Logo

 

പൂക്കോട്ടൂർ യുദ്ധത്തിന്‌ 98 വയസ്സ്‌

27 August 2019 | Reports

By

മലപ്പുറം: 1921ലെ മലബാർ സമരത്തിലെ ഏറ്റവും പ്രസിദ്ധവും വിപുലവുമായ ബ്രിട്ടീഷ്‌-മാപ്പിള സംഘട്ടനം ആയിരുന്ന പൂക്കോട്ടൂർ പോരാട്ടത്തിന്‌ 98 വയസ്സ്‌. 1921 ഓഗസ്റ്റ്‌ 26നാണ്‌ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകളിൽ പലതുകൊണ്ടും അദ്വിതീയമായ പൂക്കോട്ടൂർ യുദ്ധം നടന്നത്‌. മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലുള്ള ഒരു മാപ്പിള ഭൂരിപക്ഷ പ്രദേശമാണ്‌ പൂക്കോട്ടൂർ. 1921ലെ സംഭവവികാസങ്ങളുടെ ഹൃദയഭൂമികളിൽ ഒന്ന് പൂക്കോട്ടൂർ ആയിരുന്നു. വലിയ മനുഷ്യവിഭവശേഷിയാണ്‌ പൂക്കോട്ടൂർ ഗ്രാമത്തിൽ നിന്ന് ഖിലാഫത്‌ പ്രസ്ഥാനത്തിലും കുടിയാൻ സംഘങ്ങളിലും അണിനിരന്നത്‌. വടക്കേവെട്ടിൽ മുഹമ്മദ്‌ ആയിരുന്നു ഗ്രാമത്തിലെ സമരസേനാനികളുടെ നായകൻ. നിലമ്പൂർ കോവിലകം കേന്ദ്രീകരിച്ചുള്ള ജന്മിത്വവും പിന്നെ ബ്രിട്ടീഷ്‌ രാജും ആയിരുന്നു പൂക്കോട്ടൂരിലെ മാപ്പിള മുന്നേറ്റത്തിന്റെ‌ ശത്രുസ്ഥാനത്ത്‌ ഉണ്ടായിരുന്നത്‌. നിലമ്പൂർ കോവിലകത്തിലെ കാര്യസ്ഥൻ ആയിരുന്ന വടക്കേവീട്ടിൽ മുഹമ്മദ്‌ തന്നെ പ്രധാന സമരസംഘാടകൻ ആയത്‌ തിരുമുൽപാടിനെ ചൊടിപ്പിച്ചു. അദ്ദേഹവും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരും തമ്മിലുണ്ടായിരുന്ന അവിശുദ്ധ കൂട്ടുകെട്ട് നിമിത്തം‌ പൂക്കോട്ടൂരിലെ മാപ്പിളമാർ ഖിലാഫത്‌ കാലത്ത്‌ ഭരണകൂട മർദനങ്ങളുടെ നിരന്തര ലക്ഷ്യമായി മാറി. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി 1921ൽ മാപ്പിളമാർ സ്ഥാപിച്ച സമാന്തര വിപ്ലവ ഭരണകൂടത്തിന്റെ പ്രധാന ശക്തികേന്ദ്രം പൂക്കോട്ടൂർ ആയിരുന്നു.

മലബാറിലെ പോരാട്ടത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ഭാഗങ്ങളിലേക്ക്‌‌ പുറമെ നിന്ന് പട്ടാളക്കാരെ ധാരാളമായി എത്തിക്കാൻ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ശ്രമിച്ചുകൊണ്ടേയിരുന്നു. 1921 ഓഗസ്റ്റ്‌ 20നുശേഷം കണ്ണൂരിൽ നിന്ന് വൻ തോതിൽ മലപ്പുറത്തേക്ക്‌ വെള്ളപ്പട്ടാളത്തെ എത്തിക്കാൻ വേണ്ടി നടന്ന സർക്കാർ നീക്കങ്ങളാണ്‌ പൂക്കോട്ടൂർ യുദ്ധത്തിൽ കലാശിച്ചത്‌. പാലങ്ങൾ തകർത്തും റോഡുകളിൽ മരങ്ങൾ മുറിച്ചിട്ടും കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്കുള്ള പട്ടാളവണ്ടികളുടെ വഴി തടസ്സപ്പെടുത്തുന്ന സമരപദ്ധതി പൂക്കോട്ടൂർ മാപ്പിളമാർ നടപ്പിലാക്കി. മാപ്പിളമാർ സൃഷ്ടിച്ച വൈതരണികളെ ശ്രമകരമായി മറികടന്ന് മലപ്പുറത്തേക്ക്‌ നീങ്ങിയ ഇരുപതോളം ബ്രിട്ടീഷ്‌ പട്ടാള ലോറികൾ ഓഗസ്റ്റ്‌ 26ന്‌ പൂക്കോട്ടൂരിൽ എത്തിയപ്പോൾ റോഡിനിരുവശവുമുള്ള വയലുകളിലും ഒളിസ്ഥലങ്ങളിലും പതിയിരുന്ന മാപ്പിള സേനാനികൾ ധീരമായ ചെറുത്തുനിൽപിന്‌ ശ്രമിച്ചു. പട്ടാളം യന്ത്രത്തോക്കുകൾ സ്ഥാപിച്ച് ക്രൂരമായ‌ വെടിവെപ്പാരംഭിച്ചു. മാപ്പിളമാർ മറുപക്ഷത്ത്‌ കൈതോക്കുകളും വാളുകളും കത്തികളും‌ കയ്യിലേന്തി പോരാട്ടത്തിൽ ഏർപ്പെട്ടു. ഇരുനൂറിലധികം മാപ്പിളമാരാണ്‌ ബ്രിട്ടീഷ്‌ പട്ടാളവുമായി നേർക്കുനേർ നടന്ന ഈ സായുധ സംഘട്ടനത്തിൽ മരിച്ചുവീണത്‌. പതിനഞ്ചോളം പേരാണ്‌ ബ്രിട്ടീഷ്‌ പക്ഷത്ത്‌ മരണപ്പെട്ടത്‌. ബ്രിട്ടീഷ്‌ ചരിത്രകാരന്മാർ പോലും യുദ്ധം എന്ന് വിശേഷിപ്പിക്കുമാറ്‌ ധീരോദാത്തമായിരുന്നു പൂക്കോട്ടൂർ മാപ്പിളമാരുടെ ഈ എതിരിടൽ. 

