ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം
26 March 2020 | Essay
ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരിക്കൽ ആസ്വദിച്ച പ്രവർത്തനങ്ങളിൽ പോലും താൽപര്യം നഷ്ടപ്പെടുന്നു.
ഹൃദയത്തെ ശാന്തമാക്കാനുള്ള ഒരു മാർഗ്ഗം അദ്‌കാർ ആണ്. അല്ലാഹു പറയുന്നു:
أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ القلوب
(തീർച്ചയായും അല്ലാഹുവിന്റെ സ്മരണയിൽ ഹൃദയങ്ങൾ വിശ്രമിക്കുന്നു) [റഅദ് : 28]
ഏറെ ആഴത്തിൽ പഠിക്കേണ്ടതും ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതുമായ ഒരു ദിക്‌റും ദുആയുമാണ് അൽഹംദുലില്ലാഹ്. അമാനി മൗലവിയുടെ തഫ്സീറിൽ ഹംദ് എന്ന വാക്കിന്റെ അർത്ഥവും വിശദീകരണവും ഇങ്ങനെ വായിക്കാം: “ഒരാള്‍ തന്‍റെ ഉദ്ദേശ്യമനുസരിച്ച് ചെയ്യുന്ന സല്‍ക്കാര്യങ്ങളെ മുന്‍നിർത്തി അയാളെ പ്രശംസിക്കുക എന്നാണ് حمد (സ്തുതി) കൊണ്ട് വിവക്ഷ. അതില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ന്നപ്പോള്‍ സ്തുതിയുടെ ഇനത്തില്‍ പെട്ടതെല്ലാം അതിലുള്‍പ്പെടുന്നു. അതുകൊണ്ടാണ് الحمد എന്ന വാക്കിന് ‘സര്‍വസ്തുതിയും’, ‘സ്തുതി മുഴുവനും’ എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നത്. സ്വന്തം ഉദ്ദേശ്യപ്രകാരമല്ലാതെയുണ്ടാകുന്ന നല്ല കാര്യങ്ങളെപ്പറ്റി പുകഴ്ത്തിപ്പറയുന്നതിന് حمد (സ്തുതി) എന്ന് പറയാറില്ല. അതിന് مدح (പ്രശംസ) എന്നാണ് പറയപ്പെടുക. ഈ വാക്കാകട്ടെ , ഉദ്ദേശ്യപൂര്‍വ്വവും അല്ലാതെയും ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യും. ഉദാഹരണം : ജ്ഞാനം, പരസഹായം, ഭയഭക്തി, കൃത്യനിഷ്ഠ ആദിയായ ഗുണങ്ങളെപ്പറ്റി പുകഴ്ത്തുന്നതിനു حمد (സ്തുതി) എന്നും مدح (പ്രശംസ) എന്നും പറയാം. എന്നാല്‍ സൗന്ദര്യം, ശബ്ദഗുണം, ശരീരവടിവ്, പോലെയുള്ളവയെപ്പറ്റി പുകഴ്ത്തുന്നതിന് مدح (പ്രശംസ) എന്നല്ലാതെ حمد (സ്തുതി) എന്നു പറയാറില്ല. ഒരാളില്‍ നിന്ന് ലഭിച്ച ഏതെങ്കിലും ഉപകാരത്തിന്‍റെ പേരില്‍ അയാളെ പ്രശംസിക്കുന്നതിന് شكر (നന്ദി) എന്നു പറയപ്പെടുന്നു. നന്ദിയാകട്ടെ, വാക്ക്മൂലം മാത്രമല്ല, മനസ്സുകൊണ്ടും പ്രവൃത്തി മുഖേനയും പ്രകടിപ്പിക്കാവുന്നതുമാണ്. മേല്‍ വിവരിച്ചതില്‍ നിന്ന് ഈ മൂന്ന് വാക്കുകളും തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ യോജിപ്പും, ചില സന്ദര്‍ഭങ്ങളില്‍ വിയോജിപ്പും ഉണ്ടാവാമെന്ന് മനസ്സിലാക്കാമല്ലോ. യോജിപ്പിന്റെ വശങ്ങളെ പരിഗണിച്ച് കൊണ്ടാണ് ഈ മൂന്ന് പദങ്ങളെയും ചിലര്‍ പര്യായ പദങ്ങള്‍ എന്നോണം ഉപയോഗിച്ചു കാണുന്നത്. ഈ ഉപയോഗം ചിലപ്പോള്‍, ആശയക്കുഴപ്പത്തിന് കാരണമാകാറുള്ളത് കൊണ്ടാണ് ഈ വാക്കുകളെക്കുറിച്ചു ഇത്രയും വിവരിച്ചത്.”
