Logo

 

ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍

29 March 2017 | Memoir

By

ന്യൂ ഡൽഹി: രാം മനോഹർ ലോഹ്യ ആശുപത്രിയിൽ 2017 ഫെബ്രുവരി ഒന്നിന് പുലർച്ചയോടടുത്ത് അവസാനിച്ചത് മുസ്‌ലിം രാഷ്ട്രീയ രംഗത്തെ പകരം വെക്കാനില്ലാത്ത അധ്യായം. പാർലമെന്റിൽ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ ഇന്ത്യയുടെ പ്രസിഡന്റ് പ്രസംഗിച്ചുകൊണ്ടിരിക്കെ എഴുപത്തിയൊൻപതാം വയസ്സിലായിരുന്ന ഇ. അഹ്‌മദ്‌ സാഹിബ്‌ കുഴഞ്ഞുവീണ് മരണക്കിടക്കയിലേക്ക് പോയതിന്റെ പ്രതീകാത്മകത വളരെ വലുതാണ്. ഇന്ത്യൻ പാർലമെന്റിലെ പ്രഗൽഭമായ മുസ്‌ലിം സാന്നിധ്യങ്ങളുടെ നിരയിലെ അവസാന കണ്ണികളിലൊന്ന് തന്റെ കർമഭൂമിയിൽ വെച്ചുതന്നെ വിടപറഞ്ഞുപോകുമ്പോൾ തളർന്നുവീഴുന്നത് മുസ്‌ലിം രാഷ്ട്രീയം കൂടിയാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് മുസ്‌ലിം ഇന്ത്യ.  ഇ. അഹ്‌മദ്‌ സാഹിബ് എന്ന മുസ്‌ലിം രാഷ്ട്രീയ രംഗത്തെ അതികായൻറെ മരണമുണ്ടാക്കുന്ന വിടവിനെ അതിനേക്കാൾ നല്ല പകരങ്ങൾകൊണ്ട് നികത്താനുള്ള പ്രാർത്ഥനയും പ്രവർത്തനവും സമുദായ നേതൃത്വത്തെ സജീവമാക്കേണ്ട സന്ദർഭം കൂടിയായി മാറുകയാണ് അതുകൊണ്ടുതന്നെ അഹ്‌മദ്‌ സാഹിബിന്റെ മരണവേള. ഫാഷിസം ഇന്ത്യയെ കൊന്നുതിന്നുമ്പോൾ അഹ്‌മദ്‌ സാഹിബിനെപ്പോലൊരാളുടെ പാർലമെന്ററി സാന്നിധ്യത്തിന്റെ വിലയും വലുപ്പവുമറിയാൻ ആർക്കും പണിപ്പെടേണ്ടി വരില്ല.

1938 ഏപ്രിൽ 29ന് കണ്ണൂരിൽ അബ്ദുൽ ക്വാദിർ ഹാജിയുടെയും നഫീസാ ബീവിയുടെയും പുത്രനായി ജനിച്ച അഹ്‌മദ്‌ തലശ്ശേരി ബ്രണ്ണൻ കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് ഭാഷയിലും ഇന്ത്യൻ നിയമത്തിലും കൈവരുന്ന പരിജ്ഞാനം ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രത്തിൽ മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം ഉറപ്പുവരുത്താൻ വേണ്ടി ഉപയോഗിച്ച മുസ്‌ലിം ലീഗിന്റെ നേതൃനിരയിൽ ആദ്യകാലത്തുണ്ടായിരുന്ന വിഖ്യാതരും ധിഷണാശാലികളുമായ അഭിഭാഷകർ ആയിരുന്നു അഹ്‌മദ്‌ എന്ന യുവ വക്കീലിനെ പ്രചോദിപ്പിച്ചത്. കേരളത്തിൽ ലീഗ് കെട്ടിപ്പടുക്കാൻ ഓടിനടന്ന ബി. പോക്കർ സാഹിബ്, കെ. എം. സീതി സാഹിബ്, ഗുരുവായൂർ ഹൈദ്രോസ് സാഹിബ് എന്നീ വക്കീലുമാരുടെ കർമ്മകാണ്ഡത്തിന് സാക്ഷിയാണ് ഇ. അഹ്‌മദിന്റെ ബാല്യവും കൗമാരവും. സീതി സാഹിബ് ആയിരുന്നു അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ മെന്റർ. സ്വതന്ത്രാനന്തര ഭാരതത്തിൽ എം. എസ്. എഫ് പടുത്തുയർത്തുന്നതിൽ നിർണായകമായ പങ്കാണ് ഇ. അഹ്‌മദ്‌ തന്റെ വിദ്യാർഥിക്കാലത്ത് വഹിച്ചത്. അഹ്‌മദിനെ എം. എസ്‌. എഫിന്റെ നേതാവും പ്രഭാഷകനുമായി കണ്ടെടുത്തതും വളർത്തിയതും സീതി സാഹിബ് ആയിരുന്നു. മരണം വരെ തന്റെ മിക്കവാറുമെല്ലാ പൊതുപ്രഭാഷണങ്ങളിലും സീതി സാഹിബിനെ അഹ്‌മദ്‌ അനുസ്‌മരിച്ചുകൊണ്ടേയിരുന്നത് അറുത്തുമാറ്റാനാകാത്ത ആ കടപ്പാടിന്റെ പ്രതിഫലനം കൂടിയായിരുന്നു.

