വന്ദേ മാതരത്തിന്റെ മതവും രാഷ്ട്രീയവും
19 June 2019 | Editorial
ഇൻഡ്യയുടെ പാർലമെന്റിൽ എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയ് ശ്രീറാം-വന്ദേ മാതരം വിളികളാൽ മുഖരിതമാക്കാൻ ശ്രമിച്ച ബി. ജെ. പി. പ്രതിനിധികളുടെ നടപടി മോദിയുടെ രണ്ടാം ഘട്ടം രണോത്സുക ഹിന്ദുത്വത്തിന്റെ വസന്തകാലമാക്കാനുള്ള ശ്രമങ്ങളുടെ നാന്ദിയായിരിക്കാം. വന്ദേ മാതരം തന്റെ മതവിശ്വാസത്തിന് വിരുദ്ധമാണെന്നും താൻ അത് ആലപിക്കില്ലെന്നും വ്യക്തമാക്കി സമാജ്‌വാദി പാർട്ടി എം. പി. ശഫീഖുർറഹ്‌മാനും സത്യപ്രതിജ്ഞാ വാചകങ്ങൾക്കുശേഷം ബി. ജെ. പി. ക്കാരുടെ വന്ദേമാതര ആവേശത്തോട് പ്രതികരിച്ച് ‘ജയ് ഭീം, ജയ് മീം, തക്‌ബീർ, അല്ലാഹു അക്ബർ, ജയ് ഹിന്ദ്’ എന്ന് ഒരു ബദൽ മുദ്രാവാക്യം പോലെ വിളിച്ച് അസദുദ്ദീൻ ഉവയ്സിയും ഹിന്ദുത്വ ക്യാമ്പിന്റെ വന്ദേ മാതരം ആർപ്പുവിളികളുടെ മുസ്‌ലിം വിരുദ്ധതയോട് പ്രതികരിക്കാൻ ശ്രമിച്ചത് മാധ്യമശ്രദ്ധ ആകർഷിച്ചതോടെ വിഷയം സജീവ ചർച്ച ആയിരിക്കുകയാണ്.
ഭാരതത്തെ മാതാവായി വിശ്വസിച്ച് വണങ്ങുന്ന വന്ദേ മാതര ഗീതം കാളി (ദുർഗ) ആയാണ് ‘ഭാരതമാതാ’വിനെ സങ്കൽപിക്കുന്നതെന്നും ഭാരതത്തിനുള്ള വണക്കം വഴി കാളീ പൂജയാണ് അതിൽ നിർദ്ദേശിക്കപ്പെടുന്നതെന്നും ഒരുവട്ടമെങ്കിലും പ്രസ്തുത ഗാനം വായിക്കുന്ന ആർക്കും മനസ്സിലാകും. ഭൂമീപൂജയും ദേവീസങ്കൽപവുമൊക്കെ ശുദ്ധ ഏകദൈവാരാധന വിശ്വാസത്തിന്റെ മൗലികാടിത്തറയായ മുസ്‌ലിംകൾക്ക് അസാധ്യമാണെന്ന് അറിയാത്ത ആരെങ്കിലും ഇവിടെയുണ്ടോ? ഇൻഡ്യയിൽ, തീർച്ചയായും, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം മുതൽ ഹിന്ദു രൂപകങ്ങൾ ഉപയോഗിച്ച് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെട്ടവർക്ക് വന്ദേ മാതരം ആവേശം പകർന്നിട്ടുണ്ടാകാം. എന്നാൽ മുസ്‌ലിംകൾക്കുമേൽ അത് അടിച്ചേൽപിക്കപ്പെടുമ്പോൾ നമ്മുടെ ദേശീയത ‘ഇൻഡ്യൻ’ ആകുന്നതിനുപകരം ‘ഹിന്ദു’ ആവുകയാണ് ചെയ്യുന്നത്. അങ്ങനെ ആക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ പാർലമെന്റിൽ അതിനാവശ്യമായ ശബ്ദഘോഷങ്ങൾ സൃഷ്ടിക്കുമ്പോൾ തീർച്ചയായും സൂക്ഷ്മമായ പ്രതിരോധ ജാഗ്രത ആവശ്യമാണ്. മതനിരപേക്ഷവും മതാന്തരവുമായി നിലനിൽക്കേണ്ട ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സവർണ്ണ ഹിന്ദു വിശ്വാസ പശ്ചാതലമുള്ള വന്ദേ മാതര ഗാനത്തെ സംഘടനാ പരിപാടികളിൽ ഉപയോഗിക്കുന്നതിനെ സർവ്വേന്ത്യാ മുസ്‌ലിം ലീഗ് ബ്രിട്ടീഷ് ഇൻഡ്യയിൽ പല തവണ വിമർശവിധേയമാക്കിയിരുന്നു. ‘അല്ലാഹു അക്ബർ’, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നൊക്കെ ഉച്ചരിച്ച് ബ്രിട്ടീഷുകാരോട് പോരാടുകയും സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികൾ ആവുകയുമൊക്കെ ചെയ്ത അനേകായിരം മുസ്‌ലിംകൾ ഇൻഡ്യയുടെ ചരിത്രത്തിൽ ഉണ്ട്. അതുകൊണ്ട് ഇന്നാട്ടിലെ ഹിന്ദുക്കളൊക്കെ ഈ ഇസ്‌ലാമിക വാചകങ്ങൾ ആവർത്തിച്ച് രാജ്യസ്നേഹം തെളിയിക്കണം എന്ന് ആരെങ്കിലും പറയുമോ?
‘വന്ദേ മാതര’ ഗാനം ഉൾപെടുത്തപ്പെട്ടതിന്റെ പേരിൽ പ്രസിദ്ധമായിത്തീർന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവൽ മുസ്‌ലിം ഭരണത്തിനെതിരായ ഹിന്ദു കലാപത്തെയാണ് ആഘോഷിക്കുന്നത്. ഇൻഡ്യയുടെ സ്വാതന്ത്ര്യം മുസ്‌ലിംകളിൽ നിന്നുള്ള ‘വിമോചനം’ വഴിയാണ് സാധ്യമാവുകയെന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഒരു നോവലിനെയും അതിന്റെ കർത്താവിനെയും വഴികാട്ടികളായി പ്രതിഷ്ഠിക്കാൻ നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്കൊന്നും കഴിയില്ല.
പതിനെട്ടാം നൂറ്റാണ്ടു മുതല്‍ക്കുതന്നെ ഇന്‍ഡ്യയിലെ ‘ബ്രിട്ടീഷ് ധൈഷണികത’യുടെ കേന്ദ്രം കൊല്‍ക്കത്തയായിരുന്നു. ബംഗാളിലെ അന്നത്തെ തദ്ദേശീയ ഹിന്ദു ഉപരിവര്‍ഗം ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കം വഴി പാശ്ചാത്യതത്ത്വചിന്തയോട് ആഭിമുഖ്യമുണ്ടായിത്തീര്‍ന്നവരും പഴയ യാഥാസ്ഥിതിക ഹിന്ദുപാരമ്പര്യത്തില്‍ നിന്ന് കുതറിമാറാന്‍ വഴിതേടിക്കൊണ്ടിരുന്നവരുമായിരുന്നു. തങ്ങളുടെ മതത്തെയും സംസ്‌കാരത്തെയും പുതിയൊരു കാഴ്ചപ്പാടില്‍ ആകര്‍ഷകമായി വിശ്ലേഷിച്ചു പഠിച്ച ഇംഗ്ലീഷ് പണ്ഡിതന്‍മാരോട് അവരില്‍ പലര്‍ക്കും ആദരവുണ്ടാവുകയും തങ്ങളുടെ പുതിയ തലമുറയെ ആ ‘തുറസ്സിലേക്ക്’ നയിക്കണമെന്ന് അവര്‍ അദമ്യമായി ആഗ്രഹിക്കുകയും ചെയ്തു. പാരമ്പര്യ ഹിന്ദുക്കള്‍ക്കുപകരം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരും പാശ്ചാത്യാരാധനയില്‍ ഊട്ടപ്പെട്ടവരും ഉല്‍പതിഷ്ണുക്കളുമായ ‘പരിഷ്‌കരണവാദി’ ഹിന്ദുക്കളുടെ വലിയൊരു നിര ബംഗാളില്‍ രൂപപ്പെട്ടുവന്നത് അങ്ങനെയാണ്. കൊല്‍കത്തയില്‍ 1817ല്‍ സ്ഥാപിക്കപ്പെട്ട ഹിന്ദു കോളജും (പില്‍ക്കാലത്ത് പ്രസിഡന്‍സി കോളജ്) 1830ല്‍ സ്ഥാപിക്കപ്പെട്ട സ്‌കോട്ടിഷ് ചര്‍ച്ച് കോളജും ഇത്തരമൊരു തലമുറയെ വാര്‍ത്തെടുത്തതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. 1828ല്‍ രാജാറാം മോഹന്‍ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം പോലുള്ള മതപരിഷ്‌കരണ കൂട്ടായ്മകള്‍ ബംഗാളില്‍ വന്‍ സ്വീകാര്യത നേടിയതിന്റെ ചരിത്ര പശ്ചാതലം ഇതായിരുന്നു.
എന്നാല്‍ വര്‍ധിച്ചുവരുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിന് പകരം പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന ചിന്തയുടെയും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന്റെയും ബീജങ്ങള്‍ ബംഗാള്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വിതച്ചു. 1858ല്‍ പ്രസിഡന്‍സി കോളജില്‍നിന്ന് ബിരുദം കഴിഞ്ഞിറങ്ങിയ കേശബ് ചന്ദ്രസെന്നും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും, സ്‌കോട്ടിഷ് കോളജിൽ നിന്ന് അതേ വർഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കേദര്‍നാഥ് ദത്തും തങ്ങളുടെ ശിഷ്ട ജീവിതം ചെലവഴിച്ചത് പരിഷ്‌കരണത്തില്‍ നിന്ന് പുനരുത്ഥാനത്തിലേക്കുള്ള ഈ പിന്‍മടക്കത്തെ സിദ്ധാന്തവല്‍കരിക്കുവാനാണ്. ഇവരില്‍ ഏറ്റവും പ്രശസ്തന്‍ ബങ്കിംചന്ദ്രയാണ്.
നിലനില്‍ക്കുന്ന ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും ന്യായീകരിക്കുക എന്ന ലളിതമായ പദ്ധതിയായിരുന്നു ബങ്കിം ചന്ദ്രയുടേത്. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒരാള്‍ എന്ന നിലയില്‍ കൊളോണിയല്‍ യുഗത്തില്‍ അതിന് പരമ്പരാഗത ആയുധങ്ങള്‍ മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പാരമ്പര്യത്തിന് ആധുനിക യുക്തിയെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള സംരക്ഷണമൊരുക്കാന്‍ കെല്‍പുള്ള ഭാരതീയ ഗ്രന്ഥങ്ങള്‍ തേടിയുള്ള അന്വേഷണം അദ്ദേഹത്തെ ഗീതയിലാണ് കൊണ്ടുചെന്നെത്തിച്ചത്. ഗീത നല്‍കിയ അനന്തമായ വ്യാഖ്യാന സാധ്യതകള്‍ ബങ്കിംചന്ദ്രക്ക് വലിയൊരു അനുഗ്രഹമായി മാറി. 