Logo

 

ഹദീഥ് ക്രോഡീകരണം: ഇമാം അബൂ ദാവൂദിന്റെ സംഭാവനകള്‍

2 October 2023 | Study

By

മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന ഹദീഥുകളുടെ ക്രോഡീകരണത്തിനും രേഖീകരണത്തിനും ബലാബല പരിശോധനക്കുമെല്ലാം ജീവിതം ഉഴിഞ്ഞു വെച്ച മഹാരഥന്മാരായ പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഒരു ഉജ്ജ്വല പ്രതിഭാശാലിയാണ് ഇമാം അബൂ ദാവൂദ്. ഹദീഥുഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായ ആറു സുപ്രധാനഗ്രന്ഥങ്ങളിലൊന്നായ സുനനു അബീ ദാവൂദിന്റെ രചയിതാവാണദ്ദേഹം.

ഹിജ്റ 202-ൽ1 ജനിച്ച ഇമാം അബൂ ദാവൂദിന്റെ പൂർണനാമം അബൂ ദാവൂദ് സുലൈമാനൽ അശ്അഥ് ബ്ന്‍ ഇസ്ഹാക്വ് ബ്ന്‍ ബശീർ ബ്ന്‍ ശദ്ദാദ് ബ്ന്‍ അംറ് ബ്ന്‍ ഇംറാൻ അൽഅസ്ദി അസ്സിജിസ്താനി2 എന്നാണ്. യമനിലെ കുലീന ഗോത്രങ്ങളിലൊന്നായ അസ്ദിലേക്ക് ചേർത്തുകൊണ്ടാണ് ‘അസ്ദി’ എന്ന് പറയുന്നത്. സിജിസ്ഥാനി എന്നത് ഇന്ത്യയോടടുത്ത പ്രദേശമായ സിജിസ്ഥാനി3ലേക്ക് ചേർത്തുകൊണ്ടാണെന്നും ബസ്വറയിലെ സിജിസ്ഥാന4യിലേക്ക് ചേർത്തുകൊണ്ടാണന്നും അഭിപ്രായാന്തരങ്ങളുണ്ട്.5

അദ്ദേഹത്തിന്റെ വിജ്ഞാനസമ്പാദനത്തിന്റെ ആദ്യകാലങ്ങളെ കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമേ ഉപലബ്ധമായിട്ടുള്ളൂ. ഹദീഥ് വിജ്ഞാന ശാസ്ത്രം എല്ലാ അർഥത്തിലും സമ്പന്നമായിരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം വിജ്ഞാനം ആർജിച്ചതും വളർന്നതും എന്ന് പറയാനാവും. ഇറാക്വ്, ശാം, ഈജിപ്ത്, ഹിജാസ്, അൽജസീറ, ഖുർറാസാൻ തുടങ്ങി ഇസ്‌ലാമിക സാമ്രാജ്യത്തിലെ പ്രധാന ഹദീഥുവിജ്ഞാന കേന്ദ്രങ്ങളിലേക്കെല്ലാം അദ്ദേഹം വിജ്ഞാന സമ്പാദനത്തിനുവേണ്ടി യാത്ര നടത്തുകയുണ്ടായി.6