ഇമാം ഇബ്നു കഥീറിന്റെ തഫ്സീറിൽ ഇങ്ങനെ കാണാം: “അൽഹംദ് എന്നതിൽ എല്ലാ ഹംദും ഉൾപ്പെട്ടു. അഥവാ സർവസ്തുതിയും അല്ലാഹുവിനുള്ളതാണ്. എല്ലാ നന്ദിയും സ്തുതികളും അല്ലാഹുവിനുള്ളതാണ്. അവനു പുറമെ
ആരാധിക്കപ്പെടുന്ന ഒന്നിനും [കേവലമായ] ഹംദിന് (സ്തുതികൾക്ക്) അർഹതയില്ല. അത് അവന്റെ സൃഷ്ടികൾക്ക് അവകാശപ്പെട്ടതുമല്ല. കാരണം അടിമകൾ മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം നൽകിയത് അല്ലാഹു ഒരുവൻ മാത്രമാണ്. പടപ്പുകൾക്ക് റബ്ബിനെ അനുസരിച്ച്
ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം അവൻ ഏർപ്പെടുത്തി. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കാനുള്ള അവയവങ്ങൾ അവർക്കേകി. അവന്റെ ദീൻ അനുസരിച്ച് ജീവിക്കാനുള്ള മാർഗം എളുപ്പമാക്കി. അതോടൊപ്പം ഇഹലോകത്ത് ജീവിക്കാനാവശ്യമായ വിഭവങ്ങൾ റബ്ബ് അവന്റെ അടിമകൾക്ക് കൊടുത്തു. ഭക്ഷണവും വെള്ളവും സമ്പത്തും സന്താനങ്ങളുമെല്ലാം. അതൊന്നും അവരുടെ അവകാശങ്ങളായിരുന്നില്ല; അവന്റെ ഔദാര്യം മാത്രം. കൂടാതെ എന്നെന്നും നിലനിൽക്കുന്ന പരിപൂർണമായ സുഖങ്ങളുടെ സ്വർഗം ഒരുക്കിവെക്കുകയും അവരെ അതിലേക്ക് വിളിക്കുകയും ചെയ്തു.
അവിടേക്കെത്താനുള്ള മാർഗം അവർക്കു കാണിച്ചുകൊടുത്തു. അത് പഠിപ്പിക്കാനായി കിതാബുകൾ അവതരിപ്പിക്കുകയും റസൂലുകളെ അയക്കുകയും ചെയ്ത റബ്ബിനാകുന്നു സർവ്വസ്തുതിയും.അല്ലാഹുവിന്റെ ഏത് വിശേഷണം കൊണ്ടും അവൻ സ്തുതിക്കപ്പെടേണ്ടവനാകുന്നു. അവൻ ഹംദ് ഏറെ ഇഷ്ടപ്പെടുന്നു. الحمد لله എന്നത് റബ്ബ് തൃപ്തിപ്പെടുന്ന മഹത്തായ വചനമാണ്. അല്ലാഹുവിനെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്ത അസ്വദു ബ്നു സരീഅ് (റ) എന്ന സ്വഹാബിയോട് റസൂൽ പറഞ്ഞു: നിന്റെ റബ്ബ് ഹംദ് ഇഷ്ടപ്പെടുന്നു.”
{اخرجه البخارى الادب المفرد (859)،وحسنة الالبانى :سلسلة الحديث الصحيحة(3179)}
അല്ലാഹുവിനോട് ദുആ ചെയ്യുമ്പോഴെല്ലാം ആദ്യം അവനെ ഹംദ് ചെയ്യേണ്ടതാണ്. ജാബിറു ബ്നു അബ്ദില്ലാഹ് (റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽ
ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ഏറ്റവും ശ്രേഷ്ഠമായ ദിക്ർ لا اله الّا اللهആകുന്നു. ഏറ്റവും ശ്രേഷ്ഠമായ ദുആ الحمد لله ആകുന്നു.”
(رواه الترمذي(٣٣٨٣):وحسنه الالباني).
അല്ലാഹുവിൽ നിന്ന് ഏത് നന്മ ലഭിച്ചാലും മനസറിഞ്ഞ് അൽഹംദുലില്ല എന്നു പറയുന്നവൻ അല്ലാഹുവിന് നന്ദി കാണിക്കുകയാണ്. ശുക്ർ (നന്ദി )റബ്ബ്
ഏറെ ഇഷ്ടപ്പെടുന്നു. ശുക്ർ ചെയ്യാൻ കഴിയുക എന്നത് റബ്ബിന്റെ മറ്റൊരു അനുഗ്രഹമാണ്. അനസ് (റ)പറയുന്നു: “അല്ലാഹുവിന്റെ റസൂൽ പറഞ്ഞിരിക്കുന്നു. അല്ലാഹു ഒരു അടിമക്ക് ഒരനുഗ്രഹം നൽകിയതിന് അവൻ الحمد لله എന്ന്
പറഞ്ഞാൽ അവന് കിട്ടിയതിനേക്കാൾ നല്ലത് അവൻ കൊടുത്തതാകുന്നു”
(رواه ابن ماجه ٣٨٠٥،وحسنه الاالباني )
ഇത്ര മാത്രം പ്രാധാന്യവും ആഴവും ആശയവും
അടങ്ങിയിരിക്കുന്നതാണ് അൽഹംദുലില്ലാഹ് എന്ന വാചകം. കേവലം നാവിലൂടെ അർത്ഥവും ഉദ്ദേശ്യവും അറിയാതെ ഉരുവിട്ടത് കൊണ്ട് നമ്മുടെ ജീവിതത്തിൽ അൽഹംദുലില്ലാഹ് കൊണ്ട് ഉണ്ടാവേണ്ട മാറ്റം ഉണ്ടാകുമോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതൊക്കെ നമ്മെ സ്നേഹിക്കുന്ന റബ്ബിന്റെ തീരുമാനം ആണെന്ന് ബോധ്യമുള്ള ഒരു വിശ്വാസിക്ക് അൽഹംദുലില്ലാഹ് എന്ന് സമാധാനത്തോടും തൃപ്തിയോടും കൂടി പറയുവാനും കേൾക്കുവാനും സാധിക്കും.
