Logo

 

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2

22 May 2020 | Essay

By

അറിവില്ലായ്മയുടെയും ഇസ്ലാം വെറുപ്പിൻ്റെയും മിശ്രിതമാണ് നവനാസ്തികത. ആഗോള സാമ്രാജ്യത്വവും തീവ്ര വലതുപക്ഷവും നൽകുന്ന മുസ്ലിം വിരുദ്ധ വംശീയതയെന്ന അന്നമാണ് ഇവരുടെ ഇസ്ലാം വെറുപ്പ് ശക്തിയാർജിക്കുന്നതിനു പിന്നിലുള്ള രഹസ്യം. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിൽ ഇസ്ലാം വെറുപ്പുൽപ്പാദനത്തിൻ്റെ പായയിലെ സഹശയനക്കാരാണ്
സി. രവിചന്ദ്രനും ഇ. എ ജബ്ബാറുമെല്ലാം. സ്വതന്ത്ര ചിന്താ സെമിനാറുകളിലെ വിഷയാവതാരകർ മുതൽ സോഷ്യൽ മീഡിയയിൽ തെറി ട്രോളുകളുമായി ഊരുചുറ്റുന്ന ഫേക്ക് ഐഡികൾ വരെയുള്ളവരുടെ നബി വിദ്വേഷ പ്രചരണങ്ങൾക്കുള്ള ‘റഫറൻസ്’ ഓറിയൻ്റലിസ്റ്റുകൾ എഴുതിവെച്ച നബി വിമർശന പുസ്തങ്ങളാണ്. നബി വിമർശകരോടുള്ള (അവരുടെ മറ്റു നിലപാടുകളോട് വലിയ വിയോജിപ്പുകളുണ്ടെങ്കിലും) അന്ധമായ അനുകരണം, പ്രവാചക ജീവിതത്തിലെ സംഭവങ്ങളെ അത് നടന്ന സ്ഥലകാലങ്ങൾക്കനുസരിച്ച് മനസിലാക്കി അപഗ്രഥിക്കുന്നതിന് പകരം സ്വന്തം യുക്തിക്കും ചുറ്റുപാടിനുമനുസരിച്ച് (ദുർ)വ്യാഖ്യാനിക്കുക, വസ്തുനിഷതയില്ലായ്മ, ഉപരിപ്ലവത എന്നിവയാണ് നബിചരിത്രാഖ്യാനങ്ങളുടെ നവനാസ്തിക രീതിശാസ്ത്രം.
പ്രസ്തുത രീതിശാസ്ത്രം എത്രത്തോളം അവർ പിന്തുടരുന്നുണ്ട് എന്ന് ഇ എ ജബ്ബാർ അടക്കമുള്ളവരുടെ പ്രസംഗങ്ങളും എഴുത്തുകളും ശ്രദ്ധിച്ചാൽ ബോധ്യമാവും.
മുഹമ്മദ്(സ)യുടെ മക്കാജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ എത്രത്തോളം അസംബന്ധമാണെന്ന് കഴിഞ്ഞ ലേഖനത്തിൽ വിശദീകരിക്കുകയുണ്ടായി.

