാത്രം പറഞ്ഞു.

ഞങ്ങള് സ്ഥലത്തെത്തി. അപ്പോള്‍ നാനാഭാഗത്തുനിന്നും സുബ്ഹ് ബാങ്ക് കേള്‍ക്കുന്നു. തറമ്മല്‍ പള്ളിയില്‍ കയറി. കെ.എം. മൗലവി, എം.കെ. ഹാജി മുതല്‍ പേര്‍ അവിടെയുണ്ട്. നമസ്‌കാര ശേഷം ഞങ്ങള്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ കൂടി. ഈ മദ്‌റസ തിരൂരങ്ങാടിയുടെ ചരിത്രം പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ട കേന്ദ്രമാണ്. തിരൂരങ്ങാടി കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ കേന്ദ്രവും. ചരിത്രം വരക്കുന്നവര്‍ പലപ്പോഴും മാപ്പ് തെറ്റിച്ചാണ് വരക്കുന്നത്. ചില സത്യങ്ങള്‍ അവര്‍ക്ക് അപ്രിയവും അരോചകവുമാണ്. ഭൂരിപക്ഷത്തിന്റെ കയ്യടി മോഹിച്ചാണ് അത്തരക്കാര്‍ പേനയുന്തുന്നത്. അസ്‌ലം സാഹിബിന്റെ സാന്നിധ്യത്തിൽ ചര്‍ച്ച നടന്നു. ജെ.ഡി.റ്റിയുടെ ഒരു ശാഖ തിരൂരങ്ങാടിയില്‍ തുടങ്ങാന്‍ തീരുമാനിച്ചു. തല്‍ക്കാലം അന്‍പത് കുട്ടികളെ എടുക്കാം. ഭക്ഷണച്ചെലവ്‌ പ്രതിമാസം മുന്നൂറു രൂപ വേണ്ടിവരുമെന്ന് കണക്കാക്കി. ഇരുന്നൂറ്റി അന്‍പത് രൂപ ജെ.ഡി.റ്റിയില്‍ നിന്ന് തരും. ബാക്കി അന്‍പത് രൂപ നിങ്ങള്‍ ഉണ്ടാക്കണം. അസ്‌ലം സാഹിബിന്റെ ദീര്‍ഘബുദ്ധിയായിരുന്നു അത്. സേവന പങ്കാളിത്തം അദ്ദേഹം നിര്‍ബന്ധമായി വെച്ചുതരികയായിരുന്നു.

കൊച്ചു കാര്യങ്ങളിലെ ഒരു കൊച്ചു കാര്യമായി ഇത് നിങ്ങള്‍ക്കിപ്പോള്‍ തോന്നും. പക്ഷെ, അവിടെ നടന്നതെന്താണെന്ന് കേട്ടൂളൂ. മറുപടി പറയാന്‍, ആകട്ടെ എന്നു ലാഘവത്തോടെ ഒന്നു മൂളാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. കെ.എം. മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രഗത്ഭന്മാര്‍ മറുപടി പറയാന്‍ കഴിയാതെ അന്തംവിട്ടിരിക്കുകയാണ്. ഒരു മാസം അന്‍പത് രൂപയോ? എങ്ങനെ അതുണ്ടാക്കും? എല്ലാവരും മുഖത്തോട് മുഖം നോക്കുക തന്നെ. അസ്‌ലം സാഹിബ് നിസ്സംഗഭാവത്തില്‍ മറുപടി കാത്തിരിക്കുകയായിരുന്നു. നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ അധ്യാപകനായ എന്റെ ശമ്പളം അന്ന് മാസാന്തം നാലു രൂപ. അതാണ് കാലഘട്ടം. ഒടുവില്‍ എം.കെ. ഹാജി സാഹിബിന്റെ ഈമാനിന്റെ ശക്തി അവിടെ ജ്വലിച്ചുയര്‍ന്നു. ”നമുക്ക് യാതൊരു കഴിവുമില്ല. പക്ഷേ, നമ്മുടെ യജമാനനായ അല്ലാഹു ഏറ്റവും കഴിവുള്ളവനല്ലേ. അന്‍പതു രൂപ ഞങ്ങളുണ്ടാക്കും.” ഹാജി പറഞ്ഞു. ശാഖ തുടങ്ങാന്‍ തീരുമാനിച്ചു.

