Logo

 

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ”

15 December 2018 | Interview

By

ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആണ്‌ ഇപ്പോൾ എം ഐ തങ്ങൾ. എന്നാൽ ഈ സംഘടനാ പദവിയല്ല മുസ്‌ലിം ലീഗിനുള്ളിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസം. പാർട്ടിയുടെ സൈദ്ധാന്തികനും ചരിത്രകാരനുമായി എം ഐ തങ്ങൾ പതിറ്റാണ്ടുകളായി നയിക്കുന്ന കെട്ടുറപ്പും കൃത്യതയുമുള്ള ബുദ്ധിജീവിതം മുസ്‌ലിം ലീഗിന്റെ വർത്തമാനാവസ്ഥയിൽ ഏറെയൊന്നും സമാന്തരങ്ങൾ ഇല്ലാത്തതാണ്‌. ലോക ഇസ്‌ലാമിക നവോത്ഥാന പാരമ്പര്യത്തിലും ഉത്തരേന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലും കേരള മുസ്‌ലിം സാമൂഹികതയുടെ മാനങ്ങളിലും പരന്ന വായന വഴി ആർജ്ജിച്ച അക്കാദമിക നിലവാരമുള്ള ആഴം മുസ്‌ലിം ലീഗ്‌ വൃത്തങ്ങളിൽ തങ്ങൾക്ക്‌ മൗലികതയുള്ള ധൈഷണിക ആധികാരികത നൽകുന്നു. എഴുത്തും പ്രസംഗവുമായി കേരള മുസ്‌ലിം രാഷ്ട്രീയത്തെ ചിന്താപരമായി സമ്പന്നമാക്കിയ തങ്ങൾക്ക്‌ പ്രായത്തിന്റെ അവശതയിലും ആവേശം ചോർന്നിട്ടില്ല. എടവണ്ണ പത്തപ്പിരിയത്തെ വീട്ടിൽ ഇരുന്ന് തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിച്ചു.

? മുസ്‌ലിം ലീഗ്‌ ബുദ്ധിജീവികൾക്ക്‌ പറ്റിയ സ്പെയ്സ്‌ അല്ല എന്ന ധാരണ വ്യാപകമാണ്‌.
സമുദായത്തിനുള്ളിൽ നിന്ന് വളർന്നുവരുന്ന ചിന്തകരും എഴുത്തുകാരുമെല്ലാം അവരുടെ ‘മതേതര പട്ടം’ ഉറപ്പിക്കുന്നതിനു വേണ്ടി ലെഫ്റ്റ്-ലിബറൽ പക്ഷത്തേക്ക് മാറുകയും സമുദായ സംഘടനകളെ മതമൗലികവാദികളാക്കി ചിത്രീകരിക്കുകയുമാണ്‌ പതിവ്. താങ്കൾ എന്തുകൊണ്ട്‌ ലീഗിന്റെ കൂടെ നടന്നു?

– ജീവിതത്തിൽ ഇസ്‌ലാമിക നിയമങ്ങൾ അനുധാവനം ചെയ്യുന്ന ഒരാളാണ് ഞാൻ. ഏത് മതവും വിശ്വസിക്കുവാനും അത് പ്രബോധനം ചെയ്യുവാനും ഇൻഡ്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്.
ഇൻഡ്യയിലെ ന്യൂനപക്ഷ മതവിഭാഗമാണ് മുസ്ലിംകൾ. ഇൻഡ്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഈ സമുദായത്തിന്‌ നിഷേധിക്കപ്പെടാതിരിക്കാനും, സമുദായത്തിന്റെ സർവ്വതോമുഖമായ വളർച്ച ഉറപ്പുവരുത്താനും എന്നെക്കൊണ്ടാകുംവിധമെല്ലാം പരിശ്രമിക്കാൻ ഒരു മുസ്ലിം എന്ന നിലക്ക് ഞാൻ ബാധ്യസ്ഥനാണ്. ഇവിടുത്തെ ഇടത്‌ – വലത്‌ പാർട്ടികൾ സമുദായത്തിനുള്ളിലേക്ക് കടന്നുവന്ന് അതിനെ സമുദ്ധരിക്കാൻ പര്യാപ്തമല്ല. മാത്രമല്ല, മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടും വിധമുള്ള നയനിലപാടുകൾ സ്വീകരിക്കാൻ അത്തരം പാർട്ടികൾ പലപ്പോഴും തയ്യാറാവാറുമുണ്ട്. അതുകൊണ്ടുതന്നെ സമുദായത്തിന്റെ സമുദ്ധരണത്തിനുള്ള അവസരങ്ങൾ സമുദായം സ്വയം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിന്‌ ഒരു കൂട്ടായ്മ ആവശ്യമാണ്. ആ ഒരു കൂട്ടായ്മയായാണ് മുസ്ലിം ലീഗിനെ ഞാൻ കാണുന്നത്.

