Logo

 

മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍

29 March 2017 | Reports

By

 

മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയം ലഭിക്കുന്ന മതപഠനാവസരത്തെ ഭീകരവല്‍ക്കരിച്ച് നിലവാരമുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമികാന്തരീക്ഷത്തെയും തകര്‍ക്കാനുള്ള മാധ്യമപരിശ്രമങ്ങള്‍ സജീവമാകുന്നതിനിടെ, മുസ്‌ലിം കുട്ടികളെ മതപീഡനത്തിനും വിവേചനത്തിനും വിധേയമാക്കുന്ന കേരളത്തിലെ പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകളെ സംബന്ധിച്ച ചര്‍ച്ച നവസാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. അമുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയോ അവര്‍ക്കുമേല്‍ ഇസ്‌ലാം അടിച്ചേല്‍പിക്കുകയോ ഒന്നും ചെയ്യാത്ത പീസ് സ്‌ക്കൂളുകള്‍ക്കുമേല്‍ വര്‍ഗീയതയുടെ ചാപ്പ കുത്തുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ബുദ്ധിജീവികളും തികഞ്ഞ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായി നിലനില്‍ക്കുന്ന വിവിധ ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരില്‍ ചെറുവിരല്‍ പോലും അനക്കാത്തതെന്താണ് എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ പുതിയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്.

പീസ് സ്‌ക്കൂളിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐ പോലുള്ള ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മിഷനറി/ കോണ്‍വെന്റ് സ്‌ക്കൂളുകള്‍ക്കുമുന്നില്‍ ഇങ്കിലാബ് മുഴക്കാന്‍ സന്നദ്ധമാകാത്തതെന്ത് എന്ന വിമര്‍ശനം ഇടതുമതേതര ചേരിയെ തികഞ്ഞ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മുസ്‌ലിം കുട്ടികളെ നിര്‍ബന്ധ നമസ്‌കാരത്തിനോ ജുമുഅ പ്രാര്‍ത്ഥനക്കുപോലുമോ അനുവദിക്കാതിരിക്കുക, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം നിരോധിക്കുക, ക്രൈസ്തവ ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും ഇതര മതവിശ്വാസികളായ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുക തുടങ്ങിയ കടുത്ത മതസ്വാതന്ത്ര്യ നിഷേധവും അടിച്ചേല്‍പിക്കല്‍ നയവും പിന്തുടരുന്നത് പ്രശസ്തമായ നിലയില്‍ സമൂഹമധ്യത്തില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ സ്‌ക്കൂളുകളാണ്. സര്‍ക്കാര്‍ ഫണ്ടിംഗോടുകൂടി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. എന്നിട്ടും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഈ സ്‌ക്കൂളുകള്‍ക്കകത്തനുഭവിക്കുന്ന മതാവകാശ/മനുഷ്യാവകാശ ലംഘനങ്ങള്‍ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കുമൊന്നും വിഷയമാകുന്നില്ല. മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എം കഴിഞ്ഞ വര്‍ഷം പാലക്കാട്‌വെച്ച് സംഘടിപ്പിച്ച ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പാലക്കാട്ടെ അതിപ്രശസ്തമായ ഒരു ക്രിസ്ത്യന്‍ സ്‌ക്കൂളിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനി ചര്‍ച്ചില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുവാന്‍ വരെ തന്നെ നിര്‍ബന്ധിക്കുന്ന സ്ഥാപനാധികാരികളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ രക്ഷിതാവ് അതേ സമ്മേളനത്തില്‍ സങ്കടങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്. പാലക്കാട് കാണിക്കമാതയാണ് ചോദ്യോത്തരവേളയില്‍ പരാമര്‍ശവിധേയമായ സ്‌ക്കൂള്‍.

കുറ്റാരോപണത്തിന് വിധേയമായ കാണിക്കമാതാ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ 1959 മുതല്‍ പാലക്കാട് മെഴ്‌സി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്. പാലക്കാട് കത്തിഡ്രലാണ് സ്‌ക്കൂളിന്റെ ‘ഇടവക’. തൃശൂര്‍ ബിഷപ്പായിരുന്ന റവറന്റ് ഡോ. ജോര്‍ജ്ജ് ആലപ്പാട്ടാണ് ഈ കത്തോലിക്കാ സ്‌ക്കൂളിന്റെ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത്. സിസ്റ്റര്‍ സിജിയാണ് സ്‌ക്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പള്‍. സ്‌ക്കൂളില്‍ നടക്കുന്ന മതപീഡനങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴിയുടെ വെളിച്ചത്തില്‍ കാണിക്കമാതാ സ്‌ക്കൂളിനെക്കുറിച്ച് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുമോ എന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ചോദിക്കുന്നത്. പാലക്കാട് ജില്ലയില്‍ തന്നെ മുസ്‌ലിം കുട്ടികളെ മതപീഡനത്തിനിരയാക്കുന്ന വേറെയും കുറേ സ്‌ക്കൂളുകളുണ്ട്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം നിഷേധിച്ചുകൊണ്ടു വന്ന സി.ബി.എസ്.ഇ സര്‍ക്കുലറിനെതിരെ പ്രതിഷേധം വളര്‍ത്താന്‍വേണ്ടി രൂപപ്പെട്ട ടീം ഹിജാബ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഇതില്‍ ഒരു സ്‌ക്കൂളിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിറ്റൂരിലെ വിജയമാതാ കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെക്കുറിച്ചായിരുന്നു അത്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച ജുമുഅക്കു പോകാന്‍ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടികളെ സ്‌ക്കൂള്‍ ഗെയ്റ്റില്‍ വെച്ച് തട്ടമഴിപ്പിക്കുന്നുവെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പ്രിന്‍സിപ്പള്‍ ആനി പോള്‍ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവും ടീം ഹിജാബ് ഉയര്‍ത്തിയിരുന്നു. ലിങ്ക് താഴെ:
https://www.facebook.com/Teamhijab01/posts/603345176505566:0

