മില്ലി റിപ്പോർട്ടിന് മൂന്ന് വയസ്സ്
30 September 2019 | Editorial
മില്ലി റിപ്പോർട്ട് മൂന്നു വർഷം പിന്നിടുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ യാത്രയെ എളുപ്പമാക്കിത്തന്ന അല്ലാഹുവിന് സ്തുതി.
നിഷ്പക്ഷ മാധ്യമ പ്രവത്തനമായിരുന്നില്ല മില്ലിറിപ്പോർട്ടിന്റെ അജൻഡ, മറിച്ച് നിലപാടുകളാൽ പ്രചോദിതമായ ദൗത്യനിർവഹണമായിരുന്നു. മുഖ്യധാരാ ആനുകാലിങ്ങൾ അവഗണിച്ച വാർത്തകളും വിവരങ്ങളും, വായനാ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ മില്ലി റിപ്പോർട്ട് പരിശ്രമിച്ചിട്ടുണ്ട്. ഭരണകൂടവും പൊതുമണ്ഡലവും അരികുവത്കരിച്ച ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും ആശയങ്ങളുടെയും ശബ്ദമാവാൻ മില്ലി റിപ്പോർട്ട് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
വാർത്തകൾക്കും ഫീച്ചറുകൾക്കും പുറമെ,
അക്കാദമിക ശൈലിയും രാഷ്ട്രീയ കൃത്യതയും ഉള്ള നിരവധി പ്രബന്ധങ്ങളും മില്ലി റിപ്പോർട്ടിന് പ്രസിദ്ധീകരിക്കാനായി. ഇൻഡ്യയിലെ മുസ്‌ലിം ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ നിരവധി വിഭവങ്ങളും ഇതിനകം ഉൾകൊള്ളിച്ചിട്ടുണ്ട്. വിവിധ ബുദ്ധിജീവികളും നേതാക്കളും ഞങ്ങൾക്ക് നൽകിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. എഴുത്തുകൾക്കുപുറമെ, ഇക്കഴിഞ്ഞ വർഷം വാർത്താ വിശകലന/അഭിമുഖ വീഡിയോകളും മില്ലി റിപ്പോർട്ട് റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനുവേണ്ടി ആരംഭിച്ച മില്ലി റിപ്പോർട്ട് യൂ റ്റ്യൂബ് ചാനൽ വളർച്ചയുടെ പടവുകൾ സ്വപ്‌നം കാണുന്നു.
ഫാഷിസം രൗദ്രഭാവം പുൽകിയ പുതിയ ഇൻഡ്യൻ സാഹചര്യം ന്യൂനപക്ഷങ്ങളെ പൊതുവിലും മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആസൂത്രിത തെരുവ് കൊലപാതകങ്ങളും പൗരത്വ നിഷേധവും മുതൽ ‘ലവ് ജിഹാദ്’ കുപ്രചാരണങ്ങൾ വരെയുള്ള, സമുദായത്തിന് നേരെ നടക്കുന്ന കായികവും ബൗദ്ധികവുമായ ഹിംസകളെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയും പൊതുബോധ രൂപീകരണത്തിലൂടെ അവയെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആഗോള മുതലാളിത്തവും ഇൻഡ്യൻ ഫാഷിസവും യുക്തിവാദ കൂട്ടായ്മകളും ഒരു പോലെ വ്യാപൃതരായ ഇസ്‍ലാമോഫോബിയ വ്യാപാരം മലയാളികളുടെ മണ്ണും മനസ്സും കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദിനേനെയെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന ഇസ്‌ലാം വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ വ്യവഹാരങ്ങളെ സമുദായം ധൈഷണികമായി ചെറുക്കേണ്ടതുണ്ട്. മില്ലി റിപ്പോർട്ട് ഈയവസരത്തിൽ ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടുതലായി ആലോചിക്കുകയാണ്.
വെല്ലുവിളികൾ കനക്കുന്ന ഇക്കാലത്ത് സമുദായത്തിന് തണലേകാനുള്ള പരിശ്രമമാണിത്. സാമ്പത്തികവും സാങ്കേതികവുമായ പ്രതിസന്ധികൾക്കിടയിലും പുതിയൊരു വായനാസംസ്കാരം പടുത്തുയർത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ ഞങ്ങൾ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തിൽ എല്ലാവരുടെയും പിന്തുണയും സഹായങ്ങളും പ്രാർത്ഥനകളും അഭ്യർത്ഥിക്കുകയാണ്.