Logo

 

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ

4 October 2023 | Opinion

By

മലപ്പുറത്ത് തട്ടമിടാത്ത പെൺകുട്ടികളെ വാർത്തെടുക്കുന്നതിൽ വിജയിച്ചത് മാർക്സിസ്റ്റുകളാണ് എന്ന് നവനാസ്തിക സമ്മേളനത്തിൽ പോയി ആവേശം കൊണ്ട കൊമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നടത്തിയത്, പ്രത്യയശാസ്ത്ര സമർത്ഥനത്തോടൊപ്പം, മലപ്പുറത്തോടും മുസ്‌ലിങ്ങളോടുമുള്ള സാംസ്കാരികമായ അവമതിപ്പിന്റെ പ്രകടനം കൂടിയാണെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. മതങ്ങളുടെ കൂട്ടത്തിൽ ‘പരിഷ്കരിച്ച് നന്നാക്കേണ്ട’ പ്രധാന മതമായി ഇസ്‌ലാം ആ സംസാരത്തിൽ സ്ഥാനപ്പെടുന്നത് അതുകൊണ്ടാണ്. മുസ്‌ലിം തട്ടത്തെ വലിച്ചുതാഴെയിടേണ്ട അപരമായി കാണുന്ന ഹിന്ദുത്വ ഷോവിനിസ്റ്റ് യുക്തിക്ക് ‘ഇടത്’ പ്രതിധ്വനികളുണ്ടാകുന്നത്, സവർണതയും ഇസ്‌ലാമോഫോബിയയും സകലതിനെയും ചൂഴ്ന്നുനിൽക്കുന്ന ഇന്ത്യൻ അവസ്ഥയിൽ ഒട്ടും അത്ഭുതകരമായ കാര്യമല്ല.

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയതയല്ല ഈ ലേഖനം ചർച്ചയ്‌ക്കെടുക്കുന്നത്. മറിച്ച്, മതവിശ്വാസത്തോടും കർമ്മങ്ങളോടും ചിഹ്നങ്ങളോടുമുള്ള മാർക്സിസ്റ്റ് വിപ്രതിപത്തിയുടെ ഭൗതികവാദ ദാർശനിക പരിസരമാണ്. കൊമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം മതത്തെ നിഷേധിക്കുവാനാണ് പ്രാഥമികമായിത്തന്നെ ആഹ്വാനം ചെയ്യുന്നത്. ”സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷ്വാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിന് വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാന്തരജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയുമാണ് സോഷ്യലിസം ചെയ്യുന്നത്” എന്ന് ഓതിപ്പഠിക്കുന്ന പാർട്ടി ബുദ്ധിജീവികൾക്ക് തട്ടം വലിക്കാൻ തോന്നാതിരുന്നാലാണ് അത്ഭുതം.

വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെകുറിച്ചും പെണ്ണിന്റെ കർതൃത്വത്തെക്കുറിച്ചും വാചാലരാകുന്നവർ അതൊക്കെ മടക്കിവെച്ച് തട്ടത്തോട് അസഹിഷ്ണുത കാണിക്കുന്നത്, മുസ്‌ലിം പെണ്ണ് തട്ടമിട്ടു നടത്തിയ വിദ്യാഭ്യാസ-സാമൂഹിക കുതിച്ചുചാട്ടത്തെ കണ്ടില്ലെന്നുനടിച്ച് മാപ്പിളമാരെ ‘പുരോഗമനം’ പഠിപ്പിക്കാൻ നോക്കി അവർ സ്വയം പരിഹാസ്യരാകുന്നത്, വംശീയതയോട് സമം ചേർന്ന് ഈ ഭൗതികവാദം കൂടി രക്തത്തിൽ കലർന്നിരിക്കുന്നതുകൊണ്ടാണ്. മുസ്‌ലിം പെണ്ണിനെ വസ്ത്രാക്ഷേപം ചെയ്യുന്ന കാര്യത്തിൽ ഞങ്ങളാണോ അതോ നിങ്ങളാണോ മുന്നിൽ എന്ന സംവാദമാണ് ആ വേദിയിൽ വലതുപക്ഷ നവനാസ്തികരും ഇടതുപക്ഷ കൊമ്മ്യൂണിസ്റ്റ് ഭൗതികവാദികളും തമ്മിൽ നടന്നത്. ആ സംവാദം, വാസ്തവത്തിൽ, മാർക്സിസ്റ്റുകളും കേവല യുക്തിവാദികളും തമ്മിൽ കാലങ്ങളായി നിലനിന്നു പോരുന്ന ഒരു തർക്കത്തിന്റെ പുനരാവിഷ്കരണം മാത്രമാണ്. യുക്തിവാദി സമ്മേളനത്തിൽ പ്രത്യയശാസ്‌ത്രപരമായി ഒരു കൊമ്മ്യൂണിസ്റ്റുകാരൻ പറയാൻ ബാധ്യസ്ഥനായതെന്തോ, അതുതന്നെയാണ് സഖാവ് അനിൽകുമാർ ആ വേദിയിൽ അക്ഷരം തെറ്റാതെ പ്രസംഗിച്ചത്. അതിനെ തള്ളികൊണ്ടുള്ള എം വി ഗോവിന്ദന്റെ പ്രസ്താവന കേവലമായ രാഷ്ട്രീയ അടവുനയം മാത്രമാണെന്ന് ആർക്കാണറിയാത്തത്!

മതത്തോടുള്ള മാര്‍ക്‌സിന്റെ നിലപാടുകള്‍ കേവലയുക്തിവാദത്തിന്റേതില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. കേവല യുക്തിവാദ–നിരീശ്വരവാദ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആശയപരമായി ഇടയുന്ന മേഖലകൾ പ്രധാനമായും രണ്ടാണ്.

1) യുക്തിവാദികളുടെ പ്രമാണം കേവലയുക്തിയാണ്. അവര്‍ക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രമോ മൂല്യക്രമമോ സൈദ്ധാന്തിക ചട്ടക്കൂടോ ധാര്‍മികപദ്ധതിയോ ആചാര്യനോ ഒന്നുമില്ല. ഓരോ യുക്തിവാദിയുടെയും ശരി അയാള്‍ക്ക് തോന്നുന്നതാണ്. എന്നാല്‍ മാര്‍ക്‌സിസത്തിന്റെ സ്ഥിതി അതല്ല. ഒരു മാര്‍ക്‌സിസ്റ്റ് ഏതൊരു യുക്തിവാദിയെയും പോലെത്തന്നെ ദൈവനിഷേധിയും മതനിഷേധിയും ഭൗതികവാദിയുമാണ്. പക്ഷേ അയാള്‍ക്ക് യുക്തിവാദികള്‍ക്കുള്ളത്ര ‘ധൈഷണിക സ്വാതന്ത്ര്യ‘മില്ല. മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തങ്ങള്‍ തീര്‍ക്കുന്ന വൃത്തത്തിനകത്തുനിന്ന് മാത്രമേ അയാള്‍ക്ക് ചിന്തിക്കാനവകാശമുള്ളൂ. മാര്‍ക്‌സും ഏംഗല്‍സും ലെനിനുമടങ്ങുന്ന ആചാര്യന്മാരും മാനിഫെസ്റ്റോയും കാപിറ്റലും പോലുള്ള പ്രമാണ ഗ്രന്ഥങ്ങളും ഇവയെല്ലാം കൂടി നിര്‍ണയിച്ചുവെച്ചിട്ടുള്ള ‘മൂല്യക്രമവും‘ കമ്യൂണിസത്തിന്റെ പ്രപഞ്ച–ചരിത്ര–സാമ്പത്തിക വീക്ഷണങ്ങളുമെല്ലാം കമ്യൂണിസ്റ്റുകാരന് വിശുദ്ധ പശുക്കളാണ്. എന്നാല്‍ കേവല യുക്തിവാദി ഇപ്പറഞ്ഞതിനെയൊന്നും പരമമായ സത്യങ്ങളായി പരിഗണിക്കുകയോ അണ്ണാക്കുതൊടാതെ വിഴുങ്ങുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് ശുദ്ധ ഭൗതികവാദിയും യുക്തിവാദിയുമായിരുന്ന ബര്‍ട്രന്റ് റസ്സലിന് Why I am not a Christian (ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയല്ല?) എന്ന പുസ്തകം എഴുതിയതു പോലെ തന്നെ Why I am not a Communist (ഞാന്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റല്ല?) എന്ന പുസ്തകവും രചിക്കേണ്ടി വന്നത്.