1943 ഡിസംബര്‍ 11ന് യതീംഖാന പിറന്നുവീണു. എന്റെ വിവാഹ പിറ്റേന്ന്. എന്റെ മനസ്സ് അത്രയ്ക്കും ആഹ്ലാദമയമായിരുന്നു. മര്‍ഹൂം സയ്യിദ് അബ്ദുർറഹ്മാൻ ബാഫക്വി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തില്‍ വെച്ച് മര്‍ഹൂം ഹാജി അബ്ദുസ്സത്താർ സേട്ട് സാഹിബ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇവിടെ ചിലര്‍ക്ക് ഒരു ചോദ്യമുണ്ടാകും. ലീഗ് നേതാക്കളുടെ ആതിഥ്യം! അതും സുന്നികളുടെ ബഹുമാന്യ നേതാവായ ബാഫക്വി തങ്ങള് അദ്ധ്യക്ഷന്‍! അവിടെയാണ് കെ.എം. മൗലവി സാഹിബിന്റെ മഹത്വം നമ്മള്‍ അറിയേണ്ടത്. നീതിയുടെ കണിശതയില്‍ മൗലവി എന്നും മാതൃകയായിരുന്നു. മുസ്‌ലിം ലീഗിന്റെ തിരൂരങ്ങാടി ശാഖയുടെ ലെറ്റര്‍ഹെഡില്‍ അയച്ച അപേക്ഷയുടെ മഹത്തായ പരിണാമമായിരുന്നു ആ യതീംഖാന. അതിന്റെ ഉദ്ഘാടകനും അദ്ധ്യക്ഷനുമാകാനുള്ള അര്‍ഹത മലബാറിലെ ഉന്നതനായ ഈ നേതാക്കള്‍ക്കു തന്നെയാണെന്ന് മൗലവി വിശ്വസിച്ചു. അര്‍ഹതപ്പെട്ടത് അര്‍ഹരായവര്‍ക്ക് സന്തോഷത്തോടെ സമ്മാനിക്കണമെന്ന കാര്യത്തില്‍ എന്റെ ഗുരു എന്നും നിര്‍ബന്ധം കാണിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥത ആ കെട്ടിട സമൂഹത്തില്‍ അള്ളിപ്പിടിച്ചു കിടക്കുന്നുണ്ട് എന്ന സി.എച്ചിന്റെ വിശേഷണം നൂറു ശതമാനം ശരിതന്നെ.

സത്താര്സേട്ട് സാഹിബ് ഇന്ത്യാ വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് പോയി. പാക്ക് അംബാസിഡറായി കുറെ കാലം ജോലി നോക്കി. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വന്നു. ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും എല്ലാം കണ്ടു മടങ്ങിപ്പോയി. ബാഫഖി തങ്ങള്‍ കേരള സംസ്ഥാന രൂപീകരണത്തോടെ മുസ്‌ലിം ലീഗിന്റെ സ്റ്റേറ്റ് പ്രസിഡണ്ടായി. ഇന്ത്യന്‍ യൂണിന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന ലാളിത്യത്തിന്റെയും സേവനത്തിന്റെ പ്രതീകമായിരുന്ന നേതാവ് നിര്യാതനായപ്പോള്‍ തങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. ബുദ്ധിമാനും തന്ത്രജ്ഞനും ആജ്ഞാശക്തിയുമുള്ള നേതാവായിരുന്നു ബാഫഖി തങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധേയനാകാന്‍ ഇതുതന്നെയായിരുന്നു കാരണം. ലീഗിന്റെ അനിഷേധ്യ നേതാവായിരിക്കുമ്പോഴും സ്വഭാവ വൈശിഷ്ട്യവും വിനയവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സര്‍വ്വസമുദായ മൈത്രിയില്‍ അദ്ദേഹത്തിന്റെ സേവനം മാതൃകയായിരുന്നു. ജാതിമതഭേദമന്യെ ബാഫഖി തങ്ങള്‍ ആദരണീയനായി.

സുന്നികളുടെ ആധികാരിക സംഘടനയായ സമസ്തയുടെ സമുന്നത നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പക്ഷെ, മുജാഹിദ് നേതാക്കളായ എം.കെ. ഹാജി, എന്‍.വി. അബ്ദുസ്സലാം മൗലവി തുടങ്ങിയ മഹദ് വ്യക്തികളുടെ ഉറ്റ മിത്രമായി വര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. ഒരു സാമുദായിക നേതാവിന്റെ പക്വതയും മിതത്വവും മൂലം വ്യാപകമായ സുഹൃദ് ബന്ധവും ആദരവും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നെപ്പോലുള്ള വികൃതികളായ മുജാഹിദുകളോടും സ്‌നേഹത്തിന് കുറവു കാണിച്ചിട്ടില്ല. നാട്ടില്‍വെച്ചും മക്കത്തുവെച്ചും ഞങ്ങള്‍ ധാരാളം ഇടപഴകിയിട്ടുണ്ട്. ആത്മീയതയുടെ ഹോള്‍സെയില്‍ ബാനറുമായി കേരളത്തിലേക്കു കടന്നു വന്നിട്ടില്ലാത്ത ഏക തങ്ങള്‍ കുടുംബം ബാഫഖി കുടുംബമായിരിക്കും. യമനിലെ ഹളറമൗത്തില്‍ നിന്നും വ്യാപാരാര്‍ത്ഥം കേരളത്തില്‍ കുടിയുറപ്പിച്ച ബാഫഖി കുടുംബം ആ പാരമ്പര്യം നിലനിര്‍ത്തി. പാണ്ടികശാലയില്‍ നിന്നുകൊണ്ട് സാമുദായികവും രാഷ്ട്രീയവും അദ്ദേഹംകൈയാളി. അറബി വംശജനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഹജ്ജ് വേളയില്‍ ലോക മുസ്‌ലിംകളുടെ ഖിബ്‌ല നിലകൊള്ളുന്ന മക്കത്തു വെച്ചു തന്നെ നിര്യാതനായി. അവിടെ ഖബറടക്കം നടന്നു. എന്റെ ഉറ്റ മിത്രവും പ്രഗത്ഭ നേതാവുമായിരുന്ന സത്താര്‍ സേട്ട് പാക്കിസ്ഥാനില്‍ വെച്ച് അന്തരിച്ചു. ഇരുവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ.

(എറണാകുളം വൈറ്റില സലഫീ കൾച്ചറൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ദഅവ ബുക്സ്‌ ആണ്‌ ഓർമകളുടെ തീരത്തിന്റെ പ്രസാധനവും വിതരണവും)


mm

Admin