സമുദായവുമായി ബന്ധപ്പെട്ട അവകാശങ്ങൾക്ക് പോറലേറ്റ സമയത്തെല്ലാം മതേതര പ്രസ്ഥാനങ്ങളുടെ ഒപ്പം നിന്ന് ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച് അവ പുനസ്ഥാപിക്കാനും സമുദായത്തിന്റെ മുന്നേറ്റത്തിന് ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും മുസ്ലിം ലീഗ് അതിന്റെ ഒന്നാം തിയ്യതി മുതൽ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. അത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നതാണ് സമുദായത്തിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവർക്ക് അഭികാമ്യം. ലെഫ്റ്റ്/ലിബറൽ പക്ഷത്തേക്ക് ഒരു മുസ്ലിം ബുദ്ധിജീവി മാറിനിൽക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. താങ്കൾ പറഞ്ഞപോലെ സ്വന്തം ‘മതേതര പട്ടം’ ഉറപ്പിക്കാൻ മാത്രമേ അത്തരം മാറി നിൽക്കലുകൾ ഉപകരിക്കുകയുള്ളൂ. സമുദായത്തിന്‌ അത്തരം ‘ബുദ്ധിജീവി’കളെക്കൊണ്ട്‌ കാര്യമായ ഉപകാരമൊന്നും ഇല്ല.

? കേരളത്തിൽ ബുദ്ധിജീവികളുടെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി തട്ടകം കാലങ്ങളായി സി പി എം ആണ്‌. അവർ ഇപ്പോൾ നവോത്ഥാന സദസ്സുകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. കൊമ്മ്യൂണിസ്റ്റ് ഫ്രെയ്മിൽ നിന്നുകൊണ്ട് സാമൂഹ്യപരിണാമങ്ങൾക്കു വേണ്ടി പ്രവർത്തിച്ചവരുടെ ചരിത്രമാണ് അത്തരം സദസ്സുകളിൽ നിന്ന് കേരളത്തിന്റെ ചരിത്രം എന്ന നിലയിൽ കേൾക്കുന്നത്‌. നവോത്ഥാന കേരളം ശരിക്കും മാർക്സിസ്റ്റുകൾ ആണോ സൃഷ്ടിച്ചത്‌? ‌

-രണ്ടു കാര്യങ്ങളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് മനസിലാക്കേണ്ടത്.
ഒന്നാമത്തേത്, കേരളത്തിന്റെ നവോത്ഥാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും സംഭാവനകളുണ്ട്. കേരളമെന്ന ആധുനിക സങ്കല്പത്തിന്റെ സൃഷ്ടിപ്പ് ഇവിടെയുള്ള ദലിതുകൾ, ക്രൈസ്തവ മിഷനറിമാർ, മുസ്ലിംകൾ, വ്യത്യസ്ത സാമൂഹിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം വിയർപ്പിന്റെ ഫലമാണ്.ഈ വിഭാഗങ്ങളെല്ലാം അവയുടെ ആദർശവൃത്തത്തിനുള്ളിൽ നിന്നു കൊണ്ട് സാമൂഹ്യ പരിണാമങ്ങൾക്കു വേണ്ടി യത്നിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ കൊമ്മ്യൂണിസ്റ്റുകളും അവരുടെ പ്രത്യയശാസ്ത്രവൃത്തത്തിനുള്ളിൽ നിന്നു കൊണ്ട് ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതല്ലാതെ നവകേരളത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള അവകാശമൊന്നും അവർക്കില്ല. കൊമ്മ്യൂണിസമെന്ന ആശയം കേരളത്തിലെത്തുന്നതിനു മുമ്പേ കേരളത്തിൽ നവോത്ഥാനമാരംഭിച്ചിട്ടുണ്ടെന്നത്‌ കേരള ചരിത്രത്തെ കുറിച്ച് പ്രാഥമിക വിവരം മാത്രമുള്ളവർക്കു പോലും മനസിലാവുന്ന കാര്യമാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ സി പി എമ്മും പോഷക ഘടകങ്ങളും നടത്തുന്ന നവോത്ഥാന സദസ്സിൽ, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഇടതുപക്ഷ പോരാട്ടങ്ങൾ പ്രതിപാദിക്കുക സ്വാഭാവികമാണ്. അതേ സമയം ഇടതുപക്ഷത്തെ മാത്രം നവോത്ഥാന ശിൽപികളാക്കി അവതരിപ്പിക്കുന്നതാണ് ഏറ്റവും വലിയ അന്ധവിശ്വാസം.