ക്വാഇദെ മില്ലത്തിന്റെയും ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും കെ. എം. മൗലവിയുടെയുമെല്ലാം ശിഷ്യനും സി. എച്ച് മുഹമ്മദ് കോയയുടെ സഹപ്രവർത്തകനും ആയി മുസ്‌ലിം ലീഗ് പ്രവർത്തനം ആരംഭിക്കുവാൻ അവസരമുണ്ടായവരിൽ ഈ കാലഘട്ടം വരെ ജീവിച്ചിരുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒന്നാണ് ഇ. അഹ്‌മദിന്റേത്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തിന്റെ കൂടെ സഞ്ചരിച്ചുണ്ടായ അനുഭവകോശമായിരുന്നു അദ്ദേഹം. ‘ഞാൻ അറിയുന്ന നേതാക്കൾ’ എന്ന അഹ്‌മദിന്റെ പുസ്തകം ആദ്യകാല ലീഗ് നായകരുടെ ജീവിതത്തിലേക്കുള്ള കിളിവാതിലാണ്. സീതി സാഹിബ് എം. എസ്. എഫിന് സമ്മാനിച്ച വിദ്യാർത്ഥി പ്രതിഭ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷ പദവിയിലിരിക്കെയാണ് മരണപ്പെടുന്നത് എന്ന വസ്തുത ആ രാഷ്ട്രീയ ജീവിതം എന്തുമാത്രം സംഭവബഹുലവും ഉജ്ജ്വലവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

എഴുപതുകളിലും എൺപതുകളിലും സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിപ്രഭാവമാണ് അഹ്‌മദ്‌. 1967 മുതൽ 1991 വരെയുള്ള കാലയളവിൽ തുടർച്ചയായി അഞ്ചു തവണ അദ്ദേഹം മുസ്‌ലിം ലീഗിന്റെ നിയമസഭാ സാമാജികൻ ആയിരുന്നു. 1982-87 കാലഘട്ടത്തിൽ കേരളത്തിന്റെ വ്യവസായ മന്ത്രിയായി പ്രവർത്തിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 1991 മുതൽ മഞ്ചേരി, മലപ്പുറം മണ്ഡലങ്ങളിൽ നിന്ന് തുടർച്ചയായി ഏഴു തവണ അദ്ദേഹം എം. പി ആയി. 1991ൽ ആരംഭിച്ച അഹ്‌മദിന്റെ പാർലമെന്റ് ജീവിതം ഇടമുറിയാതെ മരണം വരെ നീണ്ടുനിന്നു. മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ഇബ്റാഹീം സുലയ്മാൻ സേട്ട്, ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാല എന്നിവരുടെ തലയെടുപ്പിന്റെ ശരിയായ പിന്തുടർച്ചയാണ് താൻ എന്ന് മുസ്‌ലിം ലീഗിന് ആർക്കുമുന്നിലും അഭിമാനിക്കാവുന്ന പ്രതിഭാസ്പർശമുള്ള സജീവ പാർലമെന്ററി ഇടപെടലുകൾ വഴി അഹ്‌മദ്‌ സാഹിബ് തെളിയിച്ചു.

