Logo

 

മരിക്കാനുള്ള ഒരുക്കം എവിടെയെത്തി?

6 June 2018 | നോമ്പെഴുത്ത്

By

നോമ്പെഴുത്ത്‌-1/ ത്വലാൽ മുറാദ്‌

മനോഹരമായ ഒരു തോട്ടം. ഈത്തപ്പനകളും മുന്തിരിവള്ളികളും സമൃദ്ധമായി നിൽക്കുന്നു. അവക്കു പുറമെ നാനാതരം ഫലവൃക്ഷങ്ങൾ. എല്ലാം ഒന്നാം തരം വിളവ്‌ നൽകുന്നു. മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ അരുവികളൊഴുകുന്നുണ്ട്‌. അധ്വാനശീലനായ ഒരാളുടെ ഒരായുഷ്കാലത്തിന്റെ സമ്പാദ്യമായിരുന്നു അത്‌. ഇപ്പോൾ അയാൾ മരണാസന്നനാണ്‌. തോപ്പ്‌ അനന്തരമെടുക്കേണ്ട മക്കൾ ഒന്നിനും കൊള്ളരുതാത്തവരാണ്‌. തന്റെ ഉദ്യാനം നാശത്തിന്റെ നാളുകളിലേക്കാണ്‌ പ്രവേശിക്കാൻ പോകുന്നതെന്ന് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ അയാളത്‌ കാണുന്നു-ഒരു തീകാറ്റ്‌ ആഞ്ഞ്‌ പടർന്നുവരുന്നു. അഗ്നിനാളങ്ങൾ തന്റെ വിയർപ്പിന്റെ വിലയെ വിഴുങ്ങുന്നത്‌ അയാൾ നിസ്സഹായനായി നോക്കിനിൽക്കുന്നു. അയാളുടെ സ്വപ്നസാഫല്യം ഒരുപിടി ചാരമായി മാറുന്നു.

ക്വുർആൻ പറഞ്ഞിട്ടുള്ള ഒരു ഉപമയാണിത്‌ (2:266). നിർഭാഗ്യവാനായ ഈ തോട്ടക്കാരനെപ്പോലെയാകാനാണോ നിങ്ങളുടെ തീരുമാനം എന്ന് പരിശുദ്ധ വേദം ചോദിക്കുന്നു. ഇഹലോകത്തിനുവേണ്ടി മാത്രം പണിയെടുക്കുന്നവർ ഈ ഉപമയിലെ മനുഷ്യനെപ്പോലെയാണ്‌. രാപകൽ പരിശ്രമിച്ച്‌ അവർ സുഖസൗകര്യങ്ങൾ സമ്പാദിക്കുന്നു. മരണം വന്ന് മാടി വിളിക്കുമ്പോൾ എല്ലാം വെറുതെയായി എന്ന് നടുങ്ങി സകലതും ഉപേക്ഷിച്ച്‌ ശൂന്യമായ ബാലൻസ്‌ ഷീറ്റുമായി പരലോകത്തെത്തി വിലപിക്കുന്നു. ബുദ്ധിമാന്മാർ ഇഹലോകം നൈമിഷികവും പരലോകം അനശ്വരവും ആണെന്ന ഓർമ്മ നഷ്‌ടപ്പെടാത്തവർ ആണ്‌. പരലോകം ഭദ്രമാക്കാനുള്ള പ്രയത്നങ്ങൾക്കായിരിക്കും അവർ മുൻഗണന നൽകുക. മരിക്കുമ്പോൾ ദുൻയാവിനുവേണ്ടി നടന്ന വ്യർത്ഥമായ അധ്വാനങ്ങളുടെ നെടുവീർപ്പിൽ പരിഭ്രാന്തരാകുകയല്ല, മരണാനന്തരമുള്ള സുഖാനുഭൂതികൾക്കായി കാലേകൂട്ടി അധ്വാനിച്ചതിന്റെ‌ സന്തോഷത്തിൽ ആറാടുകയാണ്‌ അവർ ചെയ്യുക.