രണ്ടാമതായി ഈ വിഷയത്തിൽ മനസ്സിലാക്കേണ്ട കാര്യം, ഓരോ വിഭാഗത്തിന്റെയും നവോത്ഥാന ലക്ഷ്യങ്ങളും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും വ്യത്യസ്തമാണ്. ഇവിടുത്തെ ഹിന്ദു നവോത്ഥാന നായകർക്ക് പോരാടേണ്ടി വന്നത് പ്രധാനമായും ജാതീയമായ വേർതിരിവുകൾക്കും അയിത്തത്തിനുമെതിരെയായിരുന്നു. അതേസമയം മുസ്ലിം നവോത്ഥാന നായകർക്ക് പോരാടേണ്ടി വന്നത് അത്തരം വേർതിരിവുകൾക്കെതിരെയായിരുന്നില്ല. മുസ്ലിം നവോത്ഥാന നായകർ നടത്തിയതും, ഇന്നും സമുദായം പിന്തുടരേണ്ടതുമായ നവോത്ഥാന ശ്രമങ്ങൾ രണ്ടു വിധത്തിലാണ്.
ഒന്ന്, ആധുനിക ലോകത്തിന്റെ വളർച്ചയുടെ തോതനുസരിച്ച് അതുമായി സംവദിക്കാൻ മുസ്ലിം സമൂഹത്തെ പ്രാപ്തമാക്കുക.
രണ്ട്, ഇസ്ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുവരിക. ഒരേ സമയം മുന്നോട്ടും പിന്നോട്ടുമുള്ള നടത്തം, ഇതാണ് മുസ്ലിം നവോത്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങൾ. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഇവയിലേതെങ്കിലുമൊന്ന് കയ്യൊഴിച്ചാൽ മുസ്‌ലിം നവോത്ഥാനം പരിപൂർണ്ണമകുന്നില്ല. എന്നാൽ ഖുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങളിലേക്ക് സമുദായം മടങ്ങുന്നതോടുകൂടി ഭൗതിക രംഗത്ത് മുന്നേറാനുള്ള ഊർജ്ജവും പ്രചോദനവും ആ പ്രമാണങ്ങളിൽ നിന്ന് ലഭിക്കുമെന്നത് മറ്റൊരു കാര്യമാണ്.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നിന്നും

കേരള മുസ്ലിം നവോത്ഥാനത്തിന് അടിത്തറ പാകിയ സയ്യിദ് ഥനാഉല്ലാഹ്‌ മഖ്ദി തങ്ങൾ, വക്കം അബ്ദുൽ ഖാദിർ മൗലവി, കെ എം സീതി സാഹിബ്, കെ എം മൗലവി തുടങ്ങിയവർ മുതൽ എൻ വി അബ്ദുസ്സലാം മൗലവി വരെയുള്ളവർ ഈ രണ്ട് മാർഗങ്ങളെയും ഒരു പോലെ സമന്വയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. ഇവ രണ്ടും സംയോജിപ്പിച്ച് കൊണ്ടുപോകുവാൻ അസാധാരണമായ സർഗശേഷി ആവശ്യമാണ്. അവർ ഒരു വശത്ത് സമുദായത്തിനകത്ത് കടന്നുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൗരോഹിത്യവുമെല്ലാം ഖുർആനും സുന്നത്തുമുപയോഗിച്ച് എതിർത്തു. അതിന്റെ പേരിൽ സമുദായത്തിനുള്ളിൽ നിന്ന് പല രീതിയിലുള്ള എതിർപ്പുകളും പീഡനങ്ങളും നേരിട്ടുവെങ്കിലും ആ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല.
അതേ സമയം മറുവശത്ത് സമുദായത്തിന്റെ ഭൗതികമായ വളർച്ചക്ക് നിദാനമാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ആശയങ്ങളും പദ്ധതികളും രൂപകൽപന ചെയ്യാനും അവർ മറന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ മുസ്ലിം നവോത്ഥാന നായകരുടെ പേരുകൾ ചേർക്കാതെ കേരളത്തിന്റെ സാമൂഹ്യ പരിണാമ ശൃംഘല വരയ്ക്കുവാൻ കഴിയില്ല.

? എഴുത്തിലാണ്‌ താങ്കൾ കൂടുതൽ ശ്രദ്ധിച്ചത്‌. കാരണം?

-രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമതായി, വായനയും എഴുത്തും എന്റെ പ്രധാനപ്പെട്ട പാഷൻസ് ആണ്. അതിനുവേണ്ടിയാണ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മാറ്റിവെക്കാൻ ഇഷ്ടപ്പെടുന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അവ രണ്ടുമാണ്. ഇംഗ്ലീഷിലും ഉറുദുവിലും മലയാളത്തിലുമുള്ള പുസ്തകങ്ങളാണ് വായനക്ക് വഴങ്ങുക. ഇപ്പോൾ ആരോഗ്യപരമായ ക്ഷീണം കൊണ്ട് ഏകാഗ്രത നഷ്ടപ്പെടുന്നതിൽ ചെറിയ വിഷമമുണ്ടെങ്കിലും പരമാവധി വായിക്കാൻ ശ്രമിക്കും.

രണ്ടാമതായി, മുസ്ലിം സമുദായം വൈജ്ഞാനികമായി വളർന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗിന്റെ ദർശനവും ദൗത്യവും അഭ്യസ്തവിദ്യരായ പുതുതലമുറയിലേക്ക് എത്തിച്ചുകൊടുക്കാൻ പറ്റിയ സാഹിത്യം ആവശ്യമാണ്‌. ബൗദ്ധികമായി സമ്പുഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിനെ അഡ്രസ് ചെയ്യാൻ ഏറ്റവും മികച്ച മാർഗം തൂലിക തന്നെയാണ്.

? മുസ്‌ലിം ലീഗ്‌ ഇപ്പോൾ കേരളത്തിൽ വളരെ ശക്തമായ ഒരു സംഘടനയാണ്‌. ഇതിൽ വലിയൊരു വിഭാഗം യുവാക്കളും വിദ്യാർത്ഥികളും ആണ്‌. പുതിയ കാലത്ത്‌ എന്തായിരിക്കണം ഈ മനുഷ്യവിഭവശേഷിയുടെ അജൻഡ?

– സമുദായത്തിന് പൊളിറ്റിക്സ് ആവശ്യമാണ്. മുസ്ലിം സമുദായത്തിന്റെ പൊളിറ്റിക്സിന് രണ്ടു മുഖങ്ങളുണ്ട്. ഒന്ന്, ജീവിക്കുന്ന രാജ്യത്തിനും അതിന്റെ വളർച്ചക്കും വേണ്ടിയുള്ള പ്രവർത്തനം. രണ്ട്, ആഭ്യന്തരമായി മുസ്ലിം സമുദായത്തെ വളർത്തിക്കൊണ്ടുവരാനുള്ള പരിശ്രമം. ഇവിടെയുള്ള മതേതര പാർട്ടികൾ സാധാരണ പൊളിറ്റിക്സ് ഉപയോഗിക്കുന്നത് ഒന്നാമത്തെ കാഴ്ചപ്പാടിൽ ഊന്നിനിന്നുകൊണ്ടാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കാര്യമെടുക്കുക. ഇൻഡ്യയുടെ മൊത്തത്തിലുള്ള വികസനവും വളർച്ചയുമാണ് അവരുടെ ലക്ഷ്യം. അതിന്റെ പ്രയോജനം കൂടുതലൊന്നും മുസ്ലിം സമുദായം പോലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കണമെന്നില്ല.
അതിനാൽ സമുദായത്തിനു വേണ്ടിയുള്ള പ്രവർത്തനം വേറെ നടത്തി അതും ഇതും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയണം. അവിടെ സമുദായത്തിന്റെ രാഷ്ട്രീയ ബോധവും രാജ്യത്തിന്റെ രാഷ്ട്രീയ ബോധവും ഒന്നാവുകയാണ് ചെയ്യുന്നത്. അതാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ദർശനം.

സമുദായ പുരോഗതിയെയും രാജ്യപുരോഗതിയെയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കാണാൻ മുസ്ലിം ലീഗുകാർക്ക്‌ സാധിക്കണം. സമുദായത്തിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധിച്ചാൽ അത് ഒരു തരം എക്സ്ക്ലൂസീവ് പദ്ധതി ആവുകയും പിന്നീട് തീവ്രവാദമായി പരിണമിക്കുകയും ചെയ്യും. മുസ്ലിം ലീഗുകാരന്റെ പേർസ്പെക്റ്റീവ് എപ്പോഴും മൊത്തം സമൂഹത്തിന്റെ വളർച്ചയാവണം. സമൂഹത്തിന്റെ വളർച്ചയില്ലെങ്കിൽ സമുദായത്തിന്റെ വളർച്ചയും ഉണ്ടാവില്ല. അതിനാൽ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഈ ബോധത്തോടെയാണ് ലീഗ് ആക്റ്റിവിസത്തിലേക്ക് ഒരാൾ കാലെടുത്ത് വെക്കേണ്ടത്.