2) എതിര്‍ക്കപ്പെടേണ്ടതും നശിപ്പിക്കപ്പെടേണ്ടതുമായ പിന്തിരിപ്പന്‍ പ്രതിലോമ തത്ത്വസംഹിതയാണ് മതം എന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല. ‘മതത്തിന്റെ ഉന്മൂലനാശം‘ എന്ന ലക്ഷ്യത്തില്‍ എങ്ങനെ ഫലപ്രദമായി എത്തിചേരാം എന്ന വിഷയത്തിലാണ് അഭിപ്രായഭിന്നതയുടെ നാരായ വേര്‌ സ്ഥിതിചെയ്യുന്നത്. പച്ചയായ മതവിമര്‍ശനവും നിരീശ്വരവാദത്തിന്റെ ദാര്‍ശനികമാനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കലും മതകേന്ദ്രങ്ങളില്‍ ഉണ്ടാകുന്നു എന്നു പറയപ്പെടുന്ന ‘അത്ഭുത‘ങ്ങള്‍ക്ക് പിന്നിലെ തട്ടിപ്പുകള്‍ അനാവരണം ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിക്കലുമെല്ലാമാണ് മതവിശ്വാസത്തെ ജനമനസ്സുകളില്‍ നിന്ന് പിഴുതെറിയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് യുക്തിവാദികള്‍ കരുതുന്നു. എന്നാല്‍ മാര്‍ക്‌സിസത്തെ സംബന്ധിച്ചിടത്തോളം ‘മതം‘ എന്നുപറയുന്നത് കേവലമായ ഒരു ‘ദര്‍ശനം‘ അല്ല. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് കാലഘട്ടത്തിന്റെ അനിവാര്യത എന്ന നിലക്ക് ഉയര്‍ന്നുവന്ന ഒരു ലഹരിപദാര്‍ഥമാണത്. അതുകൊണ്ടുതന്നെ മതത്തെ ഇല്ലാതാക്കാന്‍ മതത്തിന്റെ പിറവിക്ക് നിമിത്തമായിത്തീര്‍ന്ന ഭൗതിക സാഹചര്യങ്ങളെ (സാമ്പത്തിക-രാഷ്ട്രീയ ഘടനയെ) അടിമുടി മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത് എന്നതാണ് മാര്‍ക്‌സിസത്തിന്റെ നിലപാട്. മതം അന്ധവിശ്വാസമാണ് എന്ന് ഘോരഘോരം പ്രസംഗിച്ചതുകൊണ്ടുമാത്രമായില്ല എന്നും പ്രസ്തുത ‘അന്ധവിശ്വാസം‘ പേറി നടക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന പട്ടിണിയെയും പരിവട്ടത്തെയും കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കണം എന്നുമാണ് കമ്യൂണിസ്റ്റുകള്‍ യുക്തിവാദികളോട് പറയുന്നത് എന്ന് സാരം. ഇക്കാര്യം വ്യക്തമാക്കുന്ന ഏതാനും മാര്‍ക്‌സിസ്റ്റ് ഉദ്ധരണികള്‍ കാണുക:

“നാം മതത്തിനെതിരെ പോരാടണം; അതിനുവേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതിക ശാസ്ത്രരീതി വിശദീകരിക്കണം”1