മദീനയിലേക്കുള്ള പ്രവാചക ഹിജ്റ കേവലം പലായനമായിരുന്നില്ല മറിച്ച് വർഷങ്ങൾ നീണ്ടു നിന്ന
കൃത്യമായ ഗൂഢാലോചനയിലൂടെ ഉരുത്തിരിഞ്ഞ സാമ്രാജ്യ സ്ഥാപനത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു എന്ന ഇ എ ജബ്ബാറിൻ്റെ പരാമർശത്തിൻ്റെ വസ്തുതാ വിരുദ്ധതയുടെ ആഴം വ്യക്തമാക്കുകയാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. അതിനു മുമ്പായി ഇസ്ലാമിക വീക്ഷണത്തിലെ ഹിജ്റ എന്തെന്ന്
സംക്ഷിക്തമാക്കണമെന്ന് കരുതുന്നു. ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു സംജ്ഞയാണ് ഹിജ്റ. തെറ്റുകളിൽ നിന്ന് നന്മയുള്ള മനസിലേക്കുള്ള മടക്കം, സ്വദേശം വെടിഞ്ഞു പോവുക എന്നൊക്കെയാണ് ഹിജ്റ കൊണ്ട് വിവക്ഷിക്കുന്നത്. രണ്ടു തരം ഹിജ്റകളുണ്ടെന്ന് ഈ പദത്തിൻ്റെ ആശയത്തിൽ നിന്ന് മനസിലാക്കാം.
മാനസിക ഹിജ്റയും ശാരീരിക ഹിജ്റയുമാണത്. ദൈവഭക്തിയാൽ പാപപങ്കിലമായ ഒരു മനസിൽ നിന്ന് പാപരഹിതമായ മനോതൽപരത്തിലേക്കുള്ള പലായനമാണ് മാനസിക ഹിജ്റ കൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ ജീവിക്കുന്ന നാട്ടിൽ ഇസ്ലാമിക നിയമങ്ങൾ അനുധാവനം ചെയ്യാൻ ഒരു നിലയ്ക്കും സാധ്യമാവില്ലെങ്കിലുള്ള സുരക്ഷിത സ്ഥാനം നേടിയുള്ള യാത്രയാണ് ശാരീരിക ഹിജ്റ. ഇവിടെ ശാരീരിക ഹിജറയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അത് നടത്താൻ പാടുള്ളൂവെന്നും മാനസിക ഹിജറ നടത്താതെയുള്ള ശാരീരിക ഹിജ്റക്ക് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമുണ്ടാവില്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദിവ്യസന്ദേശവുമായി ലോകത്തേക്ക് വന്ന പ്രവാചകൻമാരിൽ പലർക്കും ഹിജ്റ ചെയ്യേണ്ടതായി വന്നിട്ടുണ്ട് എന്നത് ഒരു ചരിത്ര വസ്തുതയാണ്.
ക്വുർആനിൽ പരാമർശിച്ച ഇബ്റാഹീം(അ)(1), മൂസ(അ)(2), യൂനുസ് (അ)(3) തുടങ്ങിയ പല പ്രവാചകൻമാരുടെയും ഹിജ്റ ചരിത്രങ്ങൾ അതിനുദാഹരണമാണ്. പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ്(സ)ക്കും സ്വാഭാവികമായ ആ ഹിജ്റ നിർവഹിക്കേണ്ടിവന്നു.

ഒരു പലായനമായിരുന്നില്ല, പ്രത്യുത
തനിക്കു കീഴിൽ ഒരു സാമ്രാജ്യം നിലവിൽ വരുന്നതടക്കമുള്ള നിഗൂഢമായ ലക്ഷ്യങ്ങൾക്ക് വർഷങ്ങൾ നീണ്ടു നിന്ന ഗൂഢാലോചനയുടെ ഫലമായി ഉണ്ടായ യാത്രയാണ് മുഹമ്മദ് നബി(സ)യുടെ ഹിജ്റയെന്നാണ് ഇ എ ജബ്ബാർ മാഷിൻ്റെ കണ്ടെത്തൽ. ‘തെളിവുകൾ നയിക്കൽ’ ട്രേഡ് മാർക്കാക്കിയ കേരളത്തിലെ സ്വതന്ത്ര ചിന്തക്കാരനായ ജബ്ബാർ മാസ്റ്റർ തൻ്റെ ഈ വാദത്തെ ന്യായീകരിക്കുന്ന തെളിവുകളൊന്നും സൂചിപ്പിക്കാതെ ഒരു ഒഴുക്കൻ മട്ടിൽ പ്രവാചകനെതിരെയുള്ള തൻ്റെ അടുത്ത ആക്ഷേപം ഉന്നയിക്കുകയാണ് പിന്നീട് ചെയ്യുന്നത്.
അത് അല്ലെങ്കിലും അങ്ങിനെയാണല്ലോ! ലോകത്തെ സകലതിനും കാരണങ്ങളും തെളിവുകളും കണ്ടെത്താൻ ശ്രമിക്കുന്ന നാസ്തികർക്ക് പക്ഷേ തങ്ങളുടെ ഇസ്ലാം വിമർശനങ്ങളുടെ സന്ദർഭത്തിൽ പുനഃപരിശോധനകളൊന്നുമില്ലാതെ കേട്ടതെല്ലാം തട്ടിവിടുന്നതിലാണ് താൽപര്യം.