? മുസ്‌ലിം ലീഗ്‌ വർഗീയ പാർട്ടിയാണെന്ന, സംഘടനയുടെ ചരിത്രത്തോളം പഴക്കമുള്ള, ആരോപണം ഇപ്പോഴും കേരളത്തിന്റെ തെരുവോരങ്ങളിൽ വരെ മുഴങ്ങുന്നു. എങ്ങനെയാണ്‌ പ്രവർത്തകർ ഇതിനെ അഭിമുഖീകരിക്കുക?

– ഇത്തരം അർത്ഥശൂന്യമായ വാദങ്ങൾക്ക് ലളിതമായി മറുപടി കൊടുക്കാൻ ഞാൻ സ്വീകരിക്കുന്ന രീതി, മുസ്ലിം ലീഗിനെതിരെ വർഗീയതയാരോപിക്കുന്നവർ വർഗീയതയെ എങ്ങിനെ നിർവചിക്കുന്നു എന്ന് തിരിച്ചുചോദിച്ചുകൊണ്ടാണ്. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ഒരു സമുദായത്തെ ഒരുമിച്ചുകൂട്ടുക, അവർക്ക് വളരാനും ഉയരാനുമുള്ള മണ്ണ് പാകപ്പെടുത്തുക, അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച് അവ നേടിക്കൊടുക്കുക, ദേശീയോദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിക്കുക, അതിനു വേണ്ടി സമുദായത്തെ പ്രചോദിപ്പിക്കുക, വർഗീയത കടന്നുവരാനുള്ള എല്ലാ പഴുതുകളും അടക്കുക ഇതൊക്കെയാണ് കാലങ്ങളായി മുസ്ലിം ലീഗ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വർഗീയതയാണോ? മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോറലേൽപ്പിക്കാതെ സ്വന്തം സമുദായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ ‘വർഗീയത’ എന്ന് ആരോപിക്കുന്നത് കേവലം കണ്ണച്ച് ഇരുട്ടാക്കലായി കണ്ടാൽ മതി. പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ വർഗീയതയുടെ ഒരു ലാഞ്ചനയെങ്കിലും കാണിച്ചുതരാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ? അതേ സമയം ലീഗിനെതിരെ വർഗീയത ആരോപിക്കുന്ന ഇടതുപക്ഷത്തടക്കമുള്ള സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദു വർഗീയ മുഖം പുതിയ കാലത്ത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.

സർ സയിദ് അഹ്മദ് ഖാൻ

? ഉത്തരേന്ത്യയിലെ കൊളോണിയൽ കാല മുസ്ലിം രാഷ്ട്രീയത്തെകുറിച്ച് വിശദമായി പഠിച്ച മലയാളി ചരിത്രകാരനാണ് എം ഐ തങ്ങൾ. സർ സയ്യിദ്‌ അഹ്‌മദ്‌ ഖാനെ കുറിച്ച്‌ സംസാരിക്കാമോ?

-1700കൾ മുതൽക്കുള്ള ഇൻഡ്യയിലെ മുസ്ലിംകളുടെ മഹത്തായ രാഷ്ടീയ ഇടപെടലുകളെ കുറിച്ചുള്ള പുസ്തകങ്ങൾ കുറവാണ്. മുസ്ലിംകളുടെ വേരുകൾ ഇൻഡ്യൻ മണ്ണിന്റെ ഉപരിതലത്തിലല്ല പതിഞ്ഞു കിടക്കുന്നത്, മറിച്ച് ആഴത്തിൽ തന്നെയാണെന്ന് മലയാളികളെയെങ്കിലും അറിയിക്കുക എന്ന ആഗ്രഹമാണ് ഇവ്വിഷയകമായ എഴുത്തുകൾക്ക്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കുന്നത്‌ അങ്ങനെയാണ്‌.