മുഖവുരകളോ പരിചയപ്പെടുത്തലുകളോ ആവശ്യമില്ലാത്ത, കഴിവും കാഴ്ചപ്പാടും നിറഞ്ഞുതുളുമ്പിയ, മതത്തെയും സമുദായത്തെയും  പാർട്ടിയെയും അഭിമാനത്തോടെ പ്രതിനിധീകരിക്കാൻ ഇച്‌ഛാശക്തി കാണിച്ച സീനിയർ മെംബർ എന്ന നിലയിലും ഉള്ളടക്കത്തിന്റെ മൗലികത കൊണ്ടും അഹ്‌മദ്‌ സാഹിബിന്റെ പ്രഭാഷണങ്ങൾ പാർലമെന്റിൽ എപ്പോഴും  സാകൂതം ശ്രവിക്കപ്പെട്ടു. ആ മികവിന് ഇന്ത്യ നൽകിയ അംഗീകാരമായിരുന്നു എം. പി യായ കാലം മുതൽക്കു തന്നെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രതിനിധി സംഘങ്ങളിൽ അദ്ദേഹത്തിന് ലഭിച്ച അംഗത്വം. അഹ്‌മദിന്റെ ഐക്യരാഷ്ട്ര സഭാ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഒരു മുസ്‌ലിം ലീഗുകാരൻ ഇന്ത്യയുടെ ശബ്ദമായി ഐക്യരാഷ്ട്ര സഭയിൽ മുഴങ്ങുന്നതിന് മുസ്‌ലിം ഇന്ത്യ അഭിമാനത്തോടുകൂടി സാക്ഷിയായി. മലബാറിന്റെ മുഖഛായ മാറ്റിയ വികസന വിപ്ലവത്തിലും എം. പി എന്ന നിലയിലുള്ള അഹ്‌മദ്‌ സാഹിബിന്റെ സംഭാവനകൾ നിസ്തുലമായിരുന്നു. അഹ്‌മദ്‌ സാഹിബിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർ സ്വപനസമാനമായ ഉയരത്തിൽ നിന്ന അദ്ദേഹത്തിന്റെ പാർലമെന്ററി പ്രാപ്തികൾക്ക് പകരമാകാൻ ആർക്കു കഴിയും എന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായമായ മൗനത്തിലേക്കുൾവലിഞ്ഞത്‌ തന്നെ ആ ജീവിതത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്നുണ്ട്. ആ ചോദ്യത്തിന് തന്നെയായിരിക്കും അഹ്‌മദ്‌ സാഹിബിന്റെ മരണം മൂർച്ച കൂട്ടുന്നതും.

സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന പേരിൽ രാഷ്ട്രീയ പ്രവർത്തനം തുടരാനുള്ള മദിരാശിയിലെയും മലബാറിലെയും സർവേന്ത്യാ മുസ്‌ലിം ലീഗുകാരുടെ ചരിത്രപരമായ തീരുമാനത്തിന്റെ വിസ്മയകരമായ വിജയ കഥ കൂടിയാണ് അഹ്‌മദ്‌ സാഹിബിന്റെ ജീവിതം. വിഭജനത്തിന്റെയും വർഗീയതയുടെയും ദേശവിരുദ്ധതയുടെയും ദുരാരോപണങ്ങൾ ഉന്നയിച്ച് ഭരണാധികാരികൾ വേട്ടയാടുകയും ദേശീയ പ്രസ്ഥാനം തീണ്ടാപ്പാടകലെ നിർത്താൻ തുനിയുകയും ചെയ്ത മുസ്‌ലിം ലീഗിന്റെ പാർട്ടി ടിക്കറ്റിൽ ഒരാളെ ദേശീയ പ്രസ്ഥാനവുമായുള്ള ഉറ്റബന്ധുത്വത്തിലേക്കും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിനിധാനത്തിലേക്കും വളർത്തിയെടുക്കാൻ കഴിഞ്ഞത് സീതി സാഹിബിന്റെ സ്വപ്നങ്ങളുടെ നിറമുള്ള പുലർച്ചയാണെന്ന് നിസ്സംശയം പറയാം. ആ സ്വപ്നങ്ങളുടെ അതിനേക്കാൾ ഊക്കിലുള്ള പുലർച്ചയായിരുന്നു അഹ്‌മദ്‌ സാഹിബ്‌ യു. പി. എ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായത്.