“ഇറാഖ്, ഖുർറാസാൻ, ശാം, ഈജിപ്ത്, അൽജസീറ എന്നിവിടങ്ങളിൽ ഹദീഥുശേഖരണാർഥം ധാരാളം ചുറ്റുകയും അവിടത്തുകാരിൽനിന്ന് ഹദീഥുകൾ കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്ത മഹാനാ”ണെന്നാണ് അല്‍ഖത്വീബുൽ ബഗ്ദാദി (മരണം ഹി. 463) ഇമാം അബൂ ദാവൂദിനെ കുറിച്ച് തന്റെ താരീഖി7ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സുനനിലും മറ്റുമായി മുന്നൂറിൽ പരം ശൈഖുമാരിൽ നിന്നും അദ്ദേഹം ഹദീഥുകൾ നിവേദനം ചെയ്തിട്ടുണ്ടെന്നാണ് ഇബ്നുഹജറുൽ അസ്ക്വലാനി (മരണം ഹി. 852) പ്രസ്താവിച്ചിട്ടുള്ളത്.8 ഇമാം അഹ്‌മദ് ബ്നു ഹമ്പലാണ്(റഹി) അദ്ദേഹത്തിന്റെ പ്രധാന ഗുരു. അബുൽ വലീദ് അത്ത്വയാലിസി, മുഹമ്മദ് ബ്ന്‍ കഥീർ അൽഅബ്ദീ, മുസ്‌ലിം ബ്ന്‍ ഇബ്റാഹീം, അബൂഉമർ അൽഹൗളി, അബൂതൗബൽ ഹലബി, സുലൈമാൻ ബ്ന്‍ അബ്ദിർറഹ്‍മാൻ അദ്ദിമശ്ക്വി, സഅദ് ബ്ന്‍‍ സുലൈമാൻ അൽവാസിത്വി, സ്വഫ്‍വാൻ ബ്ന്‍ സ്വാലിഹ് അദ്ദിമശ്ക്വി, അബൂജഅ്ഫർ അന്നുഫൈലി, അലിയ്യ് ബ്നുൽ മദീനി, യഹ്‍യാ ബ്ന്‍ മഈൻ, ഇസ്ഹാക്വ് ബ്ന്‍ റാഹവൈഹി തുടങ്ങിയവർ ഹദീഥിൽ അദ്ദേഹത്തിന്റെ പ്രമുഖ ഗുരുനാഥന്മാരാണ്.9 ഇമാം അബൂ ദാവൂദിൽ നിന്നും ധാരാളം പേർ ഹദീഥുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഗുരുവായ ഇമാം അഹ്‌മദ് തന്നെ അദ്ദേഹത്തിൽ നിന്നും ഒരു ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അന്നസാഈ തന്റെ സുനനിലും അമലുൽ യൗമി വല്ലൈലയിലും അബൂ ദാവൂദിൽ നിന്ന് ഹദീഥ് ഉദ്ധരിക്കുന്നുണ്ട്. ഇമാം അത്തിർമിദി തന്റെ ജാമിഇൽ ‘ബാബു മാ ജാഅ ഫിർറജുലി യനാമു അനിൽ വിതിരി ഔ എൻസാഹു’ എന്ന അധ്യായത്തിൽ അബൂ ദാവൂദിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്.10

ഇമാം അത്തിർമിദിയും ഇമാം അന്നസാഈയും അബൂ ദാവൂദിന്റെ വിദ്യാർഥികളാണെന്നതുതന്നെ അദ്ദേഹത്തിന് അഭിമാനാർഹമായ കാര്യമാണ്. തന്റെ ഗുരുനാഥനായ ഇമാം അഹ്‌മദ് ബ്ന്‍ ഹമ്പൽ അബൂ ദാവൂദിൽ നിന്ന് നിവേദനം ചെയ്യുകയും ഗ്രന്ഥത്തിൽ ഉദ്ധരിക്കുകയും ചെയ്തുവെന്നത് അദ്ദേഹത്തിന്റെ മാറ്റുകൂട്ടുന്ന കാര്യമാണെന്നാണ് ഇമാം അദ്ദഹബി (മരണം ഹി. 748) പ്രസ്താവിച്ചത്.11

“അബൂ ദാവൂദ് തന്റെ കാലഘട്ടത്തിലെ അഹ്‌ലുൽ ഹദീഥിന്റെ ഇമാമായിരുന്നുവെന്നത് നിസ്സങ്കോചം പറയാവുന്നതാണ്” എന്ന ഇമാം അല്‍ഹാകിമിന്റെ (മരണം ഹി. 405) വാചകങ്ങളിൽ12 നിന്നും “അബൂ ദാവൂദ് ഇഹലോകത്ത് ഹദീഥിനുവേണ്ടിയും പരലോകത്ത് സ്വർഗത്തിനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്” എന്ന ഇറാക്വിലെ മൂസാ ബ്ന്‍ ഹാറൂനിന്റെ (മരണം ഹി. 294) വാക്കുകളിൽ13 നിന്നും ഹദീഥ് വിജ്ഞാന ശാഖയിലുള്ള ഇമാം അബൂ ദാവൂദിന്റെ സവിശേഷ സ്ഥാനം വ്യക്തമാവുന്നുണ്ട്.

