പ്രിയപ്പെട്ട കെ സി
17 September 2024 | Memoir
(ഇന്ന് മരണപ്പെട്ട പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ കെ. സി. മുഹമ്മദ് മൗലവി മാറഞ്ചേരിയെ ഓർക്കുന്നു.)
അൻസ്വാർ അറബിക് കോളേജിൽ ഡിഗ്രിക്ക്
പഠിക്കുന്ന കാലം. അന്ന് ഞാൻ കോളേജിന്റെ
ക്യാമ്പസ് പള്ളിയിലാണ് ഖുതുബ
നിർവഹിച്ചുകൊണ്ടിരുന്നത്. അൻസ്വാർ
ലൈബ്രറിയിൽ സക്കാത്തുമായി ബന്ധപ്പെട്ട
ഖുതുബ നിർവഹിക്കുന്നതിന് വേണ്ടി
പുസ്തകങ്ങൾ
പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ്
ആദ്യമായി കെ.സി. മുഹമ്മദ് മൗലവി മാറഞ്ചേരി
എന്ന പേര് എൻ്റെ കണ്ണിലുടക്കുന്നത്. അന്ന്
വായനാ ലോകത്തെ ഒരു തുടക്കക്കാരനെന്ന
നിലയിൽ ഈ ഗ്രന്ഥകാരൻ ആരാണെന്നോ അദ്ദേഹം
ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്ക്
വലിയ ധാരണ ഉണ്ടായിരുന്നില്ല.
പിന്നീട് അൻസ്വാറിൽ പഠിക്കുന്നതോടൊപ്പം
തന്നെ വളവന്നൂർ സിറാജുൽ ഇസ്ലാം
മദ്രസയിൽ പ്രധാനാധ്യാപകനായും അവിടുത്തെ
പള്ളിയിൽ ഖത്തീബായും ഇമാമായും
സേവനമനുഷ്ഠിക്കുന്ന സമയത്ത് എം എസ് എം
സിറാജ് എന്ന പേരിൽ ഒരു പ്രാദേശിക എംഎസ്എം
യൂണിറ്റിന് നേതൃത്വം നൽകുകയും, അവിടുത്തെ
പ്രബോധന പ്രവർത്തനങ്ങളിൽ സജീവമാവുകയും
ചെയ്ത സന്ദർഭത്തിൽ, മലപ്പുറം വെസ്റ്റ്
ജില്ലാ എം എസ് എം ജോയിൻ സെക്രട്ടറിയായി
ഞാൻ തിരഞ്ഞെടുക്കപെടുകയും അന്ന് വെസ്റ്റ്
ജില്ലാ കെ എൻ എമ്മിന്റെ പ്രസിഡണ്ടായിരുന്ന
അദ്ദേഹത്തെ മീറ്റിങ്ങുകളിലും
പ്രോഗ്രാമുകളിലുമായി തുടരത്തുടരെ
കണ്ടുമുട്ടാനുള്ള അവസരമുണ്ടാവുകയും
ചെയ്തു.
അന്ന് 70 വയസ്സിൽ കൂടുതൽ
പ്രായമുണ്ടായിരുന്നെങ്കിലും പ്രസംഗ
പീഠത്തിനു മുന്നിൽ നിന്ന് കെ.സി.
സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ
ആശ്ചര്യമായിരുന്നു. നല്ല ഘനഗംഭീരമായ
ശബ്ദത്തിൽ വടിവൊത്ത ഭാഷയിൽ കെ സിയുടെ
സംസാരം ഒരല്പം കൗതുകത്തോടെ ശ്രവിച്ചത്
ഓർമ്മയിൽ തളംകെട്ടി നിൽപ്പുണ്ട്. പിന്നീട്
നേരിട്ട് കാണുമ്പോഴും ഫോൺ മുഖേനയും
സക്കാത്തുമായി ബന്ധപ്പെട്ടും അല്ലാതെയും
ഉള്ള സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹത്തോട്
ചോദിക്കാറുണ്ടായിരുന്നു. വളരെ ലളിതമായി
അതിനെല്ലാം അദ്ദേഹം താല്പര്യപൂർവ്വം
മറുപടി നൽകുകയും ചെയ്തു. അല്ലാഹു
അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കട്ടെ.
താനുമായി അടുപ്പമുള്ളവരുമായി വ്യക്തി
ബന്ധം കാത്തുസൂക്ഷിക്കാൻ കെ സി എന്നും
ശ്രദ്ധിച്ചിരുന്നു. ഒന്നോ രണ്ടോ മാസം
അവരുടെ ഫോൺ കോളുകൾ വരാതിരുന്നാൽ അത്
തന്നെക്കാൾ പ്രായം കൊണ്ട് ചെറിയവർ
ആണെങ്കിലും അങ്ങോട്ട് വിളിച്ചു വിശേഷങ്ങൾ
ആരായുന്ന രീതി അദ്ദേഹത്തിൻ്റെ
പതിവായിരുന്നു. എളിമയും വിനയവും
മുഖമുദ്രയാക്കിയ കെ.സി. ചൈതന്യമുള്ള
നമസ്കാരം, ഇസ്ലാമിലെ വിധിവിശ്വാസം,
പ്രപഞ്ച നാഥൻ യുക്തിയുടെ വീക്ഷണത്തിൽ,
അകലെ ഒരു പൂന്തോട്ടം (ബാലസാഹിത്യം),
ഇരുളിന്റെ ഇന്നലെകളും ഇസ്വ്ലാഹീ
പ്രസ്ഥാനവും തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ
കർത്താവാണ്. കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക
സമിതി അംഗമായും, ദീർഘകാലം യു.എ.ഇ. ഇന്ത്യൻ
ഇസ്ലാഹി സെന്ററിലെ
മദ്രസാധ്യാപകനായും, ഖത്തീബായും അദ്ദേഹം
സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്വത്തർ ഡിഫൻസിൽ
ഉദ്യോഗസ്ഥനായും ദീർഘകാലം ഹജ്ജ് സംഘങ്ങളുടെ
അമീറായും പ്രവർത്തിച്ചിരുന്നു. രണ്ട്
ദിവസങ്ങൾക്ക് മുൻപ് ആഞ്ചിയോപ്ലാസ്റ്റിക്ക്
വിധേയനായി വിശ്രമത്തിലായിരിക്കെ ഹൃദ്രോഗം
അനുഭവപ്പെട്ട് ഇന്ന് കാലത്ത്
മരിക്കുകയായിരുന്നു. അല്ലാഹു അദ്ദേഹത്തിന്
പൊറുത്തു കൊടുക്കുകയും അവൻ്റെ ജന്നാത്തുൽ
ഫിർദൗസിൽ ഉന്നത സ്ഥാനം നൽകി
അനുഗ്രഹിക്കുകയും ചെയ്യട്ടെ.