2009ൽ വിദേശകാര്യ വകുപ്പിന്റെയും 2011ൽ റെയിൽവെയുടെയും മാനവവിഭവ ശേഷി വികസനത്തിന്റെയും ചുമതലയുള്ള സഹമന്ത്രിയായി അഹ്‌മദ്‌ ഡോ. മൻമോഹൻ സിംഗിന്റെ കീഴിൽ നിയോഗിക്കപ്പെട്ടത് സാമുദായിക രാഷ്ട്രീയത്തിൻറെ നൈതികബോധത്തിന് രാഷ്ട്രവും ദേശീയ പ്രസ്ഥാനവും സമ്മാനിച്ച കയ്യൊപ്പും പ്രായശ്ചിത്തവുമായിരുന്നുവെന്ന് പറയാം. ഒരു മുസ്‌ലിം ലീഗുകാരൻ കേന്ദ്രമന്ത്രിയാവുക എന്ന അത്ഭുതത്തിനാണ് അന്ന് ദേശീയ രാഷ്ട്രീയം ശ്വാസമടക്കിപ്പിടിച്ചുനിന്ന് സാക്ഷിയായത്. നെഹ്‌റു ചത്ത കുതിര എന്ന് വിളിച്ച് നിസ്സാരവത്കരിച്ച യൂണിയൻ ലീഗ് ഒരു നാൾ കേന്ദ്രമന്ത്രി സ്ഥാനം വരെ കരസ്ഥമാക്കുമെന്ന് ആദ്യകാല ലീഗ് പ്രഭാഷണവേദികളുടെ ആവേശമായിരുന്ന കെ. സി. അബൂബക്ർ മൗലവി തന്റെ പ്രസംഗങ്ങളിൽ അപാരമായ ആത്മവിശ്വാസത്തോടെ പറയാറുണ്ടായിരുന്നു. കേന്ദ്രമന്ത്രിയായ സമയത്ത് രോഗശയ്യയിൽ കിടക്കുന്ന കെ. സിയെ കാണാൻ അഹ്‌മദ്‌ അരീക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു.

വിദേശകാര്യ കേന്ദ്രമന്തി സ്ഥാനത്തിരുന്നുകൊണ്ട് അഹ്‌മദ്‌ നടത്തിയ അന്താരാഷ്‌ട്ര ഇടപെടലുകൾ നയതന്ത്ര മികവിന്റെ മികച്ച ദൃഷ്ടാന്തങ്ങളായി മാറി. മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യൻ ആശയവിനിമയങ്ങളുടെ ആധികാരിക മുഖം ആയി അഹ്‌മദ്‌ സാഹിബ് മാറിയത് കുറഞ്ഞ കാലം കൊണ്ടാണ്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സൗത്ത് ഈസ്റ് ഏഷ്യയിലുമെല്ലാം മുസ്‌ലിം ലോകത്തിന് സർവസ്വീകാര്യനായ ഇന്ത്യൻ നേതാവിനെയാണ് അഹ്‌മദ്‌ സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെടുന്നത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു മുസ്‌ലിമും ഇന്ത്യൻ മുസ്‌ലിംകളെ പ്രതിനിധീകരിക്കാൻ ഒരു മുസ്‌ലിം ലീഗുകാരനും വിദേശരാഷ്ട്രങ്ങളിൽ നിരന്തരമായി നിയോഗിക്കപ്പെടുന്നതിന്റെ ഉൾപുളകമാണ് അഹ്‌മദ്‌ സാഹിബിന്റെ കേന്ദ്രമന്ത്രിക്കാലം സമുദായത്തിന് സമ്മാനിച്ചത്. മുഹമ്മദലി ജിന്ന ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്‌ലിം പ്രാധിനിത്യവുമായി ബന്ധപ്പെടുത്തി ഉയർത്തിക്കൊണ്ടുവന്ന സംവാദങ്ങളെ കൂടുതൽ വികസിപ്പിക്കുവാൻ തക്ക പ്രതീകാത്മകത ചരിത്രപരമായി ഈ അനുഭവങ്ങൾക്കുണ്ടായിരുന്നുവെന്നതാണ് വാസ്തവം. അഹ്‌മദ്‌ സാഹിബ് എത്തിയേടത്തുനിന്ന് മുന്നോട്ടാണ്, അല്ലാതെ പിന്നോട്ടല്ല മുസ്‌ലിം രാഷ്ട്രീയം ഇനി സഞ്ചരിക്കേണ്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ല. പാർട്ടി ദേശീയ അധ്യക്ഷന്റെ മരണം മുസ്‌ലിം ലീഗിന്റെ ചുമലിൽ വെക്കുന്ന കർത്തവ്യഭാരം അതിനാൽ തന്നെ വളരെ വലുതാണ്.


Tags :


mm

Admin