ഇസ്ലാമിക നിയമങ്ങൾ പ്രകാരമുള്ള ജീവിതത്തിനും അതിൻ്റെ പ്രബോധനത്തിനും സ്വാതന്ത്ര്യമുണ്ടാവുക എന്നതിൽ കവിഞ്ഞ് മറ്റു ലക്ഷ്യങ്ങളൊന്നും ഹിജ്റ ക്ക് പിന്നിലുണ്ടായിരുന്നെന്ന് സ്ഥാപിക്കും വിധമുള്ള തെളിവുകളൊന്നും തന്നെ നബിവിമർശകരുടെ പക്കലില്ല.
മുഹമ്മദ് നബി(സ)യുടെ ഹിജ്റ നിഗൂഢ ലക്ഷ്യങ്ങൾ ക്കുവേണ്ടിയായിരുന്നെന്ന് വാദിക്കുന്നയാർക്കും അതിന് ഉപോൽബലകമായ ഒരു തെളിവും കൊണ്ടുവരാൻ സാധിക്കാറില്ല.പ്രവാചക ഹിജ്റ വർഷങ്ങൾ നീണ്ടു നിന്ന ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതാണെന്ന് പറയുന്നവർക്ക് അതിനോട് പൊരുത്തപ്പെടുന്ന ചരിത്ര വസ്തുതകൊളുന്നും കൊണ്ടുവരാൻ കഴിയാറില്ല.
തനിക്കു കീഴിൽ ഒരു സാമ്രാജ്യം നിർമ്മിക്കലായിരുന്നു പ്രവാചക ഹിജ്റയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമെന്ന് തട്ടിവിടുന്നവർക്കും അതിനോട് താദാത്മ്യം പ്രാപിക്കുന്ന ഒരു ചരിത്ര സംഭവവും മുന്നിൽ വെക്കാൻ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം.

ഹിറാഗുഹയിൽ വെച്ച് നടന്ന ജിബ്രീലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി മുഹമ്മദ്(സ) മക്കയിലെ വേദപണ്ഡിതനായിരുന്ന വറക്വത് ബ്നു നൗഫലിനെ സമീപിക്കുന്നുണ്ട്. പ്രവാചകൻ തനിക്കുണ്ടായ പുതിയ അനുഭവത്തെ കുറിച്ച് വറക്വയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി ഇപ്രകാരമായിരുന്നു:
“മുഹമ്മദ്, മോശെ പ്രവാചകൻ്റെ അടുക്കലേക്ക് വന്ന രഹസ്യ സന്ദേശ വാഹനാണ് താങ്കളുടെ അടുത്തേക്കും വന്നത്.മക്കക്കാർ താങ്കളെ പുറത്താക്കുന്ന സമയത്ത് ഞാനൊരു യുവാവായിരുന്നെങ്കിൽ ഞാൻ നിങ്ങളെ സഹായിക്കുമായിരുന്നു “(4). മറുപടി കേട്ട മുഹമ്മദ് (സ) സ്തബ്ധനായി. കാരണം തന്നെ അങ്ങേയറ്റം ആദരിക്കുകയും സത്യസന്ധനായി അംഗീകരിക്കുകയും ചെയ്ത ഈ നാട്ടുകാരാൽ താൻ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യം പ്രവാചകൻ(സ)ക്ക് വിശ്വസിക്കുക അസാധ്യമായിരുന്നു. എന്നാൽ മുൻകാല പ്രവാചകൻമാരുടെ ചരിത്രം പഠിച്ച വറക്വത് ബ്നു നൗഫലിൻ്റെ പ്രവചനം അക്ഷരം പ്രതി പുലരുന്നതായാണ് പിന്നീട് നാം കാണുന്നത്. ഇസ്ലാമികാദർശം വിശ്വസിക്കുകയും പ്രബോധനം നടത്തുകയും ചെയ്തതിൻ്റെ പേരിൽ സമാനതകളില്ലാത്ത ക്രൂരതകളാണ് അവിടുന്ന് ഏൽക്കേണ്ടി വന്നത്.