“ഹദീഥുകളിൽ പ്രബലമല്ലാത്തവയിൽ നിന്ന് പ്രബലമായതിനെയും തെറ്റായതിൽ നിന്ന് ശരിയായതിനെയും വേർതിരിച്ചത് നാലുപേരാണ്. അല്‍ബുഖാരി, മുസ്‌ലിം അവർ രണ്ടുപേർക്കും ശേഷം അബൂ ദാവൂദ്, അന്നസാഈ” എന്ന ഇമാം ഇബ്നു മൻദയുടെ (മര ണം ഹി. 395) സമർഥനത്തിൽ14 നിന്ന് പ്രവാചക ഹദീഥുകളിലെ നെല്ലും പതിരും വേർതിരിക്കുന്നതിലുള്ള ഇമാം അബൂ ദാവൂദിന്റെ പങ്കാണ് സ്പഷ്ടമാവുന്നത്.

സംഭവബഹുലമായ അദ്ദേഹത്തിന്റെ വൈജ്ഞാനിക ജൈത്രയാത്രക്ക് തിരശ്ശീല വീഴുന്നത് ഹിജ്റ 275ന് ശവ്വാൽ മാസം 16ന് ബസ്വറയിൽ വെച്ചാണ്.15

അൽമറാസീൽ, അർറദ്ദു അലൽ ക്വദരിയ്യ, അന്നാസിഖ് വൽ മൻസൂഖ്, മസാഇലുൽ ഇമാം അഹ്‌മദ്, കിതാബുസ്സുഹ്ദ്, രിസാലത്തുൻ ഇലാ അഹ്ലി മക്ക, അദ്ദുആഅ്, ഇബിദാഉൽ വഹ്‌യ്, അഖ്ബാറുൽ ഖവാരിജ്, സുനനു അബീ ദാവൂദ് തുടങ്ങി ധാരാളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ അനുഗൃഹീത തൂലികയാൽ വിരചിതമായിട്ടുണ്ട്.16

സുനനു അബീ ദാവൂദ്

35 അധ്യായങ്ങളും 1871 ഉപാധ്യായങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് സുനനു അബീ ദാവൂദ് ക്രമീകരിച്ചിട്ടുള്ളത്. വിഷയാടിസ്ഥാനത്തിലാണ് ഹദീഥുകളുടെ ക്രമീകരണം. “റസൂലുല്ലായുടെ(സ) ഹദീഥുകളിൽ അഞ്ചു ലക്ഷം ഹദീഥുകൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്ന് 4300 ഹദീഥുകളാണ് ഈ ഗ്രന്ഥത്തിൽ(സുനനു അബീ ദാവൂദിൽ) ഉൾക്കൊള്ളിച്ചിട്ടുള്ളത്. അറുനൂറിൽപരം മുർസലുകളായ റിപ്പോർട്ടുകളുമുണ്ട്” എന്ന് ഇമാം അബൂ ദാവൂദ് തന്നെ തന്റെ സുനനിനെ കുറിച്ചുള്ള രിസാലയിൽ പറയുന്നുണ്ട്. ഇമാം അസ്സുയൂത്ത്വിയും(മരണം ഹി. 911) അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയതായി കാണാം.17

സുനനു അബീ ദാവൂദിന്റെ രചനക്ക് ശേഷം ഇമാം അഹ്‌മദിന്റെ സമക്ഷം അത് സമർപിക്കുകയും അദ്ദേഹം അത് പരിശോധിച്ച് പ്രശംസിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാവുന്നതാണ്.18

ഇമാം അല്‍ഖത്ത്വാബിയുടെ (മരണം ഹി. 388) മആലിമുസ്സുനൻ, ഇമാം അല്‍മുൻദിരിയുടെ (മരണം ഹി. 656) അൽഅദ്ദുൽ മൗദൂദ് ഫീ ഹവാശീ സുനനി അബീ ദാവൂദ്, ഇമാം അസ്സുയൂത്ത്വിയുടെ മിർക്വാത്തുസ്സുഊദ് ഇലാ സുനനി അബീ ദാവൂദ്, അബുൽ ഹസൻ അസ്സിന്ദിയുടെ (മരണം ഹി. 1138) ഫത്ഹുൽ വദൂദ് അലാ സുനനി അബീ ദാവൂദ് തുടങ്ങിയ വ്യഖ്യാന ഗ്രന്ഥങ്ങൾ സുനനു അബീ ദാവൂദിനുണ്ട്. കൂട്ടത്തിൽ ഔനുൽ മഅ്ബൂദ് ശർഹു സുനനി അബീ ദാവൂദ്19 എന്ന പേരിൽ അബുത്ത്വയ്യിബ് മുഹമ്മദ് ശംസുൽ ഹക്വ് അൽഅളീം ആബാദി രചിച്ച ശർഹിനാണ് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്.