സ്വാതന്ത്ര്യസമരപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിം സമുദായത്തിന് പഴയ പ്രതാപം തിരിച്ചുകൊടുക്കാൻ മോഡേൺ എഡ്യുക്കേഷനും മോഡേൺ പൊളിറ്റിക്സിനും മാത്രമേ സാധിക്കുകയുള്ളൂവെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് സർസയ്യിദ്.
ആധുനിക ലോകക്രമത്തിൽ സകലമാന വ്യവഹാരങ്ങൾക്കും ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം മുസ്ലിംകൾ രാഷ്ടീയമായി ഒരു ശക്തിയായി മാറണം എന്നും സർസയ്യിദ് ആഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാവണം ഈ മാറ്റമുണ്ടാകേണ്ടത്; എങ്കിലേ അത് ഫലപ്രദമാകൂയെന്നും അദ്ദേഹം കരുതി. ഇതിനുവേണ്ടി സർ സയ്യിദ് പ്രവർത്തനമാരംഭിച്ചുവെങ്കിലും അതിന്റെ ഫലം അനുഭവിക്കാനായപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, മുസ്ലിം ലീഗിന്റെ ചരിത്രം വിവരിക്കുമ്പോൾ പലരും സർസയ്യിദിൽ ആയിരിക്കും എത്തി നിൽക്കുക. എന്നാൽ സർ സയ്യിദ് തന്റെ ചിന്തകൾക്ക് ആധാരമായി സ്വീകരിച്ചത് ശാവലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കാഴ്ചപ്പാടുകളായിരുന്നു. ശാ സാഹിബിന്റെ മദ്‌റസതുർറഹീമിയ്യയുടെ ഉൽപന്നമാണ് യഥാർത്ഥത്തിൽ സർസയ്യിദ്. അതിനാൽ മുസ്ലിം ലീഗിന്റെ ദാർശനിക അടിത്തറ ശാവലിയുല്ലാഹ്‌ ആണെന്നും പറയാം.

അല്ലാമാ ഇഖ്ബാൽ

? സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ ചരിത്രം പലർക്കും അസ്വസ്ഥജനകമാകുന്നതിന്‌ ഒരു കാരണം മുഹമ്മദലി ജിന്ന ആണ്‌. ജിന്നയെയും പാക്കിസ്ഥാൻ രൂപീകരണത്തെയും ഒരു മുസ്ലിം ലീഗുകാരൻ എന്ന നിലയിൽ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

– 1930ൽ മുസ്ലിം ലീഗിന്റെ അലഹബാദ് കോൺഫറൻസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ A Muslim India within India എന്ന ഒരു ആവശ്യം ഉന്നയിച്ചു. ഇതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ജിന്നയോട് അഭിപ്രായം ചോദിച്ചപ്പോൾ ജിന്നയുടെ പ്രതികരണം “Iqbal is poet, poets are dreamers “(ഇഖ്ബാൽ ഒരു കവിയാണ്, കവികളെല്ലാം സ്വപ്ന ലോകത്ത് ജവിക്കുന്നവരാണ്) എന്നായിരുന്നു. ഇവിടെ പ്രത്യേക രാജ്യം വേണമെന്നല്ല ഇഖ്ബാൽ ആവശ്യപ്പെട്ടത്. മറിച്ച് മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഒരു പ്രദേശം ഇൻഡ്യയിൽ വേണമെന്നായിരുന്നു. എന്നാൽ അതുപോലും അസാധ്യമായൊരു സങ്കൽപം മാത്രമാണെന്നായിരുന്നു ജിന്നയുടെ വീക്ഷണം. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കൽ അസാധ്യമാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ജിന്നാ സാഹിബെന്ന് മനസിലാക്കുവാൻ വേണ്ടിയാണ് ഞാനീ ഉദാഹരണം സൂചിപ്പിച്ചത്.

ഇൻഡ്യാ വിഭജനത്തെ കുറിച്ച് ചരിത്രത്തിലെ പല സംഭവങ്ങളും മൂടിവെച്ച് ജിന്നാ സാഹിബിനെ പ്രതിയാക്കുന്ന വിധത്തിലാണ് സ്കൂളുകളിൽ പോലും പഠിപ്പിക്കപ്പെടുന്നത്. എന്നാൽ 1930 മുതൽ 1947 വരെയുള്ള ഇൻഡ്യൻ രാഷ്ടീയ ചരിത്രം വ്യക്തമായും വസ്തുനിഷ്ഠമയും പഠിച്ച ഒരാൾക്കും ജിന്നയാണ് വിഭജനത്തിന്റെ ഉത്തരവാദിയെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല, തീർച്ച. ഇൻഡ്യൻ രാഷ്ടീയത്തിൽ ഒരു മുസ്ലിം നേതാവിന്റെ ഉയർച്ചയിലുള്ള ദേശീയ പ്രസ്ഥാനത്തിലെ ചിലരുടെ പേടിയുടെ ഉൽപ്പന്നമാണ് വിഭജനം എന്നാണ് എന്റെ വായനയിൽ നിന്നു ഞാൻ എത്തിച്ചേർന്ന നിഗമനം.