“ഒരു മാര്‍ക്‌സിസ്റ്റ് മതത്തിനെതിരായ സമരം നടത്തുന്നത് അമൂര്‍ത്തമായ രൂപത്തിലല്ല; കേവലം തത്ത്വശാസ്ത്രപരമായ, ഒരിക്കലും മാറ്റമില്ലാത്ത രൂപത്തിലുമല്ല. മതത്തിനെതിരായ മാര്‍ക്‌സിസത്തിന്റെ സമരം സമൂര്‍ത്തമാണ്.”2

“നാം മതത്തോട് ഏറ്റമുട്ടണം. എങ്ങിനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം”3

“ഈശ്വരാശയത്തിന്റെ താഴ്‌വേര് ദാര്‍ശനിക മണ്ഡലത്തിന് പുറത്ത് എങ്ങോ ആയിരുന്നു എന്ന് വ്യക്തം. അതുകൊണ്ട്, എത്രമേല്‍ വിശ്വസ്തതയോടെ ആയാലും ശരി, ഈശ്വരാശയത്തിന്റെ പൊള്ളത്തരത്തെ വെളിപ്പെടുത്തിയതുകൊണ്ട് മാത്രം ഒരിക്കലും അതിന്റെ ഉന്മൂലനാശം സംഭവിക്കുകയില്ല. ഈശ്വരാശയത്തിന്റെ യഥാര്‍ഥ മൂല്യം എന്തെന്നും അതിനെ അതിക്രമിച്ചു വളരാനുള്ള ശരിയായ മാര്‍ഗമേതെന്നും കാണിച്ചു തന്ന ആദ്യത്തെ ദാര്‍ശനികന്‍ മാര്‍ക്‌സ് ആണ്.”4

യുക്തിവാദവുമായി മാര്‍ക്‌സിസത്തിന് ഇവ്വിഷയകമായുള്ള വിയോജിപ്പിന്റെ കാതല്‍ എന്താണെന്ന് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ഈ വാചകങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്.

നടേ വിശദീകരിച്ച മാര്‍ക്‌സിസ്റ്റ്–യുക്തിവാദി തര്‍ക്കത്തില്‍ നിന്ന് മതവിശ്വാസികള്‍ പഠിക്കേണ്ടത് എന്തൊക്കെയാണ്? ഒന്നാമതായി, യുക്തിവാദികളുടെ മതവിമര്‍ശനം ഫലപ്രദമല്ല എന്നു വിചാരിക്കുകയും മതത്തെ വേരോടെ പിഴുതെറിയാന്‍ ‘കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍‘ തേടുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകള്‍. രണ്ടാമതായി, യുക്തിവാദികളുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉള്ളതുകൊണ്ട് അവയിലെ മതവിരുദ്ധത തിരിച്ചറിയാനെളുപ്പമാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ പരോക്ഷമായിട്ടാണ് മതവിരുദ്ധ ആശയങ്ങള്‍ ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നത് എന്നതിനാല്‍ അവര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത ആവശ്യമാണ്! ഈ പാഠങ്ങൾ തന്നെയാണ് അനിൽ കുമാറിന്റെ പ്രസംഗം പകർന്നുതരുന്നത്. അത് ‘പാർട്ടി നയമല്ല’ എന്ന് ആശ്വസിക്കുന്നവർക്ക്, ആ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ് യാതാർഥ്യം!

കുറിപ്പുകൾ

  1. 1. മതത്തെ പറ്റി, പ്രോഗ്രസ് കോഴിക്കോട്, പുറം 136.
  2. 2. Ibid, പുറം 139.
  3. 3. ഇ.എം.എസ്, സാംസ്‌കാരികവിപ്ലവം മതം–മാര്‍ക്‌സിസം, പുറം 59.
  4. 4. ദേബീ പ്രസാദ് ചതോപാധ്യായ, ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006, പുറം 267.

നജീഹ്