മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 1)
27 September 2019 | Study
മുഹമ്മദ് അലി ജിന്നയുടെ മരണത്തിന് എഴുപത്തൊന്നാണ്ട് തികഞ്ഞു. ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വർഷങ്ങളിൽ കയ്യാളിയ ചരിത്രപുരുഷന്റെ ജീവിതം, മിക്കവാറും പാക്കിസ്ഥാൻ രൂപീകരണത്തിന് അകമ്പടിയായുണ്ടായ മാനുഷിക ദുരിതങ്ങളുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര ഇൻഡ്യൻ ദേശരാഷ്ട്രത്തിൽ ഓർമ്മിക്കപ്പെടുന്നത്. മുസ്‌ലിം സാമുദായിക രാഷ്ട്രീയം ‘ദേശീയത’യുടെ പ്രതിലോമ പ്രതിപക്ഷമായ ‘വർഗീയത’യാണെന്നും അതിന്റെ സ്വാഭാവികമായ പര്യവസാനമാണ് സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ഉണ്ടായ കലാപങ്ങളും പലായനങ്ങളുമെന്നും വാദിക്കുന്ന ‘മതേതര’ ചിന്തകരും, ‘ഭാരതാംബ’യെ വെട്ടിമുറിച്ച് അതിന്റെ ‘അഖണ്ഡതയെ’ തകർക്കാനുള്ള ‘മുസ്‌ലിം സഹജവാസന’യുടെ അനിഷേധ്യ ദൃഷ്ടാന്തമായി പാക്കിസ്ഥാന്റെ ജന്മത്തെ വിശദീകരിക്കുന്ന ഹിന്ദുത്വരും വിശകലനങ്ങളിൽ ബാക്കിയാക്കുന്ന വില്ലൻ പരിവേഷത്തിനപ്പുറത്ത് ജിന്നയിൽ പഠിക്കപ്പെടേണ്ടതും അനുസ്‌മരിക്കപ്പെടേണ്ടതുമായ യാതൊന്നുമില്ലേ? ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രം ഗൗരവതരമായി പരിശോധിക്കുന്നവർക്കൊന്നും ജിന്നയെ ‘വിഭജന’ത്തിന്റെ മാത്രം കളത്തിൽ നിർത്തി എളുപ്പത്തിൽ കടന്നുപോകാൻ കഴിയില്ലെന്നതാണ് വാസ്തവം.
യൂറോപ്യൻ പ്രബുദ്ധതയുടെ ഭാഗമായി വികസിച്ച പടിഞ്ഞാറൻ രാഷ്ട്രീയ ആധുനികത ഏറെക്കുറെ ഒരു ആഗോള പ്രതിഭാസമായി മാറുക കൂടിയാണ് കൊളോണിയലിസം വഴി സംഭവിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന മുസ്‌ലിം രാഷ്ട്രീയാധികാരങ്ങൾ പലതും ബ്രിട്ടീഷ് കടന്നുകയറ്റങ്ങൾ വഴി ശിഥിലമാവുകയും ലിബറൽ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവികളുമായി മുസ്‌ലിം ജനതകൾ മുഖാമുഖം നിൽക്കുകയും ചെയ്ത സവിശേഷമായ ചരിത്രസന്ദർഭം പത്തൊൻപതാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞു. ഇൻഡ്യൻ മുസ്‌ലിംകൾ ഈ പ്രകമ്പനങ്ങൾ ഏറ്റവും ശക്തമായി അനുഭവിച്ച ഒരു വിഭാഗമായിരുന്നു. ബംഗാൾ നവാബുമാരെയും മുഗൾ സാമ്രാജ്യത്വത്തെ തന്നെയും കടപുഴക്കി ‘ബ്രിട്ടീഷ് ഇൻഡ്യ’ നിലവിൽ വരികയും ഉഥ്മാനിയാ ഖിലാഫത്തിന് പ്രവിശ്യകൾ നഷ്‌ടപ്പെടുന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങുകയും ചെയ്ത സവിശേഷമായ കാലസന്ധിയിൽ ഇൻഡ്യയിലെ മുസ്‌ലിം ബുദ്ധിജീവികൾക്ക് കൊളോണിയൽകാല രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുവാൻ കൃത്യമായ ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യം ആവശ്യമുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് ആശയധാരകൾ അതിനായുള്ള പരിശ്രമങ്ങൾ വഴി ബ്രിട്ടീഷ് ഇൻഡ്യയുടെ ചരിത്രത്തിൽ രൂപപ്പെട്ടത് കാണാൻ കഴിയും.