കുറിപ്പുകൾ

  1. 1. അബൂ ദാവൂദ്(റഹി) ജനിച്ചത് ഹിജ്റ 202ലാണെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി ഇമാം അബൂഉബൈദ് അൽആജുർരി പ്രസ്താവിക്കുന്നു. ഇമാം അദ്ദഹബി, സിയറു അഅ്‌ലാമിന്നുബലാഅ് (മുഅസ്സസത്തുർരിസാല, 2001), 13/204.
  2. 2. അദ്ദേഹത്തിന്റെ പൂർണനാമവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർക്കിടയിലുള്ള ഭിന്നസ്വരമുണ്ട്. കാണുക: സിയറു അഅ്‌ലാമിന്നുബലാഅ്, 13/203.
  3. 3. യാക്വൂത് ബ്ന്‍‌ അബ്ദില്ല അൽഹമവി, മുഅ്ജമുൽ ബുൽദാൻ (ബൈറൂത്ത്: ദാറുസാദിര്‍), 3/190.
  4. 4. മുഅ്ജമുൽ ബുൽദാൻ, 3/191, 192.
  5. 5. തക്വിയുദ്ദീൻ അന്നദ്‌വി, അബൂ ദാവൂദ് അൽ ഇമാമുൽ ഹാഫിള് അൽഫക്വീഹ് (ഡമസ്കസ്: ദാറുൽക്വലം, 1996), 22, 23; അല്ലാമാ സിദ്ദീഖ് ഹസൻ ഖാൻ അൽ ഖന്നൗജി, അൽഹിത്ത്വ ഫീദികിരിസ്സ്വിഹാഹിസ്സിത്ത (ബൈറൂത്ത്: ദാറുൽജീൽ), 448, 449.
  6. 6. സിയറു അഅ്‌ലാമിന്നുബലാഅ്, 13/204.
  7. 7. ഖത്തീബുൽ ബാഗ്ദാദി, താരീഖു ബാഗ്ദാദ് (ഈജിപ്ത്: മത്ബഅത്തുസ്സആദ, 1931), 9/55.
  8. 8. ഹാഫിള് ഇബ്നു ഹജർ അൽഅസ്ക്വലാനി, തഹ്ദീബുത്തഹ്ദീബ് (ബൈറൂത്ത്: മുഅസ്സസതുർരിസാല, 2008), 2/85.
  9. 9. തഹ്ദീബുത്തഹ്ദീബ്, 2/83.
  10. 10. ഇമാം അബൂഈസാ അത്തിർമിദി, ജാമിഉത്തിർമിദി (രിയാള്: മക്തബത്തുൽ മആരിഫ്, 1996), 124.
  11. 11. ഇമാം അദ്ദഹബി, ത്വബക്വാതുൽ ഹുഫ്ഫാള് 261, തക്വിയുദ്ദീൻ അന്നദ്‌വി ഉദ്ധരിച്ചത് (പേജ്: 28).
  12. 12. തഹ്ദീബുത്തഹ്ദീബ്, 2/85.
  13. 13. തഹ്ദീബുത്തഹ്ദീബ്, 2/84.
  14. 14. തഹ്ദീബുത്തഹ്ദീബ് 2/83, 84.
  15. 15. ഇമാം അദ്ദഹബി, തദ്കിറത്തുൽ ഹുഫ്ഫാള് (ഹൈദറാബാദ്, 1957), 2/169.
  16. 16. അബൂ ദാവൂദ് അൽ ഇമാമുൽ ഹാഫിള് അൽഫക്വീഹ്, 43-47.
  17. 17. ഇമാം ജലാലുദ്ദീൻ അസ്സുയുത്ത്വി, തദ്‌രീബുർറാവിഫീ ശർഹി തക്വ്‌രീബിന്നവാവി, (കൈറോ: 1959), 98.
  18. 18. താരീഖു ബാഗ്ദാദ് 9/56
  19. 19. ദാറുൽ കുതുബിൽ ഇൽമിയ്യ (ബൈറൂത്ത്) ഔനുൽ മഅ്ബൂദും ഇമാം ഇബ്നുക്വയ്യിം അൽജൗസിയ്യയുടെ (മരണം ഹി. 751) സുനനു അബീ ദാവൂദിന്റെ ശർഹും ഉൾപെടുത്തി 14 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags :


അബൂ നുവയ്‌റ