മരിക്കാനൊരുങ്ങി നിൽക്കുകയാണ്‌ ജീവിതത്തിലെ ഏറ്റവും യുക്തിഭദ്രമായ നിലപാട്‌. മരണാനന്തരമുള്ള നാളേക്കുവേണ്ടി എന്താണ്‌ ചെയ്തുവെച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്താൻ ഓരോ വിശ്വാസിയോടും ക്വുർആൻ ആവശ്യപ്പെടുന്നുണ്ട്‌. അല്ലാഹുവിലേക്കുള്ള മടക്കത്തെ മറക്കുന്നവർ ഫലത്തിൽ അവരവരെ തന്നെയാണ്‌ മറക്കുന്നതെന്നും വേദഗ്രന്ഥം അവിടെ സൂചിപ്പിക്കുന്നുണ്ട്‌.‌ (59: 18). നിപ വൈറസ്‌ മരണത്തിന്റെ നിഴലിൽ കൊണ്ടുവന്ന് നിർത്തുമ്പോൾ അന്ത്യയാത്രക്ക്‌ എന്ത്‌ സമ്പാദിച്ചുവെന്ന ചോദ്യം എല്ലാവരുടെയും മനസ്സിലെരിയുന്നുണ്ട്‌. പകർച്ചവ്യാധികളില്ലാത്തപ്പോഴും നമ്മളൊക്കെയും മരണത്തിന്റെ നിഴലിലാണെന്ന ഓർമ്മ നിലനിൽക്കാനാണ്‌‌ നമസ്കാരവും നോമ്പുമൊക്കെ ഉപകാരപ്പെടേണ്ടത്‌. പരലോകത്തിനുവേണ്ടി സൽകർമ നിരതനാകാനുള്ള പരിശീലനമാണ്‌ നോമ്പ്‌ നൽകുന്നത്‌. വ്രതവും രാത്രി നമസ്കാരവും ക്വുർആൻ പാരായണവും ദാനധർമ്മങ്ങളും മരണത്തെ പുഞ്ചിരി തൂകി നേരിടാനുള്ള കരുതിവെപ്പാണ്‌. റമദാനിൽ സൽകർമ്മങ്ങൾക്കുണ്ടാകുന്ന സമൃദ്ധിയെ ശേഷമുള്ള മാസങ്ങളിലേക്ക്‌ തുടർത്താനായാൽ നമ്മുടെ തോട്ടങ്ങൾ കരിഞ്ഞുണങ്ങിത്തീരുന്നത്‌ കാണേണ്ടി വരില്ല. സൽകർമങ്ങൾ അധികരിപ്പിച്ച്‌ അല്ലാഹുവിലേക്ക്‌ മത്സരിച്ചോടാനുള്ള കെൽപ്‌ നേടിത്തരുന്നതിൽ അനൽപമായ പങ്കാണ്‌ റമദാനിലെ അവസാന പത്തിന്‌ വഹിക്കാനാവുക.

അല്ലാഹുവിന്റെ പ്രവാചകൻ റമദാൻ അവസാന പത്തിൽ മുണ്ട്‌ മുറുക്കിയെടുത്ത്‌ പരലോകത്തിനുവേണ്ടി അധ്വാനിക്കുമായിരുന്നു. അതിലെ രാത്രികളെ അദ്ദേഹം ആരാധനകൾ കൊണ്ട്‌ പകലാക്കി. തന്റെ വീട്ടുകാരെ ഉറക്കിൽ നിന്ന് വിളിച്ചുണർത്തി ഇബാദത്തുകളിലേക്ക്‌ ചേർത്തുനിർത്തി. ഇബാദത്തുകൾക്ക്‌ സമയം കൂടുതൽ നൽകിയാണ്‌ വിശ്വാസി ലയ്ലതുൽ ക്വദ്‌ർ പ്രതീക്ഷിക്കപ്പെടുന്ന അവസാന പത്തിനെ ഉർവരമാക്കുന്നത്‌. അതൊരു പഠനമാണ്‌; മരിക്കാനൊരുങ്ങാനുള്ള പഠനം; മരണത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടാൻ സമയം കണ്ടെത്താനുള്ള പഠനം. അതവശേഷിപ്പിക്കുന്ന പാഠങ്ങൾക്കാകുന്നു, റമദാനിനുശേഷമുള്ള നമ്മുടെ ജീവിതം കാത്തുനിൽക്കുന്നത്‌.


Tags :


ത്വലാൽ മുറാദ്