Logo

 

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു

29 March 2017 | Reports

By

തിരുവനന്തപുരം: അപേക്ഷയോടൊപ്പം വെക്കേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു. ആലപ്പുഴ സ്വദേശിനി ആസിയാ ഇബ്റാഹീമിനാണ് അധികൃതരിൽ നിന്ന് കിരാതമായ മൗലികാവകാശലംഘനം നേരിടേണ്ടി വന്നിരിക്കുന്നത്. എം. ജി. ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി. എച്ച്. എം. എസും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ആസിയ, സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നൽകിയ റജിസ്‌ട്രേഷൻ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഇസ്‌ലാമികാനുശാസനകൾ പാലിച്ച് തലമുടിയും ചെവിയും കഴുത്തുമെല്ലാം മറച്ച ഫോട്ടോ മാറ്റണമെന്ന് അപേക്ഷ നൽകാനെത്തിയ ആസിയയോട് ഓഫീസിലെ ഉന്നതോദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ചെവിയും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫോട്ടോ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു അധികൃത നിലപാട്.

മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രം തന്റെ ഭരണഘടനാപരമായ മൗലികാവകാശമാണെന്നും ചെവിയും കഴുത്തും പുറത്തുകാണിക്കുന്ന ഫോട്ടോ വേണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് ആസിയ ഉദ്യോഗസ്ഥ ധാർഷ്ട്യത്തോട് വാക്പോരിനു മുതിരാനുള്ള ധൈര്യം കാണിച്ചതോടെ അധികൃതർക്ക് വഴങ്ങേണ്ടിവന്നു. ആസ്യയുടെ അപേക്ഷ സ്വീകരിക്കാൻ ഓഫീസ് സന്നദ്ധമായി. എന്നാൽ ഒരു മാസത്തിനുശേഷം ‘കൂടുതൽ വ്യക്തത’യുള്ള ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് സെർട്ടിഫിക്കേറ്റിനുപകരം ആസിയയെ തേടി വന്നത്. കത്തിനോട് പ്രതികരിച്ചുകൊണ്ട് ക്ലാരിറ്റി കൂടിയ ഫോട്ടോകൾ പൂർണ ഹിജാബിൽ തന്നെ ആസിയ സമർപ്പിച്ചു. എന്നാൽ ഇതുവരെയും റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാൻ മെഡിക്കൽ കൗൺസിൽ സന്നദ്ധമായിട്ടില്ല. ഉദ്യോഗസ്ഥരുമായുള്ള സംസാരത്തിൽ നിന്നാണ് ‘വ്യക്തത’കൊണ്ടുദ്ദേശ്യം ചെവിയും കഴുത്തുമാണെന്ന് ആസിയക്ക് മനസ്സിലായത്. ഭരണഘടന മുഴുവൻ പൗരന്മാർക്കും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ധിക്കാരപൂർവം തടഞ്ഞും നിയമങ്ങൾ ദുർവ്യാഖ്യാനിച്ചും തന്റെ രജിസ്‌ട്രേഷൻ വൈകിക്കുന്ന മെഡിക്കൽ കൗൺസിൽ അധികാരികൾക്കെതിരിൽ പ്രതികരിച്ചുകൊണ്ട് ആസിയ തന്നെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിട്ടുണ്ട്.


Tags :


mm

Admin