ബ്രിട്ടീഷ് രാജിനെതിരെ ശക്തമായ ചെറുത്തുനിൽപാണ് മുസ്‌ലിം ഇൻഡ്യ നടത്തിയത്. ദേശീയ പ്രസ്ഥാനം എന്ന ഒന്ന് വിഭാവനം ചെയ്യപ്പെട്ടിട്ടുപോലുമില്ലാത്ത കാലത്താണ് ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ ജിഹാദ് പ്രസ്ഥാനമുണ്ടാകുന്നത്. സയ്യിദ് അഹ്‌മദും ശാഹ് ഇസ്‌മാഈലും സംഘടിപ്പിച്ച സായുധ പോരാട്ടത്തിന്റെ തുടർച്ച തന്നെയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിലും ഖൈറാബാദി മുതൽ താനേശ്വരി വരെയുള്ളവരുടെ ധീരസംഘട്ടനങ്ങളിലുമെല്ലാം ദൃശ്യമായത്. ആഗോളതലത്തിൽ തന്നെ ഈ മുന്നേറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ഇൻഡ്യൻ മുസ്‌ലിംകളുടെ കൊളോണിയൽ വിരുദ്ധ സായുധ സമരങ്ങളിൽ നിന്ന് ആവേശം എടുത്തും അതിലേറെ അവയിലേക്ക് തിരിച്ചുകൊടുത്തും ആണ് സയ്യിദ് ജമാലുദ്ദീനുൽ അഫ്ഗാനി തന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുസ്‌ലിം ലോകത്ത് പ്രചരിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. നാലോളം തവണ ഇൻഡ്യ സന്ദർശിക്കുകയും അൽ ഉർവതുൽ വുഥ്ഖാ എന്ന തന്റെ ആനുകാലികത്തിലെ ലേഖനങ്ങളിലൂടെയും നിരവധി ലഘുലേഖകളിലൂടെയും സമകാലീനരായ വടക്കേ ഇൻഡ്യൻ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിട്ടുള്ള അഫ്ഗാനി പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ അതിശക്തമായ സ്വാധീനമാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ചെലുത്തിയത്. അഫ്ഗാനിയുടെ നിലപാടുകൾക്കുചുറ്റും അനുഭാവപൂർവം നിലയുറപ്പിച്ച മുസ്‌ലിം ബുദ്ധിജീവികളാണ് നേരത്തെ സൂചിപ്പിച്ച രണ്ട് ധാരകളിൽ ഒന്നാമത്തേതിന് ചുക്കാൻ പിടിച്ചത്.
അഫ്ഗാനിയുടെയും അദ്ദേഹത്തിൽ ആകൃഷ്ടരായവരുടെയും സാമ്രാജ്യത്വവിരുദ്ധ സമരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. ലോക രഷ്ട്രീയ ഘടന തന്നെ നവോത്ഥാനാനന്തര യൂറോപ്യൻ സങ്കൽപങ്ങൾക്കനുസൃതമായി അടിമുടി അഴിച്ചുപണിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാൽ പുതിയ ലോകക്രമത്തിൽ എങ്ങനെ അതിജീവിക്കണമെന്നതിനെ സംബന്ധിച്ച യാഥാർത്ഥ്യബോധത്തോടെയുള്ള ആലോചനകൾ കൂടി സാമ്രാജ്യത്വത്തിന്റെ അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം മുസ്‌ലിംകൾ നടത്തേണ്ടതുണ്ടെന്ന കാര്യത്തെ അത് വേണ്ടത്ര പരിഗണിച്ചില്ല. ഒരു ആഗോള ഖിലാഫത്തിന്റെ പുനസ്ഥാപനം എന്ന കാൽപനിക സ്വപ്നത്തെ ഉഥ്മാനീ ഭരണത്തിന്റെ നഷ്ടപ്രതാപത്തിന്റെ പടവുകളിലിരുന്ന് ഉയർത്തിപ്പിടിക്കുകയും മുസ്‌ലിംകളെ ചെറു ദേശരാഷ്ട്രങ്ങളിൽ ചിതറിക്കിടക്കുന്നവരാക്കാനുള്ള സാമ്രാജ്യത്വ ചരടുവലികൾക്കെതിരിൽ സമരം ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്ത അഫ്ഗാനിയുടെ ‘പാൻ ഇസ്‌ലാമിസ്റ്റ്’ പ്രസ്ഥാനം, ലോകത്തിന്റെ ഘടികാര ദിശ തങ്ങളാഗ്രഹിക്കുന്നതിന്റെ വിപരീതമായാണ് അപ്പോൾ നിലകൊണ്ടിരുന്നത് എന്ന സത്യത്തെ വേണ്ടത്ര ഉൾകൊള്ളുന്നതിൽ പരാജയപ്പെട്ടു. മുസ്‌ലിം ലോകത്തുടനീളം കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകളെ ജ്വലിപ്പിക്കുന്നതിൽ സ്തുത്യർഹമായ സംഭാവനകളർപ്പിച്ച ‘അഫ്ഗാനി ക്യാമ്പ്’ പക്ഷേ മുസ്‌ലിംകൾ പിന്നിലേക്ക് നോക്കുന്നതിനൊപ്പം മുന്നിലേക്കുകൂടി നോക്കേണ്ടതുണ്ടെന്ന് ഓർത്തില്ലെന്ന് ചുരുക്കം.