ജിന്നാ സാഹിബിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ ആണ്‌ ഇപ്പോൾ ഞാൻ. മുക്കാൽ ഭാഗവും എഴുതിത്തീർന്നു. ജിന്നയെക്കുറിച്ചും വിഭജനത്തെ കുറിച്ചുമുള്ള മിഥ്യാധാരണകളെ ചരിത്രം ഉദ്ധരിച്ച് നിരാകരിക്കാൻ ഉള്ള ഒരു ശ്രമം. അതിന്റെ പൂർത്തീകരണത്തിന് നിങ്ങളുടെയൊക്കെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.

കെ. എം സീതി സാഹിബ്

? ഇൻഡ്യൻ മുസ്ലിമിന്റെ രാഷ്ടീയ നിലപാടെന്തായിരിക്കണമെന്നതിനെക്കുറിച്ച് മുസ്ലിം ലീഗ് അവതരിപ്പിച്ച സങ്കൽപ്പത്തെ നിരാകരിക്കുകയും ലീഗ്‌ പ്രവർത്തനം ഫലത്തിൽ ബഹുദൈവാരാധനയാണെന്ന് നിരീക്ഷിക്കുകയും അതല്ല യഥാർത്ഥത്തിലുള്ള ഇസ്ലാമിക രാഷ്ട്രീയം എന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മുസ്ലിം ലീഗിനെതിരെ ഉണ്ടായ വളരെ പ്രധാനപ്പെട്ട, മതപരമായ, സൈദ്ധാന്തികമായ വിമർശനം ആയിരുന്നു ഇത്‌. കേരളത്തിൽ ലീഗ്‌ പക്ഷത്തുനിന്ന് ജമാഅത്തെ ഇസ്ലാമിയെ കൗണ്ടർ ചെയ്യാൻ ശ്രമിച്ചവരിൽ ഒരാൾ താങ്കൾ ആണ്‌…

– ജീവിക്കുന്ന നാട് ഏതാണെന്ന് തിരിച്ചറിയാതിരിക്കുക, പറയുന്ന ആശയം ഏത് രാജ്യത്താണ് പ്രവർത്തികമാക്കേണ്ടത് എന്ന് മനസ്സിലാകാതിരിക്കുക എന്നിവയാണ് ജമാഅത്തെ ഇസ്ലാമിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങൾ. മുസ്ലിംകൾ ന്യൂനപക്ഷമുള്ള ഇൻഡ്യയിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഒരു കാലത്തും നടപ്പിലാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാൻ നമുക്കു സാധിക്കുകയില്ല.
മുസ്ലിംകൾ മാത്രമുള്ള രാജ്യത്ത് പോലും അവരുടെ ആശയങ്ങൾ സൈദ്ധാന്തികമായി മാത്രമേ വ്യവഹാരത്തിൽ വരൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് പ്രായോഗികമായും ഫലത്താവുമെങ്കിൽ ഈജിപ്തിലും തുനീഷ്യയിലുമെല്ലാം ഇസ്‌ലാമിസ്റ്റുകൾക്ക്‌ അധികാരം കിട്ടിയപ്പോൾ അത് നടക്കേണ്ടതായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ സംഭവിച്ചത്‌.

പോപ്പുലർ ഫ്രന്റ്‌ തുടങ്ങിയ തീവ്രവാദികളുടെ ഏറ്റവും വലിയ ആശയ സ്രോതസ്സ്‌ ജമാഅത്തെ ഇസ്ലാമിയാണ്.
മുസ്ലിം ലീഗിലെ ചെറിയ ആന്തരിക പ്രശ്നങ്ങൾ ഊതിവീർപ്പിക്കുകയല്ലാതെ കാമ്പുള്ള ഒരു വിമർശനവും ലീഗിനെതിരിൽ ജമാഅത്ത് ഇതുവരെ ഉന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല.
മതരാഷ്ട്രവാദവുമായി കടന്നുവന്ന അവർ ഇപ്പോൾ ഒരു മതേതര രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചതുകൊണ്ടൊന്നും ജനാധിപത്യമാർഗത്തിൽ ഗുണപരമായ മാറ്റത്തിന് അവർ തയ്യാറായി എന്ന് വിലയിരുത്താൻ ആകില്ല. മുൻനിലപാട് തെറ്റാണെന്ന് ബോധ്യമായെങ്കിൽ പുതിയ സംഘടന രൂപീകരിക്കുകയല്ല, മറിച്ച് സമുദായത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. അപ്പോൾ മാത്രമേ അത് സമുദായത്തിന് ഗുണകരമാവുകയുള്ളൂ.

എൻ വി അബ്ദുസ്സലാം മൌലവി

? മുജാഹിദ് ആശയമുള്ള മുസ്‌ലിം ലീഗ്‌ സൈദ്ധാന്തികനാണ്‌ എം ഐ തങ്ങൾ. മുജാഹിദും മുസ്‌ലിം ലീഗുകാരനും ആയി നിന്നുകൊണ്ടുള്ള ഈ സാമുദായിക ആക്റ്റിവിസം വരുന്ന താവഴി ഏതാണ്‌?