പാലക്കാട് ജില്ലയിലെ തന്നെ കഞ്ചിക്കോട്ട് 1981ല്‍ കെ.വി ജോസഫ് സ്ഥാപിച്ച ഹോളി ട്രിനിറ്റി സ്‌ക്കൂള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രമനുവദിക്കാനാവില്ലെന്ന നിലപാട് വളരെ ശക്തമായാണ് അനുവര്‍ത്തിക്കുന്നത്. ഹോളി ട്രിനിറ്റി ട്രസ്റ്റ് ആണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. മതമനുശാസിക്കുന്ന വസ്ത്രധാരണത്തിനുള്ള അവകാശം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുക വഴി മതസ്വാതന്ത്ര്യത്തെ അടിസ്ഥാന പൗരാവകാശമായി നിര്‍ണയിക്കുന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് റദ്ദ് ചെയ്യുന്ന സമാന്തര ഭരണകര്‍ത്താക്കളായി സ്വയം അവരോധിക്കുകയാണ് സ്‌ക്കൂള്‍ മാനേജ്‌മെന്റ്. എന്നാല്‍ യാതൊരു നടപടിയും ഇവര്‍ക്കെതിരില്‍ ഇന്നുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മുസ്‌ലിം പെണ്‍കുട്ടികളെ മതപീഡനത്തിനിരയാക്കുന്ന മിഷനറി, കോണ്‍വെന്റ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലതിനെതിരെ മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും അധികാരികളും മാധ്യമങ്ങളും കണ്ണടയ്ക്കുകയാണുണ്ടായത്. കൊടിയ മതപീഡനം നടന്നിട്ടും മൗനവാല്‍മീകത്തില്‍ തുടരുന്ന ഈ ഭരണകൂടനയം ഇനിയും തുടര്‍ന്നുകൂടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചൂണ്ടികാണിക്കപ്പെടുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്ടും എറണാകുളത്തും ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്ഥരുടെ മൂക്കിനുതാഴെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനാഞ്ചിറയിലുള്ള ബി.ഇ.എം (ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍) ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പോലും ശിരോവസ്ത്രത്തിനുവാദമില്ല. ഉത്തര കേരളത്തില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ബാസല്‍ മിഷന്‍ 1848ല്‍ സ്ഥാപിച്ചതാണ് നഗരഹൃദയത്തിലുള്ള അതിപ്രശസ്തമായ ഈ സ്‌ക്കൂള്‍. മലയാളീ പൊതുസമൂഹത്തിന് ചിരപരിചിതനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ദീര്‍ഘകാലം ബാസല്‍ മിഷന്റെ അമരത്തുണ്ടായിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലത്ത് മിഷന്‍ പ്രസിദ്ധീകരിച്ച ‘നബിചരിതം’ എന്ന പേരിലുള്ള നബിനിന്ദാപരമായ ക്ഷുദ്രകൃതിക്ക് മറുപടിയായാണ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ നബിനാണയം എന്ന പുസ്തകം എഴുതിയത്.

എറണാകുളത്ത് പ്രശസ്തമായ നിലയില്‍ നടന്നുവരുന്ന പല ക്രൈസ്തവ സ്കൂളുകളും ഇതേ സമീപനം പിന്തുടരുന്നു. കൊച്ചിയിലെ സി.പി ലൂയിസ് മെമ്മോറിയല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ ഹൈസ്‌ക്കൂള്‍, സെന്റ് പോള്‍ പബ്ലിക് സ്‌ക്കൂള്‍, സെന്റ് അലോഷ്യസ് കോണ്‍വെന്റ് ഐ.എസ്.സി സ്‌ക്കൂള്‍, എറണാകുളം ബാനര്‍ജി റോഡിലുള്ള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ തുടങ്ങിയവയൊന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക വസ്ത്രധാരണത്തിന് അനുമതി നല്‍കുന്നില്ല. ഇവയ്‌ക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണക്കാനും കേരളീയ സമുദായ മൈത്രിക്ക് അപമാനകരമായ രീതിയില്‍ മുറിവേല്‍പിക്കുന്ന മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകളെ ഒറ്റപ്പെടുത്താനും മതനിരപേക്ഷ സമൂഹം സന്നദ്ധമാകാത്തതിലുള്ള അമര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ പുകയുന്നത്.


Tags :


mm

Admin