നമ്മുടെ പ്രവാചകൻ(സ്വ) അൽഹംദുലില്ലാഹ് എങ്ങനെയാണ് ജീവിതത്തിൽ പ്രതിഫലിപ്പിച്ചത് എന്നത് നാം പഠിക്കേണ്ടതാണ്. നബി(സ) തനിക്ക് സന്തോഷകരമായ വല്ലകാര്യവും (സൽകർമങ്ങൾ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു:
الْحَمْـدُ لِلهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ
(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)
“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്”
പ്രയാസകരമായ വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു:
الْحَمْـدُ لِلهِ عَلَى كُـلِّ حَالٍ
(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)
“എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്”
എത്ര മാത്രം ഹൃദ്യമാണ് പ്രവാചകന്റെ ജീവിതം! തന്റെ ജീവിതത്തിൽ ഏറെ നഷ്ടങ്ങൾ ഉണ്ടായിട്ടും,ആ പ്രവാചകൻ അൽഹംദുലില്ലാഹ് പറയാൻ മറന്നിട്ടില്ല.
നമ്മുടെ ജീവിത സാഹചര്യവും പ്രവാചകന്റെ ജീവിതവും വെച്ച് നോക്കിയാൽ, നമ്മുടെ നഷ്ടങ്ങൾ ഒന്നുമല്ല. സാഹചര്യം എന്തുതന്നെയായാലും, വാർത്ത എന്തായാലും – അത് അസുഖകരമോ ഇഷ്ടപ്പെടാത്തതോ ആണെങ്കിലും- അദ്ദേഹം പറയും: അൽഹംദുലില്ലാഹ് ! ഇതിന് ഒരു കാരണമുണ്ട്. അല്ലാഹുവിന്റെ ഹിതമല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ഓർമ്മിപ്പിക്കുന്നതിനാണിത്. അതിനാൽ, സാഹചര്യം എന്തുതന്നെയായാലും, എല്ലായ്പ്പോഴും ഇങ്ങനെ പറയണം: ‘അൽഹംദുലില്ലാഹ് !
അൽ ഹംദുലില്ലാഹ് എന്ന് പറയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒന്നിനുപുറകെ ഒന്നായി അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് ഇബ്നുൽ ഖയ്യിം വിശദീകരിക്കുന്നുണ്ട്. ശാന്തിയും സംതൃപ്തിയും ഉള്ള ഒരു ഹൃദയത്തെക്കാൾ വലിയ അനുഗ്രഹം ഇല്ല. ഒരാളുടെ ഹൃദയം അസ്വസ്ഥമായാൽ ദശലക്ഷക്കണക്കിന് റിയാലുകൾ ഉണ്ടെങ്കിലും, അയാൾക്ക് ആ സമ്പത്ത് ആസ്വദിക്കാൻ കഴിയില്ല. വിഷാദത്തിനെതിരെ പോരാടുന്നതിന് ഒരു വ്യക്തിക്ക് മരുന്നുകളും ആന്റി-ഡിപ്രസന്റുകളും കുറിച്ചുകൊടുക്കപ്പെടുന്നുണ്ട്., പക്ഷേ വിഷാദം, ദുഖം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് അൽഹംദുലില്ലാഹ് എന്ന് പറയുന്നതുപോലെ ഫലപ്രദമായ ഒന്നുമില്ല. ഇബ്നുൽ ഖയ്യിം പറഞ്ഞു: “ഖുർആൻ ഒഴികെയുള്ളവ നീക്കം ചെയ്യുന്ന ദുരിതം, ദുഖം എന്നിവ തിരിച്ചെത്തും.” (കിതാബുൽ ഫവാഇദ്).
അതിനാൽ, നിങ്ങളുടെ ഹൃദയം അസ്വസ്ഥമാണെന്ന് നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം, നിങ്ങൾക്ക് കഴിയുന്നത്ര തവണ പറയുക: “അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ,അൽഹംദുലില്ലാഹ്.”