മലബാര്‍ സമരം 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന വെടിവെപ്പോടുകൂടിയാണ് ബ്രിട്ടീഷ്-ജന്മി വിരുദ്ധ മഹാ ചെറുത്തുനിൽപായി ആളിപ്പടർന്നത്‌. 1836നും 1919നും ഇടയ്ക്ക് മാപ്പിള കുടിയാന്‍മാര്‍ ഹിന്ദു ഭൂവുടമകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിനുമെതിരെ നടത്തിയ അനേകം ചെറുസായുധ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലവും സംഘടിതവും ദേശീയ പ്രസ്ഥാനം നേരിട്ട് പശ്ചാത്തലമൊരുക്കിയതുമായിരുന്നു 1921ലെ പോരാട്ടം. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഐക്യവും ഗാന്ധിജിയുടെ നേതൃത്വവും ദേശീയ പ്രസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രതീകവും ജനകീയ സ്വഭാവമുള്ള രാഷ്ട്രീയ മുന്നേറ്റവുമാക്കി മാറ്റിയ 1920 ലെ സവിശേഷ സാഹചര്യത്തിലാണ് മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടത്. ആനീ ബസന്റിന്റെ ഹോംറൂള്‍ ലീഗ്, എം.പി നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ചേര്‍ന്നു രൂപീകരിച്ച മലബാര്‍ കുടിയാന്‍ സംഘം എന്നിവ നേരത്തെ തന്നെ മലബാറിലുണ്ടായിരുന്നെങ്കിലും ഖിലാഫത്ത് പ്രസ്ഥാനമാണ് മാപ്പിളമാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ജനകീയമാക്കിയത്. ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മലബാറിലെ ഖിലാഫത്ത് യോഗങ്ങളില്‍ വന്നു പ്രസംഗിച്ചു. ആലി മുസ്‌ലിയാര്‍, കെ.എം മൗലവി, ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരാണ് ഖിലാഫത്ത് സംഘാടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന മാപ്പിള രാഷ്ട്രീയ ഐക്യം ഭരണകൂട മർദനങ്ങളുടെ ഫലമായി അപ്രതീക്ഷിതമായി സായുധ സംഘട്ടനത്തിലേക്ക്‌ വഴിമാറുകയാണുണ്ടായത്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് സായുധസമരത്തിന്റെ നേതൃമുഖമായി ഉയര്‍ന്നുവന്നത്. പാണ്ടിക്കാട്ടെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങളോളം ഒളിപ്പോരു തുടരുകയും മലബാറില്‍ ഭരണം നടത്തുകയും സമരത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് പത്രമാധ്യമങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്ത ഹാജി വധിക്കപ്പെട്ടതോടെ മാപ്പിള ചെറുത്തുനിൽപിന്റെ മുന ഏതാണ്ട് പൂര്‍ണമായി തന്നെ ഒടിഞ്ഞുപോയി. ആലി മുസ്‌ല്യാര്‍ക്കും ബ്രിട്ടീഷുകാര്‍ വധശിക്ഷ നല്‍കുകയായിരുന്നു. അതിഭീകരമായ ഭരണകൂട മര്‍ദ്ദനങ്ങളാണ് സമരം അടിച്ചമര്‍പ്പെട്ടതിനുശേഷം മലബാറില്‍ അഴിഞ്ഞാടിയത്. കൂട്ടക്കൊലകള്‍, കൊടിയ ജയില്‍ ശിക്ഷകള്‍, മാനഭംഗങ്ങള്‍, ദാരിദ്ര്യം- എല്ലാം ബ്രിട്ടീഷുകാര്‍ മാപ്പിളയെക്കൊണ്ടനുഭവിപ്പിച്ചു. മലപ്പുറത്തും അരീക്കോട്ടും പാണ്ടിക്കാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്.പി ക്യാമ്പുകളില്‍ തമ്പടിച്ച ഗൂര്‍ഖകളും പട്ടാളക്കാരും ഗ്രാമങ്ങളില്‍ നരനായാട്ട്‌ നടത്തി. വാഗണ്‍ ട്രാജഡിയുടെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചുനിന്നു. അന്തമാന്‍ സ്‌കീമീന്റെ ഭാഗമായി അനേകം കുടുംബങ്ങള്‍ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് അന്തമാന്‍ ദ്വീപുകളിലെത്തി. ഈ മാപ്പിള കുടുംബങ്ങളുടെ പിന്‍മുറക്കാര്‍ സൗത്ത് അന്തമാനിലെ സ്റ്റുവര്‍ട്ട് ഗഞ്ചിലും ബംബൂ ഫ്‌ളാറ്റിലും മണ്ണാര്‍ഗട്ടിലുമാണ് ഇപ്പോള്‍ പ്രധാനമായും അധിവസിക്കുന്നത്. 1921ലെ സായുധസമര ദുരനുഭവങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നാണ് മാപ്പിളയുടെ ചരിത്രം മാറ്റിയെഴുതിയ പല സംരംഭങ്ങളും ജന്മം കൊണ്ടത്. 

ബ്രീട്ടീഷ് പട്ടാളത്തിനുമുന്നില്‍ വിരിമാറു കാണിച്ച് ചോരചിന്തി മണ്ണുചുവപ്പിച്ച മാപ്പിളമാരുടെ ത്യാഗത്തിന്റെ ഉപ്പുകൂട്ടിയാണ് കേരളം ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ണുന്നത് എന്ന വസ്തുത പലരും വിസ്മരിച്ച മട്ടാണ്. ദേശീയവാദ ചരിത്രരചന മാപ്പിളയുടെ ധീരചരിത്രത്തെ തമസ്‌കരിക്കുവാനാണ് ശ്രമിച്ചത്. ബിപന്‍ ചന്ദ്രയുടെ പ്രശസ്തമായ ഇന്‍ഡ്യാസ് സ്ട്രഗ്ള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സില്‍ ചെറിയൊരു അടിക്കുറിപ്പു മാത്രമാണ് 1921ലെ മലബാര്‍ കലാപം. ഒരു ജനതയുടെ ഐതിഹാസികമായ പോര്‍വീര്യത്തിന്റെ ചരിത്രം കനത്ത മൗനത്തിന്റെ ഇരുട്ടിലൂടെ ഇഴഞ്ഞുനീങ്ങുന്നത് ഇനിയെങ്കിലും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്‌. 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്‌ കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌.


Tags :


mm

Admin