എല്ലാ രൂപത്തിലുമുള്ള മക്കയിലെ നിലനിൽപ് അസാധ്യമാണെന്ന് വന്നപ്പോൾ പ്രവാചകൻ (സ)മക്കയുടെ പുറത്തുള്ള രാജ്യങ്ങളിൽ അഭയമന്വേഷിക്കാൻ ആരംഭിച്ചു.
ഹജ്ജിൻ്റെ സന്ദർഭത്തിലാണ് ഈ അന്വേഷണം ഊർജ്ജിതമായിരുന്നത്. മക്കക്ക് പുറത്തു നിന്ന് ഹജ്ജിനും ഉംറക്കും വരുന്നവരോട് നബി(സ) ചോദിച്ചു: “എൻ്റെ നാഥൻ്റെ വചനങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ നിന്ന് ഖുറൈശികൾ എന്നെ തടഞ്ഞിരിക്കുന്നു. അതു കൊണ്ട് നിങ്ങളുടെ ജനതയിലേക്ക് എന്നെ കൊണ്ടു പോകുവാൻ ആരെങ്കിലും തയ്യാറുണ്ടോ?(5)

അതേ സമയം പ്രവാചക സമീപത്തുനിന്നുള്ള അബൂലഹബിൻ്റെ സംസാരം: “ജനങ്ങളെ, നിങ്ങൾ നിങ്ങളുടെ മതം കയ്യൊഴിയരുത്. ലാത്ത, ഉസ്സ തുടങ്ങിയ നമ്മുടെ ദൈവങ്ങളെ വെടിയരുത്. ഈ മനുഷ്യൻ കൊണ്ടുവന്ന പുത്തൻ മതത്തിൽ വീണുപോകരുത്”(6).
അബൂലഹബിൻ്റെ ഈ പ്രവർത്തനം തുടർന്നു കൊണ്ടിരുന്നപ്പോൾ പ്രവാചകൻ(സ) ഗോത്രനേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഇസ്ലാമിനെ കുറിച്ചും തൻ്റെ മക്കയിലെ അവസ്ഥയെ പറ്റിയും അവരോട് സംസാരിക്കുകയും തനിക്ക് അഭയം നൽകാൻ അപേക്ഷിക്കുകയും ചെയ്തു. ചിലർ അത് തിരസ്കരിക്കുകയും മറ്റു ചിലർ നിസ്സഹായത അറിയിക്കുകയും ചെയ്തു. പ്രവാചകത്വം ലഭിച്ചതിൻ്റെ പതിനൊന്നാം വർഷം നടന്ന ഹജ്ജിൽ യഥ്രിബിയിൽ നിന്ന് വന്ന ആറംഗ സംഘം പങ്കെടുക്കുകയുണ്ടായി(7). പ്രവാചകൻ(സ) അവരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. യഥ്രിബ് ആഭ്യന്തര ശൈഥില്ല്യങ്ങളാൽ ദുരിതമനുഭവിക്കുന്ന ഒരു കാലമായിരുന്നു അത്. പ്രവാചകൻ (സ) പ്രചരണം ചെയ്യുന്ന തൗഹീദ് (ഏകദൈവരാരാധന) ആന്തരിക സംഘർഷങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന യഥ്രിബുകാരുടെ മനസുകളെ തമ്മിൽ ഐക്യപ്പെടുത്താൻ സാധിക്കുമെന്ന് ആ ആറംഗ സംഘം വിചാരിക്കുകയും അവർ തങ്ങളാൽ കഴിയുന്ന വിധത്തിൽ അവരുടെ നാട്ടിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു(8). അടുത്ത വർഷം നടന്ന ഹജ്ജിൽ യഥ്രിബിൽ നിന്ന് പന്ത്രണ്ട് അംഗങ്ങൾ അടങ്ങുന്ന സംഘം പങ്കെടുക്കുകയും മക്കക്കടുത്ത മിനായിലെ അഖബയിൽ പ്രവാചകനുമായി കൂടിക്കാഴ്ച നടത്തുകയും പ്രവാചകനുമായി ഒരു കരാറിൽ ഏർപ്പെടുകയും ചെയ്തു. അല്ലാഹുവിൽ പങ്ക്ചേർക്കുകയില്ല, മോഷ്ടിക്കുകയില്ല, മറ്റുള്ളവരെ കുറിച്ച് അപവാദം പറയുകയില്ല എന്നിവയൊക്കെയായിരുന്നു പ്രസ്തുത കരാറിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്. ഒന്നാം അക്വബ ഉടമ്പടി എന്ന് ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നത് ഈ സംഭവമാണ്(9).