അഫ്ഗാനിയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ എതിർത്തുകൊണ്ടാണ് രണ്ടാമത്തെ ധാര ഇൻഡ്യൻ മുസ്‌ലിംകൾക്കിടയിൽ വളർന്നുവന്നത്. സർ സയ്യിദ് അഹ്‌മദ് ഖാൻ ആയിരുന്നു ഈ മുന്നേറ്റത്തിന്റെ മുഖ്യശിൽപി. സർ സയ്യിദ് വാദിച്ചത് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിലവിൽ വരുന്ന വിവിധ തരം ഭരണവ്യവസ്ഥകളുടെ പ്രജകളായി ജീവിക്കാൻ മുസ്‌ലിംകൾക്ക് മതപരമായ തടസ്സങ്ങളില്ലെന്നിരിക്കെ ലോകമുസ്‌ലിംകൾ ഒരു ഖലീഫക്ക് കീഴിൽ ഏകോപിക്കപ്പെടാതിരിക്കുന്നതിൽ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നായിരുന്നു. ആധുനിക പടിഞ്ഞാറൻ ഭരണക്രമങ്ങൾ സ്ഥാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ വ്യവസ്ഥിതിയുടെ സാധ്യതകളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കാൻ മുസ്‌ലിം സമൂഹങ്ങൾ സന്നദ്ധമാകണമെന്നും ഭൗതിക വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും മൂലധനമാണ് ഇതിനുവേണ്ടി സമാഹരിക്കേണ്ടത് എന്നും അദ്ദേഹം നിർദേശിച്ചു. മുഹമ്മദ് ഖാസിമും റശീദ് അഹ്മദും അടക്കമുള്ള പ്രഗൽഭരായ മതപണ്ഡിതന്മാർ മുതൽ അൽതാഫ് ഹുസയ്ൻ ഹാലിയെപ്പോലുള്ള ജനകീയ സാഹിത്യകാരന്മാർ വരെ ശക്തമായി എതിർത്തിട്ടും സർ സയ്യിദ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. കേരളത്തിൽ സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങൾ സർ സയ്യിദ് സ്വീകരിച്ച അതേ കാഴ്ചപ്പാടാണ് പങ്കുവെച്ചത്. ജമാലുദ്ദീൻ അഫ്ഗാനി ഇൻഡ്യയിൽ വന്നപ്പോൾ സർ സയ്യിദിനെ കടുത്ത ഭാഷയിൽ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് പുസ്തകമെഴുതുകയുണ്ടായി. സർ സയ്യിദ് ഇബ്നു തയ്മിയയുടെ മതചിന്തകളാൽ സ്വാധീനിക്കപ്പെട്ട ആളായിരുന്നു. അദ്ദേഹത്തെ എതിർത്തിരുന്ന അഫ്ഗാനിപക്ഷ ഉത്തരേന്ത്യൻ മതപണ്ഡിതന്മാരിൽ മിക്കവരും അദ്ദേഹത്തെപ്പോലെത്തന്നെ ഇബ്നു തയ്മിയയുടെ മതചിന്തകളാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു. എന്നാൽ അവർക്കിടയിൽ മതം അനുശാസിക്കുന്ന ഇൻഡ്യൻ രാഷ്ട്രീയം എന്താണെന്ന വിഷയത്തിൽ അതിശക്തമായ അഭിപ്രായവ്യത്യാസങ്ങളാണ് വളർന്നുവന്നത്.