– കെ എം സീതി സാഹിബ്, എൻ വി അബ്ദുസ്സലാം മൗലവി, കെ എം മൗലവി–ഇവരെല്ലാം ഒരേ സമയം മുജാഹിദ് പണ്ഡിതൻമാരും അതേ സമയം മുസ്ലിം ലീഗിന്റെ കേരളത്തിലെ ശിൽപികളിൽ പ്രധാനികളുമാണ്. അവരുടെ മുജാഹിദ് ആക്റ്റിവിസവും ലീഗ് ആക്റ്റിവിസവും പരസ്പര പൂരകങ്ങളായിരുന്നു.
അതിന് പ്രത്യേക കാരണമുണ്ടായിരുന്നു. ആ കാരണമാണ് ഞാൻ നേരത്തെ പറഞ്ഞത് ; അഥവാ മുസ്ലിം നവോത്ഥാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ പ്രധാനമായും രണ്ട് രൂപത്തിലാണ് ഉണ്ടാവേണ്ടത്. ഒന്ന്, ആധുനിക ലോകത്തിന്റെ വളർച്ചയുടെ തോതനുസരിച്ച് അതുമായി സംവദിക്കാൻ മുസ്ലിം സമൂഹത്തെ പ്രാപ്തമാക്കുക. രണ്ട്, ഖുർആനും സുന്നത്തുമാകുന്ന സ്രോതസ്സുകളിലേക്ക്‌ മുസ്ലിംകളെ മടക്കുക, അങ്ങനെ അവരെ വിശ്വാസപരമായി, കർമ്മപരമായി, ധാർമികമായി സംസ്കരിക്കുക. നേരത്തെ പറഞ്ഞ കെ എം സീതി സാഹിബ്, കെ എം മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയവർ കേരള മുസ്ലിം നവോത്ഥാനത്തിനു വേണ്ടി അതിയായി പരിശ്രമിച്ചവരായിരുന്നു. അതിനാൽ തന്നെ മുകളിൽ പറഞ്ഞ രണ്ട് വിധത്തിലും സമുദായത്തിൽ ഇടപെടാൻ അവർ ശ്രമിച്ചു.

ഒന്നാമത് പറഞ്ഞ പ്രവർത്തനത്തിന് അവർ സ്വീകരിച്ച പ്ലാറ്റ്ഫോം മുസ്ലിം ലീഗ്‌ ആയിരുന്നുവെങ്കിൽ രണ്ടാമത്തേതിന് അവർ സ്വീകരിച്ചത് മുജാഹിദ്‌ പ്രസ്ഥാനത്തെയാണ്.
കേരള മുസ്ലിം നവോത്ഥാനത്തിന് നിദാനമായത് മുസ്ലിം ലീഗും മുജാഹിദ് പ്രസ്ഥാനവും പരസ്പര പൂരകങ്ങഓയി പ്രവർത്തിച്ചതാണെന്ന് ഇതിൽ നിന്നു മനസിലാക്കാം. അതിനാൽ, കേരളീയ മുസ്ലിംകൾ ഒരു ‘ഖൈറു ഉമ്മത്ത്’ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഞാൻ മുസ്ലിം ലീഗ് – മുജാഹിദ് ആശയം ഒരുപോലെ സ്വീകരിക്കുന്നു.

എ പി അബ്ദുൽ ഖാദിർ മൌലവി

? താങ്കളുടെ അയൽവാസി ആയിരുന്ന, മരണപ്പെട്ടുപോയ പ്രമുഖ മുജാഹിദ്‌ പണ്ഡിതൻ എ പി അബ്ദുൽ ഖാദിർ മൗലവിയെ കുറിച്ച്?

– എന്റെ ഉറ്റമിത്രമായിരുന്നു എ പി. എന്റെ എല്ലാ പ്രശ്നങ്ങളും കേൾക്കുകയും പരിഹാരങ്ങൾ നൽകുകയും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ചലനങ്ങളും ഞാനദ്ദേഹവുമായി പങ്കുവെച്ചിരുന്നു. എത്രത്തോളമെന്നു വെച്ചാൽ ഞങ്ങളുടെ ഇരുവരുടെയും നാടായ പത്തപ്പിരിയത്തിനപ്പുറം മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിച്ചാൽ പോലും ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു.

തയ്യാറാക്കിയത്‌: നാസിം പൂക്കാടഞ്ചേരി


mm

Admin