പിന്നീട് അവർ യഥ്രിബിലേക്ക് തിരിച്ചു പോയപ്പോൾ മിസ്അബ് ബ്നു ഉമൈർ(റ)നെ കൂടെ കൂട്ടി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യഥ്രിബ് ഇസ്ലാമിക പ്രബോധനത്താൽ സജീവമായി. അതു മുഖേന വലിയ ഗോത്രങ്ങൾ ഒന്നാകെ ഇസ്ലാമിലേക്ക് കടന്നു വരുന്ന സ്ഥിതിവിശേഷമുണ്ടായി. അടുത്ത വർഷം നടന്ന ഹജ്ജിന് യഥ്രിബിൽ നിന്ന് ഹജ്ജ് ചെയ്യാനെത്തിയവരിൽ 73 മുസ്ലിംകൾ ഉണ്ടായിരുന്നു. ബറാഅ ബ്നു മഅറൂറിൻ്റെ നേതൃത്വത്തിലുള്ള പ്രസ്തുത സംഘം വീണ്ടും അഖബയിൽ പ്രവാചകനുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. യഥ്രിബിൽ ഇസ്ലാമിനുള്ള സ്വീകാര്യതയും മക്കയിൽ മുഹമ്മദ്(സ) അനുഭവിക്കുന്ന പ്രയാസങ്ങളുമെല്ലാം പ്രസ്തുത കൂടിക്കാഴ്ചയിൽ അവർ ചർച്ച ചെയ്തു. പ്രവാചകൻ(സ)യുടെ സംരക്ഷണം ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണെന്ന് യഥ്രിബുകാർ പ്രഖ്യാപിച്ചു. അതുമായി ബന്ധപ്പെട്ട നീണ്ട ചർച്ചക്കു ശേഷം യഥ്രിബുകാരുടെ പ്രഖ്യാപനം പ്രവാചകൻ അംഗീകരിക്കുകയും അവരുമായി വീണ്ടും ഒരു ഉടമ്പടി നടത്തുകയും ചെയ്തു. ഏത് സാഹചര്യത്തിലും പൂർണമായ അനുസരണം, കഷ്ടപ്പാടിലും സൗകര്യത്തിലും ഒരുപോലെ വ്യയം ചെയ്യുക, നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക, അല്ലാഹുവിൻ്റെ മാർഗത്തിൽ ഉറച്ച് നിൽക്കുക, സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കുന്നത് പോലെ പ്രവാചകന് സംരക്ഷണം നൽകുക എന്നിവയെല്ലാം പ്രധാന വ്യവസ്ഥകളായിരുന്ന പ്രസ്തുത കരാറാണ് രണ്ടാം അഖബ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്(10). ഈ ഉടമ്പടികളെയാണ് ഇ എ ജബ്ബാർ ഗൂഢാലോചന എന്ന് വിശേഷിപ്പിക്കുന്നത്!

മുസ്ലിംകൾ മക്കവിടാൻ തീരുമാനമെടുക്കുന്ന വിവരം പ്രവാചക ശത്രുക്കളെ വല്ലാതെ പ്രകോപിതരാക്കി.
കാരണം മക്കയിൽ നിന്നു കൊണ്ടുള്ള മുഹമ്മദിൻ്റെയും സംഘത്തിൻ്റെയും ആക്റ്റിവിസത്തേക്കാൾ തങ്ങൾക്ക് അപകടമുണ്ടാക്കുക അവരുടെ യഥ്രിബിലേക്കുള്ള പലായനമായിരിക്കുമെന്നുള്ള ബോധ്യമായിരുന്നു.
അതുകൊണ്ടുതന്നെ ഹിജ്റയെ ഏത് വിധേനെയും ഇല്ലാതാക്കാൻ അവർ പരിശ്രമിക്കുകയുണ്ടായി.