സർ സയ്യിദിന്റേത് സാമ്രാജ്യത്വ ദാസ്യമാണെന്ന ആരോപണമാണ് അഫ്ഗാനി ഉന്നയിച്ചത്. യഥാർത്ഥത്തിൽ, സാമ്രാജ്യത്വത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി വേണം പ്രതിരോധമെന്ന ദീർഘവീക്ഷണമാണ് സർ സയ്യിദിനെ നയിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും. സർ സയ്യിദിന്റെ നിലപാടുകളോട് വിയോജിച്ച പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും പാരമ്പര്യമാണ് അബുൽകലാം ആസാദിനെപ്പോലുള്ളവരിലൂടെ പിൽകാലത്ത് സജീവമായത്. അവർ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ മാതൃകാപരമായി ഉയർത്തിപ്പിടിച്ചപ്പോഴും ഒരു ജനാധിപത്യ മതനിരപേക്ഷ ഇൻഡ്യയെക്കുറിച്ചാണ്, അല്ലാതെ ഖിലാഫത്തിന്റെ പുനരേകീകരണത്തെക്കുറിച്ചല്ല സംസാരിച്ചത് എന്ന കാര്യം സർ സയ്യിദ് പറഞ്ഞ കാര്യങ്ങളുടെ പൊരുൾ വ്യക്തമാക്കുന്നുണ്ട്. സർ സയ്യിദ് ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് ഉന്നയിച്ച വിമർശനങ്ങളെ പക്ഷേ ആസാദിന് ഉൾകൊള്ളാനായില്ല. കേവലം ബ്രിട്ടീഷ് വിരുദ്ധമായ ഒരു മുന്നണിക്ക് ഇൻഡ്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കഴിയില്ലെന്നും അതിന് മുസ്‌ലിംകൾ രാഷ്ട്രീയമായി സംഘടിച്ച സമ്മർദ്ദശക്തിയായി വളരേണ്ടതുണ്ടെന്നും ആണ് സർ സയ്യിദ് ചൂണ്ടിക്കാണിച്ചത്. സവർണ ഹിന്ദുത്വത്തിന്റെ സൃഗാല പദ്ധതികൾക്ക് കയറിയിരിക്കാനുള്ള കുറേയേറെ പഴുതുകൾ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളിലും കർമ്മപരിപാടികളിലും ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. സർ സയ്യിദിന്റെ ചിന്തകൾ അലിഗഡ് വഴി ഒരു പ്രസ്ഥാനമായിത്തീരുകയും സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്തു.
മുഹമ്മദ് അലി ജിന്ന, സർ സയ്യിദിനെയോ ആസാദിനെയോ പോലെ മതപരമായ ചർച്ചകളും അപഗ്രഥനങ്ങളും കാര്യമായൊന്നും നിർവഹിച്ചത് കാണാനാവില്ല. എന്നാൽ ആധുനിക ലോകത്ത് ആധുനിക രാഷ്ട്രീയ പരീക്ഷണങ്ങൾ വഴി പുരോഗതിയാർജ്ജിക്കാൻ മുസ്‌ലിംകൾക്ക് കഴിയണമെന്ന സർ സയ്യിദിന്റെ സ്വപ്നത്തെ സാക്ഷാൽകരിക്കാനാവശ്യമായ അനുകൂലനങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് മികച്ച ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ച ലോകോത്തര നിലവാരമുള്ള അഭിഭാഷകനും രാജ്യതന്ത്രജ്ഞനുമായിരുന്ന ജിന്നക്ക് ഉണ്ടായിരുന്നത് ജനാധിപത്യ മതനിരപേക്ഷ ക്രമത്തിൽ നിയമവിധേയമായി മുസ്‌ലിം അവകാശങ്ങൾക്കുവേണ്ടി വില പേശാനുള്ള ജ്ഞാനവും പ്രാഗൽഭ്യവും വ്യക്തതയും ആണ്. ആധുനികത ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ആധുനികതയുടെ തന്നെ വ്യാകരണം ഉപയോഗിച്ചായിരിക്കണം എന്ന നിഷ്കൃഷ്ടമായ ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളുടെ ആധാരം.
(തുടരും)