Logo

 

സിവിൽ സർവീസ്‌ പ്രവേശനത്തിന്റെ തിളക്കത്തിൽ ഫറാഷ്

6 April 2019 | Reports

By

അരീക്കോട്‌: കൈപ്പക്കുളത്തുനിന്ന് ചാലിയാറിലേക്ക്‌ മണലെടുക്കാൻ പോകുന്ന റോഡ്‌ തുടങ്ങുന്നേടത്തു തന്നെയാണ്‌ ഫറാഷിന്റെ വീട്‌. പുഴയിൽ കുളിച്ചും ചുറ്റുപാടുമുള്ള ഇടവഴികളിൽ കളിച്ചും വളർന്ന സാധാരണക്കാരനായ മാപ്പിളച്ചെറുക്കൻ. ഇസ്‌മാഈൽ മാഷ്‌-ത്വയ്യിബ ടീച്ചർ അധ്യാപക ദമ്പതികളുടെ മകൻ. ഫറാഷ്‌ ഇൻഡ്യൻ സിവിൽ സർവീസുകളിൽ 421-ആം റാങ്കോടെ പ്രവേശിക്കുമ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത്‌ അവൻ മാത്രമല്ല, മലബാറും മലപ്പുറം ജില്ലയും മുസ്‌ലിം സമുദായവും എല്ലാം ആണ്‌.

അരീക്കോട്ടെ‌ ഗവൺമന്റ്‌ മാപ്പിള യു. പി. സ്കൂൾ, പുത്തലം മദ്‌റസതുൽ മുജാഹിദീൻ, വാഴക്കാട്‌ ടെക്നിക്കൽ ഹൈസ്കൂൾ, സുല്ലമുസ്സലാം ഹയർ സെകൻഡറി, കൊല്ലം ടി. കെ. എം എഞ്ചിനീയറിംഗ്‌ കോളജ്‌ എന്നിവിടങ്ങളിൽ പഠനം. പഠിക്കാൻ മിടുക്കനായിരുന്നു. സ്കൂളിലും മദ്‌റസയിലും എല്ലാ ക്ലാസുകളിലും മികച്ച മാർക്കുകൾ. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ കെ. എൻ. എം. മദ്‌റസ പൊതുപരീക്ഷയിൽ സംസ്ഥാനതല റാങ്ക്‌ ജേതാവ്‌. പഠനത്തിൽ മിടുക്കനായ മെക്കാനിക്കൽ എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി എന്ന നിലയിൽ അതിന്റെ സാധ്യതകളുടെ പിറകെ അല്ല പക്ഷേ ഫറാഷിന്റെ മനസ്സ്‌ പോയത്‌. ഫറാഷ്‌ എന്നാൽ പൂമ്പാറ്റ എന്നർത്ഥം. അധികമാരും നടക്കാത്ത വഴികളിൽ ഫറാഷിന്റെ മനസ്സ്‌ പാറിപ്പറന്നു. അസാധ്യമെന്ന് പലരും തെറ്റായി കരുതുന്ന സിവിൽ സർവീസ്‌ മോഹങ്ങളോട്‌ കൂട്ടുകൂടി. ഒടുവിൽ ചരിത്രം പിറന്നു, കിനാവ്‌ കാര്യമായി.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത്‌ സർക്കാർ സിവിൽ സർവീസ്‌ കോച്ചിംഗിനുപോയ ഫറാഷ്‌ പ്രവേശന പരീക്ഷ എന്ന കടമ്പ കടന്നിരുന്നു. പക്ഷേ ഇന്റെർവ്യൂവിൽ വിജയിച്ചില്ല. എന്നാൽ പിന്മാറാൻ മനസ്സില്ലാതെ, മറ്റു സാധ്യതകളുടെ പിറകെ പോകാതെ, സ്വന്തമായി ഒരു വർഷം ഒറ്റയ്ക്ക്‌ പഠിച്ചു, തിരുവനന്തപുരത്തെ ലൈബ്രറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി. റിസൽറ്റ്‌ വന്നപ്പോൾ പ്രതീക്ഷ തെറ്റിയില്ല.

“പ്രാർത്ഥനകളുടെ ഫലം, അൽഹംദുലില്ലാഹ്‌”-ഫറാഷിന്റെ പ്രതികരണം ഇങ്ങനെ പുഞ്ചിരി തൂകുന്നു. ഈ വിയർപ്പും അതിന്റെ വിലയും വെറുതെയാകില്ലെന്ന ആത്മവിശ്വാസത്തിൽ ഒരു നാട്‌ ഒന്നടങ്കം അപ്പോൾ ഉൾപുളകമണിയുന്നു.


Tags :


mm

Admin