സ്വന്തം നാട്ടിൽ ആദർശമനുസരിച്ച് ജീവിക്കാനോ സുരക്ഷ തേടി മറ്റൊരു രാജ്യത്തേക്ക് പോകുവാനോ കഴിയാത്ത ഒരു അവസ്ഥയിലേക്ക് മുസ്ലിംകൾ എത്തിപ്പെട്ടു. എങ്കിലും അസാമാന്യമായ സഹനവും ധൈര്യവും അവലംബിച്ച് അതിലുപരി അല്ലാഹുവിൻ്റെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് വിശ്വാസികൾ യഥ്രിബിലേക്ക് നീങ്ങിത്തുടങ്ങി. ഒടുവിൽ പ്രവാചകനും ഹിജ്റക്കുള്ള അനുവാദം അല്ലാഹു നൽകി(11). പ്രവാചകൻ (സ)ഹിജ്റ ക്ക് വേണ്ടി പുറപ്പെടുന്നതറിഞ്ഞ ശത്രുക്കൾ അത് വിഘ്നപ്പെടുത്താൻ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി. മുഹമ്മദിൻ്റെ തലയെടുക്കുന്നവർക്ക് ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി നൽകാമെന്ന വാഗ്ദാനമുണ്ടായി. എന്നാൽ അവയെയെല്ലാം ധൂളികളാക്കും വിധം ദൈവ സഹായത്താൽ അൽഭുതകരമായി ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് അദ്ദേഹത്തിന് യഥ്രിബിലേക്ക് എത്താൻ കഴിഞ്ഞു.

ഊഷ്മളമായ വരവേൽപായിരുന്നു യഥ്രി ബിൽ പ്രവാചകന് ലഭിച്ചത്.അന്ന് മുതൽ ആ പ്രദേശം മദീനത്തു റസൂൽ(പ്രവാചകൻ്റെ പട്ടണം) ആയി അറിയപ്പെട്ടു. അത് ലോപിച്ചാണ് ഇന്ന് അറിയപ്പെടുന്ന ‘മദീന’ആയി മാറിയത്.
പ്രവാചകൻ്റെ മദീനയിലേക്കുള്ള ഹിജ്റ യെ പറ്റി വായിച്ചാൽ എത്തിച്ചേരുന്ന രത്നച്ചുരുക്കം ഇങ്ങനെയാണ്.
ജബ്ബാർ മാസ്റ്റർ ഉന്നയിച്ച ആരോപണത്തോട് ബന്ധപ്പെടുത്താവുന്ന ഒരു സംഭവവും നബി ഹിജ്റയുടെ ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കുക അസാധ്യമാണ്.
നവനാസ്തിക- ഇസ്ലാമോഫോബിക് കണ്ണട വെച്ച് വായിക്കുന്നവർക്ക് പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം മറ്റൊരു രീതിയിലാണ് കാണുകയെന്ന് മാത്രം.

Ref.

1. ക്വുർആൻ 29:26, 37:97- 100
2. ക്വുർആൻ 26:52-67
3.ക്വുർആൻ 21:87
4.The Sealed Nectar by Safi-ur-Rahman Al-Mubarakpuri, page 88, Revised Edition- January-2002
5.Nasirudhin Al Khattab: English Translation of Sunan Aboo Dawood, Riyad, 2008, vol 5, page 231.
6.മുസ്നദ് ഇമാം അഹ്മദ്- 3/4920
7.Life of the Prophet Muhammad by B Salem Fuad- Page 47, Goodword Books- 2012
8.Ibid, page 48
9.സ്വഹീഹുൽ ബുഖാരി
10.Alfred Guillaume: The life of Muhammad- A translation of Ibn Ishaq’s Sirat Rasul Allah- page 203-204
11.സ്വഹീഹുൽ ബുഖാരി


Tags :


Nasim Rahman