Logo

 

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു

19 July 2018 | Reports

By

മലപ്പുറം: മക്കരപ്പറമ്പ്‌ കരിഞ്ചാപ്പാടിയിൽ മണ്ണിലമർന്നത്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന കർമ്മയോഗിയുടെ ശരീരം. കരുവള്ളി മുഹമ്മദ്‌ മൗലവിയുടെ (1919-2018) ജീവിതം അക്ഷരാർഥത്തിൽ ആധുനിക മലയാളി മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ സംഭവബഹുലമായ ഒരു നൂറ്റാണ്ടിന്‌ കർമ്മസാക്ഷിയായിരുന്നു. വക്കം മൗലവിയുടെയും മുസ്‌ലിം ഐക്യസംഘത്തിന്റെയും കാലത്ത്‌ ബാല്യം ചെലവഴിച്ച്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന്റെ കൂടെ നടക്കാൻ കഴിയും വിധമുള്ള ദീർഘായുസ്സ്‌ കൊണ്ടനുഗ്രഹിക്കപ്പെട്ട അപൂർവ വ്യക്തിത്വമാണ്‌ കരുവള്ളിയുടേത്‌. ഐക്യസംഘം പ്രവർത്തകനും ഖിലാഫത്ത്‌, കോൺഗ്രസ്‌ നേതാവും വിദ്യാഭ്യാസ പ്രചാരകനും നാട്ടുകാരനും ആയിരുന്ന കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയുടെ ശിഷ്യനായുള്ള കുട്ടിക്കാലമാണ്‌ കരുവള്ളിയെ ഇസ്ലാഹീ ആശയങ്ങളുടെ വക്താവും പുരോഗമന പ്രവർത്തനങ്ങളുടെ കണ്ണിയും ആക്കിയത്‌. അഹ്‌ലെ ഹദീഥുകാർ നടത്തിയിരുന്ന തമിഴ്‌നാട്ടിലെ ഉമറാബാദ്‌ ജാമിഅ ദാറുസ്സലാമിൽ മതപഠനത്തിന്‌‌ പോയത്‌ ആദർശപരമായ ദാർഢ്യത്തിന്‌ നിമിത്തമായി.

കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യം വെച്ച്‌ നാൽപതുകൾ മുതൽ വളർന്നുവന്ന സംഘാടനങ്ങളിലെല്ലാം കരുവള്ളിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. മലപ്പുറം ഹൈസ്കൂളിലെ അധ്യാപകനായും മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്പെക്റ്ററായും അബുസ്സ്വബാഹ്‌ മൗലവിയുടെ കൂടെ റൗദതുൽ ഉലൂം സംബന്ധമായി ഓടിനടന്നും ചിന്താ പ്രബുദ്ധതയുടെ പുതിയ തരംഗങ്ങൾ അഴിച്ചുവിട്ട കേരള ഇസ്‌ലാമിക്‌ സെമിനാറുകളിലെ സജീവ പങ്കാളിയായും എം ഇ എസിന്റെയും എം എസ്‌ എസിന്റെയും സ്ഥാപക നേതാവായും എല്ലാം മൗലവി ചരിത്രത്തിന്റെ കൂടെ നടന്നു. സ്കൂളുകളിലെ അറബി ഭാഷാ പഠനത്തിന്റെ നിലവാരം വർദ്ധിപ്പിക്കാനും നിയമ പരിരക്ഷ ഉറപ്പുവരുത്താനും അറബി അധ്യാപകരെ‌ അവകാശസമരങ്ങൾക്കായി സംഘടിപ്പിക്കാനും ‌‌മൗലവി തന്റെ സുഹൃത്തായ പി കെ അഹമദ്‌ അലി മദനിയുടെ കൂടെ ‌നടത്തിയ അധ്വാനങ്ങൾക്ക്‌ സി എച്ച്‌ മുഹമ്മദ്‌ കോയാ സാഹിബും മുസ്‌ലിം ലീഗും അകമഴിഞ്ഞ പിന്തുണ നൽകിയപ്പോഴാണ്‌ കെ എ ടി എഫ്‌ പ്രസ്ഥാനം പടർന്നുപന്തലിച്ചത്‌.

കേരള നദ്‌വതുൽ മുജാഹിദീന്റെയും പോഷക സംഘടനകളുടെയും സമ്മേളനങ്ങളിൽ സ്ഫുടമായ മലയാള ഉച്ചാരണത്തോടെയുള്ള പ്രബന്ധാവതരണങ്ങൾ വഴി പതിറ്റാണ്ടുകൾക്കു മുമ്പേ ശ്രദ്ധേയനായിരുന്നു മൗലവി. കെ എൻ എം വിദ്യഭ്യാസ ബോർഡ്‌ ചെയർമാൻ ആയും നദ്‌വത്തുമായി ബന്ധപ്പെട്ട നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാർഗദർശിയായും പ്രവർത്തിച്ചു. കെ എൻ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നു.

കരിഞ്ചാപ്പാടി മഹല്ല് ജുമുഅത്ത്‌ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിലും ഖബറടക്കത്തിലും കനത്ത മഴ വകവെക്കാതെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.


Tags :


mm

Admin