1882ല്‍ ബംഗാളിലെ ഒരു ഹിന്ദു കുടുംബം ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ ശ്രാദ്ധം നടത്തിയതിനെ അന്ധവിശ്വാസമെന്നും അനാചാരമെന്നും പറഞ്ഞ് വിമര്‍ശിച്ചുകൊണ്ട് ഒരു ക്രിസ്തുമത പ്രബോധകന്‍ പത്രങ്ങളിലെഴുതിയ കത്തുകള്‍ക്ക് ഗീതാവെളിച്ചത്തില്‍ ‘മറുപടി’യെഴുതിക്കൊണ്ടാണ് ബങ്കിം തന്റെ ‘ഗീതാ പൊതുജീവിതം’ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ഗീതാടിസ്ഥാനത്തിലുള്ള ഹിന്ദു പുനരുത്ഥാനമെന്ന ആശയത്തിന്റെ അതിശക്തനായ വക്താവായി അദ്ദേഹം മാറി. ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനമാണ് ഹിന്ദുവിന്റെ ദൗത്യമെന്നും നഷ്ടങ്ങള്‍ പരിഗണിക്കാതെ അതിനുവേണ്ടി പോരാടാനുള്ള ദൈവാഹ്വാനമാണ് ഗീതയെന്നും വാദിച്ച ബങ്കിംചന്ദ്രയുടെ ആശയങ്ങളാണ് പില്‍കാല ഹൈന്ദവ ഷോവിനിസത്തിന്റെ അടിത്തറ നിര്‍മിച്ചത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഹിന്ദു പുനരത്ഥാനത്തിന്റെ ആശയാടിത്തറകള്‍ ബങ്കിം നെയ്തത് മുസ്‌ലിം വിരുദ്ധതയുടെ നൂലുകൾ ഉപയോഗിച്ചാണ്. ബ്രിട്ടീഷ് വിരുദ്ധതയുടെ തീവ്രപ്രതിനിധാനമായി സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച അദ്ദേഹം, ഇസ്‌ലാമിനോടുള്ള വിരോധം വളര്‍ത്താനുപയോഗിച്ചത് കുരിശുയുദ്ധ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടന്നിട്ടില്ലാത്ത ബ്രിട്ടീഷ് എഴുത്തുകാരുടെ ഇസ്‌ലാം വിരുദ്ധ ഗവേഷണങ്ങളായിരുന്നു എന്നത് ഒരു വിരോധാഭാസമായി തോന്നാം. എന്നാല്‍, അദ്ദേഹത്തെ പിന്തുടര്‍ന്ന് ഹിന്ദുവര്‍ഗീയതയുടെ കൊടി പിടിച്ചവരെല്ലാം ആ മാതൃക തന്നെയാണ് പിന്തുടര്‍ന്നത് എന്ന് കാണാന്‍ കഴിയും.
ആധുനിക ഇൻഡ്യയുടെ ഊർജ്ജമാകേണ്ടത് ബങ്കിം ചന്ദ്രയെപ്പോലുള്ളവർ അല്ല എന്ന് ഉറക്കെപറയേണ്ട സമയം ആണിത്. അത് പറയുന്നതിൽ പ്രതിപക്ഷ കക്ഷികൾ പരാജയപ്പെടരുത്. ശഫീഖുർറഹ്‌മാനെ വന്ദേമാതരം മതവിരുദ്ധമാണെന്ന് സൂചിപ്പിച്ചതിന്റെ പേരിൽ രാജ്യദ്രോഹിയെന്ന് വിളിച്ച് വേട്ടയാടി ഹിന്ദുവർഗ്ഗീയതയുടെ ഇഷ്ടം സമ്പാദിക്കാൻ ഉത്തരേന്ത്യൻ മാധ്യമങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഫാഷിസത്തോട് പോരാടാൻ മലയാളി മാധ്യമങ്ങൾക്കാകുമോ എന്ന് കാത്തിരുന്ന് കാണാം.